നെന്മാറ, അയിലൂർ കൃഷിഭവനുകളിൽ കൃഷി ഓഫീസർമാരില്ല. നെന്മാറ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വിവിധ കൃഷിഭവനുകളിൽ നിന്നായി നാല് കൃഷി അസിസ്റ്റന്റ് മാരെ നെല്ല് സംഭരണത്തിനായി സപ്ലൈകോയിലേക്ക് എടുത്തതോടെ കൃഷിഭവനുകളിൽ അസിസ്റ്റന്റ് മാരുടെയും സേവനം ലഭിക്കാതായി. അവധിയിലായ കൃഷി ഓഫീസർമാർക്ക് പകരം നെന്മാറയിൽ വണ്ടാഴിയിലെ കൃഷി ഓഫീസർക്കും അയിലൂരിൽ പല്ലശ്ശന കൃഷി ഓഫീസർക്കുമാണ് അധിക ചുമതല നൽകിയിരിക്കുന്നത്. കൃഷി ഓഫീസർമാരുടെ മാതൃ ഓഫീസുകളിലെ ചുമതലകൾ നിർവഹിച്ച ശേഷം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് അധിക ചുമതലയുള്ള ഓഫീസുകളിലെ കാര്യങ്ങൾ നിർവഹിച്ചു പോവുകയാണ് ഇപ്പോൾ ചെയ്യുന്നത്. കൃഷി ഓഫീസറും കൃഷി അസിസ്റ്റന്റും ഇല്ലാതായതോടെ അയിലൂർ കൃഷിഭവനിലെ പ്രവർത്തനമാണ് ഏറെ അവതാളത്തിലായത്. ഓരോ കൃഷിഭവനുകളിലും സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പ് നെല്ല്, തെങ്ങ, കുരുമുളക് തുടങ്ങിയ വിവിധ പദ്ധതികൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ കർഷകർക്ക് കൊടുത്തു തീർക്കേണ്ടതുണ്ട്. സർക്കാർ ഫണ്ട് ലഭിക്കാൻ വൈകിയത് പല പദ്ധതികളും നടപ്പിലാക്കാൻ കാലതാമസം നേരിടുന്നുണ്ട്. കർഷക, കർഷക തൊഴിലാളി ക്ഷേമ പെൻഷൻ മുതൽ കർഷകർക്ക് വിവിധ ഇനങ്ങളിലായുള്ള സബ്സിഡി തുകകൾ നൽകലും വിവിധ അപേക്ഷകളിന്മേൽ തീർപ്പു കൽപ്പിക്കേണ്ടതും ജീവനക്കാരുടെ കുറവുമൂലം കർഷകർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഇതിനുപുറമേ മുഞ്ഞ ബാധയും, മഴ മൂലവും ഉണ്ടായ വിളനാശങ്ങൾ സ്ഥലം സന്ദർശിച്ച് നഷ്ടപരിഹാരം നൽകുന്നതിന് പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കുന്നതിനു സമയബന്ധിതമായി സ്ഥലം സന്ദർശിക്കേണ്ടതുള്ളതിനാൽ ജീവനക്കാരുടെ കുറവ് ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് കർഷകർ പരാതി പറഞ്ഞു. വന്യമൃഗങ്ങൾ, മഴ കാറ്റ് മുതലായവ മുഖേന സംഭവിച്ച വിളനാശങ്ങൾക്ക് എത്രയും പെട്ടെന്ന് സ്ഥലപരിശോധന നടത്തി വിളനാശം വിലയിരുത്തിയില്ലെങ്കിൽ നശിച്ച വിളകളുടെ യാഥാർത്ഥ്യം ബോധ്യപ്പെടാതാകും. ഇതിനാൽ കർഷകരും പഞ്ചായത്ത് ഭരണസമിതികളും കൃഷിഭവൻ ജീവനക്കാരെ ചീത്ത വിളിക്കുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം വിളകളുടെ നാശത്തിന് നഷ്ടപരിഹാരം ലഭിക്കാൻ വൈകുന്നതും കൃഷി ഉദ്യോഗസ്ഥരാണ് പഴി കേൾക്കേണ്ടിവരുന്നത്. നെന്മാറ അയിലൂർ കൃഷിഭവനുകളിൽ ഭൂമി തരം മാറ്റി വീട് വയ്ക്കുന്നതിനും മറ്റും അപേക്ഷ നൽകിയവരുടെ അപേക്ഷകളിലെ തീർപ്പുകൽപ്പിക്കേണ്ടതും കൃഷി ഓഫീസർമാരായതിനാൽ നിരവധി അപേക്ഷകൾ തീർപ്പു കലിപ്പിക്കാതെ കിടക്കുന്നുണ്ടെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു. മിക്ക കൃഷിഭവനങ്ങളിലും ഒന്നും രണ്ടും ജീവനക്കാർ മാത്രം ശേഷിക്കുന്നതിനാൽ ലഭ്യമായ ഫണ്ടുകളുടെ ആനുകൂല്യ വിതരണത്തിനുള്ള ബില്ലുകൾ തയ്യാറാക്കുകയും മറ്റു ജോലികളും സമയബന്ധിതമായി തീർക്കാൻ കഴിയുന്നില്ലെന്നും കർഷകർ പരാതിപ്പെട്ടു. കൃഷിഭവനുകളിൽ ശേഷിക്കുന്ന ജീവനക്കാർക്ക് സർക്കാർ പൊതു പരിപാടികളുടെയും പദ്ധതികളുമായി ബന്ധപ്പെട്ട് പഞ്ചായത്ത്, ബ്ലോക്ക്, വകുപ്പുതലം തുടങ്ങിയ യോഗങ്ങളിലും പങ്കെടുക്കേണ്ടതുള്ളതിനാൽ ഓഫീസുകളിൽ മിക്ക ദിവസങ്ങളിലും ഒരാളുടെ സേവനം മാത്രമാണ് കിട്ടുന്നത്.