ഒരിക്കൽ പിടികൂടി പിഴയടപ്പിച്ച വാഹനങ്ങൾ സമാന നിയമലംഘനങ്ങളുമായി വെഹിക്കിൾ ഇൻസ്പെക്ടർമാർ വീണ്ടും പിടികൂടി. ഒരുവട്ടം നടപടിയെടുത്തിട്ടും തെറ്റ് ആവർത്തിച്ചതോടെ ഈ പണി ചെയ്തവർക്കെതിരേ ഉഗ്രൻ പണിയുമായി രംഗത്തിറങ്ങുകയാണ് മോട്ടോർവാഹന വകുപ്പ്.
2019-ലെ പുതുക്കിയ ദേശീയ റോഡ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വാഹനങ്ങളിലെ രൂപമാറ്റം വരുത്തുന്ന വർക്ക് ഷോപ്പുകൾ, ഡീലർമാരുടെ സർവീസ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുക്കുക. ഒരു വാഹനത്തിന് മാത്രം രൂപമാറ്റം വരുത്തിയാൽ ഒരു ലക്ഷം രൂപയാണ് പിഴ. ഗുരുതരമായ കുറ്റകൃത്യമാണെങ്കിൽ ഒരുവർഷത്തെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നും അധികൃതർ പറഞ്ഞു. പിഴയ്ക്ക് പുറമേ, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് ആർ.ടി.ഒ. അറിയിച്ചു.
ഏത് സ്ഥാപനമാണിത് ചെയ്തതെന്ന് പിടികൂടിയ വാഹന ഉടമകളോട് ചോദിച്ചറിയും. തുടർന്നാണ് നടപടിയുമായി ഇവരെ സമീപിക്കുക. നമ്പർപ്ലേറ്റ് മടക്കിയും മറച്ചുവെച്ചുമുള്ള വാഹനങ്ങളുപയോഗിച്ച് പല കുറ്റകൃത്യങ്ങളും വർധിച്ചതോടെയാണ് ഉദ്യോഗസ്ഥർ ഇതുവരെ നിയമനടപടി സ്വീകരിക്കാതിരുന്ന വർക്ക്ഷോപ്പുകാർക്കെതിരേ പണി തുടങ്ങിയിരിക്കുന്നത്. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5,000 രൂപയാണ് പിഴയായി വാഹന ഉടമ അടയ്ക്കേണ്ടത്. എന്നാൽ, ഒരു വണ്ടിക്ക് ചെറിയ രൂപമാറ്റമാണെങ്കിലും ഒരുലക്ഷം രൂപവരെ വർക്ക്ഷോപ്പ് ഉടമയിൽനിന്ന് ഈടാക്കാൻ സാധിക്കും.