വാർത്താ പ്രഭാതം


[15.10.2023]
പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ആധികാരിക ജയം
?ഏകദിന ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെ അനായാസമായി അടിച്ചു തകർത്ത് ഇന്ത്യ. പാക്കിസ്ഥാൻ ഉയർത്തിയ 192 റൺസ് വിജയ ലക്ഷ്യം വെറും 30.3 ഓവറിലാണ് ഇന്ത്യ മറികടന്നത്. നഷ്ടമായത് 3 വിക്കറ്റ് മാത്രം. പനി ഭേദമായി ടീമിലെത്തിയ ശുഭ്മാൻ ഗിൽ തന്നെ രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പണറായെത്തി. 86 റൺസ് നേടിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 63 പന്തിൽ ആറ് ഫോറും ആറ് സിക്സും ഉൾപ്പെട്ട വെടിക്കെട്ട് ഇന്നിങ്സ്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 280-300 റൺസ് സ്കോർ ചെയ്യാനുള്ള അടിത്തറയിൽനിന്നാണ് നാടകീയമായി തകർന്നത്. 155 റൺസെടുക്കുന്നതിനിടെ രണ്ടു വിക്കറ്റ് മാത്രം നഷ്ടമായിരുന്ന ടീമിന് അടുത്ത എട്ട് വിക്കറ്റുകൾ 36 റൺസിനിടെ നിലം പതിച്ചു. 42.5 ഓവറിൽ ഓൾ ഔട്ട് ആകുമ്പോൾ 191 റൺസാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയിരുന്നത്.

ഇസ്രയേൽ-ഹമാസ് യുദ്ധം: അസാധാരണ അടിയന്തരയോഗം വിളിച്ച് ഇസ്ലാമിക രാഷ്ട്രങ്ങൾ
?ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടെ അസാധാരണ അടിയന്തരയോഗം വിളിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി. സൗദി അറേബ്യയിലെ ജിദ്ദയിൽ ബുധനാഴ്ചയാണ് യോഗം. ഇസ്രയേലിന്റെ സൈനിക നീക്കത്തിലൂടെ ഗാസയിലെ സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം യോഗത്തിൽ ചർച്ചയാകും. സൗദിയുടെ ക്ഷണപ്രകാരമാണ് അറബ് രാജ്യങ്ങൾ അടിയന്തരയോഗം ചേരുന്നത്. യു എൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളുടെ മുന്നറിയിപ്പ് ഇസ്രയേൽ അവഗണിക്കുകയാണെന്ന് സൗദി ആരോപിച്ചു. ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകളിൽ നിന്ന് സൗദി അറേബ്യ പിന്മാറിയതിന് പിന്നാലെയാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഗാസയിൽ 24 മണിക്കൂറിനിടെ മരിച്ചത് 344 പേർ
?ഹമാസിനെതിരായ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നതിനിടെ ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 344 പേർ കൊല്ലപ്പെട്ടതായി ഹമാസ്. 126 കുട്ടികളും 88 വനിതകളും ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. 1018 പേർക്ക് പരിക്കേറ്റതായും ഹമാസ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ ഗാസ സിറ്റി വിടണമെന്ന് പാലസ്തീൻ ജനതയോട് ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് നിരവധി ആളുകളാണ് ഗാസയിൽ നിന്നും പലായനം ചെയ്യുന്നത്. ഇതിനിടെ ഹമാസിനെ മുതിർന്ന സൈനിക കമാൻഡർ മുറാദ് അബു മുറാദിനെ കൊലപ്പെടുത്തിയെന്ന വാദവുമായി ഇസ്രയേൽ രംഗത്തെത്തി. ഹമാസിന്റെ വ്യോമാക്രമണങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത് മുറാദ് ആയിരുന്നു. എന്നാൽ അബു മുറാദിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.

ഇസ്രയേലിൽ നിന്നും രണ്ടാം വിമാനവുമെത്തി
?ഓപ്പറേഷൻ അജയ് ദൗത്യത്തിലൂടെ 235 ഇന്ത്യക്കാർ കൂടി ഇസ്രയേലിൽ നിന്നും തിരിച്ചെത്തി. ഹമാസ്- ഇസ്രയേൽ യുദ്ധം കടുത്തതിനു പിന്നാലെയാണ് ഇസ്രയേലിൽനിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ അജയ് ദൗത്യം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച 211 ഇന്ത്യക്കാർ തിരിച്ചെത്തിയിരുന്നു. ഏകദേശം 18,000 ത്തോളം ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളത്.

കണ്ണൂരിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ച് 2 പേര്‍ വെന്തുമരിച്ചു
?ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളായ 2 പേരാണ് വെന്തു മരിച്ചത്. പാലോട് സ്വദേശികളായ അഭിലാഷ്, സജീഷ് എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ സിഎൻജി സിലിണ്ടറിന് ചോർച്ചയുണ്ടായെന്നും ഇതിൽ നിന്നും തീ പിടിച്ചാണ് അപകടമുണ്ടായതെന്നുമാണ് പ്രാഥമിക നിഗമനം. കൂത്തുപറമ്പ് ആറാം മൈലിലാണ് രാത്രി 9 മണിയോടെ ദാരുണമായ സംഭവം ഉണ്ടായത്.

പശ്ചിമ ബംഗാളിലും സിക്കിമിലും 50 ഇടങ്ങളിൽ സിബിഐ റെയ്ഡ്
?വ്യാജ പാസ്പോർട്ടുമായി ബന്ധപ്പെട്ട റാക്കറ്റിനായി പശ്ചിമ ബംഗാളിലും സിക്കിമിലും സിബിഐ റെയ്ഡ്. ഇരു സംസ്ഥാനങ്ങളിലുമായി 50 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പാസ്പോർട്ട് റാക്കറ്റിനെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെതുടർന്നാണ് പരിശോധന. സംഭവത്തിൽ 24 പേർക്കെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ സർക്കാർ ഉദ്യോഗസ്ഥരും അടങ്ങുന്നതായാണ് വിവരം. വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ പാസ്പോർട്ട് അനുവദിച്ചതിനാണ് കേസ്.

ആഗോള പട്ടിണി സൂചികയില്‍ 111-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ
?ആഗോള പട്ടിണി സൂചികയില്‍ കൂപ്പുകുത്തി ഇന്ത്യ. 2023ലെ ആഗോള പട്ടിണി സൂചികയിൽ (global hunger index 2023) 125 രാജ്യങ്ങളില്‍ ഇന്ത്യ 111-ാം സ്ഥാനത്താണെന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലാണ് ഇന്ത്യ. കഴിഞ്ഞ വർഷം 107-ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. ഇന്ത്യയിൽ പട്ടിണിയുടെ തോത് ഗുരുതരമാണെന്നാണ് വിലയിരുത്തൽ. അയർലൻഡ്, ജർമ്മനിയിൽ എന്നിവിടങ്ങളിലെ സർക്കാരിതര സംഘടനകളായ കൺസസേൺ വേൾഡ് വൈഡും (concern worldwide ) വെൽറ്റ് ഹംഗർ ഹിൽഫെ (Welthungerhilfe (WHH)) ആണ് റിപ്പോർട്ട് പുറത്തിറക്കിയത്. പാകിസ്താൻ (102), ബംഗ്ലദേശ് (81), നേപ്പാള്‍ (69), ശ്രീലങ്ക (60) എന്നിങ്ങനെയാണ് പട്ടികയിലെ സ്ഥാനം.

‘വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടിക്ക്’: വിഡി സതീശന്‍
?മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുഡിഎഫ് സര്‍ക്കാരിന്‍റെയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്‍റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തുമെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായി എത്ര തുള്ളിയാലും വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടിക്കാണ്. നെടുമ്പാശേരി വിമാനത്താവളവും പരിയാരം സഹകരണ മെഡിക്കല്‍ കോളജും യാഥാര്‍ഥ്യമാക്കിയ ലീഡര്‍ കെ. കരുണാകരന്‍റെ നിശ്ചയദാര്‍ഢ്യത്തിന്‍റെ തനി പകര്‍പ്പാണ് വിഴിഞ്ഞം യാഥാര്‍ഥ്യമാക്കിയ ഉമ്മന്‍ചാണ്ടിക്കെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

പിഎഫ്ഐയുടെ സ്വാധീനം ബീഹാറിലും വർധിക്കുന്നു; ഗിരിരാജ് സിങ്
?നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് ബീഹാറിൽ സ്വാധീനം വർധിക്കുന്നതായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബീഹാർ ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ടാണ് ഗിരിരാജ് സിങ് പരാതിപ്പെട്ടത്. കിഷൻഗഞ്ചിൽ വെള്ളിയാഴ്ച പലസ്തീൻ അനുകൂല മാർച്ചിന് സംസ്ഥാന സർക്കാർ അനുമതി നൽകിയതിലുള്ള വിയോജിപ്പും അദ്ദേഹം അറിയിച്ചു. മാത്രമല്ല നവരാത്രികാലത്ത് സർക്കാർ സ്കൂൾ അധ്യാപക പരിശീലന പദ്ധതി ഏർപ്പെടുത്തിയതിലും നീരസം രേഖപ്പെടുത്തി. മുസ്ലിങ്ങളുടെ ആഘോഷങ്ങൾക്ക് അവധി നൽകുന്ന ബീഹാർ സർക്കാർ ഹിന്ദു ഉത്സവങ്ങൾക്ക് അവധി നിഷേധിക്കുന്നു. ഹിന്ദു മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനാണ് നിതീഷ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാലു പതിറ്റാണ്ടിനു ശേഷം ഇന്ത്യ-ലങ്ക ഫെറി സർവീസ് വീണ്ടും
?1982നു ശേഷം ഇതാദ്യമായി ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ ഫെറി സർവീസ് ആരംഭിച്ചു. “ചെറിയപാണി’ എന്നു പേരിട്ട ഫെറിയുടെ ആദ്യ യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയും ചേർന്ന് ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. തമിഴ്‌നാട്ടിലെ നാഗപട്ടണം തുറമുഖത്തിനും ശ്രീലങ്കയിലെ ജാഫ്‌ന കാങ്കേശൻതുറൈയ്ക്കും ഇടയിലാണ് ഈ ഫെറി സഞ്ചരിക്കുക. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ദിവസേന നടത്തുന്ന ഈ 60 നോട്ടിക്കൽ മൈൽ (110 കിലോമീറ്റർ) സർവീസിന് ഒരു വശത്തേക്ക് ഏകദേശം മൂന്നര മണിക്കൂറാണ് യാത്രാസമയം. ഒരാൾക്ക് 6,500 രൂപയും 18 ശതമാനം ജിഎസ്ടിയും അടക്കം 7,670 രൂപയാണു ടിക്കറ്റ് നിരക്ക്. ഉദ്ഘാടന ദിനമായ ഇന്നലെ 2,800 രൂപ മാത്രമേ ഈടാക്കിയുള്ളൂ. രാവിലെ 8.15ന് 50 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമായാണ് ആദ്യ യാത്ര പോയത്.

സംസ്ഥാനത്ത് പാചക വാതക വിതരണം മുടങ്ങും
?നവംബർ 5 മുതൽ എൽപിജി ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. വേതന വർധന ഉൾപ്പടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സംസ്ഥാനത്തെ 7 പ്ലാന്‍റുകളിലാണ് പണിമുടക്ക് നടത്തുന്നത്. ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കുന്നതോടെ സംസ്ഥാനത്ത് പാചക വാതക വിതരണം സ്തംഭിച്ചേക്കാം. ഡിസംബറില്‍ വേതന കരാറിന്റെ കാലാവധി കഴിഞ്ഞിരുന്നു. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരിഹാരമായില്ല.

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ടത്തിന് പരിസ്ഥിതി പഠനം തുടങ്ങി
?വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള പരിസ്ഥിതി ആഘാത പഠനം തുടങ്ങി. പഠന വിധേയമാക്കേണ്ട വിഷയത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചതോടെ എൽ ആൻഡ് ടി കമ്പനി അദാനി പോർട്സിനു വേണ്ടി പഠനം ആരംഭിച്ചു. സാധാരണ നിലയ്ക്കു മൂന്നു സീസണിലെ പഠനം ആവശ്യമാണെങ്കിലും കഴിഞ്ഞ 10 വർഷമായി പഠനവും ഡേറ്റാ വിശകലനവും നടക്കുന്നുവെന്നത് കണക്കിലെടുത്ത് ‘മൾട്ടി സീസൺ’ പഠനം നിർബന്ധമാകില്ല. ഇതുവഴി ആറുമാസത്തെ സമയം ലാഭിക്കാനാകും. ഒരുവർഷത്തിനകം പഠന റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിക്കും.

ഇന്ത്യയിലെ ആദ്യത്തെ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം കൊല്ലത്ത്
?ആഴക്കടലിന്‍റെ അടിത്തട്ടില്‍ വിരാജിക്കുന്ന കൊമ്പന്മാര്‍ ആശ്രാമം മൈതാനത്ത് എത്തുന്നു. ലക്ഷകണക്കിന് ലിറ്റര്‍ വെള്ളത്തില്‍ തീര്‍ത്ത സാഗരക്കാഴ്ചകള്‍ കണ്ട് കടലിന്‍റെ അടിത്തട്ടിലൂടെ നടക്കുമ്പോള്‍ തലയ്ക്ക് മുകളില്‍ വലിയ മത്സ്യങ്ങള്‍. മറൈന്‍ വേള്‍ഡ് ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം കൊല്ലത്തിന് വ്യത്യസ്തമായ വിസ്മയ കാഴ്ച ഒരുക്കും.20ന് വൈകിട്ട് 5 മണിക്ക് നടി ഭാവന പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ആഴക്കടലിലെ ചെകുത്താന്‍ ആംഗ്ലൈര്‍ ഫിഷ് നെറ്റിയില്‍ ടോര്‍ച്ചുമായി നിങ്ങളെ വിഴുങ്ങാന്‍ ആശ്രാമം മൈതാനത്ത് പ്രവേശന കവാടത്തില്‍ ഉണ്ടാകും. അണ്ടര്‍ വാട്ടര്‍ ടണലിലേക്ക് പ്രവേശിച്ചാല്‍ കടലിന് അടിയിലൂടെയുള്ള നടത്തം നവ്യാനുഭവമായി മാറും.

പത്തനംതിട്ട കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം
?പത്തനംതിട്ട കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഎം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ ആറന്മുള മുന്‍ എംഎല്‍എ കെ.സി. രാജഗോപാലിന് പൊലീസ് മർദനമേറ്റു. ഇദ്ദേഹത്തിന്‍റെ കാലിനുള്‍പ്പെടെ പരുക്കേറ്റെന്നാണ് വിവരം. വോട്ടിംഗ് കേന്ദ്രമായ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിന് പുറത്താണ് സംഭവം നടന്നത്.

‘ജാതി സെൻസസിന് എതിരല്ല, പിന്നാക്കക്കാരന് പ്രയോജനം വേണം’: വെള്ളാപ്പള്ളി
?ജാതി സെൻസസ് നടപ്പാക്കണമെന്ന ഇന്ത്യ മുന്നണിയുടെ ആവശ്യത്തെ ചോദ്യം ചെയ്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജാതി സെൻസസിന് എസ്എൻഡിപി എതിരല്ല, എന്നാൽ ജാതി സെൻസസ് എടുത്ത് പെട്ടിയിൽ പൂട്ടിവയ്ക്കുന്നതിനോട് യോജിപ്പില്ലെന്നും അതിന്‍റെ ഗുണം സാധാരണക്കാരന് കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.

ലത്തീൻ സഭയുടെ ചാമ്പ്യൻപട്ടം ഏറ്റെടുക്കാൻ സഭ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: ആന്റണി രാജു
?ആഗോള കത്തോലിക്ക സഭയായ ലത്തീൻ സഭയുടെ ചാമ്പ്യൻപട്ടം ഏറ്റെടുക്കാൻ സഭ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. സഭ ഞാനാണ് ഐ ആം ദി കിംഗ് എന്ന് സ്വയം പ്രഖ്യാപിച്ചാൽ അങ്ങനെ ആകുമോ എന്നും അദ്ദേഹം ചോദിച്ചു. ഫാദർ യൂജിൻ പെരേരക്കെതിരെയായിരുന്നു മന്ത്രിയുടെ വിമർശനം. രാജ്യവും കേരളവും അംഗീകരിച്ച പദ്ധതിയെ എന്തിന്റെ പേരിലാണ് വിമർശിക്കുന്നത് എന്ന് വിമർശകർക്ക് പോലും മറുപടി പറയാൻ കഴിയുന്നില്ല. വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കേണ്ടവരെ എല്ലാം ക്ഷണിക്കും. അവരാണ് പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. അല്ലാതെ പേരില്ലാത്തവരല്ല കാര്യങ്ങൾ നിശ്ചയിക്കേണ്ടതെന്നും മന്ത്രി പരിഹസിച്ചു.

പെട്രോളൊഴിച്ച് തീ കൊളുത്തി അത്യാസന്ന നിലയിലായിരുന്ന യുവാവ് മരണപ്പെട്ടു
?വിവാഹം നടക്കാത്തതിലുള്ള വിഷമത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി അത്യാസന്ന നിലയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഈ മാസം 10ന് അടിമാലി സെൻട്രൽ ജങ്ഷനിൽ വച്ച് പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തിയ പണിക്കൻകുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ് മരിച്ചത്.

കെഎസ്എഫ്ഇക്കെതിരെ ചെയ്ത പരാമർശം തിരുത്തി ബാലൻ
?കെഎസ്എഫ്ഇയിൽ ഗുരുതര ക്രമക്കേട് നടക്കുന്നെന്ന പരാമർശം തിരുത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. കോഴിക്കോട് കെഎസ്എഫ്ഇ ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിലാണ് എ.കെ. ബാലന്‍റെ വിമർശനം. കെഎസ്ഇബിയുടെ പൊള്ളച്ചിട്ടികളിലടക്കം വൻ‌ തിരിമറിയാണ് നടക്കുന്നതെന്ന പരാമർശം പിന്നീട് അദ്ദേഹം തിരുത്തി.

തീവണ്ടിയിൽ നിന്നും വീണു മരിച്ചു
?മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ ഇല്ലിമൂട്ടിൽ ജോസഫ് (71) തീവണ്ടിയിൽ നിന്നും വീണു മരിച്ചു. കോട്ടയം നിലമ്പൂർ പാസഞ്ചറിൽ നിന്നും വെള്ളിയാഴ്ച രാത്രി 7.50 ഓടെയാണ് ഇദ്ദേഹം സൗത്ത് കളമശേരി റെയിൽവേ ട്രാക്കിന് അരികിൽ വീണത്. മലപ്പുറത്ത് നിന്നും ഭാര്യയുമൊത്ത് കാക്കനാടുള്ള മകളുടെ വീട്ടിലേക്ക് വരികയായിരുന്നു. വാതിലിനരികിൽ നിൽക്കുമ്പോഴായിരുന്നു അപകടം.

അഞ്ച് ഉദ്യോഗസ്ഥർക്ക് പിഴ വിധിച്ച് വിവരാവകാശ കമ്മിഷൻ
?വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളിൽ വിവരം നിഷേധിക്കുക, വൈകിപ്പിക്കുക, തെറ്റിധരിപ്പിക്കുക, അധിക ഫീസ് വാങ്ങുക തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥരെ 40,000 രൂപ ശിക്ഷിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ. ഒരു പൊലീസ് ഓഫിസറെ കുറ്റവിമുക്തനാക്കിയും രണ്ട് അപേക്ഷകർക്ക് പണം തിരികെ നൽകാൻ നിർദേശിച്ചും വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കിം ഉത്തരവായി.

ആരു വിചാരിച്ചാലും സഹകരണമേഖലയെ തകർക്കാനാവില്ല: മന്ത്രി വി.എൻ. വാസവൻ
?സാമൂഹിക പ്രതിബദ്ധതയോടെ കേരളത്തിൽ പ്രവർത്തിക്കുന്ന സഹകരണ മേഖലയെ തളർത്താനോ തകർക്കാനോ ആരു വിചാരിച്ചാലും കഴിയില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ജില്ലാതല സഹകാരിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ കാർഷിക-വിദ്യാഭ്യാസ- ആരോഗ്യ മേഖലയിലടക്കം ജനോപകാരപ്രദമായ ജനപക്ഷ ഇടപെടലാണ് സഹകരണ മേഖല നടത്തുന്നത്. ഇന്ത്യയിലെ സഹകരണനിക്ഷേപങ്ങളിൽ 71% കേരളത്തിന്‍റേതാണ്. സഹകരണ സ്ഥാപനങ്ങളിലൂടെ 412 ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നു.

ആരുടെ തുറമുഖം? ഭരണ പ്രതിപക്ഷ തർക്കം തുടരുന്നു
?വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുന്ന ചടങ്ങ് നടക്കാനിരിക്കെ തുറമുഖത്തിന്‍റെ അവകാശവാദങ്ങളുമായി ഭരണ പ്രതിപക്ഷ നേതാക്കള്‍. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യപ്രാപ്തിയുടെ വിജയം കൂടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അവകാശപ്പെടുമ്പോള്‍ പദ്ധതി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുഡിഎഫ് സര്‍ക്കാരിന്‍റെയും ഇച്ഛാശക്തിയുടെ പ്രതീകമാണെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വാദം.

വനവാസത്തിനു പോയ കുങ്കിയാനയെ വനംവകുപ്പ് തിരിച്ചെത്തിച്ചു
?”പഴയ സുഹൃത്തുക്കളെ’ കണ്ടപ്പോൾ പുതിയ ഉടമകളെ മറന്നു വനവാസത്തിനു പോയ കുങ്കിയാന തമിഴ്നാട് വനംവകുപ്പിന് തലവേദനയായി. പന്തല്ലൂർ മേഖലയിൽ നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താൻ നിയോഗിച്ച കുങ്കിയാന ശ്രീനിവാസനാണു പാപ്പാന്മാരുടെ കണ്ണുവെട്ടിച്ച് കാടുകയറിയത്. കാട്ടാനകൾക്കൊപ്പമായിരുന്ന ശ്രീനിവാസനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പാപ്പാന്മാർ തിരികെ ആനക്യാംപിലെത്തിച്ചു. എന്നാൽ, പിന്നാലെ കാട്ടാനകളെത്തിയത് പരിഭ്രാന്തിയുയർത്തി. വ്യാഴാഴ്ച രാത്രിയാണു സംഭവം. പന്തല്ലൂർ, ഇരുമ്പ് പാലം മേഖലകളിൽ ദിവസങ്ങളായി ജനജീവിതത്തിനു ഭീഷണിയുയർത്തുന്ന കട്ടക്കൊമ്പൻ, ബുള്ളറ്റ് എന്നീ കാട്ടാനകളെ തുരത്താനാണു തമിഴ്നാട് വനം വകുപ്പ് മുതുമല തെപ്പക്കാട് ക്യാംപിൽ നിന്ന് വസീം, വിജയ്, ശ്രീനിവാസൻ, ബൊമ്മൻ എന്നീ കുങ്കിയാനകളെ എത്തിച്ചത്.

സോണിയയും പ്രിയങ്കയും ചെന്നൈയിൽ
?ഡിഎംകെയുടെ കോൺഫറൻസിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെന്നൈയിലെത്തി. ഡിഎംകെ ഇന്ന് നടത്തുന്ന വിമൻസ് റൈറ്റ്സ് കോൺഫറൻസിൽ പങ്കെടുക്കാനാണ് ഇരുവരും ചെന്നൈയിലെത്തിയത്.തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ, ഡിഎംകെ എംപിമാരായ കനിമൊഴി. ടി.ആർ. ബാലു, എന്നിവർ ചെന്നൈ വിമാനത്താവണത്തിൽ നേരിട്ടെത്തി ഇരുവരേയും സ്വീകരിച്ചു.

മധ്യപ്രദേശിൽ കോൺഗ്രസിന്‍റെ ആദ്യ പട്ടിക ഇന്ന്
?മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു കോൺഗ്രസിന്‍റെ ആദ്യ പട്ടിക ഇന്ന് പുറത്തിറക്കിയേക്കും. മുൻ മുഖ്യമന്ത്രി കമൽനാഥ് ഉൾപ്പെടെ 130 പേരാകും ആദ്യ പട്ടികയിലുണ്ടാകുക. നവംബർ 17നാണ് വോട്ടെടുപ്പ്.

സംസ്ഥാന സ്കൂൾ കായികോത്സവം തിങ്കളാഴ്ച ആരംഭിക്കും
?തിങ്കളാഴ്ച മുതൽ 20 വരെ തൃശൂർ കുന്നംകുളം ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിൽ അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ കായികമേള തീരുമാനിച്ചത് പരിശോധിക്കുമെന്നും വരും വർഷങ്ങളിൽ ഇത്തരത്തിലുള്ള നടപടിയുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. കേരള സ്‌കൂൾ കലോത്സവം 2024 ജനുവരി 4 മുതൽ 8 വരെ തീയതികളിലായി കൊല്ലം ജില്ലയിൽ 24 വേദികളിലായി നടത്തും.

ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിനിടെ ആശുപത്രിയിലായത് 300 കാണികൾ
?അഹമ്മദാബാദിൽ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ മുന്നൂറിലധികം കാണികൾക്ക് വൈദ്യസഹായം ആവശ്യമായി വന്നു. നിർജലീകരണം മൂലമാണ് ഏറെപ്പേർക്കും ചികിത്സ വേണ്ടി വന്നത്. കാൽ വഴുതി വീണവരും തലചുറ്റിയും മയങ്ങിയും വീണവരാണ് മറ്റുള്ളവർ. ഭൂരിപക്ഷം പേരെയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. പത്തു പേരെ അടുത്തുള്ള ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തു.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5540 രൂപ
പവന് 44320 രൂപ