വടക്കഞ്ചേരി : നെൽപ്പാടങ്ങളിൽ കതിരുവന്നു തുടങ്ങിയതോടെ കാട്ടുപന്നി ശല്യം രൂക്ഷമായി. കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ വനം വകുപ്പ് അനുമതി നൽകിയത് ലൈസൻസും തോക്കും ഉള്ള നാമ മാത്രം പേർക്ക്. വടക്കഞ്ചേരി , വണ്ടാഴി ,കിഴക്കഞ്ചേരി നെന്മാറ, അയലൂർ, മേലാർകോട്, എലവഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിൽ കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി നൽകിയിരിക്കുന്നത് വിരലിലെണ്ണാവർക്കുമാത്രം . വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ സാന്നിധ്യം ഉണ്ടായാൽ കർഷകർ വനം വകുപ്പ് നിയോഗിച്ച ഷൂട്ടർമാരായ ശിവദാസ് പെരുമാങ്കോട്, വിജയൻ ചാത്തമംഗലം എന്നിവരെയാണ് അറിയിക്കുന്നത്. കർഷകരായ ഇവർ ആദ്യകാലങ്ങളിൽ സ്വന്തം ചെലവിൽ ആവശ്യപ്പെടുന്ന കർഷകരുടെ കൃഷി സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ എത്തി കാട്ടുപന്നികളെ വെടിവെച്ചുകൊന്ന് വനം വകുപ്പ് നിഷ്കർഷിക്കുന്ന രീതിയിൽ കുഴിച്ചുമൂടുകയാണ് ചെയ്തിരുന്നത്. സ്വന്തം വാഹനത്തിൽ രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിൽ പോയി 400 രൂപയോളം വില വരുന്ന മൂന്നും നാലും തോട്ട ഉപയോഗിച്ചാൽ മാത്രമേ ഒരു പന്നിയെയെങ്കിലും വെടിവെച്ചു കൊല്ലാൻ കഴിയുകയുള്ളൂ. ഇവർക്ക് പോകാനുള്ള വാഹനം തോട്ടയുടെ വില കുഴിച്ചുമൂടാനുള്ള ചെലവ് എന്നിവ ഷൂട്ടർമാർ സ്വയം വഹിക്കാൻ തയ്യാറാവാതായതോടെ കർഷകർ പിരിവെടുത്താണ് തോട്ടയുടെ വിലയും ഇവർക്ക് തോക്കും മറ്റ് സാമഗിരികളുമായി വന്നു പോകാനുള്ള വാഹന യാത്ര കൂലിയും സംഘടിപ്പിക്കുന്നത്. കാട്ടുപന്നിയെ കൊല്ലാൻ ഉത്തരവ് വന്ന സമയത്ത് വനം വകുപ്പ് വാഹനം ഏർപ്പാടാക്കി ഷൂട്ടർമാരെ കൃഷിയിടങ്ങളിൽ എത്തിച്ച് വെടിവെച്ചു കൊന്നിരുന്നു. പഞ്ചായത്ത് പ്രസിഡണ്ടുമാരെ ഓണററി വൈൽഡ് ലൈഫ് വാർഡൻമാരായി നിയമിച്ച് വെടിവെക്കാൻ അനുവാദം നൽകാൻ ഉത്തരവാദിതോടെ വനം വകുപ്പ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. ഉത്തരവ് വന്ന് രണ്ടുവർഷമായിട്ടും ഷൂട്ടർമാരും കർഷകരും വെടിവെച്ചു കൊന്ന പന്നികളുടെ കണക്ക് പഞ്ചായത്തിനെയും വനം വകുപ്പിനെയും അറിയിച്ചിട്ട് ഷൂട്ടർമാർക്ക് പ്രതിഫലമോ ചിലവോ പഞ്ചായത്തുകൾ നൽകുന്നില്ല. പ്രസിഡന്റ്മാർ ബോർഡ് യോഗം കൂടി തീരുമാനിക്കാം എന്ന് പറയുന്നതല്ലാതെ തുക നൽകാതായതോടെ ഷൂട്ടർമാർ കാട്ടുപന്നിയെ വെടിവയ്ക്കുന്ന ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു. ഷൂട്ടർമാർക്ക് മിക്കപ്പോഴും 400 രൂപയോളം വില വരുന്ന ഒരു തോട്ട ഉപയോഗിച്ചാൽ കൊല്ലാൻ കഴിയണമെന്നില്ല ചിലപ്പോൾ ഒന്നിലേറെ തവണ വെടി വയ്ക്കേണ്ടി വരികയും പന്നികൾ ഓടി രക്ഷപ്പെടുകയോ ചാകാനോ സാധ്യതയില്ലാത്ത വരികയും ചെയ്യാറുണ്ട്. ഇതോടെയാണ് ഏതുവിധേനയും വിള സംരക്ഷിക്കാൻ കർഷകർ ഷൂട്ടർമാർക്ക് വാഹനവും തോക്കിനു ഉപയോഗിക്കാനുള്ള തോട്ടയുടെ വിലയും പിരിവെടുത്ത് നൽകിത്തുടങ്ങിയത്. ഇതുകൂടാതെ കർഷകർ സ്വന്തം ചെലവിൽ വെടിയേറ്റു ചത്ത കാട്ടുപന്നിയെ വനം വകുപ്പ് നിഷ്കർഷിക്കുന്ന രീതിയിൽ കുഴിച്ചുമൂടേണ്ട ചെലവ് കൂടി വഹിക്കേണ്ടി വരുന്നു. കാട്ടുപന്നിയെ വെടിവെച്ച് കൊല്ലേണ്ട ചെലവും കൂടി കർഷകർ വന്നതോടെ മിക്ക സ്ഥലങ്ങളിലും കർഷകർ കമ്പികൾ വലിച്ചുകെട്ടിയും പടക്കം പൊട്ടിച്ചും പന്നിയെ ഓടിക്കാൻ ശ്രമിക്കുകയാണ്. വനം വകുപ്പും പഞ്ചായത്തും ഷൂട്ടർമാർക്ക് വേതനവും യാത്രാസൗകര്യവും ഒരുക്കി കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ നടപടികൾ ഉണ്ടാവണമെന്നാണ് മേഖലയിലെ കർഷകരുടെ ആവശ്യം. തോക്കു ലൈസൻസ് ഉള്ള ബഹുഭൂരിപക്ഷം കർഷകരുടെയും തോക്കുകൾ പോലീസ്, റവന്യൂ, വനം വകുപ്പുകളുടെ ആവശ്യപ്രകാരം സറണ്ടർ ചെയ്തതോടെയാണ് ഷൂട്ടർമാരുടെ അഭാവം അനുഭവപ്പെട്ടത്. പുതുതായി തോക്ക് ലൈസൻസിന് അപേക്ഷിക്കുന്ന കർഷകർക്ക് വനംവകുപ്പും പോലീസും എൻ. ഒ. സി. നൽകാത്തതും കൃഷിയിടങ്ങളിലെ കാട്ടുപന്നി പ്രതിരോധത്തിന് തടസ്സമാകുന്നു