വടക്കഞ്ചേരി ടൗണിലെ ബസ് കാത്തിരിപ്പു കേന്ദ്രം കയ്യേറിയും കച്ചവടം : ചെറുപുഷ്പം സ്റ്റോപ്പിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ഇ-ടോയ്‌ലെറ്റും പ്രവത്തനരഹിതം.vdy

വടക്കഞ്ചേരി : ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രം കയ്യേറി കച്ചവടം. വടക്കഞ്ചേരി മന്ദം ജംക്‌ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്‍പിലാണ് ഉന്തുവണ്ടികളിൽ കച്ചവടം. ഇവരുടെ സാധനങ്ങൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിലും സൂക്ഷിക്കുന്നതിനാല്‍ യാത്രക്കാർക്ക് ഇവിടേക്ക് പ്രവേശിക്കാനും കഴിയുന്നില്ല. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് യാത്രക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്.

വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ വെയിലും മഴയും കൊണ്ട് മന്ദത്തിന് സമീപം നിൽക്കുമ്പോഴും ആരും കണ്ടഭാവം നടിക്കുന്നില്ല. ഇവിടെയുള്ള നടപ്പാതയും കയ്യേറി കച്ചവടം നടക്കുമ്പോള്‍ യാത്രക്കാര്‍ നടപ്പാതയില്‍ നിന്നിറങ്ങി റോഡിലൂടെ വേണം സഞ്ചരിക്കാന്‍. വടക്ക‍ഞ്ചേരി ചെറുപുഷ്പം സ്റ്റോപ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രവും ഇ-ടോയ്‌‌ലറ്റും നിർമിച്ചെങ്കിലും ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ഇ-ടോയ്‌ലെറ്റ് പ്രവർത്തനരഹിതമായി. സ്ത്രീകളും പെൺകുട്ടികളും അടക്കമുള്ള യാത്രക്കാർ ഇവിടെയെത്തി മടങ്ങുകയാണ്.

വ്യാപാരികളും യാത്രക്കാരും പലതവണ പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയില്ല. 30 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ അതിന് മുകളില്‍ വീണ്ടും ലക്ഷങ്ങള്‍ ചെലവിട്ട് ഷീറ്റ് മേഞ്ഞു. എന്നിട്ടും തകരാറിലായ ഇ-ടോയ്‌ലറ്റ് ഉപയോഗയോഗ്യമാക്കുന്നതിനെക്കുറിച്ചു ബന്ധപ്പെട്ടവര്‍ക്ക് മിണ്ടാട്ടമില്ല.