കണ്ണമ്പ്ര കല്ലിങ്കൽപാടത്തെ റബർ കടയിൽ പട്ടാപ്പകൽ മോഷണം നടത്തിയ ആൾ പിടിയിൽ. ഇടുക്കി കുരങ്ങൻപാറയിൽ കീരി രതീഷ് (41) ആണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്!.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് കല്ലിങ്കൽപാടം സുമേഷിന്റെ ഉടമസ്ഥതയിലുള്ള റബർ കടയിൽ മോഷണം നടന്നത്. ഇരുമ്പ് മേശയുടെ വലിപ്പ് തകർത്ത് 25000 രൂപയും മറ്റു രേഖകളും അടങ്ങിയ ബാഗ് ആണ് പ്രതി മോഷ്ടിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ തൊട്ടടുത്ത് തന്നെയുള്ള വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് പ്രതി മോഷണം നടത്തിയത്. സമീപത്തെ സിസിടിവി ദൃശ്യത്തിൽ നിന്നും കടയിൽ കയറിയ ആളുടെതെന്ന് സംശയിച്ച ചിത്രങ്ങൾ സഹിതം സുമേഷ് പോലീസിൽ പരാതി നൽകിയിരുന്നു. ഈ ദൃശ്യം കേന്ദ്രീകരിച്ച് വടക്കഞ്ചേരി പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതിയായ രതീഷ് വടക്കഞ്ചേരി തങ്കം ജംഗ്ഷന് സമീപത്ത് നിന്ന് പിടിയിലാവുന്നത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് പ്രതി വലയിലായത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി ഇത്തരത്തിൽ 40 ഓളം മോഷണ കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു. പകൽ സമയങ്ങളിൽ കറങ്ങി നടന്ന് ആളില്ലാത്ത സമയം നിരീക്ഷിച്ച് അത്തരം സ്ഥാപനങ്ങളിൽ കയറി മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവ് രീതി. കല്ലിങ്കൽ പാടത്തെ മോഷണത്തിന്റെ ദൃശ്യം ലഭിച്ചപ്പോൾ തന്നെ ഇയാളെ കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിരുന്നു. ഇയാൾ വടക്കഞ്ചേരി തങ്കം ജംഗ്ഷന് സമീപത്ത് മറ്റൊരു മോഷണത്തിന് ആസൂത്രണം ചെയ്യുന്നതിനിടെയാണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലാവുന്നത്. മോഷണത്തിലൂടെ ലഭിക്കുന്ന പണം കൊണ്ട് തമിഴ്നാട് പൊള്ളാച്ചിയിൽ ലോഡ്ജിൽ മുറിയെടുത്ത് സുഖജീവിതം നയിക്കുന്നതാണ് പ്രതിയുടെ രീതി എന്നും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

https://chat.whatsapp.com/GcNxqt0A9y76USqbT9xe6y?s=cl&p=a&ilr=1&amv=3