2024 | ഫെബ്രുവരി 28 | ബുധൻ | 1199 | കുംഭം 15 | അത്തം
🌹🦚🦜➖➖➖
➖➖➖➖➖➖➖➖
◾2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ മാര്‍ച്ച് ആദ്യവാരം വിജ്ഞാപനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പൗരത്വത്തിന് അപേക്ഷ നല്‍കുന്നതിനുള്ള പ്രത്യേക പോര്‍ട്ടല്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.
◾കൊച്ചിന് ഷിപ്യാര്ഡില് നിര്‍മ്മിച്ച ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരന്‍ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വെര്‍ച്വല്‍ ആയി ഉദ്ഘാടനം ചെയ്യും. ഭാവി ഇന്ധന സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ നിര്‍ണായക ചുവടുവയ്പ്പാണ് ഈ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ കാറ്റമരന്‍ ഫെറി.
◾ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആറ്റിങ്ങല്‍ – വി. ജോയി എം.എല്‍.എ, കൊല്ലം- എം.മുകേഷ് എം.എല്‍.എ, പത്തനംതിട്ട – ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈന്‍, ഇടുക്കി – ജോയ്സ് ജോര്‍ജ്, ചാലക്കുടി – സി.രവീന്ദ്രനാഥ്, ആലത്തൂര്‍ – മന്ത്രി കെ.രാധാകൃഷ്ണന്, പാലക്കാട് – പി.ബി അംഗം എ.വിജയരാഘവന്, മലപ്പുറം – വി.വസീഫ്, പൊന്നാനി- കെ.എസ്.ഹംസ, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ഷൈലജ എം.എല്‍.എ, കണ്ണൂര്‍ – എം.വി.ജയരാജന്, കാസര്‍കോട് – എം.വി.ബാലകൃഷ്ണന് എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
◾സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്കാണ് പ്രാധിനിധ്യം നല്‍കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. എല്‍ഡിഎഫ് ഇരുപതില്‍ ഇരുപതും നേടും. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ മുദ്രാവാക്യം. അതിനായി ബിജെപി വിരുദ്ധ വോട്ടുകള്‍ കൂട്ടിചേര്‍ക്കും. എല്ലാവരും പാര്‍ട്ടി ചിഹ്നത്തിലാകും മത്സരിക്കുക. ഏതു പ്രതിസന്ധിയിലും ഉലയാതെ നില്ക്കുന്ന മതനിരപേക്ഷതയാണ് ഇടതു പക്ഷത്തിന്റെ ഗ്യാരണ്ടി എന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
◾പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് 3 ഞായറാഴ്ച. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
◾ടിപി ചന്ദ്രശേഖരന് വധകേസിലെ ഹൈക്കോടതി ഉത്തരവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതോടൊപ്പം , ടി പിയുടെ ഭാര്യ കെ കെ രമയ്ക്ക് ഏഴര ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും പ്രതികള്‍ നല്‍കണം. ഇരട്ട ജീവപര്യന്തം കിട്ടിയ പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് പരോള്‍ നല്‍കരുതെന്നും ഹൈക്കോടതി വിധിയിലുണ്ട്.
◾ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷക്കപ്പെട്ട പി കെ കുഞ്ഞനന്തന് മരിച്ചെന്ന് കരുതി പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. വിചാരണ കോടതി വിധിച്ച പിഴസംഖ്യ കുടുംബത്തില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
◾താനും ഒരു രാഷ്ട്രീയ പ്രവര്‍ത്തകയാണെന്നും തന്റെ ജീവനും ഇനി ഭീഷണി ഉണ്ടാവരുതെന്നും കെ കെ രമ എംഎല്‍എ. അതിന് ടിപി വധക്കേസിലെ വിധി സഹായകരം ആകണമെന്ന് കെ കെ രമയുടെ അഭിഭാഷകന് ഹൈക്കോടതിയില്‍ പറഞ്ഞു.
◾ടിപി ചന്ദ്രശേഖരന് വധക്കേസിലെ ഹൈക്കോടതി വിധിയോട് പ്രതികരിച്ച് ഇപി ജയരാജന്. ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാര്‍ട്ടിക്കു ബന്ധം വരുമോയെന്നും യുഡിഎഫ് ആണ് നിരപരാധികളായവരെ ഉള്‍പ്പെടുത്തിയതെന്നും ജയരാജന് പറഞ്ഞു. കോടതി ശിക്ഷിച്ചത് കൊണ്ട് ആരും കുറ്റവാളിയാകില്ലെന്നും വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ജയരാജന് വ്യക്തമാക്കി.
◾ടിപി ചന്ദ്രശേഖരന് വധക്കേസിലെ മുഴുവന്‍ പ്രതികളെയും സംരക്ഷിക്കുന്ന ഉത്തരവാദിത്തമാണ് ഇപി ജയരാജന് നടത്തിയ പ്രസ്താവന കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ കേസില്‍ ഗൂഢാലോചന നടത്തിയ കുഞ്ഞനന്തന് ശുദ്ധാത്മാവാണെന്നും മാടപ്രാവാണെന്നും ഇപി ജയരാജന് ന്യായീകരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
◾വടകര തിരിച്ചു പിടിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ. മുന്‍പ് പ്രവര്‍ത്തിച്ചതുപോലെ ഇനിയും മുന്നോട്ട് പോകും. ടിപി കേസ് മണ്ഡലത്തില്‍ ചര്‍ച്ചയാവില്ലെന്നും ആര്‍എംപിയുടെ പ്രവര്‍ത്തനം എല്‍ഡിഎഫിന്റെ ജയത്തെ ബാധിക്കില്ലെന്നും ശൈലജ പറഞ്ഞു. എതിരാളി ആരായാലും പ്രശ്നം ഇല്ലെന്നും ജനങ്ങള്‍ അവസരം തന്നാല്‍ അവര്‍ നിരാശരാകില്ലെന്നും ശൈലജ പ്രതികരിച്ചു.
◾ആലത്തൂരില്‍ കൂടുതലും ഇടതുപക്ഷ ചിന്തയുള്ളവരാണെന്ന് കെ രാധാകൃഷ്ണന്. ജനങ്ങളില്‍ വിശ്വാസമുണ്ട്. പാര്‍ട്ടി തീരുമാനിച്ചത് അനുസരിച്ചാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. പാര്‍ട്ടി ഏല്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റും. വ്യക്തിപരമായല്ല, ആശയപരമായാണ് മത്സരം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
◾സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി ചുമതലയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുമെന്ന് എം വി ജയരാജന്. കണ്ണൂരിലെ പാര്‍ട്ടിയെ നയിക്കാന്‍ പകരക്കാനെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരായിരിക്കണം പുതിയ സെക്രട്ടറിയെന്ന് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം വിവിരിച്ചു.
◾വന്യ ജീവി ആക്രമണം വര്‍ധിക്കുന്ന മൂന്നാറില്‍ കണ്ട്രോള് റൂം തുറക്കും. വനം മന്ത്രി എകെ ശശീന്ദ്രന്റെ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്തു. വയനാട് മാതൃകയില്‍ ആര് ആര് ടി സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം. മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്തും. വനം മേധാവി, ചീഫ് വൈല്‍ഡ് ലൈഫ് വാഡന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
◾തീയറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന നിലപാട് മാറ്റി ഫിയോക്. മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുo. കാര്യങ്ങള്‍ മുമ്പത്തെ പോലെ മുന്നോട്ടുപോകുമെന്നും ഫിയോക്ക് ചെയര്മാന് ദിലീപ് അറിയിച്ചു.
◾ കൈക്കൂലി വാങ്ങവേ ആലപ്പുഴ ജില്ലയിലെ പുന്നപ്ര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദും, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അശോകനും വിജിലന്‍സ് പിടിയില്‍. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ആണ് ഇവര്‍ വിജിലന്‍സിന്റെ പിടിയിലായത്.
◾ശബരിമല മേല്‍ശാന്തി, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അബ്രാഹ്മണരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മലയാള ബ്രാഹ്മണരെ മാത്രം നിയമിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.എന്നാല്‍ മേല്‍ശാന്തി നിയമത്തിനുള്ള അതോറിറ്റി ദേവസ്വം ബോര്‍ഡ് ആണെന്നും, ഇക്കാര്യത്തില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
◾ഗഗന്യാന് ബഹിരാകാശ യാത്രാ സംഘത്തിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരെ വിവാഹം ചെയ്തെന്ന് വെളിപ്പെടുത്തി നടി ലെന. 2024 ജനുവരി 17-നാണ് വിവാഹിതരായെന്നും ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാന്‍ കാത്തിരിക്കുകയായിരുന്നെന്നും ലെന പറഞ്ഞു.
◾നാവിക സേനാംഗങ്ങളുടെ ശരാശരി പ്രായം 32 വയസ്സില്‍ നിന്ന് 26 വയസ്സാക്കാന്‍ നാവികസേനക്ക് പദ്ധതിയെന്ന് അഡ്മിറല്‍ ആര് ഹരികുമാര്‍. നേവി വെറ്ററന്‍സിനെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ നാവികസേനയും പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നും സ്പര്‍ശ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾എറണാകുളം പള്ളുരുത്തിയില്‍ കൊലക്കേസ് പ്രതിയായ ഏലൂര്‍ കാഞ്ഞിരക്കുന്നത്ത് വീട്ടില്‍ കരീമിന്റെ മകന് ലാല്‍ജുവിനെ (40) കുത്തിക്കൊന്നു. മയക്കുമരുന്ന് വില്പന സംഘത്തില്‍പ്പെട്ടവരും ഗുണ്ടാസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതി കച്ചേരിപ്പടി സ്വദേശി ഫാജിസിനെ പോലിസ് പിന്നീട് അറസ്റ്റ് ചെയ്തു.
◾നുണ പ്രചരിപ്പിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും അധികാരം നിലനിര്‍ത്തി തമിഴ്നാടിനെ കൊള്ളയടിച്ചവര്‍ ബി.ജെ.പി അധികാര ശക്തിയായി ഉയര്‍ന്നുവരുന്നതിനെ ഭയക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ‘എന്‍ മണ്ണ് എന്‍ മക്കള്‍’ പദയാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾കര്‍ണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് മത്സരിച്ച മൂന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും വിജയം. ബി ജെ പി – ജെ ഡി എസ് സഖ്യത്തിന് ഒരു സീറ്റിലേ ജയിക്കാനായുള്ളു. വോട്ടെടുപ്പില്‍ രണ്ട് ബി ജെ പി എം എല്‍ എമാര്‍ കോണ്‍ഗ്രസിന് അനുകൂലമായി മറുകണ്ടം ചാടിയത് ബി ജെ പി – ജെ ഡി എസ് സഖ്യത്തിന് കനത്ത തിരിച്ചടിയായി.
◾ഉത്തര്‍പ്രദേശില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് വിജയം പ്രതീക്ഷിച്ച സമാജ് വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ ചീഫ് വിപ്പ് മനോജ് കുമാര്‍ പാണ്ഡെ ഉള്‍പ്പെടെ ഏഴ് എം.എല്‍.എ.മാര്‍ ബി.ജെ.പി. പക്ഷത്തേക്ക് കൂറുമാറിയതോടെ ഒരു പാര്‍ട്ടി സ്ഥാനാര്‍ഥി തോറ്റു.
◾ഹിമാചല്‍ പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മഹാജന് ക്രോസ് വോട്ട് ചെയ്തതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഭിഷേക് സിങ്വി തോറ്റു. തുല്യവോട്ട് വന്നതിനെ തുടര്‍ന്ന് നറുക്കെടുത്ത് വിജയിയെ തീരുമാനിക്കുകയായിരുന്നു. അതേസമയം തന്റെ പേരാണ് നറുക്കെടുത്തതെന്നും നറുക്കു വീണ തന്നെ തോറ്റതായി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റേത് അസാധാരണ നടപടിയാണെന്നും അഭിഷേക് സിങ്വി പറഞ്ഞു. ഇതോടെ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനത്തെ ഭരണം പ്രതിസന്ധിയിലായി.
◾മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ബസവരാജ് പാട്ടീല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്.
◾പിഎംഎല്‍എ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്ന് സുപ്രീം കോടതി. തമിഴ്നാട്ടിലെ മണല്‍ഖനന കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. സമന്‍സ് ലഭിച്ചാല്‍ നിയമപരമായി അതില്‍ പ്രതികരിക്കണമെന്നും, പിഎംഎല്‍എ നിയമം അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
◾സൈനിക ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയുമായുള്ള തര്‍ക്കത്തിന് പിന്നാലെ തമിഴ്നാട്ടില്‍ 35കാരിയായ യുവതിയും 2 പെണ്മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. റാണിപ്പേടിലെ റെയില്‍വേ സ്റ്റേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്. വെണ്ണില എന്ന യുവതിയും അഞ്ചും മൂന്നും വയസ്സുള്ള പെണ്മക്കളുമാണ് മരിച്ചത്.
◾അനിമല്‍ പോലെയൊരു സ്ത്രീവിരുദ്ധ സിനിമ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായി മാറിയിട്ടുണ്ടെങ്കില്‍ ആളുകളുടെ മാനസികാവസ്ഥയെ പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് നടിയും ദേശീയ വനിത കമ്മീഷന് അംഗവുമായ ഖുശ്ബു സുന്ദര്‍. ഇത്തരം സിനിമകള്‍ക്ക് ആവര്‍ത്തിച്ചുള്ള പ്രേക്ഷകര്‍ ഉള്ളപ്പോള്‍ നമ്മുടെ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്നും ഖുശ്ബു ചോദിച്ചു.
◾ചില രോഗങ്ങള്‍ ഭേദമാക്കുമെന്ന് തെളിവില്ലാതെ അവകാശപ്പെടുന്ന, രാജ്യത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കുന്ന പതഞ്ജലി പരസ്യങ്ങള്‍ ഇനിയൊരു ഉത്തരവുണ്ടാകും വരെ നല്‍കരുതെന്ന് സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരേ നടപടിയെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ കണ്ണടച്ചിരുന്നെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും തെറ്റായ പരസ്യങ്ങള്‍ നല്‍കുന്നത് തുടര്‍ന്നുവെന്നും കോടതിയെ വെല്ലുവിളിക്കുകയാണോയെന്നും സുപ്രീം കോടതി ചോദിച്ചു. ബാബാ രാംദേവിനെ കക്ഷിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചപ്പോള്‍ രാംദേവ് സന്ന്യാസിയാണെന്ന് പറഞ്ഞ അഭിഭാഷകനോട് അത് ഇവിടെ വിഷയമല്ലെന്നായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.
◾മാവോവാദികളുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ബീജാപുര്‍ ജില്ലയിലെ ജംഗ്ല പോലീസ് സ്റ്റേഷന് പരിധിയിലെ ബഡെ തുംഗലി, ഛോട്ടേ തുംഗലി ഗ്രാമങ്ങള്‍ക്കിടയിലുള്ള വനത്തിലാണ് ഏറ്റുമുട്ടലുകള്‍ നടന്നത്.
◾അബുദാബി ഹിന്ദു മന്ദിര്‍ മാര്‍ച്ച് ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് പ്രവേശന സമയം. ഈ മാസം 14നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തിങ്കളാഴ്ചകളില്‍ ക്ഷേത്രത്തില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ക്ഷേത്രം സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
◾ടി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി ഇനി നമീബിയന്‍ താരത്തിന്റെ പേരില്‍. നമീബിയന്‍ താരം ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റോണ്‍ 33 പന്തിലാണ് സെഞ്ച്വറി തികച്ചത്. ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ നേപ്പാളിനെതിരായ മത്സരത്തിലാണ് താരം റെക്കോര്‍ഡിട്ടത്. 34 പന്തില്‍ സെഞ്ച്വറിയടിച്ച നേപ്പാളിന്റെ കുശാള്‍ മല്ലയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് നിക്കോള്‍ തകര്‍ത്തത്.
◾ഗ്രാമ-നഗര വ്യത്യാസമില്ലാതെ കേരളത്തിലെ കുടുംബങ്ങള്‍ പണം ചെലവഴിക്കുന്നത് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇരട്ടിയാക്കിയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കഴിഞ്ഞ 12 വര്‍ഷത്തിനിടെ ശരാശരി ആളോഹരി വീട്ടുചെലവില്‍ ഇരട്ടി വര്‍ധനയുണ്ടെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ 2022-23ലെ സര്‍വേ ഫലം വ്യക്തമാക്കുന്നത്. കേരളത്തിലെ ഗ്രാമങ്ങളിലെ ശരാശരി പ്രതിമാസ ഉപഭോഗ ചെലവ് 5984 രൂപയാണ്. 2011-12ല്‍ ഇത് 2,669 രൂപയായിരുന്നു. നഗരങ്ങളില്‍ 3,408 രൂപയായിരുന്നത് 7,078 രൂപയായി. വലിയ സംസ്ഥാനങ്ങളില്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഗാര്‍ഹിക ഉപഭോഗ ചെലവുകള്‍ തമ്മിലുള്ള അന്തരം 19.5 ശതമാനത്തോടെ ഏറ്റവും കുറവും കേരളത്തിലാണ്. പഞ്ചാബില്‍ ഇത് 23.1 ശതമാനവും രാജസ്ഥാനില്‍ 38.7 ശതമാനവുമാണ്.ദാരിദ്ര്യം കുറയുന്നുഇന്ത്യയിലെ ഏറ്റവും ദരിദ്രരായ കുടുംബങ്ങളുടെയും സാമൂഹിക-സാമ്പത്തിക നിലയുടെ ഏറ്റവും താഴെയുള്ളവരുടെയും പ്രതിശീര്‍ഷ ചെലവ് വേഗത്തില്‍ ഉയരുന്നതായി 2022-23ലെ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ മൊത്തം ഗ്രാമങ്ങളിലെ ശരാശരി പ്രതിമാസ ഉപഭോഗ ചെലവ് 3,773 രൂപയാണെന്ന് എന്‍.എസ്.ഒ പറയുന്നു. നഗരങ്ങളില്‍ ഇത് 6,459 രൂപയും. ദാരിദ്ര്യം കുറയുന്നതിന്റെ സൂചനയാണിത്. സാമൂഹ്യക്ഷേമ പദ്ധതികളുടെ വിതരണം സാമ്പത്തികമായി ഏറ്റവും താഴെ തട്ടിലുള്ളവര്‍ക്കിടയിലേക്ക് കൃത്യമായി എത്തിയതാണ് ഇതിന് പ്രാധാന കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളിലെ പ്രതിമാസ ചെലവ് നഗരത്തിലെ പ്രതിമാസ ചെലവിനേക്കാള്‍ വേഗത്തില്‍ വളരുന്നത് ഇവ രണ്ടും തമ്മിലുള്ള അന്തരം കുറയ്ക്കുന്നു. ഇതോടെ സാമ്പത്തിക അസമത്വവും ആപേക്ഷികമായി കുറയും.
◾ഗൗതം മേനോനും ധ്രുവനച്ചത്തിരം സിനിമയെ കൈവിട്ട മട്ടാണ്. ഇപ്പോഴിതാ രണ്ട് വര്‍ഷം മുമ്പ് പൂര്‍ത്തിയായ ‘ജോഷ്വാ ഇമൈ പോല്‍ കാക്ക’ എന്ന ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ഗൗതം മേനോന്. വരുണ്‍ കൃഷ്ണ നായകനായ ചിത്രം ഗൗതം മേനോന് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ എത്തി. 2020ല്‍ റിലീസിനു പദ്ധതിയിട്ടിരുന്ന ചിത്രമാണിത്. എന്നാല്‍ കോവിഡ് സാഹചര്യങ്ങള്‍ മൂലം പ്രൊഡക്ഷന്‍ നീണ്ടു. ഇപ്പോള്‍, മാര്‍ച്ച് ഒന്നിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് ഗൗതം മേനോന് പ്രഖ്യാപിച്ചിരിക്കുന്നത്. റാഹെയാണ് നായിക. കൃഷ്ണ, യോഗി ബാബു, മന്‍സൂര്‍ അലിഖാന്, വിചിത്ര, ദിവ്യദര്‍ശിനി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അരുണ്‍ വിജയ്യെ നായകനാക്കി 2017ല്‍ ഗൗതം മേനോന് പ്രഖ്യാപിച്ച ചിത്രമാണിത്. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങളാല്‍ സിനിമ പിന്നീട് ഉപേക്ഷിച്ചു. പുതിയ നിര്‍മാതാവ് ആയ ഇഷാരി കെ. ഗണേഷ് ചിത്രം ഏറ്റെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുവായ വരുണ്‍ ചിത്രത്തില്‍ നായകനായി എത്തുകയായിരുന്നു. അതേസമയം എട്ടുവര്‍ഷം പിന്നിട്ടിട്ടും വിക്രം നായകനായ ഗൗതം മേനോന് ചിത്രം ധ്രുവനച്ചത്തിരം ഇപ്പോഴും പെട്ടിയില്‍ തന്നെയാണ്. സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ സിനിമയുടെ റിലീസ് എല്ലാം തീരുമാനിച്ചിരുന്നെങ്കിലും അവസാനഘട്ടത്തില്‍ അതും മാറ്റിവച്ചു.
◾തിയേറ്ററില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ മമ്മൂട്ടിയുടെ ‘യാത്ര 2’ ഇനി ഒ.ടി.ടിയിലേക്ക്. മലയാളത്തില്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന മെഗാസ്റ്റാറിന് തെലുങ്കില്‍ ഇത് രണ്ടാം തവണയാണ് കനത്ത പരാജയം സംഭവിക്കുന്നത്. ‘ഏജന്റ്’ എന്ന ചിത്രത്തിന് ശേഷം യാത്ര 2വും പരാജയമായിരിക്കുകയാണ്. ഇതോടെയാണ് ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിംഗിന് ഒരുങ്ങുന്നത്. 50 കോടി ബജറ്റില്‍ ഒരുക്കിയ യാത്ര 2വിന് ആഗോളതലത്തില്‍ നേടാനായത് വെറും 9 കോടി മാത്രമാണ്. ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 7.9 കോടി രൂപയാണ്. മാര്‍ച്ച് 8ന് ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കും. മമ്മൂട്ടി അഭിനയിച്ച് തെലുങ്കില്‍ സൂപ്പര്‍ ഹിറ്റ് ആയ ചിത്രമായിരുന്നു ‘യാത്ര’. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് യാത്ര 2 എത്തിയത്. ഫെബ്രുവരി 8ന് റിലീസായ ചിത്രം രണ്ട് കോടിയിലേറെ ഓപ്പണിംഗ് കളക്ഷന്‍ നേടിയത്. എന്നാല്‍ പിന്നീട് ചിത്രത്തിന് പ്രേക്ഷകര്‍ കുറഞ്ഞു. മമ്മൂട്ടി നായകനായ ആദ്യ സിനിമയില്‍ വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതമായിരുന്നു പ്രമേയം. രണ്ടാം ഭാഗമായ യാത്ര 2വില്‍ വൈഎസ്ആറിന്റെ മകനും ഇപ്പോഴത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന് മോഹന്‍ റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം അടിസ്ഥാനമാക്കിയാണ് എത്തിയിരിക്കുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാന്‍ സഹായിച്ച വൈഎസ്ആറിന്റെ 1475 കി മീ പദയാത്രയെ ആസ്പദമാക്കി ആയിരുന്നു യാത്ര സിനിമ എത്തിയത്. രണ്ടാം ഭാഗത്തില്‍ ജഗന് മോഹന്‍ റെഡ്ഡിയുടെ രാഷ്ട്രീയ യാത്രയാണ് പറഞ്ഞത്. വൈഎസ്ആര്‍ ആയി മമ്മൂട്ടി എത്തിയപ്പോള്‍ ജീവ ആണ് ജഗന് മോഹന്‍ റെഡ്ഡിയായി വേഷമിട്ടിരിക്കുന്നത്.
◾യമഹ മോട്ടോര്‍സൈക്കിളുകളും സ്കൂട്ടറുകളും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വളരെ ജനപ്രിയമാണ്. കഴിഞ്ഞ മാസം, അതായത് 2024 ജനുവരിയിലെ കണക്കുകളും ഇത് തെളിയിക്കുന്നു. യമഹ ഇരുചക്ര വാഹനങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടു. കഴിഞ്ഞ മാസം 73.08 ശതമാനം വര്‍ധനയോടെ 15,124 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ച് യമഹ എംടി15 ഒന്നാം സ്ഥാനത്തെത്തി. അതേസമയം, ഇരുചക്രവാഹന വില്‍പ്പനയുടെ ഈ പട്ടികയില്‍ 14,678 യൂണിറ്റുകള്‍ വിറ്റ് യമഹ എഫ്ഇസെഡ് രണ്ടാം സ്ഥാനത്താണ്. ഈ കാലയളവില്‍ 14.48 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് എഫ്ഇസെഡ് നേടിയത്. ഇരുചക്ര വാഹന വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്താണ് യമഹ റേ ഇസെഡ്ആര്‍. യമഹ റേ ഇസെഡ്ആര്‍ കഴിഞ്ഞ മാസം 134.33 ശതമാനം വാര്‍ഷിക വര്‍ദ്ധനവോടെ 12,047 യൂണിറ്റുകള്‍ വിറ്റു. യമഹ ആര്15 ന് കഴിഞ്ഞ മാസം വാര്‍ഷിക അടിസ്ഥാനത്തില്‍ 22.09 ശതമാനം വളര്‍ച്ചയാണ് ലഭിച്ചത്. ഈ കാലയളവില്‍ യമഹ ആര്15 മൊത്തം 9,676 യൂണിറ്റുകള്‍ വിറ്റു. അതേസമയം ഇരുചക്രവാഹന വില്‍പ്പനയുടെ ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഫാസിനോ. ഇക്കാലയളവില്‍ ഫാസിനോ വാര്‍ഷികാടിസ്ഥാനത്തില്‍ 102.28 ശതമാനം വളര്‍ച്ച കൈവരിച്ചു. യമഹ ഫാസിനോ കഴിഞ്ഞ മാസം മൊത്തം 8,176 യൂണിറ്റുകള്‍ വിറ്റു. 2023 ജനുവരിയില്‍ ഇതേ കണക്ക് 4042 യൂണിറ്റായിരുന്നു. ഇരുചക്രവാഹന വില്‍പ്പനയുടെ ഈ പട്ടികയില്‍ യമഹ എയ്റോക്സ് 2,653 യൂണിറ്റുകള്‍ വിറ്റ് ആറാം സ്ഥാനത്താണ്. 30 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ച് യമഹ ആര്3 ആണ് ഏഴാം സ്ഥാനത്ത്. അതേ സമയം, യമഹ എഫ്ഇസെഡ് 25 കഴിഞ്ഞ മാസം ഒരു യൂണിറ്റു പോലും വിറ്റില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾വളരെ സാധാരണമായും സ്വാഭാവികമായും ഒരു കഥ പറഞ്ഞുപോവുക, കഥപറച്ചിലിനുള്ളില്‍ വായനക്കാരുടെ സര്‍ഗ്ഗാത്മകതയ്ക്ക് വിഭവങ്ങള്‍ കരുതിവയ്ക്കുക, ശീര്‍ഷകം മുതല്‍ കഥാന്ത്യംവരെ ഭാഷയുടെ സകല വിനിമയസാധ്യതകളെയും ചൂഷണം ചെയ്യുക, മതം, രാഷ്ട്രീയം, നക്സലിസം, കമ്മ്യൂണിസം, ശാസ്ത്രം, യുക്തിവാദം, ആക്റ്റിവിസം, ഫെമിനിസം, പൗരബോധം, നഗരവത്കരണം, കച്ചവടതന്ത്രങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ സാന്ദര്‍ഭികമായി ഉള്ളടക്കംചെയ്യുക, ഗ്രാമ-നഗര സംഘര്‍ഷങ്ങളെ നിഷ്പക്ഷമായി വ്യാഖ്യാനിക്കുക, ക്രൈം ഫിക് ഷന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ടണ്ട് സവിശേഷമായൊരു ആഖ്യാനതന്ത്രം മെനയുക ഇതൊക്കെയാണ് മഞ്ഞപ്പുസ്തകം എന്ന ഈ ചെറുനോവലിലൂടെ ഫ്രാന്‍സിസ് നൊറോണ സാധ്യമാക്കിയിരിക്കുന്നത്. രുദ്രന്റെ ചായക്കടയില്‍നിന്ന് നീലക്കാന്താരിയിലേക്കുള്ള പരിണാമകാലമാണ് മഞ്ഞപ്പുസ്തകത്തിന്റെ കഥാകാലം. ‘മഞ്ഞപ്പുസ്തകം’. ഫ്രാന്‍സിസ് നൊറോണ. ഡിസി ബുക്സ്. വില 153 രൂപ.
◾കാലാവസ്ഥ മാറ്റം മൂലമുണ്ടാകുന്ന ജലദോഷം പലരെയും വിഷമിപ്പിക്കുന്നുണ്ടാകാം. പലപ്പോഴും പ്രതിരോധശേഷി കുറഞ്ഞവരിലാണ് ഇത്തരത്തില്‍ പെട്ടെന്ന് ജലദോഷവും തുമ്മലും മറ്റും ഉണ്ടാകുന്നത്. ഇവയെ പെട്ടെന്ന് ശമിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. പെപ്പര്‍ മിന്റ് ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ പെപ്പര്‍ മിന്റ് ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ജലദോഷവും തുമ്മലും അകറ്റാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ജിഞ്ചര്‍- ലെമണ്‍ ടീയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ജിഞ്ചര്‍- ലെമണ്‍ ടീ കുടിക്കുന്നതും ജലദോഷം മൂലമുള്ള വിഷമങ്ങളെ ശമിപ്പിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഗ്രീന്‍ ടീയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ജലദോഷത്തെ ശമിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. നാരങ്ങാ വെള്ളത്തിനൊപ്പം തേന്‍ ചേര്‍ത്ത് കുടിക്കുന്നതും ജലദോഷത്തില്‍ നിന്നും ശമനം ലഭിക്കാന്‍ സഹായിക്കും. തേനില്‍ പല തരം ആന്റി ബാക്ടീരിയല്‍, ആന്റി മൈക്രോബിയല്‍ ഗുണങ്ങളുണ്ട്. ഇവ ജലദോഷവും തുമ്മലും മാറാന്‍ സഹായിക്കും. മഞ്ഞള്‍ പാല് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിലെ കുക്കുമിനും മറ്റ് ആന്റി ഓക്സിഡന്റുകളും ജലദോഷവും തുമ്മലും മാറാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
ശുഭദിനം
കവിത കണ്ണന്
അയാള്‍ തന്റെ മകനുമൊത്ത് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെന്നതാണ്. സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ മകനെ അയാള്‍ ഇങ്ങനെ ഉപദേശിച്ചു. ‘ ഒരു സാധനവും വില കുറച്ചോ , കൂട്ടിയോ വാങ്ങരുത്. അത് നാടിനെ നശിപ്പിക്കും.’ ഈ ഉപദേശം അടുത്ത് നിന്നവരില്‍ കൗതുകമുണര്‍ത്തി. അവര്‍ ചോദിച്ചു. വില കൂട്ടി വാങ്ങുന്നതിനെ ചോദ്യം ചെയ്യണം. അത് ശരിയല്ല, പക്ഷേ, വില കുറച്ച് വാങ്ങുന്നത് എങ്ങിനെയാണ് നാടിനെ നശിപ്പിക്കുന്നത്. ഒരാള്‍ വില കുറച്ച് വില്ക്കുന്നുണ്ടെങ്കില് അതിന് എന്തെങ്കിലും കാരണമുണ്ടായിരിക്കും. താന്‍ ചെയ്യുന്ന ചെറിയ കള്ളത്തരങ്ങള്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ലെന്ന് എല്ലാവരും വിചാരിക്കുമ്പോഴാണ് ഒരു നാട് ദുഷിക്കുന്നത്… ചെറിയ ചെറിയ തെറ്റുകളാണ് വലിയ തെറ്റുകളാകുന്നത്. ഒരാളുടെ തെറ്റാണ് പിന്നീട് ഒരുപാട് ആളുകളിലേക്ക് പടരുന്നത്. പല സാമൂഹ്യതിന്മകളുടെ അടിവേര് ഏതോ ഒരു വ്യക്തിയുടെ ദുശ്ശീലമാണ്. ഓരോ തെറ്റിനും എല്ലാവരും കണ്ടെത്തുന്ന ചില ന്യായീകരണങ്ങളുണ്ട്. ഇത് താന്‍ മാത്രമല്ലേ അറിയുന്നുളളൂ, ഇത് ആരേയും ബാധിക്കുന്നില്ലല്ലോ.. ഇതുകൊണ്ട് എന്തു സംഭവിക്കാനാണ്.. ഇങ്ങനെ ന്യായീകരണങ്ങള്‍ തുടരുന്നു. പക്ഷേ, ഇതിന്റെ തുടര്‍ ചലനമാണ് പലരിലേക്കും പടരുകയും പിന്നെയത് സാമൂഹ്യതിന്മയായി മാറുന്നതും.. ന്യായീകരണങ്ങള്‍ക്ക് സ്വയം വംശവദരാകാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം.. – ശുഭദിനം.
➖➖➖➖➖➖➖➖