ബെന്നി വർഗിസ്
വടക്കഞ്ചേരി: വാടക കെട്ടിടത്തിൽ കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും സ്വന്തം സ്ഥലവും കെട്ടിടവും എന്ന വടക്കഞ്ചേരി ഫയർസ്റ്റേഷന്‍റെ സ്വപ്ന സാക്ഷാത്കാരത്തിന് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഓടുമേഞ്ഞ പഴയ തീപ്പെട്ടി കമ്പനിയിലാണ് ഇപ്പോഴും വടക്കഞ്ചേരി ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്നത്.
കെഎസ്ആർടിസി സബ്ഡിപ്പോ കോമ്പൗണ്ടിൽ നിന്നും 40 സെന്‍റ് സ്ഥലം ഫയർസ്റ്റേഷനായി വിട്ടു നല്കുന്ന നടപടികൾ അന്തിമഘട്ടത്തിലെത്തിയെങ്കിലും സ്ഥലം വിട്ടു തരാനാകില്ലെന്നും വികസനത്തിന് സ്ഥലം ആവശ്യമായി വരുമെന്ന് പറഞ്ഞ് കെഎസ്ആർടിസി അധികൃതർ ചുവടുമാറി.
40 സെന്‍റ് സ്ഥലം കെഎസ്ആർടിസി വിട്ടു കൊടുക്കുമ്പോൾ അവിടേക്കുള്ള വഴി കെഎസ്ഇബി കോമ്പൗണ്ടിലൂടെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കെഎസ്ആർടിസി അധികൃതരുടെ മനംമാറ്റം വകുപ്പുകളുടെ പേപ്പർ വർക്കുകളെല്ലാം വെറുതെയാക്കി.
1995 ഓഗസ്റ്റ് അഞ്ചിനാണ് അഞ്ചുമൂർത്തിമംഗലത്ത് ഗാന്ധി സ്മാരക സ്കൂളിനു സമീപം പഴയ തീപ്പെട്ടി കമ്പനിയിൽ വടക്കഞ്ചേരി ഫയർസ്റ്റേഷൻ ആരംഭിച്ചത്.
രണ്ട് വർഷത്തിനുള്ളിൽ സ്വന്തം സ്ഥലം കണ്ടെത്തി കെട്ടിടം നിർമിച്ച ഫയർസ്റ്റേഷൻ മാറ്റുമെന്ന ഉറപ്പിലായിരുന്നു തീപ്പെട്ടി കമ്പനിയിലെ ഫയർസ്റ്റേഷന്‍റെ തുടക്കം.
കാറ്റും മഴയും ഒന്നിച്ചുവരുമ്പോൾ ജീവനക്കാർക്ക് ആധിയാണ്. കെട്ടിടത്തിന്‍റെ ചോർച്ചമൂലം എല്ലാവർക്കും നനയാതെ കെട്ടിടത്തിൽ കഴിയാനും ബുദ്ധിമുട്ടുണ്ട്. മഴക്കാലങ്ങളിൽ കെട്ടിടത്തിന്‍റെ ഏതെങ്കിലും ഉറപ്പുള്ള ഭാഗത്താണ് ഇവർ കഴിച്ചു കൂട്ടുന്നത്.
വ്യവസായ പാർക്കിനായി കണ്ണമ്പ്രയിൽ ഏറ്റെടുത്തിട്ടുള്ള സ്ഥലത്ത് ഫയർസ്റ്റേഷനും സ്ഥലം കിട്ടുമെന്ന പ്രതീക്ഷയാണ് ഇനിയുള്ളത് മേരിഗിരിയിൽ കല്ലിങ്കൽപ്പാടം റോഡിന്‍റെ തുടക്കത്തിൽ തന്നെ ഫയർഫോഴ്‌സിന് സ്ഥലം കൈമാറാനാണ് ധാരണ. അതും അവസാന നിമിഷത്തിൽ കൈവിട്ടാൽ പിന്നെ വടക്കഞ്ചേരിക്ക് ഫയർസ്റ്റേഷൻ നഷ്ടമാകും.