കേന്ദ്ര നയങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്: മുഖ്യമന്ത്രി
?️സംസ്ഥാനത്തെ വിവിധ മാർഗങ്ങളിലൂടെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രമെന്നും അതിനെ പിന്തുണയ്ക്കുന്ന സമീപനമാണ് യുഡിഎഫിന്റേതും കോൺഗ്രസിന്റേതുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പേരാവൂർ നിയോജകമണ്ഡലത്തിലെ നവകേരളസദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ വികസന പരിപാടികളിലൂടെ ആധുനിക കേരളത്തിന് അടിത്തറയിടുകയാണ് സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിസ്റ്റ് ഗവണമെന്റിന്റെ കാലം മുതൽ. ഈ സർക്കാരും അതുതന്നെയാണ് ചെയ്യുന്നത്. എന്നാൽ ഇതിനൊക്കെ തടയിടുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. സംസ്ഥാന ഗവൺമെന്റിനെ ഞെരുക്കാനുള്ള പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നു. സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു.
മുഖ്യമന്ത്രി നടത്തിയത് കലാപാഹ്വാനം’, വി.ഡി. സതീശൻ
?️ക്രിമിനൽ മനസാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ ക്രൂര ആക്രമണത്തിനു പിന്നാലെയുള്ള തുടർ പ്രതികരണങ്ങളിൽ വധശ്രമം തുടരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും സതീശൻ ആരോപിച്ചു. രാജ്യഭരണമല്ല കേരളത്തിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി നടത്തിയത് കലാപാഹ്വാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാട്ടുകാരുടെ പണം ഉപയോഗിച്ചാണ് നവ കേരള സദസ് നടത്തുന്നത്. ഉടനടി മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ രാജിവെക്കണം. അധികാരത്തിൽ നിന്ന് ഇറങ്ങാൻ മടിയാണെങ്കിൽ പൊതുമാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.
നവകേരള സദസ്സിൽ കെ.കെ.ശൈലജയെ വിമർശിച്ച് മുഖ്യമന്ത്രി
?️സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മട്ടന്നൂർ എം.എൽ.എയുമായ കെ.കെ. ശൈലജയെ വേദിയിലിരുത്തി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടന്നൂർ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുമ്പോഴാണ് അധ്യക്ഷത വഹിച്ച കെ.കെ. ശൈലജയുടെ പ്രസംഗത്തെ മുഖ്യമന്ത്രി വിമർശിച്ചത്. ‘നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ബഹുമാന്യയായ അധ്യക്ഷക്ക് കുറേ സംസാരിക്കണമെന്ന് തോന്നി. പ്രസംഗം കുറച്ച് കൂടുതലായിപ്പോയി. അതിനാൽ, എന്റെ പ്രസംഗം ഇവിടെ ചുരുക്കുകയാണെന്നും’ മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ടയിൽ ഉരുൾ പൊട്ടൽ
?️കനത്ത മഴയെത്തുടർന്ന് പത്തനം തിട്ടയിലെ ഇലന്തൂരിലും ചെന്നീർക്കരയിലും ഉരുൾ പൊട്ടലുണ്ടായി. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 11 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കലഞ്ഞൂരിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അപകടങ്ങൾ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ മലയോരമേഖലകളിലേക്കുള്ള യാത്രകൾ രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയും , തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും നവംബർ 24 വരെ നിരോധിച്ചത്.
ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന് താൽക്കാലിക വിരാമം
?️ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് താൽക്കാലിക വിരാമമാകുന്നു. വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി. 4 ദിവസത്തേക്ക് വെടിനിര്‍ത്തലിനാണ് ധാരണ. ഖത്തറിന്‍റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്. വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. കരാര്‍ പ്രകാരം ആദ്യഘട്ടത്തില്‍ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. സ്ത്രീകളെയും കുട്ടികളെയുമാകും മോചിപ്പിക്കുക. പകരം തങ്ങളുടെ ജയിലുകളില്‍ കഴിയുന്ന 150 പലസ്തീന്‍ സ്ത്രീകളെയും 19 വയസിന് താഴെയുള്ളവരെയും മോചിപ്പിക്കും. ഗാസ മുനമ്പിലെ എല്ലാ മേഖലകളിലും മാനുഷിക സഹായവും വൈദ്യസഹായവും ഇന്ധന സഹായവും അനുവദിക്കും.
പത്തനംതിട്ടയിൽ കനത്ത മഴ; വീടുകളിൽ വെള്ളം കയറി
?️പത്തനംതിട്ടയിൽ കനത്ത മഴയെ തുടർന്ന് നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. 2 മണിക്കൂറോളം പ്രധാന റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. പോസ്റ്റ് ഓഫിസ് റോഡിൽ 5 കടകളിൽ വെള്ളം കയറി. ടികെ റോഡിൽ വിവിധ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. മണ്ണാറമല്ലയിൽ വീട്ടിൽ വെള്ളം കയറി. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ക്ലസ്റ്റർ പരിശീലനം; സംസ്ഥാനത്ത് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി
?️സംസ്ഥാനത്ത് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം ഉള്ള ജില്ലകളിൽ ഒന്നു മുതൽ 10 വരെ ഉള്ള ക്ലാസുകൾക്ക് ഇന്ന് അവധി. സംസ്ഥാനത്തെ 9 ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്,ചെർപ്പുളശ്ശേരി സബ് ജില്ലകളൊഴികെ അവധിയായിരിക്കും. കോട്ടയം, കൊല്ലം,എറണാകുളം,വയനാട് എന്നീ ജില്ലകളിലെ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും.കൊല്ലം, എറണാകുളം ജില്ലകളിൽ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് പരിശീലനം നടക്കുക. ഈ സാഹചര്യത്തിൽ ഈ നാല് ജില്ലകളിലും ഇന്ന് പ്രവൃത്തി ദിനമായിരിക്കും.
പെൻഷന്‍റെ ബാക്കി കിട്ടിയില്ലെങ്കിൽ വീണ്ടും സമരത്തിന് മറിയക്കുട്ടി
?️ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നു ഭിക്ഷ യാചിക്കാൻ ചട്ടിയുമായി ഇറങ്ങി ശ്രദ്ധ നേടിയ ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടിക്ക് (77) ഒരു മാസത്തെ പെൻഷൻ ലഭിച്ചു. അടിമാലി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി തുക നൽകി. മറിയക്കുട്ടിയുടെ പ്രതിഷേധം വൻ വാർത്താ പ്രാധാന്യം നേടിയതോടെ പ്രതിരോധവുമായി സിപിഎമ്മും മുഖപത്രവും രംഗത്തിറങ്ങിയിരുന്നു. മറിയക്കുട്ടിക്കെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് പത്രം ഒടുവിൽ മാപ്പു പറയുകയും ചെയ്തു. വിവാദം ഹൈക്കോടതിയിൽ എത്തിനിൽക്കെയാണ് ഒരു മാസത്തെ പെൻഷൻ തുക ലഭ്യമാക്കിയത്. നാല് മാസത്തെ പെൻഷൻ വേഗത്തിൽ നൽകിയില്ലെങ്കിൽ വീണ്ടും തെരുവിൽ ഇറങ്ങുമെന്ന് മറിയക്കുട്ടി പറഞ്ഞു.
സ്‌കൂൾ കുട്ടികളെ നവകേരള സദസിന് എത്തിക്കണം; ‘അച്ചടക്കമുള്ളവർ’ മാത്രം മതിയെന്ന് നിർദേശം
?️നവകേരള സദസിന് ആളെ കൂട്ടാൻ സ്‌കൂൾ കുട്ടികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദേശം നൽകിയത്. ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികളെങ്കിലും വേണമെന്നാണ് നിർദേശം. അച്ചടക്കമുള്ള വിദ്യാർഥികളെ മാത്രം എത്തിച്ചാൽ മതിയെന്നും നിർദേശമുണ്ട്.
നവകേരള സദസിന് പണം നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഡിസിസി
?️നവകേരള സദസിന് പണം നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് തിരുവല്ല നഗരസഭാ ഭരണസമിതിക്കും കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കും നിർദേശം നൽകി ഡിസിസി. പണം നൽകാനുള്ള തീരുമാനം പാർട്ടി അച്ചടക്ക ലംഘനമാണെന്ന് ഭരണ സമിതികളെ ഡിസിസി അറിയിച്ചു. നഗരസഭാ കൗൺസിലും ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയും ഉടൻ വിളിച്ചു ചേർക്കാൻ ഡിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തിരുവല്ല നഗരസഭയിലും കോന്നി ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തത് പുനഃപരിശോധന തീരുമാനത്തിന് തിരിച്ചടിയാകും. തിരുവല്ല നഗരസഭ ആദ്യഘട്ടമായി 50000 രൂപ നല്‍കി. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗവും പണം നല്‍കാന്‍ തീരുമാനിച്ചു. ഇവ നൽകരുതെന്നാണ് ഡിസിസിയുടെ ആവശ്യം.
ലഷ്‌കര്‍ ഇ തൊയ്ബയെ ഇസ്രയേൽ ഭീകരസംഘടനയായി പ്രഖ്യാപിച്ചു
?️പാക്കിസ്ഥാന്‍ ആസ്ഥാനമായുളള ലഷ്‌കര്‍ ഇ തൊയ്ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേല്‍. 26/11 മുംബൈ ആക്രമണത്തിന്‍റെ പതിനഞ്ചാം വാര്‍ഷികത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സുപ്രധാന പ്രഖ്യാപനം. ലഷ്‌കറിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായി ഇസ്രയേല്‍ സർക്കാർ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യ ഇതുസംബന്ധിച്ച് ആവശ്യമുന്നയിച്ചിട്ടില്ലെന്നും തങ്ങൾ സ്വതന്ത്രമായി നടത്തുന്ന പ്രഖ്യാപനമാണിതെന്നും ഡൽഹിയിലെ ഇസ്രേലി എംബസി.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ മർദനം
?️കണ്ണൂർ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. റമീസ്, അമൽ ബാബു, അനുവിന്ദ്, ജിതിൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ കെസെടുത്തിരുന്നു. നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചവരെ ആക്രമിച്ചതിനാണ് കേസ്. മാടായിപ്പാറ പാളയം മൈതാനത്ത് നടന്ന നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോഴായിരുന്നു വൻ പൊലീസ് സുരക്ഷയെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്.
പൂജാ ബമ്പര്‍: 12 കോടി കാസര്‍കോട് വിറ്റ ടിക്കറ്റിന്
?️തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ പൂജാ ബമ്പര്‍ നറുക്കെടുത്തു. 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് ജെസി 253199 എന്ന നമ്പറിനാണ്. 4 കോടിയാണ് പൂജാ ബമ്പറിന്‍റെ രണ്ടാം സമ്മാനം. ഒരു കോടി വീതം 4 പേര്‍ക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (10 പേര്‍ക്ക്). 3 ലക്ഷം വീതം 5 പേര്‍ക്കാണ് നാലാം സമ്മാനം (ഒരു പരമ്പര). അഞ്ചാം സമ്മാനം 2 ലക്ഷം രൂപ. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.
വ്യാജ തിരിച്ചറിയൽ കാർഡ്: രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകും
?️വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായതിനു പിന്നാലെ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകും. ശനിയാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകുന്നത്. അതേസമയം, പിടിയിലായവര്‍ വിശ്വസ്തര്‍ തന്നെയെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏതു തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണത്തെ ഒരു തരത്തിലും പ്രതിരോധിക്കാന്‍ ശ്രമിക്കുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ അഭി വിക്രം, വികാസ് കൃഷ്ണൻ, ബിനിൽ വിനു, ഫെന്നി എന്നിവരാണ് അറസ്റ്റിലായത്.
കണ്ടലയിലേത് കരുവന്നൂരിനു സമാനമായ തട്ടിപ്പ്
?️കണ്ടല ബാങ്കിൽ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഇഡിയുടെ കണ്ടെത്തൽ. ബാങ്ക് മുൻ പ്രസിഡന്‍റ് എൻ. ഭാസുരാംഗനും മകൻ അമൽ ജിത്തിനും തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്നും ഉന്നത നേതാക്കളും വഴിവിട്ട ലോണുകൾക്കായി ഇടപെട്ടെന്നും ഇഡി വ്യക്തമാക്കുന്നു. മാത്രമല്ല കണ്ടലയിലേത് കരുവന്നൂറിന് സമാനമായ തട്ടിപ്പാണെന്നും പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും ഇഡി അറിയിച്ചു. ചൊവാഴ്ച രാത്രി 10 മണിയോടെയാണ് എൻ. ഭാസുരാംഗനെയും മകനെയും ഇഡി അറസ്റ്റു ചെയ്യുന്നത്. പത്തു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു നടപടി. ഓഡിറ്റ് നടത്തിയതില്‍ വലിയ ക്രമക്കേടുകള്‍ വ്യക്തമാണ്. ഇരുവരുടേയും പേരിലുള്ള സ്വത്തുക്കളുടെ സ്രോതസ്സ് വ്യക്തമല്ലെന്നും ഇഡി അറിയിച്ചു.
സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
?️സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥ വകുപ്പ് പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവന്തപുരം , കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബിപിസിഎൽ ജൈവമാലിന്യ പ്ലാന്‍റിന് മന്ത്രിസഭയുടെ അനുമതി
?️കൊച്ചി നഗരത്തിലെ ജൈവ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാവുന്ന ബിപിസിഎല്ലിന്‍റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്‍റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസിനിടെ തലശേരിയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൊച്ചി കോർപ്പറേഷന്‍റെ പക്കലുള്ള കൈവശഭൂമിയിൽ നിന്നും 10 ഏക്കർ ഇതിനായി ബിപിസിഎല്ലിന് കൈമാറണം. ഈ ഭൂമിയിലാവും പ്രതിദിനം 150 മെട്രിക് ടൺ മാലിന്യങ്ങൾ സംസ്കരിക്കാൻ ശേഷിയുള്ള പ്ലാറ്റ് സ്ഥാപിക്കുക. പ്ലാന്‍റിൽ നിന്നും ഉത്പാദിപ്പിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് ബിപിസിഎല്ലിൽ ഉപയോഗിക്കും. ഏകദേശം 150 കോടിയാണ് നിർമാണ ചെലവ്. ഈ തുക പൂർണമായും ബിപിസിഎൽ വഹിക്കും. 15 മാസത്തിനകം പദ്ധതി നടപ്പാക്കാനാവുമെന്നാണ് വിലയിരുത്തൽ.
ഐഎഫ്എഫ്കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
?️കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐഎഫ്എഫ്കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. www.iffk.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജിഎസ്ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ഥികള്‍ക്ക് ജിഎസ്ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താം. എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 15 തിയെറ്ററുകളിലായാണ് പ്രദര്‍ശനം.
ശബരിമല ദർശനത്തിനെത്തിയ 63 കാരി കുഴഞ്ഞു വീണ് മരിച്ചു
?️ശബരിമല ദർശനത്തിനെത്തിയ 63 കാരി കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി ഇന്ദിരയാണ് മരിച്ചത്. സന്നിധാനം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്.
സേലം സർക്കാർ ആശുപത്രിയിൽ തീപിടിത്തം
?️സേലം മെഡിക്കൽ കോളെജ് ആശുപത്രിയിൽ തീപിടിത്തം. ബുധനാഴ്ച രാവിലെയോടെ അത്യഹിത വിഭാഗത്തിന്‍റെ മുകൾ നിലയ്ക്കാണ് തീപിടിച്ചതെന്നാണ് റിപ്പോർട്ട്. അടിയന്തര പരിചരണത്തിലുള്ള ആളുകളെ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ജമ്മുകശ്മീരിൽ 4 സർക്കാർ ജീവനക്കാരെ പിരിച്ചു വിട്ടു
?️ജമ്മു കാശ്മീരിൽ വിഘടനവാദ അനുകൂല പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്നു കണ്ടെത്തിയ 4 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. ഒരു ഡോക്ടറും പൊലീസ് കോൺസ്റ്റബിളും ഇതിൽ ഉൾപ്പെടുന്നു. സർക്കാർ സർവീസിലിരിക്കെ ഭീകര സംഘടനകളെ ഇവർ സഹായിച്ചുവെന്നാണ് കണ്ടെത്തൽ. ശ്രീനഗർ ഗവൺമെന്‍റ് മെഡിക്കൽ കോളെജിലെ മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. നിസാർ ഉൾ ഹസൻ, ജമ്മു കശ്മീർ പൊലീസ് കോൺസ്റ്റബിൾ അബ്ദുൾ മജീദ് ഭട്ട്, വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകനായ ഫാറൂഖ് അഹമ്മദ് മിർ, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി ബെയററായ ഗുലാം മുഹമ്മദ് എന്നിവരെയാണ് സർവീസിൽ നിന്നും പിരിച്ചു വിട്ടത്.
കനേഡിയൻ പൗരന്മാർക്കുള്ള ഇ- വിസ സേവനം പുനഃസ്ഥാപിച്ച് ഇന്ത്യ
?️രണ്ടു മാസങ്ങൾക്കു ശേഷം കനേഡിയൻ പൗരൻമാർക്കുള്ള ഇ- വിസ സേവനം പുനഃസ്ഥാപിച്ച് ഇന്ത്യ. ക്യാനഡയുമായുള്ള ബന്ധത്തിൽ വിള്ളൽ വീണതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 21നാണ് ഇന്ത്യ ഇ -വിസ നൽകുന്നത് താത്കാലികമായി നിർത്തി വച്ചത്. നിലവിൽ പ്രവേശന വിസ, ബിസിനസ് വിസ, മെഡിക്കൽ വിസ, കോൺഫറൻസ് വിസ എന്നിവയാണ് വീണ്ടും നൽകിത്തുടങ്ങിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാലാണ് വിസ നൽകുന്നത് താത്കാലികമായി നിർത്തി വച്ചതിന്‍റെ കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
എയർ ഇന്ത്യയ്ക്ക് വീണ്ടും പിഴ ചുമത്തി ഡിജിസിഎ
?️നഷ്ടപരിഹാര നിയമങ്ങൾ പാലിക്കാത്തതിൽ എയർ ഇന്ത്യയ്ക്ക് രണ്ടാം തവണയും പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഡൽഹി, കൊച്ചി, ബാംഗ്ലൂർ വിമാനത്താവളങ്ങളിലെ വിമാനക്കമ്പനികളിൽ റെഗുലേറ്റർ നടത്തിയ പരിശോധനയിൽ സിവിൽ ഏവിയേഷൻ റിക്വയർമെന്‍റിന്‍റെ (സിഎആർ) വ്യവസ്ഥകൾ എയർ ഇന്ത്യ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
‘ലോകേഷ് ചിത്രത്തിൽ ഇനി അഭിനയിക്കില്ല’: മൻസൂർ അലി ഖാൻ
?️ലോകേഷ് കനക രാജ് ചിത്രത്തിൽ ഇനി അഭിനയിക്കില്ലെന്ന് നടൻ മൻസൂർ അലി ഖാൻ. നായകനായി വിളിച്ചാൽ മാത്രമേ ഇനി അഭിനയിക്കൂ എന്നും മൻസൂർ അലി ഖാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്‌ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് ലോകേഷ് പുറത്തിറക്കിയ പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു മൻസൂർ അലി ഖാന്‍റെ പ്രതികരണം. പ്രസ്താവന ഇറക്കും മുൻപ് സംഭവത്തെക്കുറിച്ച് തന്നോട് ഒരു വാക്ക് പോലും ചോദിച്ചില്ലെന്നും അതിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലുമണിക്കൂറിനകം തനിക്കെതിരായ നോട്ടീസ് പിൻവലിക്കണമെന്നും ഇല്ലെങ്കിൽ താൻ നിയമനടപടികളിലേക്ക് കടക്കുമെന്നും മൻസൂർ അലി ഖാൻ വ്യക്തമാക്കി.
ഡീപ് ഫെയ്ക്ക് വീഡിയോകൾക്കെതിരേ നിയമം പാസാക്കാൻ കേന്ദ്രം
?️ഡീപ് ഫെയ്ക്ക് വീഡിയോകളും വ്യാജ പ്രചരണങ്ങളും തടയാൻ നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം. ഡിപ് ഫെയ്ക് വീഡിയോകളുടെ വെല്ലുവിളി ചർച്ചചെയ്യാൻ ഐടി വകുപ്പ് സമൂഹമാധ്യമങ്ങളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വ്യാഴം,വെള്ളി ദിവസങ്ങളിലായി ചേരുന്ന യോഗത്തിൽ കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്ര ശേഖർ എന്നിവർ പങ്കെടുക്കും.
രജൗരിയിൽ ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരചരമം
?️ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ക്യാപ്റ്റൻ റാങ്കിലുള്ള രണ്ട് ഓഫിസർമാരും രണ്ട് സൈനികരും കൊല്ലപ്പെട്ടു. ബുധനാഴ്ച സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി ബാജിമാൽ മേഖലയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരർ വെടിവച്ചത്.
വനപ്രദേശത്ത് രണ്ട് ഭീകരരെ വളഞ്ഞു വച്ചിരിക്കുകയാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും സൈന്യം പറയുന്നു. കഴിഞ്ഞ ആഴ്ചയിൽ ഉറി, കുൽഗാം, ബുധൽ രജൗരി എന്നിവിടങ്ങളിലായുണ്ടായ ഏറ്റുമുട്ടലുകളിൽ 8 ഭീകരർ കൊല്ലപ്പെട്ടിരുന്നു.
ക്ഷേത്ര ജോലിക്ക് അഹിന്ദുക്കൾ വേണ്ടെന്ന് ആന്ധ്ര ഹൈക്കോടതി
?️ക്ഷേത്രങ്ങളിലെ ജോലിക്ക് അഹിന്ദുക്കൾക്ക് അർഹതയില്ലെന്ന് ആന്ധ്രപ്രദേശ് ഹൈക്കോടതി. ഹിന്ദു വിശ്വാസം പിന്തുടരുന്നവർക്കു മാത്രമേ ക്ഷേത്രങ്ങളിൽ ജോലി നൽകാവൂ എന്നും ജസ്റ്റിസ് ഹരിനാഥ് നുനെപ്പള്ളിയുടെ ബെഞ്ച് വിധിച്ചു. തന്നെ ജോലിയിൽ നിന്നു പിരിച്ചുവിട്ട ശ്രീശൈലം ദേവസ്ഥാനം എക്സിക്യൂട്ടിവ് ഓഫിസറുടെ നടപടിക്കെതിരേ ശ്രീശൈലം ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന പി. സുദർശൻ ബാബു നൽകിയ ഹർജി തള്ളിക്കൊണ്ടാണു സുപ്രധാന വിധി. സുദർശൻ ബാബു ക്രൈസ്തവ വിശ്വാസിയാണെന്നു കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ക്ഷേത്ര ജോലിയിൽ നിന്ന് ഒഴിവാക്കിയത്.
പന്നുവിനെ വധിക്കാനുള്ള ഇന്ത്യൻ ശ്രമം തകർത്തെന്ന് യുഎസ് പത്രം
?️യുഎസിലുള്ള ഖാലിസ്ഥാൻ ഭീകരസംഘടനാ തലവൻ ഗുർപത്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താനുള്ള ഇന്ത്യൻ ഏജന്റുമാരുടെ ശ്രമം അമെരിക്കൻ ഏജൻസികൾ തകർത്തെന്ന് ഫിനാൻഷ്യൽ ടൈംസ്. ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ യുഎസ് ഏജൻസി മുന്നറിയിപ്പു നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. വാൻകൂവറിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ടതിനു പിന്നിൽ ഇന്ത്യൻ ഏജൻസികളുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയുടെ ആരോപണത്തെച്ചൊല്ലി ഇന്ത്യ- ക്യാനഡ നയതന്ത്ര ബന്ധം വഷളായിരിക്കെയാണു പുതിയ റിപ്പോർട്ട്. പന്നുവിനെതിരായ വധശ്രമത്തിന്റെ വിശദാംശങ്ങൾ യുഎസ് അവരുടെ സഖ്യകക്ഷികളുമായി പങ്കുവച്ചെന്നും ഫിനാൻഷ്യൽ ടൈംസ് പറയുന്നു.
ഝാർഖണ്ഡിൽ വൈദ്യുതാഘാതമേറ്റ് അഞ്ചു കാട്ടാനകൾ ചരിഞ്ഞു
?️ ഝാർഖണ്ഡിൽ ജംഷഡ്പുർ വനം ഡിവിഷനിലെ മൊസബനി വനത്തിൽ അഞ്ചു കാട്ടാനകൾ വൈദ്യുതാഘാതമേറ്റു ചരിഞ്ഞു. ഇതിൽ രണ്ടു കുട്ടിയാനകളും ഉൾപ്പെടുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു അപകടത്തിൽ ഇത്രയും ആനകൾ ചരിയുന്നത് ഇതാദ്യമാണ്. വനത്തിലൂടെയുള്ള വൈദ്യുതി ലൈൻ താഴ്ന്നുകിടന്നതാണ് അപകടത്തിനിടയാക്കിയത്. കാട്ടിലൂടെയുള്ള വൈദ്യുതി ലൈനിന് കുറഞ്ഞത് എട്ടു മീറ്റർ ഉയരം വേണമെന്നാണ് ചട്ടം. എന്നാൽ, പലയിടത്തും 32 കെവി ലൈനുകൾവരെ പത്തടി പോലും ഉയരമില്ലാതെയാണ് സ്ഥാപിച്ചിട്ടുള്ളതെന്നും വനംവകുപ്പ്.
ഓവറുകൾക്കിടെ സമയം പാലിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും
?️പരിമിത ഓവര്‍ ക്രിക്കറ്റില്‍ സമയക്രമം ഉറപ്പുവരുത്താന്‍ കടുത്ത നടപടികളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഓവറുകള്‍ക്കിടയിലെ സമയത്തില്‍ കൃത്യത പാലിച്ചില്ലെങ്കില്‍ അഞ്ച് റണ്‍സ് പിഴ വിധിക്കാനാണ് ഐസിസിയുടെ പുതിയ തീരുമാനം. അഹമ്മദാബാദില്‍ ചേര്‍ന്ന ഐസിസി ബോര്‍ഡ് മീറ്റിങിലാണ് തീരുമാനിച്ചത്. ഒരു ഓവര്‍ പൂര്‍ത്തിയാക്കി അടുത്ത ഓവര്‍ തുടങ്ങുന്നതിന് പരമാവധി ഒരു മിനിറ്റാണ് ഫീല്‍ഡിങ് ടീമിന് അനുവദിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ ആവശ്യമായ ഫീൽഡിങ് ക്രമപ്പെടുത്തിയിരിക്കണം. ഈ സമയം പിന്നിട്ടാലാണ് ബാറ്റിങ് ടീമിന് അനുകൂലമായി അഞ്ച് റണ്‍സ് പിഴ അനുവദിക്കുക. ആദ്യ രണ്ട് തവണ മുന്നറിയിപ്പ് നല്കിയ ശേഷം മൂന്നാം തവണയാണ് പിഴ വിധിക്കുക.
ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ തേരോട്ടം
?️ലോകകപ്പിലെ ടോപ് സ്കോറർ വിരാട് കോഹ്ലി ഐസിസി ഏകദിന റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത്. നായകൻ രോഹിത് ശർമ്മയും ലിസ്റ്റിൽ നേട്ടം ഉണ്ടാക്കി. ഏകദിന ഫോർമാറ്റിൽ ആദ്യ അഞ്ചിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരായ തോൽവിയിൽ നിരാശപ്പെടുത്തിയ ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്കിനൊപ്പം സ്ഥാനം മാറ്റിയ രോഹിത് ശർമ്മ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ബൗളിങ് റാങ്കിങ്ങിലെ ആദ്യ പത്തിൽ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും സ്ഥാനം നിലനിർത്തി.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5650 രൂപ
പവന് 45200 രൂപ