മംഗലാപുരം ബൽത്താങ്ങാടിക്ക് സമീപം പടക്ക നിർമ്മാണശാലയിൽ ഉണ്ടായ വെടിക്കെട്ട് നിർമ്മാണശാലയിലെ സ്ഫോടനത്തിൽ മരിച്ച കയറാടി കരിങ്കുളം സ്വദേശി നാരായണന് (കുഞ്ഞൻ – 58) കണ്ണീരിൽ കുതിർന്ന വിട ചൊല്ലൽ. കഴിഞ്ഞദിവസം പുലർച്ചയോടെ എത്തിയ മൃതദേഹം നാട്ടുകാരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. പോസ്റ്റ്മോർട്ടം കഴിഞ്ഞതും സ്ഫോടനത്തിൽ ചിന്നഭിന്നമായ മൃതശരീരം ഒരു നോക്കു കാണാൻ പ്രദേശവാസികളുടെ വൻ തിരക്കായിരുന്നു. വീട്ടിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിനു ശേഷം നെന്മാറ വക്കാവ് വാതക സ്മശാനത്തിൽ സംസ്കരിച്ചു. കയറാടി കരിങ്കുളത്തുള്ള വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവർ എത്തിച്ചേർന്നു. കഠിനാധ്വാനിയായ നാരായണൻ കുടുംബം പുലർത്തുന്നതിനായാണ് വിശ്രമമില്ലാതെ എന്തു ജോലിയും ചെയ്യാൻ തയ്യാറായാണ് പടക്ക നിർമ്മാണശാലയിലും ജോലി ചെയ്യാൻ പോയത്. അവിചാരിതമായ നാരായണന്റെ വിയോഗം നിർധന കുടുംബത്തിന് വലിയ ആഘാതമായി. നാരായണന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ സമാശ്വാസമായി നഷ്ടപരിഹാരം നൽകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.