വാർത്തകൾ

      




                  

?️ നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് നല്‍കിയ അറസ്റ്റ് വാറന്‍റിലെ തുടര്‍നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്തു. കോടതിയില്‍ നേരിട്ട് ഹാജരാകാത്തതിനെ തുടര്‍ന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ചോദ്യം ചെയ്ത് ശിവശങ്കര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്‍റെ ഉത്തരവ്. ലൈഫ് മിഷൻ കേസിലെ കോഴയിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിവശങ്കറിന് ചികിത്സ ആവശ്യത്തിനായി ആഗസ്റ്റ് രണ്ടിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത് പിന്നീട് രണ്ടുമാസം കൂടി നീട്ടിയിരുന്നു. ഇതിനിടെയാണ് സ്വര്‍ണക്കടത്ത് കേസില്‍ ഒക്ടോബര്‍ 20ന് നേരിട്ട് ഹാജരാകാൻ കോടതി നോട്ടീസ് നല്‍കിയത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് തേടിയെങ്കിലും മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. ആരോഗ്യാവസ്ഥ കണക്കിലെടുക്കാതെയുള്ള അറസ്റ്റ് വാറന്റ് സ്വേച്ഛാപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഇ.ഡിയുടെ വിശദീകരണം തേടിയ കോടതി ബുധനാഴ്ച ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.

?️ കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജില്ലാ സെഷൻസ് കോടതിയിലായിരിക്കും പ്രതിയെ ഹാജരാക്കുക.യുഎപിഎ നിയമത്തിന് പുറമേ കൊലപാതകം വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.ലഭ്യമായ തെളിവുകള്‍ വെച്ച്‌ പ്രതി ഒറ്റക്കാണ് കൃത്യം ചെയ്തതെന്നും കുറ്റസമ്മത മൊഴിയുണ്ടെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.കൂടുതല്‍ പേരുടെ പങ്കാളിത്തം ഇതുവരെ കണ്ടെത്താനായിലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം പ്രതിയുടെ വിദേശ ബന്ധം സംബന്ധിച്ച്‌ കേന്ദ്ര ഏജൻസികളുടെ പരിശോധന തുടരുകയാണ്.അന്വേഷണം എൻ ഐ എ ഏറ്റെടുക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച തീരുമാനം ഉടൻ ആഭ്യന്തര വകുപ്പില്‍ നിന്ന് ഉണ്ടാകും.അതേസമയം, കളമശേരിയില്‍ കണ്‍വൻഷൻ സെന്ററില്‍ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത് ആകെ 21 പേരാണെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. 16 പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും 10 ശതമാനം പൊള്ളലേറ്റ 14 വയസുള്ള കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം പരിക്കേറ്റവരുടെ എല്ലാവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.കളമശേരി സ്‌ഫോടനത്തില്‍ പൊള്ളലേറ്റവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പൊള്ളലേറ്റവരെ പരിചരിക്കുന്ന എല്ലാ ആശുപത്രികളും ഡോക്ടര്‍മാരും നല്ല അര്‍പ്പണ ബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. നല്ല പരിചരണമാണ് ചികിത്സയിലുള്ളവര്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സ്ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും ബന്ധുക്കളെയും കളമശേരി മെഡിക്കല്‍ കോളേജ്, കാക്കനാട് സണ്‍റൈസ് ആശുപത്രി, പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിസിറ്റി, രാജഗിരി ആശുപത്രി എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

?️ സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന വ്യാപക പണിമുടക്ക്.

?️ പെരുമ്പിലാവ് കല്ലുംപുറത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.കല്ലുംപുറം സ്വദേശി പുത്തൻപീടികയില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ സബീന (25)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സബീനയുടെ ഭര്‍ത്താവ് ആബിദ് മലേഷ്യയിലാണ്. ഇക്കഴിഞ്ഞ 25ന് രാവിലെ എട്ടിന് വീടിന്റെ അടുക്കളയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു വയസ്സുകാരനായ മൂത്ത മകനെ രാവിലെ മദ്രസയില്‍ പറഞ്ഞയക്കുകയും രണ്ടു വയസ്സുകാരനായ മകനെ ഉറക്കി കിടത്തിയതിനുശേഷമാണ് യുവതി ആത്മഹത്യ ചെയ്തിട്ടുള്ളത്. മരിക്കുന്നതിന് മുമ്പ് സബീന കഴുത്തില്‍ കുരുക്കിട്ട് നില്‍ക്കുന്ന സെല്‍ഫി തന്‍റെ മാതാവിന് അയച്ച്‌ കൊടുത്തിരുന്നു.യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കള്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് പൊലീസ് മരിച്ച യുവതിയുടെ ഭര്‍ത്താവിനെതിരെ കേസെടുത്തിട്ടുള്ളത്. യുവതി മരിച്ച അന്ന് തന്നെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഭര്‍ത്താവ് സൈനുല്‍ ആബിദിനെതിരെയാണ് കേസെടുത്തത്. സബീനയും ആറും രണ്ടും വയസ്സുള്ള മക്കളും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്. മരിക്കുന്നതിനു തൊട്ടുമുൻപു സബീന തന്റെ മാതാവിനെ വിളിച്ച്‌ ഭര്‍ത്താവ് മാനസികമായി പീഡിപ്പിക്കുന്നതായി പരാതി പറഞ്ഞിരുന്നു. 8 വര്‍ഷം മുമ്പാണ് സബീനയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന്റെ ആദ്യം നാളുകളില്‍ പ്രശ്നമുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ഭര്‍ത്താവ് നിരന്തരം സബിനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി മാതാപിതാക്കള്‍ ആരോപിക്കുന്നു

?️ കളിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റു.പെരുമാതുറ വലിയവിളാകത്ത് വീട്ടില്‍ അൻവറിനാണ് (16) കുത്തേറ്റത്. കഴുത്തില്‍ കുത്തേറ്റ വിദ്യാര്‍ഥി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. പെരുമാതുറ മുതലപ്പൊഴി ബീച്ചില്‍ ഫുട്ബാള്‍ കളിക്കുന്നതിനിടെയാണ് സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതിനിടെ സമീപത്തുകിടന്ന ബിയര്‍ ബോട്ടില്‍ പൊട്ടിച്ച്‌ പത്താം ക്ലാസുകാരനായ വിദ്യാര്‍ഥി പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അൻവറിനെ കുത്തുകയായിരുന്നു. കുത്തേറ്റ വിദ്യാര്‍ഥിയെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ശസ്ത്രക്രിയക്ക് വിധേയമാക്കും.

?️ കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ രാവിലെ സർവകക്ഷി യോഗം ചേർന്ന് പ്രമേയം പാസാക്കി. സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ്‌ ഹാളിൽ ചേർന്ന യോ​ഗം സമാധാന അന്തരീക്ഷം പുലർത്താനായുള്ള പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു. പരസ്പര വിശ്വാസത്തിന്റെയും പരസ്പര ആശ്രിതത്വത്തിന്റെയും കൂട്ടായ അതിജീവനത്തിന്റെയും കാലത്തെ അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകൾ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്തുതോൽപ്പിക്കും എന്ന് പ്രമേയത്തിൽ വ്യക്തമാക്കി.

?️ കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം നല്ലരീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും കസ്റ്റഡിയിലുള്ള ഡൊമിനിക് മാർട്ടിന്‍ പറഞ്ഞതിനപ്പുറം കൂടുതൽ കാര്യങ്ങളുണ്ടോ എന്നു പൊലീസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ഏജന്‍സികള്‍ അന്വേഷിക്കും. കളമശേരി സ്‌ഫോടനത്തെ തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി കൊടുംവിഷം വമിപ്പിക്കുന്ന വർഗീയവാദിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

?️ ആലുവയിൽ 5 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ‌ കോടതി വിധി നവംബർ 4ന്. 15 ദിവസം കൊണ്ട് വിചാരണ അതിവേഗം പൂർത്തിയാക്കി കുറ്റകൃത്യം നടന്ന് 100 ദിനത്തിലാണ് വിധി പ്രഖ്യാപിക്കുന്നത്. എറണാകുളം പോക്സോ കോടതിയാണ് വിധി പറയുക. ബിഹാർ സ്വദേശി അസഫാക് ആലമാണ് കേസിൽ പ്രതി.

?️ കോഴിക്കോട് എടച്ചേരിയിൽ ഇടിമിന്നലേറ്റ് ഏഴുപേർക്ക് പരിക്ക്. എട്ടാം വാർഡ് എടച്ചേരി നോർത്തിലാണ് സംഭവം. തൊഴിലുറപ്പ് സ്ത്രീകൾക്കാണ് മിന്നലേറ്റത്. ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. ആറു പേരെ നാദാപുരം ആശുപത്രിയിലും ഒരാളെ വടകര ഗവൺമെന്‍റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

?️ മൂന്നാർ കേറ്ററിങ് കോളെജ് ഹോസ്റ്റൽ കെട്ടിടവും ഇതിനോടനുബന്ധിച്ചുള്ള 7.07 ഏക്കർ ഭൂമിയും ഒഴിപ്പിക്കുന്നു. കെട്ടിടത്തിൽ‌ നിന്ന് ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇടുക്കി സബ് കലക്‌ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കുന്നത്.അതേസമയം, കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ അറിഞ്ഞെത്തിയ ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകുമാറിനെ അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല, മുൻവശത്തെ ഗേറ്റ് പൂട്ടി അകത്തേക്ക് പ്രവേശനം ഇല്ല എന്ന് അറിയിക്കുകയായിരുന്നു.

?️ പത്തനംതിട്ടയിൽ തെരുവുനായ ആക്രണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. അധ്യാപകനും ടെലിവിഷൻ താരവുമായ ഡോ. രജിത് കുമാർ ഉൾപ്പെടെ മൂന്നുപേർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് മൂന്നിടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. രാവിലെ ഏഴുമണിയോടെ കുമ്പഴയിൽവെച്ച് മലയാലപ്പുഴ സ്വദേശി രാജു എന്നയാൾക്കാണ് നായയുടെ കടിയേറ്റത്. പിന്നീട് കണ്ണങ്കര ഭാഗത്തുവെച്ച് മുരുകൻ എന്ന ഇതരസംസ്ഥാനത്തൊഴിലാളിക്കും കടിയേറ്റു. എട്ടുണിയോടെ സിനിമാ ചിത്രീകരണത്തിനായെത്തിയ ഡേ. രജിത് കുമാറിനും കടിയേൽക്കുകയായിരുന്നു.

?️ കണ്ണൂർ ആറളത്ത് വനംവകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തു. രക്ഷപ്പെടുന്നതിനിടെ വീണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതോടെ പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. ഇരിട്ടി ആറളം മേഖലയിൽ നേരത്തെയും ആക്രമണം ഉണ്ടായിട്ടുണ്ട്. വിവരമറിഞ്ഞ് പൊലീസ് തണ്ടർബോട്ടും സ്ഥലത്തെത്തിയിട്ടുണ്ട്.

?️ ഏറെക്കാലമായി കാത്തിരിക്കുന്ന എറണാകുളം – ഷൊർണൂർ റെയിൽ കോറിഡോറിന്‍റെ മൂന്നും നാലും ട്രാക്കുകൾക്കായുള്ള വിശദ പദ്ധതി രേഖ (ഡിപിആർ) നവംബറിൽ അന്തിമ അംഗീകാരത്തിനായി സമർപ്പിക്കും. ഇതിനായുള്ള സർവേകളും അനുബന്ധ ജോലികളും പൂർത്തീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പാതയാണിത്. കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്നെത്തുന്ന ട്രെയിനുകളിൽ ബഹുഭൂരിപക്ഷവും എറണാകുളം – ഷൊർണൂർ പാതയിലൂടെയാണ് കടന്നുപോകുന്നത്. നിലവിലുള്ള ട്രാക്കിലെ വളവുകൾ നിവർത്തണമോ അതോ പുതുതായി നിർമിക്കുന്ന ട്രാക്കുകൾ ഇത്തരത്തിൽ നിർമ്മിച്ചാൽ മതിയോ എന്നുള്ള കാര്യവും റെയിൽവേ ബോർഡ് പരിശോധിക്കും.

?️ ഒക്ടോബർ 30 മുതൽ നവംബർ 3 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

?️ പമ്പാനദിയുടെ കുറുകെയുള്ള ആറാട്ടുപുഴ പാലത്തിൽ നിന്നും നദിയിലേക്ക് ചാടിയ കൂടൽ സ്വദേശി സന്ദീപിന്റെ (25) മൃതദേഹം ഫയർഫോഴ്സ് സ്കൂബാ ടീം കണ്ടെടുത്തു. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി ആറന്മുള സ്റ്റേഷൻ ഇൻസ്‌പെക്ടർ സി കെ മനോജ് അറിയിച്ചു.

?️ കളമശ്ശേരി ബോംബ് സ്ഫോടനത്തെതുടര്‍ന്ന് ഫേസ്ബുക്ക് പേജിലൂടെ വിദ്വേഷപ്രചാരണം നടത്തിയയാളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.കോഴഞ്ചേരി തെക്കേമല സ്വദേശി റിവ തോളൂര്‍ ഫിലിപ്പാണ് അറസ്റ്റിലായത്. ഒരു പ്രത്യേക സംഘടനയുടെ പേരെടുത്ത് പറഞ്ഞ് കളമശ്ശേരി യഹോവ സാക്ഷികളുടെ പള്ളിയില്‍ അവര്‍ ബോംബ് പൊട്ടിച്ചെന്നും ഒരാള്‍ മരിച്ചു, നൂറുകണക്കിനാളുകള്‍ക്ക് പരിക്കറ്റു എന്നുമായിരുന്നു ഫേസ്ബുക്ക്‌ സന്ദേശത്തിന്‍റെ ഉള്ളടക്കം.

?️ മത്സ്യത്തൊഴിലാളി ബോട്ടില്‍നിന്ന് കാല്‍വഴുതി വെള്ളത്തില്‍ വീണ് മരിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത് കൊലപാതകം.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ ഉത്തര്‍ ഗോവിന്ദ്പൂര്‍ സ്വദേശി രാം പ്രസാദ് ദാസ് (54), കൈലാസ്നഗര്‍ കാക്ക് ദ്വീപ് സ്വദേശി പനു ദാസ് (41) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.ശ്രീനവദുര്‍ഗ ബോട്ടിലെ ജോലിക്കാരനായ പശ്ചിമ ബംഗാള്‍ സ്വദേശി അല്ലയെയാണ് (30) 28ന് വൈകീട്ട് ആറോടെ ബോട്ടില്‍ നിന്നിറങുമ്പോള്‍ കാല്‍തെറ്റി വെള്ളത്തില്‍ വീണ് കാണാതായി എന്ന പരാതി പൊലീസില്‍ ലഭിച്ചത്. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇൻസ്പെക്ടര്‍ എം. വിശ്വംഭരന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച്‌ അന്വേഷണം തുടങ്ങി. 29ന് രാവിലെ ഒമ്പതരയോടെ മുനമ്പം മെയിൻ ഹാര്‍ബര്‍ പരിസരത്തുള്ള കായലില്‍ മൃതദേഹം കാണപ്പെട്ടു. തുടര്‍ന്ന് ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മരണം സംശയാസ്പദമാണെന്ന് കണ്ടെത്തുകയും അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു. ബാറ്റാപ്പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ്കൊലപാതകത്തിലേക്ക് നയിച്ചത്.

?️ 2011ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു എന്നും എന്നാല്‍, രണ്ടു നിര്‍ദേശങ്ങളും താൻ നിരസിക്കുകയായിരുന്നെന്നും രമേശ് ചെന്നിത്തല.2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻ ചാണ്ടിയും താനും മത്സരിക്കുകയും വിജയിക്കുകയും ചെയ്തതോടെ മന്ത്രിസഭയെ ആരു നയിക്കുമെന്ന് പല തരത്തിലുള്ള ഊഹാപോഹങ്ങളുമുണ്ടായി.കഷ്ടിച്ച്‌ 72 എം.എല്‍.എമാരുടെ മാത്രം പിന്തുണ ഉണ്ടായിരുന്ന അന്നത്തെ യു.ഡി.എഫില്‍ ഉമ്മൻ ചാണ്ടിയും താനും ഒരുപോലെ അവകാശവാദം ഉന്നയിച്ചിരുന്നെങ്കില്‍ യു.ഡി.എഫ് വലിയ പ്രതിസന്ധിയിലെത്തുമായിരുന്നു. ഇതൊഴിവാക്കാൻ താനാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഉമ്മൻ ചാണ്ടിയുടെ പേര് നിര്‍ദേശിച്ചത്. എല്ലാവരും ഐകകണ്ഠ്യേന അത് അംഗീകരിക്കുകയും ചെയ്തെന്നും ചെന്നിത്തല മനസ്സ് തുറക്കുന്നു. മാധ്യമപ്രവര്‍ത്തകൻ സി.പി. രാജശേഖരൻ എഴുതിയ ‘രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും’ എന്ന പുതിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍.

?️ കേരളത്തിലേക്ക് മയക്ക് മരുന്ന് കടത്തുന്ന കേസിലെ മുഖ്യപ്രതികളിലൊരാളെ കൊല്ലം പൊലീസ് അറസ്റ്റ് ചെയ്തു.ബംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മയക്ക് മരുന്ന് മാഫിയയിലെ പ്രധാനിയായ സുഡാൻ പൗരൻ റാമി ഇസുല്‍ദീൻ ആദം അബ്ദുല്ലയാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.പ്രതിയില്‍ നിന്ന് വൻകിട ലഹരിമരുന്ന് ഇടപാടുകളുടെ വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്.കൊല്ലം പൊലീസ് ബെംഗളൂരിവില്‍ എത്തി നടത്തിയ അന്വേഷണത്തിലാണ് റാമി ഇസുല്‍ദിൻ ആദം അബ്ദുല്ലയെ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ദിവസം നഗരത്തില്‍ എംഡിഎംഎയുമായി പിടിയിലായ ഇരവിപുരം സ്വദേശി ബാദുഷയെ ചോദ്യം ചെയ്തപ്പോഴാണ് രാസ ലഹരിയുടെ ഉറവിടം സംബന്ധിച്ച്‌ പൊലീസിന് വിവരം കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണര്‍ മെറിൻ ജോസഫിന്റെ നി‍ര്‍ദേശ പ്രകാരം പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു.

?️ കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ അബ്ദുല്ലക്കെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്ത് പൊലീസ്. മകളുടെ ഭര്‍ത്താവിനെ ആക്രമിച്ച പരാതിയിലാണ് അബ്ദുല്ലക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.അബ്ദുല്ലയെ മര്‍ദ്ദിച്ചതിന് മകളുടെ ഭര്‍ത്താവ് ഷാഹുല്‍ ഹമീദിനെതിരേയും കേസെടുത്തിട്ടുണ്ട്.കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ അബ്ദുല്ലക്കെതിരെ മകളുടെ ഭര്‍ത്താവ് കൊളവയല്‍ സ്വദേശി ഷാഹുല്‍ ഹമീദാണ് പരാതി നല്‍കിയത്. കരുവളം അങ്കണവാടിക്ക് സമീപം വച്ച്‌ ഭാര്യാ പിതാവ് തന്നെ ആക്രമിച്ചുവെന്നാണ് ഷാഹുലിന്‍റെ പരാതി. കരുവളം അങ്കണവാടിക്ക് തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഡിഗിംങ് ഫോര്‍ക്ക് എടുത്ത് അബ്ദുള്ള ആക്രമിച്ചുവെന്നാണ് പരാതിയിലുള്ളത്. ആക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അബ്ദുല്ല ഷാഹുലിനെ ഓടിച്ചിട്ട് അടിക്കുന്നതും ഇയാള്‍ നിലത്ത് വീഴുന്നതും വീഡയോയില്‍ കാണാം.കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ആക്രമണമെന്നാണ് പരാതി.

?? ദേശീയം ??
———————->>>>>>>>

?️ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ ഗ്യാസ് സിലിണ്ടറിന് 500 രൂപ സബ്സിഡി, 200 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങളുമായി പാര്‍ട്ടി നേതാവ് പ്രിയങ്ക ഗാന്ധി.സ്വയംസഹായ സംഘങ്ങളുടെ വായ്പ എഴുതിത്തള്ളല്‍, റോഡപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ തുടങ്ങിയവയും നല്‍കുമെന്ന് ഖൈറഗഢ് മണ്ഡലത്തിലെ ജല്‍ബന്ധയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ അവര്‍ പറഞ്ഞു. സംസ്ഥാനത്തെ 6000 ഹൈസ്കൂളുകളും ഹയര്‍ സെക്കൻഡറികളും സ്വാമി ആത്മാനന്ദ് ഇംഗ്ലീഷ്, ഹിന്ദി മീഡിയം സ്കൂളുകളാക്കി ഉയര്‍ത്തുമെന്നും വാഗ്ദാനമുണ്ട്. മതത്തിന്റെ പേരില്‍ തെറ്റിദ്ധാരണകള്‍ പരത്തുകയും ജീവിതത്തില്‍ പ്രശ്നങ്ങള്‍ മാത്രം സമ്മാനിക്കുകയും ചെയ്തവര്‍ക്കോ അതല്ല, വികസനവും ജനക്ഷേമവും ഉറപ്പാക്കുന്നവര്‍ക്കോ- ആര്‍ക്കാകും നിങ്ങളുടെ വോട്ട്?- പ്രിയങ്ക ചോദിച്ചു.

?️ വിവരാവകാശ കമീഷനിലെ ഒഴിവുകള്‍ നികത്താത്ത കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാനങ്ങളുടെയും നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ സുപ്രീംകോടതി.ഒഴിവുകള്‍ നികത്താൻ കേന്ദ്രവും സംസ്ഥാനങ്ങളും ആവശ്യമായ നടപടികള്‍ ഉടൻ സ്വീകരിക്കാൻ കോടതി നിര്‍ദേശം നല്‍കി. രാജ്യത്തെ വിവരാവകാശ കമീഷനുകളിലെ ഒഴിവുകളുടെയും അപ്പീലുകളുടെയും പരാതികളുടെയും പട്ടിക തയാറാക്കാൻ പേഴ്സനല്‍ ആൻഡ് ട്രെയിനിങ് വകുപ്പിനോടും കോടതി നിര്‍ദേശിച്ചു.വിവരാവകാശ നിയമപ്രകാരം രൂപവത്കരിച്ച വിവരാവകാശ കമീഷനിലെ നിരവധി ഒഴിവുകള്‍ സംബന്ധിച്ച ഹരജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. 2019ല്‍ സുപ്രീംകോടതി വിധിയുണ്ടായിട്ടും കേന്ദ്ര വിവരാവകാശ കമീഷനിലും നിരവധി സംസ്ഥാന വിവരാവകാശ കമീഷനുകളിലും ഒഴിവുകള്‍ നികത്തുന്നില്ലെന്ന് ഹരജിക്കാര്‍ക്കുവേണ്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ ബോധിപ്പിച്ചു.

?️ പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യക്ക് ഏകോപന സമിതിയോ ഉപസമിതികളോ ആവശ്യമില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഒന്നിച്ചിരുന്നാണ് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതെന്നിരിക്കേ, മറ്റു സമിതികള്‍ അപ്രസക്തമാണെന്ന് സി.പി.എം കരുതുന്നു. ഇൻഡ്യ സമിതികളുടെ യോഗത്തില്‍ സി.പി.എം പങ്കെടുക്കാത്തതിനെക്കുറിച്ച ചോദ്യത്തോട് വാര്‍ത്തസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു യെച്ചൂരി.സെപ്റ്റംബര്‍ ആദ്യം നടന്ന ഇൻഡ്യ മുന്നണിയുടെ മുംബൈ യോഗത്തിലാണ് 14 അംഗ ഏകോപന സമിതി പ്രഖ്യാപിച്ചത്. ഇതില്‍ സി.പി.എം പ്രതിനിധിയുടെ പേര് പറഞ്ഞിരുന്നില്ല. ഇൻഡ്യയില്‍ അംഗമായി തുടരുമെങ്കിലും ഏകോപന സമിതിയില്‍നിന്ന് വിട്ടുനില്‍ക്കാനാണ് സി.പി.എം തീരുമാനം. ഇതേക്കുറിച്ച ചോദ്യത്തിനാണ് ഇൻഡ്യയുടെ ഭാഗമായ പാര്‍ട്ടികളുടെ തീരുമാനത്തിനു മുകളില്‍ പ്രത്യേക സമിതികള്‍ വേണ്ട എന്ന സി.പി.എം കാഴ്ചപ്പാട് യെച്ചൂരി പ്രകടിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇൻഡ്യ കക്ഷികള്‍ക്കിടയില്‍ സീറ്റ് വിഭജനം പ്രായോഗികമല്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പ് മുൻനിര്‍ത്തിയാണ് കൂട്ടായ്മ രൂപപ്പെടുത്തിയതെന്നും യെച്ചൂരി പറഞ്ഞു. രാജസ്ഥാനില്‍ രണ്ടു സിറ്റിങ് എം.എല്‍.എമാര്‍ അടക്കം 17 സീറ്റില്‍ സി.പി.എം സ്ഥാനാര്‍ഥികളെ നിര്‍ത്തും. ഛത്തിസ്ഗഢില്‍ മൂന്ന് സീറ്റിലും മധ്യപ്രദേശില്‍ നാലിടത്തും മത്സരിക്കും. തെലങ്കാനയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ജാതി സെൻസസ് കേരളത്തില്‍ നടക്കുന്നതിന് സി.പി.എം എതിരല്ല. ഇക്കാര്യം മന്ത്രിസഭയാണ് തീരുമാനിക്കേണ്ടത്. സംസ്ഥാനങ്ങള്‍ക്ക് ജാതി സെൻസസ് നടത്താം. ബിഹാര്‍ ഇതിനകം നടത്തിക്കഴിഞ്ഞു. മറ്റു ചില സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍ അഖിലേന്ത്യ അടിസ്ഥാനത്തില്‍ ജാതി സെൻസസ് നടത്തുന്നതിന് അത് പകരമാവില്ല. ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാക്കാൻ ദേശീയ തലത്തിലാണ് ജാതി സെൻസസ് നടക്കേണ്ടത്. സാമൂഹിക-സാമ്ബത്തിക സ്ഥിതി കണക്കാക്കാൻ പാകത്തില്‍ പൊതു സെൻസസിനൊപ്പം ജാതി സെൻസസ് നടത്തണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പൊതുപരിപാടികള്‍ കൂടുതലായി സംഘടിപ്പിക്കാൻ കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്യുന്ന യു.എൻ പ്രമേയത്തിനൊപ്പം ചേരാത്ത മോദിസര്‍ക്കാറിന്‍റെ നിലപാടിനെ കേന്ദ്ര കമ്മിറ്റി അപലപിച്ചു.

?️ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ അധ്യാപിക മുസ്‍ലിം വിദ്യാര്‍ഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ അലംഭാവത്തെ സുപ്രീംകോടതി വീണ്ടും രൂക്ഷമായി വിമര്‍ശിച്ചു.യു.പി പൊലീസ് തല്‍സ്ഥിതി റിപ്പോര്‍ട്ടും യു.പി വിദ്യാഭ്യാസ വകുപ്പ് സത്യവാങ്മൂലവും സമര്‍പ്പിക്കാൻ തയാറാകാത്തതില്‍ കോടതി നീരസം പ്രകടിപ്പിച്ചു. കുട്ടി കൗണ്‍സലിങ് കേന്ദ്രത്തിലേക്ക് വന്നില്ലെന്ന ന്യായം പറഞ്ഞ് കൗണ്‍സലിങ് നല്‍കാത്തതും ജസ്റ്റിസ് അഭയ് എസ്. ഓക അധ്യക്ഷനായ ബെഞ്ചിനെ പ്രകോപിപ്പിച്ചു. തങ്ങള്‍ക്കു എതിരായത് എന്ന നിലയില്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ട കേസല്ല ഇതെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു. ആഘാതത്തിലായ ആ കുട്ടി കൗണ്‍സലിങ് കേന്ദ്രത്തിലേക്ക് വരുമെന്നാണോ നിങ്ങള്‍ കരുതുന്നതെന്ന് സര്‍ക്കാറിനോട് സുപ്രീംകോടതി ചോദിച്ചു.മൂന്ന് സര്‍ക്കാര്‍ സെക്രട്ടറിമാര്‍ അടങ്ങുന്ന സമിതിയെ കൗണ്‍സലിങ്ങിന് ഏല്‍പിച്ചുവെന്ന അഭിഭാഷകന്റെ മറുപടിയിലും കോടതി അമര്‍ഷം പ്രകടിപ്പിച്ചു. ശിശുക്ഷേമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിംഹാൻസ്, ടിസ് തുടങ്ങിയ ഏതെങ്കിലും സ്ഥാപനത്തെ കൗണ്‍സലിങ് ചുമതല ഏല്‍പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

?️ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോയാത്രക്കാരിയായ ബി.ടെക് വിദ്യാര്‍ഥിനി റോഡില്‍ വീണ് മരിച്ച സംഭവത്തിലെ പ്രതികളിലൊരാളെ യു.പി പൊലീസ് വെടിവെച്ചുകൊന്നു.ഗാസിയാബാദില്‍ നടന്ന സംഭവത്തിലാണ് ജിതേന്ദ്ര എന്ന കുപ്രസിദ്ധ കുറ്റവാളി കൊല്ലപ്പെട്ടത്. മറ്റൊരു പ്രതിയായ ബല്‍ബീര്‍ ശനിയാഴ്ച രാത്രി പിടിയിലായിരുന്നു.വെള്ളിയാഴ്ച ഉച്ചക്കുശേഷം ഗാസിയാബാദിലെ എ.ബി.ഇ.എസ് എൻജിനീയറിങ് കോളജില്‍നിന്ന് മറ്റൊരു വിദ്യാര്‍ഥിനിക്കൊപ്പം ഓട്ടോറിക്ഷയില്‍ ഹാപൂരിലെ വീട്ടിലേക്ക് മടങ്ങവെയായിരുന്നു 19കാരിയായ കീര്‍ത്തി സിങ് ആക്രമിക്കപ്പെട്ടത്. ബൈക്കില്‍ പിന്തുടര്‍ന്ന പ്രതികള്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോയില്‍നിന്ന് വലിച്ചിടുകയായിരുന്നു. ഇവര്‍ ഫോണുമായി രക്ഷപ്പെടുകയും ചെയ്തു. റോഡിലെ ഡിവൈഡറില്‍ തലയിടിച്ച്‌ ഗുരുതര പരിക്കുമായി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ കീര്‍ത്തി ഞായറാഴ്ച രാത്രി മരണത്തിന് കീഴടങ്ങി. ഇതിനു പിന്നാലെ, മസൂറിയില്‍ ചെക് പോസ്റ്റ് സ്ഥാപിച്ച്‌ പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേരോട് നിര്‍ത്താൻ ആവശ്യപ്പെട്ടെങ്കിലും ഓടിച്ചുപോയി. പൊലീസിനുനേരെ വെടിവെക്കുകയും ചെയ്തു. ഒരു പൊലീസുകാരന് വെടിയേറ്റു. പൊലീസ് തിരിച്ച്‌ വെടിവെച്ചതിനാലാണ് ജിതേന്ദ്രക്ക് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 12 കേസുകളില്‍ പ്രതിയായ ജിതേന്ദ്രയെ കുറിച്ച്‌ സൂചന നല്‍കുന്നവര്‍ക്ക് 25,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ബല്‍ബീറില്‍നിന്ന് കീര്‍ത്തിയുടെ ഫോണുള്‍പ്പെടെ കണ്ടെടുത്തിരുന്നു.

?️ ശിവസേന പിളര്‍പ്പിനെ തുടര്‍ന്ന് എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള പരാതിയില്‍ മഹാരാഷ്ട്ര സ്പീക്കര്‍ ഡിസംബര്‍ 31നകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി വിധിച്ചു.എൻ.സി.പി പിളര്‍ത്തിയ അജിത് പവാര്‍ പക്ഷത്തെ എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള പരാതി അടുത്ത വര്‍ഷം ജനുവരി 31നകം തീര്‍പ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഫെബ്രുവരി 29 വരെ സമയം വേണമെന്ന മഹാരാഷ്ട്ര സ്പീക്കറുടെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്.

?️ മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.അടുത്ത മാസം (നവംബര്‍) രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഏപ്രില്‍ മാസത്തില്‍ ഇതേ കേസില്‍ ഇഡി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇന്ന് കേസില്‍ ജയിലില്‍ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ഇഡി മുഖ്യമന്ത്രി കെജ്രിവാളിന് നോട്ടീസ് നല്‍കിയത്.മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി സുപ്രീംകോടതിയാണ് തള്ളിയത്. കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം.

?️ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായുള്ള നാമനിർദേശ പത്രിക സമർപ്പിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ. ദുർഗ് ജില്ലയിലെ പഠാൻ മണ്ഡലത്തിൽ നിന്നു തന്നെയാണ് ഇത്തവണയും ബഘേൽ മത്സരിക്കുന്നത്.

?️ താൻ ജീവനോടെ ഇരിക്കും വരെ തെലങ്കാന സമാധാന പ്രിയ- മതേതര സംസ്ഥാനമായി തുടരുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് പ്രസിഡന്‍റുമായ കെ. ചന്ദ്രശേഖർ റാവു. ജുക്കാലിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നിച്ച് കാണാനാണ് ബിആർഎസ് ആഗ്രഹിക്കുന്നത്. മറ്റു സംസ്ഥാനങ്ങൾക്ക് സംസ്ഥാനം ഒരു മാതൃകയാണെന്നും കെസിആർ പറ‌ഞ്ഞു.
.

?️ ദേശീയ ഗാനത്തെ അവഹേളിച്ചുവെന്നാരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ നൽകിയ പരാതി തള്ളി മാസ്ഗാവ് കോടതി. ബിജെപി മുംബൈ യൂണിറ്റിലെ പ്രവർത്തകനായ വിവേകാനന്ദ ഗുപ്തയാണ് മമതയ്ക്കേതിരേ പരാതി നൽകിയത്. 2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മുംബൈ സന്ദർശനത്തിനിടെ ഒരു പരിപാടിയിൽ പങ്കെടുക്കവേ ദേശീയ ഗാനം പാടുന്ന സമയത്ത് മമത ബാനർജി എഴുന്നേറ്റു നിന്നില്ലെന്ന് ആരോപിച്ചാണ് പരാതി നൽകിയിരുന്നത്.

?️ ബംഗളൂരുവിൽ വൻ തീപിടിത്തം.വീരഭദ്ര നഗറിൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗാരേജിൽ വൻ തീപിടിത്തം. നിർത്തിയിട്ടിരുന്ന പത്തോളം ബസുകൾ കത്തി നശിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേന സ്ഥലത്തെത്തയിട്ടുണ്ട്. തീ പിടിത്തതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

?️ ആന്ധ്രപ്രദേശിലെ വിജയനഗരത്തിനു സമീപം കണ്ടകപ്പള്ളിയിൽ ട്രെയ്‌നുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 14 ആയി. 50 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ വിശാഖപട്ടണത്തെയും വിജയനഗരത്തിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി റെയ്‌ൽ അധികൃതർ. തിങ്കളാഴ്ച വൈകിട്ട് ഏഴിനായിരുന്നു ഹൗറ- ചെന്നൈ പാതയിൽ അപകടമുണ്ടായത്. റായഗഡ പാസഞ്ചർ ട്രെയ്‌ൻ, വിശാഖപട്ടണം പാലസ പാസഞ്ചർ ട്രെയ്നിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇതേത്തുടർന്നു 3 കോച്ചുകൾ പാളം തെറ്റി. പാളത്തിലെ തകരാർ പരിഹരിച്ച് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗതാഗതം പുനഃസ്ഥാപിച്ചു.

? അന്താരാഷ്ട്രീയം ?
—————————>>>>>>>

?️ ആശുപത്രികള്‍ക്കുനേരെ ഇസ്രായേല്‍ സേനയുടെ ഭീഷണിയില്‍ ഗസ്സയിലെ ആരോഗ്യ രംഗം കൂടുതല്‍ അരക്ഷിതാവസ്ഥയിലായി.ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫ ഹോസ്പിറ്റലിനും ഒപ്പം അല്‍ ഖുദ്സ് ആശുപത്രിക്കും സമീപം നിരന്തരം ബോംബ് വര്‍ഷിക്കുകയാണ് ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍. ആശുപത്രികള്‍ക്ക് താഴെ ഹമാസിന്റെ ആയുധപ്പുരകളും സങ്കേതങ്ങളും ഉണ്ടെന്നാരോപിച്ചാണ് ഭീഷണി. വടക്കൻ ഗസ്സയിലെ വിവിധ ആശുപത്രികളിലായി ആയിരക്കണക്കിന് രോഗികള്‍ അകപ്പെട്ടുകിടക്കുകയാണെന്ന് ഫലസ്തീൻ അഭയാര്‍ഥികള്‍ക്കായുള്ള യു.എൻ ഏജൻസി അറിയിച്ചു. ഇസ്രായേല്‍ റോഡുകള്‍ തകര്‍ത്തതിനാല്‍ ബോംബിങ് നടത്തിയ പ്രദേശങ്ങളില്‍ ആംബുലൻസുമായി എത്തിപ്പെടാൻ കഴിയുന്നില്ലെന്ന് ഗസ്സ സിവില്‍ ഡിഫൻസ് വളന്റിയര്‍മാര്‍ പറയുന്നു. സലാഅല്‍ദീൻ മേഖലയില്‍ അടിയന്തര സഹായം ആവശ്യമുണ്ടെങ്കിലും എത്തിച്ചേരാൻ വഴിയില്ല.

?️ ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദിയായി പിടിച്ച ഷാനി നിക്കോള്‍ ലൗക്ക് എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. ഇവര്‍ ജര്‍മൻ-ഇസ്രായേല്‍ പൗരത്വമുള്ളയാളാണ്.വെസ്റ്റ് ബാങ്ക് പട്ടണങ്ങളില്‍ ഫലസ്തീനികള്‍ക്കു നേരെ അതിക്രമം രൂക്ഷമാക്കിയ ഇസ്രായേല്‍ പട്ടാളം ഇതുവരെയായി 119 പേരെ കൊലപ്പെടുത്തി.

?️ ഞായറാഴ്ച 33 സഹായ ട്രക്കുകള്‍ കൂടി ഗസ്സയില്‍ എത്തിയതായി യു.എൻ അിറയിച്ചു. ആകെ 117 സഹായ ട്രക്കുകള്‍ എത്തി.2019 മുതല്‍ ലോകത്ത് അരങ്ങേറിയ സംഘര്‍ഷങ്ങളിലായി ഓരോ വര്‍ഷവും കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ മൂന്നാഴ്ചകൊണ്ട് ഗസ്സയില്‍ കൊല്ലപ്പെട്ടതായി സേവ് ദ ചില്‍ഡ്രൻ സംഘടന.

?️ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ജര്‍മനി ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

?️ സൗദി അറേബ്യയില്‍ ആയുഷ്കാല ഹെല്‍ത്ത് ഇൻഷുറൻസ് നടപ്പാക്കുന്നു. 2024 പകുതിയോടെ ‘ദേശീയ ഇൻഷുറൻസ്’ എന്ന പേരില്‍ ഒറ്റ പ്രീമിയം ഇൻഷുറൻസ് നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍ പറഞ്ഞു.റിയാദില്‍ വേള്‍ഡ് ഹെല്‍ത്ത് ഫോറത്തിെൻറ ഭാഗമായി നടന്ന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോളിസി എടുത്തുകഴിഞ്ഞാല്‍ പിന്നീടൊരിക്കലും പുതുക്കേണ്ടതില്ല.പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ട് ഇൻഷുറൻസാണിത്. ഇത് ജീവിതകാലം മുഴുവൻ തുടരും. പ്രത്യേക കാലപരിധിയില്ല. ചികിത്സക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ മുൻകൂര്‍ അനുമതിയുടെയും ആവശ്യമില്ല. ദേശീയ ഇൻഷുറൻസിെൻറ ലക്ഷ്യം വ്യക്തിയുടെ ജീവിതത്തിെൻറ എല്ലാ ഘട്ടങ്ങളിലും ആരോഗ്യ സംരക്ഷണത്തിനാവശ്യമായ സൗകര്യം ഒരുക്കുക എന്നതാണ്.

⚽ കായികം, സിനിമ ?
—————————–>>>>>>>>

?️ ലോകകപ്പിൽ മൂന്നാം ജയവും സ്വന്തമാക്കി അഫ്‌ഗാനിസ്ഥാൻ സെമി ഫൈനൽ സാധ്യത നിലനിർത്തി. ഇംഗ്ലണ്ടിനും പാക്കിസ്ഥാനും ശേഷം ശ്രീലങ്കയാണ് അഫ്‌ഗാന്‍റെ മികവിനു മുന്നിൽ അടിയറവ് പറയുന്ന മൂന്നാമത്തെ ടെസ്റ്റ് പ്ലെയിങ് രാജ്യം. മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി തെരഞ്ഞെടുത്തത് ഫീൽഡിങ്. ക്യാപ്റ്റന്‍റെ തീരുമാനം സാധൂകരിച്ച അഫ്ഗാൻ ബൗളർമാർ, മുൻ ലോക ചാംപ്യൻമാരെ 49.3 ഓവറിൽ 241 റൺസിന് എറിഞ്ഞിട്ടു. ആധികാരികമായ മറുപടിയിൽ അഫ്‌ഗാൻ 45.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

?️ സിനിമാ – സീരിയൽ അഭിനേത്രി രഞ്ജുഷ മേനോനെ മരിച്ച നിലയിൽ കണ്ടെത്തി. 34 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് രഞ്ജുഷയെ കണ്ടെത്തിയത്. കൊച്ചി സ്വദേശിയായ രഞ്ജുഷ മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഒഫ് ഗോഡ്, തലപ്പാവ്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച 12, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങി നിരവധി സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.നിലവിൽ സീരിയലിൽ ലൈൻ പ്രൊഡ്യൂസറായി ജോലി ചെയ്യുന്നതിനിടെയാണ് മരണപ്പെട്ടത്. നടിക്ക് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

?️ കാമ്പസ് പശ്ചാത്തലമാക്കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ എക്കാലവും ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലത് വലിയ ജനപ്രീതിയിലേക്കും എത്തിയിട്ടുണ്ട്.ഇപ്പോഴിതാ ആ ഗണത്തില്‍ ഒരു ചിത്രം കൂടി മലയാളത്തില്‍ എത്തുന്നു. ആൻസണ്‍ പോള്‍, ആരാധ്യ ആൻ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന താള്‍ ആണ് ആ ചിത്രം. കോളെജിലെ രണ്ട് കാലഘട്ടങ്ങള്‍ കൂട്ടിയിണക്കി വേറിട്ട പ്രമേയവുമായി ഒരുങ്ങിയിരിക്കുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി.ആൻസണ്‍ പോള്‍, ആരാധ്യ ആൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള സിനിമ ഇതുവരെ കൈകാര്യം ചെയ്യാത്ത ഒരു പ്രമേയമാണ് ചിത്രം അവതരിപ്പിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. രാജാസാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ. ജി കിഷോര്‍ നിര്‍വഹിക്കുന്നു.

?️ *മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ സിനിമകളുടെ ലിസ്റ്റില്‍ നേരത്തേതന്നെ ഇടംപിടിച്ചിരുന്ന ചിത്രമാണ് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്ക്വാഡ്.സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം അഞ്ചാം വാരത്തിലും മികച്ച സ്ക്രീന്‍ കൌണ്ടോടെയാണ് കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് എന്നതാണ് കൌതുകകരമായ വസ്തുത. അഞ്ചാം വാരത്തില്‍ കേരളത്തില്‍ ചിത്രത്തിന് 130 ല്‍ അധികം സ്ക്രീനുകളില്‍ പ്രദര്‍ശനമുണ്ട്. ഇപ്പോഴിതാ കളക്ഷനില്‍ ചിത്രം ഒരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ ലിസ്റ്റില്‍ ഒരു ചിത്രത്തെക്കൂടി മറികടന്നിരിക്കുകയാണ് മമ്മൂട്ടി ചിത്രം.എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയില്‍ ദൃശ്യം, കായംകുളം കൊച്ചുണ്ണി, രോമാഞ്ചം, പ്രേമം എന്നീ ചിത്രങ്ങളെയൊക്കെ നേരത്തേ മറികടന്നിരുന്ന ചിത്രം ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പിനെയും മറികടന്നിരിക്കുകയാണ്. ഇതോടെ വിജയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഏഴാം സ്ഥാനത്ത് നിന്നും ആറാമത് എത്തിയിട്ടുണ്ട് ചിത്രം. 2018, പുലിമുരുകന്‍, ലൂസിഫര്‍, ഭീഷ്മ പര്‍വ്വം, ആര്‍ഡിഎക്സ് എന്നിവയാണ് നിലവില്‍ കണ്ണൂര്‍ സ്ക്വാഡിന് മുന്നിലുള