വാർത്താകേരളം


 

[17.03.2024]           

ലോക്സഭാ തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിൽ; കേരളത്തിൽ ഏപ്രിൽ 26, വോട്ടെണ്ണൽ ജൂൺ 4
🖱️ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രാജ്യത്ത് 7 ഘട്ടങ്ങളായിട്ടാവും തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ രണ്ടാം ഘട്ടത്തിലാവും തെരഞ്ഞെടുപ്പ്. കേരളത്തിൽ പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി ഏപ്രിൽ 4, സൂക്ഷ്മ പരിശോധന ഏപ്രിൽ 8. വോട്ടെടുപ്പ് ഏപ്രിൽ 26 നുമായിരിക്കും. രാജ്യത്തെ വോട്ടെണ്ണൽ ഒരുമിച്ച് ജൂൺ നാലിനാണ് നടത്തുക. ഏഴാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പ് ജൂൺ ഒന്നിനു മാത്രമേ പൂർത്തിയാകൂ. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം.

96.8 കോടി വോട്ടർമാർ വിധിയെഴുതും; കന്നിവോട്ടർമാർ 1.8 കോടി
🖱️പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ 96.8 കോടി പേര്‍ക്കാണ് വോട്ടവകാശം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 90 കോടിയായിരുന്നു വോട്ടര്‍മാര്‍. 1.82 കോടി പേര്‍ കന്നിവോട്ടര്‍മാരാണ്. പുരുഷവോട്ടര്‍മാര്‍ 49.7 കോടിയും സ്ത്രീവോട്ടര്‍മാര്‍ 47.1 കോടിയും ട്രാന്‍സ്ജെന്‍ഡേഴ്സ് 48,000 പേരുമാണ്. സ്ത്രീവോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുള്ളതായി തെരഞ്ഞെടുപ്പ് കമീഷന്‍‍ അറിയിച്ചു. 88.4 ലക്ഷം ഭിന്നശേഷി വോട്ടര്‍മാരാണുള്ളത്. യുവവോട്ടര്‍മാരായി 19.74 കോടിയും 100 വയസുള്ള 2.18 ലക്ഷം വോട്ടര്‍മാരുമുണ്ട്. 85 വയസ്സിന് മുകളിലുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും വീടുകളില്‍ വെച്ച് വോട്ട് ചെയ്യാം. ഇതിനായി വോട്ട് ഫ്രം ഹോം എന്ന സംവിധാനം ഈ തെരഞ്ഞെടുപ്പിലുണ്ടാകും.

ജനങ്ങള്‍ക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി
🖱️ വോട്ടര്‍മാര്‍ക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പ്രിയപ്പെട്ട കുടുംബാംഗം’ എന്ന അഭിസംബോധന ചെയ്ത തുടങ്ങുന്ന കത്തിൽ കഴിഞ്ഞ 10 വർഷത്തെ തന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്നു. വികസിത് ഭാരത് സങ്കല്‍പ് എന്ന പേരിലുള്ള വാട്സ്ആപ്പ് അക്കൗണ്ടില്‍നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. ‘മോദി കുടുംബം’ ക്യാംപെയിന്‍റെ ഭാഗമായാണ് കത്ത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയിൽ ജനങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റമാണു ഏറ്റവും വലിയ നേട്ടം. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയം ജീവിതത്തിന്‍റെ ഗുണമേന്മ ലക്ഷ്യംവച്ചുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനമാണ് ജനങ്ങളുടെ ജീവിതത്തിലുണ്ടായ പരിവര്‍ത്തനത്തിന്‍റെ കാരണമായത്. വികസിത ഭാരതത്തിനായി കൈകോര്‍ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

റേഷന്‍ മസ്റ്ററിങ് നിർത്തിവച്ചു; തകരാർ പൂർണമായി പരിഹരിച്ച ശേഷം മാത്രം വീണ്ടും തുടങ്ങും
🖱️റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിനായി റേഷന്‍ മാസ്റ്ററിങ് താത്കാലികമായി നിർത്തിവച്ചു. തകരാർ‌ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിർത്തി വെയ്ക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി എന്‍.ഐ.സി യും ഐ.ടി മിഷനും അറിയിച്ചതിനുശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കുകയുള്ളൂ. എല്ലാ മുന്‍ഗണനാകാർഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണ്.

40 നാൾ കടുത്ത പോരാട്ടം
🖱️കഴിഞ്ഞ തവണത്തെ 19 സീറ്റല്ല, ഇത്തവണ ഇരുപതും എന്ന വാശിയോടെ യുഡിഎഫ്. കഴിഞ്ഞ പ്രാവശ്യം ആലപ്പുഴയിലൊഴികെയുണ്ടായ കനത്ത തോൽവി മറികടക്കാനും ദേശീയ രംഗത്ത് സാന്നിധ്യമാവാനും ഇടതുകക്ഷികൾക്ക് ആകെയുള്ള കച്ചിത്തുരുമ്പായ ഇവിടെ പരമാവധി നേട്ടമുണ്ടാക്കാൻ എൽഡിഎഫ്. നിയമസഭയിൽ ആകെയുണ്ടായിരുന്ന ഒരു സീറ്റു പോലും നഷ്ടപ്പെടുത്തിയ നാണംകെട്ട തോൽവിക്ക് പകരം വീട്ടാൻ രണ്ട് കേന്ദ്രമന്ത്രിമാരെ ഉൾപ്പെടെ രംഗത്തിറക്കി കനത്ത പോരാട്ടത്തിനൊരുങ്ങി ബിജെപി. വോട്ടെടുപ്പിന് 40 ദിവസം മാത്രം ബാക്കി നിൽക്കേ കേരളം സമാനതകളില്ലാത്ത കടുത്ത പോരാട്ടത്തിന് വേദിയാവുകയാണ്.

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് വിശ്വാസികൾക്ക് അസൗകര്യമാകും; എതിർപ്പുമായി മുസ്ലിം ലീഗ്
🖱️ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ എതിർപ്പുമായി മുസ്ലീം ലീഗ്. കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 26 വെള്ളിയാഴ്ച നടത്തുന്നത് വിശ്വാസികൾക്കും തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും അസൗകര്യം സൃഷ്ടിക്കുമെന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാ പറഞ്ഞു. ഇസ്ലാം മതവിശ്വാസികൾ പള്ളികളിൽ ഒത്തു ചേരുന്ന ജുമുഅ ദിവസമാണ് വെള്ളിയാഴ്ച. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പു കമ്മിഷന്‍റെ ശ്രദ്ധയിൽ പെടുത്തുമെന്ന് പി.എം.എ സലാം വ്യക്തമാക്കി.

രാഷ്ട്രീയത്തിലെ കള്ളപ്പണം അവസാനിപ്പിക്കാനാണ് ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നത്: അമിത് ഷാ
🖱️രാഷ്ട്രീയത്തിലെ കള്ളപ്പണം അവസാനിപ്പിക്കാനാണ് ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെ താൻ പൂർണമായി മാനിക്കുന്നുവെന്നും അത് ഇല്ലാതാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അമിത് ഷാ പറഞ്ഞു. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാൽ മൊത്തം 20,000 കോടി ഇലക്ടറൽ ബോണ്ടുകളിൽ ഏകദേശം 6,000 കോടി രൂപ ബിജെപിക്ക് ലഭിച്ചു. ബാക്കി ബോണ്ടുകള്‍ എവിടേക്കാണ് പോയത്..?? നേരത്തെ ഏറ്റവും വലിയ കൊള്ളയടിയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ നടന്നതെന്നും ബിജെപിക്കാണ് ഏറ്റവും ഗുണം ലഭിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.

ജാസി ഗിഫ്റ്റിനെ പാടാൻ അനുവദിക്കാതിരുന്നത് അപക്വം; പ്രിൻസിപ്പലിനെതിരേ മന്ത്രി സജി ചെറിയാൻ
🖱️സെന്‍റ് പീറ്റേഴ്സ് കോളെജ് ദിനാഘോഷത്തിൽ അതിഥിയായെത്തിയ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. പ്രിൻസിപ്പലിന്‍റെ നടപടി അങ്ങേയറ്റം നിരാശാജനകമാണെന്നും തെറ്റ് തിരുത്തി ജാസി ഗിഫ്റ്റിനോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഫെയ്സ്ബുക്കിൽ പങ്കു വച്ച കുറിപ്പിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വ്യാഴാഴ്ച കോളെജ് ദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ വിദ്യാർഥികളുടെ ക്ഷണപ്രകാരമാണ് ജാസി ഗിഫ്റ്റ് എത്തിയത്. ഉദ്ഘാടനത്തിനു ശേഷം ജാസി ഗിഫ്റ്റിനൊപ്പം അദ്ദേഹത്തിന്‍റെ സുഹൃത്തും പാട്ടു പാടാനായി വേദിയിലെത്തിയതോടെയാണ് പ്രിൻസിപ്പൽ വേദിയിലെത്തി ജാസിയുടെ കൈയിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങിയത്. ജാസി ഗിഫ്റ്റിനു മാത്രമേ പാട്ടു പാടാൻ അനുവാദമുള്ളൂ എന്നായിരുന്നു പ്രിൻസിപ്പൽ മൈക്കിലൂടെ വിശദീകരിച്ചത്. എന്നാൽ പാട്ടുകാരനൊപ്പം കോറസ് പാടാൻ ആളുണ്ടാകുമെന്നും പ്രിൻസിപ്പലിന്‍റെ നടപടി അംഗീകരിക്കാനാകില്ലെന്നും അറിയിച്ച് ജാസി മടങ്ങിപ്പോയി.

യാത്രക്കാർക്കായി 13 കുടിവെള്ള ബ്രാൻഡുകൾക്ക് കൂടി സെൻട്രൽ റെയിൽവേയുടെ അംഗീകാരം
🖱️വേനൽച്ചൂട് ആസന്നമായതിനാൽ, റെയിൽവേ റെയിൽനീർ എന്ന കുടിവെള്ള ബ്രാൻഡ് കൂടാതെ ട്രെയിനുകളിൽ 13 അധിക ബ്രാൻഡുകളുടെ കൂടി ഉൾപ്പെടുത്താന്‍ കുടിവെള്ള നിർമ്മാണ കമ്പനികൾക്ക് അംഗീകാരം നൽകി. ഹെൽത്ത് പ്ലസ്, റോക്കോകോ, ഗാലൻസ്, നിംബസ്, ഓക്സി ബ്ലൂ, സൺറിച്ച്, എൽവിഷ്, ഇയോണിറ്റ, ഇൻവോലൈഫ്, ഓക്സിയോൺ, ഡെവൻ, ഓക്‌സിറൈസ്, കനയ്യ എന്നിവയാണ് റെയിൽനീറിന് പുറമെ കുപ്പിവെള്ളത്തിന്‍റെ 13 അംഗീകൃത ബ്രാൻഡുകൾ. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാൻ സജീവമായ നടപടികൾ സ്വീകരിച്ചതായും , യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് കൂടുതൽ ബ്രാൻഡുകൾ അവതരിപ്പിക്കാനുള്ള തീരുമാനമെന്നും സെൻട്രൽ റെയിൽവെ അധികൃതർ പറഞ്ഞു.

കേരളത്തിൽ രണ്ടക്കമെന്ന് മോദി പറഞ്ഞത് രണ്ട് പൂജ്യമാണ്: തരൂർ
🖱️ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ പാര്‍ലമെന്‍റിലെത്തിയിട്ട് കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്ന് എംപിയും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഡോ. ശശി തരൂര്‍. അവരെ അങ്ങോട്ട് വിടുന്നത് വെറും വേസ്റ്റാണ്. ബിജെപിയും അവര്‍ക്ക് എതിരെ നില്‍ക്കുന്നവരും തമ്മിലുള്ള മത്സരമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്നും തരൂര്‍ പറഞ്ഞു. കേന്ദ്ര വിഷയങ്ങളില്‍ സിപിഎമ്മിന്‌ പ്രസക്തിയില്ല. ഈ തെരഞ്ഞെടുപ്പ് ഭാരതത്തിന്‍റെ ആത്മാവിന് വേണ്ടിയുള്ള സംഘര്‍ഷമാണ്. മതേതരത്വം വെറും മുദ്രാവാക്യമല്ല. കേരളം ഇതിന്‍റെ മാതൃകയാണ്. കേരളത്തെപ്പോലെ ഭാരതവുമാകണം. ഹിന്ദുരാഷ്‌ട്രം കൊണ്ടുവരലാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. ജനങ്ങളുടെ ശബ്ദമായി പാര്‍ലമെന്‍റില്‍ മാറും.

വനിതാ പ്രിന്‍സിപ്പലിന്‌ അസഭ്യവർഷം: സ്‌കൂൾ തകർത്ത്‌ കെഎസ്‌യുക്കാർ ജീവനക്കാരെ മർദിച്ചു
🖱️വിദ്യാഭ്യാസബന്ദ്‌ എന്ന പേരിൽ കെഎസ്‌യുക്കാർ ആലപ്പുഴയിൽ സ്‌കൂളിൽ അതിക്രമിച്ചുകയറി മാനേജരെയും ജീവനക്കാരനെയും മൃഗീയമായി മർദിച്ച്‌ ഓഫീസ്‌ തല്ലിത്തകർത്തു. വനിതാ പ്രിൻസിപ്പലിനെ അസഭ്യം പറയുകയുംചെയ്‌തു. പൊതുപരീക്ഷ ആരംഭിച്ച മാർച്ച്‌ അഞ്ചിനാണ്‌ കെഎസ്‌യുവിന്റെ ആറംഗ അക്രമിസംഘം നീർക്കുന്നം അൽഹുദ ഇംഗ്ലീഷ്‌ സ്‌കൂളിൽ ആക്രമണം നടത്തിയത്‌. അക്രമദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ്‌ സംഭവം പുറംലോകം അറിഞ്ഞത്‌. അക്രമവുമായി ബന്ധപ്പെട്ട്‌ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി വണ്ടാനം മുപ്പതിൽചിറ മാഹീൻ ജബ്ബാർ (29), നിയോജക മണ്ഡലം വൈസ്‌പ്രസിഡന്റ്‌ തിരുവമ്പാടി മാളികപറമ്പിൽ തൻസിൽ നൗഷാദ് (25), നിയോജക മണ്ഡലം സെക്രട്ടറി ഇരവുകാട് പനപറമ്പിൽ അർജുൻ ഗോപകുമാർ (23) എന്നിവർക്കെതിരെ പൊലീസ്‌ കേസെടുക്കുകയും അറസ്‌റ്റ്‌ ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കുകയുംചെയ്‌തു. കോടതി ഇവരെ റിമാൻഡ്‌ ചെയ്‌തു.

മദ്യനയ അഴിമതിക്കേസിൽ സമന്‍സ് പാലിച്ചില്ലെന്ന കേസ്: കെജ്‌രിവാളിന് മുൻകൂർ ജാമ്യം
🖱️സിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം. ഡൽഹി റൂസ് അവന്യൂ കോടതിയാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. ശനിയാഴ്ച രാവിലെയോടെയാണ് അരവിന്ദ് കെജ്‌രിവാൾ കോടതിയിൽ ഹാജരായത്. 15000 രൂപയുടെ ബോണ്ടും, ഒരു ലക്ഷം രൂപയുടെ സെക്യൂരിറ്റി ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ഇഡിയുടെ സമൻസിലാണ് കേജ്രിവാൾ നേരിട്ട് കോടതിയിൽ ഹാജരായത്.

പൗരത്വ നിയമഭേദഗതി അപേക്ഷകർക്കായി ‘സിഎഎ ആപ്പ്’ പുറത്തിറക്കി കേന്ദ്രം
🖱️പൗരത്വ നിയമ ഭേദഗതി ചട്ടങ്ങളുടെ വിജ്ഞാപനത്തിന് പിന്നാലെ സിഎഎ പ്രകാരം അപേക്ഷ നൽകാൻ പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാർ. ഗൂഗ്‌ൾ പ്ലേ സ്റ്റോറിൽ നിന്ന് “The CAA-2019” എന്ന ആപ്പ് ഡൗൺലോഡ് ചെയ്യാമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പൗരത്വത്തിനായി അപേക്ഷിക്കാം. നേരത്തേ അപേക്ഷകർക്കായി പ്രത്യേക വെബ് പോർട്ടൽ സജ്ജമാക്കിയിരുന്നു. പാകിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിൽ പെല്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം.

ജില്ലയുടെ റിയല്‍ എസ്‌റ്റേറ്റ് വളര്‍ച്ചയ്ക്ക് റെറ അവബോധം അനിവാര്യം; വി.ആര്‍. വിനോദ്
🖱️മലപ്പുറം ജില്ലയുടെ റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയ്ക്ക് റെറ നിയമത്തെക്കുറിച്ചുള്ള അവബോധം അനിവാര്യമാണെന്ന് ജില്ല കളക്ടര്‍ വി.ആര്‍. വിനോദ് ഐഐഎസ്. പെരിന്തല്‍മണ്ണ എംപിഎസ് റോയല്‍ പ്ലാസയില്‍ കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറ്റി (കെ-റെറ)നടത്തിയ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരിന്തല്‍മണ്ണയില്‍ വന്ന് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച അതോറിറ്റിക്ക് ജില്ലാ ഭരണകൂടത്തിന്‌റെ കൃതജ്ഞത അറിയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ത്വരിതഗതിയില്‍ വികസിക്കുന്ന മലപ്പുറത്തിന് ചാലകശക്തിയാകാന്‍ നിയമാവബോധം ജനങ്ങള്‍ക്കുണ്ടാകണം. ഈ മേഖലയിലെ അനാവശ്യപ്രശ്‌നങ്ങള്‍ ഒഴിവാകാനും നിയമപരിരക്ഷ ഉറപ്പാകാനും ഡെവലപ്പര്‍മാര്‍ റെറയുടെ വഴിയെ വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

താപനില 39 ഡിഗ്രി വരെ ഉയരാന്‍ സാധ്യത;10 ജില്ലകൾക്ക് യെലോ അലർട്ട്
🖱️സംസ്ഥാനത്ത് കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നേരത്തെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പുതിയ അറിയിപ്പ് പ്രകാരം 10 ജില്ലകൾക്ക് യെലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് അലർട്ടുള്ളത്. മാർച്ച് 16 മുതൽ 20 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ക്ഷേമ പെൻഷൻ രണ്ടു ഗഡു കൂടി
🖱️സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന്‌ മുമ്പ്‌ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 3,200 രൂപ വീതമാണ്‌ ലഭിക്കുക. നിലവിൽ ഒരു ഗഡു തുകയായ 1,600 രൂയുടെ വിതരണം ആരംഭിച്ചു. വിഷു, ഈസ്‌റ്റർ, റംസാൻ കാലത്ത്‌ 4,800 രൂപ വീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുകയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

‘കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി, ഇടുക്കിയില്‍ സംഗീത വിശ്വനാഥന്‍’; ബിഡിജെഎസ് സ്ഥാനാര്‍ഥികളായി
🖱️ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിഡിജെഎസിന്‍റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ഇടുക്കിയില്‍ സംഗീത വിശ്വനാഥനും കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും സ്ഥാനാര്‍ഥികളാകും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് കോട്ടയത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.

കലോത്സവ കോഴ: വൊളന്‍റിയറായി എത്തിയത് എസ്എഫ്ഐ പുറത്താക്കിയ കത്തിക്കുത്ത് കേസ് പ്രതിയെന്ന് വിവരം
🖱️കേരള സർവ്വകലാശാല കലോത്സവ കോഴ വിവാദത്തിൽ എസ്എഫ്ഐ പുറത്താക്കിയ കത്തിക്കുത്ത് കേസിലെ പ്രതിയും വോളന്‍റിയറായി പ്രവർത്തിച്ചിരുന്നതായി വിവരം. എസ്എഫ്ഐയിൽ നിന്നും പുറത്താക്കിയ നെയ്യാറ്റിൻകര മുൻ ഏരിയാ സെക്രട്ടറി ആരോമലാണ് വോളന്‍റിയറായി പ്രവര്‍ത്തിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർ‌ട്ട്.യൂണിവേഴ്സിറ്റി കോളെജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിലും സംസ്കൃത കോളെജിൽ വിദ്യാർത്ഥിയെ മർദിച്ച കേസിലും പ്രതിയാണ് ആരോമൽ. തിരുവനന്തപുരം ഫൈന്‍ ആർട്ട്സ് കോളെജ് വിദ്യാർഥി കൂടിയായ ആരോമൽ വിധികർത്താക്കളെ മർദ്ദിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം. ഇതിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

പേരാമ്പ്രയിലെ അനുവിന്‍റെ മരണം കൊലപാതകം; ബൈക്കില്‍ സഞ്ചരിച്ചയാൾ മോഷ്ടാവ് ?‍?
🖱️പേരാമ്പ്രയിലെ അനുവിന്‍റെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. സംഭവസമയം സ്ഥലത്ത് കണ്ട ചുവന്ന ബൈക്കില്‍ സഞ്ചരിച്ച ആള്‍ മോഷ്ടാവാണെന്നാണ് പൊലീസിന്‍റെ നിഗമനം. നാട്ടുകാരാണ് പൊലീസിന് ഇതിനെക്കുറിച്ച് മൊഴിനല്‍കിയത്. ഈ ബൈക്ക് കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ ഇപ്പോഴത്തെ അന്വേഷണം.വാളൂരിൽ കുറുങ്കുടി മീത്തൽ അനു (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നുപോയ അനുവിനെ കാണാതാവുകയും ചൊവ്വാഴ്ച ഉച്ചയോടെ അള്ളിയോറത്താഴ തോട്ടില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തോട്ടില്‍ അര്‍ധനഗ്നയായിട്ടിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

റബറിന്‍റെ താങ്ങുവില 180 രൂപയായി ഉയർത്തി; ബജറ്റ് പ്രഖ്യാപനം നടപ്പാക്കിയെന്ന് ധനമന്ത്രി
🖱️സംസ്ഥാനത്തെ റബര്‍ താങ്ങുവില 180 രൂപയായി ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സ്വാഭാവിക റബറിന്‌ വിലയിടഞ്ഞ സാഹചര്യത്തിലാണ്‌ സംസ്ഥാന സർക്കാർ റബർ ഉൽപാദന ഇൻസെന്‍റീവ്‌ പദ്ധതി നടപ്പാക്കിയത്‌.റബർ സബ്‌സിഡി ഉയർത്തുമെന്ന്‌ ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 2021 ഏപ്രിലിൽ ഒരു കിലോഗ്രാം സ്വാഭാവിക റബറിന്‌ 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്‌സിഡി തുക ഉയർത്തിയിരുന്നു. 2024 ഏപ്രിൽ ഒന്നുമുതൽ കിലോഗ്രാമിന്‌ 180 രൂപയായി വർധിപ്പിക്കുമെന്നാണ്‌ ബജറ്റിൽ പ്രഖ്യാപിച്ചത്‌. അത്‌ നടപ്പാക്കിയാണ്‌ ഉത്തരവിറക്കിയത്‌.

801 ജയങ്ങൾ, മെസ്സിയെയും മറികടന്ന് റൊണാൾഡോ
🖱️പ്രൊഫഷണല്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ 801 ജയങ്ങള്‍ നേടുന്ന ആദ്യത്തെ ഫുട്‌ബോള്‍ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
സൗദി പ്രോ ലീഗിലെ അല്‍ അഹ്ലിക്കെതിരായ മത്സരത്തിലാണ് റൊണാള്‍ഡോ ചരിത്രത്തിലേക്ക് ഗോള്‍ പായിച്ചത്. മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏക ഗോളില്‍ അല്‍ നസര്‍ വിജയം നേടി. 68ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാള്‍ഡോ അല്‍ നസറിനെ വിജയത്തിലെത്തിച്ചത്. താരത്തിന്റെ കരിയറിലെ 879ാമത്തെ ഗോളുമായിരുന്നു ഇത്. ക്ലബ്ബ് ഫുട്‌ബോള്‍ കരിയറിലെ 801ാം ജയം നേടുക വഴി അര്‍ജന്റീനന്‍ ഇതിഹാസവും ചിരകാലവൈരിയുമായ ലയണല്‍ മെസ്സിയുടെ 800 വിജയ റെക്കോഡ് ക്രിസ്റ്റ്യാനോ മറികടന്നു.

ഗോൾഡ് റേറ്റ്
ഗ്രാമിന് 6060 രൂപ
പവന് 48480 രൂപ