പാലക്കാട് ഉരുൾപ്പൊട്ടൽ; കടകളിലും വീടുകളിലും വെള്ളം കയറി
?️കനത്ത മഴയിൽ പാലക്കാട് ഉരുൾപ്പൊട്ടൽ. കാഞ്ഞിരപ്പുഴ ഡാമിന് മുകൾഭാഗത്തെ പാണ്ടന്‍മലയിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. പാലക്കയം ഭാഗങ്ങളിലെ കടകളിലും വീടുകളിലും വെള്ളം കയറി. വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. പുഴയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. ഊരുകളിൽ ആളുകൾ ഒറ്റപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിൽ ഫയർ ഫോഴ്സ് തെരച്ചിൽ നടത്തി. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിന്റെ 3 ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുകയാണ് .ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ല കളക്ടർ അറിയിച്ചു.
ഖാലിസ്ഥാൻ നേതാവിന്റെ കൊലപാതകം: ഇന്ത്യൻ പങ്കിന് തെളിവുണ്ടെന്ന് കാനഡ
?️ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികളുടെ പങ്കുണ്ടെന്ന് അവകാശപ്പെട്ട് കാനഡ. രാജ്യാന്തര രഹസ്യാന്വേഷണ ഏജൻസിയാണ് ഈ വിവരം കൈമാറിയതെന്നും കാനഡ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായുണ്ടായ ആശയവിനിമയത്തിന്റെ തെളിവ് തങ്ങളുടെ പക്കൽ ഉണ്ടെന്നും രഹസ്യാന്വേഷണ കൂട്ടായ്മയായ ഫൈവ് ഐസിൽ നിന്ന് നേരിട്ടും അല്ലാതെയുമാണ് തെളിവു ശേഖരിച്ചതെന്നും കാനഡ പറയുന്നു.
ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി
?️ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരേ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിനാല്‍ കാര്യമായ തോതില്‍ കേസുകള്‍ വര്‍ധിച്ചിട്ടില്ല. മഴ തുടരുന്നതിനാല്‍ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉള്‍പ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയില്‍ തുടരേണ്ടതു രോഗനിയന്ത്രണത്തിന് അനിവാര്യമാണെന്നു മന്ത്രി പറഞ്ഞു.
കൊച്ചി മെട്രൊ പ്രവർത്തന ലാഭത്തിൽ
?️കൊച്ചി മെട്രൊ പ്രവർത്തന ലാഭത്തിൽ. 2022-23 സാമ്പത്തിക വർഷത്തിൽ മെട്രൊയുടെ വരുമാനത്തിൽ 145 ശതമാനം വർധനയാണ് ഉണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊച്ചി മെട്രൊയുടെ പ്രവർത്തന വരുമാനം 2020-21 വർഷത്തിലെ 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടി രൂപയായി ഉയർന്നു. യാത്രക്കാരുടെ എണ്ണത്തിൽ വന്ന വർധനവാണ് ഇതിനു കാരണം.
നോർക്ക റൂട്ട്സിന് വീണ്ടും ദേശീയാംഗീകാരം
?️പ്രവാസി പുനരധിവാസ, ക്ഷേമ പദ്ധതികൾ നടപ്പാക്കിവരുന്ന നോർക്ക റൂട്ട്സിന് വീണ്ടും ദേശീയാംഗീകാരം. ഡൽഹിയിലെ ഡോ. ബി ആർ അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ് പുരസ്കാരം. നോർക്ക റൂട്ട്സ് കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ നേതൃമികവിനാണ് പുരസ്കാരം. പ്രവാസിക്ഷേമ പദ്ധതികൾ പരിഗണിച്ച് മേയിൽ സ്കോച്ച് അവാർഡ് നോർക്ക റൂട്ട്സിനു ലഭിച്ചിരുന്നു. പ്രവാസിക്ഷേമത്തിൽ മികവാർന്ന ഏഴു വർഷമാണ് പിണറായി വിജയൻ സർക്കാർ പിന്നിട്ടതെന്ന് പി ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു.
പുതിയ നിപാ കേസുകളില്ല!
?️പുതിയ നിപാ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വെള്ളിയാഴ്ച രാവിലെ ലഭിച്ച 7 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി കമൽഹാസന്
?️2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി കമൽഹാസന്. കോയമ്പത്തൂർ മണ്ഡലത്തിൽ നിന്നാകും മത്സരിക്കുക. വെള്ളിയാഴ്ച നടന്ന മക്കൾ നീതി മയ്യം യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം. രാഷ്ട്രീയ പോരാട്ടത്തിൽ നിന്ന് നേതാക്കൾ വിട്ടു നിൽക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് കോയമ്പത്തൂരിൽ മത്സരിക്കാനുള്ള പദ്ധതി കമൽഹാസന് വെളിപ്പെടുത്തുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എംഎന്‍എം വിജയക്കൊടി പാറിക്കുമെന്നും കോയമ്പത്തൂരിൽ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും കമൽഹാസന് യോഗത്തിൽ പറഞ്ഞു.
ജമ്മുകാശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു
?️തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തില്‍ ജമ്മുകാശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. ഷെയ്ഖ് ആദില്‍ മുഷ്താഖിനെതിരെയാണ് നടപടിയെടുത്തത്. ശ്രീനഗറിലെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുസാമില്‍ സഹൂര്‍ എന്ന ഭീകരനെ പൊലീസ് ജൂലൈയില്‍ പിടികൂടിയിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് ആദില്‍ മുഷ്താഖുമായുള്ള ബന്ധം പുറത്തായത്. ഒരു ഭീകരനെ സഹായിച്ചെന്നും പൊലീസുകാരനെ കള്ളക്കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചെന്നുമാണ് ഷെയ്ഖ് ആദില്‍ മുഷ്താഖിനെതിരെയുള്ള ആരോപണം. ഈ ഉദ്യോഗസ്ഥന് അഴിമതിയാരോപണവും നേരിടുന്നുണ്ട്.
കുടുംബാംഗങ്ങൾക്കു മുന്നിൽ വച്ച് കൂട്ടബലാത്സംഗം
?️ഹരിയാനയിൽ മൂന്ന് സ്ത്രീകളെ കുടുംബാംഗങ്ങൾക്ക് മുന്നിൽ വച്ച് കൂട്ടബലാത്സംഗത്തിനിരകളാക്കിയതായി പരാതി. പാതിരാത്രിയിൽ ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറിയ നാലു പേർ എല്ലാവരെയും കയർ ഉപയോഗിച്ച് കെട്ടിയിട്ടു. പിന്നീട് ഭർത്താക്കന്മാരുടെയും കുട്ടികളുടെയും മുന്നിൽ വച്ചാണ് സ്ത്രീകളെ ബലാത്സംഗം ചെയ്തത്. 24,25,35 വയസ്സ് പ്രായമുള്ള സ്ത്രീകളാണ് ക്രൂരതയ്ക്ക് ഇരകളായത്.
പാറശാലയിൽ വിദ്യാർഥിയുടെ കൈ തല്ലിയൊടിച്ച് സഹ വിദ്യാർഥികൾ
?️പാറശാലയിൽ സ്കൂൾ വിദ്യാർഥിയുടെ കൈ സഹ വിദ്യാർഥികൾ തല്ലിയൊടിച്ചതായി പരാതി. പാറശാല ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ കൃഷ്ണകുമാറിന്റെ കൈയാണ് ആക്രമണത്തിൽ ഒടിഞ്ഞത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. സ്കൂളിലെ രണ്ട് വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നത്തിൽ ക്ലാസ് ലീഡർ എന്ന നിലയിൽ കൃഷ്ണകുമാർ ഇടപെട്ടിരുന്നു.
വീട്ടില്‍ കയറി അതിഥി തൊഴിലാളിയുടെ പരാക്രമം
?️നീലേശ്വരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി അതിഥി തൊഴിലാളിയുടെ പരാക്രമം.വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. നീലേശ്വരം സ്വദേശി ഗോപകുമാര്‍ കോറോത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് കര്‍ണാടക സ്വദേശിയായ യുവാവ് അക്രമം നടത്തിയത്.ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുള്ളതായി സംശയിക്കുന്നു. വീടിന്റെ പുറകുവശത്തുകൂടിയാണ് ഇയാള്‍ വീടിനകത്തേക്ക് കയറിയത്. ഈ സമയത്ത് അടുക്കളയില്‍ ഗോപകുമാറിന്റെ ഭാര്യ രാഖിയും വീട്ടുജോലിക്കെത്തിയ സ്ത്രീയുമുണ്ടായിരുന്നു. പിന്നീട് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് അക്രമി വീട്ടുകാര്‍ക്ക് നേരെ വീശിയതോടെ ഇവര്‍ മുറിയില്‍ കയറി വാതിലടച്ചു.
ചന്ദ്രയാന്‍ 3: ‘ഉണർത്തുന്ന’ ദൗത്യം മാറ്റി
?️ചാന്ദ്രരാത്രിയെത്തുടർന്ന് “ഉറക്കത്തിലായ’ ചന്ദ്രയാൻ 3 ദൗത്യത്തിലെ ലാൻഡറിനെയും റോവറിനെയും ഉണർത്തുന്നത് ശനിയാഴ്ചയിലേക്ക് മാറ്റി. ഇസ്രൊയുടെ സ്പെയ്സ് ആപ്ലിക്കേഷൻ സെന്റർ ഡയറക്റ്റർ നീലേഷ് ദേശായിയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച പ്രവർത്തനസജ്ജമാക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, ചില കാരണങ്ങളാൽ അതു മാറ്റിവയ്ക്കുകയാണെന്നും അദ്ദേഹം.
എയർടെല്ലിനെതിരേ നടപടിയുമായി മണിപ്പൂർ സർക്കാർ
?️നിരോധനം പ്രാബല്യത്തിലിരിക്കേ ഇന്റർനെറ്റ് ലഭ്യമാക്കിയ സ്വകാര്യ ടെലികോം കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി മണിപ്പൂർ സർക്കാർ. ഇപ്പോഴും ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന ബിഷ്ണുപുർ, ചുരാചന്ദ്പുർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ സെപ്റ്റംബർ 20ന് ഇന്റർനെറ്റ് ലഭ്യമായി എന്നു കണ്ടെത്തിയതിനെത്തുടർന്നാണ് എയർടെല്ലിനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.
പറക്കുന്ന വിമാനത്തിന്റെ വാതിൽ തുറന്ന് ചാടാൻ ശ്രമം
?️പറക്കുന്ന വിമാനത്തിന്റെ വാതിൽ തുറന്ന് ചാടാൻ ശ്രമിച്ച് ത്രിപുര സ്വദേശി അറസ്റ്റിൽ. ഗ്വാഹട്ടി- അഗർത്തല ഇൻഡിഗോ ഫ്ലൈറ്റിലാണ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ സംഭവം അരങ്ങേറിയത്. പശ്ചിമ ത്രിപുരയിലെ ജിരാണിയയിൽ നിന്നുള്ള ബിശ്വജിത് ദേബത്താണ് അറസ്റ്റിലായത്. 41 കാരനായ ഇയാൾ വിഷാദരോഗിയാണെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.
തൃശൂർ ‘എടുക്കാനിരിക്കേ’ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നിയമനം; ഏറ്റെടുക്കാൻ മടിച്ച് സുരേഷ് ഗോപി
?️സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ മടിച്ച് സുരേഷ് ഗോപി. ബിജെപിയുടെ കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയതിനു ശേഷം മാത്രമേ സ്ഥാനം ഏറ്റെടുക്കൂ എന്നാണ് സുരേഷ്ഗോപിയുടെ നിലപാട്. തന്നോട് ആലോചിക്കാതെ അധ്യക്ഷ സ്ഥാനം നൽകിയതിൽ സുരേഷ് ഗോപി അതൃപ്തനാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിക്കാൻ ഒരുങ്ങുന്നതിനിടെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം നൽകിയത് ഒതുക്കാനുള്ള ശ്രമമാണോ എന്ന ആശങ്കയും ശക്തമാണ്. കേന്ദ്ര നേതാക്കളോട് തന്റെ അഭിപ്രായം അറിയിക്കാനാണ് സുരേഷ് ഗോപിയുടെ നീക്കം. എന്നാൽ സുരേഷ് ഗോപിയെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമിച്ചതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബിജെപിയുടെ സംസ്ഥാന നേതാക്കൾ പറയുന്നു.
നിപ: 7 സാമ്പിളുകൾ കൂടി നെഗറ്റീവ്
?️സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. നിപ പരിശോധനയ്ക്ക് അയച്ച 7 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സമ്പർക്കപ്പട്ടികയിലുള്ള 980 പേരാണ് ഇനി ഐസൊലേഷനിലുള്ളത്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചതെന്നും 6 പേരുടെ പരിശോധനാ ഫലം കൂടി വരാനുണ്ടെന്നും മന്ത്രി അറിയിച്ചു. നിപ വൈറസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 9 വയസുകാരന്റെ നില കൂടുതൽ മെച്ചപ്പെട്ടതായും ചികിത്സയിലുള്ള മറ്റുള്ളവരുടെ നില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മന്ത്രിക്കെതിരേ അയിത്താചരണം നടത്തിയ പൂജാരിയെ പിരിച്ചു വിടണമെന്ന് സ്വാമി സച്ചിദാനന്ദ
?️ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെതിരേ ക്ഷേത്രത്തിലുണ്ടായ സംഭവം കേരളത്തിന് അപമാനമെന്ന ശ്രീനാരായണ ധർമ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. അയിത്താചരണം നടത്തിയ പൂജാരിയെ ക്ഷേത്രത്തിൽ നിന്ന് പിരിച്ചു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശിവഗിരിയിൽ ശ്രീനാരായണ ഗുരു സമാധിദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ഭ്രാന്താലയമായി നില നിർത്താൻ ചില ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
?️തെക്ക് കിഴക്കൻ ജാർഖണ്ഡിനു മുകളിൽ ന്യൂന മർദം സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ/ഇടത്തരം മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോമോറിൻ മേഖലക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും മഴയ്ക്കു കാരണമാകും. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും, മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കെ എം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യം!
?️ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നടത്തിയിട്ടുള്ള പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പിന്തിരിപ്പൻ രാഷ്ട്രീയത്തിന്റെ ജീർണ്ണത വെളിവാക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. സ്ത്രീകൾ ഉന്നത പദവികൾ വഹിക്കുന്നതും, രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വത്തിലേക്ക് വരുന്നതും അംഗീകരിക്കാൻ കഴിയാത്ത മാനസികാവസ്ഥയുള്ള വ്യക്തിയാണ് കെ എം ഷാജി. പുരോഗമന രാഷ്ട്രീയത്തിന് എതിരായും, വർഗീയമായും മാത്രം സംസാരിക്കുന്ന
കെഎം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യമാണെന്ന് ഈ പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഷാജിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരണമെന്നുംഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.
വോട്ടർപ്പട്ടികയിൽ
പേര് ചേർക്കാന്‍
ആധാർ നിർബന്ധമല്ല
?️പുതിയ വോട്ടർമാർക്ക് വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിന് ആധാർ നമ്പർ നിർബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു. വോട്ടർപ്പട്ടികയിൽ പേര് ചേർക്കാനുള്ള 6, 6ബി ഫോമുകളിൽ ഇക്കാര്യം വിശദീകരിച്ചുള്ള മാറ്റം വരുത്തുമെന്നും ഉറപ്പുനൽകി.
പുതിയ വോട്ടർമാർക്കുള്ള ഫോറം 6, വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ ആധാർനമ്പർ നൽകാനുള്ള ഫോറം 6ബി തുടങ്ങിയവ ചോദ്യം ചെയ്തുള്ള ഹർജകളിലാണ് കമീഷൻ നിലപാട് അറിയിച്ചത്.
പ്രഭാത നടത്തത്തിനിറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു
?️പ്രഭാത നടത്തത്തിനിറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. നായത്തോട് വട്ടപ്പറമ്പന്‍ ചുമ്മാര്‍ മകന് ബിജുവാണ് അപകട
ത്തില്‍ മരിച്ചത്. നായത്തോട് എകെജി ഗ്രൗണ്ടിന് സമീപമാണ് അപകടമുണ്ടായത്. നായത്തോട് സൗത്ത് ജംഗ്ഷനില്‍ ഓട്ടോ ഡ്രൈ
വറാണ്.
മധു വധക്കേസ്: സങ്കടഹർജി സമർപ്പിച്ച് മധുവിന്റെ അമ്മ
?️മധു വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതിനെതിരേ മധുവിന്റെ അമ്മ മല്ലിയമ്മ സങ്കട ഹർജി സമർപ്പിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടറായി കെ.പി. സതീശനെ നിയമിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം പുനഃപരിശോധിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ഹർജി.
വീണ്ടും ന്യൂനമർദം രൂപപ്പെടുന്നു
?️ബംഗാൾ ഉൾക്കടലിനു മുകളിൽ വീണ്ടും ന്യൂനമർദം രൂപപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പു നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 28 ഓടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സമീപത്തായി രൂപപ്പെടുന്ന ന്യൂനമർദം പിന്നീട് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഇതിനാൽ തന്നെ കേരളത്തിൽ വരും ദിവസങ്ങളിൽ സജീവമായ മഴക്ക് സാധ്യതയുള്ളതായി കണക്കുകൂട്ടുന്നു.
യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം
?️ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം. ട്രെയിനിൽ പൊലീസുകാരിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മറ്റു രണ്ട് പ്രതികൾക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പുരാ കലാന്ദറിലുണ്ടായ ഏറ്റുമുട്ടലിൽ ആക്രമണക്കേസിലെ പ്രതികളായ അനീഷ്, ആസാദ്, വിശംഭർ ദയാൽ ദുബേ എന്നിവർക്ക് പരിക്കേറ്റതായും മുഖ്യപ്രതിയായ അനീഷ് മരണപ്പെട്ടതായും സ്പെഷ്യൽ ഡിജി പ്രശാന്ത് കുമാർ വ്യക്തമാക്കി.
ഏഷ്യൻ ഗെയിംസ്: അരുണാചൽ താരങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ചൈന, പ്രതിഷേധിച്ച് ഇന്ത്യ
?️ ഏഷ്യൻ ഗെയിംസിൽ അരുണാചലിൽ നിന്നുള്ള ചില താരങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ചൈന. ചൈനീസ് നടപടിയിൽ പ്രതിഷേധിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ചൈനീസ് സന്ദർശനം റദ്ദാക്കി. വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അരുണാചലിൽ നിന്നുള്ള നെയ്മൻ വാങ്സു, ഒനിലു ടേഗ, മെപുങ് ലാംഗു എന്നീ മൂന്നു വനിതാ വുഷു കായികതാരങ്ങൾക്കാണ് ചൈന പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഇവർക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള അനുമതി ഏഷ്യൻ ഗെയിംസ് സംഘാടക സമിതിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാൽ ചൈനയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിസ പോലെ കണക്കാക്കുന്ന അക്രഡിറ്റേഷൻ കാർഡുകൾ ലഭിച്ചിട്ടില്ല. 10 വുഷു താരങ്ങളും പരിശീലനകനും അടങ്ങുന്ന സംഘം ചൈനയിലേക്കു തിരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5485 രൂപ
പവന് 43880 രൂപ