രണ്ടാം വിള നെൽകൃഷി ഉണങ്ങി നശിച്ചു; കൃഷി അധികൃതർ കൃഷിയിടങ്ങൾ സന്ദർശിച്ചു

വെള്ളമില്ലാത്തതും കനത്ത ചൂടും മൂലം രണ്ടാം വിള നെൽകൃഷി ഉണങ്ങി നശിച്ചു. അയിലൂർ കൃഷിഭവൻ പരിധിയിലെ വിവിധ പാടശേഖരസമിതികളിലായാണ് നെൽകൃഷി ഉണങ്ങിയത്. കോഴിക്കാട്, തട്ടാൻപാറ, കാക്രാങ്കോട്, ഒറവഞ്ചിറ, മരുതഞ്ചേരി തുടങ്ങി വിവിധ സമിതികളിലായി ഏക്കർ കണക്കിന് നെൽകൃഷി നശിച്ചതായി കർഷകർ പരാതിപ്പെട്ടു. കൃഷി അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് അയിലൂർ കൃഷിഭവനിൽ നിന്നും സീനിയർ കൃഷി അസിസ്റ്റന്റ് സി. സന്തോഷിന്റെ നേതൃത്വത്തിൽ ഉണക്കം ബാധിച്ച കൃഷിസ്ഥലങ്ങൾ പരിശോധിച്ചു നാശനഷ്ടം വിലയിരുത്തി. കർഷകരും പാടശേഖരസമിതി ഭാരവാഹികളും ഉദ്യോഗസ്ഥരോടൊപ്പം കൃഷിയിടങ്ങളിലെത്തി. ഇതിനോടകം കൊയ്ത്ത് ആരംഭിച്ച നെൽപ്പാടങ്ങളിൽ മക്കയിടത്തും ഭാഗികമായി കൃഷി ഉണക്കം ബാധിച്ച നെൽപ്പാടങ്ങളുമുണ്ട്. ഭാഗികമായി ഉണക്കം ബാധിച്ചതിനെ തുടർന്ന് നെല്ല് പതിരായി മാറിയതിനാൽ ഉത്പാദനക്കുറവും ലഭിച്ച നെല്ലിന് തൂക്കക്കുറവും ഉണ്ടായിട്ടുള്ളതായി കർഷകർ പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കാലാവസ്ഥ ഇൻഷുറൻസ് തുടങ്ങിയവയിൽ നിന്ന് കൃഷിയുണക്കം ബാധിച്ച കർഷകർക്കും ഉൽപാദനക്കുറവ് ഉണ്ടായവർക്കും നഷ്ടപരിഹാരം നൽകണമെന്നും ഒന്നാം വിളയ്ക്ക് ആവശ്യമായ വിത്തും വളവും സൗജന്യമായി നൽകൽ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് വിവിധ പാടശേഖരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.