വാർത്തകൾ ചുരക്കത്തിൽ

◾ഗുജറാത്ത് മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫെഡറേഷൻ ഓഫ് ഗുജറാത്ത്‌ മലയാളി അസോസിയേഷന്റെ (ഫെഗ്മ) മുൻ പ്രസിഡണ്ട്‌ കെ ജി ഹരികൃഷ്ണൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.
നേരത്തെ ബറോഡാ കേരള സമാജം പ്രസിഡണ്ട്‌ ആയിരുന്നു.
ഗുജറാത്തിൽ വിവിധയിടങ്ങളിൽ കസ്റ്റംസ് വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ള ഹരികൃഷ്ണൻ ഏതാനും വർഷമായി അർബുദ ചികിത്സയിൽ ആയിരുന്നു. അടുത്ത കാലം വരെ അഹമ്മദാബാദ് വിമാന താവളത്തിലെ കസ്റ്റoസ് ചുമതല ഹരികൃഷ്ണന് ആയിരുന്നു. ഇപ്പോൾ കൊച്ചിയിൽ ജി എസ് ടി ട്രെയിനിങ് വിഭാഗത്തിൽ അസിസ്റ്റന്റ് കമ്മീഷണർ ആണ്.

◾ശത്രുക്കള്‍ തങ്ങള്‍ക്കെതിരെ നടത്തിയ ഹീനമായ പ്രവൃത്തികള്‍ ഒരിക്കലും മറക്കില്ലെന്നും പൊറുക്കില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ശത്രുക്കള്‍ അനുഭവിക്കാന്‍ ആരംഭിച്ചിട്ടേയുള്ളൂവെന്നു പറഞ്ഞ നെതന്യാഹു ഇത് ഒരു തുടക്കംമാത്രമാണെന്നും വ്യക്തമാക്കി. അതേസമയം ഇസ്രയേലിനെതിരായ യുദ്ധത്തില്‍, സമയമാവുമ്പോള്‍ ഹമാസിനൊപ്പം ചേരാന്‍ തങ്ങള്‍ പൂര്‍ണസജ്ജമാണെന്ന് ലെബനനിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയുടെ ഉപമേധാവി നയിം ഖാസി വ്യക്തമാക്കി.

◾ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. കാറുകളില്‍ രക്ഷപ്പെടുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. 24 മണിക്കൂറിനകം ഗാസ വിടണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെ, പതിനായിരങ്ങളാണ് വടക്കന്‍ ഗാസയില്‍നിന്ന് വീട് വിട്ട് പലായനം ചെയ്തത്.

◾ഹമാസിന്റെ ചെയ്തികള്‍ അല്‍ ഖ്വയ്ദയെ പരിശുദ്ധരാക്കുന്നുവെന്നും ഹമാസ് തീവ്രവാദികള്‍ കലര്‍പ്പില്ലാത്ത പൈശാചികരാണെന്നും യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. അതേസമയം ഹമാസിന്റെ ആക്രമണങ്ങളില്‍ ബന്ധമില്ലാത്ത ഭൂരിപക്ഷം പലസ്തീനികളും ദുരിതം അനുഭവിക്കുന്നുവെന്നും ഞങ്ങള്‍ക്ക് അത് കാണാതെ പോകാനാവില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.

◾പലസ്തീന്‍ ജനത നടത്തുന്നത് പ്രതിരോധമാണെന്നും ഇന്ത്യ പക്ഷം പിടിക്കരുതെന്നും പലസ്തീന്‍ അംബാസഡര്‍ അദ്‌നന്‍ അബു അല്‍ഹൈജ. ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ആക്രമിച്ച ഹമാസിന്റേത് ഭീകരവാദമെന്ന ഇന്ത്യയുടെ നിലപാടിനെയാണ് പലസ്തീന്‍ അംബാസഡര്‍ വിമര്‍ശിച്ചത്. പലസ്തീനില്‍ അധിനിവേശം നടത്തുന്ന ഇസ്രേയലാണ് ഭീകരവാദികളെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനെ പിന്തുണയ്ക്കുന്നതില്‍ ലോകത്തെ നയിച്ചത് ഇന്ത്യയാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥത യുദ്ധം അവസാനിപ്പിക്കുന്നതിന് അംഗീകരിക്കാമെന്നും പലസ്തീന്‍ അംബാസഡര്‍ വ്യക്തമാക്കി.

◾ഓപ്പറേഷന്‍ അജയ് യുടെ ഭാഗമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി ഇസ്രയേലില്‍ നിന്ന് പുറപ്പെടും. ആദ്യ എയര്‍ ഇന്ത്യ വിമാനം രാത്രി ഒന്നരക്ക് ദില്ലിയില്‍ എത്തും. രണ്ടാമത്തെ പ്രത്യേക സ്പൈസ് ജെറ്റ് വിമാനം നാളെ രാവിലെ 7 മണിക്കാണ് ദില്ലിയില്‍ എത്തുക

◾സമസ്തയില്‍ ലീഗ് വിരുദ്ധര്‍ ഉണ്ടെന്നും ഇവര്‍ സിപിഎമ്മിന്റെ താല്പര്യമാണ് നടപ്പാക്കുന്നതെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഈ വിഭാഗം ലീഗിനെതിരെ നടത്തിയ നീക്കങ്ങളുടെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. താന്‍ സമസ്ത വിശ്വാസി അല്ലെന്നും തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരികള്‍ എന്ന് പറഞ്ഞ മത നേതാക്കള്‍ സമസ്തയുടെ വില ഇടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങളല്ലാത്ത സ്ത്രീകള്‍ മുഴുവന്‍ അഴിഞ്ഞാട്ടക്കാരികളാണോയെന്നും സലാം ചോദിച്ചു.

◾കൊല്ലം റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിലവില്‍ സ്റ്റേഷനിലുള്ള മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചു നീക്കും. പ്ലാറ്റിനം ഗ്രേഡിലുള്ള പുതിയ റെയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണം 2025 ഡിസംബറില്‍ കമ്മീഷന്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ അധികൃതര്‍. റെയില്‍വേ സ്റ്റേഷന്റെ നവീകരണത്തിനായി 361 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.

◾വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ നിന്നും ആരെയും മാറ്റി നിര്‍ത്തിയിട്ടില്ലെന്നും ആരെയെങ്കിലും വിട്ടുപോയെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കേരളത്തിലെ ജനങ്ങള്‍ ഏറെക്കാലം മനസില്‍ താലോലിച്ച സ്വപ്നമാണ് നാളെ വിഴിഞ്ഞത്ത് സാക്ഷാത്കരിക്കുന്നതെന്നും ഈ പദ്ധതിയുടെ ഏറ്റവും പ്രയോജനം ലഭിക്കുക മത്സ്യത്തൊഴിലാളികള്‍ക്കായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

◾വിഴിഞ്ഞത്ത് പണി പൂര്‍ത്തിയായത് അറുപത് ശതമാനം മാത്രമാണെന്നും തുറമുഖത്തിന് ആവശ്യമായ ക്രെയിന്‍ കപ്പലില്‍ കൊണ്ടുവരുന്നതിനെയാണ് സര്‍ക്കാര്‍ ആഘോഷിക്കുന്നതെന്നും ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര. സര്‍ക്കാര്‍ തങ്ങളുടെ അനുമതി ഇല്ലാതെ ആര്‍ച്ച് ബിഷപിന്റെയും സൂസെപാക്യം പിതാവിന്റെയും പേര് നോട്ടീസില്‍ വച്ചതായും അതേസമയം നാളത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ആര്‍ക്കും വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

◾പിണറായി എത്ര തുള്ളിയാലും വിഴിഞ്ഞം ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടിക്കള്ളതാണെന്നും ഉള്ളത് പറയുമ്പോള്‍ തുള്ളല്‍ വന്നിട്ട് കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുന്നതില്‍ നിറഞ്ഞ സന്തോഷമുണ്ടെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുഡിഎഫ് സര്‍ക്കാരിന്റേയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

◾വിഴിഞ്ഞത്ത് കപ്പലെത്തുന്നത് വാസ്‌കോ ഡ ഗാമ കാപ്പാട് വന്ന് ഇറങ്ങിയതിന് സമാനമായ സംഭവമാണെന്ന് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍. അതേ സമയം വിഴിഞ്ഞം പദ്ധതി വൈകിപ്പിച്ചത് എകെ ആന്റണിയാണെന്നും ബാലഗോപാല്‍ കുറ്റപ്പെടുത്തി.

◾കരുവന്നൂര്‍ ബാങ്കില്‍ സിപിഎം പാര്‍ലമെന്ററി സമിതി ആണ് വായ്പ അനുവദിച്ചതിരുന്നതെന്നും അനധികൃത ലോണുകള്‍ക്ക് പാര്‍ട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നുവെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . മുന്‍ മാനേജര്‍ ബിജു കരീം വെളിപ്പെടുത്തിയ ഈ വിവരം സ്വത്ത് കണ്ട് കെട്ടിയ റിപ്പോര്‍ട്ടിലാണുള്ളത്.

◾നാട്ടിലിറങ്ങിയ കൊമ്പന്മാരെ തുരത്താന്‍ കൊണ്ടുവന്ന കുങ്കിയാന രാത്രിയില്‍ കാട്ടാനകള്‍ക്കൊപ്പം ഒളിച്ചോടി. പന്തല്ലൂരിലിറങ്ങിയ കാട്ടാനകളെ വിരട്ടി കാടുകയറ്റാനാണ് കുങ്കിയാനയെ കൊണ്ടുവന്നത്. എന്നാല്‍, മനംമാറിയ കുങ്കിയാന കാട്ടാനകള്‍ക്കൊപ്പം മുങ്ങിയെന്നാണ് വാര്‍ത്ത.

◾അമിതമായ ഫോണ്‍ വിളി ചോദ്യം ചെയ്ത അമ്മയെ മകന്‍ തലയ്ക്ക് അടിച്ചു കൊന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണിയാണ് മരിച്ചത്. 63 വയസായിരുന്നു. 34 വയസ്സുള്ള മകന്‍ സുജിത്തിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

◾അബുദാബിയില്‍ നിന്നും മലേഷ്യയിലേക്കുള്ള കപ്പല്‍ യാത്രക്കിടെ മലയാളി മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി. മലപ്പുറം നിലമ്പൂര്‍ സ്വദേശി മനേഷ് കേശവദാസിനെയാണ് കാണാതായത്.

◾കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെന്നൈയില്‍. ഡിഎംകെ ഇന്നു സംഘടിപ്പിക്കുന്ന വിമന്‍സ് റൈറ്റ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണു ഇരുവരും ചെന്നൈയില്‍ എത്തിയത്. ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്കുള്ള 33% സംവരണം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കണമെന്ന് കോണ്‍ഫറന്‍സില്‍ ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍.

◾ഉത്തര്‍പ്രദേശിലെ എല്ലാ നഗരങ്ങളിലും ഇനി അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകള്‍. റോഡുകള്‍ നിര്‍മിക്കുന്നതിനുള്ള 500 കോടി രൂപയുടെ പദ്ധതിയായ മുഖ്യമന്ത്രിയുടെ ഗ്രീന്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് സ്‌കീമിന് അംഗീകാരം നല്‍കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍.

◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യാ – പാക് പോരാട്ടം. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിംഗിനയച്ചു.

◾ഇസ്രായേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍ കത്തിക്കയറി സ്വര്‍ണവില. കേരളത്തില്‍ ഇന്ന് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വര്‍ധന. ഒറ്റ ദിവസം 1120 രൂപയാണ് ഒരു പവന്റെ വിലയില്‍ വര്‍ധിച്ചത്. ഒരു ദിവസം ഒറ്റത്തവണയുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് ഇന്നത്തേത്. ഇതോടെ പവന് 44്320 രൂപയിലാണ് ഇന്ന് സ്വര്‍ണവില്‍പന നടക്കുന്നത്. ഗ്രാമിന് 5540 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 140 രൂപയാണ് ഇന്ന് വര്‍ധിച്ചത്. നേരത്തെ ഒരു ദിവസം 150 രൂപ വര്‍ധിച്ചിട്ടുണ്ടെങ്കിലും അത് രണ്ട് തവണയായാണ് വര്‍ധിച്ചത്. എന്നാല്‍ ഇന്ന് രാവിലെ സ്വര്‍ണ വില ഗ്രാമിന് 140 രൂപ വര്‍ധിച്ചത് ഒറ്റത്തവണയായതിനാലാണ് റെക്കോര്‍ഡ് വര്‍ധനവായി കണക്കാക്കുന്നത്. ഇന്നലെ 5400 രൂപയിലായിരുന്നു ഒരു ഗ്രാം സ്വര്‍ണം വിപണനം ചെയ്തത്. പവന് 43200 രൂപയായിരുന്നു വില. യുദ്ധ പശ്ചാത്തലത്തില്‍ ആഗോള മൂലധന വിപണി നേരിടുന്ന ആശങ്കകള്‍മൂലം സുരക്ഷിത നിക്ഷേപമെന്നോണം നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ചുവടുമാറ്റുന്നതാണ് വിലക്കുതിപ്പ് സൃഷ്ടിക്കുന്നത്. ഓഹരി, കടപ്പത്ര വിപണികളില്‍ നിന്ന് നിക്ഷേപം വന്‍തോതില്‍ സ്വര്‍ണത്തിലേക്ക് മാറ്റി സുരക്ഷിതമാക്കുകയാണ് നിക്ഷേപകര്‍. കഴിഞ്ഞവാരം ഔണ്‍സിന് 1,868 ഡോളറായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇതോടെ 1,932 ഡോളറിലേക്ക് ഇരച്ചുകയറി. 24 മണിക്കൂറിനിടെ മാത്രം വില വര്‍ധിച്ചത് 62 ഡോളര്‍. വില വൈകാതെ 1,960 ഡോളര്‍ ഭേദിച്ചേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന കുറവുമൂലം ഇറക്കുമതിച്ചെലവ് വര്‍ധിക്കുന്നതും സ്വര്‍ണവില കൂടാനിടയാക്കുന്നുണ്ട്. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്കില്‍ ഉടന്‍ മാറ്റംവരുത്തിയേക്കില്ലെന്ന സൂചനകളെ തുടര്‍ന്ന് കടപ്പത്ര യീല്‍ഡിലുണ്ടായ കുറവും സ്വര്‍ണവില കൂടാന്‍ കളമൊരുക്കുകയാണ്.

◾സ്മാര്‍ട്ഫോണുകളില്‍ ക്യാമറ ഫീച്ചറുകളും ഉപയോക്താക്കള്‍ പ്രാധാന്യം നല്‍കുന്നതു പരിഗണിച്ച് നവീകരിച്ച സ്മാര്‍ട്ട് ഓറാ ലൈറ്റുമായാണ് വിവോ വി29 പ്രോ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. വിവോയുടെ വി27 പ്രോയുടെ പുതുക്കിയ പതിപ്പാണ് ഇത്. ചെറിയ പ്രകാശത്തില്‍ പോലും ഫോട്ടോകള്‍ പകര്‍ത്താമെന്നതാണ് ഇതിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്. വിവോ വി29 പ്രോ ഫോണിന് ക്യാഷ്ബാക് ഓഫറുകളും, അപ്‌ഗ്രേഡ് ബോണസും കമ്പനി പ്രഖ്യാപിച്ചിട്ടും ഉണ്ട്. വിവോ വി29 പ്രോ മോഡലിന് ശക്തിപകരുന്നത് മീഡിയാടെക് ഡിമെന്‍സിറ്റി 8200 പ്രൊസസറാണ്. 12 ജിബി വരെയാണ് റാം. ആന്‍ഡ്രോയിഡ് 13, വിവോ തന്നെ കസ്റ്റമൈസ് ചെയ്ത ഫണ്‍ടച് ഓഎസ് 13 ആണ് സോഫ്‌റ്റ്വെയര്‍. 6.78 ഇഞ്ച് വലിപ്പമുള്ള ഫുള്‍എച്ഡി റെസലൂഷനുള്ള, അമോലെഡ് സ്‌ക്രീനാണ് വിവോ വി29 പ്രോ മോഡലിന്. 120ഹെട്‌സ് റിഫ്രെഷ് റെയ്റ്റുമുണ്ട്. രണ്ടു നാനോ സിമ്മുകള്‍ സ്വീകരിക്കും. 5ജി വരെയുള്ള സിഗ്നലുകള്‍ സ്വീകരിക്കും. 4600എംഎഎച് ബാറ്ററിയുമുണ്ട്. സോണിയുടെ ഐഎംഎക്‌സ്766 സെന്‍സറാണ് വിവോ വി29 പ്രോ ഫോണിന്റെ പ്രധാന ക്യാമറയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 50എംപിയാണ് റെസലൂഷന്‍. വി29 പ്രോയ്ക്ക് 50എംപി ഐ എഎഫ് സെല്‍ഫി ക്യാമറയും ഉണ്ട്. വിവോ വി29 പ്രോ ഫോണിന് 8/128ജിബി, 12/256ജിബി എന്നിങ്ങനെ രണ്ടു വേരിയന്റുകളാണ് ഉളളത്. ഇവയ്ക്ക് യഥാക്രമം 39,999 രൂപ, 42,999 രൂപ എന്നിങ്ങനെയാണ് വില.

◾മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ എ കെ സാജനും- ജോജു ജോര്‍ജ്ജും ഒന്നിക്കുന്ന ചിത്രമാണ് പുലിമട. ചിത്രത്തിലെ നാലാമത്തെ ഗാനത്തിന്റെ ലിറിക്‌സ് വീഡിയോ പുറത്തിറങ്ങി. ഡോ. താരാ ജയശങ്കറിന്റെ വരികള്‍ക്ക് ഇഷാന്‍ ദേവ് ഈണം പകര്‍ന്ന്, അദ്ദേഹം തന്നെ ആലപിച്ച ‘അലകളില്‍’എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍)എന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ തന്നെ പുതുമ സമ്മാനിക്കുന്ന ഒന്നാണ്. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യരാജേഷും ലിജോമോളുമാണ്. എ.കെ സാജന്‍ കഥ, തിരക്കഥ എഡിറ്റിംഗ് കൂടി ചെയ്യുന്ന ചിത്രമാണ് പുലിമട. പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തില്‍ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ബാലചന്ദ്രമേനോന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സന്‍, ഷിബില തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിന്‍സന്റ് സ്‌കറിയുടെ (ജോജു ജോര്‍ജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്.

◾മലയാള സിനിമയില്‍ കാള്‍ട്ട് പദവി ലഭിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘രതിനിര്‍വേദം’. 1978ല്‍ ഭരതന്റെ സംവിധാനത്തില്‍ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. ഇതേ പേരിലുള്ള തന്റെ നോവലിനെ ആസ്പദമാക്കി പത്മരാജന്‍ ആയിരുന്നു തിരക്കഥ ഒരുക്കിയിരുന്നത്. നാട്ടും പ്രദേശത്തെ രതി എന്ന സ്ത്രീയുടെയും പപ്പു എന്ന യുവാവിന്റെയും കഥ ആയിരുന്നു ചിത്രം പറഞ്ഞത്. ഭരതന്റെ രതിനിര്‍വേദം റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു രതിനിര്‍വേദവും തിയറ്ററുകളില്‍ എത്തി. 2011ല്‍ ആയിരുന്നു രണ്ടാം രതനിര്‍വേദം തിയറ്ററില്‍ എത്തിയത്. ശ്വേതാ മേനോന്‍ ആയിരുന്നു ചിത്രത്തിലെ രതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പപ്പുവായി എത്തിയത് ശ്രീജിത്ത് വിജയി ആയിരുന്നു. വന്‍ പ്രേക്ഷക- നിരൂപക പ്രശംസ ലഭിച്ച ചിത്രം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തു. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം റി-റിലീസിന് എത്തിയിരിക്കുകയാണ് രതിനിര്‍വേദം. ചിത്രത്തിന്റെ കന്നഡ വെര്‍ഷന്‍ ആണ് വീണ്ടും തിയറ്ററില്‍ എത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ 150 തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തി. ടി കെ രാജീവ് കുമാര്‍ ആയിരുന്നു സംവിധാനം. കെപിഎസി ലളിത, ഗിന്നസ് പക്രു, ശോഭ മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു. ആദ്യ സിനിമയില്‍ ജയഭാരതിയും കൃഷ്ണ ചന്ദ്രനും ആയിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.

◾ബജാജ്-ട്രയംഫ് കൂട്ടുകെട്ട് പുതിയ സ്‌ക്രാമ്പ്ളര്‍ 400 എക്സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.63 ലക്ഷം രൂപ (എക്സ്-ഷോറൂം, ഡല്‍ഹി) വിലയുള്ള പുതിയ ട്രയംഫ് സ്‌ക്രാമ്പ്ളര്‍ 400 എക്സ് സ്പീഡ് 400 റോഡ്സ്റ്ററിനേക്കാള്‍ ഏകദേശം 30,000 രൂപ വില കൂടുതലുള്ളതാണ്. സ്പീഡ് 400-ന് അടിവരയിടുന്ന അതേ ഹൈബ്രിഡ് പ്ലാറ്റ്‌ഫോമിലാണ് ട്രയംഫ് സ്‌ക്രാംബ്ലര്‍ 400 എക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. റോഡ്സ്റ്റര്‍ സഹോദരങ്ങള്‍ക്ക് കരുത്ത് പകരുന്ന അതേ ലിക്വിഡ്-കോപോളഡ്, 398 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ എഞ്ചിന് 8,000 ആര്‍പിഎമ്മില്‍ 40 ബിഎച്ച്പിയും 6,500 ആര്‍പിഎമ്മില്‍ 37.5 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു, കൂടാതെ സ്ലിപ്പും അസിസ്റ്റ് ക്ലച്ചും ലഭിക്കുന്നു. സ്റ്റാന്‍ഡേര്‍ഡായി ആന്റി-തെഫ്റ്റ് ഇമോബിലൈസര്‍ ലഭിക്കുന്നു. ഇത് മാറ്റ് കാക്കി ഗ്രീന്‍, ഫാന്റം ബ്ലാക്ക്, ആര്‍ണിവല്‍ റെഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്.

◾നാല്പതോ, അന്‍പതോ വര്‍ഷം മാത്രം ആയുര്‍ദൈര്‍ഘ്യമുള്ള ഫറവോന്മാര്‍ കെട്ടിപ്പടുത്ത സ്മാരകങ്ങളും ക്ഷേത്രങ്ങളും അവരുടെ പിരമിഡുകളും ഭൂഗര്‍ഭ ശവകുടീരങ്ങളും ആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ മനസ്സില്‍ മനുഷ്യരാശിയുടെ വലിയ സംസ്‌കാരത്തിന്റെ പിരമിഡുകള്‍ പോലെ ഇന്നും ഉയര്‍ന്നുനില്‍ക്കുന്നു. കഴിവതും ചരിത്രത്തില്‍ നിന്നും വ്യതിചലിക്കാതെയാണ് ഈ കൃതി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ചരിത്രവും ഭാവനയും ഇടകലര്‍ന്ന സുന്ദരമായ ഒരു നോവല്‍. ‘മരണമില്ലാത്തവരുടെ താഴ് വര’. ഇളമത ജോണ്‍. കൈരളി ബുക്സ്. വില 199 രൂപ.

◾ക്യാന്‍സര്‍ പലരിലും ഗുരുതരമാകുന്നത് കൃത്യസമയത്ത് അറിയാതെ പോകുന്നത് കൊണ്ടാണ്. എന്നാല്‍ ക്യാന്‍സര്‍ ശരീരത്തില്‍ വളരുന്നതിനു മുന്‍പ് തന്നെ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. നഖത്തില്‍ വരെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ പ്രകടമാകും. പല കാരണങ്ങള്‍ കൊണ്ടും നഖം പൊട്ടിപ്പോവാം. എന്നാല്‍ നമ്മുടെ ഉള്ളില്‍ ക്യാന്‍സര്‍ കോശങ്ങള്‍ പിടിമുറുക്കിക്കഴിഞ്ഞാല്‍ നഖം വളരെ വരണ്ടതാവുകയും അഗ്രം പൊട്ടിപ്പോവുകയും ചെയ്യും. നഖത്തിന്റെ സാധാരണ നഖങ്ങളില്‍ നിന്നും അല്‍പം വ്യത്യസ്തമായി മഞ്ഞ നിറത്തിലുള്ള നഖം കാണപ്പെടുകയാണെങ്കില്‍ അത് പല രോഗങ്ങളുടേയും ലക്ഷണമാകാം. എന്നാല്‍ മഞ്ഞ നിറം കൈകാലുകളിലെ നഖങ്ങളിലാകമാനം പരക്കുകയാണെങ്കില്‍ അല്‍പം സൂക്ഷിക്കണം. ഒരേ നഖം തന്നെ രണ്ടായി മാറി ഒരു ഭാഗം മുകളിലും ഒരു ഭാഗം താഴെയും ആയി മാറുന്നതിനെ അല്‍പം ശ്രദ്ധിയ്ക്കാം. ഇത് കരളിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. നഖങ്ങളില്‍ വെളുത്തകുത്തുകള്‍ ഉണ്ടായാലും സൂക്ഷിക്കണം. ഇത് ചിലപ്പോള്‍ വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണമാകാം. നഖത്തിന്റെ ഇരുണ്ട നിറം പലപ്പോഴും ആരും ശ്രദ്ധിയ്ക്കുകയില്ല. മരണകാരണമാകുന്ന സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ അവഗണിക്കപ്പെടാത്ത ഒന്നാണ് ഇത്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 83.42, പൗണ്ട് – 101.14, യൂറോ – 87.70, സ്വിസ് ഫ്രാങ്ക് – 92.27, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.45, ബഹറിന്‍ ദിനാര്‍ – 221.44, കുവൈത്ത് ദിനാര്‍ -267.62, ഒമാനി റിയാല്‍ – 216.87, സൗദി റിയാല്‍ – 22.24, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.91, കനേഡിയന്‍ ഡോളര്‍ – 61.03.