ധനസഹായം തിരികെ നൽകി മാതൃകയായി ലോട്ടറി വിൽപ്പനക്കാരൻ ആറുമുഖസ്വാമി. പാലക്കാട് ചിറ്റൂരിലാണ് സംഭവം.

കഴിഞ്ഞയാഴ്ച പാലക്കാട് ചിറ്റൂർ കന്നിമാരി ഭാഗത്ത് വച്ച് വൃദ്ധനായ ലോട്ടറി വിൽപ്പനക്കാരൻ ആറുമുഖസ്വാമിയുടെ കൈയ്യിൽ നിന്നും ബൈക്കിലെത്തിയ ഒരു തട്ടിപ്പുകാരൻ 33 ടിക്കറ്റ് കബളിപ്പിച്ച് കടന്നുകളഞ്ഞു. ആ വാർത്ത അറിഞ്ഞതിനെ തുടർന്ന് ചിറ്റൂർ പ്രതികരണവേദി നഷ്ടപ്പെട്ട ടിക്കറ്റിന്റെ വിലയോടൊപ്പം കുറച്ച് തുക അധികം ചേർത്തി 1800രൂപ നൽകുകയുണ്ടായി. ശേഷം കുറച്ചു ദിവസങ്ങൾക്കു മുമ്പ് മോഷ്ടാവിനെ പോലീസ് പിടികൂടുകയും ആറുമുഖ സ്വാമിയുടെ നഷ്ടപ്പെട്ട ടിക്കറ്റിന്റെ തുക പോലീസ് മോഷ്ടാവിൽ നിന്നും തിരികെ വാങ്ങിച്ചു നൽകുകയും ചെയ്തു.

നഷ്ടപ്പെട്ട ടിക്കറ്റ് തുക തിരികെ ലഭിച്ചയുടൻ ചിറ്റൂർ പ്രതികരണവേദി ഭാരവാഹികളെ വിളിച്ച് സഹായ ധനതുക തിരികെ നൽകാമെന്ന് ആറുമുഖസ്വാമി അറിയിച്ചു. തിരികെ വേണ്ടെന്ന് ഭാരവാഹികൾ അറിയിച്ചുവെങ്കിലും അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങേണ്ടിവന്നു. ആറുമുഖ സ്വാമി പറയുന്നത് ഇങ്ങിനെയാണ് “എനിക്ക് ഒരു നഷ്ടം വന്നപ്പോൾ നിങ്ങൾ സഹായിച്ചു. നഷ്ടപ്പെട്ട ടിക്കറ്റിന്റെ വില എനിക്ക് കിട്ടി. ആ സ്ഥിതിക്ക് നിങ്ങൾ നൽകിയ പണം തിരികെ നൽകുന്നതാണ് ശരി ഇത് മറ്റുള്ളവർക്ക് ഉപകാരമാകട്ടെയെന്നും” പറയുന്നു.
ചിറ്റൂർ പ്രതികരണവേദി നൽകിയ ധനസഹായം അദ്ദേഹം ഓഫീസിലെത്തി തിരിച്ചു നൽകി മാതൃകയായി.