കളമശേരി സ്ഫോടനം: ഐസിയുവിൽ 16 പേർ, 3 പേരുടെ നില അതീവ ഗുരുതരം
?️കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് നിലവിൽ ചികിത്സയിലുള്ളത് 21 പേരെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഇതിൽ 16 പേർ ഐസിയുവിലാണ്. മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. പരിക്കേറ്റ അഞ്ച് പേർ വാർഡുകളിലാണ് ചികിത്സയിലുള്ളത്. ഇവിടെയുള്ള 14 വയസുള്ള കുട്ടിയെ ഐസിയുവിലേക്ക് മാറ്റും. കുട്ടിക്ക് 10 ശതമാനമാണ് പൊള്ളലേറ്റത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരു രോഗിയെ സ്കിൻ ഗ്രാഫ്റ്റിങ്ങിനും നൂതന ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
ഡൊമിനിക് മാർട്ടിന്റെ പുതിയ വെളിപ്പെടുത്തലുകൾ
?️കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥനാ യോഗത്തിൽ പങ്കെടുക്കരുതെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നതായി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിൻ പൊലീസിനോട് വെളിപ്പെടുത്തി. ഭാര്യയുടെ അമ്മയടക്കമുള്ളവരെ യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന് പ്രതി ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി പല തവണ ഭാര്യയെ ഫോൺ ചെയ്തിരുന്നതായും പ്രതി സമ്മതിച്ചിട്ടുണ്ട്. സ്ഫോടനത്തിനു കുറച്ചു മുൻപു വരെ ഭാര്യമാതാവിനെ യോഗത്തിൽ നിന്നും വിലക്കാൻ ആവശ്യപ്പെടുന്നതിനായി മാർട്ടിൻ ഭാര്യയുടെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ആ ഫോൺ കോൾ ഭാര്യ എടുത്തിരുന്നില്ല.
3 സംസ്ഥാനങ്ങളിൽ യഹോവാ സാക്ഷി സമ്മേളനങ്ങൾ നിർത്തിവച്ചു
?️കളമശേരിയിലെ കൺവൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായതിന്റെ പശ്ചാത്തലത്തിൽ ഇതിയൊരറിയിപ്പുണ്ടാകുന്നതു വരെ യഹോവാ സാക്ഷി പ്രാർഥനാ സംഗമങ്ങൾ താത്കാലികമായി നിർത്തിവച്ചു. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാള്‍സ് പ്രാര്‍ഥനാ സംഗമങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതായാണ് വിശ്വാസി കൂട്ടായ്മ അറിയിച്ചിരിക്കുന്നത്.
യുദ്ധം സിറിയയിലേക്കും വ്യാപിക്കുന്നു
?️ഇസ്രയേൽ–- ഹമാസ് യുദ്ധം അയൽരാജ്യമായ സിറിയയിലേക്കും വ്യാപിക്കുന്നതായിഐക്യരാഷ്ട്ര സംഘടന. സിറിയയിലെ യുഎന്നിന്റെ പ്രത്യേക ദൂതൻ ഗെയ്ർ പെഡേഴ്സെൻ രക്ഷാസമിതി യോഗത്തിലാണ് ഇത് പറഞ്ഞത്. 12 വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിനു പുറമെ, സിറിയൻ ജനങ്ങൾ ഇപ്പോൾ ഇസ്രയേലുമായി യുദ്ധമുണ്ടാകുമെന്ന ഭീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.സിറിയയിലെ അലെപ്പോ, ഡമാസ്കസ് വിമാനത്താവളങ്ങളിലേക്ക് ഇസ്രയേൽ നിരവധി തവണ ആക്രമണം നടത്തിയിരുന്നു. വിവിധ സൈനിക കേന്ദ്രങ്ങളിലേക്ക് അമേരിക്കയും വ്യോമാക്രമണം നടത്തി. നാൾക്കുനാൾ സ്ഥിതിഗതികൾ മോശമായി വരികയാണെന്നും ഗെയ്ർ പെഡേഴ്സെൻ പറഞ്ഞു.
താരപ്പകിട്ടിൽ കേരളീയം 2023ന് തുടക്കം
?️കേരളപ്പിറവി ആഘോഷങ്ങളുടെ നിറവിൽ സംസ്ഥാനം. ആഘോഷങ്ങളുടെ ഭാഗമായി സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023ന് തിരുവനന്തപുരത്ത് വർണാഭമായ തുടക്കം. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളാണ് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. കവടിയാർ മുതൽ കിഴക്കേ കോട്ടവരെയുള്ള 42 വേദികളിലായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. നവകേരളത്തിന്റെ രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകൾ വിവിധ വേദികളിലായി അവതരിപ്പിക്കും. രാവിലെ 10 മുതൽ വൈകിട്ട് 10 വരെയായിരിക്കും പരിപാടികൾ.
കേരളീയം 2023 വേദിയിൽ മുഖ്യമന്ത്രിക്കൊപ്പം മോഹൻലാലിന്റെ ‘താര സെൽഫി’!
?️കേരളീയം 2023 വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു താരങ്ങൾക്കുമൊപ്പം സെൽഫിയെടുത്ത് മോഹൻലാൽ. മമ്മൂട്ടി, കമൽഹാസൻ, ശോഭന എന്നിവരാണ് ഫ്രെയിമിലുള്ളത്. നാളത്തെ കേരളം എന്ന ചിന്തയാണ് കേരളീയം മുന്നോട്ടു വയ്ക്കുന്നതെന്ന് കേരളീയത്തിന് ആശംസകൾ നേർന്നു കൊണ്ടുള്ള പ്രസംഗത്തിൽ മോഹൻലാൽ പറഞ്ഞു.
കേരളീയത്തിന്റെ അംബാസഡർമാരായ കമൽഹാസൻ, മമ്മൂട്ടി, ശോഭന എന്നിവർക്കൊപ്പം അടുത്ത വർഷത്തെ കേരളീയത്തിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രിക്കൊരു സെൽഫി എടുക്കുന്നുവെന്ന പറഞ്ഞു കൊണ്ടാണ് മോഹൻലാൽ സെൽഫിയെടുത്തത്.
‘നോ ബോഡി ടച്ചിങ്, പ്ലീസ്…’; മാധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി
?️മാധ്യമ പ്രവർത്തകരെ പരിഹസിച്ച് നടനും രാഷ്ട്രീയപ്രവർത്തകനുമായ സുരേഷ് ഗോപി. ചോദ്യം ചോദിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ‘നോ ബോഡി ടച്ചിങ്, പ്ലീസ്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. അകലം പാലിച്ചു നിൽക്കണം എന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചില്ല.
അതേസമയം, വഴി തടഞ്ഞാല്‍ താനും കേസ് കൊടുക്കുമെന്ന് സുരേഷ് ഗോപി തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമങ്ങള്‍ മുന്നിലെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ
?️സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ . സർക്കാർ സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നു പോവുന്നതെന്നും ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കേസിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ പറഞ്ഞു. നാടിനെ മോശമാക്കുന്നതാണ് സർക്കാരിന്റെ സത്യവാങ്മൂലമെന്ന് കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.കെഎസ്ആർടിസിക്ക് നൽകിയ 360 കോടി രൂപ തിരികെ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെടിഡിഎഫ്സി സർക്കാരിനെ അറിയിച്ചു. ആ തുക നിലവിൽ പലിശയടക്കം 900 കോടിയിലെത്തി. എന്നാൽ പണം നൽകാനില്ലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. തുടർന്ന് സർക്കാർ തന്നെ തുക നൽകണമെന്ന് കെടിഡിഎഫ്സി ആവശ്യപ്പെടുകയായിരുന്നു.
ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ബൊളീവിയ
?️ ഇസ്രയേലുമായി എല്ലാ മേഖലയിലുമുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതായി ബൊളീവിയ. ഇതിനു പുറമേ കൊളംബിയയും ചിലെയും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന മനുഷത്വ രഹിതമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തങ്ങളുടെ നടപടിയെന്ന് ബൊളിവിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗാസയ്ക്ക് ആവശ്യമായ മാനുഷിക സഹായം നല്‍കുമെന്നും ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ബൊളീവിയ പ്രസിഡൻസി മന്ത്രി മരിയ നെല പ്രദ ആവശ്യപ്പെട്ടു.
എഴുത്തച്ഛൻ പുരസ്കാരം ഡോ. എസ്.കെ. വസന്തന്
?️സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം ഭാഷാ ഗവേഷകനും എഴുത്തുകാരനും അധ്യാപകനുമായ ഡോ.എസ്.കെ വസന്തന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. അനിൽ വള്ളത്തോൾ, ഡോ. ധർമരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ.പി സോമൻ, സിപി അബൂബക്കർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. നിരൂപകൻ, പ്രഭാഷകൻ, വിവർത്തകൻ, നോവലിസ്റ്റ്, കഥാകാരൻ, ബഹുഭാഷാപണ്ഡിതൻ, ഭാഷാചരിത്രകാരൻ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എസ്.കെ വസന്തൻ അൻപതോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ശാസ്ത്രസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.
കേരള ജ്യോതി പുരസ്കാരം കഥാകൃത്ത് ടി പത്മനാഭന്
?️സംസ്ഥാന സര്‍ക്കാരിൻ്റെ കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ കേരള ജ്യോതി പുരസ്കാരം കഥാകൃത്ത് ടി പത്മനാഭന്. സാഹിത്യമേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പത്മനാഭൻ പുരസ്കാരത്തിന് അർഹനായത്. അടൂര്‍ ഗോപാലകൃഷ്ണന്, കെ ജയകുമാര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ അവാര്‍ഡ് സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
1272 പേർ കൂടി കേരള പൊലീസിലേക്ക്
?️കേരള പൊലീസിൽ പുതിയതായി നിയമനം ലഭിച്ച 1272 പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൊലീസ് ട്രെയ്നിങ് കോളെജിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഉദ്ഘാടനം ചെയ്തു. 197 വനിതകളും ഇവരിൽ പെടുന്നു.മലബാർ സ്പെഷ്യൽ പൊലീസ്, കേരള ആംഡ് പൊലീസിന്റെ വിവിധ ബറ്റാലിയനുകൾ, എസ്എപി, ഇന്ത്യാ റിസർവ് ബറ്റാലിയൻ, കേരള പൊലീസ് അക്കാഡമി തുടങ്ങി 9 കേന്ദ്രങ്ങളിലാണ് പരിശീലനം.
തിയെറ്റർ റിവ്യൂ അനുവദിക്കില്ല; നിലപാടു കടുപ്പിച്ച് നിർമാതാക്കൾ
?️സിനിമ റിവ്യൂ ബോംബിങ്ങിനെതിരേ കടുത്ത നിലപാടെടുത്ത് നിർമാതാക്കൾ. തിയെറ്റർ റിവ്യൂ അനുവദിക്കില്ലെന്നു നിർമാതാക്കൾ വ്യക്തമാക്കി. പ്രമോഷൻ പരിപാടികളിൽ അക്രഡിറ്റേഷൻ നിർബന്ധമാക്കും. അവരെ മാത്രമേ സിനിമ പ്രമോഷനുകളിൽ പങ്കെടുപ്പിക്കൂവെന്ന് നിർമാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു.
ഗർഭിണിയായിരിക്കെ ഹൃദയാഘാതം; സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു, കുഞ്ഞ് ഐസിയുവിൽ
?️സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു. എട്ടു മാസം ഗർഭിണിയായിരുന്ന പ്രിയ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ സമയത്ത് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. അടിയന്തര ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്ത കുഞ്ഞ് ഇപ്പോൾ ഐസിയുവിൽ തുടരുകയാണ്. സീരിയൽ താരം കിഷോർ സത്യയാണ് സമൂഹ മാധ്യമത്തിലൂടെ പ്രിയയുടെ മരണവാർത്ത പങ്കു വച്ചത്. കറുത്ത മുത്ത് സീരിയലിൽ പ്രിയ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ബംഗളൂരു സ്വദേശിയായ പ്രിയ ഭർത്താവിനും അമ്മയ്ക്കും മകൾക്കുമൊപ്പം പൂജപ്പുരയിലാണ് താമസിച്ചിരുന്നത്. എംഡി ചെയ്തു കൊണ്ടിരിക്കവേയാണ് മരണം.
കോളെജ് അധികൃതരുടെ പീഡനമെന്ന് ആരോപണം; കളമശേരി പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
?️കളമശ്ശേരി ഗവണ്മെന്റ് പോളിടെക്നിക് കോളജില്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. പനങ്ങാട് സ്വദേശിയും മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമായ പ്രജിത്തിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജ് അധികൃതരുടെ പീഡനം മൂലമാണ് ആത്മഹത്യയെന്ന് ആരോപണം. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.
ആപ്പിൾ ഫോൺ നിർമാതാക്കളെ വിളിച്ചു വരുത്താൻ പാർലമെന്ററി സമിതി
?️ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് ആപ്പിൾ ഫോൺ നിർമ്മാതാക്കളെ വിളിച്ചു വരുത്താൻ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി. ഐടി മന്ത്രാലയത്തിനു കീഴിലുള്ള പാനലാണ് ആപ്പിൾ നിർമ്മാതാക്കൾക്ക് സമൻസ് അയക്കാൻ തീരുമാനിച്ചത്. അതേസമയം തൃണമൂൽ എംപി മഹുവ മൊയിത്ര ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ കത്തു നൽകി. ഫോൺ ചോർത്തൽ വിവാദത്തിനു പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടതായി ഐടി മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.
മറാഠാ സംവരണ പ്രക്ഷോഭം ആളിപ്പടരുന്നു
?️മഹാരാഷ്ട്രയിൽ മറാഠാ സംഭവരണ പ്രക്ഷോഭക്കാർ എൻസിപി മന്ത്രിയുടെ കാർ തകർത്തു. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹസൻ മുഷ്രിഫിന്റെ കാറാണ് പ്രതിഷേധക്കാർ തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് കാറിന് നേരെ ആക്രമണമുണ്ടായത്. വടികളുമായെത്തിയ പ്രതിഷേധക്കാർ കാർ അടിച്ചുതകർക്കുകയായിരുന്നു. സംഭവ സമയത്ത് മന്ത്രി കാറിലുണ്ടായിരുന്നില്ല. ഏക് മറാഠാ, ലാഖ് മറാഠാ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു ആക്രമണം.
കലാ ഗവേഷകയും സംഗീതജ്ഞയുമായ ഡോ. ലീല ഓംചേരി അന്തരിച്ചു
?️സംഗീതജ്ഞയും കലാ ഗവേഷകയും അധ്യാപികയുമായ ഡോ. ലീല ഓംചേരി(93) അന്തരിച്ചു. കലാരംഗത്ത് നല്കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം 2009ല്‍ പത്മശ്രീ നല്കി ആദരിച്ച ലീല ഓംചേരി ക്ലാസിക്കല്‍ കലാരൂപങ്ങളെ കുറിച്ച് അനേകം ഗവേഷണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രശസ്ത നാടകകൃത്ത് ഓംചേരി എന്‍ എന്‍ പിള്ളയാണ് ലീല ഓംചേരിയുടെ ഭര്‍ത്താവ്. ഡല്‍ഹിയിലെ കലാസാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ലീല ഓംചേരി.
കരുവന്നൂർ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു
?️കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ്. 12,000 അധികം പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 55 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. ബാങ്ക് മുൻ കമീഷൻ ഏജന്റ് ബിജോയ് ആണ് ഒന്നാം പ്രതി. എറണാകുളം പിഎംഎൽഎ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്.
സ്വവർഗ വിവാഹം; സുപ്രീംകോടതി വിധിക്കെതിരേ പുനഃപരിശേധന ഹർജി
?️സ്വവർഗ വിവാഹത്തിന്റെ നിയമസാധുതയില്ലെന്ന സുപ്രീംകോടതി വിധിക്കെതിരേ പുനഃപരിശേധനാ ഹർജി. അഞ്ചംഗ സുപ്രീകോടതി ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി. നേരത്തെ സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജി കോടതി തള്ളിയിരുന്നു. പാർലമന്റിന്റെ അദികാരപരിധിയിൽ വരുന്ന കാര്യമാണെന്നും ഇതിൽ കടന്നു കയറാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ നിലപാട്.
ഹർജിയുമായി കോടതിയെ സമീപിച്ചയാള്‍ക്ക് തടവ് ശിക്ഷ
?️ഹര്‍ജി തള്ളി വിധി പ്രസ്താവിച്ച ജഡ്ജിയെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും കോടതിയെ സമീപിച്ചയാള്‍ക്ക് 6 മാസം തടവും പിഴയും വിധിച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യദ്രോഹവും അപകീര്‍ത്തിപരവുമായ വിധിയാണ് പ്രസ്താവിച്ചതെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കുകയും ഡിവിഷന് ബെഞ്ചിന് മുമ്പാകെ അപ്പീല്‍ ഫയല്‍ ചെയ്യുകയും ചെയ്ത നരേഷ് ശര്‍മ എന്നയാള്‍ക്കെതിരേയാണ് കോടതിയലക്ഷ്യ കേസിന് ശിക്ഷ വിധിച്ചത്.
സർക്കാർ മേഖയിൽ 1020 ബിഎസ്സി നഴ്സിങ് സീറ്റുകൾ കൂടി അനുവദിച്ചു
?️സംസ്ഥാനത്ത് സർക്കാർ, സർക്കാർ നിയന്ത്രിത മെറിറ്റ് സീറ്റുകളായി 5627 ബിഎസ്സി നഴ്സിങ് സീറ്റുകളിലേയ്ക്ക് ക്ലാസുകള്‍ ആരംഭിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ 60 സീറ്റ് വീതമുള്ള പുതിയ നഴ്സിങ് കോളെജുകളും തിരുവനന്തപുരം സര്‍ക്കാര്‍ നഴ്സിങ് കോളെജിനോട് അനുബന്ധിച്ച് 100 സീറ്റുള്ള ഒരു അധിക ബാച്ച് ജനറല്‍ ആശുപത്രി ക്യാംപസിലെ പുതിയ ബ്ലോക്കിലും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴില്‍ നെയ്യാറ്റിന്‍കര, വര്‍ക്കല, കോന്നി, നൂറനാട്, ധര്‍മ്മടം, തളിപ്പറമ്പ്, താനൂര്‍ എന്നിവടങ്ങളില്‍ 60 സീറ്റ് വീതമുള്ള നഴ്സിങ് കോളെജുകളും ആരംഭിച്ചു.
ജെറ്റ് എയർവെയ്സിന്റെ 538 കോടിയുടെ വസ്തുവകകൾ കണ്ടുകെട്ടി
?️പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയർവെയ്സിന്റെ 538 കോടിയുടെ വസ്തുവകകൾ കണ്ടു കെട്ടി. കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ഇഡി ഡയറക്ടറുടേതാണ് നടപടി. ഫ്ലാറ്റുകൾ, ബംഗ്ലാവുകൾ, വാണിജ്യ കെട്ടിടങ്ങൾ തുടങ്ങിയവയാണ് കണ്ടു കെട്ടിയത്. കമ്പനി ജീവനക്കാരുടെ പേരിൽ രജിസ്റ്റർ ചെയ്ത വസ്തു വകകളാണ് കണ്ടുകെട്ടിയത്. ഇതിൽ ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെയും ഭാര്യയുടേയും മകന്റേയും പേരിലുള്ള വസ്തു വകകളും ഉൾപ്പെടുന്നു.
പങ്കാളിത്ത പെൻഷനിൽ വിശദ പരിശോധനയ്ക്ക് സംസ്ഥാന സർക്കാർ
?️സർക്കാർ ജീവനക്കാർക്കായി സംസ്ഥാനത്ത് 2013 ൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷനിൽ വീണ്ടും വിശദ പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് മൂന്നംഗ സമിതിക്ക് ചുമതല നൽകി. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, ധന-നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചേർന്ന സമിതിക്കാണ് രൂപം നൽകിയത്.
ചൈനയുമായി താരതമ്യം ചെയ്യാൻ കെൽപ്പുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം; അമർത്യ സെൻ
?️ചൈനയുമായി താരതമ്യം ചെയ്യാനാവുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നോബേൽ ജേതാവുമായി പ്രഫ. അമർത്യ സെൻ. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിൽ കേരളം വലിയ വിജയം കൈവരിച്ചിട്ടുണ്ടെന്നും ചൈനയുമായി താരതമ്യം ചെയ്യാനും ഒരു പക്ഷെ തോൽപ്പിക്കാനും കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്നായിരിന്നു അദ്ദേഹം പറഞ്ഞത്. കേരളീയം ഉദ്ഘാടന വേദിയിൽ വിഡിയോ വഴി ആശംസ നേരുകയായിരുന്നു അദ്ദേഹം.
ഇടുക്കി ഡീലേഴ്സ് സഹകരണ സൊസൈറ്റി ക്രമക്കേട്; 13 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
?️ നെടുങ്കണ്ടം ആസ്ഥാനമായുള്ള ഇടുക്കി ജില്ലാ ഡീലേഴ്സ് സഹകരണ സൊസൈറ്റിയിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് കേസെടുത്ത് വിജിലൻസ്. മുൻ ഡി.സി.സി.അധ്യക്ഷൻ ഇബ്രാഹീംകുട്ടി കല്ലാർ ഉൾപ്പെടെ 13 പേർക്കെതിരെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്ന് നാലരക്കോടി രൂപ തട്ടിയെന്നാണ് കേസ്. 2021 മുതൽ 22 വരെയുള്ള കാലയളവിലാണ് നാലരക്കോടിയുടെ രൂപയുടെ ക്രമക്കേട് കണ്ടെത്തുന്നത്. ആകെ 36 കോടി രൂപയുടെ ക്രമക്കേട് ബാങ്കിൽ നടന്നിട്ടുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ചു അന്വേഷണം നടത്തുന്നുണ്ട്. ഇതിനൊപ്പമാണ് വിജിലൻസും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പീഡന പരാതി: വ്ളോഗർ മല്ലു ട്രാവലറിന് ജാമ്യം
?️സൗദി യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന വ്ളോഗർ ഷാക്കിർ സുബ്ഹാന് ഹൈക്കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേസിനെപ്പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ പരാമര്‍ശങ്ങളൊന്നും പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്.
തെരുവുനായ കേസ്: നാല് കോർപ്പറേഷനുകളെ ഒഴിവാക്കി സുപ്രീംകോടതി
?️കേരളം ആവശ്യപ്പെട്ടതിനെ തുടർന്ന് തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനത്തെ നാല് കോർപറേഷനുകളെ ഒഴിവാക്കി സുപ്രീംകോടതി. കൊച്ചി, തൃശൂർ, കൊല്ലം, കോഴിക്കോട് എന്നീ കോർപ്പറേഷനുകളെയാണ് ഒഴിവാക്കിയത്.കേസിലെ നടപടികൾ വൈകിപ്പിക്കുന്നതിനാലാണ് കക്ഷികളുടെ പട്ടികയിൽ നിന്ന് ചില കോർപറേഷനുകളെയും പഞ്ചായത്തുകളെയും നീക്കാൻ സംസ്ഥാനം കോടതിയോട് ആവശ്യപ്പെട്ടത്. തുടർന്ന് കേസിൽ നിന്നും നാല് കോർപറേഷനുകളെ ഒഴിവാക്കുകയായിരുന്നു. ഇതിന് പുറമേ ചില പഞ്ചായത്തുകളെയും ഗ്രാമപഞ്ചായത്തുകളെയും കേസിൽ നിന്ന് സുപ്രീംകോടതി ഒഴിവാക്കിയിട്ടുണ്ട്.
വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിങ് വേണ്ട: ഹൈക്കോടതി
?️തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ മൈതാനത്ത് സിനിമാ ഷൂട്ടിങ് വേണ്ടെന്ന് ഹൈക്കോടതി. സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയാൽ ഭക്തർക്ക് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. ക്ഷേത്ര മൈതാനത്തെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് സിനിമാ നിർമാതാവ് നൽകിയ ഹർജിയിലാണ് പരാമർശം. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിർമാതാവ് ദേവസ്വം ബോർഡിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ അപേക്ഷ ദേവസ്വം കമ്മിഷണർ നിരസിച്ചു. ഇതിനെതിരേയാണ് നിർമാതാവ് ഹൈക്കോടതിയെ സമീപിച്ചത്.ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ കൊച്ചിൻ ദേവസ്വം ബോർഡിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ലോങ്ജമ്പിൽ ആൻസിക്ക് സ്വർണവും നയനയ്ക്ക് വെള്ളിയും
?️ആൻസി പറന്നിറങ്ങിയത് സ്വർണത്തിലേക്ക്, 6.53 മീറ്റർ. ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേത്രി ആൻസി സോജന് ദേശീയ ഗെയിംസ് ലോങ്ജമ്പിൽ ഒന്നാംസ്ഥാനം. ആദ്യചാട്ടത്തിൽ 6.37 മീറ്ററോടെ മുന്നിലെത്തി. രണ്ടാംഅവസരത്തിൽ 6.16 മീറ്റർ. മൂന്നാംശ്രമം 6.51 മീറ്ററായി ഉയർന്നു. നാലാംശ്രമത്തിൽ 6.37 മീറ്റർ. അഞ്ചാമത്തേതാണ് സ്വർണം ഉറപ്പിച്ച ദൂരം. അവസാനം 6.50 മീറ്ററിൽ അവസാനിപ്പിച്ചു. തൃശൂർ നാട്ടിക സ്വദേശിയാണ്. അനൂപ് ജോസഫാണ് പരിശീലകൻ. ആൻസിക്ക് കടുത്ത വെല്ലുവിളി ഉയർത്തി നയന ജയിംസ് (6.52 മീറ്റർ) വെള്ളി നേടി. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയാണ്. 4 x 100 റിലേയിൽ വനിതാ ടീം വെള്ളിയും പുരുഷ ടീം വെങ്കലവും നേടി. ഡെക്കാത്ലണിൽ തൗഫീഖ് നൗഷാദിന് വെങ്കലം ലഭിച്ചു (6755 പോയിന്റ്).
ഫോർമുല വൺ ; വെസ്തപ്പൻ ചാമ്പ്യൻ
?️ഫോർമുല വൺ കാറോട്ടത്തിൽ മാക്സ് വെസ്തപ്പൻ ജൈത്രയാത്ര തുടരുന്നു. മെക്സിക്കോ ഗ്രാൻപ്രിയും ജയിച്ചു. ഇതോടെ ഈ സീസണിൽ 19 ഗ്രാൻപ്രികളിൽ പതിനാറിലും ചാമ്പ്യനായി. റെഡ്ബുൾ ഡ്രൈവറായ ഇരുപത്താറുകാരൻ ഈ സീസണിൽ നേരത്തേ ഓവറോൾ കിരീടം നേടിയിരുന്നു. മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടനാണ് രണ്ടാംസ്ഥാനം. ഈ സീസണിൽ 22 ഗ്രാൻപ്രികളാണുള്ളത്. ഇനി മൂന്നെണ്ണം ബാക്കിയുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്ക് വമ്പൻ ജയം; പോയിന്റ് പട്ടികയിൽ ഒന്നാമത്
?️ലോകകപ്പിൽ തീപാറും പോരാട്ടമെന്ന് പ്രതീക്ഷിച്ചിരുന്ന മത്സരം തികച്ചും ഏകപക്ഷീയമായി. പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ ദക്ഷിണാഫ്രിക്ക അനായാസം ജയം സ്വന്തമാക്കി. ന്യൂസിലൻഡിനെ 190 റൺസിനാണ് അവർ തകർത്തത്. ടേസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 358 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 35.3 ഓവറിൽ 167 റൺസിന് പുറത്തായി.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5640 രൂപ
പവന് 45120 രൂപ