വാർത്താകേരളം

ലെബനൻ – ഇസ്രയേൽ അതിർത്തിയിൽ സംഘർഷം
?️ഗാസ- ഇസ്രയേൽ യുദ്ധത്തിനിടെ ലെബനൻ – ഇസ്രയേൽ അതിർത്തിയിലും സംഘർഷം രൂക്ഷം. ചൊവ്വാഴ്ച പുലർച്ചേ ലെബനൻ ഇസ്രയേലിലേക്ക് ആന്‍റി ടാങ്ക് മിസൈൽ ആക്രമണം നടത്തിയിരുന്നു. മെറ്റൂല നഗരത്തിലുണ്ടായ ആക്രമണത്തിൽ മൂന്നു പേർക്ക് ‍ പരിക്കേറ്റു. പരിക്കേറ്റത് സൈനികർക്കാണോ എന്നത് വ്യക്തമല്ല. അതോടെ അതിർത്തിയിലെ സംഘർഷം കടുത്തിരിക്കുകയാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലെബനൻ ഏറ്റെടുത്തിട്ടില്ല. തിരിച്ച് ആക്രമിച്ചതായും 4 ഭീകരർ കൊല്ലപ്പെട്ടതായും ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നുണ്ട്.

മൂന്നാം ഉച്ചകോടിയും ഇന്ത്യ ബഹിഷ്കരിക്കും
?️ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതി ഉച്ചകോടിയിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കും. ഇതോടെ തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്‍റെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡുമായി ബന്ധപ്പെട്ട 2017ലും 2019ലും നടന്ന ഉച്ചകോടികളിൽ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു. ഇന്ത്യയുടെ പരമാധികാരം മാനിക്കാതെ പാക്ക് അധിനിവേശ കാശ്മീരിലൂടെ ചൈന- പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി നിർമ്മിക്കുന്നതിനെതിരെ ഇന്ത്യ വിമർശന ഉന്നയിച്ചിരുന്നു.

കർണാടക ജെഡിഎസ് എൻഡിഎയിൽ ചേരില്ല
?️ജെഡിഎസ് എൻഡിഎയിൽ ചേരില്ലെന്ന് പാർട്ടിയുടെ കർണാടക യൂണിറ്റ് പ്രസിഡൻറ് സി.എം ഇബ്രാഹിം. ജെഡിഎസ് എൻഡിഎ സഖ്യം പ്രഖ്യാപിച്ച ദേശീയ തീരുമാനത്തെ തള്ളിയാണ് സി എം ഇബ്രഹാമിന്റെ പ്രസ്താവന.
മതേതരമായി നിലകൊള്ളുന്നതിനാൽ തന്റെ വിഭാഗമാണ് ഒറിജിനൽ എന്നും താൻ സംസ്ഥാന അധ്യക്ഷനായതിനാൽ കർണാടകയിലെ കാര്യത്തിൽ തനിക്ക് തീരുമാനം എടുക്കാൻ കഴിയുമെന്നും ഇബ്രാഹിം പറഞ്ഞു.

മമ്മൂട്ടിയുടെ പേഴ്‌സണലൈസ്ഡ് സ്റ്റാമ്പ് പുറത്തിറക്കി ഓസ്‌ട്രേലിയ
?️മെഗാ സ്റ്റാർ മമ്മൂട്ടിയ്ക്ക് ഓസ്ട്രേലിയൻ പാര്‍ലമെന്‍റ് സമിതിയുടെ ആദരവ്. മമ്മൂട്ടിയുടെ ചിത്രമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിൻ്റെ സഹകരണത്തോടെ പുറത്തിറക്കി. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്‍റിലെ ‘പാര്‍ലമെന്‍ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍. ഇതിൻ്റെ ഉദ്ഘാടനം പാര്‍ലമന്‍റ് ഹൗസ് ഹാളില്‍ നടന്നു.

സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല
?️സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷതയിൽ ജസ്റ്റിസ്മാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചെങ്കിലും മറ്റു മൂന്നു പേർ വിയോജിച്ചതോടെ ഭൂരിപക്ഷവിധി പ്രകാരം ഹർജികൾ തള്ളി.

മനീഷ് സിസോദിയയെ അനന്തമായി ജയിലിലിടാൻ കഴിയില്ല: സുപ്രീം കോടതി
?️ഡൽഹി മദ്യനയ കേസിൽ മുൻ ഉപ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ അനന്തമായി ജയിലിൽ പാർപ്പിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. കേസിൽ എന്നാണ് വിചാരണ കോടതിയിൽ വാദം തുടങ്ങുകയെന്നും കോടതി ആരാഞ്ഞു. ഒരിക്കൽ കുറ്റപത്രം സമർപ്പിച്ചാൽ വാദം ഉടൻ തന്നെ തുടങ്ങണം എന്നാണ്. എന്തുകൊണ്ടാണ് ഇതുവരെ വാദം തുടങ്ങാത്തത്. എന്നാണ് തുടങ്ങുന്നതെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് മാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭാട്ടി എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു.

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട് ഹൈക്കമാൻഡ്
?️നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി മിസോറാമിൽ എത്തിയതിനു പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഹൈക്കമാൻഡ്. 40 അംഗ നിയമസഭയിലേക്ക് നവംബർ ഏഴിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 40 സ്ഥാനാർത്ഥികളെയും ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് പ്രഖ്യാപിച്ചത്.

തമിഴ്‌നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് കോടതി അനുമതി
?️തമിഴ്നാട്ടില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകള്‍ നടത്താന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. ഒക്ടോ. 22, 29 തീയതികളില്‍ തമിഴ്നാട്ടിലുടനീളം 35 സ്ഥലങ്ങളില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകള്‍ നടത്താനാണ് മദ്രാസ് ഹൈക്കോടതി അനുമതി നൽകിയത്. പരിപാടിക്ക് അനുമതി തേടിയുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്‍ പൊതു ഉത്തരവ് പുറപ്പെടുവിച്ചത്.

ശബരിമലയിലെ ബിഎസ്എൻഎൽ ടവറിലേക്കുള്ള കേബിൾ മുറിച്ചു കടത്തി; 7 പേർ അറസ്റ്റിൽ
?️ശബരിമല ശരംകുത്തിയിൽ ബിഎസ്എൻഎൽ ടവറിലേക്കുള്ള കേബിൾ മുറിച്ചു കടത്തുകയും ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. കട്ടപ്പന പുളിയൻ മലയിൽ നിന്നും ആണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിഎസ്എൻഎല്ലിന് നാല് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.40 മീറ്റർ ഉയരമുള്ള ശരംകുത്തി ടവറിലെ ആന്‍റി മുതൽ ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്ന മുറി വരെയുള്ള 12 കേബിളുകളുമാണ് മുറിച്ചുകടത്തിയത്. പവർ പ്ലാന്‍റ് മുതൽ ബാറ്ററി വരെയുള്ള കേബിളുകളും മുറിച്ചെടുത്തു. അതിനാൽ തുലാമാസ പൂജയ്ക്കായി ഇന്ന് നട തുറക്കുമ്പോൾ ശരംകുത്തി ടവറിൽ നിന്നും സിഗ്നൽ ലഭിക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ കവറേജ് ലഭിക്കാതെ വരും എന്ന ആശങ്കയുമുണ്ട്.

അരവിന്ദാക്ഷന്‍റെ അമ്മയുടെ അക്കൗണ്ടിൽ വ്യക്തത വരുത്താൻ ഇഡി
?️കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ സിപിഎം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍റെ അമ്മയുടെ അക്കൗണ്ട് സംബന്ധിച്ച് വ്യക്തത വരുത്താന്‍ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി). ഇതിനായി പര്‍ളിക്കാട് സ്വദേശി ശ്രീജിത്തിനെ വിളിപ്പിച്ചു. അരവിന്ദാക്ഷന്‍റെ അമ്മയുടേത് എന്ന പേരില്‍ ഇഡി കോടതിയില്‍ നല്‍കിയത് ശ്രീജിത്തിന്‍റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ടായിരുന്നു എന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നത്.

പങ്കെടുക്കരുതെന്നു കെപിസിസി ജനറല്‍ സെക്രട്ടറി
?️സിപിഎമ്മുമായി ഒരു കാരണവശാലും ഏതെങ്കിലും സംയുക്ത സമരങ്ങളിലോ സമ്മേളനങ്ങളിലോ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കരുതെന്നു ടി.യു. രാധാകൃഷ്ണന്‍റെ നിർദേശം. കെപിസിസി യോഗം തീരുമാനിച്ച ഈ നിലപാടിന് കടകവിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ശക്തമായ സംഘടനാ നടപടികള്‍ സ്വീകരിക്കും. സഹകരണ മേഖലയുടെ സംരക്ഷണത്തിനും വിശ്വാസ്യത വീണ്ടെടുക്കാനും കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്.

ശബരിമല നട തുറന്നു
?️തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നട തുറന്ന് ദീപം തെളിയിച്ചു. മാളികപ്പുറം ക്ഷേത്ര നട മേൽശാന്തി വി ഹരിഹരൻ നമ്പൂതിരി തുറക്കും.

ലൈംഗിക ഉദ്ദേശ്യമില്ലാതെ പൾസ് പരിശോധിക്കുന്നത് കുറ്റകരമല്ല: ബ്രിജ് ഭൂഷൺ കോടതിയിൽ
?️വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ കോടതിയിൽ. താരങ്ങളുടെ പൾസ് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം കോടതിയിൽ വാദിച്ചു. കുറ്റകരമായ ഉപദ്രവവും ലൈംഗിക അതിക്രമവും തമ്മിൽ വ്യത്യാസമുണ്ടെന്നും ലൈംഗിക ഉദ്ദേശ്യമില്ലാതെ പൾസ് പരിശോധിക്കുന്നത് കുറ്റമല്ലെന്നും ബ്രിജ് ഭൂഷണിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

നിയന്ത്രണം വിട്ട ബസ് മതിൽ തകർത്ത് വീടിനുള്ളിലേക്ക് ഇടിച്ചു കയറി
?️അതിരമ്പുഴയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിൽ തകർത്ത് വീടിനുള്ളിലേക്ക് ഇടിച്ചു കയറി. നാൽപാത്തിമല പമ്പ് ഹൗസിന് സമീപമുള്ള വളവിലാണ് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. സ്കൂൾ കുട്ടികളടക്കം നിറയെ യാത്രക്കാരുമായി വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വീടിന്‍റെ മതിലും ഗേറ്റും ഇടിച്ച് തകർത്ത ബസ് വീടിന്‍റെ ഷെയ്ഡിൽ ഇടിച്ചാണ് നിന്നത്. വീടിന്‍റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥരും തൊഴിലാളികളും വീട്ടുമുറ്റത്തിന് സമീപം നിൽക്കുന്ന സമയത്തായിരുന്നു സംഭവം. അപകടത്തിൽ ബസ് യാത്രികർക്ക് അടക്കം ആർക്കും കാര്യമായ പരിക്കില്ല.

ഡൽഹിയിൽ 13 ഫ്ലൈറ്റുകൾ വഴി തിരിച്ചു വിട്ടു
?️പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന 13 ഫ്ലൈറ്റുകൾ വഴി തിരിച്ചു വിട്ടു. കനത്ത കാറ്റും മഴയുമാണ് വിമാന യാത്രികരെ വലച്ചത്. തിങ്കളാഴ്ച വൈകിട്ട് 7 മുതൽ 11 വരെയുള്ള സമയത്ത് ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങളാണ് ലഖ്നൗ, ജയ്പുർ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് വഴി തിരിച്ചു വിട്ടത്. വിമാനങ്ങളുടെ മറ്റു വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.

അർധ നഗ്നനായി മാനേജ്മെന്റ് യോഗത്തിൽ പങ്കെടുക്കുന്ന ചിത്രവുമായി എയർ ഏഷ്യ സിഇഒ
?️അർധ നഗ്നനായി മാനേജ്മെന്റ് യോഗത്തിൽ പങ്കെടുക്കുന്ന എക്സിക്യൂട്ടീവ് ഓഫീസർ ടോണി ഫെർനാണ്ടിനെതിരെ വ്യാപക വിമർശനം. മസാജിങ്ങിന് വിധേയനാകുന്ന സമയത്ത് തന്നെ കമ്പനിയോട് ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാനും അവസരം നൽകുന്ന ശൈലിയെ അഭിനന്ദിച്ച് ടോണി ഫെർണാണ്ടസ് തന്നെയാണ് ഈ ചിത്രം ലിങ്കിഡ് ഇനിൽ പങ്കുവെച്ചത്. ടോണിയുടെ പ്രവൃത്തി തീർത്തും അനുചിതമായെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകൾ അഭിപ്രായപ്പെട്ടു. ഒരു കോൺഫ്രൻസ് റൂമിൽ യുവതി മസാജ് ചെയ്യുന്നതിനിടെ കമ്പനിയുടെ യോഗത്തിലും പങ്കെടുക്കുന്നതാണ് ചിത്രത്തിൽ ഉള്ളത്.

ഓടിക്കൊണ്ടിരുന്ന ഓംനി വാൻ പൂർണമായും കത്തി നശിച്ചു
?️പുതുപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന ഓംനി വാൻ പൂർണമായും കത്തി നശിച്ചു. പുതുപ്പള്ളി പാറപ്പുറം ബിജു തോമസിന്റെ ഉടമസ്ഥതയിലുള്ള വാനാണ് കത്തി നശിച്ചത്. വാഹനത്തിൽ പെട്രോൾ ചോർച്ച ഉണ്ടായതിനെ തുടർന്ന് വർക് ഷോപ്പിലേക്ക് പോകും വഴിയായിരുന്നു അപകടം. വാഹനം വർക്ക് ഷോപ്പിൽ കാണിക്കാനായി പോകും വഴി പുതുപ്പള്ളി കോഴിമല ഭാഗത്ത് വച്ച് തീ പിടിക്കുകയായിരുന്നു. വാഹനത്തിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽ പെട്ട് യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.

സംസ്ഥാന സ്കൂൾ കായികമേള: ആദ്യ സ്വർണം സ്വന്തമാക്കി കണ്ണൂർ
?️സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ സ്വർണം സ്വന്തമാക്കി കണ്ണൂർ. പെൺകുട്ടികളുടെ 3000 മീറ്ററിൽ ജിവിഎച്ച്എസ്എസ് കണ്ണൂരിലെ ഗോപിക ഗോപിക്കാണ് സ്വർണം ലഭിച്ചത്. സ്കൂൾ കായികോത്സവത്തിന്‍റെ 65-മത് പതിപ്പിന് കുന്നംകുളം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ തുടക്കമായി. കായികോത്സവം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 20 വരെ നീളുന്ന മേളയിൽ ആറ് വിഭാഗങ്ങളിലായി 96 ഇനങ്ങളിൽ 2680 കൗമാര താരങ്ങൾ അണിനിരക്കും.

ബെല്‍ജിയം – സ്വീഡന്‍ യൂറോ യോഗ്യതാ മത്സരത്തിനിടെ വെടിവെപ്പ്‌; രണ്ടുപേർ മരിച്ചു
?️ബെൽജിയവും സ്വീഡനും തമ്മിലുള്ള യൂറോ 2024 യോഗ്യതാ മത്സരത്തിനിടെ സ്‌റ്റേഡിയത്തിന്‌ പുറമെ ഉണ്ടായ വെടിവയ്‌പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കിക്കോഫിന് മുമ്പ് തോക്കുധരിച്ച രണ്ട് സ്വീഡിഷ് പൗരന്മാരെ വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മത്സരം ഹാഫ് ടൈമിൽ അവസാനിപ്പിച്ചു. കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിൽ നിന്ന് മൂന്ന് മൈൽ അകലെയുള്ള ബോലെവാർഡ് ഡിപ്രെസിന് സമീപമാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. സ്വീഡൻ ജേഴ്‌സി ധരിച്ച രണ്ട് ആളുകൾ മരിച്ചെന്നാണ് ഡച്ച് പത്രമായ ഹെറ്റ് ലാറ്റ്‌സ്‌റ്റെ റിപ്പോർട്ട്‌ ചെയ്‌തത്. ആരാധകരെ ഏകദേശം രണ്ടര മണിക്കൂറോളം സ്റ്റേഡിയത്തിനുള്ളിൽ തടഞ്ഞുനിർത്തി. 35,000-ത്തിലധികം ആരാധകർ മത്സരം കാണാനെത്തിയിരുന്നു.