പതിനഞ്ചാമത് അന്താരാഷ്ട്ര ഹ്രസ്വ ചിത്രമേള ആഗസ്റ്റ് 4 ന്

ആരംഭിക്കും. തിരുവനന്തപുരത്തെ കൈരളി നിള ശ്രീ തീയറ്റര്‍ കോംപ്ലക്‌സാണ് മേളയ്ക്ക് വേദിയാകുന്നത്.ആഗസ്റ്റ് 9 വരെയാണ് അന്താരാഷ്ട്ര ഹ്രസ്വ ചിത്ര മേള. 13 വിഭാഗങ്ങളിലായി എഴുപതിലധികം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഫോക്കസ് ഷോര്‍ട് ഡോക്യുമെന്ററി വിഭാഗത്തിലാണ് ഏറ്റവും അധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഡോക്യുമെന്ററി രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ്  പുരസ്‌കാരം പ്രമുഖ സംവിധായികയും സാമൂഹിക പ്രവര്‍ത്തകയുമായ ദീപ ധന്‍രാജിനാണ്‌. മേളയുടെ സമാപന ദിവസമായ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ഹ്രസ്വചിത്ര മേളയിൽ അന്തരിച്ച ഡോക്യൂമെന്ററി സംവിധായകൻ കെ. പി ശശി ഉൾപ്പെടെയുള്ള ആറു പ്രതിഭകൾക്ക് ആദരമർപ്പിക്കും.

ദുവിധ, ഫ്രെയിംഡ് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ നവറോസ് കോൺട്രാക്ടർ, ചെക്ക് എഴുത്തുകാരൻ മിലൻ കുന്ദേര, ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി, ഡോക്യൂമെന്ററി സംവിധായികയും സാമൂഹിക പ്രവർത്തകയുമായ ചന്ദിത മുഖർജി, ചിത്രകാരനും ശില്പിയുമായ വിവാൻ സുന്ദരം എന്നിവർക്കാണ് ഈ വർഷത്തെ മേളയിൽ സ്മരണാഞ്ജലി അർപ്പിക്കുന്നത്.കലാ, സാംസ്കാരിക, സാമൂഹിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയിട്ടുള്ള ഇവരുടെ ചിത്രങ്ങളും ഇവരെ കുറിച്ചുള്ള ഡോക്യുമെന്ററികളുമാണ് ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

പാർശ്വവത്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും സമസ്യകളായിരുന്നു കെ പി ശശിയുടെ  ചിത്രങ്ങളുടെ കാതൽ. അദ്ദേഹത്തിന്റെ അഞ്ച് ഡോക്യുമെന്ററികളാണ് മേളയിൽ പ്രദർശിപ്പിക്കുക.റെസിസ്റ്റിംഗ് കോസ്റ്റൽ ഇൻവേഷൻ, സുനാമി റീഹാബിലിറ്റേഷൻ: ആൻ അൺഫിനിഷ്ഡ് ബിസിനസ്, എ ക്ലൈമറ്റ് കോൾ ഫ്രം ദി കോസ്റ്റ്, ദി സോഴ്സ് ഓഫ് ലൈഫ് ഫോർ സെയിൽ, ഫാബ്രിക്കേറ്റഡ് എന്നിവയാണ് തിരഞ്ഞെടുത്ത ചിത്രങ്ങൾ.

നവ്‌റോസ് കോൺട്രാക്ടർ ഛായാഗ്രഹണം നിർവ്വഹിച്ച് സഞ്ജീവ് ഷാ സംവിധാനം ചെയ്ത ലവ് ഇൻ ദ ടൈം ഓഫ് മലേറിയ എന്ന ചിത്രം മേളയിൽ പ്രദർശിപ്പിക്കും.ചെക്ക്-ഫ്രഞ്ച് നോവലിസ്റ്റ് മിലൻ കുന്ദേരയുടെ രചനകളും അവയ്ക്ക് പ്രചോദനമായ ഘടകങ്ങളും അടിസ്ഥാനമാക്കി മിലോസ് സ്മിഡ്‌മജർ സംവിധാനം ചെയ്ത “ഫ്രം ദ ജോക്ക് ടു ഇൻസിഗ്ഫിനിക്കൻസ്” എന്ന ഡോക്യുമെന്ററിയും മേളയുടെ ഭാഗമാണ്.

അന്തരിച്ച ചിത്രകാരൻ വാസുദേവൻ നമ്പൂതിരിയെക്കുറിച്ച് (ആർട്ടിസ്റ്റ് നമ്പൂതിരി) ദേശീയ അവാർഡ് ജേതാവായ സംവിധായകൻ ഷാജി തയ്യാറാക്കിയ ‘നേര് വര’ എന്ന ഡോക്യൂമെന്ററിയും മേളയിൽ പ്രദർശിപ്പിക്കും.

ദേശീയ അവാർഡ് ജേതാവായ ഡോക്യുമെന്ററി സംവിധായിക ചന്ദിത മുഖർജിയുടെ ടോട്ടനാമ, ഡിസ്‌പ്ലേസ്‌മെന്റ് ആൻഡ് റെസിലിയൻസ്, അനതർ വേ ഓഫ് ലേണിങ്, ബഹുത് ഖൂബ് ഹേ എന്നീ നാല് ചിത്രങ്ങൾ പ്രദർശിപ്പിക്കും.അന്തരിച്ച ചിത്രകാരനും കലാകാരനുമായ വിവാൻ സുന്ദരത്തിന്റെ സ്‌ട്രക്‌ചേഴ്‌സ് ഓഫ് മെമ്മറി, ട്രാക്കിംഗ്, ദി ബ്രീഫ് അസെൻഷൻ ഓഫ് മരിയൻ ഹുസൈൻ, ടേണിംഗ്, ബെയർഫൂട്ട് വിത്ത് ഹുസൈൻ, ഗഗാവാക, ഫ്ലോട്ടേജ്, വിഗ്വാം ട്യൂൺ, ടു ഡ്രോ എ ലൈൻ എന്നീ ഡോക്യൂമെന്ററികളും മേളയിൽ പ്രദർശിപ്പിക്കും.

രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ഭാഗമായി സംഗീതത്തെയും സംഗീതജ്ഞരെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയിരിക്കുന്ന സൗണ്ട് സ്‌കേപ്സ് വിഭാഗത്തിൽ അഞ്ചു ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ന്യൂ ഓർലിയൻസ് സംഗീത ലോകത്തെ പ്രമുഖരായ ഇർമ തോമസ്, ബെന്നി ജോൺസ് സീനിയർ, ലിറ്റിൽ ഫ്രെഡി കിംഗ്, എല്ലിസ് മാർസാലിസ് എന്നിവരുടെ ജീവിതവും കഠിനാധ്വാനവും ഇതിവൃത്തമാക്കിയ ബെൻ ചെസിന്റെ ‘മ്യൂസിക് പിക്ചേഴ്സ്: ന്യൂ ഓർലിയൻസ്’, സൂറിച്ച് ഓപ്പറ ഹൗസിലെ നർത്തകി ജൂലിയ ടോനെല്ലിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ലോറ കെഹർ ചിത്രം ‘ബികമിങ് ജൂലിയ’, കറുത്ത വംശജനും അമേരിക്കൻ ഇതിഹാസ പിയാനിസ്റ്റും സംഗീതസംവിധായകനുമായ തെലോനിയസ് മങ്കിന്റെ 1969-ൽ പുറത്തുവന്ന അഭിമുഖത്തെ ആസ്പദമാക്കി അലയിൻ ഗോമിസ് സംവിധാനം ചെയ്ത ‘റീവൈൻഡ് ആൻഡ് പ്ലേ’, പുരുഷാധിപത്യ ലോകത്തേക്ക് തന്റെ കഴിവും പ്രയത്‌നവും കൊണ്ട് കടന്നുവന്ന്, വിജയം കൈവരിച്ച ആദ്യ വനിതാ ഓപ്പറ കണ്ടക്ടർ സിമോൺ യങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി ജെനിൻ ഹോസ്‌കിങ് സംവിധാനം ചെയ്ത ‘നോയിങ് ദി സ്കോർ’ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.