◾ഇസ്രയേല്‍ മാത്രമല്ല, ലോകം മുഴുവന്‍ ഹമാസിന്റെ കാല്‍ക്കീഴിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹമാസ് കമാന്‍ഡര്‍ മഹ്‌മൂദ് അല്‍ സഹറിന്റെ വീരവാദം. ഇസ്രായേല്‍ കേവലം പ്രാരംഭ ലക്ഷ്യം മാത്രമാണെന്നും ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അല്‍ സഹര്‍ വ്യക്തമാക്കി. അതേസമയം കര ആക്രമണത്തിലൂടെ ഹമാസിനെ പൂര്‍ണമായി തുടച്ചുനീക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഹമാസ് ഐഎസിനേക്കാള്‍ മോശമാണെന്നും നെതന്യാഹു ആരോപിച്ചു.
◾ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേല്‍ പൂര്‍ണ്ണമായി വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഗാസയിലെ അവസാന പവര്‍ സ്റ്റേഷനും അടച്ചു പൂട്ടി. എന്നാല്‍ ഗാസയിലെ പൊതുജനങ്ങള്‍ക്കുള്ള ഭക്ഷണവും ജലവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാന്‍ അനുവദിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ചു.
◾ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്ന ഗാസയിലെ ഹമാസിന്റെ കമാന്‍ഡോ യൂണിറ്റ് ആസ്ഥാനങ്ങള്‍ ബോംബിട്ട് തകര്‍ത്തുവെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. എന്നാല്‍ ഇനിയും കരയുദ്ധം ആരംഭിച്ചിട്ടില്ല. ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാരെ മോചിപ്പിക്കാനും മറ്റുമായി തുര്‍ക്കി, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
◾ഇസ്രയേലിനെതിരെ പുതിയ ആരോപണം ഉന്നയിച്ച് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം. അന്താരാഷ്ട്ര തലത്തില്‍ നിരോധിക്കപ്പെട്ട വൈറ്റ് ഫോസ്ഫറസ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളായ കരാമ, ഗാസ എന്നിവിടങ്ങളില്‍ പലസ്തീനികള്‍ക്കെതിരെ പ്രയോഗിക്കുകയാണെന്നാണ് ആരോപണം.
◾ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യമായ ഓപ്പറേഷന്‍ അജയിന്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവന്‍ തിരികെ എത്തിക്കാനുള്ള ദൗത്യമാണ് നടക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
◾സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹോക്കി താരം പി ആര്‍ ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി തിരിച്ചെത്തിയിട്ട് മൂന്ന് നാല് ദിവസമായിട്ടും ഇതുവരെ സ്വന്തം പഞ്ചായത്ത് പ്രസിഡന്റ് പോലും ഒന്നു കാണാന്‍ വന്നില്ലെന്ന് ശ്രീജേഷ്. ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ സി വി ആനന്ദ ബോസ് ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ചശേഷമായിരുന്നു ശ്രീജേഷിന്റെ പ്രതികരണം. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയാലും നാട്ടില്‍ വലിയ വിലയൊന്നുമില്ല എന്ന ചിന്താഗതി വരുമ്പോ അത് നാളത്തെ തലമുറയെ എത്രത്തോളം നിരുത്സാഹപ്പെടുത്തും എന്ന് ചിന്തിച്ചാല്‍ മതിയെന്നും ശ്രീജേഷ് പറഞ്ഞു. ഹരിയാന സര്‍ക്കാര്‍ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് നല്‍കുന്നത് മൂന്ന് കോടി രൂപയാണ്
◾നിയമനക്കോഴ തട്ടിപ്പിന്റെ സൂത്രധാരനെന്ന് കരുതുന്ന മുന്‍ എഐഎസ്എഫ് നേതാവ് ബാസിത്തിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം, കേസിലെ പ്രധാന പ്രതി അഖില്‍ സജീവിനെ പത്തനംതിട്ട കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സിഐടിയു ഫണ്ട് തട്ടിപ്പ് കേസിലെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി.
◾മാലിന്യസംസ്‌കരണത്തിന് കടുത്ത നടപടി പ്രഖ്യാപിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ്. 100 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഏത് പരിപാടികളും ഇനി തദ്ദേശ സ്ഥാപനങ്ങളില്‍ അറിയിക്കണം. മാലിന്യ നിര്‍മാര്‍ജനത്തിന് തദ്ദേശസ്ഥാപനങ്ങള്‍ നിശ്ചയിച്ച ഫീസ് അടയ്ക്കണം. രാഷ്ട്രീയ പാര്‍ട്ടി പരിപാടികള്‍ ഉള്‍പ്പെടെ മൂന്ന് ദിവസം മുന്‍പ് അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾പോലിസുകാര്‍ സീറ്റ് ബെല്‍റ്റിടാത്തത് ചോദ്യം ചെയ്ത യുവാക്കള്‍ പോലീസ് വാഹനം തടഞ്ഞെന്ന കേസില്‍ അറസ്റ്റില്‍. കഴിഞ്ഞദിവസം പാനൂര്‍ ചൊക്ലിയില്‍ പോലീസുകാര്‍ സീറ്റ് ബെല്‍റ്റിടാത്തത് ചോദ്യം ചെയ്ത സനൂപ്, ഫായിസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ ഭീഷണിപ്പെടുത്തി, പോലീസ് വാഹനം തടഞ്ഞു എന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍
◾ഉളിക്കല്‍ ടൗണില്‍ ഇന്നലെ ആന ഇറങ്ങി ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി. ആര്‍ത്രശേരി ജോസ് (63) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ടൗണിലിറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റാണ് പ്രദേശവാസിയായ ജോസ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആനയെ തുരത്തിയത് ആളുകള്‍ ഒഴിഞ്ഞുപോയെന്ന് ഉറപ്പാക്കിയ ശേഷമാണെന്നും ജോസ് എങ്ങനെ ആനയുടെ മുന്നിലകപ്പെട്ടെന്ന് അറിയില്ലെന്നും തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ അറിയിച്ചു. ഇന്ന് രാവിലെ ആന ഓടിയ വഴിയില്‍, മത്സ്യ മാര്‍ക്കറ്റിന് സമീപത്താണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്.
◾സഹകാരി സംരക്ഷണ പദയാത്ര വാഹന തടസം സൃഷ്ടിച്ചെന്ന് കാണിച്ച് സുരേഷ് ഗോപി, കെ സുരേന്ദ്രന്‍ എന്നിവരടക്കം 500ഓളം പേര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തതിന് പിന്നില്‍ തട്ടിപ്പിനിരയായ പാവപ്പെട്ട സഹകാരികള്‍ക്ക് വേണ്ടി ഇനിയാരും രംഗത്ത് വരാതിരിക്കാനുള്ള ഭയപ്പെടുത്തലാണെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ പറഞ്ഞു.
◾ഇസ്രയേല്‍ പലസ്തീന്‍ യുദ്ധത്തില്‍ പലസ്തീനെ പിന്തുണച്ച് സിപിഎം നേതാവ് എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. അവന്‍ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ് എന്ന തലക്കെട്ടിലാണ് സ്വരാജ് കുറിപ്പെഴുതിയത്. ഇസ്രായേലിനെയും പലസ്തീനെയും ഇരുവശത്തായി നിര്‍ത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നു കഴിഞ്ഞെന്ന് സ്വരാജ് കുറിച്ചു.
◾ഹമാസ് ഭീകരരാണെങ്കില്‍ ഇസ്രയേല്‍ കൊടും ഭീകരരാണെന്ന് മുന്‍ മന്ത്രിയും എം.എല്‍.എ.യുമായ കെ.ടി. ജലീല്‍. ഹിറ്റ്‌ലര്‍ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രയേല്‍ പലസ്തീനികളോട് കാണിക്കുന്നതെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
◾19 ദിവസം കൊണ്ട് പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല. ഉത്തരക്കടലാസുകള്‍ എ.എസ്.ആര്‍.എസ്. സംവിധാനത്തില്‍ സൂക്ഷിക്കാന്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ഇത്രയും കുറച്ചു ദിവസം കൊണ്ട് കാലിക്കറ്റ് സര്‍വകലാശാല പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിക്കുന്നത്. ബാര്‍കോഡ് സംവിധാനം ഒരുക്കിയായിരുന്നു പരീക്ഷ നടത്തിയത്.
◾വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പലായ ഷെന്‍ ഹുവ 15 നെ വാട്ടര്‍ സല്യൂട്ടോടെ സ്വീകരിച്ചു. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന ചൈനീസ് കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം.
◾കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ചോദ്യം ചെയ്യലിന് റബ്കോ എം ഡി പിവി ഹരിദാസന്‍ കൊച്ചി ഇ ഡി ഓഫിസില്‍ രണ്ടാം ദിവസവും ഹാജരായി. ബാങ്കും റബ്കോയും തമ്മില്‍ നടത്തിയ ചില ഇടപാടുകളിലെ വ്യക്തതക്കായാണ് വിളിച്ചുവരുത്തിയത്. റബ്കോയിക്ക് കരുവന്നൂര്‍ ബാങ്ക് ചില വായ്പകളും അനുവദിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
◾യുവനടിയോട് ഫ്ലൈറ്റില്‍ വെച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് തൃശൂര്‍ സ്വദേശി ആന്റോ. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സംഭവത്തില്‍ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
◾സഹയാത്രികയോട് കെഎസ്ആര്‍ടിസി ബസില്‍ അപമര്യാദയായി പെരുമാറിയ മിമിക്രി താരം ബിനു കമാല്‍ റിമാന്‍ഡില്‍. വട്ടപ്പാറ പൊലീസാണ് ബിനു കമാലിനെ അറസ്റ്റ് ചെയ്തത്.
◾മലയാളി അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷക ഷീജ ഗിരീഷ് നായരെയാണ് കാണാതായത്. തിങ്കളാഴ്ച അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയിലാണ് കാണാതായത്. സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കി.
◾കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി സിപിഐയില്‍ ചേര്‍ന്ന മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. പ്രവീണ രവികുമാര്‍, രാജേന്ദ്രന്‍ എന്നിവരെയാണ് അയോഗ്യരാക്കിയത്. സിപിഐ അവിശ്വാസം കൊണ്ടുവന്നപ്പോള്‍ പ്രവീണ രവികുമാറും രാജേന്ദ്രനും കൂറുമാറി കോണ്‍ഗ്രസിനെതിരെ വോട്ടു ചെയ്തതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. രണ്ടു പേരും കൂറുമാറിയതായി ബോധ്യപ്പെട്ടതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത പ്രഖ്യാപിക്കുകയായിരുന്നു.
◾കൈക്കൂലി കേസില്‍ പാലക്കാട് അമ്പലപ്പാറ പഞ്ചായത്തില്‍ 2011ല്‍ സെക്രട്ടറി ആയിരുന്ന എന്‍. ആര്‍. രവീന്ദ്രനെ വിജിലന്‍സ് കോടതി ശിക്ഷിച്ചു. ഒരു കൊല്ലം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കെട്ടിട നമ്പര്‍ അനുവദിക്കാനായി അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സ് പിടിയിലായത്.
◾തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. തിരുവള്ളൂരില്‍ ഗുണ്ടാ നേതാക്കളായ സതീഷ്, മുത്തുശ്ശരവണന്‍ എന്നിവരെ പൊലീസ് വെടിവെച്ച് കൊന്നു. ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇവര്‍ വെടിയുതിര്‍ത്തുവെന്നും ഇതേ തുടര്‍ന്നാണ് പൊലീസ് വെടിവെച്ചതെന്നും പൊലീസ് വിശദീകരിച്ചു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
◾ജയ് പ്രകാശ് നാരായണ്‍ ഇന്റര്‍നാഷണല്‍ സെന്ററിലേക്ക് പൊലീസ് പ്രവേശനം നിഷേധിച്ചതോടെ മതില്‍ ചാടി കടന്ന് അകത്ത് പ്രവേശിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സോഷ്യലിസ്റ്റ് നേതാവ് ജയ് പ്രകാശ് നാരായണിന്റെ ജന്മദിനത്തില്‍ പുഷ്പചക്രമര്‍പ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്ന കാരണം പറഞ്ഞ് അഖിലേഷ് യാദവിനെ പൊലീസ് തടഞ്ഞത്.
◾ബിഹാറിലെ ബക്സറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇന്നലെ രാത്രിയാണ് ബീഹാറിലെ ബക്സറില്‍ ട്രെയിന്‍ പാളം തെറ്റി 4 പേര്‍ മരിച്ചത്.
◾കോണ്‍ഗ്രസിന്റെ വാര്‍ റൂമിന് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍. കോണ്‍ഗ്രസിന്റെ നയപരമായ തന്ത്രങ്ങളുടെ രൂപീകരണവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടക്കുന്ന കോണ്‍ഗ്രസിന്റെ വാര്‍ റൂം പ്രവര്‍ത്തിച്ചിരുന്ന ദില്ലിയിലെ കെട്ടിടം ഒഴിയാന്‍ നോട്ടീസ്. മുന്‍ എംപി പ്രദീപ് ഭട്ടാചാര്യക്ക് അനുവദിച്ചിരുന്ന കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. എംപിയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് നാളേക്കു തന്നെ കെട്ടിടം ഒഴിയണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
◾ഇസ്രയേല്‍ പൗരന്‍മാരായ കുട്ടികളുടെ തല ഹമാസ് വെട്ടിയെന്നും അതിന്റെ ദൃശ്യങ്ങള്‍ കണ്ടെന്നും പറഞ്ഞ യു.എസ് പ്രസിഡന്റ് ജോ ബെഡനെ തിരുത്തി വൈറ്റ് ഹൗസ്. അത്തരം ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും ഇസ്രയേലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രസിഡന്റിന്റെ പ്രതികരണമെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു.
◾ഐസിസി ലോകകപ്പില്‍ ഇന്ന് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക പോരാട്ടം. ലഖ്നൗവില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു.
◾കെ.എസ്.എഫ്.ഇയുമായുള്ള സാമ്പത്തിക ഇടപാടുകളും മറ്റ് ദൈനംദിന ആവശ്യങ്ങളും ഇനി ഞൊടിയിടയില്‍ നടത്താം. ‘കെ.എസ്.എഫ്.ഇ പവര്‍’ എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കിയതോടെയാണിത്. ചിട്ടി ഉടമകള്‍ക്ക് യൂസര്‍നെയിമും പാസ് വേഡും നല്‍കി ആപ്പില്‍ ലോഗിന്‍ ചെയ്യാം. ചിട്ടി മാസത്തവണകള്‍ അടയ്ക്കാനും ചിട്ടി വിളിക്കാന്‍ ശാഖാ മാനേജരെ ചുമതലപ്പെടുത്തുന്ന അനുമതിപത്രം നല്‍കാനും സ്വന്തം അക്കൗണ്ട് വിവരം പരിശോധിക്കാനും ആപ്പ് വഴി എളുപ്പം സാധിക്കും. ചിട്ടി വിളിച്ചെടുക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാനും പുതിയ ചിട്ടിയില്‍ ചേരാനുമുള്ള സൗകര്യങ്ങള്‍ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. മാസത്തവണ കണക്കുകൂട്ടാന്‍ കാല്‍ക്കുലേറ്ററും ഉണ്ട്. കൂടാതെ ഇതുവരെ നടത്തിയ ഇടപാട് വിവരങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. രാജ്യത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചിട്ടി സ്ഥാപനങ്ങളില്‍ ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കാനാവുന്നത് കെ.എസ്.എഫ്.ഇയിലാണെന്ന് ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. നിലവില്‍ കെ.എസ്.എഫ്.ഇയ്ക്ക് 76,000 കോടി രൂപയുടെ ബിസിനസുണ്ട്. ഇത് ഒരുലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്താന്‍ സാധിക്കും. കെ.എസ്.എഫ്.ഇയുടെ മൂലധനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡയമണ്ട് ചിട്ടിയുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. സര്‍ക്കാരിന് ഗ്യാരണ്ടി കമ്മിഷനായി കെ.എസ്.എഫ്.ഇ നല്‍കുന്ന 56.74 കോടി രൂപയുടെ ചെക്കും മന്ത്രി ഏറ്റുവാങ്ങി. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, ഡയറക്ടര്‍ ഡോ. കെ. ശശികുമാര്‍, സി ഹരികുമാര്‍, എസ്. മുരളീകൃഷ്ണപിള്ള, എസ്. അരുണ്‍ബോസ്, എന്‍.എ. മന്‍സൂര്‍, എസ്. വിനോദ്, ഡോ. എസ്.കെ. സനില്‍ എന്നിവര്‍ സംസാരിച്ചു.
◾പ്രാദേശിക ഓഹരികളില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഫലമായി ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം സെപ്തംബറില്‍ 26 ശതമാനം വര്‍ദ്ധിച്ചു. കഴിഞ്ഞ മാസം ഇത് മൊത്തം 12.97 കോടിയിലെത്തിയതായാണ് എന്‍.എസ്.ഡി.എല്‍, സി.ഡി.എസ്.എല്‍ എന്നിവയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. 30.6 ലക്ഷത്തിലധികം ഡിമാറ്റ് അക്കൗണ്ടുകളാണ് സെപ്തംബറില്‍ തുറന്നത്. ഇത് ആഗസ്റ്റിലെ 31 ലക്ഷത്തില്‍ നിന്ന് അല്‍പ്പം കുറവാണെങ്കിലും തുടര്‍ച്ചയായ രണ്ടാം മാസവും പുതിയ അക്കൗണ്ടുകള്‍ 30 ലക്ഷം കവിഞ്ഞു. ജൂലായ് മുതല്‍ ധാരാളം ഐപിഒകള്‍ നല്ല പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. 14 കമ്പനികളാണ് കഴിഞ്ഞ മാസം പൊതുവിപണിയിലേക്ക് എത്തിയത്. 13 വര്‍ഷത്തിനിടയില്‍ ഒരുമാസം രേഖപ്പെടുന്ന ഏറ്റവും ഉയര്‍ന്ന ഐ.പി.ഒ എണ്ണമാണിത്. 11,800 കോടി രൂപയുടെ സമാഹരണമാണ് ഈ ഐ.പി.ഒകളിലൂടെ നടന്നത്. എസ്.എം.ഇ വിഭാഗത്തില്‍ 37 ഐ.പി.ഒകളില്‍ നിന്നായി 1000 കോടിയിലധികം രൂപയുടെ സമാഹഹരണം സെപ്തംബറില്‍ ഉണ്ടായി. എസ്.എം.ഇകള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടാന്‍ തുടങ്ങിയ 2012നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. സെപ്തംബറില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ തുടര്‍ന്നു. ഉയര്‍ന്ന പലിശനിരക്ക് ദീര്‍ഘകാലം തുടരുമെന്ന ആശങ്കയെ തുടര്‍ന്ന് ഡോളറിന്റെ മൂല്യം 107ല്‍ എത്തിയതും 10 വര്‍ഷ യു.എസ് ബോണ്ടുകളിലെ ആദായം 16 വര്‍ഷത്തെ ഉയര്‍ച്ചയിലേക്ക് എത്തിയതും ഓഹരി വിപണികള്‍ക്ക് തിരിച്ചടിയായി.
◾സ്മാര്‍ട്ട്ഫോണ്‍ വിപണി കീഴടക്കാന്‍ കിടിലന്‍ ഹാന്‍ഡ്സെറ്റുകള്‍ അവതരിപ്പിക്കുന്ന ബ്രാന്‍ഡാണ് ഓപ്പോ. സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഓപ്പോയുടെ മികച്ച ഹാന്‍സെറ്റുകളില്‍ ഒന്നാണ് ഓപ്പോ എ78. ഡിസൈനിലും, കിടിലന്‍ ഫീച്ചറുകളോടെയുമാണ് ഓപ്പോ എ78 എത്തിയിരിക്കുന്നത്. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി35 പ്രോസസറാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് കരുത്ത് പകരുന്നത്. 5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 512 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെ 3 വേരിയന്റുകളില്‍ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ സാധിക്കും.
◾തൃഷ നായികയായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘ദ റോഡ്’. തൃഷ നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രമാണിത്. ഒരു പ്രതികാര കഥയുമായുള്ള ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ വിജയത്തിന് ശേഷം നടി തൃഷ നായികയായി എത്തിയ പുതിയ ചിത്രമായ ദ റോഡിന്റെ സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകന്‍ അരുണ്‍ വസീഗന്റെ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് ആഹാ തമിഴിനാണ് എന്ന് നേരത്തെ വ്യക്തമാക്കിയെങ്കിലും എപ്പോഴായിരിക്കും സ്ട്രീമിംഗ് എന്ന് അറിയിച്ചിട്ടില്ല. ഷബീര്‍ കള്ളറക്കല്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം എസ് ഭാസ്‌കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി തുടങ്ങിയവും ദ റോഡില്‍ തൃഷയ്ക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹണം കെ ജി വെങ്കടേഷാണ്. സാം സി എസ്സാണ് സംഗീതം. തൃഷ നായികയായി റിലിസിനൊരുങ്ങുന്ന മറ്റൊരു ചിത്രം വിജയ് നായകനാകുന്ന ലിയോയാണ്.
◾സിബിഐ സീരിസിന്റെ ആറാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ കെ മധു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സീരീസ് ആണ് സിബിഐ സിനിമ. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത അഞ്ച് സിനിമകളാണ് ഈ സീരിസില്‍ ഇതുവരെ എത്തിയത്. 1988ല്‍ പുറത്തിറങ്ങിയ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ ആയിരുന്നു ഈ സീരിസിലെ ആദ്യ സിനിമ. ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നിവയാണ് ആദ്യ നാല് ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷമാണ് സീരിസിലെ അഞ്ചാമത്തെ ചിത്രമായ ‘സിബിഐ 5: ദ ബ്രെയ്ന്‍’ എത്തിയത്. എന്നാല്‍ ഈ ചിത്രം ശ്രദ്ധ നേടിയിരുന്നില്ല. പ്രേക്ഷകരെ സ്വാധീനിക്കാന്‍ സാധിക്കാത്ത ചിത്രത്തിന് വിമര്‍ശനങ്ങള്‍ ആയിരുന്നു ലഭിച്ചു കൊണ്ടിരുന്നത്. അഞ്ചാം ഭാഗത്തിന് വേണ്ട വിധത്തിലുള്ള സ്വീകാര്യത ബോക്‌സ് ഓഫീസില്‍ ലഭിച്ചില്ലെങ്കിലും പഴയ സേതുരാമയ്യരെ അണുവിട വ്യത്യസമില്ലാതെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പ്രകടനത്തിന് കൈയ്യടി ലഭിച്ചിരുന്നു.
◾രാജ്യത്ത് സിഎന്‍ജി കാറുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ സിഎന്‍ജി കാറുകളുടെ വില്‍പ്പന 36 ശതമാനം ഉയര്‍ന്ന് 2.91 ലക്ഷം യൂണിറ്റായിട്ടുണ്ട്. രണ്ടാം പകുതിയിലും ശക്തമായ വില്‍പ്പന തുടരുകയാണെങ്കില്‍, മൊത്ത വില്‍പ്പന 5 ലക്ഷം കവിയുമെന്നാണ് വിലയിരുത്തല്‍. പെട്രോളിന്റെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ മിക്ക ആളുകളും ബദല്‍ മാര്‍ഗ്ഗം എന്ന നിലയില്‍ സിഎന്‍ജി കാറുകള്‍ വാങ്ങാന്‍ ആരംഭിച്ചതോടെയാണ് ഡിമാന്‍ഡ് ഉയര്‍ന്നത്. പെട്രോളുമായി താരതമ്യം ചെയ്യുമ്പോള്‍ സിഎന്‍ജിക്ക് താരതമ്യേന വില കുറവാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 2,18,942 യൂണിറ്റ് സിഎന്‍ജി കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1,53,034 യൂണിറ്റ് കാറുകള്‍ വിറ്റഴിക്കാന്‍ മാരുതിക്ക് സാധിച്ചിരുന്നു. ഈ വര്‍ഷം സിഎന്‍ജി കാര്‍ വില്‍പ്പനയില്‍ 43 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 4.04 ലക്ഷം സിഎന്‍ജി കാറുകളാണ് വിറ്റഴിച്ചത്. മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍, സിഎന്‍ജി വാഹനങ്ങള്‍ക്ക് പ്രവര്‍ത്തന ചെലവ് താരതമ്യേന കുറവാണ്.
◾ആധുനികോത്തര മലയാളകഥയെ പച്ചമണ്ണിനോടും വയല്‍ച്ചളിയോടും സാധാരണ മനുഷ്യന്റെ ജീവിത നിശ്വാസത്തോടും അടുപ്പിച്ചു നിര്‍ത്തിയ അേശാകന്‍ ചരുവിലിന്റെ പതിനഞ്ച് കഥകള്‍. അശോകന്‍ ചരുവിലിന്റെ വ്യക്തി-രാഷ്ട്രീയ-സാഹിത്യ- ജീവിതത്തെ മുന്‍നിര്‍ത്തി ടി.എം. രാമചന്ദ്രന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി നടത്തിയ ദീര്‍ഘസംഭാഷണം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. ‘ഘടികാരം’. അശോകന്‍ ചരുവില്‍. ഐ ബുക്സ്. വില 228 രൂപ.
◾പ്രായമായവരില്‍ സന്ധിവേദന ഒരു സാധാരണ കാര്യമാണ്. എന്നാല്‍ തിരക്കേറിയ ഇക്കാലത്ത് പ്രായമായവരേക്കാള്‍ അധികമായി ചെറുപ്പക്കാരിലും സന്ധിവേദന എന്ന ആരോഗ്യപ്രശ്‌നം കണ്ടുവരാറുണ്ട്. കാല്‍മുട്ടിനും, കൈമുട്ടിനും കയ്യുടെ കുഴയ്ക്കുമെല്ലാം ഇത്തരത്തില്‍ വേദന വരും. വൈറ്റമിന്‍ ഡിയുടെ അഭാവമാണ് സന്ധിവേദനയുടെ ഒരു പ്രധാന കാരണം. എല്ലുകള്‍ക്ക് ബലം നല്‍കുന്നത് വിറ്റാമിന്‍ ഡി ആണ്. എന്നാല്‍ ജീവിതശൈലിയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ വൈറ്റമിന്‍ ഡിയുടെ അഭാവം നികത്താനാകും. ഒപ്പം സന്ധിവേദനയേയും ചെറുക്കാം. പ്രധാനമായും സൂര്യപ്രകാശത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് മനുഷ്യ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കുന്നത്. ഇന്ന് എ സി റൂമുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആണ് ഇത്തരത്തില്‍ വേദനകള്‍ കൂടുതലായി കണ്ടുവരാറുള്ളത്. സൂര്യപ്രകാശം ഏല്‍ക്കാത്തതാണ് ഇതിനൊരു പ്രധാന കാരണം. രാവിലെ അല്‍പം ഇളംവെയില്‍ കൊള്ളുന്നത് നല്ലതാണ്. അതുപോലെതന്നെ വൈകുന്നേരങ്ങളിലും എസിമുറികളിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് പലപ്പോഴും വെയില്‍ ലഭ്യമാകുന്നില്ല. അതിനാല്‍ ഭക്ഷണത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പശുവിന്റെ പാല്‍, ഓറഞ്ച്, മുട്ടയുടെ മഞ്ഞ ഇവയൊക്കെ വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 83.16, പൗണ്ട് – 102.44, യൂറോ – 88.43, സ്വിസ് ഫ്രാങ്ക് – 92.45, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.37, ബഹറിന്‍ ദിനാര്‍ – 220.58, കുവൈത്ത് ദിനാര്‍ -269.11, ഒമാനി റിയാല്‍ – 215.99, സൗദി റിയാല്‍ – 22.17, യു.എ.ഇ ദിര്‍ഹം – 22.64, ഖത്തര്‍ റിയാല്‍ – 22.84, കനേഡിയന്‍ ഡോളര്‍ – 61.22.