03.11.2023
കേരളത്തിൽ വൈദ്യുതി നിരക്ക് കൂട്ടി; ഉത്തരവിറക്കി
?️ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. നിരക്ക് വര്‍ധിപ്പിച്ച് കെഎസ്ഇബി ഉത്തരവിറക്കി. വൈദ്യുതി റഗുലേറ്ററി കമ്മീഷൻ തീരുമാനം വെള്ളിയാഴ്ച നിലവിൽ വരും. 40 യൂണിറ്റ് വരെ പ്രതിമാസ ഉപയോഗമുള്ളവർക്ക് വർധനയുണ്ടാവില്ല. 550 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ 250 രൂപ അധികം നല്‍കേണ്ടിവരും.
കളമശേരി സ്ഫോടനം: പ്രതിയുടെ മനോനില പരിശോധിക്കും, ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു
?️കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്‍റെ മനോനില പരിശോധിക്കുമെന്ന് പൊലീസ്. പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചു. പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് വിശദമായി പരിശോധിച്ചു. ഏതാനും വർഷത്തെ വാട്സ്ആപ് ചാറ്റുകൾ സാമൂഹിക മാധ്യമ ഇടപെടലുകൾ എന്നിവയും പരിശോധിക്കുന്നുണ്ട്.നിലവിൽ ഡൊമിനിക് മാർട്ടിന് ശാരീരിക , മാനസിക പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. എന്നാൽ പ്രതിയുടെ സ്വഭാവ സവിശേഷതകൾ പൊലീസിനെ ആശങ്കയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രതിയുടെ മനോനില മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ വിലയിരുത്താനാണ് ശ്രമം.
ഗവർണർ – സർക്കാർ പോര് സുപ്രീം കോടതിയിലേക്ക്
?️സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് സുപ്രീം കോടതിയിലേക്ക്. നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ ഒപ്പിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. നിലവിൽ നിയമസഭ പാസ്സാക്കിയ എട്ടു ബില്ലുകളിൽ ആണ് ഗവർണർ ഒപ്പിടാതെ വൈകിക്കുന്നത്.തീരുമാനം വൈകിപ്പിക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരേയാണ് ഗവർണറുടെ നടപടിയെന്നും ഹർജിയിലുണ്ട്. സർക്കാരിനു പുറമേ ടി.പി. രാമകൃഷ്ണൻ എംഎൽഎയും ഗവർണർക്കെതിരേ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്‍റെ അസഭ്യവർഷവും വധ ഭീഷണിയും
?️മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി മുഴക്കിക്കൊണ്ട് പൊലീസ് ആസ്ഥാനത്തേക്ക് ഏഴാം ക്ലാസുകാരന്‍റെ ഫോൺ കോൾ. കുട്ടി അസഭ്യവർഷം നടത്തിയതായും പൊലീസുകാർ പറയുന്നു. ഫോൺകോളിനു പിന്നാലെ തിരുവനന്തപുരം മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഏഴാം ക്ലാസുകാരനാണ് വധഭീഷണിക്കു പിന്നിലെന്ന് കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് കുട്ടി ഫോൺ വിളിച്ചത്. എറണാകുളം സ്വദേശിയാണ് കുട്ടിയെന്നും പൊലീസുകാർ വ്യക്തമാക്കി.
സംസ്ഥാന പൊലീസ് സേനയ്ക്കെതിരേ വീണ്ടും സൈബർ ആക്രമണം!
?️സംസ്ഥാന പൊലീസ് സേനയ്ക്കെതിരേ വീണ്ടും സൈബർ ആക്രമണം. കംപ്യൂട്ടറുകള്‍ക്കു പുറമെ സിഎംഒ പോര്‍ട്ടല്‍, വിവിധ ആപ്ലിക്കേഷനുകൾ, പൊലീസ് വെബ്‌സൈറ്റ്, സ്പാര്‍ക്ക് തുടങ്ങിയവയുടെ യൂസര്‍ നെയിം പാസ്‌വേഡ്, ഇമെയില്‍ എന്നിവയും ഹാക്ക് ചെയ്യപ്പെട്ടു. കഴിഞ്ഞ മാസം ഒന്‍പതിനോ അതിന് മുമ്പോ ആയിരിക്കാം ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് കരുതുന്നത്. ഹാക്ക് ചെയ്തവരുടെ ഐ.പി വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പ്രിൻസിപ്പൽമാരുടെ നിയമനം: വീണ്ടും ഇന്‍റർവ്യൂ നടത്താനുള്ള നടപടി സ്റ്റേ ചെയ്തു
?️സര്‍ക്കാര്‍ കോളെജ് പ്രിൻസിപ്പൽമാരുടെ നിയമനത്തിനായി വീണ്ടും ഇന്‍റർവ്യൂ നടത്താനുള്ള സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ആദ്യഘട്ടത്തിൽ നിയമിക്കപ്പെട്ട പ്രിൻസിപ്പൽമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം വീണ്ടും നടത്താൻ സർക്കാർ തീരുമാനിച്ചത്.
രണ്ടര മണിക്കൂറോളം ആംബുലൻസിനായി കാത്തു; പിഞ്ചുകുഞ്ഞിന് ചികിത്സ വൈകി
?️ആംബുലൻസ് പണിമുടക്കി 6 മാസം പ്രായമായ കുഞ്ഞിന് ചികിത്സ മണിക്കൂറുകൾ വൈകിയതായി പരാതി. അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറയിലാണ് സംഭവം.റോഡ് അരികിൽ നിന്ന് 4 കിലോമീറ്റർ ഉൾവനത്തിൽ താമസിക്കുന്ന 6 മാസം പ്രായമുള്ള കുഞ്ഞിന്‍റെ ചികിത്സക്കായി ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസ് കിട്ടാതെ വന്നത്. ഫിക്സ് വന്നതിനെ തുടർന്ന് കുഞ്ഞിനെ 4 കിലോമീറ്റർ കാട്ടിലൂടെ ചുമന്ന് മലക്കപ്പാറയിൽ എത്തിച്ചിരുന്നു.
ക്ഷേമപെന്‍ഷന്‍ വിതരണം ഉടന്‍: ധനമന്ത്രി
?️സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുമെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാൽ. ക്രിസ്മസിനായിരിക്കുമോ പെൻഷൻ വിതരണം ചെയ്യുകയെന്ന ചോദ്യത്തിന് ‘ക്രിസ്മസ് വരെ പെന്ഷന് വിതരണം നീളില്ല’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.പെൻഷൻ വിതരണം മുടങ്ങിയതിനെപ്പറ്റി പ്രതിപക്ഷത്തിന്റെ വിമർശനം ചൂണ്ടിക്കാട്ടിയപ്പോൾ ’18 മാസം വരെ ക്ഷേമപെന്‍ഷന്‍ മുടങ്ങിയ കാലമുണ്ട്’ എന്നായിരുന്നു മന്ത്രിയുടെ ഓർമപ്പെടുത്തൽ. യുഡിഎഫ് ഭരണകാലത്താണ് 18 മാസം പെൻഷൻ മുടങ്ങിയത്.
ന്യൂസ് ക്ലിക് കേസ്: പ്രബീർ പുരകായസ്ത ഡിസംബർ 1 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ
?️ ഇന്ത്യാ വിരുദ്ധ പ്രോപ്പഗാണ്ട പ്രചരിപ്പിക്കുന്നതിനായി വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ന്യൂസ് ക്ലിക് എഡിറ്റർ പ്രബീർ പുരകായസ്, എച്ച് ആർ മേധാവി അമിത് ചക്രവർത്തി എന്നിവരെ ഡിസംബർ 1 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹി പാട്യാല ഹൗസ് കോടതി.ചൈനീസ് പ്രോപ്പഗാണ്ട പ്രചരിപ്പിക്കുന്നതിനായി അമെരിക്കൻ ശതകോടീശ്വരനിൽ നിന്ന് ഫണ്ട് സ്വീകരിച്ച കേസിൽ ഇരുവരും ഇപ്പോൾ ഡൽഹി പൊലീസിന്‍റെ കസ്റ്റഡിയിലാണ്.തന്‍റെ ഇലക്‌ട്രോണിക് ഉപകരണങ്ങൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് പുരകായസ്ത കോടതിയെ സമീപിച്ചിരുന്നു. ഇതിൽ മറുപടി നൽകാൻ കോടതി ഡൽഹി പൊലീസിന് 10 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.
നടപടികൾ പൂർത്തിയാവും മുൻപ് ഹിയറിങ് ബഹിഷ്‌കരിച്ച് മഹുവ മൊയ്ത്ര
?️പാർലമെന്‍റിൽ ചോദ്യം ചോദിക്കാൻ കോഴവാങ്ങിയെന്ന ആരോപണത്തിൽ ലോക്‌സഭാ എത്തിക്സ് കമ്മിറ്റിയുടെ മുന്നിൽ ഹാജരായ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഹിയറിങ്ങിനിടെ ഇറങ്ങിപ്പോയി. ഹിയറിങ് രീതിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ എംപിമാരും യോഗം ബഹിഷ്‌കരിച്ചു.വ്യക്തിപരമായതും ധാര്‍മികതയ്ക്ക് നിരക്കാത്തതുമായ ചോദ്യങ്ങളുണ്ടായെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ഹിയറിങ് നടക്കുന്നതിനിടെ ഒരു എംപി മാധ്യമങ്ങള്‍ക്ക് വിവരം ചോർത്തി നിൽകിയെന്നും എംപിമാർ ആരോപിച്ചു.വൃത്തകെട്ട ചോദ്യങ്ങളാണ് എത്തിക്സ് കമ്മറ്റിയിൽ നിന്നുണ്ടാകുന്നതെന്ന് മഹുവ വ്യക്തമാക്കി. മുൻവിധിയോടെയുള്ള ചോദ്യങ്ങളാണ് തന്നോടു ചോദിച്ചതെന്നും വളരെ മോശമായ ചോദ്യങ്ങളായിരുന്നെന്നും മഹുവ പറഞ്ഞു.
പ്രതിപക്ഷ നേതാവില്ലാത്ത കർണാടക; അന്ത്യശാസനവുമായി ബിജെപി എംഎൽഎമാർ
?️നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ആഘാതം വിട്ടു മാറാത്ത കർണാടക ബിജെപിയിൽ പൊട്ടിത്തെറികൾ രൂക്ഷമാവുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും നിയമസഭാ കക്ഷി നേതാക്കളെ പോലും തെരഞ്ഞെടുക്കാത്തതിൽ ബിജെപി എംൽഎമാർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്.മുതിർന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെഡിയൂരപ്പ പങ്കെടുത്ത യോഗത്തില്‍ എംഎല്‍എമാര്‍ നേതാവിനെ തെരഞ്ഞെടുക്കാത്തതിലുള്ള കടുത്ത അതൃപ്തി അറിയിച്ചതായാണ് വിവരം.
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിന്‍വലിച്ചു
?️ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിൻവലിച്ചു. സുപ്രീംകോടതി ഉത്തരിവന്‍റെ അടിസ്ഥാനത്തിലാണ് എംപി സ്ഥാനം പുനഃസ്ഥാപിച്ചത്. ഇത് സംബന്ധിച്ച വിജ്ഞാപനം ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കി.വധശ്രമക്കേസിൽ മുഹമ്മദ് ഫൈസൽ കുറ്റക്കരാനാണെന്ന വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഫൈസലിന്‍റെ എംപി സ്ഥാനം അയോഗ്യമായത്. തുടർന്ന് മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് സുപ്രീംകോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു. വിധി വന്ന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് എംപി സ്ഥാനം പുനഃസ്ഥാപിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്.
കേരളീയം ധൂർത്തല്ല, വാണിജ്യ സാധ്യതകൾ തുറന്നിടുന്ന പദ്ധതി: കെ.എൻ. ബാലഗോപാൽ
?️കേരളീയം ധൂർത്താണെന്ന ആരോപണത്തിനെതിരേ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളീയം ധൂർത്തല്ലെന്നും വാണിജ്യ സാധ്യതകൾ തുറന്നിടുന്ന പദ്ധതിയാണെന്നും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും അതിനു കാരണം കേന്ദ്രക സർക്കാരാണെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് തരാനുള്ള വിഹിതം കേന്ദ്രം വെട്ടി. ഇത് കേരളത്തോട് മാത്രമുള്ള അനീതിയാണെന്നും കെ.എന്‍. ബാലഗോപാല്‍ കുറ്റപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവരവരുടെ ഉത്തരവാദിത്തം ഉണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
കെടിഡിഎഫ്സി ചെയർമാൻ സ്ഥാനത്തു നിന്നും ബി. അശോകിനെ മാറ്റി
?️വായ്പ തിരിച്ചടവിനെ ചൊല്ലി കെടിഡിഎഫ്സി-കെഎസ്ആർടിസി പോരിനിടെ കെടിഡിഎഫ്സി ചെയർമാനെ മാറ്റി. ബി. അശോകിനെ സ്ഥാനത്തു നിന്നും മാറ്റി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന് പകരം ചുമതല നൽകി.കെടിഡിഎഫ്സി നഷ്ടത്തിലായതിനു കാരണം കെഎസ്ആർടിസി ആണെന്ന് ബി. അശോകൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സഹകരിക്കുമെന്ന് മുസ്ലീം ലീഗ്
?️പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ. എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.ഈ മാസം 11 ആണ് സിപിഎം കോഴിക്കോട് പരിപാടി സംഘടിപ്പിക്കുന്നത്. സിപിഎം റാലിയിൽ സമസ്തയ്ക്ക് ക്ഷണം നൽകിയിട്ടുണ്ട്. സമസ്ത പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീം ലീഗിനെ ഇതുവരെ ക്ഷണിച്ചിട്ടില്ലെങ്കിലും പരിപാടിയിലേക്ക് ക്ഷണിക്കുമെന്നാണ് സൂചന. എന്നാൽ കോൺഗ്രസിനെ പൂർണമായും ഒഴിവാക്കാനാണ് സാധ്യത.
സ്ത്രീപോരാട്ടങ്ങളുടെ ചരിത്രം രേഖപ്പെടുത്തി ‘പെൺകാലങ്ങൾ’ എക്സിബിഷൻ
?️കേരളത്തിലെ സ്ത്രീപോരാട്ടങ്ങളുടെ ചരിത്രം രേഖപ്പെടുത്തി പെൺകാലങ്ങൾ എക്സിബിഷൻ. കേരളീയത്തിന്‍റെ ഭാഗമായി അയ്യന്‍കാളി ഹാളില്‍ വനിതാ വികസന കോര്‍പ്പറേഷനാണു ‘പെണ്‍ കാലങ്ങള്‍ – വനിത മുന്നേറ്റ’ത്തെ കുറിച്ചുള്ള എക്സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.കേരളചരിത്ര നിർമിതിയില്‍ നായകന്മാര്‍ മാത്രമല്ല നായികമാരുമുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജി തള്ളിയ കീഴ്‌ക്കോടതി നടപടി തെറ്റ്; അമിക്കസ് ക്യൂറി
?️മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ കീഴ്‌ക്കോടതി ഉത്തരവ് തെറ്റെന്ന് അമിക്കസ് ക്യൂറി.കേസിൽ തെളിവില്ലെന്ന കീഴ്കോടതി ഉത്തരവ് പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡിന്‍റെ റിപ്പോർട്ട് കോടതി പരിഗണിച്ചില്ലെന്നും അമിക്കസ് ക്യൂറി കണ്ടെത്തി.സിഎംആര്‍എല്‍ കമ്പനിയുടെ സിഇഒയും സിഎഫ്ഒയും രാഷ്ട്രീയക്കാർക്ക് പണം നൽകിയിട്ടുണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്. വിചാരണ കോടതി ഹർജി പ്രാഥമിക അന്വേഷണത്തിന് വിടണമായിരുന്നുവെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കുന്നു.
നഴ്‌സിങ് പ്രവേശനത്തിനു തലവരി: വിദ്യാർഥികൾക്ക് അവസരം നഷ്ടപ്പെട്ടു
?️സംസ്ഥാനത്തെ സ്വാശ്രയ നഴ്‌സിങ് കോളെജുകളില്‍ ലക്ഷങ്ങൾ തലവരി വാങ്ങുന്നതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ വിദ്യാർഥികളിൽ പലർക്കും അവസരം നഷ്ടമായതായി ആക്ഷേപം. കോളെജ് മാനെജ്മെന്‍റുകൾ സർക്കാരുമായി ഉണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായി 7മുതല്‍ 12ലക്ഷം രൂപ വരെ ക്യാപിറ്റേഷൻ ഫീ ഈടാക്കുന്നതായാണ് പരാതി.ഇതു മൂലം നല്ല മാര്‍ക്കോടുകൂടി പ്ലസ് ടു പാസായ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് നഴ്‌സിങ് ഉപരിപഠനം സ്വപ്‌നമായി അവശേഷിക്കുകയാണ്.
തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് കെഎസ്‌യു ഹൈക്കോടതിയിലേക്ക്
?️തൃശൂർ കേരളവർമ കോളെജ് തെരഞ്ഞെടുപ്പിനിടെ അട്ടിമറി ആരോപിച്ച് കെഎസ്‌യു പ്രവർത്തകർ ഹൈകോടതിയിലേക്ക്. കൊളെജിൽ വീണ്ടും യൂണിയൻ തെരഞ്ഞെടുപ്പു നടത്തണമെന്ന ആവശ്യവുമായാണ് കെഎസ്‌യു ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. റീ കൗണ്ടിങ്ങിനിടെ കറന്‍റുപോയെന്നും ആ സമയത്ത് ബാലറ്റിന്‍റെ എണ്ണം കൂടിയെന്നും കെഎസ്‌യു ആരോപിച്ചു. ഇതിനെതിരേ കോൺഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയിരുന്നു.ചെയർമാൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കെഎസ് യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചുവെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.
22 വർഷമായി നിയമനമില്ലാതെ സ്‌കൂൾ ലൈബ്രേറിയന്‍ തസ്തികകൾ
?️സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ററി സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തികകളിലേക്ക് നിയമനം നടത്താതെ പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തൊട്ടാകെ പതിനായിരത്തോളം ഉദ്യോഗാർഥികളാണ് ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനം കിട്ടുമെന്ന പ്രതീക്ഷയില്‍ കഴിയുന്നത്. കെഇആർ 32 അധ്യായത്തിലും 2001 ഹയർ സെക്കന്‍ററി സ്പെഷ്യൽ റൂൾസിലും ലൈബ്രേറിയന്‍ തസ്തിക വന്നെങ്കിലും 22 വര്‍ഷമായി നിയമനം നടന്നിട്ടില്ല.
തിരുവനന്തപുരത്തു നിന്ന് പുതിയ വിമാന സര്‍വീസുകള്‍
?️ക്വാലാലംപൂര്‍, ബംഗളൂരു, അബുദാബി എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസുകളുള്‍പ്പെടെ കഴിഞ്ഞ വേനല്‍ക്കാല ഷെഡ്യൂളിനേക്കാള്‍ 7 ശതമാനം അധിക പ്രതിവാര ഫ്ളൈറ്റ് ഓപ്പറേഷനുകളോടെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം ശൈത്യകാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ശൈത്യകാല ഷെഡ്യൂള്‍ അടുത്ത മാര്‍ച്ച് 30 വരെ തുടരും. ക്വാലാലംപൂര്‍ പോലുള്ള പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ കൂട്ടിച്ചേര്‍ക്കും. ബംഗളൂരു, അബുദാബി എന്നിവിടങ്ങളിലേക്കുള്ള അധിക സര്‍വീസുകളും പുതിയ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. L
‘കേരളീയം’ ടൈംസ് സ്ക്വയറിലും
?️ കേരളീയത്തിന്‍റെ കേളികൊട്ട് അമേരിക്കയിലെ ടൈംസ് സ്ക്വയറിലും. കേരളത്തിന്‍റെ നേട്ടങ്ങളുടെ ആഘോഷമായി കേരളീയം അനന്തപുരിയില്‍ അരങ്ങുണര്‍ന്നപ്പോഴാണ് അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈംസ് സ്ക്വയറിലെ ബില്‍ ബോര്‍ഡില്‍ ‘കേരളീയത്തി’ന്‍റെ അനിമേഷന്‍ വീഡിയോ പ്രദര്‍ശിപ്പിച്ചത്.
ഇന്ത്യന്‍ സമയം രാവിലെ 10.27നാണ് ടൈം സ്ക്വയറില്‍ കേരളീയം തെളിഞ്ഞത്. ഇതോടെ കേരളീയത്തിന്‍റെ സന്ദേശം വിദേശമണ്ണിലും എത്തിക്കഴിഞ്ഞു.
‘കൗമാര പ്രണയങ്ങളെ കുറ്റകരമാക്കലല്ല പോക്‌സോ നിയമത്തിന്‍റെ ലക്ഷ്യം’; പ്രതിക്ക് ജാമ്യം നൽകി ഹൈക്കോടതി
?️പോക്‌സോ നിയമം ഇപ്പോള്‍ ചൂഷണത്തിനുള്ള ഉപകരണമായി മാറിയിരിക്കുകയാണെന്ന് അലഹാബാദ് ഹൈക്കോടതി.പരസ്പരം സമ്മതത്തോടെയുള്ള പ്രണയ ബന്ധങ്ങള്‍ക്കെതിരെ ഇത് ദുരുപയോഗിക്കപ്പെടുകയാണെന്ന് കോടതി. 18 വയസ്സിനു താഴെയുള്ള കുട്ടികളെ ലൈംഗിക അതിക്രമത്തില്‍നിന്നു സംരക്ഷിക്കാനാണ് അത് ലക്ഷ്യമിടുന്നതെന്നും, അല്ലാതെ കൗമാര പ്രണയത്തെ കുറ്റകരമാക്കലല്ല പോക്‌സോ നിയമത്തിന്‍റെ ലക്ഷ്യമെന്ന് അലഹാബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഉജ്ജയിനിൽ 10 വയസ്സുകാരി ബലാത്സംഗത്തിനിരയായി; പ്രതി അറസ്റ്റിൽ
?️മധ്യപ്രദേശിലെ ഉജ്ജയിനിൽ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് അർധനഗ്നയാക്കി ഉപേക്ഷിച്ചതായി പരാതി. പ്രതിയെ പൊലീസ് പിടി കൂടി. കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് പോക്സോ ആക്റ്റ് അടക്കം വിവിധ വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സുഹൃത്തിന്‍റെ വീട്ടിൽ ഒളിവിലായിരുന്ന പ്രതിയെ ബുധനാഴ്ചയാണ് പൊലീസ് പിടി കൂടിയത്. വീട്ടുസാമഗ്രികൾ അടുക്കുവാൻ സഹായിക്കുന്നതിനായി വീട്ടിലെത്തിയ കുട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
കെജ്‌രിവാൾ ഇഡിക്കു മുന്നിൽ ഹാജരായേക്കില്ല
?️ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇഡിക്കു മുന്നിൽ ഹാജരായേക്കില്ലെന്ന് സൂചന. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിനുള്ള സാധ്യതകൾ ഉള്ളതിനാൽ ചോദ്യം ചെയ്യൽ ഒഴിവാക്കി പകരം മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു റാലിയിൽ കെജ്‌രിവാൾ പങ്കെടുത്തേക്കും.
കളമശേരി സ്ഫോടനം; രാജീവ് ചന്ദ്രശേഖറിനെതിരേ വീണ്ടും കേസ്
?️കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ വീണ്ടും കേസ്. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മത സ്പർധ ഉണ്ടാക്കുകയും സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തെന്ന കോൺഗ്രസ് നേതാവ് പി. സരിന്‍റെ പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വൈക്കം വി.ടി റോഡിൽ നിർമാണപ്രവർത്തനം; ഗതാഗതം നിരോധിച്ചു
?️വൈക്കം വി.ടി റോഡിൽ നിർമാണപ്രവർത്തനം നടക്കുന്നതിനാൽ വൈപ്പിൻപടി മുതൽ കൊച്ചുകവല വഴി ടി.വി പുരം വരെയുള്ള ഭാഗത്ത് വാഹനഗതാഗതം താൽക്കാലികമായി നിരോധിച്ചതായി വൈക്കം പൊതുമരാമത്തുവകുപ്പ് നിരത്തുവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.കൊച്ചുകവല ഭാഗത്തേക്ക് എത്തുന്നതിനായി കണിയാംതോടിനു സമീപമുള്ള റോഡും വലിയകവലയിൽ നിന്ന് മടിയത്തറ സ്‌കൂൾ ഗ്രൗണ്ടിനു പിൻഭാഗത്തുകൂടിയുള്ള റോഡ് ഉപയോഗിക്കണം.
ലീഗിന്‍റെ പ്രതികരണം സ്വാഗതം ചെയ്യുന്നു എന്ന് പി. മോഹനൻ
?️സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സഹകരിക്കുമെന്ന മുസ്ലീം ലീഗിന്‍റെ പ്രതികരണത്തെ സ്വാഗതം ചെയ്ത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും പി. മോഹനൻ പറഞ്ഞു. എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.പലസ്തീൻ വിഷയത്തിൽ ശശി തരൂരിന്‍റെ പ്രതികരണം ആണ് കോൺഗ്രസ് നിലപാടെന്നും അതിനാൽ കോൺഗ്രസിനെ ക്ഷണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ ഒരാൾക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു
?️കർണാടകയിൽ ഒരാൾക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ചിക്കബല്ലപുര ജില്ലയിലെ സിദ്ധ്‌ലഘട്ട മേഖലയിലുള്ള തലകയൽബേറ്റയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കി. കൊതുകു വഴി പകരുന്ന വൈറസാണ് സിക്ക. വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ആരോഗ്യവകുപ്പ് പ്രത്യേക യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്.
കേരളത്തിന് സ്വർണപ്പിറവി ; അഞ്ച് സ്വർണമടക്കം 11 മെഡൽ
?️പിറന്നാൾദിനം ആഘോഷമാക്കി കേരളം. ദേശീയ ഗെയിംസിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി തിളങ്ങി. ഇതോടെ 11 സ്വർണവും 14 വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ 37 മെഡലുമായി ആറാംസ്ഥാനത്തേക്ക് കയറി. ട്രിപ്പിൾജമ്പിൽ എൻ വി ഷീന (13.49 മീറ്റർ) സ്വർണം നേടി. തൃശൂർ ചേലക്കരക്കാരിയുടെ മൂന്നാമത്തെ ദേശീയ ഗെയിംസ് സ്വർണമാണ്. നയന ജയിംസിനാണ് വെള്ളി (13.18 മീറ്റർ). പിന്റോ മാത്യുവാണ് ഇരുവരുടെയും പരിശീലകൻ.
വാങ്കഡെയിൽ ഇന്ത്യൻ മിന്നലാക്രമണം; 55ന് ശ്രീലങ്ക പുറത്ത്
?️ഇന്ത്യൻ ബൗളിംഗ് കരുത്തിൽ തരിപ്പണമായി ശ്രീലങ്ക. 358 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 19.4 ഓവറിൽ 55 റൺസിന് പുറത്ത്. ഇന്ത്യൻ ജയം 302 റൺസിന്. തുടക്കം മുതൽ ശ്രീലങ്കൻ ബാറ്റർമാർ ഇന്ത്യയ്ക്കു മുന്നിൽ പതറുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്‍റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തിൽ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തു. അവസാന ഓവറുകളിലെ ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവും ഇന്ത്യയ്ക്ക് കരുത്തായി.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5650 രൂപ
പവന് 45200 രൂപ