ദേശീയപാതയിൽ പട്ടിക്കാട് കല്ലിടുക്കിൽ കാർ തടഞ്ഞ് രണ്ടരക്കിലോ സ്വർണാഭരണങ്ങൾ കവർന്നു.

തൃശൂർ കിഴക്കേകോട്ട നടയ്ക്കലാൻ അരുൺ സണ്ണി, പോട്ട സ്വദേശി റോജോ എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് കല്ലിടുക്കിൽ അടിപ്പാതനിർമാണം നടക്കുന്ന സ്ഥലത്തുവച്ച് മൂന്നു കാറുകളിൽ എത്തിയ സംഘം സിനിമാസ്റ്റൈലിൽ തടഞ്ഞ് ആഭരണങ്ങൾ കവർന്നത്. കാറിലുണ്ടായിരുന്ന അരുൺ സണ്ണി, റോജോ എന്നിവരെ രണ്ടു വാഹനങ്ങളിൽ തട്ടിക്കൊണ്ടുപോയി പിന്നീട് വഴിയിൽ ഉപേക്ഷിച്ചു. അരുണിനെ മരത്താക്കര കുഞ്ഞനംപാറ ഭാഗത്തും റോജോയെ പുത്തൂർ ഇരവിമംഗലത്തും വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.പണികഴിഞ്ഞ ആഭരണങ്ങളുമായി കോയമ്പത്തൂരിൽനിന്ന് രാവിലെ എട്ടരയോടെയാണ് ഇവർ പുറപ്പെട്ടത്. പത്തരയോടെ കല്ലിടുക്കിൽ എത്തി. കാർ തടഞ്ഞ് പ്രതികൾ സ്വർണം കവരുന്ന ദൃശ്യങ്ങൾ തൊട്ടുപിന്നിൽ ഉണ്ടായിരുന്ന ബസിലെ സിസി ടിവി കാമറയിൽ പതിഞ്ഞിരുന്നു. ബസുകാർ ഉടൻതന്നെ പീച്ചി പോലീസിൽ അറിയിച്ചു. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആക്രമണത്തിനിരയായ റോജോ ഓട്ടോറിക്ഷയിൽ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തി വിവരം പറയുന്നത്. ഇതിനകം അരുൺ സണ്ണിയെയും കണ്ടെത്തി. മർദനത്തിൽ പരിക്കേറ്റ അരുണിനെ ഒല്ലൂർ പോലീസ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമികചികിത്സ നൽകി. തുടർന്നു പീച്ചി പോലീസിനെ വിവരമറിയിച്ചു. പീച്ചി പോലീസ് കേസെടുത്തു.