ചെണ്ടുമല്ലി കൃഷിയിൽ വിജയം കൊയ്ത് സർക്കാർ ജീവനക്കാരനായ രമേഷ്.*ആലത്തൂർ: ചെണ്ടുമല്ലി കൃഷിയിൽ വിജയം കൈവരിച്ച് കുനിശ്ശേരി പാറക്കുളം അരക്കോട് സ്വദേശി രമേഷ്. നെന്മാറ പഞ്ചായത്തിലെ സീനിയർ ക്ലർക്കാണ് ഇദ്ദേഹം. പരീക്ഷണാടിസ്ഥാനത്തിലാണ് രമേഷ് ചെണ്ടുമല്ലി കൃഷി ചെയ്തത്. ഇത്തവണ 20 സെൻ്റ് സ്ഥലത്താണ് ആദ്യമായി രമേഷ് പൂക്കൃഷി ചെയ്തത്. എന്നാൽ അടുത്ത തവണ കൃഷി വിപുലമാക്കാനുള്ള ആലോചനയിലാണ്. വർഷങ്ങളായി നെൽകൃഷിയും ചെറിയ തോതിൽ പച്ചക്കറി കൃഷിയും മീൻ വളർത്തലുമെല്ലാം ചെയ്യാറുണ്ട്. ഇത്തവണ ഓണത്തിന് ആവശ്യമായ പച്ചക്കറി കൃഷിയോടൊപ്പം തന്നെ നടത്തിയ പൂക്കൃഷി പരീക്ഷണവും വിജയിച്ചതിൻ്റെ സന്തോഷത്തിലാണ് സർക്കാർ ജീവനക്കാരനായ ഈ കർഷകർ. പയർ, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറിയോടൊപ്പമാണ് ഇക്കുറി ഹൈബ്രിഡ് ഇനത്തിലുള്ള 1400 ചെണ്ടുമല്ലി തൈയും വെച്ചത്. കർണാടകയിൽ നിന്നും തികയാത്തത് വണ്ടിത്താവളത്തു നിന്നുമാണ് ഹൈബ്രിഡ് തൈകൾ എത്തിച്ചത്. ജോലിക്കു പോവുന്നതിനു മുമ്പും ജോലി കഴിഞ്ഞ് തിരികെ വന്നും അവധി ദിവസങ്ങളിലുമെല്ലാമാണ് രമേഷ് ചെണ്ടുമല്ലി കൃഷി പരിപാലിച്ചത്. സഹായത്തിന് ഭാര്യ സുജിതയും മക്കളായ ആദിദേവും സൂര്യദേവും കൂട്ടുണ്ടായിരുന്നു. വിനായക ചതുർത്ഥിക്ക് പൂവിന് ആവശ്യക്കാർ എത്തിയതിനാൽ തലേ ദിവസം വിളവെടുപ്പ് ആരംഭിക്കും. കാലാവസ്ഥ വ്യതിയാനം കാരണമുള്ള പ്രതികൂല സാഹചര്യവും അതി ജീവിച്ചാണ് പച്ചക്കറികളിലും ചെണ്ടുമല്ലിയിലും മികച്ച വിളവ് ലഭിച്ചത്.ഇതിൽ നിന്നും പ്രചോദനമുൾകൊണ്ട് അടുത്ത തവണ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കണമെന്നാണ് രമേഷിൻ്റെ ആഗ്രഹം. ജോലിയും ശമ്പളവും മാത്രമല്ല കിട്ടുന്ന സമയം കൊണ്ട് കൃഷിയും ആസ്വദിച്ച് ചെയ്യുകയാണ് ഈ സർക്കാർ ജീവനക്കാരൻ.