വാട്സാപ്പിൽ ഇനി വീഡിയോ സന്ദേശവും

വാട്‌സാപ്പില്‍ ശബ്ദ സന്ദേശം അയക്കുന്നത് പോലെ വീഡിയോ സന്ദേശം അയക്കാവുന്ന ഫീച്ചറും എത്തി. 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശമാണ് അയക്കാനാവുക. ഘട്ടംഘട്ടമായാണ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കുന്നത്. ഒരുവിഭാഗം പേര്‍ക്ക് സേവനം ലഭിച്ച് തുടങ്ങി. ഓഡിയോ റെക്കോഡ് ചെയ്യുന്ന ബട്ടണിന് സമാനമായി, വീഡിയോ റെക്കോഡിംഗ് ബട്ടണ്‍ അമര്‍ത്തി വീഡിയോ പകര്‍ത്താം. ഇത്തരം വീഡിയോകള്‍ ലഭിക്കുന്നയാളുടെ ഫോണിലെ ഗ്യാലറിയില്‍ സേവ് ആകില്ല. എങ്ങനെ അയയ്ക്കാം? ആര്‍ക്കാണോ സന്ദേശം അയക്കേണ്ടത്, അയാളുമായുള്ള ചാറ്റ് ബോക്‌സ് തുറക്കുക. തുടര്‍ന്ന് മൈക്രോഫോണ്‍ ബട്ടണില്‍ സൈ്വപ്പ് ചെയ്യുക. അപ്പോള്‍ അത് വീഡിയോ ക്യാമറ ഐക്കണ്‍ ആയി മാറും. അതില്‍ അമര്‍ത്തി വീഡിയോ റെക്കോഡ് ചെയ്യാം. 60 സെക്കന്‍ഡ് വരെ റെക്കോഡ് ചെയ്യാം. അതിന് മുമ്പ് റെക്കോഡിംഗ് നിറുത്തണമെങ്കിലും വീഡിയോ ഐക്കണില്‍ സൈ്വപ്പ് ചെയ്താല്‍ മതി. സ്വീകര്‍ത്താവിന്റെ ചാറ്റ് ബോക്‌സിലെത്തുന്ന വീഡിയോ തനിയെ പ്ലേ ആകും. എന്നാല്‍, ശബ്ദം കേള്‍ക്കണമെങ്കില്‍ വീഡിയോയില്‍ ക്ലിക്ക് ചെയ്യണം. വൃത്താകൃതിയിലാണ് വീഡിയോ പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയുണ്ട്. ഏതാനും ആഴ്ചയ്ക്കകം എല്ലാ ഉപയോക്താക്കള്‍ക്കും ചെറു വീഡിയോ സന്ദേശ ഫീച്ചര്‍ ലഭ്യമാകുമെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ വ്യക്തമാക്കി