നെന്മാറ വിത്തനശ്ശേരി വായനശാല ബസ്സ് സ്റ്റോപ്പിൽ അജ്ഞാത വാഹനമിടിച്ച് കാട്ടുപന്നി ചത്തു. കഴിഞ്ഞദിവസം രാത്രിയാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച രാവിലെയാണ് പ്രദേശവാസികൾ വാഹനമിടിച്ച് ചത്ത കാട്ടുപന്നിയുടെ ജഡം നിരവധി വാഹനങ്ങൾ കയറി ഭാഗികമായി ചതഞ്ഞ നിലയിൽ കണ്ടത്. വനം ജീവനക്കാരെ അറിയിച്ചതിനെ തുടർന്ന് പോത്തുണ്ടി സെക്ഷൻ ഫോറസ്റ്ററുടെ നേതൃത്വത്തിൽ വനപാലകസംഘം സ്ഥലത്തെത്തി ജഡം പോസ്റ്റുമോർട്ടം നടത്തി പോത്തുണ്ടി വനമേഖലയിൽ സംസ്കരിച്ചു. നെന്മാറ വിത്തനശ്ശേരി ഭാഗത്തെ സംസ്ഥാനപാതയിൽ സ്ഥിരമായി വൈകുന്നേരം മുതൽ രാവിലെ വരെ കാട്ടുപന്നികൾ കൂട്ടത്തോടെയും ഒറ്റയായും റോഡ് മുറിച്ച് കടക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പരാതി പറഞ്ഞു.. ഇരുചക്രവാഹനക്കാർ ഉൾപ്പെടെ നിരവധി പേർ പന്നിയുടെ ആക്രമണത്തിലും പന്നിയിടിച്ചും പരുക്ക് പറ്റുകയുംചെയ്തിട്ടുണ്ട്. കുമ്പളക്കോട് പുഴയോട് ചേർന്ന് പ്രദേശങ്ങളിലും ആൾത്താമസമില്ലാതെ പറമ്പുകളിലെ കുറ്റിക്കാടുകളിലുമാണ് പകൽ പന്നികൾ തമ്പടിക്കുന്നത്. നെന്മാറ, വിത്തനശ്ശേരി, കുമ്പളക്കോട്, കണ്ണോട്, അളുവശ്ശേരി, ചാണ്ടിച്ചാല മേഖലയിലെ പാവൽ, പടവലം, പയർ തുടങ്ങിയ കാർഷിക വിളകൾക്ക് കാട്ടു പന്നി ശല്യം രൂക്ഷമാണ്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ നിയമമുണ്ടെങ്കിലും ആവശ്യത്തിന് തോക്കു ലൈസൻസുകാരെ കിട്ടാത്തത് കാട്ടുപന്നി നിർമാർജനത്തിന് തടസ്സമായി നിൽക്കുകയാണ്. മേഖലയിൽ വനംവകുപ്പിന്റെ പാനലിൽ ഉൾപ്പെട്ട ഷൂട്ടർമാരുടെ തോക്കുകൾ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് സ്റ്റേഷനുകളിൽ സറണ്ടർ ചെയ്യിപ്പിച്ചതും കാട്ടുപന്നി നിർമാർജനത്തിന് രണ്ടുമാസത്തോളമായി തടസ്സമായി നിൽക്കുകയാണ്.