പച്ചക്കറികൾക്ക് തമിഴ്നാട്ടിൽ കുറഞ്ഞ വില, കേരളത്തിൽ കൈ പൊള്ളും; കാരണമിതാണ്..
തമിഴ് നാട്ടിൽ കുറഞ്ഞ വിലക്ക് കിട്ടുന്ന പച്ചക്കറിക്ക് കേരള അതിർത്തി കടക്കുമ്പോൾ കൈ പൊള്ളും. എന്തുകൊണ്ടാണ് ഈ വിലവർധന എന്ന ചോദ്യത്തിനുള്ള ഉത്തരമുണ്ട് നമ്മുടെ നാട്ടിലെ കച്ചവടക്കാർക്ക്. ഒരു കിലോ തക്കാളിക്ക് പൊള്ളാച്ചിയില്‍ 90 രൂപയാണ് വില. വലിയുള്ളിക്ക് 20 രൂപയും ചെറിയുള്ളി 50-52 രൂപ വരെ വില വരും. വെളുത്തുള്ളി 170 രൂപ, മുളക് 70 രൂപ. കൂട്ടത്തിൽ ചെറുതും നാട്ടിൽ എത്തുമ്പോൾ വിലയിൽ കേമനുമായ ഇഞ്ചിക്ക് ഇവിടെ 120 രൂപയാണ് വില. പലതും തമിഴ്നാട്ടിൽ തന്നെ കൃഷി ചെയ്യുന്നതിനാൽ വിപണിയിലേക്ക് എത്തിക്കുന്നതിന് കാര്യമായ ചിലവില്ല.
കേരളത്തിലേക്ക് വില്പനയ്ക്കായി ചരക്ക് കൊണ്ടുവരുമ്പോൾ കാര്യമായ ചിലവുണ്ട് കച്ചവടക്കാർക്ക്. യാത്രാ കൂലി മുതൽ കയറ്റിറക്ക് കൂലി വരെ ഇതിൽ ഉൾപ്പെടുന്നു. ഇതോടെ ലാഭം കിട്ടാൻ തുക വർധിപ്പിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. 50 രൂപയുള്ള ചെറിയുള്ളിയുടെ വില 80 മുതൽ 90 രൂപയിലേക്ക് ഉയരും. 170 രൂപ വിലയുള്ള വെളുത്തുള്ളിക്ക് 240 മുതൽ 300 രൂപ വരെയാണ് ഇവിടെ വില . 120 രൂപയുള്ള ഇഞ്ചി 240 രൂപയാകും. 10 രൂപയും നാല് രൂപയും മാത്രം വർധനവുള്ള തക്കാളിയും ഉളളിയും മാത്രമാണ് കുറച്ചെങ്കിലും ആശ്വാസം.
തമിഴ്നാടിനോട് ചേർന്നുള്ള പാലക്കാട് ജില്ലയിലാണ് താരതമ്യേന വില കുറവാണ്. ദൂരം കൂടും തോറും വിലയിൽ മാറ്റം വരും. അല്ലെങ്കിൽ ലാഭമെന്ന വാക്കിനെ കച്ചവടക്കാർ മറക്കേണ്ടി വരും.