ഹമാസ് ബന്ദികളാക്കിയ 250 ഓളം പേരെ ഇസ്രയേൽ രക്ഷപ്പെടുത്തി
?️ഹമാസ് ബന്ദികളാക്കിയ 250 ഓളം പേരെ രക്ഷപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം. ഇവരെ രക്ഷിക്കുന്ന ദൃശ്യങ്ങൾ സൈന്യം എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. ഇസ്രയേൽ സൈന്യത്തിന്‍റെ ‘ഷായെറ്റെറ്റ് 13’ യൂണിറ്റാണ് സൂഫ ഔട്ട്‌പോസ്റ്റിലേക്ക് ഇരച്ചുകയറി ബന്ദികളെ രക്ഷപ്പെടുത്തിയത്. ഇതിനിടെ 60 ഓളം ഹമാസുകാരെ വധിച്ചതായും 26 പേരെ പിടികൂടിയെന്നും ഐഡിഎഫ് അറിയിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്ത് കണ്ടുകെട്ടി
?️കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 117 വസ്തുവകകള്‍ കണ്ടുകെട്ടിയതിൽ ഉള്‍പ്പെടും. 11 വാഹനങ്ങൾ, 92 ബാങ്ക് അക്കൗണ്ടുകളിലെ സ്ഥിരനിക്ഷേപങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയത്. ഇതുവരെ 87.75 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയതെന്നും ഇഡി വ്യക്തമാക്കുന്നു. സ്വത്തുക്കൾ വിറ്റഴിച്ച ശേഷം തുക തട്ടിപ്പിന് ഇരയായ നിക്ഷേപകർക്ക് ബാങ്ക് വഴി പണം തിരികെ നൽകാനാണ് ഇഡിയുടെ തീരുമാനം. പി സതീഷ് കുമാർ, പി പി കിരൺ, പി ആർ അരവിന്ദാക്ഷൻ, സി കെ ജിൽസ് എന്നിവരാണ് കേസിൽ ഇതുവരെ ഇഡി അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കരുവന്നൂര്‍ ബാങ്കിലെ 10 വര്‍ഷത്തെ ഓഡിറ്റിങ് രേഖകളും ഓഡിറ്റര്‍മാരുടെ വിവരങ്ങളും ഇഡിക്ക് കൈമാറിയിരുന്നു. ഇതിന് പുറമെ കൂടുതല്‍ വ്യക്തതയ്ക്കായി കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു.
ന്യൂസ് ക്ലിക്കിന് തിരിച്ചടി
?️ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിൽ അറസ്റ്റ് ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. അറസ്റ്റിനെ ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയും എച്ച്.ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. അന്വേഷണം തുടരുകയാണെന്നും തെളിവുകൾ ശേഖരിച്ചു വരികയാണെന്ന ഡൽഹി പൊലീസിന്‍റെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. സിബിഐ കേസ് ഏറ്റെടുത്ത കാര്യവും ഡൽഹി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
ലോകത്ത് എവിടെയായാലും ഭീകരവാദം മാനവികതയ്ക്ക് എതിര്: നരേന്ദ്ര മോദി
?️ലോകത്ത് എവിടെയായാലും ഭീകരവാദം മനുഷ്യത്വത്തിന് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരത ഉന്മൂലനം ചെയ്യണമെന്നും ഭീകരതയ്ക്കെതിരേ ലോകം ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ജി 20 സ്പീക്കർമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിവിധ രാജ്യങ്ങളിലെ പാർലമെന്‍ററി സ്പീക്കർമാരാണ് ജി-20 ഉച്ചകോടിയിൽ സന്നിഹിതരായിട്ടുള്ളത്.
പ്രതി ഗ്രീഷ്മയുടെ ഹർജി സുപ്രീം കോടതി തള്ളി
?️കഷായത്തിൽ വിഷം കൊടുത്ത് കാമുകനെ കൊന്ന കേസിലെ പ്രതി ഗ്രീഷ്മയുടെ ഹർജി സുപ്രീം കോടതി തള്ളി. കേസിന്‍റെ വിചാരണ നെയ്യാറ്റിൻകരയിൽ നിന്നു നാഗർകോവിലിലേക്കു മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. കുറ്റകൃത്യം നടന്ന സ്ഥലം തമിഴ്നാട്ടിലായതിനാൽ വിചാരണ മാറ്റണം എന്നായിരുന്നു ഗ്രീഷ്മയുടെ വാദം. കുറ്റപത്രം സ്വീകരിച്ചതിനെതിരേ വിചാരണ കോടതിയെ വീണ്ടും സമീപിക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണു ട്രാൻസ്ഫർ ഹർജിയിൽ ഇടപെടുന്നില്ലെന്നു വ്യക്തമാക്കി സുപ്രീംകോടതി ഹര്‍ജി തള്ളിയത്.
ഇസ്രയേലിൽ നിന്ന് 212 പേരുമായി ആദ്യ വിമാനം ഡൽഹിയിലെത്തി
?️ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി. ഓപ്പറേഷൻ അജയ് എന്ന് പേര് നൽകിയ ദൗത്യത്തിൽ 212 പേരെയാണ് തിരിച്ച് നാട്ടിലെത്തിച്ചത്. ഇതിൽ 9 മലയാളികളും ഉണ്ട്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നേരിട്ടെത്തി ഇസ്രയേലിൽ നിന്നെത്തിയവരെ സ്വീകരിച്ചു. ഇസ്രയേലിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; 6 ജില്ലാ കലക്‌ടർമാരെ മാറ്റി
?️സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 6 ജില്ലകളിലെ കലക്‌ടർമാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് മാറ്റം. പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡിയായി നിയമിച്ചു. എ. ഷിബുവാണ് പുതിയ പത്തനംതിട്ട കലക്ടര്‍. ആലപ്പുഴ കലക്ടര്‍ ഹരിത വി. കുമാറിനെ മൈനിംഗ് ആന്‍റ് ജിയോളജി ഡയറക്ടര്‍ ആയി നിയമിച്ചു. ജോണ്‍ വി സാമുവല്‍ ആണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടര്‍. മലപ്പുറം ജില്ലാ കലക്ടറായ വി.ആര്‍. പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. വി.ആര്‍. വിനോദ് ആണ് മലപ്പുറത്തിന്‍റെ പുതിയ കലക്ടര്‍. കൊല്ലം കലക്ടര്‍ അഫ്‌സാന പര്‍വീണിനെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ആയി നിയമിച്ചു. എല്‍. ദേവിദാസ് ആണ് കൊല്ലത്തെ പുതിയ കലക്ടര്‍. സ്‌നേഹജ് കുമാറിനെ കോഴിക്കോട് കലക്ടറായും, അരുണ്‍ കെ വിജയനെ കണ്ണൂര്‍ കലക്ടറായും നിയമിച്ചു.
സുരേഷ് ഗോപിക്കെതിരായ കേസ്: സിപിഎമ്മിൽ ആശങ്ക
?️സഹകരണ ബാങ്കുകളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പദയാത്രയുടെ പേരിൽ സുരേഷ് ഗോപി അടക്കമുള്ളവർക്കെതിരേ കേസെടുത്തതിനെച്ചൊല്ലി സിപിഎമ്മിൽ ആശങ്ക. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി തന്നെയാകും തൃശൂരിൽനിന്നുള്ള ബിജെപി സ്ഥാനാർഥി എന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിനു വീര പരിവേഷം നൽകാൻ മാത്രമേ പൊലീസ് നടപടി ഉപകരിക്കൂ എന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം പ്രവർത്തകരും ചില ഇടതുപക്ഷ അനുഭാവികളും കരുതുന്നത്. കേസെടുത്തതിനെതിരേ നവമാധ്യമങ്ങളിലടക്കം കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. കോണ്‍ഗ്രസിലെയും ബിജെപിയിലെയും അഞ്ഞൂറോളം പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. പദയാത്ര നടത്തി ഗതാഗതതടസം സൃഷ്ടിച്ചെന്നാണ് കേസ്. സെപ്റ്റംബർ 29ന് ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂര്‍, ടി.എന്‍. പ്രതാപന്‍ എംപി എന്നിവരുടെ നേതൃത്വത്തിലും, ഒക്ടോബര്‍ രണ്ടിന് സുരേഷ് ഗോപിയുടെ നേതൃത്വത്തിലുമാണ് കരുവന്നൂരിൽനിന്ന് പദയാത്രകൾ സംഘടിപ്പിച്ചത്.
കോട്ടയത്ത് പെട്രോൾ പമ്പിൽ മോഷണം; 1.5 ലക്ഷം രൂപയുമായി അന്യസംസ്ഥാന തൊഴിലാളി കടന്നു
?️ഗാന്ധിനഗറിലുള്ള പെട്രോൾ പമ്പിൽ മോഷണം. ഒന്നരലക്ഷം രൂപയുമായി അന്യ സംസ്ഥാന തൊഴിലാളിയായ ജീവനക്കാരൻ കടന്നു. ഗാന്ധിനഗർ – മെഡിക്കൽ കോളെജ് റോഡിലുള്ള പി.എം ചെറിയാൻ കമ്പനിയുടെ ഐഒസി പമ്പിലാണ് കവർച്ച നടന്നത്. പശ്ചിമ ബംഗാൾ സ്വദേശിയായ പമ്പിലെ ജീവനക്കാരൻ റാഷിദുൾ ഇസ്ലാം ആണ് ഓഫീസിലെ ലോക്കറിന്‍റെ താക്കോൽ മോഷ്ടിച്ച് ഇതിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയുമായി കടന്നു കളഞ്ഞത്. ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിഴിഞ്ഞത്ത് കട്ട മരത്തൊഴിലാളികളുടെ നഷ്ടപരിഹാരത്തുക കൂട്ടി സർക്കാർ ഉത്തരവ്
?️ലത്തീൻ സഭയെ അനുനയിപ്പിക്കുക എന്ന നീക്കത്തോടെ വിഴിഞ്ഞത്ത് ജോലി നഷ്ടപ്പെട്ട കട്ട മരത്തൊഴിലാളികളുടെ നഷ്ടപരിഹാര തുക കൂട്ടി സർക്കാർ ഉത്തരവിറക്കി. ഇതിനായി 2.22 കോടി രൂപ അനുവദിച്ചു. ഇതനുസരിച്ച് ഒരാൾക്ക് 4.20 ലക്ഷം രൂപ ലഭിക്കും. ആകെ 53 തൊഴിലാളികൾക്കാണ് ഈ തുക ലഭിക്കുക. നേരത്തെ 82,440 രൂപ വീതം നഷ്ടപരിഹാരമായി നൽകുമെന്നാണ് സർക്കാർ അറിയിച്ചത്. അതിനിടെ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ലത്തീൻ അതിരൂപത രംഗത്തെത്തി. വിഴിഞ്ഞത്ത് നടക്കുന്നത് കണ്ണിൽ പൊടിയിടലാണെന്നും പൂർത്തിയായത് 60% പണി മാത്രമാണെന്നും ലത്തീൻ അതിരൂപതാ വികാരി ജനറൽ ഫാദർ യൂജിൻ പെരേര ആരോപിച്ചു. ക്രെയിൻ വരുന്നതിന്റെ ആഘോഷം ജനത്തെ പറ്റിക്കാനാണെന്നും സ്വീകരണം ക്ഷണിച്ചാൽ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഓപ്പറേഷന്‍ അജയ്’; 16 മലയാളികൾ കൂടി ഇന്ന് എത്തും
?️ഇസ്രായേലിൽ കുടുങ്ങിയ 16 മലയാളികൾ കൂടി ഇന്ന് തിരികെ എത്തും. ‘ഓപ്പറേഷന്‍ അജയുടെ’ ഭാഗമായി ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. കേരളത്തിലേക്ക് തിരിച്ചെത്താന്‍ താൽപര്യമറിയിച്ച് കേരള ഹൗസിൽ ഇരുപതോളം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നെരിപ്പോടെരിയുന്ന ഓർമകളുമായി യുദ്ധഭൂമിയിൽ നിന്ന് അവർ കൊച്ചിയിലെത്തി
?️യുദ്ധഭൂമിയുടെ കാലുഷ്യത്തിൽനിന്ന് ജന്മനാടിന്‍റെ സമാശ്വാസത്തിലേക്ക് അവർ തിരിച്ചെത്തി. ഇസ്രയേലില്‍ നിന്നുള്ള അഞ്ച് മലയാളികളാണ് ഓപ്പറേഷൻ അജയ് രക്ഷാദൗത്യത്തിന്‍റെ ഭാഗമായി കൊച്ചിയിൽ വിമാനമിറങ്ങിയത്. പാലക്കാട്, കൊല്ലം, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവർ ആദ്യം ഡൽഹിയിലേക്കും, അവിടെനിന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെഎഐ 831 നമ്പര്‍ വിമാനത്തില്‍ കൊച്ചിയിലേക്കും.
കോൺഗ്രസ് പ്രവർത്തകൻ സൗദി ജയിലിൽ കഴിഞ്ഞത് 8 മാസം
?️മക്കയിലെ ഹറാം പള്ളിക്കു മുന്നിൽ “ഭാരത് ജോഡോ യാത്ര’യുടെ പോസ്റ്റർ ഉയർത്തിക്കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകന് സൗദി അറേബ്യൻ ജയിലിൽ എട്ടു മാസത്തെ ക്രൂര പീഡനത്തിനും കഠിനതടവിനും ശേഷം മോചനം. മധ്യപ്രദേശിലെ ഝാൻസി സ്വദേശിയും നിവാരിയിലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ റാസ ഖദ്രി (27)യാണ് കഴിഞ്ഞ നാലിനു തിരികെ നാട്ടിലെത്തിയത്. തടവിനൊപ്പം 99 ചാട്ടവാറടിക്കും വിധേയനായി യുവാവ്. കഴിഞ്ഞ ജനുവരിയിൽ മുത്തശി ഷഹീദ ബീഗം ഉൾപ്പെടെ 72 പേരുടെ സംഘത്തിനൊപ്പം ഹജ്ജ് തീർഥാടനത്തിനു പോയപ്പോഴാണ് ഖദ്രി കുരുക്കിലായത്. തീർഥാടനത്തിനുശേഷം പള്ളിക്കുമുന്നിൽ ഭാരത് ജോഡോ യാത്രയുടെ പോസ്റ്റർ പിടിച്ച് നിൽക്കുന്ന ചിത്രം ഖദ്രി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇതോടെ, സൗദി പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്നാണ് ചാട്ടവാറടി നൽകിയത്.
ഹരിത കർമ സേനയിലെ സ്ത്രീകൾക്കു നേരെ നഗ്നത പ്രദർശനം: മുൻ സൈനികനെതിരെ പരാതി
?️ മാവേലിക്കരയിൽ വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേനാംഗങ്ങൾക്ക് നേരെ നഗ്നത പ്രദർശനം നടത്തി മുൻ സൈനികൻ. തഴക്കര സ്വദേശി സാം തോമസാണ് നഗ്നത പ്രദർശനം നടത്തി സ്ത്രീകളോട് മോശമായി പെരുമാറിയത്. തഴക്കരകുന്നം അഞ്ചാം വാര്‍ഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേനയിലെ സ്ത്രീകൾക്ക് നേരെ സാം തോമസ് കൈയേറ്റത്തിന് ശ്രമിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്യുകയായിരുന്നു. ഇയാൾ ഭീഷണി മുഴക്കുന്നതിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പരാതിയെ തുടർന്ന് മാവേലിക്കര പൊലീസ് പ്രതിയെ പിടികൂടി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ആചാരലംഘനം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രായശ്ചിത്തം
?️ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആചാരലംഘനം നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് പ്രായശ്ചിത കർമങ്ങൾ നടത്താൻ തീരുമാനം. ഉത്തരേന്ത്യക്കാരായ ദമ്പതികൾക്കൊപ്പം മണക്കാട് അട്ടക്കുളങ്ങര സ്വദേശിനിയായ അഹിന്ദു ക്ഷേത്രത്തിൽ പ്രവേശിച്ചതാണ് ആചാരലംഘനമായി കണക്കാക്കുന്നത്. പ്രായശ്ചിത്തകർമങ്ങൾ നടത്തുന്നതു കൂടാതെ, ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിനു മുന്നോടിയായി ആരംഭിച്ച കർമങ്ങൾ ആവർത്തിക്കാനും തന്ത്രി നിർദേശിച്ചിട്ടുണ്ട്. കൊടിയേറ്റിനു മുന്നോടിയായി നടത്തുന്ന ദ്രവ്യകലശം, മണ്ണുനീർ കോരൽ എന്നിവ ഉൾപ്പെടെയുള്ള ക്ഷേത്രച്ചടങ്ങുകൾ വീണ്ടും നടത്താനാണ് തന്ത്രിയുടെ നിർദേശം. ഇതിന്‍റെ ഭാഗമായുള്ള പ്രായശ്ചിത്ത ചടങ്ങുകൾ ഉൾപ്പെടെയുള്ളവ ക്ഷേത്രത്തിൽ ആരംഭിച്ചു.
വിഴിഞ്ഞം പദ്ധതിക്ക് ഉമ്മൻചാണ്ടിയുടെ പേരിടണം: കെ. സുധാകരൻ
?️വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടണം എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പദ്ധതി അട്ടിമറിക്കാൻ നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടും തുറമുഖം യാഥാർത്ഥ്യമായതിന് പിന്നിൽ ഉമ്മൻചാണ്ടിയാണെന്ന് സുധാകരൻ പറഞ്ഞു.കേരളത്തിന്റെ വികസന സ്തംഭമായി മാറേണ്ട വിഴിഞ്ഞം തുറമുഖ പദ്ധതി നാലുവർഷം വൈകിപ്പിച്ച് പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാൻ മുഖ്യമന്ത്രി പ്രചാരണം അഴിച്ചുവിട്ടത് അല്പത്തരമാണ്. 5550 കോടി രൂപയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും അന്വേഷണ കമ്മീഷനെ നിയോഗിച്ചും മനുഷ്യ ചങ്ങല തീർത്തും പദ്ധതി അട്ടിമറിക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാതെ പോയത് ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എസ്. സച്ചിദാനന്ദമൂര്‍ത്തി അന്തരിച്ചു
?️മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ എസ് സച്ചിദാനന്ദമൂര്‍ത്തി(66) അന്തരിച്ചു. അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം വെന്‍റിലേറ്ററില്‍ കഴിയുകയായിരുന്നു. ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. മലയാള മനോരമയുടേയും ദ വീക്കിന്‍റേയും ഡല്‍ഹി മുന്‍ റസിഡന്‍റ് എഡിറ്ററായിരുന്നു. അടുത്തിടെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തനത്തിലെ മികവിന് ദര്‍ലഭ് സിങ് സ്മാരക മീഡിയ അവാര്‍ഡ്, കര്‍ണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്‌കാരം തുടങ്ങിയവ നേടി. ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മനോരമയില്‍ ‘ദേശീയം’ ദ വീക്കില്‍ പവര്‍ പോയിന്റ് എന്നീ പംക്തികൾ കൈകാര്യം ചെയ്തിരുന്നു.
മെറ്റയ്ക്കും ഗൂഗിളിനുമെതിരേ ‘ഇന്ത്യ’ മുന്നണി
?️രാജ്യത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ നിഷ്പക്ഷത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി മെറ്റ, ഗൂഗിൾ മേധാവികൾക്ക് കത്തയച്ചു. ഇന്ത്യയിൽ ഭരണപക്ഷത്തിന് അനുകൂലമായി പ്രവർത്തിക്കുകയും സാമൂഹിക സ്പർധയുണ്ടാക്കുകയും ചെയ്യുന്നതിൽ സമൂഹമാധ്യമങ്ങൾ നിർണായക പങ്കു വഹിക്കുന്നെന്നു കാട്ടി വാഷിങ്ടൻ പോസ്റ്റ് പുറത്തിറക്കിയ ലേഖനത്തിന് പിന്നാലെയാണ് ഇന്ത്യ മുന്നണിയുടെ നീക്കം.
മണിപ്പൂരിൽ വീണ്ടും സംഘർഷം
?️മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് സംഘര്‍ഷമുണ്ടായത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാങ്പൊക്പിയില്‍ മെയ്തെയ് സായുധസംഘം വെടിവയ്ക്കുകയായിരുന്നു. പ്രദേശത്ത് സേനാവിന്യാസം ശക്തമാക്കി. ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് നിലവിൽ സംഘർഷം വ്യാപകമായി നടക്കുന്നത്. മേഖലയിൽ ഇന്‍റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തി. കുക്കി- മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ച് ഇതുവരെ 180-ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്.
തെലങ്കാനയിൽ മുതിർന്ന നേതാവ് പൊന്നല ലക്ഷ്മയ്യ കോൺഗ്രസ് വിട്ടു
?️നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ തെലങ്കാനയിൽ മുതിർന്ന കോൺഗ്രസ് നേതാവ് പൊന്നല ലക്ഷ്മയ്യ പാർട്ടിയിൽ നിന്നു രാജിവച്ചു. കോൺഗ്രസിൽ സുഖകരമല്ലാത്ത അവസ്ഥയാണെന്നും ഹൃദയഭാരത്തോടെയാണു താൻ ഈ തീരുമാനമെടുക്കുന്നതെന്നും പ്രഖ്യാപിച്ചുകൊണ്ടാണു മുൻ പിസിസി അധ്യക്ഷന്റെ നടപടി. ബിആർഎസിനെതിരേ കോൺഗ്രസിനു വിജയസാധ്യതയുണ്ടെന്ന് അഭിപ്രായ സർവെകൾ സൂചിപ്പിച്ചിരിക്കെയാണു മുതിർന്ന നേതാവ് പാർട്ടി വിട്ടത്. തനിക്കൊപ്പം നിരവധി പ്രവർത്തകരുമുണ്ടെന്നും അദ്ദേഹം. അവിഭക്ത ആന്ധ്രപ്രദേശിൽ മന്ത്രിയായിരുന്ന ലക്ഷ്മയ്യ നാലു തവണ എംഎൽഎയായിരുന്നു.
‘നിങ്ങളുടെ നഗ്ന വീഡിയോ തയാറാക്കി പണം ചോദിക്കും; ഈ കെണിയിൽ വീഴാതിരിക്കുക’
?️വാട്സ് ആപ്, ഫെയ്സ്ബുക്ക് മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോൾ സംവിധാനത്തിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യുന്നതായി പൊലീസിന്‍റെ മുന്നറിയിപ്പ്. ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം സ്ക്രീൻ റെക്കോർഡ് ചെയ്തെടുത്തതിനുശേഷം നിങ്ങളുടെ മുഖം കൂടി ഉൾപ്പെടുത്തി നഗ്ന വീഡിയോ തയ്യാറാക്കി പണംആവശ്യപ്പെടുകയാണ് ഇവരുടെ രീതി.ഒരിക്കലും ഇത്തരം ഭീഷണികൾക്ക് വഴങ്ങാതിരിക്കുക. അപരിചിതമായ നമ്പറുകളിൽ നിന്നുള്ള വാട്ട്സാപ്പ് കാളുകൾ പരമാവധി ഒഴിവാക്കുക. ഇത്തരം നമ്പറുകൾ ബ്ലോക്ക് ചെയ്യുക. സ്വയം വഞ്ചിതരാകാതിരിക്കാൻ നമുക്ക് പരമാവധി ജാഗ്രത പുലർത്താമെന്നും പൊലീസ് നിർദേശിച്ചു.
പി.വി.ജി മൂല്യബോധം കാത്തു സൂക്ഷിച്ച മനുഷ്യസ്നേഹി; ജോസ് കെ മാണി
?️പത്രപ്രവർത്തനത്തിലും സിനിമയിലും വ്യവസായത്തിലും മൂല്യബോധം കാത്തു സൂക്ഷിച്ച മനുഷ്യസ്നേഹിയെയാണ് പി.വി ഗംഗാധരന്‍റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണിഅനുശോചിച്ചു. കേരളത്തിൻ്റെ സാംസ്കാരിക മണ്ഡലത്തിൽ പ്രകാശം പരത്തിയ പ്രതിഭയായിരുന്നു പി.വി.ജി എന്നും ജോസ് കെ മാണി പറഞ്ഞു.
ബസിൽ ടിക്കറ്റ് എടുത്തില്ല എന്ന് ആരോപിച്ച് മർദ്ദനം; ബസ് കണ്ടക്റ്ററും ഡ്രൈവറും അറസ്റ്റിൽ
?️ബസ് യാത്രക്കാരനായ മധ്യവയസ്കനെ ബസിനുള്ളില്‍ ആക്രമിച്ച കേസിൽ കണ്ടക്റ്ററെയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു. കുമരകം തെക്കുംഭാഗത്ത് പുതുവീട് വീട്ടിൽ ആദർശ് പ്രസന്നൻ (27), ചെങ്ങളം അയ്യംമാത്ര പാലത്തിന് സമീപം പുത്തൻപുരയ്ക്കൽ വീട്ടിൽ വിഷ്ണു പി.ബി (28) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. വൈക്കം- കൈപ്പുഴമുട്ട് റൂട്ടിൽ ഓടുന്ന ശ്രീ ഗണേഷ് എന്ന ബസിലെ ജീവനക്കാരായ ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ബസ് യാത്രക്കാരനായ തലയാഴം സ്വദേശിയായ മധ്യവയസ്കനെ ടിക്കറ്റ് എടുത്തില്ല എന്ന് ആരോപിച്ച് മർദ്ദിക്കുകയും, വണ്ടിയിൽ നിന്നും തള്ളി താഴെ ഇടുകയുമായിരുന്നു. യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
?️വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മാമ്മൂട് ഭാഗത്ത് അശ്വതിഭവനിൽ രാഹുൽ രവി (26) എന്നയാളെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കുകയായിരുന്നു.യുവതിയുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാളെ എറണാകുളത്തുനിന്ന് പിടികൂടുകയുമായിരുന്നു.
ഇക്കുറിയും സ്കൂൾ കായികമേള പകലും രാത്രിയുമായി നടത്തും
?️കഴിഞ്ഞതവണ നടത്തിയതുപോലെ സംസ്ഥാന സ്കൂൾ കായികമേള രാത്രിയും പകലുമായി നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ കുന്നംകുളം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്റ്റേഡിയത്തിലാണ് മത്സരം. രാജ്യത്ത് ആദ്യമായി സംസ്ഥാന സ്കൂൾ കായികോത്സവം രാത്രിയുമായി നടത്തിയത് കഴിഞ്ഞതവണ കേരളത്തിലാണ്. ആറ് വിഭാഗങ്ങളിലായി 3000 വിദ്യാർത്ഥികൾ പങ്കെടുക്കും. ആകെ 98 ഇനങ്ങളിലാണ് മത്സരം. ദേശീയ സ്കൂൾ കായികമേള നവംബർ രണ്ടാം വാരവും 37 മത് ദേശീയ ഗെയിംസ് ഒക്ടോബർ 25 മുതൽ നവംബർ 9 വരെയും നടക്കുന്നതിനാലാണ് കായികോത്സവം നേരത്തെ നടത്തേണ്ടി വരുന്നത്. കായികോത്സവത്തിന്റെ ദീപശിഖാ പ്രയാണം തിങ്കളാഴ്ച രാവിലെ തേക്കിൻ കാട് മൈതാനത്ത് നിന്ന് തുടങ്ങും. ചൊവ്വാഴ്ച മുതലാണ് മത്സരങ്ങൾ ആരംഭിക്കുക.
ഏഷ്യൻ ഗെയിംസ് മെഡൽ വിജയികൾക്കായി 9.40 കോടി രൂപ സമ്മാനിച്ച് തമിഴ്നാട് സർക്കാർ
?️ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ച വച്ച സംസ്ഥാനത്തെ കായികതാരങ്ങളെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. താരങ്ങൾക്ക് പ്രോത്സാഹനമായി 9.40 കോടി രൂപയും കൈമാറി. ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ 107 മെഡലുകളാണ് ഇന്ത്യ നേടിയത്. തമിഴ്നാട്ടിൽ നിന്നുള്ള താരങ്ങൾ 28 മെഡലുകൾ സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച് തമിഴ്നാടിന്‍റെ യശസ് ഉയർത്തണമെന്നും അദ്ദേഹം താരങ്ങളോട് പറഞ്ഞു.
ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിന് അഹമ്മദാബാദ് ഒരുങ്ങി
?️നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ലോകകപ്പിലെ ഇന്ത്യ – പാക് സ്വപ്ന പോരാട്ടത്തിനു മുന്നോടിയായി സംഗീതം പൊഴിയും. ശനിയാഴ്ചയാണ് ലോകകകപ്പ് ക്രിക്കറ്റില്‍ ആരാധകലോകം കാത്തിരിക്കുന്ന ഹൈ വോള്‍ട്ടേജ് മത്സരം. മത്സരം ആരംഭിക്കുന്നത് ഉച്ചകഴിഞ്ഞ് രണ്ടിനാണ്. എന്നാല്‍ ഉദ്ഘാടന ദിവസം മത്സരത്തിനു മുന്നോടിയായി നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടികള്‍ ഇതിനു മുന്നോടിയായി നടത്തും. ബോളിവുഡ് ഗായകന് അര്‍ജിത് സിങ്ങിന്റെ സംഗീത പരിപാടിയാണ് ഇതില്‍ ശ്രദ്ധേയം. ബോളിവുഡ് താരങ്ങളുടെ നൃത്ത പരിപാടിയും അരങ്ങേറും. വിഐപി ഗ്യാലറി സൂപ്പര്‍ താരങ്ങളെക്കൊണ്ട് സമ്പന്നമാകും. സൂപ്പര്‍ താരം തലൈവര്‍ രജനീകാന്ത്, അമിതാഭ് ബച്ചന്, സല്മാന് ഖാന് തുടങ്ങിയവരെത്തും. ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സച്ചിന് ലോകകിരീടവുമായി മൈതാനത്തെത്തുമെന്നും കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകരായ മഹേന്ദ്ര സിങ് ധോണിയും സൗരവ് ഗാംഗുലിയുമടക്കമുള്ളവര്‍ വിഐപി ഗ്യാലറിയിലുണ്ടാകും.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5400 രൂപ
പവന് 43200 രൂപ