???
സിക്കിം മിന്നൽ പ്രളയം: 14 മരണം, റെഡ് അലർട്ട്
?️സിക്കിമിൽ മേഘ വിസ്ഫോടനത്തിനു പുറകേയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയതായി ഔദ്യോഗിക റിപ്പോർട്ട്. 102 പേരെ കാണാതായതായും 26 പേർക്ക് പരിക്കേറ്റതായും സിക്കിം സർക്കാർ അറിയിച്ചു. കാണാതായവരിൽ 22 പേർ സൈനികരാണ്. അതേസമയം, 40 പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിവരം. ശക്തമായ മഴയും ഹിമപാളികള്‍ ഉരുകി ഒഴുകിയതുമാണ് ദുരന്ത കാരണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ന്യൂസ് ക്ലിക് എഡിറ്റർക്കെതിരേ ഗുരുതര ആരോപണങ്ങൾ
?️കശ്മീരും അരുണാചൽ പ്രദേശും ഇന്ത്യയുടെ ഭാഗമല്ലെന്നും തർക്കമേഖലയെന്നും വരുത്തിത്തീർക്കാൻ ന്യൂസ് ക്ലിക് എഡിറ്റർ പ്രബീർ പുരകായസ്ത ശ്രമിച്ചതായി ഡൽഹി പൊലീസ്. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പ്രബീറിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഡൽഹി പൊലീസ് എഫ്ഐആറിലുള്ളത്. പ്രബീർ എഴു ദിവസത്തെ റിമാൻഡിലാണ്. ചൈനീസ് പ്രോപ്പഗാണ്ട പ്രചരിപ്പിക്കുന്നതിനായി യുഎസിൽ നിന്നുള്ള ശതകോടീശ്വരനിൽ നിന്ന് പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പ്രബീറിനെ അറസ്റ്റ് ചെയ്തത്. പ്രബീറിനും സഹപ്രവർത്തകർക്കും 115 കോടിയോളം രൂപയുടെ വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ട്. ന്യൂസ് ക്ലിക്കിന്റെ ഷെയർഹോൾഡർമാരിൽ ഒരാളായ ഗൗതം നവ്ലാഖ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാളാണെന്നും പൊലീസ് ആരോപിക്കുന്നു.
ബംഗാള്‍ മന്ത്രിയുടെ വീടുകളില്‍ ഇഡി റെയ്ഡ്
?️മുന്‍സിപ്പല്‍ നിയമന കേസില്‍ ബംഗാളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ബംഗാള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയും തൃണമൂല്‍ നേതാവുമായ രത്തിന് ഘോഷിന്റെ വീടുകളില്‍ ഉള്‍പ്പടെ 13 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും നേരത്തെ ഇഡി റെയ്ഡ് നടന്നിരുന്നു. ഇതിനു പിന്നാലെയാണിപ്പോള്‍ മന്ത്രിയുടെ വസതിയിലും സ്ഥാപനങ്ങളിലും വ്യാപകമായ പരിശോധന നടന്നത്. നേരത്തേ മധ്യംഗ്രാം മുനിസിപ്പാലിറ്റി ചെയര്മാനായിരുന്നപ്പോള് രതിന് ഘോഷ്, നിയമനവുമായി ബന്ധപ്പെട്ട് കോടികള്‍ കൈപ്പറ്റിയെന്നാണ് കേസ്. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് 1500 ഓളം പേരെ വിവിധ പോസ്റ്റുകളിലായി നിയമിച്ചു. ഇതിന് വന്‍തോതില്‍ പണം കൈപ്പറ്റിയെന്നാണ് പരാതി. മന്ത്രിക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നു.
അതിദരിദ്ര കുടുംബത്തിലെ വിദ്യാർഥികൾക്ക് സൗജന്യ യാത്ര; നവംബർ 1 മുതൽ ഉത്തരവ് പ്രാബല്യത്തിൽ
?️സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് കെഎസ്ആർടിസി – പ്രൈവറ്റ് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. നവംബർ ഒന്നു മുതൽ നിർദേശം പ്രാബല്യത്തിൽവരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓഗസ്റ്റ് 18 ചേർന്ന യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തൂത്തുവാരുമെന്ന് സർവേ
?️അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് കേരളത്തിൽ നിന്ന് 16 സീറ്റ് സ്വന്തമാക്കുമെന്ന് ഇന്ത്യ ടിവി-സിഎൻഎക്സ് സർവേ റിപ്പോർട്ട്. എൽഡിഎഫിന് 4 സീറ്റ് മാത്രമാണ് പ്രവചിക്കുന്നത്. എന്നാൽ ഇത് 2019ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ മൂന്നെണ്ണം കൂടുതലാണ്. ഒരു സീറ്റാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിനു കേരളത്തിൽ ലഭിച്ചത്.
കുവൈറ്റ് ജയിലിലായിരുന്ന 19 മലയാളി നഴ്സുമാർക്ക് മോചനം
?️നിയമലംഘനത്തിന് പിടിയിലായി 3 ആഴ്ചയോളം ജയിലിൽ കഴിഞ്ഞ 19 മലയാളി നഴ്സുമാർ ജയിൽ മോചിതരായി. പിടിയിലായ മറ്റ് ഇന്ത്യക്കാർ ഉൾപ്പടെയുള്ള 34 പേരെയും ഇവർക്കൊപ്പം വ്യാഴാഴ്ച നാടുകടത്തും. ജയിലിൽ നിന്നും ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയ ശേഷമാവും വീടുകളിലേക്ക് പോകാന്‍ അനുവദിക്കുക.
മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു
?️സിപിഎം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. ആറ്റിങ്ങൽ മുൻ എംഎൽഎ ആയിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഇടുക്കിയിൽ സിപിഎം-സിപിഐ വാക് പോര് മുറുകുന്നു
?️സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെതിരേ എം.എം. മണി എംഎൽഎ. തനിക്ക് മറുപടി നൽകാൻ അയാൾ ആരാണെന്നു ചോദിച്ച എം.എം. മണി ശിവരാമൻ തന്നെ തേജോവധം പറയാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ചു. മൂന്നാറിലെ കൈയേറ്റങ്ങളെക്കുറിച്ച് സംസാരിക്കാൻ തൊടുപുഴയിലുള്ള ശിവരാമന് യോഗ്യതയില്ല’ എം.എം. മണി പ്രതികരിച്ചു.
മാസപ്പടി വിവാദം; അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ്
?️മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. ഡയറക്ടറെ നേരിൽ കണ്ടാണ് കുഴൽനാടൻ പരാതി കൈമാറിയത്. മാസപ്പടി വിവാദത്തിൽ നിയമനടപടിയുടെ തുടക്കമാണിതെന്ന് കുഴൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
”മന്ത്രിമാരുടെ ഓഫിസ് എല്ലാ ദിവസവും പ്രവർത്തിക്കണം”, സിപിഎം
?️മന്ത്രിമാരുടെ ഓഫിസിന് അവധിയില്ലെന്നും എല്ലാ ദിവസവും ഓഫിസ് പ്രവർത്തിക്കണമെന്നും സിപിഎം. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിലാണ് നിർദേശം. അവധി ദിവസവും ഓഫിസ് പ്രവർത്തിക്കുന്നു എന്ന് മന്ത്രിമാർ ഉറപ്പാക്കണമെന്നും നിർദേശിക്കുന്നു. മന്ത്രിമാർ ഓഫിസുകളുടെ പ്രവർത്തനം നല്ല രീതിയിൽ വിലയിരുത്തണം, ഓഫിസ് സമയത്ത് സ്റ്റാഫുകൾ ഓഫിസിൽ ഉണ്ടായിരിക്കണം. മന്ത്രിമാർ പാർട്ടി നയം പാലിക്കണം. നയപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനം എടുക്കാവൂ.
ലണ്ടനിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണം: ഒരാൾ അറസ്റ്റിൽ
?️ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മിഷൻ ഓഫിസ് ആക്രമിച്ച കേസിൽ മെട്രൊപൊളിറ്റൻ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. അന്വഷണം തുടരുകയാണ്. കേസിൽ എൻഐഎ തിരിച്ചറിഞ്ഞവരിൽ ഒരാളാണ് പിടിയിലായിരിക്കുന്നത്. വിഘടനവാദി നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ക്യാനഡയുടെ ആരോപണത്തിൽ ഇന്ത്യക്കെതിരേ യുകെ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇന്ത്യ ഹൗസിനു മുൻപിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കവേയാണ് പ്രതി പിടിയിലായത്. പ്രതിയുടെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. പ്രതിയെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടതായി പൊലീസ് വ്യക്തമാക്കി.
ടിഡിപിക്ക് പിന്തുണ പ്രഖ്യാപിച്ച് പവൻ കല്യാൺ
?️ലോക്സഭാ ഒരുക്കങ്ങൾ പുരോഗമിക്കവെ എൻഡിഎക്ക് തിരിച്ചടി. തെലുഗു സൂപ്പർതാരവും ജനസേനാ പാർട്ടി പ്രസിഡന്റുമായ പവൻ കല്യാൺ എൻ ഡിഎ വിട്ടു. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് തെരഞ്ഞെടുപ്പിൽ പവൻ കല്യാൺ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ടിഡിപി എന്‍ഡിഎ സഖ്യത്തിന് പുറത്താണ്. ടിഡിപിയുമായി സഖ്യം ചേര്‍ന്നതിനാല്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിക്കുകയാണെന്ന് പവന് കല്യാണ്‍ വ്യക്തമാക്കി. ”ടിഡിപി – ജനസേനാ സഖ്യം അടുത്ത ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരും. രാഷ്ട്രീയഗൂഢാലോചന നടത്തി എതിർപാർട്ടി നേതാക്കളെ ജയിലിലാക്കുന്ന ജഗൻമോഹൻ സർക്കാരിന്റെ അന്ത്യമടുത്തു, പവൻ കല്യാൺ പറഞ്ഞു.
”കേന്ദ്ര സർക്കാരിനെതിരേ ശബ്ദമുയർത്തുന്നവരുടെ വീടുകളിലാണ് ഇഡി എത്തുന്നത്”; പ്രിയങ്ക ഗാന്ധി
?️മോദി സർക്കാരിന്റെ എതിരാളികൾക്കെതിരേ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേന്ദ്ര സർക്കാരിനെതിരേ ശബ്ദമുയർത്തുന്നവരുടെ വീടുകളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. അഴിമതിക്കാരായ ബിജെപി നേതാക്കളുടെ കാര്യത്തിൽ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും പ്രിയങ്ക ചോദിച്ചു. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
മണിപ്പൂരിൽ വീണ്ടും സംഘർഷം
?️മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റ് ജില്ലയിലുണ്ടായ സംഘർഷത്തിൽ രണ്ടു വീടുകൾക്ക് തീയിട്ടു. നിരവധി തവണ വെടിവയ്പ്പുണ്ടായതായും പൊലീസ് വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ട് 10 മണിയോടെയാണ് സംഘർഷം കനത്തത്. സംഘർഷത്തിനു കാരണക്കാരായവർ പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലീസും സൈനികരും എത്തിയാണ് തീ അണച്ചത്. കഴിഞ്ഞ മേയ് മുതൽ ആരംഭിച്ച സാമുദായിക സംഘർഷം മണിപ്പൂരിൽ ഇപ്പോഴും തുടരുകയാണ്. ഇതു വരെ 180 പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.
മധ്യപ്രദേശിൽ സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 35% സംവരണം
?️സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 35 % സംവരണം അനുവദിച്ച് മധ്യപ്രദേശ് സർക്കാർ. ചൊവ്വാഴ്ച ഇതു സംബന്ധിച്ച് ഉത്തരവ് സർക്കാർ പുറത്തിറക്കി. പിന്നാലെ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ ഇതുസംബന്ധിച്ച പ്രഖ്യാപനവും നടത്തി. നേരിട്ടുള്ള റിക്രൂട്മെന്റ് ഘട്ടത്തിലാണ് ഈ സംവരണം ബാധകമാവുക. വനംവകുപ്പിലൊഴികെ മറ്റെല്ലാ വകുപ്പുകളിലും പുതിയ ഉത്തരവ് ബാധകമായിരിക്കുമെന്നാണ് റിപ്പോർട്ട്. ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വനിതാ വോട്ടർമാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബിജെപി സർക്കാരിന്റെ നീക്കം.
മഹാരാഷ്ട്ര ആശുപത്രിയിലെ കൂട്ട മരണം
?️മഹാരാഷ്ട്രയിലെ ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ 31 പേർ മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ കേസ്. ആശുപത്രി ഡീനിനെതിരെയും മറ്റൊരു ഡോക്ടർക്കുമെതിരെയാണ് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തത്. മരിച്ച 16 നവജാത ശിശുക്കളിൽ ഒരു കുഞ്ഞിന്റെ കുടുംബം നൽകിയ പരാതിയെ തുടർന്നാണ് നടപടി. 10 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. ഡോക്ടർമാരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് ഇയാളുടെ ആരോപണം
ഷൂട്ടിങ് താരത്തിന്റെ മതം മാറ്റാൻ ശ്രമം; ഭർത്താവിന് ജീവപര്യന്തം തടവ്
?️ദേശീയ ഷൂട്ടിങ് താരം താര സഹദേവിനെ പ്രണയക്കെണിയിൽ വീഴ്ത്തി മതപരിവർത്തനം നടത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് റഖിബുൾ ഹസൻ ഖാന് റാഞ്ചിയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവു വിധിച്ചു. ഇയാളുടെ അമ്മ കൗസർ റാണിക്ക് പത്തു വർഷവും മുൻ ഹൈക്കോടതി രജിസ്ട്രാർ മുഷ്താഖ് അഹമ്മദിന് 15 വർഷവും തടവ് വിധിച്ചിട്ടുണ്ട്. ഗൂഢാലോചനക്കുറ്റത്തിനാണ് അഹമ്മദിനെ ശിക്ഷിച്ചത്. 2017ൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണു ശിക്ഷ. ഷൂട്ടിങ് താരമായ താര സഹദേവിനെ രഞ്ജിത് കോഹ്ലി എന്ന പേരിൽ ആൾമാറാട്ടം നടത്തി പ്രണയക്കെണിയിൽ വീഴ്ത്തിയ റഖിബുൾ ഹസൻ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ സമ്മർദം ചെലുത്തുകയും പീഡിപ്പിക്കുകയുമായിരുന്നെന്നാണു കേസ്.
സാഹിത്യ നൊബേൽ സ്വന്തമാക്കി നോർവീജിയൻ എഴുത്തുകാരൻ യോൻ ഫോസെ
?️സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം സ്വന്തമാക്കി നോർവീജിയൻ എഴുത്തുകാരൻ യോൻ ഫോസെ. ഫോസെയുടെ നാടകങ്ങളും ഗദ്യങ്ങളും ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയെന്ന പരാമർശത്തോടെയാണ് അക്കാഡമി സെക്രട്ടറി മാറ്റ്സ് മാം പുരസ്കാരം പ്രഖ്യാപിച്ചത്. മനുഷ്യസഹജമായ ജിജ്ഞാസയും പരസ്പര വിരുദ്ധമായ വികാരങ്ങളുമെല്ലാം ആഴത്തിൽ അടയാളപ്പെടുത്തിയവയാണ് ഫോസ്സിന്റെ രചനകളെന്നും അക്കാഡമി പറഞ്ഞു. അറുപത്തിനാലുകാരനായ ഫോസെ1950ൽ നോർവേയിലാണ് പിറന്നത്. ഇതുവരെ 40 നാടകങ്ങൾ രചിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ നിരവധി ലേഖനങ്ങൾ, കവിതകൾ, നോവലുകൾ, ബാലസാഹിത്യം, തർജമ എന്നിവയിലും കഴിവു തെളിയിച്ചിട്ടുണ്ട്. 1983ൽ പുറത്തിറങ്ങിയ റെഡ്, ബ്ലാക്ക് എന്ന നോവലാണ് ആദ്യമായി രചിച്ചത്. ബോട്ട് ഹൗസ്, മെലങ്കളി, സെപ്റ്റോളജി എന്നീ പുസ്തകങ്ങൾ പ്രശസ്തമാണ്.
നാനോടെക്നോളജി ഗവേഷണത്തിന് രസതന്ത്ര നൊബേൽ
?️2023ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. മൗംഗി ജി. ബാവെൻസി (എംഐടി, യുഎസ്എ), ലൂയി ഇ. ബ്രസ് (കൊളംബിയ യൂണിവേഴ്സിറ്റി, യുഎസ്എ), അലക്സെയ് ഐ. എകിമോവ് (യുഎസ്എ) എന്നീ മൂന്നു പേരാണ് പുരസ്കാരത്തിന് അർഹരായത്. ഇത്തവണ പുരസ്കാര ജോതാക്കൾക്ക് ലഭിക്കുന്ന തുകയിൽ 10% വർധന വരുത്തിയിട്ടുണ്ട്. 18 കാരറ്റ് ഗോൾഡ് മെഡലും ഡിപ്ലോമ സർട്ടിഫിക്കറ്റും ഡിസംബറിൽ നടക്കുന്ന ചടങ്ങിൽ ജേതാക്കൾക്ക് സമ്മാനിക്കും.
കനേഡിയൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കാനുള്ള നിർദേശം
?️നയതന്ത്ര ഉദ്യോഗസ്ഥരുടെ വിന്യാസത്തിൽ തുല്യത വരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നു വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി. 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഈ മാസം 10നകം തിരിച്ചുവിളിക്കാൻ ക്യാനഡയോടു നിർദേശിച്ചതിനെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു ബഗ്ചി. ക്യാനഡയുടെ ഉദ്യോഗസ്ഥ അനുപാതം ഉയർന്ന തോതിലായിരുന്നു. കൂടാതെ നമ്മുടെ ആഭ്യന്തര കാര്യങ്ങൾ അവരുടെ അനാവശ്യ ഇടപെടലുകളുമുണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ടത്.
ഗൂണ്ടാ പിരിവ് നൽകാത്തതിന് റോഡ് തകർത്തു
?️ഗൂണ്ടാ പിരിവ് നൽകാത്തതിന് ഉത്തർപ്രദേശിലെ ഷാജഹാന്‍പുർ– ബദ്വാനി റോഡ് ഒരു സംഘം തകർത്തതിൽ കർശനനടപടിക്കു നിർദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡ് തകർത്തവരിൽ നിന്നു തന്നെ നഷ്ടപരിഹാരം ഈടാക്കാനാണു മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദേശമെന്നു മുതിർന്ന നേതാവു പറഞ്ഞു. നിർമാണ കമ്പനി മാനേജർ രമേഷ് സിങിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ 20 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മഹാരാഷ്ട്രയിൽ പ്രതിദിനം ഒരു വയസിൽ താഴെയുള്ള 40 കുട്ടികൾ മരിക്കുന്നതായി റിപ്പോർട്ടുകൾ
?️മഹാരാഷ്ട്രയിൽ ഓരോ ദിവസവും ഒരു വയസിൽ താഴെ പ്രായമുള്ള 40 കുട്ടികൾ മരിക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ മൂന്നിൽ ഒന്ന് ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ള കുട്ടികളാണെന്നാണ് കണക്കുകൾ. ശങ്കർ റാവു ചവാൻ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 24 കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. ശങ്കർ റാവു ചവാൻ ആശുപത്രിയിൽ മൂന്നു ദിവസം പ്രയമുള്ള 12 കുഞ്ഞുങ്ങളാണ് മരിച്ചത്. 6 കുട്ടികൾ ശ്വസകോശ സംബന്ധമായ പ്രശ്നത്താലാണെന്നാണ് റിപ്പോർട്ട്. ഛത്രപതി സംബാജിനഗറിലെ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 18 പേർ മരിച്ചു.
ഗൂഢാലോചനയുണ്ടെങ്കിൽ കണ്ടെത്തണം; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം
?️വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണി നൽകിയ ഹർജിയിലാണ് നടപടി. മരണത്തിൽ ദുരൂഹതയോ ഗൂഢാലോചനയോ ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും മൂന്നു മാസത്തിനകം സിബിഐ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് ബച്ചു കുര്യൻ ഉത്തരവിട്ടു. ബാല ഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി റദ്ദാക്കിയിട്ടുണ്ട്.
കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം
?️വെള്ളൂര്‍ കേരള പേപ്പർ പ്രൊഡകട്സ് ലിമിറ്റഡിൻ്റെ പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം. രണ്ട് പേർക്ക് പൊള്ളലേറ്റു. നിർമ്മാണ യൂണിറ്റിനുള്ളിൽ ആയിരുന്നു തീപിടിത്തം. പേപ്പര്‍ മെഷീൻ്റെ മുകള്‍ ഭാഗവും യന്ത്രസാമഗ്രികളും അസംസ്കൃത വസ്തുക്കളും നിർമ്മിച്ചുവച്ചിരുന്ന പേപ്പറുകളും പൂർണമായി കത്തിനശിച്ചു. വൈകിട്ട് ആറ് മണിയോടെയാണ് മില്ലിൽ തീപിടിത്തമുണ്ടായത്.
ബുള്ളറ്റ് ട്രെയിൻ പദ്ധതി: ആദ്യ തുരങ്കം പൂർത്തിയായി
?️രാജ്യത്തെ പ്രഥമ ബുള്ളറ്റ് ട്രെയ്ൻ പദ്ധതിക്കുള്ള തുരങ്കം ഗുജറാത്തിലെ വൽസാഡിനു സമീപം അംബർഗാവിലെ സരോലിയിൽ പൂർത്തിയായി. മുംബൈ- അഹമ്മദാബാദ് അതിവേഗ റെയ്ൽ ഇടനാഴി പദ്ധതിയിലെ ആദ്യ തുരങ്കമാണു 10 മാസത്തിനുള്ളിൽ യാഥാർഥ്യമായത്.ന്യൂ ഓസ്ട്രിയൻ ടണലിങ് മെതേഡ് അഥവാ എൻഎടിഎം അടിസ്ഥാനമാക്കിയായിരുന്നു നിർമാണമെന്നു നാഷണൽ ഹൈസ്പീഡ് റെയ്ൽ കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ).തുരങ്കവും തുരങ്ക കവാടവുമുൾപ്പെടെയാണു നിർമിച്ചത്.
ചാമ്പ്യൻസ് ബോട്ട് ലീഗ്
?️ശനിയാഴ്ച നടക്കുന്ന താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗിനുള്ള ഒരുക്കങ്ങളായി. ജില്ലാ കലക്റ്റർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം വള്ളംകളിക്കുള്ള ഒരുക്കം വിലയിരുത്തി. 9 ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. വള്ളംകളിയുടെ ഭാഗമായി കോട്ടയം വെസ്റ്റ് ക്ലബിൽ രജിസ്റ്റർ ചെയ്ത 19 ചെറുവള്ളങ്ങളുടെ മത്സരവും താഴത്തങ്ങാടിയിൽ നടക്കും.
മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളി മരിച്ചു
?️മുതലപ്പൊഴിയിൽ വീണ്ടും അപകടം. അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് (38) മരിച്ചത്. അഴിമുഖം കടക്കവേ വള്ളത്തിലിടിച്ച് പരിക്കേറ്റിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറൈൻ എൻഫോഴ്സ്മെന്റ് ആണ് വിവരം നൽകിയത്. കടലിലെ തിരയടിയിൽ പെട്ട് വള്ളത്തിലുണ്ടായിരുന്ന ഇരുമ്പ് കമ്പി തലയിലേക്ക് വീണാണ് നൗഫലിന് ഗുരുതരമായി പരുക്കേറ്റത്. മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരുന്ന പുതുക്കുറിച്ചി സ്വദേശി ഷാജഹാന്റെ ഉടമസ്ഥതയിലുള്ള വള്ളം ശക്തമായ തിരയടിയിൽപ്പെട്ട് വള്ളത്തിലുണ്ടായിരുന്ന ഇരുമ്പ് കമ്പി നൗഫലിന്റെ തലയിലേക്ക് വീഴുകയായിരുന്നു. വള്ളത്തിൽ 38 മത്സ്യതൊഴിലാളികളാണ് ഉണ്ടായിരുന്നത്.
പീഡനക്കേസ്; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം
?️വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. പെരുമ്പാവൂർ സ്വദേശിയായ ഷിയാസിനെതിരേ പടന്ന സ്വദേശിയായ ജിം പരിശീലകയാണ് പരാതി നൽകിയത്. വിവാഹ ബന്ധം വേർപ്പെടുത്തിയ യുവതിയെ 2021 മുതൽ 2023 മാർച്ച് വരെ വിവിധയിടങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.11 ലക്ഷം രൂപയോളം ഷിയാസ് തട്ടിയെടുത്തുവെന്നും മർദിച്ചുവെന്നും പരാതിയിലുണ്ട്.
ഹോട്ടല്‍ മാലിന്യം ഓടയിലേക്കൊഴുക്കിയാല്‍ കർശന നടപടി: ഹൈക്കോടതി
?️നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. മാലിന്യം ഓടയിൽ തള്ളുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടിയെടുക്കണം. മുല്ലശ്ശേരി കനാലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം തീർക്കണമെന്നും കോടതി നിർദേശിച്ചു.
”കേരളത്തിലെ സ്കൂളുകളിൽ തട്ടം ധരിക്കാം, എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പറ്റില്ല”; വി. ശിവൻകുട്ടി
?️ഓരോ മതവിഭാഗങ്ങൾക്കും അവരുടെ ആചാരം അനുസരിച്ചുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം കേരളത്തിലുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോമിനൊപ്പം മുസ്ലിം പെൺകുട്ടികൾക്ക് തട്ടം ധരിക്കാനുള്ള അനുവാദമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർദിനാൾ ടെലസ്ഫോർ ടോപ്പോ അന്തരിച്ചു
?️ഝാർഖണ്ഡിലെ റാഞ്ചി എമരിറ്റസ് ആർച്ച് ബിഷപ് കർദിനാൾ ടെലസ്ഫോർ ടോപ്പോ (84) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷം 3.45ന് റാഞ്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഔദ്യോഗിക പദവികളിൽ നിന്നു വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു ടോപ്പോ. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ഏതാനും മാസങ്ങളായി രോഗശയ്യയിലായിരുന്നു. സംസ്കാരം പിന്നീട്. രാജ്യത്ത് ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി കർദിനാൾ പദവിയിലെത്തിയ വൈദികനാണു ടോപ്പോ. ദുംക ബിഷപ്പായും റാഞ്ചി ആർച്ച് ബിഷപ്പായും പ്രവർത്തിച്ചിട്ടുണ്ട്. സിസിബിഐ, സിബിസിഐ അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്.
അതിരപ്പിള്ളിയിൽ കാർ കടയിലേക്ക് ഇടിച്ചു കയറി; 2 പേർക്ക് പരിക്ക്
?️അതിരപ്പിള്ളി വെറ്റിലപ്പാറ ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞു കയറി രണ്ടു പേർക്ക് പരിക്കേറ്റു. കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന വെറ്റിലപ്പാറ സ്വദേശികളായ കരിം (55) , പോൾ (60) എന്നിവർക്കാണ് പരിക്കേറ്റത്. അതിരപ്പിള്ളിയിലേക്ക് വന്ന വിനോദ സഞ്ചാരികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.
വിഴിഞ്ഞം: ആദ്യ ചരക്കുകപ്പൽ മുന്ദ്രയിൽ നിന്നു വെള്ളിയാഴ്ച പുറപ്പെടും
?️വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യത്തെ ചരക്കു കപ്പൽ ‘ഷെൻഹുവ 15’ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നും ഇന്ന് വിഴിഞ്ഞത്തേക്ക് തിരിക്കും. വിഴിഞ്ഞത്ത് ഇറക്കേണ്ട മൂന്നു ക്രെയിനുകളുമായി പുറപ്പെടുന്ന കപ്പൽ 11 അല്ലെങ്കിൽ 12ന് വിഴിഞ്ഞത്തിന് സമീപം എത്തിക്കും. 15ന് സർക്കാർ ഔദ്യോഗിക സ്വീകരണ പരിപാടി നിശ്ചയിച്ചിരിക്കുന്നതിനാൽ അന്നാകും വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിക്കുക.
പരാതികളിൽ കേസെടുക്കാന്‍ വൈകി; പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് സസ്പെന്ഷന്
?️പരാതികളിൽ കേസെടുക്കാന്‍ വൈകുന്നു എന്ന ആരോപണത്തെ തുടർന്ന് പാലാരിവട്ടം എസ്എച്ച്ഒ ജോസഫ് സാജന് സസ്പെന്ഷന്. യൂസ്ഡ് കാറുകൾ കച്ചവടം ചെയ്യുന്ന കൊച്ചിയിലെ സ്ഥാപനത്തിനെതിരെ പരാതി ലഭിച്ചിട്ടും കേസെടുത്തില്ലെന്ന് സാജനെതിരെ നേരത്തെ പരാതി ലഭിച്ചിരുന്നു.
ശക്തമായ മഴ ഒഴിയുന്നു; 5 ദിവസം സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത
?️സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമായതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. വരുന്ന 5 ദിവസങ്ങളിൽ കേരളത്തിൽ നേരിയ തോതിലുള്ള മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
സെൻസർ ബോർഡ് അഴിമതി: വിശാലിന്റെ ആരോപണത്തിൽ സിബിഐ അന്വേഷണം
?️മാർക് ആന്റണി എന്ന ഹിന്ദി ചിത്രത്തിന്റെ സെൻസറിങ്ങുമായി ബന്ധപ്പെട്ട് നടൻ വിശാൽ നടത്തിയ ആരോപണത്തിൽ അന്വേഷണം ആരംഭിച്ച് സിബിഐ. കേസിൽ സിബിഎഫ്സി ജീവനക്കാരെയടക്കം പ്രതികളാക്കി എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. മെർലിൻ മേനഗ, ജീജ രാംദാസ്, രാജൻ എം എന്നിവരാണ് കേസിൽ പ്രതികളായ മറ്റു മൂന്നു പേർ. മാർക് ആന്റണിയുടെ ഹിന്ദി പതിപ്പ് റിലീസിനു മുൻപായി മുംബൈയിലെ സെൻസർ ബോർഡിന്റെ ഓഫിസിലുള്ളവർക്ക് ചിത്രത്തിന്റെ നിർമാതാക്കൾ 6.5 ലക്ഷം രൂപ കൈമാറിയെന്നാണ് വിശാൽ ആരോപിച്ചിരുന്നത്.
14 കാരിയെ ഗർഭിണിയാക്കി; ബന്ധുവിന് 80 വർഷം കഠിനതടവും പിഴയും
?️തൊടുപുഴയിൽ 14കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ബന്ധുവിന് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇടുക്കി പോക്സോ കോടതി. 2020ൽ രാജക്കാട് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടക്കുന്നത്. അമ്മ വീട്ടിൽ ഇല്ലാത്ത സമയത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയതിനു പിന്നാലെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് രാജാക്കാട് പൊലീസ് ഇയാൾക്കെതിരെ കേസ് എടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് ഒരുലക്ഷം രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മിക്സഡ് ഡബിൾസ് സ്ക്വാഷിലൂടെ ഇന്ത്യയ്ക്ക് ഇരുപതാം സ്വർണം
?️ഏഷ്യൻ ഗെയിംസിന്റെ പന്ത്രണ്ടാം ദിനമായ ഇന്നലെ സ്ക്വാഷ് മിക്സഡ് ടീമിനത്തിൽ ഇന്ത്യക്ക് സ്വർണം. ഇതോടെ സ്വർണനേട്ടം ഇരുപതായി. ദീപിക പള്ളിക്കല്‍ – ഹരിന്ദര് സിങ് പാല് സഖ്യം ഫൈനലിൽ മലേഷ്യയെ തോൽപ്പിക്കുകയായിരുന്നു. അതേസമയം, ബാഡ്മിന്റണിൽ എച്ച്എസ് പ്രണോയ് മെഡൽ ഉറപ്പിച്ചു. ക്വാട്ടർ ഫൈനലിൽ മലേഷ്യയെ മൂന്ന് ഗെയിമിന് തോൽപ്പിച്ചാണ് സെമിബർത്ത് ഉറപ്പാക്കിയത്. ബാഡ്മിന്റണിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പിവി സിന്ധു ക്വാട്ടർ ഫൈനൽ മത്സരത്തിൽ ചൈനയോട് പരാജയപ്പെട്ടു. 31 വെള്ളിയും 32 വെങ്കലവും അടക്കം 82 മെഡലുകളാണ് ഇതു വരെ ഇന്ത്യ കൈക്കലാക്കിയിരിക്കുന്നത്. 100 മെഡലുകളാണ് ഇത്തവണ ഇന്ത്യ ലക്ഷ്യമിടുന്നത്.
അമ്പെയ്ത്തിൽ ഇന്ത്യക്ക് ‘ത്രിമധുരം’
?️ഏഷ്യൻ ഗെയിംസിൽ മൂന്നിനങ്ങളിൽ സ്വർണം നേടി ഇന്ത്യയുടെ അമ്പെയ്ത്ത് ടീം. ഏറ്റവും ഒടുവിൽ പുരുഷന്മാരുടെ കോംപൗണ്ട് ടീം മത്സരത്തിലാണ് ഇന്ത്യ വിജയിച്ചത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് അമ്പെയ്ത്ത് താരങ്ങൾ കാഴ്ച വച്ചത്. ഉച്ച കഴിഞ്ഞു നടന്ന മത്സരത്തിൽ ഇന്ത്യക്കു വേണ്ടി അഭിഷേക് വർമ, ഓജസ്, പ്രഥമേഷ് ജൗകർ എന്നിവരാണ് ദക്ഷിണ കൊറിയൻ താരങ്ങളെ 235-230 എന്ന സ്കോറിൽ പരാജയപ്പെടുത്തിയത്. രാവിലത്തെ മത്സരത്തിൽ ഇന്ത്യൻ വനിതാ സംഘവും സ്വർണം നേടിയിരുന്നു. ബുധനാഴ്ച നടന്ന കോംപൗണ്ട് മിക്സഡ് ടീം മത്സരത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു. മിക്സഡ് ടീമിലും, വനിതാ ടീമിലും മികച്ച പ്രകടനം കാഴ്ച വചച ജ്യോതി സുരേഖ കോംപൗണ്ട് വ്യക്തിഗത ഇനത്തിന്റെ ഫൈനലിലേക്കും അർഹത നേടിയിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണ കൊറിയയുടെ സോചീവനെയാണ് ജ്യോതി നേരിടേണ്ടത്. പുരുഷന്മാരുടെ വ്യക്തിഗത ഇനം ഫൈനലിലേക്ക് ഇന്ത്യയുടെ ഓജസും അഭിഷേക് വർമയും കൂടി അർഹത നേടിയതോടെ അമ്പെയ്ത്തിൽ ഇന്ത്യ അഞ്ച് മെഡലുകൾ ഉറപ്പിച്ചു കഴിഞ്ഞു.
ലോകകപ്പിൽ ആദ്യ ജയം ന്യൂസിലൻഡിന്
?️ലോകകപ്പ് ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തിൽ നിലവിലുള്ള ചാംപ്യൻമാരായ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനു തകർത്ത് ന്യൂസിലൻഡിന്റെ തകർപ്പൻ തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 282 റൺസാണെടുത്തത്. ന്യൂസിലൻഡ് വെറും 36.2 ഓവറിൽ വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടുകയായിരുന്നു.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5260 രൂപ
പവന് 42080 രൂപ