വാർത്താകേരളം

06.11.2023

സംസ്ഥാനത്ത് 8 സിക്ക കേസുകൾ സ്ഥിരീകരിച്ചു
?️തലശേരി ജില്ലാ കോടതിയില്‍ സിക്ക രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി ആരോഗ്യ വകുപ്പ്. 8 സിക്ക കേസുകളാണു സ്ഥിരീകരിച്ചത്. പ്രദേശത്തുള്ള ഗര്‍ഭിണികളെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിച്ചു വരുന്നു. എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് കൂടി ജാഗ്രതാ നിര്‍ദേശം നല്‍കിയതായും മന്ത്രി വീണാ ജോർജ് അറിയിച്ചു.

”പൂർണമായും വെടിക്കെട്ട് ഇല്ലാതെ ഉത്സവങ്ങൾ നടത്തുക പ്രയാസം”; അപ്പീലിന് സർക്കാർ
?️അസമയത്തെ വെടിക്കെട്ട് വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവിനെതിരേ അപ്പീൽ നൽ‌കാൻ സർക്കാർ. ദേവസ്വം ബോർഡും സർക്കാരും ഒന്നിച്ചാവും അപ്പീൽ സമർപ്പിക്കുക എന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ.അപ്പീൽ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. കോടതി വിധി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരവിനെതിരെ എല്ലാ ദേവസ്വം ബോര്‍ഡുകളും അപ്പീല്‍ നല്‍കാന്‍ പ്രാഥമികമായി തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ക്ഷേത്രങ്ങളും ട്രസ്റ്റികളുമെല്ലാം നടത്തുന്ന ദേവാലയങ്ങളിലെല്ലാം അസമയത്തുള്ള വെടിക്കെട്ട് ഒഴിവാക്കണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നു. ആ സമയക്രമം എന്താണ് തുടങ്ങിയ വിവരങ്ങൾ കിട്ടിയില്ല. എന്തു തന്നെയായാലും പൂര്‍ണമായും വെടിക്കെട്ടില്ലാതെ നമ്മുടെ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടത്തുക എന്നത് വലിയ പ്രയാസം ഉണ്ടാക്കുന്ന കാര്യമാണ് എന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു.

തൊഴിലാളി ക്ഷേമം: കേരളം രാജ്യത്തിനു മാതൃകയെന്ന് ജസ്റ്റിസ് ചന്ദ്രു
?️തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾക്കു കേരളം രാജ്യത്തിനു മാതൃകയാണെന്നു ജസ്റ്റിസ് കെ. ചന്ദ്രു. ജസ്റ്റിസ് ചന്ദ്രു അഭിഭാഷകനായിരുന്ന സമയത്തെ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ജയ് ഭീം എന്ന സിനിമ. അദ്ദേഹത്തിന്‍റെ വേഷം സിനിമയിൽ അവതരിപ്പിച്ചത് സൂര്യ ആയിരുന്നു.തൊഴിൽ നിയമങ്ങൾ നിർമിക്കുന്നതിലും നടപ്പാക്കുന്നതിലും ഒന്നാം ഇഎംഎസ് സർക്കാരിന്‍റെ കാലം തൊട്ട് കേരളം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.ഇഎംഎസ് സർക്കാരിനെ പിരിച്ചു വിട്ടത് കേരളത്തോട് ചെയ്ത നീതികേട് ആണെന്നും ജസ്റ്റിസ് ചന്ദു പറഞ്ഞു. കേരളീയം സെമിനാർ പരമ്പരയുടെ ഭാഗമായി തൊഴിൽ വകുപ്പ് സംഘടിപ്പിച്ച ‘കേരളത്തിലെ തൊഴിലാളികളുടെ അവകാശവും ക്ഷേമവും’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇഎംഎസ് സർക്കാരിനെ പിരിച്ചു വിട്ടത് കേരളത്തോട് ചെയ്ത നീതികേട് ആണെന്നും ജസ്റ്റിസ് ചന്ദു പറഞ്ഞു. കേരളീയം സെമിനാർ പരമ്പരയുടെ ഭാഗമായി തൊഴിൽ വകുപ്പ് സംഘടിപ്പിച്ച ‘കേരളത്തിലെ തൊഴിലാളികളുടെ അവകാശവും ക്ഷേമവും’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യ ബസുകളിൽ ക്യാമറ; അപ്രായോഗികമെന്ന് ഉടമകൾ
?️ബസുകളിൽ സീറ്റ് ബെൽറ്റും നിരീക്ഷണ ക്യാമറകളും ഘടിപ്പിക്കൽ നടപ്പാകാൻ ഇനിയും കാത്തിരിക്കണം. ഈ മാസം ഒന്ന് മുതൽ കെഎസ്ആർടിസി-സ്വകാര്യ ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും സ്ഥാപിക്കണമെന്നായിരുന്നു സർക്കാർ ഉത്തരവെങ്കിലും നടപ്പായില്ല. നിലവിൽ സർവീസ് നടത്തുന്ന ബസുകളുടെ ഫിറ്റ്നസ് പുതുക്കുമ്പോൾ മാത്രം സീറ്റ് ബെൽറ്റും ക്യാമറയും ഘടിപ്പിച്ചാൽ മതിയെന്ന പുതിയ നിർദേശമാണ് ഉത്തരവ് നടപ്പാക്കാൻ തടസമായത്. റോഡപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ ബസുകളിൽ കാമറ സ്ഥാപിക്കാനുള്ള സർക്കാർ നിർദേശത്തിൽ തങ്ങളുടെ ആശങ്ക സ്വകാര്യ ബസുടമകൾ സർക്കാരിനെ അറിയിച്ചിരുന്നു.

നിജ്ജാറിന്‍റെ കൊലപാതകത്തിൽ ക്യാനഡയ്ക്കെതിരേ വീണ്ടും ഇന്ത്യ
?️ഖലിസ്ഥാൻ വിഘടനവാദി നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണത്തിൽ തെളിവ് ആവശ്യപ്പെട്ട് വീണ്ടും ഇന്ത്യ. സംഭവത്തിൽ ക്യാനഡ നടത്തിയ അന്വേഷണം കുറ്റമറ്റതല്ലെന്ന് ഉന്നതതല ഉദ്യോഗസ്ഥൻ ഇന്ത്യയ്ക്കെതിരേ നടത്തിയ ആരോപണങ്ങളിൽ നിന്ന് വ്യക്തമാണെന്നും ആരോപണങ്ങൾക്ക് കാരണമായ തെളിവുകൾ ഇതു വരെ ഇന്ത്യക്കു ലഭിച്ചിട്ടില്ലെന്നും ക്യാനഡയിലെ ഇന്ത്യൻ ഹൈ കമ്മിഷണർ സഞ്ജയ് കുമാർ വർമ പറഞ്ഞു.

ഗാസയിൽ ആണവായുധം പ്രയോഗിക്കുമെന്ന് ഇസ്രയേൽ മന്ത്രി
?️ഹമാസിനെതിരായ യുദ്ധം 30 ദിവസത്തിലെത്തി നിൽക്കെ ഗാസയിൽ ആണവായുധം പ്രയോഗിക്കുന്നതിനെ അനുകൂലിച്ച് ഇസ്രേലി മന്ത്രി. തീവ്ര വലതുപക്ഷ പാർട്ടി ഓട്സ്മ യെ‌ഹൂദിത്തിന്‍റെ പ്രതിനിധിയും ജറൂസലം- പൈതൃകകാര്യ മന്ത്രിയുമായ അമിഹായ ഏലിയാഹുവാണ് വിവാദ പരാമർശം നടത്തിയത്. തുടർന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഏലിയാഹുവിനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കി. ഒരു റേഡിയോ പരിപാടിയിലായിരുന്നു ഏലിയാഹുവിന്‍റെ പരാമർശം. ഗാസയിൽ ആണവായുധം പ്രയോഗിക്കുമോ എന്ന ചോദ്യത്തിന് അതുമൊരു സാധ്യതയാണെന്നായിരുന്നു മറുപടി. എന്നാൽ, ഏലിയാഹു സുരക്ഷാ മന്ത്രിസഭയിൽ അംഗമല്ലെന്നു നെതന്യാഹു വ്യക്തമാക്കി.

ആർ. ബിന്ദുവിനെതിരേ കെഎസ്‌യുവിന്‍റെ കരിങ്കൊടി പ്രതിഷേധം
?️ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിനെതിരേ തലസ്ഥാനത്ത് കെഎസ്‌യുവിന്‍റെ കരിങ്കൊടി പ്രതിഷേധം. കനകക്കുന്നിലെ കേരളീയം വേദിയിൽ നിന്ന് മടങ്ങുകയായിരുന്നു മന്ത്രി. അതിനിടെയാണ് കെഎസ്‌യുക്കാർ മന്ത്രിക്കെതിരേ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. തൃശൂർ കേരളവർമ കോളെജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മന്ത്രി ഇടപെട്ടെന്ന് ആരോപിച്ചായിരുന്നു കെഎസ്‌യു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ സ്ഥലത്ത് സംഘർഷമുണ്ടായി.

ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരായ വിമര്‍ശനം തള്ളി അതിരൂപത
?️തൃശൂർ അതിരൂപതയുടെ മുഖപത്രത്തിൽ സുരേഷ് ഗോപിക്കും ബിജെപിക്കുമെതിരായ വിമർശനം സഭയുടെ രാഷ്ട്രീയ നിലപാടല്ലെന്ന് അതിരൂപത. അൽമായരുടെ സംഘടനയായ കത്തോലിക്ക കോൺഗ്രസ് മണിപ്പൂർ വിഷയത്തിൽ തൃശൂർ കോർപ്പറേഷന് മുന്നിൽ പ്രതിഷേധ ജ്വാല നടത്തിയിരുന്നു. പ്രതിഷേധത്തിൽ ഉയർന്ന അഭിപ്രായമാണ് ലേഖനത്തിൽ വന്നതെന്നുമാണ് വിശദീകരണം.അതൊരു വാർത്തയായി മാത്രം കാണണമെന്നും സഭയുടെ പൊതു നയമായി കണക്കാക്കരുതെന്നും സഭ വ്യക്തമാക്കുന്നു. മറക്കില്ല മണിപ്പൂർ എന്ന പേരിലാണ് ലേഖനം വന്നത്.

”ആരാധനാലയങ്ങളില്‍ ഏതാണ് അസമയം, സമയവും”, കോടതിക്കെതിരേ കേന്ദ്രമന്ത്രി
?️അസമയത്തെ വെടിക്കെട്ടിന് വിലക്കേർപ്പെടുത്തിയ കോടതി നടപടിയെ വിമർശിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് നിയമത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണമെന്നും സമയവും അസമയവും തീരുമാനിക്കാൻ ഭരണ ഘടന ബഹുമാനിക്കപ്പെട്ട കോടതിക്ക് അധികാരം നൽകിയിട്ടുണ്ടോയെന്നും മുരളീധരൻ ചോദിച്ചു.നമ്മുടെ രാജ്യത്ത് ആരാധനാ സ്വാതന്ത്രം ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. ക്ഷേത്രങ്ങളിലെ ഇത്സവം എങ്ങനെയായിരിക്കണമെന്നോ പള്ളിയിലെ ഉത്സവങ്ങൾ എങ്ങനെയായിരിക്കുമെന്നോ തീരുമാനിക്കേണ്ടത് കോടതിയല്ല , ഇതോക്കെ വിശ്വാസികളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

“സുരേഷ് ഗോപി 20% രാഷ്ട്രീയക്കാരനും 80 % സിനിമാക്കാരനുമാണ്”; എം.ടി. രമേശ്
?️സുരേഷ് ഗോപി 20 ശതമാനം രാഷ്ട്രീയക്കാരനും 80 ശതമാനം സിനിമാക്കാരനുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. സുരേഷ് ഗോപി 20% മാത്രമാണ് രാഷ്ട്രീയക്കാരൻ. 80% സിനിമാ നടൻ ആണ്. അതുകൊണ്ട് സിനിമാ സ്‌റ്റൈലിൽ പ്രതികരിക്കുന്നത്. വനിത മാധ്യമ പ്രവർത്തകർ സുരേഷ് ഗോപിയുടെ അടുത്ത് പോവണോയെന്ന് മാധ്യമങ്ങൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.മാത്രമല്ല, പലസ്തീൻ പലസ്തീൻ വിഷയത്തിൽ സിപിഎമ്മും കോൺഗ്രസും മത ധ്രുവീകരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിനെ അതിനു കരുവാക്കുകയാണ്. ലീഗ് വർഗീയ പാർട്ടി ആണെന്ന നിലപാടിൽ സിപിഎം ഇപ്പോഴും ഉറച്ചു നിലൽക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.മുസ്‌ലിം സമൂഹത്തോട് ലീഗിനെ മുൻനിർത്തി വിലപേശുകയാണ്. വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇരുപാർട്ടികളും ലക്ഷ്യമിടുന്നത്. ഇരു പാർട്ടികൾക്കും റാലി നടത്താൻ മലപ്പുറവും കോഴിക്കോടും മാത്രമേ ഉള്ളോ, ഹമാസ് അനുകൂല റാലി എന്തുകൊണ്ട് തെക്കൻ കേരളത്തിൽ നടത്തുന്നില്ലെന്നും അദ്ദേഹം ആരാഞ്ഞു.

ഡൽഹിയിൽ അന്തരീക്ഷ മലീനികരണം അതിരൂക്ഷം
?️ഡൽഹിയിൽ അന്തരീക്ഷ മലീനികരണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഈ മാസം 10 വരെ പ്രൈമറി സ്കൂളുകൾ അടച്ചിടുമെന്ന് ഡൽഹി വിദ്യാഭ്യാസമന്ത്രി അതിഷി. ആറാം ക്ലാസുമുതൽ 12-ാം ക്ലാസുവരെയുള്ളവർക്ക് ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനുള്ള അനുമതി സർക്കാർ നൽകി.സ്കൂളുകളിൽ അഞ്ചാം ക്ലാസുവരെയുള്ളവർക്ക് നേരത്തെ നവംബർ അഞ്ചുവരെയായിരുന്നു അവധി നൽകിയിരുന്നത്. അന്തരീക്ഷ മലീനികരണം രൂക്ഷമായ സാഹചര്യത്തിൽ അടച്ചിടുന്നത് പത്തു വരെ നീട്ടുകയായിരുന്നു.

ഗാസയിലെ അഭയാർഥി ക്യംപിൽ ആക്രമണം
?️മധ്യ ഗാസയിലെ അഭയാർഥി ക്യാംപിലുണ്ടായ ആക്രമണത്തിൽ മുപ്പതിലധികം പേർ കൊല്ലപ്പെട്ടു. അൽ മഗാസി ക്യാംപിലാണ് ആക്രമണം ഉണ്ടായത്. അൽ അക്സ ആശുപത്രിയിൽ 30 മൃതദേഹങ്ങൾ എത്തിയെന്ന് ഗാസ ആരോഗ്യമന്ത്രാലയം വക്താവ് അഷ്റഫ് അൽ ഖുദ്ര പ്രസ്താവനയിൽ അറിയിച്ചു. ആക്രമണം ശക്തമാകുന്നതിനിടെ ഗാസയിൽ 9,480 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അതിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. നിരവധിപേർ ഗാസയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

രാജസ്ഥാനിൽ യൂനുസ് ഖാൻ ബിജെപി വിട്ടു
?️രാജസ്ഥാനിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വിശ്വസ്തനും മുൻ മന്ത്രിയുമായിരുന്ന യൂനുസ് ഖാൻ പാർട്ടി വിട്ടു. പാർട്ടി വിടുന്നു എന്ന് അറിയിച്ചതിന് പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.രാജാസ്ഥാനിലെ ദിദ്വാന മണ്ഡലത്തിൽ തന്നെ സ്ഥാനാർഥിയാക്കണമെന്ന യൂനുസ് ഖാന്‍റെ ആവശ്യം ബിജെപി അംഗീകരിച്ചിരുന്നില്ല.

വിയ്യൂർ ജയിലിൽ സംഘർഷം
?️വിയ്യൂർ അതിസുരക്ഷാ ജയിലിൽ തടവുപുള്ളി കൊടിസുനിയുടെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരെ ആക്രമിച്ചതായി പരാതിയ. ആക്രമണത്തിൽ മൂന്നു ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധകേസിലെ പ്രതിയാണ് കൊടിസുനി. ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കമാണ് വൻ സംഘർഷത്തിൽ കലാശിച്ചത്.കമ്പിയും മറ്റുമായി എത്തിയ സംഘം ജയിൽ ഓഫിസിലെ ഫർണിച്ചറുകളും മറ്റും തല്ലിത്തകർത്തിട്ടുണ്ട്. തടയാൻ ശ്രമിച്ച ജീവനക്കാർക്കാണ് പരുക്കേറ്റത്.

അസാധാരണ മികവുള്ള കുട്ടികൾക്ക് ഉജ്ജ്വല ബാല്യം പുരസ്കാരം
?️വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന തലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്ന ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം’ പ്രഖ്യാപിച്ചു.കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടിമേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ്പനിര്‍മ്മാണം, ധീരത എന്നീ മേഖലകളില്‍ മികവ് തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.

”മുഖ്യമന്ത്രിയാവാൻ തിടുക്കമില്ല”; കുമാരസ്വാമിക്ക് ശിവകുമാറിന്‍റെ മറുപടി
?️ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രിയാവാൻ ആഗ്രഹമുണ്ടെങ്കിൽ തന്‍റെ 19 എംഎൽഎമാരെ വിട്ടു നൽകാമെന്ന മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാര സ്വാമിക്ക് മറുപടിയുമായി കോൺ‌ഗ്രസ് നേതാവ്. തനിക്ക് മുഖ്യമന്ത്രിയാവാൻ യാതൊരു തിടുക്കവുമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.”ഞങ്ങൾ കൂട്ടായ നേതൃത്വത്തിന് കീഴിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മികച്ച ഭരണം കാഴ്ച വയ്ക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എനിക്ക് മുഖ്യമന്ത്രി പദവിക്കായി തിടുക്കമില്ല, ഞാനത് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുമില്ല, സിദ്ധരാമയ്യയാണ് ഞങ്ങലുടെ നേതാവ്, നേതൃത്വത്തിന്‍റെ നിർദേശങ്ങളാണ് ഞാൻ പിന്തുടരുന്നത് ”- ഡി.കെ. ശിവകുമാർ പ്രതികരിച്ചു.

കെഎസ്ആർടിസിയിൽ‌ 3034 ജീവനക്കാരെ സ്ഥലം മാറ്റി
?️കെഎസ്ആർടിസിയിൽ‌ കൂട്ടസ്ഥലമാറ്റം. 3034 ജീവനക്കാരെ ഇതിനോടകം തന്നെ സ്ഥലം മാറ്റി. കണ്ടക്‌ടർ, സ്റ്റോർകീപ്പർ, ഡ്രൈവർ വിഭാഗത്തിലെ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് സർക്കാരിന്‍റെ ഈ നടപടി. യൂണിറ്റുകളുടെ എതിർപ്പിനെ തുടർന്ന് നേരത്തെ ഉത്തരവ് മരവിപ്പിച്ചിരുന്നു. 1578 ഡ്രൈവർമാരെയും 1348 കണ്ടക്‌ടർമാരെയും സ്റ്റോർകീപ്പർ വിഭാഗത്തിലെ ജീവനക്കാരെയുമാണ് സ്ഥലം മാറ്റിയത്.

ഛത്തിസ്‌ഗഡിൽ ജാതി സെൻസസ് വാഗ്ദാനവുമായി കോൺഗ്രസ്
?️ജാതി സെൻസസ് നടപ്പാക്കും, കർഷകർക്കു വായ്പ ഇളവ്, നെല്ല് കിലോഗ്രാമിന് 32 രൂപ താങ്ങുവില, പാചകവാതകത്തിന് സബ്സിഡി തുടങ്ങി നിരവധി വാഗ്ദാനങ്ങളുമായി ഛത്തിസ്ഗഡിൽ കോൺഗ്രസിന്‍റെ പ്രകടന പത്രിക. ഒന്നാം ഘട്ടം വോട്ടെടുപ്പിന്‍റെ പ്രചാരണം അവസാനിക്കുന്നതിനു മണിക്കൂറുകൾ മുൻപ് സംസ്ഥാനത്ത് ആറിടങ്ങളിലായാണു പ്രകടന പത്രിക പുറത്തിറക്കിയത്.രാജ്നന്ദഗാവിൽ മുഖ്യമന്ത്രി ഭൂപേഷ് ബഘേലും തലസ്ഥാനമായ റായ്പുരിൽ മുതിർന്ന നേതാവ് കുമാരി ഷെൽജയും പ്രകടന പത്രിക പുറത്തിറക്കി.
നെൽക്കർഷകർക്ക് നിലവിൽ രാജീവ് ഗാന്ധി ന്യായ യോജനയ്ക്കു കീഴിലുള്ള സബ്സിഡിക്കു പുറമേയാണ് കിലോഗ്രാമിനു 32 രൂപ താങ്ങുവില ഉറപ്പാക്കുന്നതെന്നു ബഘേൽ പറഞ്ഞു.

വളർത്തു നായയെ പ്രകോപിപ്പിച്ച് അയൽക്കാരിയെ കടിപ്പിച്ചു; ഡൽഹിയിൽ അച്ഛനും മകനുമെതിരേ കേസ്
?️വളർത്തു നായയെ പ്രകോപിപ്പിച്ച് അയൽക്കാരിയെ കടിപ്പിച്ചുവെന്ന പരാതിയിൽ അച്ഛനും മകനുമെതിരേ കേസെടുത്ത് ഡൽഹി പൊലീസ്. വെള്ളിയാഴ്ച സ്വരൂപ് നഗറിലാണ് സംഭവം. പിറ്റ്ബുൾ ഇനത്തിൽ പെട്ട വളർത്തു നായ തന്‍റെ വീടിനു മുന്നിൽ കാഷ്ഠിക്കുന്നതിനെതിരേ നായയുടെ ഉടമസ്ഥരോട് സ്ത്രീ പരാതി പറഞ്ഞിരുന്നു. ഇതിൽ ദേഷ്യം തോന്നിയ ഉടമസ്ഥനും മകനും നായയെ പ്രകോപിപ്പിച്ച് കടിപ്പിച്ചതായാണ് പരാതി.

സൈന്യത്തിലെ വനിതകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ
?️രാജ്യത്തെ കര, നാവിക, വ്യോമ സേനകളിൽ അംഗങ്ങളായ മുഴുവൻ വനിതകൾക്കും പ്രസവം, ശിശു പരിപാലനം, കുട്ടികളെ ദത്തെടുക്കല്‍ എന്നിവയ്ക്കുള്ള അവധി ആനുകൂല്യങ്ങൾ ഏകീകരിക്കുന്നതിനുള്ള ശുപാർശയ്ക്ക് കേന്ദ്ര സർക്കാരിന്‍റെ പച്ചക്കൊടി. ഉയർന്ന ഉദ്യോഗസ്ഥർ മുതൽ സൈനികർ വരെയുള്ള വ്യത്യസ്ത തസ്തികകളിൽ പ്രവർത്തിക്കുന്നവർക്ക് ഇക്കാര്യങ്ങളിൽ ഇനി ഒരേ പോലെ ആനുകൂല്യം ലഭിക്കും. സായുധ സേനയിലെ സ്ത്രീകൾക്ക് പ്രൊഫഷനൽ മേഖലയും കുടുംബജീവിതവും മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ ഈ തീരുമാനം സഹായിക്കുമെന്നും ശുപാർശയ്ക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അംഗീകാരം നൽകിയെന്നും പ്രതിരോധ മന്ത്രാലയം.

ആര്യാടൻ ഷൗക്കത്തിനെതിരായ നടപടി അച്ചടക്കസമിതി തീരുമാനിക്കും: സുധാകരൻ
?️കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെതിരായ നടപടി അച്ചടക്കസമിതി തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. സമിതി ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.കെപിസിസി വിലക്കിനെ മറന്ന് ആര്യാടൻ ഫൗണ്ടേഷന്‍റെ പേരിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിനാണ് പാർട്ടി ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുന്നത്. ഇതു സംബന്ധിച്ച വിവരം അദ്ദേഹത്തെ അറിയിച്ചു കഴിഞ്ഞു. അച്ചടക്ക സമിതിയുടെ ശുപാർശകൾ അംഗീകരിക്കുകയെന്നതാണ് തന്‍റെ ഉത്തരവാദിത്തമെന്നും സുധാകരൻ പറഞ്ഞു.

ആകാശപാത നിർമാണം: എറണാകുളത്ത് ഗതാഗത ക്രമീകരണം
?️ആലപ്പുഴ: അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിന്‍റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ തുറവൂർ മുതൽ എറണാകുളം ജില്ലയിലെ കുണ്ടന്നൂർ വരെ ഗതാഗത ക്രമീകരണം. ഹെവി ചരക്കുവാഹനങ്ങൾ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നടപടി.ഗതാഗതം നിയന്ത്രിച്ചിരിക്കുന്ന എല്ലാ റോഡുകളിലെയും കൈയേറ്റങ്ങൾ പൂർണമായി ഒഴിവാക്കി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി നൽകുന്നതിൻ്റെ പൂർണ ഉത്തരവാദിത്തവും ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കുമായിരിക്കും.കരാർ കമ്പനിയായ അശോക ബിൽഡ്കോൺ ലിമിറ്റഡ് ഗതാഗതം തിരിച്ചുവിടുന്നത് സംബന്ധമായ കൃത്യമായ അറിയിപ്പ് ബോർഡുകൾ തൃശൂർ പാലിയേക്കര ടോൾ പ്ലാസ മുതൽ തെക്കോട്ടുള്ള എല്ലാ സ്ഥലങ്ങളിലും എറണാകുളം ജില്ലയിൽ വഴി തിരിച്ചുവിടുന്ന ഇടറോഡുകളിലും സ്ഥാപിക്കണം.

മിസോ ഗാനത്തിന് ചുവടുകൾ വെച്ച് ശശി തരൂർ?️മിസോ ഗാനത്തിന് ചുവടുകൾ വെച്ച കോൺഗ്രസ് എംപി ശശി തരൂരിന്‍റെ വീഡിയൊയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ശനിയാഴ്ച ഐസോളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു സംഭവം.ആളുകൾ തിങ്ങിനിറഞ്ഞ സദസിൽ ജനപ്രിയ മിസോ ഗായിക സാങ്തോയ് ഖുപ്തോങ് പാടിയ ‘ദി രുക് തേ’ എന്ന ഗാനത്തിനാണ് അദ്ദേഹം ചുവടുവെച്ചത്. ഒപ്പം മിസോറം കോൺഗ്രസ് അധ്യക്ഷൻ ലാൽസവതയും ഉണ്ടാ‍യിരുന്നു. പതിനഞ്ച് വർഷത്തെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും രസകരമായത് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

പൊന്മുടി അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നു
?️ഇടുക്കി പൊന്മുടി അണക്കെട്ടിന്‍റെ മൂന്നു ഷട്ടറുകൾ 10 സെന്‍റിമീറ്റർ വീതം ഉയർത്തി. ജല നിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഷട്ടറുകൾ തുറന്നത്. പന്നിയാർ പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴയെതുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവൽ ആയ 706. 50 മീറ്റർ കടന്ന സാഹചര്യത്തിലാണ് വെള്ളം തുറന്നു വിട്ടത്.

ഇന്ത്യക്ക് 243 റൺസ് ജയം
?️ദക്ഷിണാഫ്രിക്കയ്ക്കെതിരേ ലോകകപ്പിൽ ഇന്ത്യക്ക് 243 റൺസിന്‍റെ പടുകൂറ്റൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ വെറും 83 റൺസിന് ഓൾഔട്ടാകുകയായിരുന്നു. മത്സരത്തിൽ വിരാട് കോലി, ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി എന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡിന് ഒപ്പമെത്തി; അതും തന്‍റെ ജന്മദിനത്തിൽ. ടൂർണമെന്‍റിൽ രണ്ടാം സെഞ്ചുറി കണ്ടെത്തിയ കോലി, കരിയറിൽ 49ാം ഏകദിന സെഞ്ചുറിയാണ് പൂർത്തിയാക്കിയത്.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5650 രൂപ
പവന് 45200 രൂപ