വാർത്താ പ്രഭാതം


 
28.09.2023   

സഹകരണ മേഖലയെ തകർക്കാൻ ശ്രമം, കരുവന്നൂരിൽ ഇഡിയുടെ ലക്ഷ്യം രാഷ്ട്രീയ വേട്ട: മുഖ്യമന്ത്രി
?️കേരളത്തിലെ സഹകരണ മേഖല ചിലരുടെ ഉറക്കം കളയുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക ലക്ഷ്യങ്ങളോടെ സഹകരണ മേഖലയെ ആക്രമിക്കുകയാണ്. തെറ്റു ചെയ്തവർക്കെതിരേ കർശന നടപടിയുണ്ടാവുമെന്നും ഒരു പാത്രം ചോറിൽ ഒരു കറുത്ത അരി ഉണ്ടെങ്കിൽ ആകെ മോശമാണെന്ന് പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.സഹകരണ മേഖലയിലെ പ്രശ്നങ്ങളെ തടയാൻ 50 വർഷം പഴക്കമുള്ള നിയമങ്ങൾ പരിഷ്ക്കരിച്ചിരുന്നു. ബാങ്കിനെ തകർച്ചയിൽനിന്ന് കരകയറ്റാനാണ് സർക്കാർ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്’.

ഗ്രീഷ്മയുടെ ജാമ്യം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗം: ഷാരോണിന്‍റെ അച്ഛൻ
?️കാമുകനായ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചത് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതിന്‍റെ ഭാഗമാണെന്ന് ഷാരോണിന്‍റെ പിതാവ് ജയരാജ്. കഴിഞ്ഞ 25ന് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചുവെന്നും ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെ എതിര്‍ക്കാന്‍ സാധിച്ചില്ലെന്നും ജയരാജ് പറഞ്ഞു. പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ജയരാജ് ആരോപിച്ചു.

”ഒപ്പു കാത്ത് 8 ബില്ലുകൾ”; ഗവർണർക്കെതിരേ സർക്കാർ സുപ്രീംകോടതിയിലേക്ക്
?️ബില്ലുകൾ ഒപ്പിടാത്തതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ നിയമ നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ‌. ഗവർണറുടെ നിലപാട് ജനാധിപത്യത്തിന്‍റെ അന്തസ്സിന് നിരക്കാത്തതാണെന്നും ഗവർണർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.ഇതിനായി മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിന്‍റെ സേവനം അതിനായി തേടും. ഫാലി എസ്. നരിമാന്‍റെ അഭിപ്രായം നേരത്തെ സർക്കാർ തേടിയിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്ക് അധികാരമുണ്ടോയെന്നാണ് ഹർജിയിലൂടെ ഉന്നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇഡിയുടെ പ്രത്യേക അധികാരം: പുനഃപരിശോധനയ്ക്ക് മൂന്നംഗ ബെഞ്ച്
?️എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിനുള്ള പ്രത്യേക അധികാരങ്ങൾ ശരിവച്ച 2022ലെ വിധിക്കെതിരായ ഹർജികൾ പരിശോധിക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു.കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളിൽ ഇഡിക്ക് പ്രത്യേക അധികാരം നിലനിർത്തുന്നതായിരുന്നു 2022ലെ വിധി.ഇഡിയുടെ പ്രഥമ വിവര റിപ്പോർട്ടിനടക്കം പ്രാധാന്യം നൽകിയ ഈ വിധി മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നാരോപിച്ചാണു പുനഃപരിശോധനാ ഹർജികൾ സമർപ്പിക്കപ്പെട്ടത്. തുടർന്ന് ഇതു പരിശോധിക്കാൻ കോടതി തീരുമാനിച്ചിരുന്നു.

നിജ്ജറിന്‍റെ കൊലയ്ക്ക് പിന്നിൽ പാക്കിസ്ഥാൻ!
?️കനേഡിയൻ പൗരനും ഖലിസ്ഥാൻ വിഘടനവാദിയുമായ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലയ്ക്കു പിന്നിൽ പാക്കിസ്ഥാൻ ചാര സംഘടനയാണെന്ന് സംശയമുയരുന്നു. ഇന്ത്യയെ പ്രതിരോധത്തിലാക്കാനായി പാക് ചാരസംഘടനയായ ഐഎസ്ഐ ശ്രമിച്ചിരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ ദേശീയ മാധ്യമങ്ങൾക്കു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ക്യാനഡയിലെ ഐഎസ്ഐ ഉന്നതരായ രഹത് റാവുവും, താരിഖ് കിയാനിയുമാണ് നിജ്ജറിന്‍റെ മരണത്തിനു പിന്നിലെന്ന സൂചനയാണ് കേന്ദ്രം പുറത്തു വിടുന്നത്.

പ്രധാനമന്ത്രിക്കെതിരേ വിമർശനവുമായി ഖാർഗെ
?️മണിപ്പൂരിലെ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംസ്ഥാന സർക്കാരിനുമെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കഴിവില്ലാത്ത മുഖ്യമന്ത്രിയെ പുറത്താക്കൂ എന്ന് ആവശ്യപ്പെട്ട അദ്ദേഹം മണിപ്പൂർ യുദ്ധക്കളമായി മാറിയെന്നും കുറ്റപ്പെടുത്തി. 147 ദിവസമായി മണിപ്പൂരിലെ ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്. എന്നിട്ടും പ്രധാനമന്ത്രിക്ക് സംസ്ഥാനം സന്ദർശിക്കാനുള്ള സമയം കിട്ടിയില്ലെന്നും അദ്ദേഹം വിമർശിച്ചു. ജൂലൈ 6 ന് കാണാതായ 2 മെയ്തെയ് വിദ്യാർഥികൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഖാലിസ്ഥാൻ – പാക്കിസ്ഥാൻ – ഗുണ്ടാ ബന്ധം
?️ഖാലിസ്ഥാനി വിഘടനവാദ സംഘടനകൾക്ക് ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധത്തിന്‍റെ പശ്ചാത്തലത്തിൽ എൻഐഎ ആറു സംസ്ഥാനങ്ങളിലായി 51 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. പാക്കിസ്ഥാൻ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ് കണ്ടെത്തിയിട്ടുള്ള ലോറൻസ് ബിഷ്ണോയ്, അർഷ്‌ദീപ് ദല്ല എന്നിവരുടെ ഗുണ്ടാ സംഘങ്ങൾ ഖാലിസ്ഥാനികളുമായി ചേർന്ന് പഞ്ചാബിലെ ഹിന്ദു നേതാക്കളെ ആക്രമിക്കാൻ പദ്ധതി തയാറാക്കിയെന്നാണ് സംശയം.

പാലക്കാട്ട് സ്ഥലമുടമ കുഴിച്ചിട്ടത് സതീഷിനെയും ഷിജിത്തിനെയും തന്നെ
?️കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേത് തന്നെ എന്ന് സ്ഥിരീകരിച്ചു. പുതുശ്ശേരി കാളാണ്ടിത്തറയില്‍ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവരാണ് മരിച്ചതെന്നാണ് മനസിലാക്കുന്നത്. കാട്ടുപന്നിക്കു വച്ച വൈദ്യുതിക്കെണിയില്‍ പെട്ടാണ് യുവാക്കള്‍ മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയില്‍ കുഴിച്ചിടുകയായിരുന്നെന്നും സ്ഥലമുടമ അമ്പലപ്പറമ്പ് വീട്ടില്‍ അനന്തന്‍ (52) പൊലീസിന് മൊഴി നല്‍കി. നിലവിൽ ഇ‍യാൾ പൊലീസിന്‍റെ കസ്റ്റഡിയിലാണ്.

പഞ്ചാബിൽ കെമിക്കൽ ഫാക്‌ടറിയിൽ വന്‍ തീപിടിത്തം
?️പഞ്ചാബിലെ മൊഹാലിയിൽ കെമിക്കൽ ഫാക്‌ടറിയിൽ വന്‍ തീപിടിത്തം. അപകടത്തിൽ 6 തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഫാക്‌ടറിയിൽ തീ പടർന്ന് അപകടമുണ്ടാവുന്നത്. തീപിടിത്തതിനുള്ള കാരണം വ്യക്തമല്ല.

മണിപ്പുരിൽ പ്രതിഷേധവുമായി വിദ്യാർഥികൾ
?️ മണിപ്പൂരിൽ ബിജെപിയുടെ ഓഫിസ് കത്തിച്ച് പ്രതിഷേധക്കാർ. തൗബാലിലെ മണ്ഡലം കമ്മിറ്റി ഓഫിസാണ് മെയ്തെയ് വിഭാഗക്കാർ കത്തിച്ചത്. കാണാതായ വിദ്യാർഥികളുടെ മൃതദേഹം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതിഷേധവുമായി മെയ്തെയ് വിഭാഗം രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധിക്കുകയും കല്ലെറിയുകയും ചെയ്തു. തുടർന്ന് സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ചു. മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയെങ്കിലും വിദ്യാർത്ഥികൾ പ്രതിഷേധം തുടരുകയായിരുന്നു.

കേന്ദ്ര റെയിൽ മന്ത്രിക്ക് കത്തയച്ച് സ്പീക്കർ
?️വന്ദേഭാരതിന് തലശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ച് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. തലശേരിയിലെ കോടിയേരിയിൽ സ്ഥിതി ചെയ്യുന്ന മലബാർ കാൻസർ സെന്‍ററിലേക്ക് രോഗികൾക്ക് എത്തിപ്പെടാൻ സൗകര്യാർഥം വന്ദേഭാരതിന് ഇവിടെ സ്റ്റേപ്പ് അനുവദിക്കണമെന്ന് സ്പീക്കർ കത്തിൽ ആവശ്യപ്പെടുന്നു.

ക്യാനഡ തീവ്രവാദികളെ സംരക്ഷിക്കുന്നു: എസ്. ജയ്‌ശങ്കർ
?️ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരേ നിരന്തരം ഭീഷണികൾ ഉയരുമ്പോഴും തീവ്രവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് ക്യാനഡ സ്വീകരിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ.ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ചും അദ്ദേഹം യുഎസിൽ പങ്കെടുത്ത പരിപാടിയിൽ പ്രതികരിച്ചു.

”മൂന്നാറിൽ ഇടിച്ചു പൊളിക്കലൊന്നും നടക്കില്ല”; സർക്കാർ നീക്കത്തിനെതിരേ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
?️മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. കെട്ടിടങ്ങൾ പൊളിക്കാൻ അനുവദിക്കില്ല, ക്രമക്കേടുകൾ കണ്ടെത്താനാണ് കോടതി നിർദേശമെന്നും സി.വി. വർഗീസ് പറഞ്ഞു. മൂന്നാറിലെ കയ്യേറ്റങ്ങളെ ഒഴിപ്പിക്കാനുള്ള സർക്കാർ നീക്കത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഇസ്കോൺ പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നു: മേനക
?️കൃഷ്ണ ഭക്തരുടെ ആഗോള സംഘടനായ ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഫൊര്‍ കൃഷ്ണ കോണ്‍ഷ്യസിനെതിരേ (ഇസ്‌കോണ്‍) ഗുരുതര ആരോപണവുമായി ബിജെപി എംപി മേനക ഗാന്ധി. ഇസ്‌കോണ്‍ വഞ്ചകരാണെന്നും ഗോശാലകളില്‍ നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നുവെന്നും മേനക പറഞ്ഞു. ആന്ധ്രപ്രദേശിലെ അനന്ത്പുരിലുള്ള ഇസ്കോണിന്‍റെ ഗോശാല സന്ദർശിച്ചതു സംബന്ധിച്ചാണു മേനക സമൂഹമാധ്യമത്തിലൂടെ ആരോപണമുന്നയിച്ചത്. അവിടെ കറവയില്ലാത്തതോ കുട്ടികളില്ലാത്തതോ ആയ ഒരു പശുവിനെയും കണ്ടില്ലെന്നും അതിനർഥം അവയെ കശാപ്പുകാർക്കു വിറ്റുവെന്നുമാണെന്നു മേനകയുടെ വാദം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കെപിസിസി; നേതൃയോഗങ്ങൾ വിളിച്ചു
?️ലോകസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി കെപിസിസി. ഒക്ടോബർ 4 ന് കെപിസിസി ആസ്ഥാനത്ത് എംപിമാരെക്കൂടി പങ്കെടുപ്പിച്ച് രാഷ്ട്രീയകാര്യ സമിതി യോഗവും 5 ന് കെപിസിസി ഭാരവാഹികളുടേയും ഡിസിസിപ്രസിഡന്‍റുമാരുടേയും കെപിസിസി പാർലമെന്‍റിന്‍റെ ചുമതല നൽകിയ നേതാക്കളുടെയും അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്.

മാപ്പിളപ്പാട്ടുകാരി റംല ബീഗം അന്തരിച്ചു
?️പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം (83) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽവെച്ചാണു അന്ത്യം. മതവിലക്കുകളെ ഭേദിച്ച് പരിപാടി അവതരിപ്പിച്ച ആദ്യവനിതയാണു റംല ബീഗം. 1946 നവംബർ മൂന്നിനാണു ജനനം. 20 ഇസ്ലാമിക കഥകൾക്ക് പുറമേ ഓടയിൽനിന്ന്, ശാകുന്തളം, നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

കാന്തല്ലൂരിന് ബെസ്റ്റ് ടൂറിസം വില്ലേജ് അവാർഡ്; അഭിമാന നേട്ടവുമായി കേരളം
?️ലോക ടൂറിസം ദിനത്തിൽ അഭിമാന നേട്ടവുമായി കേരളം. കേന്ദ്ര ടൂറിസം വകുപ്പിന്‍റെ രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ് സ്വന്തമാക്കി ഇടുക്കിയിലെ കാന്തല്ലൂർ പഞ്ചായത്ത്. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു.ടൂറിസം വളർച്ചയ്ക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയതിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ടൂറിസം വകുപ്പിന്‍റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂർ. പഞ്ചായത്തുമായി ചേർന്ന് ഉത്തരവാദിത്ത ടൂറിസം മിഷനാണ് കാന്തല്ലൂരിലെ പദ്ധതി നടപ്പാക്കിയത്.

കോഴിക്കോട് യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി
?️കോഴിക്കോട് കക്കോടിയിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടത്തുംപൊയിൽ എരഞ്ഞോത്ത് താഴത്ത് മനു (30) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നടക്കാനിറങ്ങിയവരാണ് മനുവിനെ റോഡരികിൽ കണ്ടത്. എലത്തൂർ പൊലീസെത്തി മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പരേതനായ മണിയുടേയും തങ്കമണിയുടേയും മകനാണ്. പെയിന്‍റിങ് തൊഴിലാളിയായിരുന്നു. സംഭവത്തിൽ എലത്തൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

‘വിവാദങ്ങൾ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി’; അട്ടപ്പാടി മധു കൊലക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ പിന്‍മാറി
?️അട്ടപ്പാടി മധു കൊലപാതകക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച സീനിയർ അഡ്വ. കെപി സതീശന്‍ സ്ഥാനം രാജിവച്ചു. സതീശന്‍റെ നിയമനത്തിനെതിരെ മധുവിന്‍റെ അമ്മ രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി. കേസിൽ നിന്നും പിന്‍മാറുകയാണെന്ന് കോടതിയെ അറിയിച്ചതായി പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പറയുകയായിരുന്നു. മധു കേസിൽ അപ്പീലുകളിൽ വാദം കേൾക്കാനിരിക്കെയാണ് കെ പി സതീശന്‍റെ പിന്‍മാറ്റം. വിവാദങ്ങൾ എന്തിനാണെന്ന് അറിയില്ല. മധുവിനു നീതി ലഭിച്ചില്ലെന്ന തോന്നലിലാണ് കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഫയൽ പരിശോധിച്ചപ്പോൾ തന്നെ ചില പാളിച്ചകൾ കണ്ടെത്തിയിരുന്നു. 5 പ്രതികൾക്കെങ്കിലും ജീവപര്യന്തം ശിക്ഷ ലഭിക്കേണ്ടതായിരുന്നു. അഭിഭാഷക വൃത്തിയിൽ 50 വർഷം പൂർത്തിയാക്കി, വിവാദങ്ങൾ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കാർഗോ ഹോളിൽ പുക; കോഴിക്കോട് – ദുബായ് വിമാനത്തിന് കണ്ണൂരിൽ അടിയന്തര ലാൻഡിങ്
?️കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. സങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് അടിയന്തര ലാൻഡിങ്. ഇന്നലെ രാവിലെയാണ് കോഴിക്കോട് നിന്നും വിമാനം ദുബായിലേക്ക് പുറപ്പെട്ടത്. വിമാനത്തിന്‍റെ കാർഗോ ഹോളിൽ പുക കാണുകയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിലെ ചില റൺവേകളിൽ പണി നടക്കുന്നതിനാൽ ലാൻഡിങ് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു.

അടിയന്താരാവസ്ഥ കാലത്ത് ജയിലിൽ കിടന്നിട്ടുണ്ട്, പിന്നെയല്ലേ ഇഡി: എം.കെ. കണ്ണന്‍
?️അടിയന്താരാവസ്ഥാ കാലത്ത് ഒന്നര വർഷം ജയിലിൽ കിടന്നിട്ടുണ്ട്, പിന്നെയല്ലേ ഇഡിയെന്ന് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എം.കെ. കണ്ണന്‍.
തനിക്ക് അറസ്റ്റിനെ ഭയമില്ലെന്നും ഒരു ബിനാമി അക്കൗണ്ടുപോലും തനിക്കില്ലെന്നും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്‍റും കേരളാ ബാങ്ക് വൈസ് പ്രസിഡന്‍റുമായ മുന്‍ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് അതിതീവ്ര ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നതിൻ്റെ കാരണം കണ്ടെത്തി കുസാറ്റ് ഗവേഷകർ
?️ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തോട് ചേര്‍ന്നുള്ള കിഴക്കന്‍ അറബിക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റുകള്‍ക്ക് കാരണം സമുദ്രത്തിന്റെയും അന്തരീക്ഷ താപനിലയുടെയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഘടനയുടെ സ്വാധീനം മൂലമെന്ന് കണ്ടെത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകർ.
പാരിസ്ഥിതിക ഘടകങ്ങളിലെ മാറ്റവും സമുദ്രത്തിന്റെ ഉപരിതല താപനിലയും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു.

ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി അപകടം
?️ഉത്തർപ്രദേശിൽ ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറി അപകടം. മഥുര ജംഗ്ഷനിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടമുണ്ടാവുന്നത്. ഷാകൂർ ബസ്തി- മഥുര ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് ട്രെയിനാണ് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്. യാത്രക്കാരും ടിടിഇ അടക്കമുള്ളവർ ഇറങ്ങിയതിനു ശേഷം ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറിയതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

വ്യാഴാഴ്ചത്തെ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു
?️നബി ദിനത്തിനുള്ള പൊതുഅവധി പ്രഖ്യാപിച്ചതിനാൽ വ്യാഴാഴ്ച (സെപ്റ്റംബർ 28) നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. ഈ പരീക്ഷകളെല്ലാം ഡിസംബർ 7ന് നടത്തുന്നതായിരിക്കും.
വ്യാഴാഴ്ച നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയുമടക്കം മാറ്റി.

ക്രിക്കറ്റ് ലോകകപ്പ് വേദി ആക്രമിക്കുമെന്ന് ഖാലിസ്ഥാൻ നേതാവ്
?️ഒക്റ്റോബർ അഞ്ചിന് ഇന്ത്യയിൽ തുടക്കം കുറിക്കാൻ പോകുന്നത് ക്രിക്കറ്റ് ലോകകപ്പിനായിരിക്കില്ല, വേൾഡ് ടെറർ കപ്പിനായിരിക്കുമെന്ന് ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നു. ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തെ ലക്ഷ്യമിട്ടാണ് പരാമർശം. ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ടതിനു പ്രതികാരമായി സ്റ്റേഡിയം ആക്രമിക്കാൻ ഖാലിസ്ഥാൻ സംഘടനകൾ തയാറെടുക്കുന്നു എന്ന് ഇന്ത്യൻ ഇന്‍റലിജൻസ് ഏജൻസികൾ സംശയിക്കുന്നു.

ഏഷ്യൻ ഗെയിംസ് വനികളുടെ ഷൂട്ടിംഗിൽ ഇന്ത്യക്ക് സ്വർണം
?️ഏഷ്യൻ ഗെയിംസിൽ സ്വർണ വേട്ട തുടർന്ന് ഇന്ത്യ. വനിതകളുടെ 25 മീറ്റർ റാപിഡ് ഫയർ പിസ്റ്റൾ ടീം ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണം. മനു ഭാകർ, ഇഷ സിംഗ്, റിദം സാങ്വാൻ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യയുടെ നാലാം സ്വർണ മെഡൽ നേട്ടത്തിനു പിന്നിൽ. ചൈനയെ 1759 പോയന്‍റോടെ പിന്തള്ളിയാണ് വിജയം കരസ്ഥമാക്കിയത്.

മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി
?️ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യ 66 റൺസിനു തോറ്റു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 352 റൺസെടുത്തപ്പോൾ, ഇന്ത്യ 49.4 ഓവറിൽ 286 റൺസിന് എല്ലാവരും പുറത്തായി. 10 ഓവറിൽ 40 റൺസ് മാത്രം വഴങ്ങി ഇന്ത്യയുടെ ആദ്യ നാല് വിക്കറ്റും വീഴ്ത്തിയ പാർട്ട് ടൈം ഓഫ് സ്പിന്നർ ഗ്ലെൻ മാക്സ്‌വെല്ലാണ് ഓസ്ട്രേലിയൻ വിജയം അനായാസമാക്കിയത്. മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടും ജയിച്ച ഇന്ത്യ നേരത്തെ തന്നെ അപരാജിത ലീഡ് നേടിയിരുന്നു.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5450 രൂപ
പവന് 43600 രൂപ