◾കേരളം കൃത്യമായ പദ്ധതി നിര്‍ദേശങ്ങളും റിപ്പോര്‍ട്ടുകളും നല്‍കാത്തതിനാലാണ് കേന്ദ്ര ഫണ്ട് കുറയുന്നതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ല. സംഭരിക്കുന്ന നെല്ലിന്റെ പണം കേരളം നല്‍കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
◾സംസ്ഥാനത്ത് ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന സ്വകാര്യ സര്‍വകലാശാല വൈകാതെ യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് നവകേരള സദസില്‍ ക്ഷണിതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരായ പരാതി കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011 നു ശേഷം ജനിച്ചവര്‍ ഉള്‍പ്പെടില്ലെന്ന് ആരോഗ്യ വകുപ്പ്. പുതിയ ഉത്തരവു വന്നതോടെ കാസര്‍കോട് ജില്ലയിലെ ദുരിത ബാധിതര്‍ പ്രതിഷേധവുമായി രംഗത്തെത്തി. 2005 ഒക്ടോബര്‍ 25 നാണ് കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്.
◾എസ് എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഡോ.എം.എന്‍.സോമന്‍ ചെയര്‍മാനും വെള്ളാപ്പള്ളി നടേശന്‍ സെക്രട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു. തുഷാര്‍ വെള്ളാപ്പള്ളിയാണ് അസിസ്റ്റന്റ് സെക്രട്ടറി. ഡോ. ജി.ജയദേവന്‍ ട്രഷററുമാണ്.
◾മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിന്റെ മുന്‍വശത്തെ ചില്ലിനു തകരാര്‍. രാത്രി പത്തോടെ ബസ് കനത്ത പോലീസ് ബന്തവസോടെ വര്‍ക്ക്ഷോപ്പിലെത്തിച്ച് ചില്ലു മാറ്റി.
◾പൗരപ്രമുഖരെയല്ല, മുഖ്യമന്ത്രി നവകേരള സദസിനിടെ കാണുന്നത് പ്രത്യേക ക്ഷണിതാക്കളെയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. ‘പ്രത്യേക ക്ഷണിതാക്കളാ’കാന്‍ ആര്‍ക്കും അപേക്ഷ നല്‍കാമെന്നും ബാലന്‍ പറഞ്ഞു.
◾യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയില്‍ കാര്‍ഡിന്റെ പേരില്‍ പോലീസ് തന്നെ ചോദ്യം ചെയ്താലും അറസ്റ്റു ചെയ്താലും നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഈ സര്‍ക്കാര്‍ എന്തു ചെയ്യുമെന്നറിയില്ല. അന്വേഷണത്തോടു സഹകരിക്കുമെന്ന് മ്യൂസിയം പോലിസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
◾യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തെറ്റു തിരുത്താന്‍ തയാറാവണമെന്നും, മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങണമെന്നും വിഎം സുധീരന്‍. കേരളത്തില്‍ ഒരാളെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കേരളത്തിലെ ആളുകള്‍ ഈ രീതി ശരിയല്ലെന്ന് ഒറ്റക്കെട്ടായി പറയണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വാര്‍ത്തകളെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
◾നവകേരള സദസില്‍ തനിക്കെതിരെ സമര്‍പ്പിക്കപ്പെട്ട സാമ്പത്തിക തട്ടിപ്പു പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പ് കാലത്തും സമാന പരാതി ഉയര്‍ന്നതാണ്.
◾മുംബൈ വിമാനത്താവളം ബോംബ് വച്ചു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് മുംബൈ എ ടിഎസ് തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുത്തത് കിളിമാനൂര്‍ സ്വദേശി ഫെബിന്‍ ഷായെ. അമ്മയുടെ പേരിലുള്ള ബ്രോഡ് ബാന്റ് കണക്ഷന്‍ ഉപയോഗിച്ചാണ് 23 കാരന്‍ ഇ-മെയില്‍ വഴി ഭീഷണി സന്ദേശം അയച്ചത്.
◾കോട്ടയം കറുകച്ചാലില്‍ ‘ചട്ടിയും തവിയും’ എന്ന ഹോട്ടല്‍ നടത്തിയിരുന്ന രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പാര്‍ണറായ സ്ത്രീ അടക്കം രണ്ടു പേര്‍ കൂടി അറസ്റ്റില്‍. പാര്‍ടണര്‍ ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഭര്‍ത്താവ് റെജിയുമാണ് പിടിയിലായത്. ഹോട്ടല്‍ ജീവനക്കാരനായ ജോസ് കെ തോമസാണു കൊലപ്പെടുത്തിയത്. സോണിയയും ജോസും അടുത്തിടെ സൗഹൃദത്തിലായതിനെച്ചൊല്ലി സോണിയയും കൊല്ലപ്പെട്ട രഞ്ജിത്തും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
◾മണ്ണാര്‍ക്കാട് വിയ്യക്കുര്‍ശ്ശിയില്‍നിന്നും മോഷണംപോയ ജെസിബി കമ്പം തേനിയില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളില്‍ ജെസിബിക്കൊപ്പമുണ്ടായിരുന്നു കാറും മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു.
◾കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്യുവിനായി മത്സരിച്ച യുവാവ് കഞ്ചാവുമായി പിടിയില്‍. കാഞ്ഞിരംകുളം ഗവ. കോളേജിലെ സൂരജിനെയാണ് പൂവാര്‍ പൊലീസ് പിടികൂടിയത്.
◾ഇടുക്കി നെടുങ്കണ്ടത്ത് മരണവീട്ടിലുണ്ടായ സംഘര്‍ഷത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് യുവാവിനെ കുത്തി . നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്.
◾ഉത്തരാഖണ്ഡിലെ ടണലില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പതിനാലാം ദിവസത്തിലേക്ക്. ഓഗര്‍ മെഷീന്‍ ബ്ലേഡ് ടണല്‍ പൈപ്പില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പൈപ്പില്‍ നിന്ന് ബ്ലേഡ് എടുക്കാതെ രക്ഷാദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല. വനമേഖലയില്‍ നിന്ന് ടണലിലേക്ക് വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് നടത്താനും ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
◾ശമ്പളം ചോദിച്ചതിന് ഗുജറാത്തില്‍ ദളിത് യുവാവിനെ തൊഴിലുടമ മര്‍ദിച്ചശേഷം വായില്‍ ചെരുപ്പ് തിരികിയെന്നു പരാതി. നിലേഷ് ദല്‍സാനിയ എന്ന യുവാവിന്റെ പരാതിയില്‍ റാണിബ ഇന്റെസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ ഉടമ വിഭൂതി പട്ടേലിനും സഹോദരനും സഹായിക്കുമെതിരേ കേസെടുത്തു.
◾ദുബായിയില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ വിസമ്മതിച്ച മുപ്പത്താറുകാരനായ ഭര്‍ത്താവ് ഭാര്യയുടെ മര്‍ദ്ദനമേറ്റു മരിച്ചു. മൂക്കിന് ഇടിയേറ്റ പൂനെയിലെ വാന്‍വാഡിയില്‍ നിഖില്‍ ഖന്നയാണ് മരിച്ചത്. ഭാര്യ രേണുക അറസ്റ്റിലായി. നിര്‍മാണമേഖലയിലെ വ്യവസായിയാണ് നിഖില്‍ ഖന്ന. ആറുവര്‍ഷം മുമ്പാണ് ഇവര്‍ പ്രണയിച്ചു വിവാഹിതരായത്.
◾ചൈന ടൂറിസം മെച്ചപ്പെടുത്താന്‍ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്സ്, സ്പെയിന്‍, മലേഷ്യ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്ക് 15 ദിവസം വരെയുള്ള യാത്രയ്ക്ക് വീസ ആവശ്യമില്ല. ഡിസംബര്‍ 30 മുതല്‍ 2024 നവംബര്‍ വരെയാണ് ഇളവ്.
◾വിമാനയാത്രക്കാര്‍ക്ക് പ്രത്യേക ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ‘ക്രിസ്മസ് കം ഏര്‍ളി’ എന്ന പേരില്‍ ക്രിസ്മസ് ഓഫര്‍ പ്രഖ്യാപിച്ചു. ക്രിസ്മസിനോടനുബന്ധിച്ച് എല്ലാ ടിക്കറ്റുകള്‍ക്കും 30 ശതമാനം വരെയുള്ള ഇളവാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡിസംബര്‍ രണ്ടിനും 2024മെയ് 30നുമിടയിലുള്ള ടിക്കറ്റുകള്‍ക്കായിരിക്കും ഇളവ്. എന്നാല്‍ ഇളവ് നേടാന്‍ നവംബര്‍ 30നകം ബുക്ക് ചെയ്തിരിക്കണം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് മൊബൈല്‍ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് ചാര്‍ജില്‍ ലഭിക്കുന്ന ഇളവ് കൂടാതെ സീറോ കണ്‍വേയന്‍സ് ചാര്‍ജുള്‍പ്പെടെയുള്ള ഇളവുകളും ലഭ്യമാണ്. ടാറ്റ ന്യൂപാസ് റിവാര്‍ഡ് പ്രോഗ്രാം വഴി ഭക്ഷണം, സീറ്റിംഗ്, ബാഗേജ് എന്നിവയില്‍ മികച്ച ഓഫറുകളും നേടാം. ബെംഗളൂരു-കൊച്ചി, ബെംഗളൂരു-കണ്ണൂര്‍, ബെംഗളൂരു-മംഗലാപുരം, ബെംഗളൂരു-തിരുവനന്തപുരം, ചെന്നൈ-തിരുവനന്തപുരം, കണ്ണൂര്‍-തിരുവനന്തപുരം, ബെംഗളൂരു-തിരുച്ചിറപ്പള്ളി തുടങ്ങി വിവിധ റൂട്ടുകളിലെ യാത്രകള്‍ക്ക് ഇളവുകള്‍ ലഭ്യമാണ്. 30 ആഭ്യന്തര എയര്‍പോര്‍ട്ടുകളിലേക്കും 14 രാജ്യാന്തര എയര്‍പോര്‍ട്ടുകളിലേക്കുമായി 300 എയര്‍ ഇന്ത്യ ഫ്‌ളൈറ്റുകളാണ് പ്രതിദിനം സര്‍വീസ് നടത്തുന്നത്. 400 പൈലറ്റുമാരാണ് എയര്‍ ഇന്ത്യക്കുള്ളത്. അടുത്ത വര്‍ഷത്തോടെ ഇത് ഇരട്ടിയാക്കുമെന്ന് ഇക്കഴിഞ്ഞ മാസം എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
◾കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, യൂട്യൂബ്, വെബ് ബ്രൗസറുകള്‍ എന്നിവയുള്‍പ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഏകദേശം 1.155 ലക്ഷം ഉള്ളടക്ക ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ടെക് ഭീമനായ ഗൂഗിളിനോട് ആവശ്യപ്പെട്ടതായി സര്‍ഫ്ഷാര്‍ക്കിന്റെ റിപ്പോര്‍ട്ട്. 2013-നും 2022-നും ഇടയിലായി, 19,600-ലധികം തവണയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്ളടക്കം നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചത്. പ്രധാനമായും ‘മാനനഷ്ടം’ ആണ് പൊതു കാരണമായി ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയത്. ഗൂഗിളിന്റെ കീഴിലുള്ള വിവിധ പ്ലാറ്റ്‌ഫോമുകളില്‍, യൂട്യൂബില്‍ നിന്നുള്ള ഉള്ളടക്കങ്ങളാണ് കൂടുതലായും കേന്ദ്ര സര്‍ക്കാരിന്റെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായത്. ഇന്ത്യ നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച ഉള്ളടക്കങ്ങളില്‍ ഭൂരിഭാഗവും യൂട്യൂബ് (8.8കെ), ഗൂഗിള്‍ പ്ലേ ആപ്പുകള്‍ (4.3കെ), വെബ് സെര്‍ച്ച് (1.4കെ) എന്നിവയില്‍ നിന്നായിരുന്നു. ഗൂഗിളില്‍ നിന്ന് ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ മൊത്തം 19,600 അഭ്യര്‍ത്ഥനകളാണ് നടത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രതിദിനം ശരാശരി അഞ്ച് അഭ്യര്‍ത്ഥനകള്‍ സര്‍ക്കാര്‍ നടത്തി. യൂട്യൂബ്, ഗൂഗിള്‍ സെര്‍ച്, ബ്ലോഗ്ഗര്‍ എന്നിവയില്‍ നിന്ന് ഉള്ളടക്കം നീക്കം ചെയ്യാനാണ് കൂടുതല്‍ അഭ്യര്‍ഥനകള്‍ ലഭിച്ചത്. പഠനമനുസരിച്ച്, ഗൂഗിളില്‍ നിന്നുള്ള ഉള്ളടക്കം നീക്കംചെയ്യല്‍ അഭ്യര്‍ത്ഥനകളില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു, ഇത് കഴിഞ്ഞ ദശകത്തിലെ ഒരു പ്രധാന പ്രവണതയെ സൂചിപ്പിക്കുന്നു.
◾പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോര്‍ജിനെ നായകനാക്കി മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ ഡിസംബര്‍ 1 മുതല്‍ തിയറ്ററുകളിലെത്തും. ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍, ആശ ശരത് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോളാണ് നിര്‍മിക്കുന്നത്. സുശീല്‍ കുമാര്‍ അഗ്രവാള്‍, രജത്ത് അഗ്രവാള്‍, നിതിന്‍ കുമാര്‍, ഗോകുല്‍ വര്‍മകൃഷ്ണരാജ് രാജന്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. വേറിട്ട ദൃഷ്യാവിഷ്‌ക്കാരത്തില്‍ വ്യത്യസ്തമായ കഥ പറയുന്ന ഈ ചിത്രത്തിന് രാജേഷ് വര്‍മ്മയാണ് തിരക്കഥ തയ്യാറാക്കിയത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ‘സരിഗമ’യും തിയറ്റര്‍ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്. ജോഷിയുടെ മുന്‍ ചിത്രങ്ങളെപ്പോലെ തന്നെ പ്രേക്ഷകരെ വളരെയേറെ ആകര്‍ഷിക്കുന്ന ഒരു സിനിമ ആയിരിക്കും ‘ആന്റണി’ എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. കുടുംബപ്രേക്ഷകരെ പരിഗണിച്ചുകൊണ്ട് ഒരുക്കിയ ഈ ചിത്രത്തില്‍ മാസ് ആക്ഷന്‍ രംഗങ്ങളോടൊപ്പം ഇമോഷണല്‍ എലമെന്റ്സും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
◾ഷെയ്സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത് വിന്‍സി അലോഷ്യസ് പ്രധാന കഥാപാത്രമായ ‘ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്’ എന്ന ചിത്രം വത്തിക്കാനില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഇതോടുകൂടി വത്തിക്കാനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന ഖ്യാതിയും ‘ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്’ സ്വന്തമാക്കി. 1995ല്‍ മധ്യപ്രദേശില്‍ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. റാണി മരിയയായി വിന്‍സി അലോഷ്യസ് ആണ് ചിത്രത്തിലെത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 150 ഓളം അഭിനേതാക്കളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വത്തിക്കാനിലെ പലാസോ സാന്‍ കാര്‍ലോയിലെ സല ഫില്‍മോറ്റെക്കയില്‍ നടത്തിയ പ്രദര്‍ശത്തിന് മികച്ച പ്രതികരണമാണ്. മാര്‍പാപ്പയ്ക്ക് വേണ്ടിയും ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടത്തുന്നുണ്ട്. വത്തിക്കാനിലെ പലാസോ സാന്‍ കാര്‍ലോയിലെ സല ഫില്‍മോറ്റെക്കയില്‍ വെച്ചാണ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി ‘ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസി’ന്റെ പ്രദര്‍ശനം നടത്തിയത്. ചിത്രത്തിന്റെ സംവിധായകനുള്‍പ്പെടെയുള്ളവര്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിനുവേണ്ടിയും പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്. പാരീസ് സിനി ഫിയസ്റ്റയില്‍ ‘ബെസ്റ്റ് വുമന്‍സ് ഫിലിം’ പുരസ്‌കാരവും കാനഡയിലെ ടൊറന്റോ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ ‘ബെസ്റ്റ് ഹ്യൂമന്‍ റൈറ്റ്സ് ഫിലിം’ പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു. കൂടാതെ ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വിന്‍സി അലോഷ്യസിന് മികച്ച നടിക്കും സംവിധായകന്‍ ഷൈസണ്‍ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാര്‍ഡുകളും ചിത്രത്തിന് ലഭിച്ചിരുന്നു.
◾പുതിയ ഹിമാലയന്റെ വില പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്. അഞ്ചു മോഡലുകളിലായി ലഭിക്കുന്ന പുതിയ ഹിമാലയിന്റെ വില പ്രാരംഭ ആരംഭിക്കുന്നത് 2.69 ലക്ഷം രൂപയിലാണ്. കാസ ബ്രൗണിന് 2.69 ലക്ഷം രൂപയും സ്റ്റാറ്റ് ഹിമാലയന്‍ സാള്‍ട്ടിന് 2.74 ലക്ഷം രൂപയും സ്റ്റാറ്റ് പോപ്പി ബ്ലൂവിന് 2.74 ലക്ഷം രൂപയും കാമറ്റ് വൈറ്റിന് 2.79 ലക്ഷം രൂപയും ഹാന്‍ലേ ബ്ലാക്കിന് 2.84 ലക്ഷം രൂപയുമാണ് വില. ഡിസംബര്‍ 31 വരെയായിരിക്കും പ്രാരംഭ വില. ആദ്യ തലമുറ ഹിമാലയനെക്കാള്‍ 54000 രൂപ വരെ അധികമാണ് പുതിയ ഹിമാലയന് വില. ‘ഷെര്‍പ 450’ എന്നു വിശേഷിപ്പിക്കുന്ന എന്‍ജിനാണ് പുതിയ ഹിമാലയനില്‍. റോയല്‍ എന്‍ഫീല്‍ഡ് ഇതുവരെ കൊണ്ടുവരാത്ത പുതുമകളുമായാണ് ഹിമാലയന്‍ 450 എത്തുന്നത്. ലിക്യുഡ് കൂള്‍ഡ് എന്‍ജിന്‍, 6 സ്പീഡ് ഗിയര്‍ബോക്‌സ്, 43 എംഎം യുഎസ്ഡി ഫ്രണ്ട് ഫോര്‍ക് (അപ്സൈഡ് ഡൗണ്‍ ഫോര്‍ക്), പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക്, ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് സ്‌ക്രീന്‍, എല്‍ഇഡി പിന്‍ ലൈറ്റ്, പുതിയ ചേസിസ് എന്നിങ്ങനെ പുതുമയുടെ പട്ടിക നീണ്ടതാണ്. നാവിഗേഷനുവേണ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റിറിലേക്ക് ഫോണ്‍ മിറര്‍ ചെയ്യാന്‍ സാധിക്കും. 451.65 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഹിമാലയന്റെ കരുത്ത്. ലിക്വിഡ് കൂള്‍ഡ് എന്‍ജിനും 6 സ്പീഡ് ഗിയര്‍ ബോക്‌സും സിംഗിള്‍ സിലിണ്ടറിന് റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നതു തന്നെ ആദ്യം. 8,000 ആര്‍പിഎമ്മില്‍ 40 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ പരമാവധി 40 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഹിമാലയന്‍ 452വിന് സാധിക്കും.
◾സിസ്റ്റം എന്ന ജയിലിനുള്ളില്‍ അകപ്പെട്ട, നെഞ്ചിനുള്ളില്‍ വെട്ടുകല്ല് പേറിനടക്കുന്ന മനുഷ്യാവസ്ഥകളാണ് മനോജിന്റെ കഥകളിലെ ചിറകുള്ള മനുഷ്യര്‍. യാത്രിനിവാസിലെ ചിറകറ്റ മനുഷ്യര്‍ കലഹിക്കുന്നത് ഈ സിസ്റ്റത്തോടാണ്. മനുഷ്യര്‍ക്ക് ഭ്രാന്തുണ്ടാക്കുന്ന ഒരു കെട്ടിടമായി ഇതിലെ കോടതികള്‍ നിലകൊള്ളുമ്പോള്‍, സ്വാതന്ത്ര്യം ആര്‍ക്കുവേണം എന്ന ബഷീറിയന്‍ കഥാപാത്രത്തിന്റെ നിസ്സഹായത നമുക്ക് ഓര്‍മ്മവരും… സ്‌നേഹത്തിന്റെ അച്ചുതണ്ടില്‍ കറങ്ങുന്ന സങ്കടങ്ങളാണ് മനോജ് വെങ്ങോലയുടെ കഥകള്‍. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പെരുമ്പാവൂര്‍ യാത്രിനിവാസ് ഉള്‍പ്പെടെ സ്ലീപ്പിങ് സിംഫണി, അവനൊരുവന്‍, കുറ്റവും ശിക്ഷയും, വാക്ക്, വരയാടുകള്‍, അന്നത്തെ നമ്മളെക്കുറിച്ച് വ്യാകരണത്തെറ്റുള്ള ഒരേകദേശ വിവരണം, വിപരീതക്രിയകള്‍… തുടങ്ങി ഒന്‍പതു കഥകള്‍. ‘പെരുമ്പാവൂര്‍ യാത്രിനിവാസ്’. മനോജ് വെങ്ങോല. മാതൃഭൂമി. വില 161 രൂപ.
◾ഭക്ഷണത്തിന് രുചി നല്‍കാനായി നാം പാചകത്തില്‍ ഉപയോഗിക്കുന്ന ഈ പുളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ടെന്ന കാര്യം പലര്‍ക്കുമറിയില്ല. ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് പുളി. വിറ്റാമിന്‍ സി, ഇ, ബി, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, നാരുകള്‍ തുടങ്ങിയവയും പുളിയില്‍ അടങ്ങിയിരിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയ പുളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനക്കേട് മെച്ചപ്പെടുത്താനും സംരക്ഷിക്കാനും സഹായിക്കും. ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഇവയിലെ നാരുകള്‍ ആണ് സഹായിക്കുന്നത്. പുളിയില്‍ കാണപ്പെടുന്ന പോളിഫെനോളിക് സംയുക്തങ്ങള്‍ അള്‍സറിനെ തടയാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും പുളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പുളിയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പുളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്. പുളിയില്‍ വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ പുളി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പുളിവെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാനും സഹായിക്കും. വിറ്റാമിന്‍ എയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ പുളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. മഗ്നീഷ്യം അടങ്ങിയ പുളി ഉറക്കക്കുറവിനും സഹായിക്കും. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ പുളി ചര്‍മ്മത്തെ അണുബാധകളില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കും.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 83.31, പൗണ്ട് – 105.04, യൂറോ – 91.23, സ്വിസ് ഫ്രാങ്ക് – 94.38, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.84, ബഹറിന്‍ ദിനാര്‍ – 220.54, കുവൈത്ത് ദിനാര്‍ -269.70, ഒമാനി റിയാല്‍ – 216.44, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.69, ഖത്തര്‍ റിയാല്‍ – 22.89, കനേഡിയന്‍ ഡോളര്‍ – 61.06.