വടക്കഞ്ചേരി-കൊല്ലങ്കോട് മലയോര ഹൈവേ അതിർത്തി നിർണയം തുടങ്ങി

ബെന്നി വർഗിസ്

വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം പാതയെ മലയോര ഹൈവേയാക്കി ഉയർത്തി വികസിപ്പിക്കുന്നതിനായി അതിർത്തി നിർണയ നടപടികൾ തുടങ്ങി. പദ്ധതിയുടെ മൂന്നാംഘട്ടമായി നടപ്പാക്കുന്ന നെന്മാറ അയിനംപാടം മുതൽ മംഗലംപാലം വരെയുള്ള ഇടുങ്ങിയ ഭാഗങ്ങളിൽ സ്ഥലം നിർണയിക്കുന്നതിന് സർവേയറെ നിയമിക്കണമെന്നാവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) എക്സി. എൻജിനിയർ കളക്ടർക്ക് കത്ത് നൽകിയത്. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 99 കോടി രൂപ ചെലവിലാണ് പാതയെ മലയോര ഹൈവേയാക്കി ഉയർത്തുന്നത്. ഇതിന്റെ ഭാഗമായി ഏഴുമീറ്റർ പാതയും നടപ്പാത, വെള്ളച്ചാൽ എന്നിവയുൾപ്പെടെ 12 മീറ്ററിലാണ് പാത നവീകരിക്കുക. അയിനംപാടം മുതൽ മംഗലംപാലം വരെയുള്ള നെന്മാറ, മേലാർകോട്, വണ്ടാഴി, വടക്കഞ്ചേരി വില്ലേജുകളിലെ ഇടുങ്ങിയ ഭാഗങ്ങളിലെ തടസ്സം നീക്കി പാതയുടെ അതിർത്തി പുനഃക്രമീകരിക്കുന്നതിനായി സർവേയറുടെ സേവനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കെ.ആർ.എഫ്.ബി. മലപ്പുറം എക്സി. എൻജിനിയർ കളക്ടർക്ക് കത്ത് നൽകിയത്. അതിർത്തി നിർണയിക്കുന്ന സ്ഥലങ്ങൾ.

നെന്മാറ വില്ലേജിലെ അയിനംപാടം, വനം ഡിവിഷൻ ഓഫീസ് എന്നിവിടങ്ങളിലും മേലാർകോട് വില്ലേജിലെ ഗോമതി എസ്റ്റേറ്റിനുസമീപം, ഗോമതി, കടമ്പിടി ബിവറേജിനു സമീപം, കടമ്പിടി മാവേലിസ്റ്റോർ, കടമ്പിടി വളവ്, കടമ്പിടി മുസ്‌ലിംപള്ളിക്കുസമീപം, നീലിച്ചിറ, ചിറ്റിലഞ്ചേരി കവല, ചിറ്റിലഞ്ചേരി മുസ്‌ലിംപള്ളി, വെറ്ററിനറി ആശുപത്രി, കാത്താംപൊറ്റ, കല്ലത്താണി, മേലാർകോട് ഗ്രാമപ്പഞ്ചായത്ത് അതിർത്തിയിലെ കലുങ്ക്, വണ്ടാഴി വില്ലേജിലെ പന്തപ്പറമ്പ്, ആൽത്തറ, ചക്കാന്തറ, മുടപ്പല്ലൂർ എന്നിവിടങ്ങളിലെ 32 ഭാഗങ്ങളിലാണ് അതിർത്തി നിർണയിക്കുന്നത്. 20 മീറ്റർമുതൽ 180 മീറ്റർ ദൂരംവരെ നേർദിശ വരുന്ന രീതിയിലാണ് അതിർത്തി നിർണയിക്കുക.