2023 | നവംബർ 27 | തിങ്കൾ | 1199 | വൃശ്ചികം 11 | കാർത്തിക
◾തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിലും ഇന്ത്യക്ക് 44 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ഇന്നിംഗ്സ് 20 ഓവറില്‍ ഒമ്പതിന് 191 ല്‍ അവസാനിച്ചു. യശസ്വി ജെയ്‌സ്വാള്‍ (53), ഇഷാന്‍ കിഷന്‍ (52), റുതുരാജ് ഗെയ്കവാദ് (58), റിങ്കു സിംഗ് (9 പന്തില്‍ പുറത്താവാതെ 31) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2 – 0 ത്തിന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം മല്‍സരം നാളെ ഗോഹട്ടിയില്‍.
◾ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജായി ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ പിഴ ചുമത്താമെന്നും കോടതി ഉത്തരവിട്ടു. കൊല്ലം സ്വദേശികളുടെ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
◾കുസാറ്റ് ദുരന്തത്തില്‍ മരിച്ച സഹപാഠികള്‍ക്കു ഏങ്ങലടിച്ച് കണ്ണീരോടെ യാത്രാമൊഴിയേകി സഹപാഠികളും അധ്യാപകരും. പൊതുദര്‍ശനത്തിനായി സഹപാഠികളുടെ ചേതനയറ്റ ശരീരം വീണ്ടും കുസാറ്റില്‍ എത്തിച്ചപ്പോള്‍ അതിവൈകാരിക രംഗങ്ങള്‍ക്കാണ് ക്യാമ്പസ് സാക്ഷിയായത്. പൊതുദര്‍ശനത്തിനായി ആദ്യമെത്തിച്ചത് സാറാ തോമസിന്റെ മൃതദേഹമായിരുന്നു. പിന്നാലെ ആന്‍ റുഫ്തയുടെയും അതുല്‍ തമ്പിയുടേയും മൃതദേഹങ്ങള്‍ ക്യാംപസിലെത്തിച്ചു.
◾പാക്കിസ്ഥാന്റെ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കേരളത്തിലടക്കം നാലു സംസ്ഥാനങ്ങളിലാണു റെയ്ഡ് നടത്തിയത്. കേരളത്തില്‍ കോഴിക്കോടായിരുന്നു പരിശോധന. പാക് ഭീകരസംഘടനകളുമായി ബന്ധമുള്ള ഗസ് വ ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
◾നവകേരള സദസില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ആറു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നമംഗലത്തിനടുത്ത് താഴേ പടനിലം, ഉപ്പഞ്ചേരി വളവ് എന്നിവിടങ്ങളിലാണ് സംഭവം. കൊടുവള്ളിയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.
◾നാലു പേരുടെ മരണത്തിനിടയാക്കിയ കുസാറ്റ് ദുരന്തത്തിന്റ ഉത്തരവാദിത്വം വൈസ് ചാന്‍സലര്‍ക്കാണെന്നും വിസിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കളമശ്ശേരി പൊലീസില്‍ പരാതി. പരിപാടി പോലീസില്‍ അറിയിക്കുന്നതടക്കമുള്ള സുരക്ഷ ഒരുക്കാത്ത വിസിയാണ് ഉത്തരവാദിയെന്ന് സുപ്രീം കോടതിയിലെ അഭിഭാഷകനായ സുഭാഷ് എം കളമശ്ശേരി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
◾കുസാറ്റ് ദുരന്തത്തില്‍ മരിച്ച നാലുപേരും നെഞ്ചില്‍ ചവിട്ടേറ്റ് ശ്വാസംമുട്ടിയാണു മരിച്ചതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിന് ഗുരുതരമായ ക്ഷതമേറ്റതിനാലാണു ശ്വാസതടസം ഉണ്ടായത്. നാലു പേരുടേയും കഴുത്തിലും നെഞ്ചിലും പരിക്കുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
◾കുസാറ്റ് ദുരന്ത പ്രദേശത്തെ ഗേറ്റ് തുറന്നതോടെ ആളുകള്‍ കൂട്ടത്തോടെ ആംഫി തിയേറ്ററിലേക്ക് ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആംഫി തിയേറ്ററിനകത്തു നേരത്തെ കയറി ഒഴിഞ്ഞ സ്ഥലത്തുനിന്ന് ഒരു വിദ്യാര്‍ത്ഥി പകര്‍ത്തിയ വീഡിയോയാണു പ്രചരിക്കുന്നത്.
◾കുസാറ്റ് ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ത്ഥി സാറ തോമസിന് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. താമരശേരിയിലെ കോരങ്ങാട് അല്‍ഫോന്‍സാ സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്.
◾അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴക്കു സാധ്യത. തെക്കന്‍ തായ്‌ലന്‍ഡിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. നാളെ ഇത് തെക്കന്‍ ആന്‍ഡമാന്‍ കടലിനും തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കും.
◾ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് കേരളത്തിന്. ഹീമോഫീലിയ, തലസീമിയ, സിക്കിള്‍സെല്‍ അനീമിയ എന്നിവയുടെ ചികിത്സക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ആശാധാര പദ്ധതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനാണ് അവാര്‍ഡ് ലഭിച്ചത്.
◾റോബിന്‍ ബസിന്റെ നടത്തിപ്പുകാരന്‍ ഗിരീഷിന് കോടതി ജാമ്യം അനുവദിച്ചു. വണ്ടിച്ചെക്കു കേസിലാണ് പൊലീസ് ഗിരീഷിനെ അറസ്റ്റു ചെയ്തത്. 2011 മുതല്‍ കൊച്ചിയിലെ കോടതിയില്‍ നിലവിലുള്ള കേസില്‍ വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
◾ബസ് യാത്രക്കിടെ യുവതിയെ ശല്യം ചെയ്ത പോലീസുകാരന്‍ അറസ്റ്റില്‍. കോട്ടയം പെരുവന്താനം പോലീസ് സ്റ്റേഷനിലെ അജാസ്മോന്‍ (35) ആണു പിടിയിലായത്. ശല്യം ചെയ്തതോടെ യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് വിവരം അറിയച്ചതോടെ വഴിയില്‍ ഭര്‍ത്താവും ഇതേ ബസില്‍ കയറി. പോലീസുകാരന്‍ ശല്യം തുടര്‍ന്നതോടെ കൈയോടെ പിടികൂടുകയായിരുന്നു.
◾പ്രമുഖ ശിശുരോഗ വിദഗ്ധനും വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് വിഭാഗം പ്രഫസറുമായ കണ്ടത്തില്‍ ഡോ. കെ.സി. മാമ്മന്‍ കോട്ടയത്ത് അന്തരിച്ചു. 93 വയസായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച കഞ്ഞിക്കുഴി പുത്തന്‍പള്ളിയില്‍.
◾നവകേരള സദസില്‍ പങ്കെടുത്ത പ്രാദേശിക നേതാക്കളെ കോണ്‍ഗ്രസും മുസ്ലിം ലീഗും പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡു ചെയ്തു. എന്‍ അബൂബക്കറിനെ (പെരുവയല്‍) കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ അറിയിച്ചു. ലീഗ് നേതാവ് മൊയ്തു മുട്ടായി, മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ ഹുസൈന്‍ എന്നിവരെ മുസ്ലിം ലീഗും സസ്പെന്‍ഡ് ചെയ്തു.
◾എറണാകുളം ജനറല്‍ ആശുപത്രിയിലെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം. വൃക്ക നല്‍കിയ 50 വയസുള്ള അമ്മയും സ്വീകരിച്ച 28 വയസുള്ള മകനും സുഖമായിരിക്കുന്നു. രാജ്യത്തെ ആരോഗ്യ മേഖലയിലെ ഒരു ചരിത്ര സന്ദര്‍ഭമാണിതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
◾കുന്നംകുളം കോട്ടിയാട്ടുമുക്ക് പൂരത്തിനിടെ ആനയിടഞ്ഞ് പാപ്പാനെ കുത്തി. കൊണാര്‍ക്ക് കണ്ണന്‍ എന്ന ആനയാണ് പാപ്പാനെ കുത്തിയശേഷം വലിച്ചെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ഒന്നാം പാപ്പാന്‍ സജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഴുന്നള്ളിപ്പു കഴിഞ്ഞ് ചമയം അഴിക്കുന്നതിനിടെ മങ്ങാട് പുളിഞ്ചോട് വച്ചായിരുന്നു ആനയിടഞ്ഞത്.
◾മണ്ണാര്‍ക്കാട് വിയ്യക്കുര്‍ശ്ശിയില്‍നിന്ന് ജെസിബി മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സേലം തെക്കംപ്പെട്ടി കാര്‍ത്തിക്, ദിമാപുരം ചിന്നസേലം പെരിയസ്വാമി എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജെസിബിയും മോഷണത്തിന് ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു.
◾മലപ്പുറം ചാലിയാര്‍ പുഴയില്‍ യുവാവും ബന്ധുവായ 15 കാരനും മുങ്ങിമരിച്ചു. കണ്ണാഞ്ചിരി ജൗഹര്‍(39), സഹോദര പുത്രന്‍ മുഹമ്മദ് നബ്ഹാന്‍ (15) എന്നിവരാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്.
◾കന്യാകുമാരി ജില്ലയിലെ കളിയിക്കാവിളയില്‍ വീട്ടിനുള്ളില്‍ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി. കളിയിക്കാവിള പരക്കുന്ന് കടയാറവിള വീട്ടില്‍ ജയിംസിനെയാണ് (52) കൊലപ്പെടുത്തിയത്. ഒരാള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
◾സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ അസോസിയേറ്റ് അഥവാ ക്ലര്‍ക്ക് നിയമനത്തിന് sbi.co.in വഴി ഓണ്‍ലൈനായി ജോലിക്ക് അപേക്ഷിക്കാം. 17,900 മുതല്‍ 47,920 രൂപവരെയാണ് ശമ്പളം.
◾തിരുവനന്തപുരം കണിയാപുരത്ത് യുവാവിനെ തട്ടികൊണ്ടുപോയ കേസിലെ പ്രതിയെ മര്‍ദിച്ച കൂട്ടുപ്രതികളെ അറസ്റ്റു ചെയ്തു. കഴക്കൂട്ടം സ്വദേശി ഹരികൃഷ്ണനെ മര്‍ദിച്ച നിഖില്‍ റോബര്‍ട്ടിനെ തട്ടികൊണ്ടുപോയി മര്‍ദിച്ച കേസിലെ പ്രതികളായ ഷഫീഖ് (26), വിമല്‍ (23), അശ്വിന്‍ (25) എന്നിവരാണ് പിടിയിലായത്.
◾വിവാഹങ്ങള്‍ വിദേശത്തു നടത്താതെ ഇന്ത്യയില്‍തന്നെ നടത്തിയാല്‍പ്പോരേയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സമ്പത്ത് നഷ്ടപ്പെടാതിരിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യയില്‍ നടത്തണം. വിവാഹ ഷോപ്പിംഗിന് ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
◾ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തുകൊണ്ടുവരാന്‍ മലമുകളില്‍നിന്നു താഴേക്കു കുഴിക്കാന്‍ ആരംഭിച്ചു. 90 മീറ്റര്‍ താഴെയുള്ള തുരങ്കത്തിലെത്താന്‍ നാലു ദിവസം വേണ്ടിവരും. പാറ കൂടുതലാണെങ്കില്‍ കൂടുതല്‍ വൈകും. അതേസമയം, അവശിഷ്ടങ്ങള്‍ക്കിടയിലൂടെ രക്ഷാകുഴല്‍ സ്ഥാപിക്കാനുള്ള തുരക്കലും തുടരുന്നുണ്ട്.
◾ക്രിസ്മസിന് വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. നവംബര്‍ 30 വരെ ഇപ്പോഴത്തെ ഓഫര്‍ പ്രയോജനപ്പെടുത്തി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഡിസംബര്‍ രണ്ടു മുതല്‍ മേയ് 30 വരെയുള്ള യാത്രകള്‍ക്കായി ഓഫര്‍ പ്രയോജനപ്പെടുത്തി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
◾ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കുമെന്നു മലേഷ്യ. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ പ്രവേശിക്കാന്‍ വിസയുടെ ആവശ്യമില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു. തായ്ലന്‍ഡും ശ്രീലങ്കയും ഇന്ത്യക്കാര്‍ക്കു വിസ ഒഴിവാക്കിയിരുന്നു.
◾കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേക്ക്. വ്യാഴാഴ്ച യുഎഇയിലെത്തുന്ന നരേന്ദ്ര മോദി വെള്ളിയാഴ്ച മടങ്ങും. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തില്‍ അറബ് നേതാക്കളുമായി ചര്‍ച്ച നടക്കും.
◾ബീഹാറിലെ മുസഫര്‍പൂറില്‍ മൂന്നു വയസുകാരിയെ പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ഇരുപതുകാരനെ അറസ്റ്റു ചെയ്തു. രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന് ലാല്‍ ബാബു എന്നയാളെയാണ് അറസ്റ്റു ചെയ്തത്.
◾ഗാസയിലെ ജനങ്ങള്‍ക്ക് സഹായവുമായി സൗദി അറേബ്യയയുടെ രണ്ടാമത്തെ കപ്പല്‍. 58 കണ്ടെയ്നറുകളായി 890 ടണ്‍ വസ്തുക്കളാണ് ഗാസയിലേക്കു കൊണ്ടുപോകുന്നത്. 21 കണ്ടെയ്‌നറുകള്‍ മെഡിക്കല്‍ സാമഗ്രികളാണ്. 587 ടണ്‍ പാല്‍, വിവിധ ഭക്ഷ്യവസ്തുക്കള്‍ വഹിക്കുന്ന 37 കണ്ടെയ്നറുകളുമുണ്ട്.
◾യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം എത്തിക്കാനുള്ള പ്രത്യേക പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. രുചികരമായ ഭക്ഷണ വിഭവങ്ങള്‍ വെറും 20 രൂപയ്ക്ക് ലഭ്യമാക്കാനുള്ള പദ്ധതിക്കാണ് റെയില്‍വേ രൂപം നല്‍കുന്നത്. ഉത്തരേന്ത്യന്‍ ഭക്ഷ്യവിഭവങ്ങള്‍ മുതല്‍ ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ വരെ മെനുവില്‍ ഉള്‍പ്പെടുത്തുന്നതാണ്. ഖിച്ഡി, ചോലെ-ഭാതുര, പാവ് ഭാജി, പൂരി-സബ്ജി തുടങ്ങിയ വിഭവങ്ങള്‍ വരെ ഉള്‍പ്പെടുത്തും. മാസങ്ങള്‍ക്കു മുന്‍പ് തന്നെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട സൂചനകള്‍ റെയില്‍വേ നല്‍കിയിരുന്നു. ദീര്‍ഘദൂര യാത്ര നടത്തുന്ന, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ലക്ഷ്യമിട്ടാണ് കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാനുള്ള തീരുമാനത്തിലേക്ക് റെയില്‍വേ എത്തിയത്. ഇതിനായി ഫുഡ് കമ്പനിയുമായി ഉടന്‍ കരാറില്‍ ഒപ്പുവയ്ക്കുന്നതാണ്. ആദ്യ ഘട്ടത്തില്‍, തിരഞ്ഞെടുത്ത 64 റെയില്‍വേ സ്റ്റേഷനുകളിലാണ് 20 രൂപ നിരക്കില്‍ ഉള്ള ഭക്ഷണം ലഭ്യമാക്കുക. പിന്നീട് ഘട്ടം ഘട്ടമായി മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നതാണ്. പരീക്ഷണാടിസ്ഥാനത്തില്‍ 6 മാസം വരെ റെയില്‍വേ സ്റ്റേഷനുകളില്‍ 20 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കും. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അതുകൊണ്ടുതന്നെ സ്റ്റേഷനിലെ ഭക്ഷണശാല ജനറല്‍ ബോഗിക്ക് മുന്നില്‍ മാത്രമായാണ് സജ്ജീകരിക്കുകയുള്ളൂ. അതിനാല്‍, ഭക്ഷണം വാങ്ങാന്‍ യാത്രക്കാര്‍ക്ക് പ്ലാറ്റ്ഫോമില്‍ നിന്ന് അധിക ദൂരം നടക്കേണ്ടിവരില്ല.
◾മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടര്‍ബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടര്‍ബോക്ക് തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. ബ്ലാക് ഷര്‍ട്ടും വെള്ളമുണ്ടും ആണ് വേഷം. ജോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. മാസ് ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവര്‍ത്തിക്കുന്നുണ്ട്. വിഷ്ണു ശര്‍മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഇറങ്ങിയ നാലാമത്തെ ചിത്രം കാതല്‍ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്.
◾ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന ‘ചീനട്രോഫി’ എന്ന ചിത്രത്തിലെ പുത്തന്‍ പാട്ട് പ്രേക്ഷകര്‍ക്കരികില്‍. ചിത്രത്തിന്റെ സംവിധായകനായ അനില്‍ ലാല്‍ ആണ് പാട്ടിനു വരികള്‍ കുറിച്ചത്. വര്‍ക്കി ഈണമൊരുക്കിയ ഗാനം അഷ്ഠമന്‍ പിള്ള ആലപിച്ചു. മനോരമ മ്യൂസിക് പുറത്തിറക്കിയ പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിങ്ങിയ പാട്ടുകളും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ധ്യാന്‍ ശ്രീനിവാസനെക്കൂടാതെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോ, ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രമാണ് ‘ചീനട്രോഫി’. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്‌ലിന്‍ മേരി ജോയ്, ലിജോ ഉലഹന്നാന്‍ എന്നിവര്‍ ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. പ്രശസ്ത ഷെഫ് സുരേഷ് പിള്ളയും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ചീനട്രോഫിക്കുണ്ട്. കോമഡി എന്റര്‍ടൈനറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
◾ടാറ്റാ മോട്ടോഴ്സില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ എസ്യുവിയാണ് ടാറ്റ പഞ്ച്. മാരുതി സുസുക്കി ഫ്രോങ്ക്‌സിനും ഹ്യുണ്ടായ് എക്സ്റ്ററിനും എതിരെ മൈക്രോ എസ്യുവി സെഗ്മെന്റില്‍ മത്സരിക്കുന്ന മോഡലാണിത്. ഇപ്പോഴിതാ ടാറ്റ മോട്ടോഴ്‌സ് പഞ്ചിന്റെ എല്ലാ വകഭേദങ്ങളും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സജ്ജീകരിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ട്രിപ്പ് മീറ്റര്‍, ഓഡോമീറ്റര്‍, സ്പീഡ് സമയം, മുന്നറിയിപ്പ് ലൈറ്റുകള്‍ എന്നിവയും തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അവതരിപ്പിക്കുന്ന നാല് ഇഞ്ച് ഡിജിറ്റല്‍ സ്‌ക്രീന്‍ വെളിപ്പെടുത്തി. ക്രിയേറ്റീവ് എന്നറിയപ്പെടുന്ന പഞ്ചിന്റെ മുന്‍നിര വകഭേദം വ്യതിരിക്തമായ 7.0 ഇഞ്ച് പാര്‍ട്ട്-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നിലനിര്‍ത്തുന്നു. വരും മാസങ്ങളില്‍ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുകയാണ്. ഇലക്ട്രിക് മൈക്രോ എസ്യുവിയില്‍ വലിയ 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ലോവര്‍, മിഡ് ലെവല്‍ വേരിയന്റുകള്‍ 10.25 ഇഞ്ച് യൂണിറ്റ് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ പഞ്ച് ഇവിയില്‍ ബ്രാന്‍ഡിന്റെ സിപ്‌ട്രോണ്‍ പവര്‍ട്രെയിന്‍ ലഭിക്കും. മുന്‍ ബമ്പറില്‍ ചാര്‍ജിംഗ് സോക്കറ്റ് സ്ഥാപിച്ചിരിക്കുന്നു. ടാറ്റയുടെ ജെന്‍-2 ഇവി പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് മോഡല്‍ നിര്‍മ്മിക്കുന്നത്. ആല്‍ഫ ആര്‍ക്കിടെക്ചറിന്റെ വലിയ പരിഷ്‌ക്കരിച്ച പതിപ്പാണിത്. ഇലക്ട്രിക് വേരിയന്റിന് അനുയോജ്യമായ പ്രത്യേക ഡിസൈന്‍ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നു.
◾സംഘര്‍ഷഭരിതവും ദേശാഭിമാനപൂര്‍ണ്ണവുമായ സമരചരിത്രം പ്രതിപാദിക്കുന്ന ആത്മകഥ. സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായ വി.എ. കേശവന്‍ നായര്‍ ജയില്‍വാസത്തിനിടയില്‍ രഹസ്യമായി രചിച്ച പുസ്തകം 1947-ല്‍ മാതൃഭൂമിയിലൂടെ ആദ്യമായി വായനക്കാരിലേക്കെത്തി. സ്വാതന്ത്ര്യസമരചരിത്രത്തിലെ സാഹസികമായ ഒരു കാലത്തെ രേഖപ്പെടുത്തിയ ആധികാരികഗ്രന്ഥമെന്ന നിലയില്‍ ശ്രദ്ധേയമായ കൃതി. മലബാറിന്റെ സ്വാതന്ത്ര്യസമരത്തിലെ ഒരു സുപ്രധാന കാലഘട്ടം. ‘ഇരുമ്പഴിക്കുള്ളില്‍’. വി.എ കേശവന്‍ നായര്‍. മാതൃഭൂമി. വില 246 രൂപ.
◾കാലുകളില്‍ നിരന്തരം വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, അത് ചില പ്രധാന രോഗങ്ങളുടെ ലക്ഷണമായേക്കാം. കാലുകളിലെ ചില വേദന ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കാം. ഇത് പെരിഫറല്‍ ആര്‍ട്ടറി രോഗവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പെരിഫറല്‍ ആര്‍ട്ടറി രോഗം മൂലം, കൊളസ്ട്രോളും കൊഴുപ്പും ധമനികളില്‍ അടിഞ്ഞുകൂടാന്‍ തുടങ്ങുകയും അവ ചുരുങ്ങാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇതുമൂലം കാലുകളിലും കൈകളിലും രക്തയോട്ടം ഗണ്യമായി കുറയുന്നു. പൊതുവേ, ശരീരത്തിലെ മറ്റ് അവയവങ്ങളില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ കാല് വേദന കാലക്രമേണ രൂക്ഷമാകും. കാലില്‍ ഉണ്ടാകുന്ന നേരിയ വേദന അവഗണിച്ചാല്‍, മന്ദഗതിയിലുള്ള രക്തചംക്രമണം കാരണം ഇത് മലബന്ധമായി മാറും. പേശീവലിവ്, പാദങ്ങളില്‍ ഉണങ്ങാത്ത കുമിളകള്‍, പാദങ്ങളിലെ മരവിപ്പ് എന്നിവയാണ് അതിന്റെ ലക്ഷണങ്ങള്‍. ഹൃദയപ്രശ്നങ്ങള്‍ കാരണം ഉണ്ടാകുന്ന വേദന കാലുകളുടെ താഴത്തെ ഭാഗത്തെ പേശികളിലാണ് കൂടുതലായി കാണപ്പെടുന്നത്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ തുടങ്ങുമ്പോള്‍, കാലുകളിലെ വേദനയും കുറയാന്‍ തുടങ്ങുന്നു. ഇതിനര്‍ത്ഥം വിശ്രമിക്കുന്നതിലൂടെ, കാലുകളുടെ പേശികള്‍ വേഗത്തില്‍ വീണ്ടെടുക്കുന്നു എന്നാണ്. അമിതമായി പുകവലിക്കുകയും മദ്യം കഴിക്കുകയും ചെയ്യുന്നവര്‍ക്കും കാലിലെ പേശികളില്‍ വേദന കൂടുതലാണ്. അധികം ഓടുന്നത് കാരണം കാലില്‍ വേദനയുണ്ടെങ്കില്‍ ഒരു തണുത്ത പായ്ക്ക് ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഇങ്ങനെ ചെയ്താല്‍ വേദന കുറയുമെന്ന് മാത്രമല്ല, നീര്‍വീക്കവും നീരും ഉണ്ടെങ്കില്‍ അത് മാറികിട്ടുകയും ചെയ്യുന്നു. മസിലുകളില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും അതാണ് വേദനയ്ക്ക് കാരണമെങ്കില്‍ മസാജ് ചെയ്യുന്നത് ഗുണം ചെയ്യും. മസാജ് ചെയ്യാന്‍ ഒലീവ് ഓയിലോ വെളിച്ചെണ്ണയോ ഉപയോഗിക്കാം. നിങ്ങള്‍ കിടക്കുകയോ ഉറങ്ങുകയോ ചെയ്യുമ്പോള്‍, നിങ്ങളുടെ പാദത്തിനടിയില്‍ ഒരു തലയിണ വയ്ക്കുക. ഇത് വേദന കുറയ്ക്കുന്നു.
ശുഭദിനം
അന്ന് അവള്‍ തന്റെ കൂട്ടുകാരിയെ കൂടി വീട്ടിലേക്ക് കൂട്ടി. പോകും വഴി കൂട്ടുകാരി തന്റെ അമ്മയെ കാണണമെന്ന് പറഞ്ഞ് കൈ ചൂണ്ടിയ സ്ഥലത്ത് അവളുടെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി. അതൊരു സെമിത്തേരിയായിരുന്നു. തിരിച്ചുവന്ന് വണ്ടിയില്‍ കയറിയ കൂട്ടുകാരിയോട് അവള്‍ ചോദിച്ചു : അപ്പോള്‍ നിന്നെ എന്നും സ്‌കൂളില്‍ കൊണ്ടുവരുന്നത് ആരാ? കൂട്ടുകാരി പറഞ്ഞു: അതെന്റെ രണ്ടാമത്തെ അമ്മയാണ്. അവള്‍ അത്ഭുതത്തോടെ ചോദിച്ചു: രണ്ടാമത്തെ അമ്മയെക്കുറിച്ചാണോ നീ എന്നും ഇത്ര സ്‌നേഹത്തോടെ സംസാരിക്കാറുളളത്? കൂട്ടുകാരി പുഞ്ചിരിച്ചുകൊണ്ട് തലയാട്ടികൊണ്ട് അതേ എന്ന് പറഞ്ഞു.
അതാണ് സ്‌നേഹത്തിന്റെ പ്രത്യേകത, നമ്മുടെ സ്‌നേഹം ഒരാളില്‍ നിന്ന് എടുത്ത് മറ്റൊരാള്‍ക്ക് കൊടുക്കേണ്ടതില്ല. എത്രപേരെ വേണമെങ്കിലും സ്‌നേഹിക്കാനുള്ളത്ര സ്‌നേഹം നമ്മുടെ ഉള്ളിലുണ്ട്.. സ്‌നേഹം പരന്നൊഴുകേണ്ടതാണ്. അതിനെ ചാലുപോലെ കീറി വഴിതിരിക്കരുത്. തടയണകെട്ടി തടഞ്ഞുനിര്‍ത്തുകയുമരുത്. നീര്‍ച്ചാലുകളേയും ചിറകളേയും മറികടന്ന് ജലമൊഴുകും. എനിക്ക്മാത്രം ലഭിക്കണമെന്ന പിടിവാശിയാണ് സ്‌നേഹവും സ്‌നേഹിക്കുന്നവരും നേരിടുന്ന പ്രതിസന്ധി. സ്വയം രൂപപ്പെടുത്തിയ അളവുകോലുകള്‍ക്കനുസരിച്ചാണ് ഓരോരുത്തരും സ്‌നേഹം അളക്കുന്നത്. കണക്കുപുസ്തകങ്ങളിലൂടെയും സമവാക്യങ്ങളിലൂടെയും സ്‌നേഹത്തെ നേര്‍രേഖയിലാക്കാന്‍ ശ്രമിക്കാതിരുന്നാല്‍ സ്‌നേഹം എല്ലാവര്‍ക്കും തണല്‍ ലഭിക്കുന്ന വന്‍മരമാകും, അല്ലെങ്കില്‍ ആര്‍ക്കും ഉപകരിക്കാത്ത ബോണ്‍സായിയായിമാറും … സ്‌നേഹം അത് പരന്നൊഴുകട്ടെ
ശുഭദിനം.