സന്നദ്ധ പ്രവർത്തകർ നെല്ലിയാമ്പതിയിൽ അഴുക്കുചാല്‍ വൃത്തിയാക്കി. പി ഒ ജോസഫും സംഘവും നേതൃത്വം നൽകി.

അഴുക്കുചാലിൽ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ ശ്രമദാനത്തിലൂടെ നീക്കം ചെയ്തു. നെല്ലിയാമ്പതി പുലയമ്പാറ ടൗണിലെ അഴുക്കുചാലുകളും മാലിന്യ കൂമ്പാരങ്ങളുമാണ് സന്നദ്ധ പ്രവർത്തകർ വൃത്തിയാക്കിയത്. ഏറെ കാലമായി ഹോട്ടൽ, റിസോർട്ട് മാലിന്യങ്ങളും ചപ്പുചവറുകളും വന്നടിഞ്ഞാണ് ഓടകൾ നിറഞ്ഞും പാതയോരത്ത് കുമിഞ്ഞുകൂടിയും ദുർഗന്ധം പരത്തിയിരുന്ന മാലിന്യം നീക്കി ടൗണും പരിസരവും വൃത്തിയാക്കിയത്. സന്നദ്ധ പ്രവർത്തകനായ പി.ഒ ജോസഫിന്റെ നേതൃത്വത്തിൽ സ്റ്റീഫൻ, വേണു എന്നിവരും നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്റ് വെജിറ്റിബിൾ ഫാമിലെ ജീവനക്കാരായ നാരായണൻകുട്ടി, വാസിം, മഹേഷ്, റപ്പായി എന്നിവരും ഒത്തുചേർന്ന് കഴിഞ്ഞ രണ്ട് ദിവസം കൊണ്ടാണ് പ്രദേശത്തെ മാലിന്യം നീക്കിയത്. ഇതോടെ വർഷങ്ങളായി വിനോദസഞ്ചാരികളും യാത്രക്കാരും ടൗണിൽ എത്തുന്നവരും അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമായി.