[05.11.2023]
കൊച്ചിയില്‍ നാവികസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു
?️കൊച്ചിയിൽ പരിശീലന പറക്കലിനിടെ ഹെലിക്കോപ്റ്റർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. നാവിക സേനയുടെ ചേതക്ക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. നാവിക സേന ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിൽ നിന്നും ഉയർന്ന് പൊങ്ങുന്നതിനിടെയാണ് അപകടം.അപകട സമയത്ത് ഹെലികോപ്റ്ററിൽ 2 പേർ ഉണ്ടായിരുന്നതായാണ് വിവരം. നാവിക സേനയുടെ ഏറ്റവും പഴക്കം ചെന്ന ഹെലികോപ്റ്ററുകളിലിലൊന്നാണ് ചേതക്ക്. ഇതിന്‍റെ പഴക്കമാണോ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് വ്യക്തമല്ല.
7 പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു
?️തലശ്ശേരി കോടതിയിൽ 7 പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം എട്ടായി ഉയർന്നു. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനാ ഫലമാണ് പുറത്തു വന്നത്. ഒരാഴ്‌ച മുൻപാണ് തലശേരി ജില്ലാ കോടതിയിൽ ജഡ്‌ജിമാർക്കും അഭിഭാഷകർക്കും ജീവനക്കാർക്കുമടക്കം നൂറോളം പേർക്ക് രോഗലക്ഷണങ്ങൾ കണ്ടത്. രോഗബാധയെ തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ മൂന്ന് കോടതികൾ അടച്ചിട്ടിരുന്നു. ഒരേ രോഗലക്ഷണങ്ങള്‍ നൂറോളം പേര്‍ക്കാണ് അനുഭവപ്പെട്ടത്. കണ്ണിന് ചുവപ്പും പനിയുമാണ് ചിലര്‍ക്ക് അനുഭവപ്പെട്ടത്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടർത്തുന്ന ഈഡിസ് കൊതുകുകളാണ് സിക വൈറസ് വ്യാപനത്തിന് പിന്നിലും.
ആലുവ ബലാത്സംഗ കൊല: അസഫാക് ആലം കുറ്റക്കാരൻ
?️ആലുവയിൽ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് എറണാകുളം പോക്സോ കോടതി. കൊലപാതകവും ബലാത്സംഗവുമടക്കം എല്ലാ കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി ഈ മാസം 9 ആവും പ്രഖ്യാപിക്കുക. സാക്ഷിമൊഴികൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റക്കാരനാണെന്ന് തെളിയിച്ചത്. വധശിക്ഷ വിധിക്കാവുന്ന മൂന്നു കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
വേദനിപ്പിച്ചത് സഹപ്രവര്‍ത്തകരുടെ മൗനം: മാധ്യമപ്രവര്‍ത്തക സൂര്യ സുജി
?️പ്രതികരണം എടുക്കവേ സുരേഷ് ഗോപിയില്‍ നിന്നുണ്ടായ അനുഭവത്തേക്കാള്‍ വേദനിപ്പിച്ചത് സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ മൗനമാണെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ടര്‍ സൂര്യ സുജി. നേരത്തേയും പ്രതികരണമെടുത്തപ്പോള്‍ തന്നെ അവഹേളിക്കുന്നതരത്തില്‍ സുരേഷ്‌ഗോപി പെരുമാറിയിരുന്നു. ശനിയാഴ്ച ഗിരിജ തിയറ്ററില്‍ വച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നതിനുമുന്നേ അദ്ദേഹമാണ് ആദ്യം കളിയാക്കുന്ന തരത്തില്‍ പെരുമാറിയത്. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണ് അസഹിഷ്ണുത പൂണ്ട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്.
സബ്സിഡി ഒഴിവാക്കില്ലെന്നു വൈദ്യുതി മന്ത്രി
?️ദുർബല വിഭാഗങ്ങൾക്ക് സർക്കാർ നൽകുന്ന വൈദ്യുതി സബ്സിഡി ഒഴിവാക്കില്ലെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സബ്സിഡി റദ്ദാക്കാനുള്ള ഒരു ഉത്തരവും സർക്കാർ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ, 77 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് സർക്കാർ സബ്സിഡിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. 30 യൂണിറ്റ് വരെ ശരാശരി പ്രതിമാസ ഉപഭോഗവും 500 വാട്ട് വരെ കണക്റ്റഡ് ലോഡും ഉള്ള എല്‍ടി ഗാർഹിക ഉപഭോക്താക്കൾക്ക് മുഴുവൻ വൈദ്യുതി ചാർജും സർക്കാർ സബ്സിഡിയായി നൽകുന്നു.
കളമശേരി സ്ഫോടനത്തിൽ മരിച്ച ലിബ്നയുടെ സംസ്കാരം ശനിയാഴ്ച
?️കളമശേരിയിൽ സാമ്രാ കൺവെൻഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ മരിച്ച പന്ത്രണ്ടുകാരിയുടെ സംസ്കാരം നടന്നു. മലയാറ്റൂരിൽ വാടകയ്ക്കു താമസിക്കുന്ന കടുവൻകുഴി പ്രദീപിന്‍റെ മകൾ ലിബ്നയുടെ മൃതദേഹം കൊരട്ടിയിൽ യഹോവ സാക്ഷികളുടെ സെമിത്തേരിയിസാണ് സംസ്കരിച്ചത്. ലിബ്ന പഠിച്ചിരുന്ന നീലീശ്വരം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10.30 ക്ക് പൊതുദർശനത്തിന് വച്ചിരുന്നു.
”അവൻ മരിക്കുന്നതാണ് നല്ലത്, വെറുതെ വിട്ടാൻ ഇനിയും കുഞ്ഞുങ്ങളെ കൊല്ലും”; പെൺകുട്ടിയുടെ മാതാപിതാക്കൾ
?️അസഫാക് ആലത്തിനു പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് ആലുവയിൽ ക്രൂരമായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മാതാപിതാക്കൾ. പരമാവധി ശിക്ഷ തന്നെ പ്രതിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഞങ്ങളുടെ കുഞ്ഞിന് സംഭവിച്ചതു പോലെ മറ്റൊരു കുഞ്ഞിനും സംഭവിക്കരുതെന്നും പറഞ്ഞ മാതാപിതാക്കൾ അവൻ മരിക്കുന്നതാണ് നല്ലതെന്നും പ്രതികരിച്ചു. അവനെ വെറുതെ വിട്ടാൽ ഇനിയും അവൻ കുഞ്ഞുങ്ങളെ കൊല്ലുമെന്നും കേസന്വേഷണത്തിന്‍റെ തുടക്കം മുതൽ കേരള സർക്കാരും ഇവിടത്തെ ജനങ്ങളും ഒപ്പം നിന്നുവെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടന: എൽഡിഎഫ് യോഗം ഈ മാസം പത്തിന്
?️ഈ മാസം പത്തിന് എൽഡിഎഫ് യോഗം ചേരാൻ തീരുമാനം. മന്ത്രിസഭാ പുനഃസംഘടനയുൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. മന്ത്രിസഭാ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) എൽഡിഎഫ് മുന്നണി നേതൃത്വത്തിന് കത്തു നൽകി. നവ കേരള സദസ്സിന് മുൻപ് പുനഃസംഘടന നടപ്പാക്കണമെന്നാണ് ഗണേഷ് കുമാർ പക്ഷത്തിന്‍റെ നിർദേശം. കേരളാ കോൺഗ്രസ് ബി ജനറൽ സെക്രട്ടറി വേണുഗോപാലൻ നായരാണ് കത്ത് നൽകിയത്.
”സഭയുടെ അഭിപ്രായത്തിനു പിന്നിൽ ആരാണെന്ന് തിരിച്ചറിയണം”; സുരേഷ്ഗോപി
?️തൃശൂർ അതിരൂപതയുടെ വിമർശനത്തിന് മറുപടിയുമായി സുരേഷ് ഗോപി. സഭയ്ക്ക് അഭിപ്രായം പറയാം, അതിനുള്ള സ്വാതന്ത്രമുണ്ടെന്നും ഇതിന് പിന്നിൽ ആരാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതിൽ മാറ്റമില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരേയാണ് തൃശൂർ അതിരൂപതയുടെ ഭാഗത്തുനിന്നും വിമർശനം ഉയർന്നത്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ മണിപ്പൂരിനെ മറക്കില്ലെന്നും മണിപ്പൂർ വിഷയത്തിലെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ള ആർക്കും മനസിലാകുമെന്നും അതിരൂപത വിമർശിച്ചു. അതിരൂപതാ മുഖപത്രത്തിലെ ലേഖനത്തിലാണ് വിമർശനം.
പ്രമുഖ നടൻമാർക്കൊപ്പം സെൽഫിയെടുത്താൽ കേരള ജനതയുടെ പട്ടിണി മാറില്ല; പരിഹസിച്ച് മുരളീധരൻ
?️മമ്മൂട്ടിയുടെയും മോഹൽലാലിനെയും നിർത്തി മുഖ്യമന്ത്രി സെൽഫിയെടുത്താൽ കേരളത്തിലെ സാധാരണക്കാരുടെ പട്ടിണി മാറില്ലെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളീയം പരിപാടിയുടെ പേരിൽ വലിയ ധൂർത്താണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളീയം ഉത്ഘാടന വേദിയിൽ നടൻ മോഹൻലാൽ മുഖ്യമന്ത്രിയുടെ ഫോണിൽ സെൽഫിയെടുത്തത് വൈറലായിരുന്നു. പിന്നാലെയാണ് കേന്ദ്രമന്ത്രി ഇത്തരത്തിൽ പ്രതികരണം നടത്തിയത്. മാത്രമല്ല ഭീകരവാദികളെ പിന്തുണയ്ക്കാൻ കേരളത്തിൽ ഇടതു-വലതു മുന്നണികൾ മത്സരിക്കുകയാണ്. ആർക്കും ആരെയും ബോംബ് വെച്ചു കൊല്ലാമെന്ന തരത്തിൽ കേരളത്തിലെ ക്രമസമാധാന പാലനം തകർന്നു. യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും നേതാക്കൾ ഒരുമിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. രണ്ടു കൂട്ടരും ഒറ്റ മുന്നണിയാണെന്നും മുരളീധരൻ പറഞ്ഞു.
സിബിഎസ്ഇ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം നവംബര്‍ 24 മുതല്‍
?️സിബിഎസ്ഇ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം നവംബര്‍ 24 മുതല്‍ 26വരെ കാലടി ശ്രീ ശാരദ വിദ്യാലയത്തില്‍ നടക്കും. സംസ്ഥാനത്തെ 2900 സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നായി പതിനായിരത്തോളം പ്രതിഭകള്‍ പങ്കെടുക്കും. 25 വേദികളിലായി 140 ഇനങ്ങളിലായാണു മത്സരം. ശ്രീശാരദ വിദ്യാലയം, ആദിശങ്കര എൻജിനിയറിങ് കോളെജ്, ശ്രീശങ്കര ആര്‍ട്‌സ് ആന്‍റ് സയന്‍സ് കോളേജ്, ആദിശങ്കര ട്രെയിനിങ് കോളെജ് എന്നിവിടങ്ങളും മത്സരവേദികളാണ്.
ഡല്‍ഹിയില്‍ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ
?️ഡല്‍ഹിയില്‍ ഭൂചലനം. റിക്റ്റര്‍ സ്‌കെയ്ലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്കോടുന്ന സാഹചര്യമുണ്ടായി. അതേ സമയം ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച രാത്രിയോടെയാണ് ഭൂചലനം ഉണ്ടായത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെ 6.4 തീവ്രതയുള്ള ശക്തമായ പ്രകമ്പനമാണ് ഉണ്ടായത്. ഇതോടൊപ്പമാണ് ഡല്‍ഹിയിലും ഭൂചലനം അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കളമശേരി ബോംബ് സ്ഫോടന വ്യാജപ്രചാരണം: 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
?️കളമശേരി ബോംബ് സ്ഫോടനത്തെത്തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലും സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്തത് 54 കേസുകള്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ് – 26 . എറണാകുളം സിറ്റിയില്‍ 10 ഉം എറണാകുളം റൂറലിലും തിരുവനന്തപുരം സിറ്റിയിലും അഞ്ച് വീതം കേസുകളുമാണ് ഉള്ളത്. തൃശൂര്‍ സിറ്റിയിലും കോട്ടയത്തും രണ്ടുവീതവും പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് റൂറല്‍ ജില്ലകളില്‍ ഒന്നു വീതവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആര്യാടൻ ഷൗക്കത്തിന്‍റേത് അച്ചടക്കലംഘനം: കെപിസിസി
?️പാർട്ടി വിലക്കു മറികടന്ന് ആര്യാടൻ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ മലപ്പുറത്തു പലസ്‌തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചതിൽ കെപിസിസി നേതാവ് ആര്യാടൻ ഷൗക്കത്ത് നടത്തിയത് അച്ചടക്ക ലംഘനം തന്നെയെന്ന നിലപാടിൽ കെപിസിസി നേതൃത്വം. ഇതുസംബന്ധിച്ച ആര്യാടൻ ഷൗക്കത്ത് നൽകിയ വിശദീകരണം തള്ളിയ കെപിസിസി നേതൃത്വം വീണ്ടും നോട്ടിസ് നൽകി. നേരത്തേ ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷന്‍റെ പേരിൽ വിഭാഗീയ പ്രവർത്തനം പാടില്ലെന്ന കെപിസിസിയുടെ കത്തിനാണ് ആര്യാടൻ ഷൗക്കത്ത് മറുപടി നൽകിയത്. വിലക്ക് ലംഘിച്ചതു വഴി ആര്യാടൻ ഷൗക്കത്ത് നടത്തിയത് പരസ്യ വെല്ലുവിളിയാണെന്നാണ് കെപിസിസിയുടെ നിലപാട്.
പലസ്തീൻ തൊഴിലാളികളെ പുറത്താക്കി ഇസ്രയേൽ
?️രാജ്യത്തെ പലസ്തീൻകാരായ തൊഴിലാളികളെ ഗാസയിലേക്ക് നിർബന്ധപൂർവം തിരികെ അയച്ച് ഇസ്രയേൽ. ഗാസയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും ഇസ്രയേലിൽ ഇനി പലസ്തീൻ തൊഴിലാളികൾ ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഗാസയിൽനിന്ന് ദിവസക്കൂലിക്ക് ആയിരക്കണക്കിനു തൊഴിലാളികളാണ് ഇസ്രയേലിന്റെ വിവിധ മേഖലകളിൽ വന്നുപോകുന്നത്. ഇങ്ങനെയെത്തിയ ആയിരക്കണക്കിനു തൊഴിലാളികളാണ് യുദ്ധം ആരംഭിച്ചതോടെ ഇസ്രയേലിൽ കുടുങ്ങിയത്.
നേപ്പാൾ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 140
?️നേപ്പാൾ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി. നൂറിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. 6.4 തീവ്രതയുള്ള ശക്തമായ പ്രകമ്പനമാണ് ഉണ്ടായത്. രണ്ട് തവണയായി 40 സെക്കൻഡുകൾ നീണ്ടു നിന്ന ഭൂചലനമായിരുന്നു ഇവിടുണ്ടായത്. അപകടത്തിൽ നിരവധി വീടുകൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
തമിഴ് നടി രഞ്ജന നാച്ചിയാർ അറസ്റ്റിൽ
?️ഫുട്ബോർഡിൽ അപകടകരമായി തൂങ്ങിനിൽക്കുന്ന സ്കൂൾ വിദ്യാർഥികളുമായി പോയ ബസ് തടഞ്ഞു നിർത്തുകയും കുട്ടികളെ താഴെയിറക്കി അടിക്കുകയും ചെയ്ത സംഭവത്തിൽ തമിഴ് നടിയും ബിജെപി നേതാവുമായ രഞ്ജന നാച്ചിയാർ അറസ്റ്റിൽ. ബസ് നിർത്തിച്ച് കുട്ടികളെ ശകാരിക്കുകയും താഴെയിറക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതിനെത്തുടർന്നാണു പൊലീസിന്‍റെ നടപടി.
വ്യോമസേനയുടെ പരിശീലന കേന്ദ്രത്തിനു നേരേ ആക്രമണം: 9 ഭീകരെ വധിച്ചു
?️പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ വ്യോമസേനയുടെ പരിശീലന കേന്ദ്രത്തിനു നേരേ ഭീകരാക്രമണം. രാജ്യത്ത് മൂന്നിടങ്ങളിലായി 17 സൈനികർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട് 24 മണിക്കൂർ പിന്നിടും മുൻപാണ് സേനാ കേന്ദ്രത്തിൽ ഭീകരർ ഇരച്ചുകയറിയത്. 9 ഭീകരരാണ് ആക്രമണം നടത്തിയതെന്നും മുഴുവൻ പേരെയും വധിച്ചെന്നും പാക് വ്യോമസേന അറിയിച്ചു.
സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്
?️സംസ്ഥാനത്തെ റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. സ്‌റ്റൈപ്പന്റ് വര്‍ധന അടക്കം ആവശ്യപ്പെട്ടാണ് സമരം. നവംബര്‍ എട്ടാം തീയതി പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജനുമാരും അത്യാഹിത വിഭാഗം അടക്കം ബഹിഷ്‌കരിച്ച് സമരം നടത്തും.
മുകേഷ് അംബാനിക്കെതിരേ വധഭീഷണി : പത്തൊൻപതുകാരൻ അറസ്റ്റിൽ
?️മുകേഷ് അംബാനിക്കെതിരേ വധഭീഷണി മുഴക്കിയ സംഭവത്തിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. ഇമെയിലേക്കാണ് പണം ആവശ്യപ്പെട്ട് തുടർച്ചയായ ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതി ഗണേഷ് രമേഷ് വനപർധി എന്ന യുവാവിനെ നവംബർ 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തെലങ്കാനയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
ഈറ്റ് കൊച്ചി ഈറ്റ് ഫുഡ് വ്ലോഗർ രാഹുൽ എൻ. കുട്ടി മരിച്ച നിലയിൽ
?️പ്രശസ്ത ഫുഡ് വ്ലോഗർ രാഹുൽ എൻ. കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴിച രാത്രി ത്രിപ്പൂണിത്തുറയിലെ വീട്ടിലാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫുഡ് വ്ലോഗ് കൂട്ടായ്‌മയിലെ വ്ലോഗറായിരുന്നു രാഹുൽ. സോഷ്യൽമീഡിയയിൽ നിരവധി ഫോളോവേഴ്സുള്ളയാളാണ് രാഹുൽ. രാഹുൽ എൻ. കുട്ടിയുടെ വിയോഗ വാർത്ത ഈറ്റ് കൊച്ചി ഈറ്റ് ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കു വച്ചത്. വെള്ളിയാഴ്ച രാവിലെ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുൽ പങ്കുവച്ചിരുന്നു. ഫെയ്‌സ്ബുക്ക് ഫണ്ട് നൽകുന്ന രാജ്യത്തെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഈറ്റ് കൊച്ചി ഈറ്റ്. 50,000 ഡോളറാണ് ഫെയ്‌സ്ബുക്ക് അനുവദിച്ചത്. ഇൻസ്റ്റഗ്രാമിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് ഈറ്റ് കൊച്ചി ഈറ്റ്.
കാട്ടാന ആക്രമണം; വയനാട്ടിൽ തോട്ടം തൊഴിലാളി മരിച്ചു
?️വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. മേപ്പാടി എളമ്പിലേരിയിലാണ് കാട്ടാന ആക്രമണം.
കുഞ്ഞവറാന് (58) ആണ് മരിച്ചത്. രാവിലെ പണിക്കു പോകുമ്പോഴാണ് ആക്രമണമുണ്ടായത്.
മധ്യപ്രദേശിൽ മുൻ എംപി കോൺഗ്രസ് വിട്ടു
?️കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടർന്നു മധ്യപ്രദേശിൽ മുൻ എംപിയും എംഎൽഎയുമായ പ്രേംചന്ദ് ഗുഡ്ഡു സ്വതന്ത്രനായി നാമനിർദേശ പത്രിക സമർപ്പിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി പിന്നിട്ടതോടെ സമവായ സാധ്യതകളുമടഞ്ഞു. രത്ലം ജില്ലയിലെ അലോട്ട് അസംബ്ലി മണ്ഡലത്തിലാണു ഗുഡ്ഡു മത്സരിക്കുന്നത്. പട്ടികജാതി സംവരണമണ്ഡലമാണിത്.
മധ്യപ്രദേശിൽ 39 കോൺഗ്രസ് നേതാക്കളെ പുറത്താക്കി
?️മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരേ മത്സരിക്കുന്നതിൽ 39 നേതാക്കളെ പ്രാഥമിക അംഗത്വത്തിൽ നിന്നും 6 വർഷത്തേക്ക് പുറത്താക്കി കോൺഗ്രസ്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കമൽനാഥിന്‍റെ നിർദേശപ്രകാരമാണ് നടപടിയെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് സിങ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മഴ ശക്തമാവും; പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
?️സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾ പരിശീലനം ഉപേക്ഷിച്ചു
?️ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ശ്രീലങ്ക, ബംഗ്ലാദേശ് ക്രിക്കറ്റ് ടീമുകൾ പരിശീലനം ഉപേക്ഷിച്ചു. അരുൺ ജെയ്‌റ്റ്‌ലീ സ്‌റ്റേഡിയത്തിലെ പരിശീലനമാണ് ടീമുകൾ ഉപേക്ഷിച്ചത്. ആറിനാണ് ശ്രീലങ്ക – ബംഗ്ലാദേശ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ മത്സരം ഡൽഹിയിൽ നിന്ന് ലഖ്‌നൗവിലേക്ക് മാറ്റണമെന്നും ശ്രീലങ്ക ആവശ്യപെട്ടു. ശ്രീലങ്കയുടെ ആവശ്യത്തോട് ഇതുവരെ ഐസിസി അനുകൂലമായി പ്രതികരിച്ചിട്ടില്ല.
പാക്കിസ്ഥാന് 21 റൺസ് ജയം
?️ചിന്നസ്വാമി സ്റ്റേഡിയത്തിൽ പെയ്തിറങ്ങിയ മഴയ്‌ക്കൊപ്പം ഒലിച്ചുപോയത് ന്യൂസീലൻഡിന്റെ വിജയപ്രതീക്ഷകൾ കൂടിയാണ്. മഴ ‘വില്ലനായ’ മത്സരത്തിൽ ന്യൂസീലൻഡിനെ 21 റൺസിനാണ് പാക്കിസ്ഥാൻ മഴനിയമപ്രകാരം തോൽപ്പിച്ചത്. ന്യൂസീലൻഡ് ഉയർത്തിയ 402 റൺസ് കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 25.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു നിൽക്കെയാണ് മത്സരം ഉപേക്ഷിച്ചത്. ജയത്തോടെ പാക്കിസ്ഥാൻ സെമിപ്രതീക്ഷകൾ സജീവമായി നിലനിർത്തി. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായ ന്യൂസിലൻഡ് പരാജയപ്പെട്ടതോടെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക സെമിയിൽ പ്രവേശിച്ചു.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5660 രൂപ
പവന് 45280 രൂപ