
മഴക്കാലത്ത് റബ്ബർ മരങ്ങളിൽ ഉണ്ടാകാറുള്ള അകാലിക ഇല പൊഴിച്ചിൽ വ്യാപകമായി. റബ്ബർ തോട്ടങ്ങളിൽ അതിവർഷം മൂലം തുടർച്ചയായി മഴലഭിക്കുന്നതിനാൽ അന്തരീക്ഷ ആർദ്രത കൂടിയതിനാലാണ് അകാലിക ഇല പൊഴിയുന്ന രോഗം വ്യാപിക്കാനടയായത്. മരങ്ങളിലെ പച്ച ഇലകൾ ചെറിയ പുള്ളികളുടെ വട്ടത്തിൽ ഉണങ്ങിയ രൂപത്തിൽ ആവുകയും ഞെട്ടോടെ ഇലകൾ കൊഴിഞ്ഞു വീഴുകയുമാണ് ചെയ്യുന്നത്. ഇതോടെ റബ്ബർ ഉൽപാദനം നേർ പകുതിയായി കുറഞ്ഞു. ഡിസംബർ ജനുവരി മാസങ്ങളിൽ ഉണ്ടാകുന്ന സ്വാഭാവിക ഇലപൊഴിച്ചലിനു സമാനമായാണ് ഇലകൾ കൊഴിഞ്ഞുവീണ അഴുകിക്കിടക്കുന്നത്. പ്രധാന റബ്ബർ ഉത്പാദക മേഖലകളായ കരിമ്പാറ, പോത്തുണ്ടി, ഒലിപ്പാറ, മാങ്കുറിശ്ശി, നേർച്ചപ്പാറ തുടങ്ങി പ്രധാന റബ്ബർ ഉൽപാദന മേഖലകളിൽ എല്ലാം രോഗബാധ വ്യാപകമായി ബാധിച്ച് റബ്ബർ തോട്ടങ്ങളിൽ ഇലകൾ കൊഴിഞ്ഞ് പരന്നുകിടക്കുകയാണ്. ബഹുഭൂരിപക്ഷം തോട്ടങ്ങളിലും മരങ്ങളിലെ 75 ശതമാനം ഇലകളും 10 ദിവസത്തിനകം കൊഴിഞ്ഞു. കാറ്റ് ഓട്ടം കുറഞ്ഞ തോട്ടങ്ങളിലാണ് രോഗ വ്യാപനം വ്യാപകമായത്. ഒരു തോട്ടത്തിൽ രോഗലക്ഷണം കണ്ടുതുടങ്ങിയാൽ ദിവസങ്ങൾക്കകം സമീപത്തോട്ടങ്ങളിലും ഇലകൾ കൊഴിഞ്ഞുവീണു തുടങ്ങി. രോഗം ബാധിച്ച് കൊഴിഞ്ഞുവീണ ഇലകൾ തോട്ടങ്ങളിൽ കിടന്ന് തന്നെ അഴുകിത്തുടങ്ങിയത് രോഗ വ്യാപനം കൂടുതൽ വ്യാപിക്കാനും അതിവേഗം പടരാനും ഇടയാക്കുന്നു. മഴക്കാല ടാപ്പിങ്ങിനായി മഴമറ സ്ഥാപിച്ച് ടാപ്പിംഗ് ആരംഭിച്ച ഘട്ടത്തിലാണ് അമിത മഴമൂലം രോഗ വ്യാപനം വ്യാപകമായത്. ഫൈറ്റോപ്‌തോറ ഫംഗസ് മൂലമാണ് അകാലിക ഇല പൊഴിച്ചിൽ രോഗമുണ്ടാക്കുന്നത്. രോഗം പടർന്നു പിടിച്ചതിനു ശേഷം മഴക്കാലത്ത് നിയന്ത്രണ മാർഗ്ഗങ്ങൾ ഫലപ്രദമാകില്ല എന്നതിനാൽ രോഗം വന്നതിനുശേഷം പ്രത്യേക പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് റബ്ബർ ബോർഡ് അധികൃതർ പറഞ്ഞു. ഓയിലിൽ കലർത്തി തളിക്കുന്നതിനാൽ മഴക്കാലത്ത് മരങ്ങളിൽ കൂടുതൽ ദിവസം പറ്റിപ്പിടിച്ചിരിക്കുന്നതിനാൽ രോഗവ്യാപനം നിയന്ത്രിക്കാനും കഴിയും.മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് രോഗപ്രതിരോധ നടപടികൾ സ്വീകരിക്കാൻ കഴിയാത്തതിനാൽ വ്യാപകമായി അകാലിക പൊഴിച്ചിലും ഉൽപ്പാദന നഷ്ടവും ഉണ്ടായത് റബ്ബർ ഉൽപാദന മേഖലയ്ക്ക് കർഷകർക്കും വൻ വരുമാനം നഷ്ടത്തിന് ഇടയാക്കി. റബ്ബർ ബോർഡ്, കാർഷിക ഉൽപ്പാദന കമ്മീഷണർ തുടങ്ങിയ സ്ഥാപനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് ദേശീയ റബ്ബർ ഉത്പാദനത്തിലെ കുറവ് പരിഹരിക്കാനും ഇറക്കുമതി ഇല്ലാതാക്കാനും അതുമൂലം റബ്ബർ വില ഇടിവ് ഇല്ലാതാക്കാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ചെറുകിട റബർ ഉൽപ്പാദക സംഘങ്ങൾ ആവശ്യപ്പെടുന്നത്.