ഓണം: ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടരുന്നു

ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന സ്‌പെഷ്യല്‍ സ്ക്വാഡ് പരിശോധനയിൽ ഒരു സ്ഥാപനത്തിന് പിഴ അടക്കാൻ നോട്ടീസ് നൽകിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ വി. ഷണ്‍മുഖന്‍ അറിയിച്ചു. 15 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. ഒൻപത് നിയമാനുസൃത സാമ്പിളുകളും ആറ് നിരീക്ഷണ സാമ്പിളുകളും പരിശോധനക്ക് എടുത്തിട്ടുണ്ട്.

ജില്ലയിലെ 12 സര്‍ക്കിള്‍ പരിധികളിലും പരിശോധനകള്‍ നടത്തുന്നതിനായി മൂന്ന് സ്പെഷ്യല്‍ സ്‌ക്വാഡുകളാണ് രൂപീകരിച്ചിട്ടുള്ളത്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ നിര്‍മ്മാണ യൂണിറ്റുകള്‍, വഴിയോര കച്ചവടസാധനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളിലും പരിശോധന തുടരും. പരിശോധനയുടെ ഭാഗമായി പാല്‍, ഭക്ഷ്യ എണ്ണകള്‍, പപ്പടം, പായസം മിക്സ്, ശര്‍ക്കര, നെയ്യ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നീ ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്.

ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു

ഓണവിപണി ലക്ഷ്യമാക്കി അതിർത്തി കടന്നുവരുന്ന ഭക്ഷ്യവസ്തുക്കളുടെ പരിശോധന വാളയാർ, മീനാക്ഷിപുരം ചെക്ക് പോസ്റ്റുകളിൽ ആരംഭിച്ചു. 17 പരിശോധനകളാണ് നടത്തിയത്. നാല് നിയമാനുസൃത സാമ്പിളുകളും 29 നിരീക്ഷണ സാമ്പിളുകളും പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. 24 മണിക്കൂർ നീളുന്ന പരിശോധന ആഗസ്റ്റ് 28 വരെ തുടരുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റൻ്റ് കമ്മിഷണർ വി. ഷണ്മുഖൻ അറിയിച്ചു.