മണിപ്പുർ സംഘർഷത്തിനു പിന്നിൽ വിദേശ ഭീകരർ: എൻഐഎ
?️മണിപ്പുരിലെ സംഘർഷം അണയാത്തതിനു പിന്നിൽ മ്യാൻമറും ബംഗ്ലാദേശും കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളുണ്ടെന്നു ദേശീയ അന്വേഷണ ഏജൻസി. മണിപ്പുരിലെ ഗോത്രകലാപം ആളിക്കത്തിക്കാൻ ഇവർ ആയുധങ്ങളും സ്ഫോടകവസ്തുക്കളും നൽകുന്നുണ്ടെന്നും എൻഐഎ. വിദേശ ഭീകരരുമായി ബന്ധമുള്ള ഒരാളെക്കൂടി കഴിഞ്ഞ ദിവസം ചുരാചന്ദ്പുരിൽ നിന്ന് അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ട്. ഗോത്ര വിഭാഗങ്ങളുമായി ചേർന്ന് ഈ ഭീകരസംഘടനകൾ രാജ്യത്തിനെതിരായ യുദ്ധമാണു നടത്തുന്നത്. പ്രാദേശിക നക്സൽ, വിഘടനവാദി ഗ്രൂപ്പുകളും ഈ വിദേശ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നുണ്ടെന്നും എൻഐഎ പറയുന്നു.
ഫിറ്റ്നസ് താരത്തിനൊപ്പം ശുചീകരണം നടത്തി പ്രധാനമന്ത്രി
?️ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിറ്റ്നസ് ഇൻഫ്ലുവൻസർ അങ്കിത് ബൈയൻപുരിയയോടൊപ്പമാണ് മോദി ശുചീകരണ പ്രവൃത്തികൾ നടത്തിയത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഓപ്പറേഷന്‍ മൂൺലൈറ്റ്: ബെവ്കോ ഔട്ട്ലറ്റുകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന
?️സംസ്ഥാന ബെവ്റിജസ് കോര്‍പറേഷനു കീഴിലുള്ള ബെവ്കോ ഔട്ട്ലറ്റുകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. വിജിലന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച വൈകിട്ട് വിജിലന്‍സ് സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന നടത്തിയത്. തിരുവനന്തപുരം ജില്ലയിലെ 11 ഉം എറണാകുളം ജില്ലയിലെ 10 ഉം കോഴിക്കോട് ആറ്, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ അഞ്ച് വീതവും തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിൽ നാല് വീതവും ഉള്‍പ്പടെ ആകെ 78 ബെവ്കോ ഔട്ട്ലറ്റുകളിലാണ് പരിശോധന നടത്തിയത്.
മലപ്പുറത്ത് മണ്ണിടിച്ചിലിനെ തുടർന്ന് 8 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
?️കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ മണ്ണിടിച്ചിൽ. വേട്ടേക്കോട് – ഒടുവങ്ങാട് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തെ തുടർന്ന് 8 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മണ്ണിടിച്ചിലിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. മുൻകരുതലിന്‍റെ ഭാഗമായാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. മാന്നാറില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം റിപ്പോർട്ടു ചെയ്തു. മാന്നാര്‍ റോഡില്‍ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. മാന്നാര്‍ ഗ്രാമ പഞ്ചായത്ത് 16-ാം വാര്‍ഡിലെ ഹോമിയോ ആശുപത്രിക്ക് സമീപം സ്വകാര്യവ്യക്തിയുടെ മാവിന്‍റെ വലിയ ശിഖരങ്ങള്‍ ഒടിഞ്ഞ് വീണാണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടത്. തുടര്‍ന്ന് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ എത്തി വൈദ്യുതി പുനഃസ്ഥാപിച്ച് ഗതാഗത തടസം നീക്കി.
പാചകവാതക വില വർധിപ്പിച്ചു; കൂടിയത് 209 രൂപ
?️വില കുറച്ച് ഒരു മാസത്തിനകം വീണ്ടും പാചകവാതക സിലിണ്ടറിന്‍റെ വില വർധിപ്പിച്ചു. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ് വർധിപ്പിച്ചത്. പുതിയ വിലപ്രകാരം 1747.50 രൂപയാകും ഒരു സിലിണ്ടറിന്‍റെ വില. സെപ്റ്റംബർ 1 ന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 200 രൂപയാണ് കുറച്ചത്. ഇതോടെ ന്യൂഡൽഹിയിൽ സിലിണ്ടറിന്‍റെ വില 903 രൂപയായി കുറഞ്ഞിരുന്നു.
കന്നട നടൻ നാഗഭൂഷണയുടെ കാറിടിച്ച് സ്ത്രീ മരിച്ചു
?️കന്നട നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് നാൽപ്പത്തിയെട്ടുകാരിയായ സ്ത്രീ മരിച്ചു. ഭർത്താവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് സംഭവം. വസന്തപുരയിൽ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികൾക്ക് മേൽ നാഗഭൂഷണയുടെ കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ താരം തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും വാർത്തയുണ്ട്.
ഗൂഗിൾ മാപ്പ് ചതിച്ചു: കാർ പുഴയിൽ വീണ് 2 ഡോക്റ്റർമാർ മരിച്ചു
?️വഴിതെറ്റി വന്ന കാർ നിയന്ത്രണം വിട്ടു പുഴയിലേക്കു മറിഞ്ഞു രണ്ട് യുവ ഡോക്റ്റർമാർക്ക് ദാരുണാന്ത്യം. ഞായർ പുലർച്ചെ 2.30ന് ഗോതുരുത്ത് കടൽവാതുരുത്ത് പെരിയാറിലെ കൈവഴിയിലായിരുന്നു അപകടം. പറവൂര്‍ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള എളുപ്പമാർഗമാണ് ഗോതുരുത്ത് കടൽവാതുരുത്ത് വഴി. എന്നാൽ ഗോതുരുത്തില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ടിയിരുന്ന ഇവർ ഗൂഗിൾ മാപ്പ് കാണിച്ച പ്രകാരം വാഹനം നേരേ ഓടിച്ചു പോവുകയായിരുന്നു. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയുടെ കീഴിലുള്ള എആർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപ്രതിയിലെ ഡോക്റ്റർമാരായ കൊടുങ്ങല്ലൂർ മതിലകം പാമ്പിനേഴത്ത് ഡോ. അജ്മൽ ആസിഫ് (28), കൊല്ലം തട്ടാമല പാലത്തറ തുണ്ടിയിൽ ഡോ. അദ്വൈത് (28) എന്നിവരാണു മരിച്ചത്.
കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം
?️കോൺഗ്രസ് നേതാവും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയുമായിരുന്ന വി എസ് ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ല അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽപണം നിക്ഷേപിച്ചവരാണ് പ്രതിഷേധിക്കുന്നത്. കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധിക്കുന്നത്. 300 നിക്ഷേപകർക്കായി 13 കോടി നഷ്‌ടമായി എന്നാണ് പരാതി. ശിവകുമാറിന്റെ ബിനാമിയുടെതാണ് സൊസൈറ്റി എന്ന് പണം നഷ്‌ടപെട്ടവർ ആരോപിക്കുന്നത്. 2002 ൽ ശിവകുമാറായിരുന്നു സൊസൈറ്റി ഉദ്ഘാടനം ചെയ്‌തത്.
ശ്രുതിതരംഗം പദ്ധതി
?️സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കീഴിൽ ശ്രുതിതരംഗം പദ്ധതിക്കായി എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിൽ ശസ്ത്രക്രിയകൾ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പദ്ധതിയുടെ മുൻ വർഷങ്ങളിലെ നടത്തിപ്പുകാരായിരുന്ന കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ (കെഎസ്എസ്എം) മുഖേനയും അല്ലാതെയും പുതിയ കോക്ലിയർ ഇംപ്ലാന്റേഷൻ സർജറികൾക്കായി ലഭിച്ചിട്ടുള്ള അപേക്ഷകളിൽ 44 എണ്ണത്തിന് പദ്ധതിയുടെ സാങ്കേതിക സമിതി ശസ്ത്രക്രിയ നടത്തുവാനുള്ള അംഗീകാരം നൽകിയിട്ടുണ്ട്.
വെള്ളക്കെട്ടിൽ വീണ് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു
?️തിരുനാവായ സൗത്ത് പല്ലാറിൽ വെള്ളക്കെട്ടിൽ വീണ് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. വാക്കാട് സ്വദേശി മമ്മിക്കാനകത്ത് അബ്ദുറഹീമിന്റെ മകൻ മുഹമ്മദ് മുസമ്മിൽ (8) ആണ് മരിച്ചത്. വാക്കാട് കടപ്പുറം എഎംഎൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞ ദിവസം സൗത്ത് പല്ലാറിൽ ബന്ധുവീട്ടിൽ വിരുന്ന് വന്നതായിരുന്നു. ഞായർ ഉച്ചയ്ക്ക് കൂട്ടുകാരോടൊപ്പം വീടിനടുത്തുള്ള പാലത്തുംകുണ്ടിലേക്ക് കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടയിൽ കാൽ വഴുതി കുളത്തിൽ വീണു. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചങ്കിലും ആഴത്തിലേക്ക് താഴ്ന്ന് പോയി. കൂട്ടുകാരുടെ കരച്ചിൽ കേട്ട് ഓടി വന്ന നാട്ടുകാരാണ് കുട്ടിയെ വെള്ളത്തിൽ നിന്നും കരയ്ക്കെത്തിച്ചത്.
ചേപ്പാട്ട് വൻ വ്യാജമദ്യ വേട്ട
?️ഹരിപ്പാട് ചേപ്പാട്ട് വൻ വ്യാജമദ്യ വേട്ട. ആയിരത്തിലേറെ കുപ്പി വ്യാജ നിർമിത മദ്യം എക്‌സൈസിന്‍റെ പ്രത്യേക സംഘമാണ് പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.വാടക വീട് കേന്ദ്രീകരിച്ചു വ്യാജമദ്യം നിർമിച്ചു വിൽപ്പന നടത്തിയ എരിക്കാവ് സ്വദേശി സുധീന്ദ്ര ലാലിനെ അറസ്റ്റ് ചെയ്തു. മദ്യശാലകൾക്ക് അവധിയായതിനാൽ രഹസ്യമായി വിൽക്കുന്നതിനു വേണ്ടിയായിരുന്നു ഇതു ശേഖരിച്ചത്. ബോട്ടിലിങ് യൂണിറ്റടക്കം സജ്ജീകരിച്ചായിരുന്നു വിൽപ്പന. വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമ്മിഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇപിയുടെ തുറന്നു പറച്ചിലിൽ പുകഞ്ഞ് സിപിഎം
?️കരുവന്നൂരിൽ ഇ.പി. ജയരാജന്‍റെ തുറന്നു പറച്ചിലിൽ പുകഞ്ഞ് സിപിഎം. കരുവന്നൂരിലെ തട്ടിപ്പിൽ പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന ഇപിയുടെ വെളിപ്പെടുത്തൽ ഏറ്റെടുക്കാനോ അത് സംബന്ധിച്ച് പരസ്യ പ്രതികരണത്തിനോ നേതൃത്വം തയാറായിട്ടില്ല. എന്നിരുന്നാലും ഒറ്റപ്പെട്ട ശബ്ദമല്ല ഇപിയുടേതെന്ന വിലയിരുത്തലിലാണ് പാർട്ടി.അതിന്‍റെ പശ്ചാത്തലത്തിൽ സഹകരണ പ്രസ്ഥാനത്തിന്‍റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിന് വീടുകയറി പ്രചാരണം അടക്കമുള്ള നടപടികൾക്കും സർക്കാർ തുടക്കമിട്ടിട്ടുണ്ട്.
നിയമനക്കോഴ വിവാദത്തിനു പിന്നിൽ ഗൂഢാലോചന; എ.കെ. ബാലൻ
?️നിയമനക്കോഴ വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. എകെജി സെന്‍ററിന് ബോംബ് എറിഞ്ഞവർക്ക് പിന്നിലുള്ളവർ തന്നെയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍റെ ഒന്നാം ചരമവാർഷികദിനത്തിൽ എകെജി സെന്‍ററിനു മുന്നിൽ പതാക ഉയർത്തിപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം.
രാഹുൽ ഗാന്ധിക്ക് ലക്നൗ കോടതിയുടെ നോട്ടീസ്
?️സവര്‍ക്കർക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ലക്നൗ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയുടെ ഹര്‍ജിയിലാണ് സെഷന്‍സ് കോടതിയുടെ നടപടി. ഭാരത് ജോഡോ യാത്രയ്ക്കിടെ കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയില്‍ വച്ച് സവര്‍ക്കർക്കെതിരേ നടത്തിയ പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഈ വര്‍ഷം ജൂണില്‍ ഇതുമായി ബന്ധപ്പെട്ട് നൃപേന്ദ്ര പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് തിരുത്തല്‍ ഹര്‍ജിയിലാണ് സെഷന്‍സ് കോടതിയുടെ നടപടി.
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഗുരുതര പരിക്ക്
?️ചങ്ങനാശ്ശേരി തൃക്കൊടിത്താനം കുന്നുംപുറത്ത് പഞ്ചായത്ത് ഓഫീസിന് സമീപം ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ മാതാപിതാക്കളും മക്കളും അടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്. ഞായർ വൈകിട്ട് നാലോടെയായിരുന്നു അപകടം. പരിക്കേറ്റ തൃക്കൊടിത്താനം കോച്ചേരി ജിനോഷ് ജോർജ് (38), ഭാര്യ സോണിയ (35), മക്കളായ ആൻമേരി (10), ആൻഡ്രിയ (9), ആന്റണി (5) എന്നിവരെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുപേരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജിനോഷിനെ പിന്നീട് വിദഗ്‌ദ ചികിത്സക്കായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തൃശൂരിൽ സുരേഷ് ഗോപിക്ക് മത്സരിക്കാൻ കളം ഒരുക്കുകയാണ് ഇഡി : എം.വി. ഗോവിന്ദൻ
?️ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് തൃശൂരിൽ മത്സരിക്കാൻ കളം ഒരുക്കുകയാണ് ഇഡി ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കരുവന്നൂർ കേസിൽ സിപിഎം നേതാക്കളെ ഇഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ഗോവിന്ദന്‍റെ പരാമർശം.കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പി.ആർ. അരവിന്ദാക്ഷന്‍റെ അമ്മയുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ വന്നെന്ന് പറയുന്നത് കള്ളമാണ്. പ്രായമായ സ്ത്രീക്കെതിരെ അപവാദം പ്രചരിപ്പിച്ചു. ഇഡിക്കെവിടുന്നാണ് ശാരീരികമായി കടന്നാക്രമണം നടത്താൻ അധികാരമുള്ളത്. ഇവിടെ ശാസ്ത്രീയമായ ഒരന്വേഷണവും നടക്കുന്നില്ല. ആസൂത്രിതമായി കഥകൾ മെനഞ്ഞ് തൃശൂരിൽ സുരേഷ്ഗോപിക്ക് മത്സരിക്കാൻ വേണ്ടിയുള്ള കളമൊരുക്കുകയാണ് ഇഡി ചെയ്യുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.
തീവ്ര ന്യൂനമർദം കര തൊട്ടു; കേരളത്തിൽ 5 ദിവസത്തേക്കു കൂടി മഴ
?️മധ്യകിഴക്കൻ അറബിക്കടലിൽ കൊങ്കൺ തീരത്ത് സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദം ഇന്നലെ രാത്രി 8.30 നും 10.30 നും ഇടയിൽ പൻജിം നും രത്‌നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കിഴക്ക് – വടക്ക് കിഴക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി കുറയാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദം നിലവിൽ തെക്ക് കിഴക്കൻ ജാർഖണ്ഡിനും, പശ്ചിമ ബംഗാളിനും, വടക്കൻ ഒഡീഷക്കും മുകളിൽ സ്ഥിതി ചെയ്യുന്നു.
കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു; അയൽവാസി കസ്‌റ്റഡിയിൽ
?️കോലഞ്ചേരിയില്‍ അയല്‍വാസിയുടെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു. പുത്തന്‍കുരിശ് കടയിരുപ്പില്‍ എഴുപ്രം മേപ്രത്ത് വീട്ടില്‍ പീറ്റര്‍, ഭാര്യ സാലി, മകള്‍ റോഷ്‌നി, മരുമകന്‍ ബേസില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാലിയുടെ നില ഗുരുതരമാണ്. അയല്‍വാസിയായ അനൂപ് എന്നയാളാണ് ആക്രമണം നടത്തിയത്. ഹോണ്‍ അടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
അതിർത്തി കാക്കാൻ പ്രചണ്ഡ
?️ചൈന, പാക്കിസ്ഥാൻ അതിർത്തിയിൽ സുരക്ഷ ശക്തിപ്പെടുത്താൻ വ്യോമസേനയും കരസേനയും ചേർന്ന് എച്ച്എഎല്ലിൽ നിന്നു 156 പ്രചണ്ഡ് ലഘുയുദ്ധ ഹെലികോപ്റ്ററുകൾ വാങ്ങുന്നു. നിലവിൽ ഇരുസേനകളുമായി ഇവിടെ 15 പ്രചണ്ഡ് ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്. ലോകത്തു തന്നെ ഏറ്റവും ദുഷ്കരമായ കാലാവസ്ഥയുള്ള ഹിമാലയൻ മേഖലയിൽ 15 മാസം പിന്നിട്ട പരീക്ഷണത്തിൽ തൃപ്തികരമെന്നു കണ്ടതോടെയാണു കൂടുതൽ കോപ്റ്ററുകൾ വാങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കൂടുതൽ ഊർജമേകുന്നതാണ് ഇടപാട്. വൈകാതെ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചേക്കുമെന്നു സേനാ വൃത്തങ്ങൾ.
സംസ്ഥാനത്ത് ഓണക്കാല നികുതി വരുമാനത്തില്‍ വന്‍ കുറവ്
?️സംസ്ഥാനത്ത് ഓണക്കാലത്തെ നികുതി വരുമാനത്തിൽ വൻ ഇടിവ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഓണക്കാലത്ത് നികുതി വരുമാനം കുറയുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിച്ചതിനേക്കാൾ കുറവാണ് ഓഗസ്റ്റ് മാസത്തിലെ നികുതി. ഓണക്കാലത്തെ നികുതി വരുമാനത്തിലാണ് സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതല്‍ പ്രതീക്ഷ വച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഓണക്കാലത്തെ വരുമാനം ഉപയോഗിച്ച് തത്കാലം മുന്നോട്ട് പോകാമെന്നതായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ ഈ പ്രതീക്ഷ തെറ്റിച്ചു കൊണ്ടാണ് നികുതി വരുമാനത്തില്‍ ഓണക്കാലത്ത് വലിയ ഇടിവുണ്ടായത്.
അടിമാലിയിൽ പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം
?️നേര്യമംഗലത്ത് പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അസം സ്വദേശി അഷ്കർ അലി (26) യാണ് മരിച്ചത്.
അടിമാലി ചീയപ്പാറയ്ക്ക് സമീപമാണ് സംഭവം. നേര്യമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്.
ട്രെയിൻ സമയത്തിൽ മാറ്റം
?️സംസ്ഥാനത്ത് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, ചെന്നൈ-മംഗലൂരു വെസ്റ്റ് കോസ്റ്റ് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു.
കന്യാകുമാരി-ബെംഗളൂരു ഐലൻഡ് എക്സ്പ്രസിന്‍റെ സമയം കൊല്ലത്തിനും വടക്കാഞ്ചേരിക്കും ഇടയിൽ മാറും. ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ 15-30 മിനിറ്റ് നേരത്തെ എത്തും.
നോർക്ക അറ്റസ്റ്റേഷൻ സെന്‍ററുകളിൽ ഡിജിറ്റലായി ഫീസടയ്ക്കാം
?️നോർക്ക റൂട്ട്സിന്‍റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്‍ററുകളിൽ ഫീസടയ്ക്കുന്നതിന് ഈ മാസം മുതല്‍ പൂര്‍ണമായും ഡിജിറ്റല്‍ പേയ്‌മെന്‍റ് സൗകര്യം ഏര്‍പ്പെടുത്തി. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന ഡിജിറ്റല്‍ പേയ്‌മെന്‍റ് പ്രോല്‍സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ മുഖേനയോ യുപിഐ അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ പേയ്മെന്‍റ് നല്‍കാം.
ഏഷ്യൻ ഗെയിംസിൽ മലയാളിത്തിളക്കം
?️ഏഷ്യൻ ഗെയിംസിൽ മലയാളിത്തിളക്കം. പുരുഷ വിഭാഗം ലോങ് ജംപിൽ മലയാളി താരം എം ശ്രീശങ്കർ വെള്ളി നേടി. 1500 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൺ വെങ്കലം കരസ്ഥമാക്കി. 8.19 മീറ്റർ ദൂരം ചാടിയാണ് ശ്രീശങ്കർ വെള്ളി നേടിയത്. നാലാം ശ്രമത്തിലായിരുന്നു വെള്ളി. 8.22 മീറ്റർ ചാടിയ ചൈനയുടെ ജിയാനൻ വാങ്ങിനാണ് സ്വർണം.
കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം
?️ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്‌പൂരിനെ തോൽപ്പിച്ചത്. അഡ്രിയാൻ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോൾ നേടിയത്.
ബാഡ്മിന്റൺ ടീം ഇനത്തിൽ വെള്ളി നേടി ഇന്ത്യ
?️ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം ബാഡ്മിന്റണിൽ ടീം ഇനത്തിൽ വെള്ളി നേടി ഇന്ത്യ. ചൈനയ്ക്കാണ് സ്വർണം. ആദ്യ രണ്ട് മത്സരങ്ങൾ നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ രണ്ടാം സ്ഥാനത്തേക്കുള്ള മാറ്റം. ടീമിനത്തിൽ ആദ്യമായാണ് ഇന്ത്യ ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടുന്നത്.
സ്റ്റീപ്പിള്‍ചെയ്‌സില്‍ അവിനാഷ് സാബ്ലെക്ക് സ്വർണം
?️2023 ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് സ്വർണം. പുരുഷൻമാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ അവിനാഷ് സാബ്ലെയാണ് സ്വർണം കരസ്ഥമാക്കിയത്. 8 മിനിറ്റ് 19.50 സെക്കന്റിൽ ഫിനിഷ് ചെയ്‌ത് റെക്കോർഡോടെയാണ് സ്വർണനേട്ടം.
ട്രാപ് ഷൂട്ടിങ് ടീം ഇനത്തിൽ ഇന്ത്യക്ക് സ്വർണം
?️ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ഒരു മെഡൽകൂടി. പുരുഷൻമാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. കിനാൻ ചെനായ്, സരാവർ സിങ്, പൃഥ്വിരാജ് ടൊണ്ടെയ്മാൻ എന്നിവരുടെ ടീമാണ് മെഡൽ നേടിയത്. ഇതോടെ സ്വർണ നേട്ടം 11 ആയി.
വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങിൽ വെള്ളി
?️വനിത വിഭാഗം ഇന്ത്യൻ ടീം വെള്ളിയും കരസ്ഥമാക്കി. മനീഷ കീർ, പ്രീതി രജാക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡൽ നേടിയത്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5335
പവന് 42920