
ഇന്ന് യുവസമൂഹത്തിൽ നിന്ന് വായനാശീലം കുറഞ്ഞു വരുന്നുവെന്നും, കലാമൂല്യമുള്ള വായനകൾ കുറഞ്ഞു വരുന്നതായും മുൻ കേരളാ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസൺ അഭിപ്രായപ്പെട്ടു. ഐഎഎസ് എന്ന കൊടുമുടി കയറാൻ വായനയെന്ന ചവിട്ടുപടി കയറിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. അഭ്യുദയ പോലുള്ള ക്യാമ്പുകളിലൂടെ വളർന്നു വരുന്ന തലമുറകൾ സമൂഹത്തിൻ്റെ തിന്മകൾക്കെതിരെയുള്ള പടവാളാവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നെന്മാറ കേന്ദ്രമായി പ്രവർത്തിക്കുന്ന യുവജന സംഘടനയായ സെൻ്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിൻ്റെയും, ഭാവിക ഫൗണ്ടേഷൻ്റെയും, നെഹ്റു യുവ കേന്ദ്രയുടേയും നേതൃത്വത്തിൽ വിത്തനശ്ശേരിയിൽ വച്ച് നടന്ന അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന “അഭ്യുദയ” നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സെൻ്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗ് ഡയറക്ടർ അശോക് നെന്മാറ അധ്യക്ഷനായി. നെന്മാറ പ്രസ്സ് ക്ലബ്ബ് യൂണിയൻ സെക്രട്ടറി മോഹനൻ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ജയ, ഷൈനു, ആർ. സജിത്, കെ. അദ്വൈത്, ഹരി കിള്ളിക്കാവിൽ , വിനീത വിനോദ്, അമൃത സുരേഷ് എന്നിവർ സംസാരിച്ചു.
