ജോജി തോമസ്
കാർത്തിക ഉത്സവത്തിന്റെ ഭാഗമായി വീടുകളിൽ കാർത്തിക ദീപം തെളിയിച്ചു. വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക നക്ഷത്രവും ഒന്നിച്ചു വരുന്നദിവസമാണ് കേരളത്തില്‍ തൃക്കാര്‍ത്തികയായി ആഘോഷിക്കുന്നത്. തമിഴ്നാട്ടിലാണിതു പ്രധാനമെങ്കിലും കേരളത്തിലെ തമിഴ്നാടിനോട് ചേർന്ന് മേഖലകളിലെ വീടുകളിലും സന്ധ്യയ്ക്ക് നിരയായി മണ്ചെരാതുകളിൽ കാർത്തികവിളക്ക് തെളിയിച്ച് ആഘോഷിക്കുന്നു. തമിഴ്നാട്ടില്‍ ഇതിനെ ഭരണിദീപം എന്നും വിഷ്ണുദീപം എന്നും അറിയപ്പെടുന്നു. സുബ്രഹ്മണ്യന്റെ ജന്മദിവസമായും കാര്‍ത്തിക തമിഴ്നാട്ടില്‍ ആഘോഷിക്കുന്നു. കേരളത്തില്‍ ലക്ഷ്മിദേവിയുടെ പ്രീതിക്കായി ആണ് തൃക്കാര്‍ത്തിക ആഘോഷിക്കുന്നത്. കാർഷിക മേഖലയിൽ കാർത്തികവിളക്ക് കീടം നിയന്ത്രിക്കുമെന്നാണ് വിശ്വാസം.
രണ്ടാം വിള നെല്‍ക്കൃഷിയുടെ സമയത്താണ് കാർത്തികവിളക്ക് ആഘോഷിക്കുന്നത്. നെല്ലിലെ തണ്ടുതുരപ്പനും ഇല ചുരുട്ടിയും തുടങ്ങി നിശാശലഭങ്ങൾ രാത്രികാലങ്ങളില്‍ ചെടികളില്‍ മുട്ടയിട്ട് പോവുകയും അത് വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ ചെടികളെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ സമയത്ത് കേരളത്തില്‍ എല്ലായിടത്തും ഒരേ സമയത്ത് ‘വിളക്ക് കെണി’ വയ്ക്കുന്ന ഒരു ആചാരമായി ഇതിനെ കണക്കാക്കുന്നു. ഒരു ദിവസം നിശ്ചിത സമയത്ത് ദശലക്ഷക്കണക്കിന് ദീപങ്ങള്‍ പുരയിടങ്ങളിലും നെൽ പാടത്തുമടക്കം കത്തിച്ചു വയ്ക്കുമ്പോള്‍ അസംഖ്യം ശത്രുകീടങ്ങള്‍ ഒരു തരി വിഷം തീണ്ടാതെ നിയന്ത്രിക്കപ്പെടുന്ന മനോഹരമായ ആചാരമായും കർഷകർ വിശേഷിപ്പിക്കുന്നു. ഇന്ന് ഗവേഷകര്‍ കൃഷിയിടങ്ങളിൽ വയ്ക്കുന്ന വിളക്ക് കെണികളുടെ ആദിമരൂപമാണ് കാർത്തിക ദീപം എന്നും കർഷകർ പറയുന്നു.