[01.11.2023]
കേരളപ്പിറവി ആശംസകളുമായി ഗവര്‍ണർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്
?️ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കേരളപ്പിറവി ആശംസകൾ നേര്‍ന്നു. നമ്മുടെ സംസ്ഥാനത്ത് വികസനവും സമഗ്ര പുരോഗതിയും ഉറപ്പാക്കാനും സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും വേണ്ടി നമുക്കൊരുമിച്ച് പ്രയത്നിക്കമെന്ന് ഗവർണർ പറഞ്ഞു. കേരളപ്പിറവിക്കായി പോരാടിയവരുടെ സ്വപ്നങ്ങള്‍ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദര്‍ഭം കൂടിയാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെയാകെ തകര്‍ക്കാന്‍ കാത്തിരിക്കുന്ന ശക്തികള്‍ക്കെതിരേ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന ഓര്‍മപ്പെടുത്തലാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ നല്കുന്നതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
മധ്യപ്രദേശിൽ കോൺഗ്രസിന് ആധികാരിക ജയം പ്രവചിച്ച് സർവെ ഫലങ്ങൾ
?️മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആധികാരിക വിജയമുണ്ടാവുമെന്ന് സർവെ. കോൺഗ്രസ് 146 വരെ സീറ്റുകൾ നേടുമെന്നാണ് സീ ന്യൂസ് സർവ്വെ. 84 മുതല്‍ 98 വരെ സീറ്റിലേക്ക് ബിജെപി ചുരുങ്ങുമെന്നും മറ്റുള്ളവര്‍ അഞ്ച് വരെ സീറ്റ് നേടുമെന്നും സര്‍വ്വെ പറയുന്നു. കോണ്‍ഗ്രസ് 46 ശതമാനവും ബിജെപി 43 ശതമാനവും മറ്റുള്ളവര്‍ 11 ശതമാനവും വോട്ട് നേടുമെന്ന് സര്‍വ്വെ ഫലം.
കളമശേരി സ്ഫോടനം: കേസ് സ്വയം വാദിക്കാൻ പ്രതി മാർട്ടിൻ
?️കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 29 വരെ റിമാൻഡ് ചെയ്തു. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. കേസ് അതീവ ഗൗരവമുള്ളതാണെന്നു കോടതി നിരീക്ഷിച്ചു. തനിക്ക് അഭിഭാഷകന്‍റെ സേവനം വേണ്ടെന്നു ഡൊമിനിക്ക് മാർട്ടിന്‍ കോടതിയില്‍ പറഞ്ഞു. കേസ് സ്വയം വാദിക്കാമെന്നും, തന്‍റെ ആശയങ്ങൾ താൻ തന്നെ വിശദീകരിച്ചുകൊള്ളാമെന്നും അറിയിച്ചു. കൺവെൻഷൻ സെന്‍ററിലും അത്താണിയിലെ വീട്ടിലുമടക്കം തെളിവെടുപ്പിന് ശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. ബോംബ് നിർമിച്ചത് മാർട്ടിൻ തനിച്ചാണെന്നും പ്രതി അതീവ ബുദ്ധിശാലിയാണെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.
‘കൃത്യം നടത്തിയത് പ്രതി ഒറ്റയ്ക്ക്’
?️കളമശേരി സ്‌ഫോടന കേസിൽ ഡൊമിനിക്ക് മാത്രമാണ് പ്രതിയെന്നുറപ്പിച്ച് പൊലീസ്. മാർട്ടിന്‍റെ അത്താണിയിലെ ഫ്ലാറ്റിൽ തെളിവെടുപ്പ് പൂർത്തിയായതായും പ്രതിയുടെ പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് തീരുമാനമെന്നും പൊലീസ് അറിയിച്ചു. അത്താണിയിലെ ഫ്ലാറ്റിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. കൂടുതൽ തെളിവുകൾ അന്വേഷണസംഘം ശേഖരിക്കുകയാണ്. കെട്ടിടത്തിന്‍റെ മുകളിലെ മുറിയിൽ നിന്നായി ഐഇഡി നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണ പരിധിയിൽ മാർട്ടിന്‍റെ ഗ്രിൽഡ് ചിക്കൻ വരെ
?️കളമശേരിയിലെ കൺവെൻഷൻ സെന്‍ററിൽ യഹോവയുടെ സാക്ഷികളുടെ കൂട്ടായ്മയ്ക്കിടയിൽ ബോംബാക്രമണം നടത്തുന്നതിന് ഏതാനും ദിവസം മുൻപ് ഡൊമിനിക് മാർട്ടിൻ തമ്മനത്തെ വീട്ടുടമ ബി.എ. ജലീലിനോട് പറഞ്ഞു: “വീടിന് മുകൾ ഭാഗത്ത് നിന്നു പുക കണ്ടാൽ സംശയിക്കരുത്, ചിക്കൻ ഗ്രിൽ ചെയ്യുന്നതാണ്’.അപ്പോൾ ജലീൽ ചിന്തിച്ചതേയില്ല, രാജ്യത്തെ ഞെട്ടിച്ച സ്ഫോടനത്തിനുള്ള തയാറെടുപ്പുകളാണ് നടത്തുന്നതെന്ന്. സ്ഫോടനത്തിന് രണ്ടു ദിവസം മുൻപാണ് വീടിനു മുന്നിൽ വച്ച് ജലീൽ മാർട്ടിനെ കണ്ടത്. കൈയിൽ ബാർബിക്യു ചിക്കനുമുണ്ടായിരുന്നു.
”വെടിനിർത്തൽ പ്രഖ്യാപിക്കില്ല:ബെഞ്ചമിൻ നെതന്യാഹു
?️ഇസ്രയേൽ – ഹമാസ് യുദ്ധം കനക്കുന്നതിനിടെ വെടിനിർത്തൽ പ്രഖ്യാപിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഹമാസിനു മുന്നിൽ കീഴടങ്ങലാകുമെന്നും അദ്ദേഹം പറഞ്ഞു. ”വെടിനിർത്തലിനുവേണ്ടിയുള്ള ആഹ്വാനം ഹമാസിനു മുന്നിൽ കീഴടങ്ങാനുള്ള ഇസ്രയേലിനോടുള്ള ആഹ്വാനമാണ്. അത് സംഭവിക്കില്ല, വിജയിക്കും വരെ ഇസ്രയേൽ പോരാടും”- എന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലേക്ക് ദിവസവും 100 ട്രക്കുകൾക്ക് പ്രവേശനാനുമതി നൽകി ഇസ്രയേൽ
?️യുദ്ധക്കെടുതികള്‍ രൂക്ഷമായ ഗാസയിലേക്ക് ഓരോ ദിവസവും സഹായവുമായെത്തുന്ന 100 ട്രക്കുകള്‍ക്ക് അനുമതി നല്‍കി ഇസ്രയേല്‍. അമെരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ നടത്തിയ നയതന്ത്ര ഇടപെടലുകള്‍ക്കു ശേഷമാണ് ഈ തീരുമാനം. ഗാസയിലേക്കു സഹായവുമായി വരുന്ന ട്രക്കുകളെ നിയന്ത്രിക്കുന്നതു മൂലം അവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്നില്ലെന്ന് യുഎന്‍ ഏജന്‍സി ഫൊര്‍ പലസ്തീന്‍ റെഫ്യൂജീസ് (യുഎന്‍ആര്‍ഡബ്ല്യുഎ) വ്യക്തമാക്കിയിരുന്നു.
ബസ് പണിമുടക്കിൽ ജനം വലഞ്ഞു
?️സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സംയുക്തമായി ചൊവ്വാഴ്ച നടത്തിയ സൂചനാ പണിമുടക്കിൽ ജനം വലഞ്ഞു. സർക്കാർ നിർദേശങ്ങളിലെ എതിർപ്പുകളും വിദ്യാര്‍ഥി കണ്‍സഷന്‍ നിരക്ക് വര്‍ധന അടക്കമുള്ള വിവിധ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പണിമുടക്ക്. യാത്രാക്ലേശം മറികടക്കാന്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തിയെങ്കിലും മലയോര മേഖലയിലടക്കം യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി. സ്വകാര്യ ബസുകൾ കാര്യമായി സർവീസ് നടത്തുന്ന മലബാറിലെ മലയോര മേഖലകളെയാണു സമരം കാര്യമായി ബാധിച്ചത്.
കൊവിഡ് ടെസ്റ്റിനു ശേഖരിച്ച വിവരങ്ങൾ ചോർന്നു?
?️എൺപത്തൊന്നരക്കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുത്തതായി ഹാക്കറുടെ അവകാശവാദം. ഇതു സത്യമാണെങ്കിൽ, ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡേറ്റ ചോർച്ചയായിരിക്കും ഇത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസെർച്ച് (ഐസിഎംആർ) ഡേറ്റാബേസിൽ നിന്നാണ് വിവരങ്ങൾ ചോർത്തിയതെന്നാണ് അജ്ഞാത ഹാക്കർ അവകാശപ്പെടുന്നത്. എന്നാൽ, ഇതിനൊപ്പം ആരോഗ്യപരമായ വിവരങ്ങൾക്കൊപ്പം, ആധാർ കാർഡ് വിവരങ്ങളും പാസ്പോർട്ട് വിശദാംശങ്ങളും കൈക്കലാക്കിയിട്ടുണ്ടാകാൻ സാധ്യതയുണ്ട്.
ഫോൺ ചോർത്തൽ:വിശദീകരണവുമായി ആപ്പിളും രംഗത്ത്
?️കേന്ദ്രം ഫോൺ ഹാക്കുചെയ്തെന്ന പ്രതിപക്ഷ ആരോപണത്തിനെതിരേ ശക്തമായ മറുപടിയുമായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. പ്രതിപക്ഷത്തിന്‍റേത് മന:പൂർവമായി കരിവാരിതേക്കാനുള്ള ശ്രമമാണെന്നും ആരോപണം ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തിൽ ആപ്പിൾ വിശദീകരണവുമായി രംഗത്തെത്തി. ചില സാഹചര്യങ്ങളിൽ തെറ്റായ സന്ദേശവും ഉണ്ടാകാറുണ്ടെന്നും അല്ലെങ്കില്‍ കണ്ടെത്താന്‍ കഴിയാത്ത ഭീഷണി സന്ദേശങ്ങളുമാകാമെന്നും ആപ്പിള്‍ പ്രസ്താവനയില്‍ അറിയിച്ചു. സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുള്ള ആക്രമണങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഇപ്പോൾ ഇത്തരം ഭീഷണി സന്ദേശങ്ങൾ വന്നതിന്‍റെ കാരണങ്ങള്‍ സംബന്ധിച്ച വിവരങ്ങൾ നൽകാൻ കഴിയുന്നില്ലെന്നും ആപ്പിൾ വിശദീകരിച്ചു.
കളമശേരി ബോംബ് സ്ഫോടനം: ഫേസ്ബുക്കിൽ വിദ്വേഷ പോസ്റ്റിട്ടയാൾ പിടിയിൽ
?️കളമശ്ശേരി ബോംബ് സ്ഫോടനത്തെ തുടർന്ന് ഫേസ്ബുക്ക് പേജിലൂടെ വിദ്വേഷപ്രചാരണം നടത്തിയയാളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. കോഴഞ്ചേരി തെക്കേമല സ്വദേശി റിവ തോളൂർ ഫിലിപ്പ് ആണ് അറസ്റ്റിലായത്. ഒരു പ്രത്യേക സംഘടനയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് കളമശ്ശേരി യഹോവ സാക്ഷികളുടെ പള്ളിയിൽ അവർ ബോംബ് പൊട്ടിച്ചുവെന്നും, ഒരാൾ മരിച്ചു, നൂറുകണക്കിന് ആളുകൾക്ക് പരിക്കറ്റു എന്നുമായിരുന്നു ഫേസ്ബുക്ക് സന്ദേശത്തിന്‍റെ ഉള്ളടക്കം.
”മതവിദ്വേഷം പടര്‍ത്തി”; രാജീവ് ചന്ദ്രശേഖറിനെതിരേ കേസ്
?️കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ കേസെടുത്ത് കൊച്ചി പൊലീസ്. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. വിദ്വേഷ പ്രചാരണം നടത്തിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.സൈബര്‍ സെല്‍ എസ്ഐയുടെ പരാതിയിലാണ് കേസ്. സോഷ്യല്‍ മീഡിയയിലൂടെ സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വീണ്ടും വർധന
?️സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വീണ്ടും വർധന. പുതുക്കിയ നിരക്ക് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്‍ ചെയർമാൻ ടി.കെ ജോസ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്.
മുകേഷ് അംബാനിക്ക് മൂന്നാം ഭീഷണി സന്ദേശം
?️റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വീണ്ടും ഭീഷണി സന്ദേശം. ഇമെയിൽ വഴി 400 കോടിരൂപ ആവശ്യപ്പെട്ടാണ് സന്ദേശമെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
നാലു ദിവസത്തിനുള്ളിൽ മൂന്നാമത്തെ ഭീഷണി സന്ദേശമാണ് മുകേഷ് അംബാനിക്ക് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് 20 കോടി രൂപ ആവശ്യപ്പെട്ട് മുകേഷ് അംബാനിക്ക് അജ്ഞാതമായ ഇമെയിൽ ഐഡിയിൽ നിന്നും സന്ദേശം എത്തുന്നത്. തുടർന്ന് സുരക്ഷാ ജീവനക്കാർ പരാതി നൽകുകയായിരുന്നു. പിന്നാലെ ശനിയാഴ്ച 200 കോടി രൂപ ആവശ്യപ്പെട്ടും തിങ്കളാഴ്ച 400 കോടി രൂപ ആവശ്യപ്പെട്ടും അതേ ഐഡിയിൽ നിന്ന് ഭീഷണി സന്ദേശം എത്തി.
കേരളീയം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
?️നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ നടക്കുന്ന കേരളീയം 2023- ന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തും. മുഖ്യവേദികള്‍ ക്രമീകരിച്ചിരിക്കുന്ന വെള്ളയമ്പലം മുതല്‍ ജിപിഒ വരെ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകളില്‍ സന്ദര്‍ശകര്‍ക്കു സൗജ്യനയാത്ര ഒരുക്കും. വെള്ളയമ്പലം മുതല്‍ ജിപിഒ വരെ വൈകിട്ട് ആറു മുതല്‍ 10 വരെ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
കരുവന്നൂർ ബാങ്കിൽ നിന്ന് നിക്ഷേപങ്ങൾ പിൻവലിക്കാം
?️കരുവന്നൂർ ബാങ്കിൽ നിന്ന് ബുധനാഴ്ച മുതൽ നിക്ഷേപങ്ങൾ പിൻവലിക്കാം. അമ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ നിക്ഷേപങ്ങളാണ് പിൻവലിക്കാനാകുക. നവംബർ 11 മുതൽ 50000 രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾ പൂർണമായി പിൻവലിക്കാൻ സാധിക്കുമെന്നും നവംബർ 20നു ശേഷം 50000 രൂപ വരെയുള്ള സേവിങ്സ് നിക്ഷേപങ്ങൾ പിൻവലിക്കാൻ ആകുമെന്നും ബാങ്ക് അറിയിച്ചു.
അഷറഫ് എംഎൽഎയ്ക്ക് ഒരു വർഷം തടവുശിക്ഷ
?️ഡപ്യൂട്ടി തഹസിൽദാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കേസിൽ എ.കെ.എം.അഷറഫ് എംഎൽഎ ഉൾപ്പെടയുള്ള പ്രതികൾക്ക് ഒരുവർഷം തടവും 10000 രൂപ പിഴയും വിധിച്ചു. വോട്ടർപട്ടികയിൽ ചേരു ചേർക്കലുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കാസർഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) ആണ് ശിക്ഷ വിധിച്ചത്.
ചക്രവാതച്ചുഴി, കേരളത്തിൽ മഴ തുടരും
?️സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്നാണ് കാലവസ്ഥ വകുപ്പ് അറിയിക്കുന്നത്. ശ്രീലങ്കക്കും കോമറിൻ മേഖലയ്ക്കിം മുകളിലായി സിഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്കു വീശുന്ന കിഴക്കൻ/ വടക്ക് കിഴക്കൻ കാറ്റിന്‍റെയും സ്വാധീന ഫലമായിട്ടാണ് മഴ തുടരുന്നത്.
ചന്ദ്രബാബു നായിഡുവിന് കർശന ഉപാധികളോടെ ഇടക്കാല ജാമ്യം
?️നൈപുണ്യ വികസന കോർപ്പറേഷന്‍റ അഴിമതി കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം. നവംബർ 24 വരെയാണ് ആന്ധ്ര ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം നൽകണമെന്നും ജയിലിൽ മതിയായ ചികിത്സാ സൗകര്യങ്ങൾ കിട്ടുന്നില്ലെന്നും നായിഡുവിന്‍റെ അഭിഭാഷക കോടതിയിൽ വാദിച്ചു. ഇതു പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
ഗവർണർക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ
?️തമിഴ്നാട് ഗവർണർ ആർ.എൻ. രവിക്കെതിരെ എം.കെ. സ്റ്റാലിൻ സർക്കാർ സുപ്രീംകോടതിയിൽ. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണറുടെ തീരുമാനം വൈകിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനോട് എതിരാളിയെപ്പോലെ ഗവർണർ പെരുമാറുന്നെന്ന് ഹർജിയിൽ ആരോപിക്കുന്നു.
5 സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി
?️അന്തരീക്ഷ മലിനീകരണത്തിൽ 5 സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീംകോടതി. ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനത്തോട് അന്തരീക്ഷ മലിനീകരണം തടയാൻ സ്വീകരിച്ച നടപടികളുടെ വിശദമായ കണക്ക് സമർപ്പിക്കാനാണ് കോടതി നിർദേശം.
ഭാവി തലമുറയിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിൽ പുറത്തിറങ്ങാനാവാത്ത തരത്തിൽ മലിനീകരണം ബുദ്ധിമുട്ടുണ്ടാക്കുന്നതായും ബെഞ്ച് അഭിപ്രായപ്പെട്ടു.
പുലിപ്പേടിയിൽ ബംഗളൂരു
?️തെക്കു കിഴക്കൻ ബംഗളൂരുവിനെ ഭീതിയിലാഴ്ത്തി പുലിപ്പേടി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പ്രദേശത്ത് വിവിധയിടങ്ങളിലായി പല പ്രാവശ്യം പുലിയെ കണ്ടതാണ് പ്രദേശവാസികളെ അസ്വസ്ഥരാക്കുന്നത്. ടോണി അപ്പാർട്മെന്‍റ് കോംപ്ലക്സ്, എം.എസ്. ധോനി ഗ്ലോബൽ സ്കൂൾ, കുണ്ട്‌ലു മെയിൻ റോഡ്, എന്നിവിടങ്ങളിലാണ് പുലിയെ കണ്ടത്. അപ്പാർട്മെന്‍റ് പാർക്കിങ് പ്രദേശത്തു കൂടി പുലി നടക്കുന്ന സിസിടിവി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏകദേശം മൂന്നു വയസ്സു പ്രായമുള്ള പുലിയാണ് നഗരത്തിൽ ഇറങ്ങിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
മറൈൻ ഡ്രൈവ് പ്രവേശനവിലക്ക് ഒഴിവാക്കി
?️എറണാകുളം മറൈൻ ഡ്രൈവിൽ ഏർപ്പെടുത്തിയ രാത്രികാല പ്രവേശന വിലക്ക് നടപ്പാക്കില്ലെന്നറിയിച്ച് ജിസിഡിഎ. ഏതു സമയത്തും പ്രവേശിക്കാമെന്നും പ്രവേശനത്തിന് വിലക്കുണ്ടാവില്ലെന്നും ജിസിഡിഎ അറിയിച്ചു. തിങ്കളാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. മറൈൻ ഡ്രൈവിൽ രാത്രി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ആലോചിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിരുന്നില്ല. എന്നാൽ രാത്രി കാലങ്ങളിൽ അമിത ഉച്ചഭാഷിണി പ്രയോഗവും ശബ്ദമലിനീകരണവും അനുവദിക്കില്ല.
കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ നീക്കം
?️ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കുന്നതിനുള്ള ബിജെപി ശ്രമത്തിന്‍റെ ഭാഗമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയപ്പെടുന്നതായി എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി. മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നവംബർ 2ന് കെജ്‌രിവാളിനെ ഇഡി ചോദ്യം ചെയ്യുവാൻ വിളിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അതിഷിയുടെ ആരോപണം. നേതാക്കളെ ജയിലിൽ അടച്ച് ആം ആദ്മിയെ പൂർണമായും ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും പിടിഐയോട് അതിഷി പറഞ്ഞു.
ഐക്യത്തെക്കുറിച്ച് പറഞ്ഞാൽ പോരാ, സുരക്ഷയെക്കുറിച്ചും പറയണം: വി. മുരളീധരൻ
?️കളമശേരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മതം മാത്രം ചർച്ചയാക്കാതെ സുരക്ഷയെക്കുറിച്ച് സംസാരിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ നിരപരാധികൾ കൊല്ലപ്പെടുന്ന സാഹചര്യം ആവർത്തിക്കുന്നു. ട്രെയിനുകളിലും പ്രാർഥാനാലയങ്ങളിലും ആളുകൾ ആക്രമിക്കപ്പെുന്നു. മതമേതായലും വിദ്വേഷം കൊണ്ടുനടക്കുന്ന ആർക്കും ആരെയും അപായപ്പെടുത്താമെന്ന അവസ്ഥ നിലനിൽക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.
ഉള്ളിക്കു പിന്നാലെ സവാള വിലയും കുതിക്കുന്നു
?️സംസ്ഥാനത്ത് ഉള്ളി വില കുതിച്ചുയരുകയാണ്. ചെറിയ ഉള്ളി വില കിലോയ്ക്ക് 100 രൂപ കടന്നു. രണ്ടാഴ്ച മുമ്പ് വരെ 35 രൂപയില്‍ താഴെയായിരുന്ന ഒരു കിലോ സവാളയുടെ വില ഒറ്റയടിക്ക് 70 രൂപ വരെയെത്തി. അതേസമയം, കേരളത്തിന് പുറത്തും സവാളക്കും ഉള്ളിക്കും വില കൂടി വരികയാണ്. ന്യൂഡല്‍ഹിയില്‍ ചില്ലറ വിപണിയില്‍ കിലോയ്ക്ക് 25 മുതല്‍ 30 രൂപയായിരുന്ന ഉള്ളി വില നവരാത്രി ആഘോഷങ്ങള്‍ കഴിഞ്ഞതോടെ കിലോയ്ക്ക് 60 രൂപ വരെയായി ഉയര്‍ന്നു. വരും ദിവസങ്ങളില്‍ വില നൂറ് കടക്കുമെന്നാണ് വിലയിരുത്തല്‍.
പർദ്ദ ധരിച്ച വിദ്യാർഥികളുടെ ചിത്രം ഉപയോഗിച്ച് മതവിദ്വേഷ പ്രചരണം: അനിൽ ആന്‍റണിക്കെതിരേ കേസ്
?️പർദ്ദ ധരിച്ച വിദ്യാർഥികൾ ബസ് തടയുന്ന ചിത്രം ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണിക്കെതിരേ കേസെടുത്തു. കാസർഗോഡ് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അനിൽ ആന്‍റണിയെക്കൂടി പ്രതി ചേർത്തത്. കോളെജിനടുത്ത് ബസിന് സ്റ്റോപ്പ് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ സമരത്തിന്‍റെ ദൃശ്യങ്ങളാണ് തെറ്റിദ്ധാരണ പരത്താനായി ഉപയോഗിച്ചിരുന്നത്. ഇതു ചൂണ്ടിക്കാട്ടിക്കൊണ്ട് എസ്എഫ്ഐ കാസർഗോഡ് ജില്ലാ സെക്രട്ടറി അഡ്വ. എം.ടി. സിദ്ധാർഥൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതി പ്രകാരമാണ് സൈബർ പൊലീസ് കേസെടുത്തത്.
ശബരിമല തീർത്ഥാടകർക്കായി ആശുപത്രി നിര്‍മിക്കും:മന്ത്രി
?️നിലയ്ക്കല്‍ കേന്ദ്രീകരിച്ച് എല്ലാ സൗകര്യങ്ങളോടുകൂടിയ ആശുപത്രി നിര്‍മ്മിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. നിലയ്ക്കലില്‍ പുതുതായി നിര്‍മിക്കുന്ന ഡോര്‍മെറ്ററികളുടെയും ദേവസ്വം ക്ലോക്ക് റൂമിന്‍റെയും നവീകരിച്ച നിലയ്ക്കല്‍ കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനലിന്‍റെയും ഉദ്ഘാടനം നിലക്കല്‍ മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പമ്പാ നദിയിൽ കാണാതായ ആളിൻ്റെ മൃതദേഹം കണ്ടെടുത്തു
?️മാലക്കര പള്ളിയോട കടവിന് സമീപം കഴിഞ്ഞ ദിവസം പമ്പാ നദിയിൽ കാണാതായ ആളിൻ്റെ മൃതദേഹം കണ്ടെടുത്തു. മുളക്കുഴ അരീക്കര ശ്രീസദനത്തിൽ ഭുവനേന്ദ്രൻ്റെ മകൻ ശ്രീജിത്തി (53 )ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്‌ച രാവിലെ 10 മണിയോടുകൂടി ആറന്മുള മാലക്കര അമ്പലക്കടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ഞായറാഴ്ച പകൽ മാലക്കര പള്ളിയോടക്കടവിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു സ്കൂട്ടറും ചെരുപ്പുകളും താക്കോലും നാട്ടുകാർ കണ്ടിരുന്നു.
ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി
?️എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. ഇതോടെ 37-ാം തവണയാണ് കേസ് മാറ്റിവെയ്ക്കുന്നത്. 2017ല്‍ സുപ്രീംകോടതിയിലെത്തിയ ലാവ്‌ലിൻ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഒക്റ്റോബർ പത്തിനും കേസ് ലിസ്റ്റ് ചെയ്തിരുന്നു.
മകന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ബിജെപി മുൻ എംപി
?️എമർജൻസി വാർഡിൽ മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ബിജെപി മുൻ എംപിയുടെ മരൻ മരിച്ചു. സംഭവത്തെ തുടർന്ന് മകന്‍റെ മൃതദേഹവുമായി അരമണിക്കൂറോളം അദ്ദേഹം ആശുപത്രിയിൽ പ്രതിഷേധിച്ചു. ലക്നൗവിലെ ആശുപത്രിയിലാണ് സംഭവം. രാത്രി പത്തരയോടെ വൃക്ക സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് ബിജെപി മുൻ എംപി ഭൈരൻ പ്രസാദ് മിശ്രയുടെ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എമർജസി വാർഡിൽ കിടത്തി ചികിത്സക്കുള്ള സൗകര്യമില്ലാതെയാണ് മകൻ മരിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു.
ലോകകപ്പ് വേദിയാകാൻ സൗദി അറേബ്യക്ക് വഴി തെളിയുന്നു
?️കാൽപ്പന്ത് മാമാങ്കത്തിന് വേദിയാകാൻ സൗദി അറേബ്യയ്ക്ക് സാധ്യത. 2034 ലോകകപ്പ് വേദിക്കായി മത്സരിച്ചിരുന്ന ഓസ്‌ട്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് അവസരം തെളിഞ്ഞത്. ടൂര്‍ണമെന്‍റ് നടത്തുന്നതില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ സൗദിയെ പിന്തുണച്ചതോടെ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായിരുന്നു. ഇന്തോനേഷ്യയുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ ആദ്യം മലേഷ്യയ്ക്കും സിംഗപ്പൂരിനുമൊപ്പം ഓസ്‌ട്രേലിയയുമായി സംയുക്ത ലേലത്തില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു, എന്നാല്‍ സൗദി അറേബ്യയ്ക്കാണ് തങ്ങളുടെ പിന്തുണയെന്ന് ഇന്തോനേഷ്യ വ്യക്തമാക്കിയതോടെ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായി.
ബാലൺ ഡി’ഓർ എട്ടാമതും ലയണൽ മെസിക്ക്
?️ലോക ഫുട്‌ബോളിലെ ഏറ്റവും ഉന്നതമായ വ്യക്തിഗത പുരസ്കാരം, ബാലൺ ഡി’ഓർ എട്ടാം തവണയും അർജന്‍റീനയുടെ ലയണൽ മെസി സ്വന്തമാക്കി. 2022-2023 സീസണിൽ അന്താരാഷ്ട്ര ഫുട്ബോളിലും ക്ലബ് ഫുട്ബോളിലും നടത്തിയ പ്രകടനങ്ങളാണ് തെരഞ്ഞെടുപ്പിന് അടിസ്ഥാനമായത്. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാലണ്ടാണ് ഇത്തവണ പുരസ്കാരത്തിൽ മെസിയുമായി പ്രധാനമായും മത്സരിച്ചത്. എന്നാൽ, കഴിഞ്ഞ ഡിസംബറിലെ ലോകകപ്പ് നേട്ടം ഉൾപ്പെടെ അന്താരാഷ്ട്ര ഫുട്ബോളിലെ കൂടുതൽ മികച്ച പ്രകടനം മെസിയെ പുരസ്കാരത്തിന് അർഹനാക്കുകയായിരുന്നു.
ബംഗ്ലാദേശിനെതിരേ പാക്കിസ്ഥാന് ഏഴ് വിക്കറ്റ് വിജയം
?️ലോകകപ്പിൽ ബംഗ്ലാദേശിനെതിരേ പാക്കിസ്ഥാന് ഏഴു വിക്കറ്റ് വിജയം. ടോസ് നേടി ബാറ്റ് ചെയ്ത ബംഗ്ലാദേശ് 45.1 ഓവറിൽ 204 റൺസിന് ഓൾഔട്ടായി. പാക്കിസ്ഥാൻ വെറും 32.3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം അനായാസം മറികടന്നു. 56 റൺസെടുത്ത മെഹ്മൂദുള്ളയാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറർ. ഓപ്പണർ ലിറ്റൺ ദാസ് (45), മുഷ്ഫിക്കർ റഹിം (43), മെഹ്ദി ഹസൻ മിറാസ് (25) എന്നിവരും നന്നായി തുടങ്ങിയെങ്കിലും വലിയ സ്കോറിലെത്താനായില്ല.
പാക് പേസർമാരായ ഷഹീൻ അഫ്രീദിയും മുഹമ്മദ് വസിം ജൂനിയറും മൂന്ന് വിക്കറ്റ് വീതം നേടി.
അനീസിന്റെ സ്വർണച്ചാട്ടം ; നീന്തലിൽ ഹർഷിതയ്‌ക്ക് സ്വർണം, സജന് വെള്ളി
?️ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സിൽ കേരളത്തിന് ആദ്യ സ്വർണം. പുരുഷന്മാരുടെ ലോങ്ജമ്പിൽ വൈ മുഹമ്മദ് അനീസാണ് സ്വർണദൂരം താണ്ടിയത്. അവസാന ചാട്ടത്തിൽ 8.15 മീറ്റർ മറികടന്നു. ആദ്യ ചാട്ടം ഫൗളായി. രണ്ടാമത്തേത് 7.92 മീറ്റർ. തുടർന്ന് 7.94, 7.89, 7.82 മീറ്ററുകൾ മറികടന്നു. കൊല്ലം നിലമേൽ സ്വദേശിയായ അനീസ് കഴിഞ്ഞ ഗെയിംസിൽ വെങ്കലം നേടിയിരുന്നു. രാജ്യാന്തര താരം വൈ മുഹമ്മദ് അനസ് സഹോദരനാണ്. കർണാടകയുടെ എസ് ആര്യ 7.89 മീറ്ററോടെ വെള്ളിയിലൊതുങ്ങി.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5670 രൂപ
പവന് 45360 രൂപ