2024 | ഫെബ്രുവരി 25 | ഞായർ | 1199 | കുംഭം 12 | പൂരം
◾എഫ്.സി.ഐ. ഗോഡൗണുകളില്‍ സംഭരിച്ച് പൊതുവിപണി വില്‍പ്പന പദ്ധതി വഴി സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്ന അരി ഇനിമുതല്‍ സ്ഥാനസര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഭാരത് ബ്രാന്‍ഡില്‍ രാജ്യത്തെല്ലായിടത്തും വില്‍ക്കാനായി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളായ നാഫെഡ്, കേന്ദ്രീയ ഭണ്ഡാര്‍, ദേശീയ സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ എന്നിവയ്ക്ക് അരി കൈമാറണമെന്നുകാട്ടി എഫ്.സി.ഐ. ചെയര്‍മാന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രാലയം കത്തയച്ചു. എഫ്.സി.ഐ. ഗോഡൗണ്‍വഴി സംഭരിച്ച് കേരളത്തില്‍ അരി വിതരണം ചെയ്തിരുന്ന സപ്ലൈകോയെയും സംസ്ഥാനത്തെ പൊതുവിതരണസമ്പ്രദായത്തെയും തീരുമാനം ബാധിച്ചേക്കും.
◾അന്തര്‍ സംസ്ഥാന ഏകീകരണ സമിതി യോഗത്തില്‍ ബേലൂര്‍ മഖ്‌നയെന്ന ആനയെ ഉള്‍വനത്തിലേക്ക് തുരത്തുമെന്നും, കേരളത്തിലേക്ക് ആന വരുന്നത് തടയുമെന്നും കര്‍ണാടക ഉറപ്പ് നല്‍കി. വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങി ഒരാളെ കൊന്ന ബേലൂര്‍ മഖ്‌ന ഇപ്പോള്‍ കേരളത്തില്‍ നിന്ന് 3 കിലോ മീറ്റര്‍ അകലെ കര്‍ണാടക വനത്തിലാണുള്ളത്.
◾വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമനത്തിനായി സര്‍ക്കാര്‍ നല്‍കിയ പട്ടിക ഗവര്‍ണര്‍ തിരിച്ചയച്ചു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി എന്ന് ഗവര്‍ണര്‍ പറഞ്ഞു. പട്ടികയിലെ ചില ആളുകള്‍ക്കെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം പരാതി നല്‍കിയിട്ടുണ്ട്. അതില്‍ വിശദീകരണം വേണമെന്നാണ് ആവശ്യം.പരാതികളില്‍ ചിലത് ശരിയാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ വിശദീകരണം തേടി പട്ടിക ഗവര്‍ണര്‍ തിരിച്ചയച്ചത്.
◾തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെയുണ്ടായ തിരിച്ചടിയില്‍ പാര്‍ട്ടി നേതൃത്വം ആശങ്കയിലാണ്. തെരഞ്ഞെടുപ്പ് ഫലം എല്ലാവരും കണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
◾കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുപിതനായ സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാത്തിരുന്ന് കാണാതിരുന്നാല്‍ ആര്‍ക്കും അസ്വസ്ഥത ഉണ്ടാകുo, ജേഷ്ഠാനുജ ബന്ധമാണ് കെ സുധാകരും താനും തമ്മിലുള്ളതെന്ന് പറഞ്ഞ സതീശന്‍, ഇപ്പോഴത്തെ സംഭവം വലിയ വാര്‍ത്തയാക്കാനുള്ള ഒന്നും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തിലുള്ള പ്രതിഷേധം വിഡി സതീശന്‍ എഐസിസി നേതൃത്വത്തെ അറിയിച്ചുവെന്നും ഇതേതുടര്‍ന്ന് ഇരു നേതാക്കളോടും സംയുക്ത വാര്‍ത്താ സമ്മേളനം വിളിക്കാന്‍ എഐസിസി നേതൃത്വം നിര്‍ദ്ദേശിച്ചെന്നും റിപ്പോര്‍ട്ടുകള്‍.
◾ലീഗിന് ലോക് സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ലഭിക്കുമോയെന്ന് ഇന്നറിയാം. ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള യുഡിഎഫിന്റെ നിര്‍ണായകയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. മൂന്ന് സീറ്റ് വേണമെന്ന് ലീഗിന്റെ ആവശ്യമാണ് ഇന്ന് പ്രധാനമായും പരിഗണിക്കുന്നത്.
◾ചവിട്ടും കുത്തുമേറ്റ് പരിഹാസ്യരായി യുഡിഎഫില്‍ കഴിഞ്ഞുകൂടണമോ എന്ന് ലീഗ് ആലോചിക്കട്ടെയെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി ജയരാജന്‍. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിന്റെ ഭാഗമായാണ് ലീഗിനെ ഒറ്റപ്പെടുത്തുന്നതെന്നും ഇത് ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്നും ജയരാജന്‍ വിമര്‍ശിച്ചു. ലീഗിന് ജനങ്ങളോട്, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളോട് ബാധ്യതയുണ്ടെങ്കില്‍ ശരിയായ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്ക് കഴിയട്ടെയെന്നും ജയരാജന്‍ പറഞ്ഞു.
◾ഇന്നത്തെ കോണ്‍ഗ്രസുകാരന്‍ നാളെ കോണ്‍ഗ്രസില്‍ ഉണ്ടാകുമോ എന്ന് കോണ്‍ഗ്രസിന് പോലും ഉറപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും, അയോദ്ധ്യയില്‍ മോദി പ്രതിഷ്ഠക്ക് പോയ ദിവസം രാഹുല്‍ രാമക്ഷേത്രത്തില്‍ ധ്യാനം നടത്താന്‍ സമരം ചെയ്യുന്നുവെന്നും അതിന്റെ സന്ദേശം എന്താണെന്നും പിണറായി ചോദിച്ചു. സംഘപരിവാറിലേതു പോലെയുള്ള നേതൃനിര കോണ്‍ഗ്രസിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറാക്കി ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനും, പത്തനംതിട്ടയില്‍ പിസി ജോര്‍ജ്ജും മകന്‍ ഷോണ്‍ ജോര്‍ജ്ജും, എറണാകുളത്ത് അനില്‍ ആന്റണിക്കൊപ്പം കിറ്റെക്‌സ് എംഡി സാബു ജേക്കബിനെയും പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചെന്നും ആരൊക്കെ മത്സരിക്കും എന്നതില്‍ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
◾2015 ല്‍ എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് സുരേഷ് ഗോപിയെ ഇറക്കി വിട്ടതിനെ ന്യായീകരിച്ച് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ബജറ്റ് അവതരണം നടക്കുന്ന ഹാളിലേക്ക് സുരേഷ് ഗോപി വന്നത് ശരിയായില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസത്തെ സന്ദര്‍ശനം ചില ലക്ഷ്യങ്ങളോടെയായിരുന്നു എന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്.
◾ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായ മുബാറക് പാഷാ രാജിക്കത്ത് നല്‍കി. മുബാറക് പാഷാ അടക്കം നാല് വി സിമാരില്‍ നിന്ന് ഗവര്‍ണര്‍ ഇന്നലെ ഹിയറിങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നു. ഹിയറിങ്ങിന് മുന്‍പ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയെങ്കിലും രാജിക്കത്തില്‍ ഗവര്‍ണര്‍ തീരുമാനം എടുത്തില്ല. വിസിമാരുടെ നിയമം തുടരണോ എന്നതില്‍ ഗവര്‍ണ്ണറുടെ നിലപാട് നിര്‍ണ്ണായകമാണ്.
◾കെ പി സി സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേതൃത്വം നല്‍കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര 27ന് തിരുവനന്തപുരത്ത് പ്രവേശിക്കുമെന്ന് ഡി സി സി പ്രസിഡന്റ് പാലോട് രവി. 29ന് വൈകുന്നേരം 4.30ന് ആരംഭിക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്യും. എ ഐ സി സി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ് മുഖ്യാതിഥിയാകും.
◾ആലുവയിലെ ഇരട്ട കവര്‍ച്ചാ കേസ് പ്രതികളെ അജ്മീറില്‍ ചെന്ന് വെടിവെപ്പ് ഉള്‍പ്പെടെ അതിജീവിച്ച് സാഹസികമായി പിടികൂടിയ അന്വേഷണ സംഘത്തിന് റൂറല്‍ എസ്.പി. ഡോ. വൈഭവ് സക്സേനയുടെ അനുമോദനം.സാഹസികമായി പിടികൂടിയ പൊലീസ് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് അദ്ദേഹം പ്രശംസാപത്രം സമ്മാനിച്ചു.
◾അഭിഭാഷകന്‍ ബി.എ.ആളൂരിനെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതിയില്ലാതെ കടന്നു പിടിച്ചു, എന്ന പരാതിയെ തുടര്‍ന്ന് കുട്ടിയുടെ മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
◾കേരളത്തില്‍ നിന്നുള്ള പലസ്തീന്‍, ഇസ്രയേല്‍ നാടുകളിലേക്കുള്ള തീര്‍ത്ഥാടന യാത്ര പുനരാരംഭിച്ചു. യുദ്ധത്തെ തുടര്‍ന്നായിരുന്നു യാത്രകള്‍ നിര്‍ത്തിവച്ചത്. ആറുമാസത്തെ ഇടവേളക്കുശേഷമാണ് വിശുദ്ധനാടുകളിലേക്ക് വീണ്ടും മലയാളികള്‍ എത്തുന്നത്. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നേരിട്ട് ഇസ്രായേല്‍, പാലസ്തീന്‍ എന്നിവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പാക്കേജുകള്‍ ആരംഭിച്ചത്.
◾ഇന്ന് ആറ്റുകാല്‍ പൊങ്കാല. ഭക്തലക്ഷങ്ങള്‍ ആറ്റുകാല്‍ ദേവിക്കു പൊങ്കാലയര്‍പ്പിക്കും. തലസ്ഥാന നഗരത്തെ യാഗശാലയാക്കുന്ന ആറ്റുകാല്‍ പൊങ്കാല രാവിലെ പത്തരയ്ക്കു തുടങ്ങും.
◾ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്‌ക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്.
◾തിരുവല്ലയില്‍ നിന്ന് കാണാതായ പാര്‍വ്വതി എന്ന ഒമ്പതാം ക്ലാസുകാരിയുടെയും പ്രതികളുടെയും ചിത്രമടക്കം പുറത്തുവിട്ട് പൊലീസ്. വെള്ളയില്‍ കറുത്ത പുള്ളികളുള്ള ഷര്‍ട്ട് ധരിച്ച രണ്ടുപേരാണ് പെണ്‍കുട്ടിയെ ബസ് സ്റ്റാന്‍ഡില്‍ നിന്നും കൊണ്ടുപോയതെന്നാണ് വിവരം. പെണ്‍കുട്ടി ബസ് സ്റ്റാന്‍ഡില്‍ വെച്ച് യൂണിഫോം മാറി പുതിയ വസ്ത്രം ധരിച്ചാണ് ഇവരോടൊപ്പം പോയതെന്നും സൂചനയുണ്ട്. ചിത്രത്തില്‍ കാണുന്നവരെ ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ തിരുവല്ല പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡി വൈ എസ് പി ആവശ്യപ്പെട്ടിട്ടുണ്ട്.
◾ഭക്ഷണത്തിന് നല്‍കിയ കറിയില്‍ ഗ്രേവി കുറഞ്ഞതിന്റെ പേരില്‍ തട്ടുകട ഉടമയ്ക്കും ഭാര്യക്കും മര്‍ദനം . പിറവം ഫാത്തിമ മാതാ സ്‌കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനനും ഭാര്യക്കുമാണ് മര്‍ദനമേറ്റത്. ഇടുക്കി സ്വദേശികളായ 8 പേരാണ് കറിയില്‍ ഗ്രേവി കുറഞ്ഞു എന്ന് ആരോപിച്ച് അസഭ്യം പറയുകയും, മര്‍ദ്ദിക്കുകയും ചെയ്തത്. പിറവം പൊലീസ് കേസ്എടുത്തിട്ടുണ്ട്.
◾ബി.ജെ.പി.യുടെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരടക്കം 100 പേര്‍ ഇടംപിടിച്ചേക്കും. വ്യാഴാഴ്ച ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് യോഗത്തില്‍ പട്ടികയ്ക്ക് അന്തിമരൂപം നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍.
◾ഉത്തര്‍പ്രദേശില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച. യുപി പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. 6 മാസത്തിനകം വീണ്ടും പരീക്ഷ നടത്തും. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്നും ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
◾കര്‍ണാടകയിലെ ഹോസ്പേട്ട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയ അയോദ്ധ്യ സ്പെഷല്‍ ട്രെയിന്‍ കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയവരില്‍ ഒരാള്‍ അറസ്റ്റില്‍. യുവാക്കളായ നാലു പേരാണ് ട്രെയിന്‍ കത്തിക്കുമെന്ന് പറഞ്ഞത്. യാത്രക്കാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് യുവാക്കളില്‍ ഒരാളെ പിടികൂടി. ഓടി രക്ഷപ്പെട്ട മറ്റു മൂന്നു പേര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
◾ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിലെ സീറ്റ് വിഭജനം ആരംഭിച്ചു. മുസ്ലിം ലീഗിന് ഒരു സീറ്റ് നല്‍കാന്‍ ധാരണയായി. കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷിയും ഒരു സീറ്റില്‍ മത്സരിക്കും.ഇന്ന് ഡിഎംകെയുടെ പ്രത്യേക സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിലവിലെ മണ്ഡലമായ രാമനാഥപുരത്താണ് മുസ്ലിം ലീഗ് മത്സരിയ്ക്കുക.
◾ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്ക്രറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 353നെതിരെ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഏഴിന് 219 റണ്‍സ് എന്ന നിലയിലാണ്. 73 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാള്‍ ഒഴികെയുള്ള താരങ്ങളെല്ലാം നിരാശപ്പെടുത്തി. 30 റണ്‍സെടുത്ത ധ്രുവ് ജുറലും 17 റണ്‍സെടുത്ത കുല്‍ദീപ് യാദവുമാണ് ക്രീസിലുള്ളത്.
◾വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 2 റണ്‍സിന്റെ ത്രില്ലര്‍ വിജയം. ഒരവസരത്തില്‍ ജയമുറപ്പിച്ചിരുന്ന യുപി വാരിയേഴ്‌സിനെ മലയാളി താരം ശോഭന ആശയുടെ അഞ്ച് വിക്കറ്റ് കരുത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍പിക്കുകയായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം നേടാന്‍ യുപിക്കായില്ല.
◾ചെക്ക് ഇന്‍ ബാഗേജ് ഇല്ലാത്തവര്‍ക്ക് എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്. എക്‌സ്പ്രസ് ലൈറ്റ് ചെക്ക് ഇന്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് കൗണ്ടറുകളിലും ബാഗേജ് ബെല്‍റ്റുകളിലും വരി നില്‍ക്കുന്നത് ഒഴിവാക്കാം. ഇത്തരം യാത്രക്കാര്‍ക്ക് ക്യാബിന്‍ ബാഗേജ് 7 കിലോയ്ക്ക് പകരം 10 കിലോ വരെ കൊണ്ടുപോകാം.ചെക്ക് ഇന്‍ ലഗേജ് ഇല്ലാത്ത ടിക്കറ്റ് എടുത്തവര്‍ക്ക് പിന്നീട് ആവശ്യമെങ്കില്‍ പണമടച്ച് 15 മുതല്‍ 20 കിലോ വരെ ലഗേജുമായി യാത്ര ചെയ്യാന്‍ സാധിക്കും. ആഭ്യന്തര റൂട്ടുകളില്‍ ചെക്ക് ഇന്‍ ലഗേജ് ഇല്ലാത്ത ടിക്കറ്റിന് 200 മുതല്‍ 500 രൂപവരെ നിരക്കില്‍ ഇളവ് ലഭിക്കും. അന്താരാഷ്ട്ര റൂട്ടുകളില്‍ 1,000 രൂപ വരെ ഇളവ് ലഭിക്കാം.കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് സൗകര്യാര്‍ത്ഥം യാത്ര ചെയ്യാനുള്ള സംവിധാനമാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ലൈറ്റ് ചെക്ക് ഇന്‍ വഴി സാധ്യമാക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
◾ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം റിലീസിനെത്തുന്ന ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് പ്രഭാസ് നായകനാകുന്ന ‘കല്‍ക്കി 2989 എഡി’. നാഗ് അശ്വിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം 600 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദിഷ പഠാനി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രമാണ് കല്‍ക്കി. ഈ സിനിമയെ കുറിച്ചുള്ള പുതിയൊരു വിവരമാണ് ഇപ്പോള്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. സിനിമയെ കുറിച്ച് സംസാരിക്കവെ തെലുങ്ക് നടനായ അഭിനവ് ഗോമതം പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. കല്‍ക്കിക്ക് 9 ഭാഗങ്ങള്‍ ഉണ്ടാകും എന്നാണ് അഭിനവ് ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. എന്നാല്‍ കല്‍ക്കിക്ക് 9 ഭാഗങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല. എപിക് സയന്‍സ് ഫിക്ഷന്‍ ഡിസ്‌ടോപ്പിയന്‍ എന്ന ജോണറിലാണ് കല്‍ക്കി ഒരുക്കുന്നത്. കല്‍ക്കി 2898 എഡിയുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തിറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വനി ദത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം മെയ് 9ന് ആണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 1ന് സിനിമയുടെ ട്രെയ്‌ലര്‍ എത്തുമെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ പ്രഖ്യാപിച്ചിരുന്നു.
◾വിജയ് നായകനായി വേഷമിടുന്ന ചിത്രം ‘ദ ഗോട്ടി’ലെ ഗാനങ്ങളുടെ റൈറ്റ്സിന് വന്‍ തുകയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദ ഗോട്ടിന് ആകെ 28 കോടി രൂപയാണ് ഗാനങ്ങളുടെ റൈറ്റ്സ് ഇനത്തില്‍ ലഭിച്ചത് എന്നത് ട്രേഡ് അനലിസ്റ്റുകളായ ബോക്സ് ഓഫ് സൗത്ത് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോളിവുഡിലെ ഉയര്‍ന്ന തുകയാണ് വിജയ് ചിത്രത്തിന് ലഭിച്ചത് എന്നും വ്യക്തമാക്കുന്ന ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ ഏത് കമ്പനിയാണ് ഗാനത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയത് എന്ന് വെളിപ്പെടുത്തിയിട്ടില്ല. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ദ ഗോട്ടിന് പുതിയ റിപ്പോര്‍ട്ടും വലിയ ഹൈപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. സംവിധാനം നിര്‍വഹിക്കുന്നത് വെങ്കട് പ്രഭുവാണ്. രണ്ടു വേഷത്തിലാണ് ദളപതി വിജയ് ദ ഗോട്ടില്‍ എത്തുന്നത്. മകനും അച്ഛനുമായിട്ടായിരിക്കും പുതിയ ചിത്രത്തില്‍ താരം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി എജിംഗ് സാങ്കേതിക വിദ്യയിലൂടെയാണ് താരത്തെ പ്രായം കുറഞ്ഞ ലുക്കില്‍ എത്തിക്കുക. വലിയ തുക ചെലവഴിച്ചാണ് നിര്‍മാതാക്കള്‍ താരത്തെ പ്രായം കുറഞ്ഞ ലുക്കില്‍ എത്തിക്കുന്നത്. ദ ഗോട്ടിലെ വിജയ്യുടെ രണ്ട് കഥാപാത്രങ്ങളില്‍ ഒന്ന് നെഗറ്റീവ് ഷെയ്ഡുള്ളതാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാള നടന്‍ ജയറാമും വിജയ് ചിത്രത്തില്‍ നിര്‍ണായകമായ ഒരു വേഷത്തില്‍ എത്തുന്നുണ്ട്.
◾മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ ഇവൂമി എനര്‍ജി ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മുഴുവന്‍ ശ്രേണിയിലും 10,000 രൂപ വരെ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം ജീറ്റ്ത മോഡലില്‍ 10,000 രൂപയും എസ്1, എസ്1 2.0 എന്നിവയില്‍ 5,000 രൂപയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആനുകൂല്യങ്ങള്‍ മാര്‍ച്ച് 31 വരെ പരിമിതമായ കാലയളവിലേക്ക് മാത്രമേ ബാധകമാകൂ. ഇവൂമി ജീറ്റ്എക്സ് ഇപ്പോള്‍ 89,999 രൂപയ്ക്ക് ലഭ്യമാണ്, അത് 10,000 രൂപ കുറഞ്ഞു. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയാണ് ഇതിന് അവകാശപ്പെടുന്നത്. നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ക്കൊപ്പം അഞ്ച് കളര്‍ ഓപ്ഷനുകളിലും ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാണ്. ഇവൂമി എസ്1 സ്‌കൂട്ടറിന് ഇപ്പോള്‍ 5,000 രൂപ കുറഞ്ഞ് 79,999 രൂപയാണ് വില. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി ഓപ്ഷനുമായാണ് വരുന്നത്. ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ റേഞ്ചും മണിക്കൂറില്‍ 57 കിലോമീറ്റര്‍ വേഗതയും വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂജ്യം മുതല്‍ 50 ശതമാനം വരെ ചാര്‍ജ് ചെയ്യാം.
◾പത്രപ്രവര്‍ത്തനരംഗത്ത് നാല് പതിറ്റാണ്ടുകള്‍ പിന്നിടുന്ന പ്രശസ്ത പത്രപ്രവര്‍ത്തകന്റെ പലകാലങ്ങളിലെ യാത്രകളുടെ സമാഹാരം. മനുഷ്യത്വപരവും ചരിത്രപരവുമായ അനുഭവങ്ങള്‍ അടങ്ങിയ ഈ യാത്രകള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും നേര്‍ക്കാഴ്ചകളായി മാറുന്നു. ചരിത്രം നിര്‍മ്മിച്ച വഴികളിലൂടെയും ഇടങ്ങളിലൂടെയും ഒരു പത്രപ്രവര്‍ത്തകന്റെ അസാധാരണ സഞ്ചാരങ്ങള്‍. ‘വഴിവിട്ട യാത്രകള്‍’. വെങ്കിടേഷ് രാമകൃഷ്ണന്‍. മാതൃഭൂമി ബുക്സ്. വില 342 രൂപ.
◾പ്രായം നാല്‍പ്പതില്‍ കയറിയാല്‍ പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്‌ട്രോളുമൊന്നുമില്ലാത്ത ആളുകള്‍ ചുരുക്കമാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും വ്യായാമമില്ലായ്മയുമാണ് ഇത്തരം ജീവിത ശൈലി രോഗങ്ങള്‍ക്ക് പിന്നില്‍. വ്യായാമം ചെയ്യേണ്ടതിന്റെ പ്രധാന്യം അറിയാമെങ്കിലും പലരും ഒഴിവാക്കാന്‍ എളുപ്പമായതിനാല്‍ വ്യായാമം ചെയ്യാറില്ല. ജോലിത്തിരക്കും മടിയുമാണ് പലപ്പോഴും വ്യായാമം ഒഴിവാക്കാന്‍ കാരണം. ഇപ്പോഴിതാ വ്യായാമം എന്നും ചെയ്തില്ലെങ്കിലും ശരീരം ഫിറ്റാക്കാമെന്ന് പുതിയ പഠനം പറയുന്നു. ഒബിസിറ്റി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ചൈനീസ് ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. എന്നും വ്യായാമം ചെയ്യുന്നതിന്റെ അതെ ഫലം ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം വ്യായാമം ചെയ്താല്‍ കിട്ടുമെന്നാണ് പഠനം ചൂണ്ടികാണിക്കുന്നത്. അമിതവണ്ണം കുറയ്ക്കാന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം വ്യായാമം ചെയ്താല്‍ മതി. ശാരീരിക വ്യായാമവും ശീരത്തിലെ കൊഴുപ്പും തമ്മിലുള്ള ബന്ധം പരിശോധിച്ചാണ് പഠനം നടത്തിയത്. 20നും 50നും ഇടയില്‍ പ്രായമായ 9,600 ആളുകളുടെ 2011 മുതല്‍ 2018 വരെയുള്ള ആരോഗ്യവിവരങ്ങളാണ് പഠനത്തിനായി ശേഖരിച്ചത്. പഠനത്തില്‍ 772 പേര്‍ ആഴ്ചയില്‍ മാത്രം വ്യായാമം ചെയ്യുന്നവരും 3,277 പേര്‍ ദിവസവും വ്യായാമം ചെയ്യുന്നവരും 5,580 പേര്‍ തീരെ വ്യായാമം ചെയ്യാത്തവരുമായിരുന്നു. ദിവസവും വ്യായാമം ചെയ്യുന്നവരെ പോലെ തന്നെ ആഴ്ചയില്‍ വ്യായാമം ചെയ്യുന്നവരിലും വണ്ണം കുറയുന്നു എന്ന് കണ്ടെത്തി. ഓഫീസ് ജോലി, ഡ്രൈവര്‍മാര്‍ തുടങ്ങിയ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കാണ് ഇത് കൂടുതല്‍ ഗുണം ചെയ്യുകയെന്നും പഠനത്തില്‍ ചൂണ്ടികാണിക്കുന്നു. ഓട്ടം, കയറ്റം കയറുക, ഹൈക്കിങ്, സൈക്കിങ് തുടങ്ങിയ വ്യായാമങ്ങളാണ് ഇവര്‍ക്കായി ഗവേഷകര്‍ നിര്‍ദേശിക്കുന്നത്. ഇത്തരം വ്യായാമങ്ങള്‍ ശരീരത്തിലെ കൊഴുപ്പ് പെട്ടന്ന് നീക്കം ചെയ്യാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു