31.10.2023
കളമശേരി സ്ഫോടനം: ഡൊമിനിക് മാർട്ടിന്‍ അറസ്റ്റിൽ
?️കളമശേരി സ്ഫോടനത്തിന്‍റെ ആസൂത്രകൻ ഡൊമിനിക് മാർട്ടിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ,സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, സ്ഫോടനത്തിൽ മരിച്ച 3 പേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. തൊടുപുഴ സ്വദേശി കുമാരിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവസ്ഥലത്ത് കൊല്ലപ്പെട്ട ലയോണയുടെ മൃതദേഹം ഡിഎൻഎ ഫലം വന്നതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മരിച്ച ലിബിനയുടെ അമ്മയും സഹോദരനും ഉൾപ്പടെ നാലുപേർ വെന്‍റിലേറ്ററിലാണ്. 12 പേർ ഇപ്പോഴും ഐസിയുവിൽ തന്നെ തുടരുകയാണ്. കളമശേരി മെഡിക്കൽ കോളെജിലും, ആസ്റ്റർ മെഡിസിറ്റിയിലും ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദർശിച്ചു.
അസഹിഷ്ണുതയുടെ വിഷവിത്തുകൾ ഇല്ലാതാക്കും; സർവകക്ഷി യോഗം
?️കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ രാവിലെ സർവകക്ഷി യോഗം ചേർന്ന് പ്രമേയം പാസാക്കി. സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം സമാധാന അന്തരീക്ഷം പുലർത്താനായുള്ള പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു. പരസ്പര വിശ്വാസത്തിന്റെയും പരസ്പര ആശ്രിതത്വത്തിന്റെയും കൂട്ടായ അതിജീവനത്തിന്റെയും കാലത്തെ അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകൾ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്തുതോൽപ്പിക്കും എന്ന് പ്രമേയത്തിൽ വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഫോടനം നടന്ന കൺവെൻഷൻ സെന്‍റർ സന്ദർശിച്ചു
?️ തിരുവനന്തപുരത്ത് നടന്ന സർവകക്ഷി യോഗത്തിനു പിന്നാലെ കളമശേരിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഫോടനം നടന്ന കൺവൻഷൻ സെന്‍ററിലേക്കാണ് മുഖ്യമന്ത്രി ആദ്യം എത്തിയത്. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റ്യൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കളമശേരി മെഡിക്കൽ കോളെജിലെത്തിയ മുഖ്യമന്ത്രിയും സംഘവും പരിക്കേറ്റവരെ സന്ദർശിച്ചു. ഇവിടെ 4 പേരാണ് ഐസിയുവിൽ കഴിയുന്നത്. തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിലും സൺറൈസ് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദർശിച്ചു.
ഡൊമിനിക് മാർട്ടിന്‍റെ മൊഴി വിശ്വസിക്കാതെ കേന്ദ്ര ഏജൻസികൾ
?️കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ യോഗം നടന്ന സാമ്ര കൺവൻഷൻ സെന്‍ററിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കുറ്റസമ്മതം നടത്തിയ ഡൊമിനിക് മാർട്ടിന്‍റെ മൊഴി വിശ്വസിക്കാതെ കേന്ദ്ര അന്വേഷണ ഏജൻസികൾ. മാർട്ടിൻ തനിച്ചാണ് കൃത്യം നടത്തിയതെന്ന അവകാശവാദവും കേന്ദ്ര ഏജൻസികൾ തള്ളി. സംഭവത്തിനു മറ്റെന്തെങ്കിലും മാനമുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും അന്വേഷണ സംഘം നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ്. ഡൊമിനിക് മാർട്ടിൻ ബോംബ് നിർമിച്ചത് ഒറ്റയ്ക്കാണെന്ന മൊഴിയും കേന്ദ്ര ഏജൻസികൾ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇയാൾ പരീക്ഷണ സ്ഫോടനം നടത്തിയതായും ഐബി സംശയിക്കുന്നു. നടന്നതു ഭീകരാക്രമണമാണെന്ന വിലയിരുത്തലിൽ തന്നെയാണു കേന്ദ്ര ഏജൻസികൾ
സംസ്ഥാനത്ത് ഇന്ന് സ്വകാര്യബസ് പണിമുടക്ക്; പരീക്ഷകള്‍ മാറ്റിവച്ചു
?️സംസ്ഥാനത്ത് ഇന്ന് സ്വകാര്യബസ് പണിമുടക്ക്. നവംബർ 21 മുതൽ അനിശ്ചിതകാലം പണിമുടക്ക് നടത്താൻ ആണ് തീരുമാനം. ബസ് ഉടമകളുടെ സംയുക്ത സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നതെന്നും ബസ് ഉടമാ സംഘടനകളുടെ ഭാരവാഹികള്‍ അറിയിച്ചു. സമരത്തിന്‍റെ പശ്ചാത്തലത്തില്‍ കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള്‍ നവംബര്‍ മൂന്നിന് ഉച്ചയ്ക്ക് നടത്തുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
മൊബൈൽ ഉറക്കെ ശബ്ദിച്ചേക്കാം ആരും പേടിക്കരുത്; എമർജൻസി അലർട്ട് പരീക്ഷണം തുടങ്ങുന്നു
?️അടിയന്തര ഘട്ടത്തിൽ മൊബൈൽ ഫോൺ വഴി മുന്നറിയിപ്പു നൽകുന്ന സംവിധാനം കേരളത്തിൽ ചൊവ്വാഴ്ച പരീക്ഷിക്കും. പരീക്ഷണത്തിന്‍റെ ഭാഗമായി ഇന്ന് രാവിലെ 11 മണിമുതല്‍ വൈകീട്ട് 4 മണിവരെ കേരളത്തിലെ വിവിധ ഇടങ്ങളിലുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയോ വൈബ്രേറ്റ് ചെയ്യുകയോ ഉണ്ടായേക്കാം. കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയാണിത്. പ്രകൃതി ദുരന്തങ്ങൾ അടക്കമുള്ളവയുടെ മുന്നറിയിപ്പുകൾ മൊബൈൽ ഫോണുകൾ വഴി നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഫോണിനു പുറമേ ടിവി, റേഡിയോ, സമൂഹമാധ്യമങ്ങൾ എന്നിവ വഴിയും അലർട്ട് നൽകാൻ ശ്രമം നടക്കുന്നുണ്ട്.
വർഗീയ വിദ്വേഷ പരാമർശം: ഉത്തരം മുട്ടി കേന്ദ്രമന്ത്രി
?️കളമശേരിയിൽ ബോംബ് സ്ഫോടനം നടന്നതിനു പിന്നാലെ ‘പ്രീണന രാഷ്ട്രീയത്തിന്‍റെ ഫലം’ എന്നു ട്വീറ്റ് ചെയ്തതിനെ ന്യായീകരിക്കാനാവാതെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. മന്ത്രിയുടെ പരാമർശം വർഗീയ വിദ്വേഷം പരത്തുന്നതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം ഞായറാഴ്ച വൈകീട്ടു തന്നെ വന്നിരുന്നു. ഇതു സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് വ്യക്തമായി പ്രതികരിക്കാൻ രാജീവ് ചന്ദ്രശേഖറിനു സാധിച്ചില്ല. തന്നെ വർഗീയവാദിയെന്നു വിളിക്കാൻ മുഖ്യമന്ത്രിക്കു ധാർമികമായി അവകാശമില്ലെന്നും മുഖ്യമന്ത്രി നുണയനാണെന്നും മറ്റുമുള്ള പരാമർശങ്ങൾ നടത്തി തടിയൂരാൻ രാജീവ് ചന്ദ്രശേഖർ ശ്രമിച്ചെങ്കിലും മാധ്യമ പ്രവർത്തകർ കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചതോടെ മന്ത്രിക്ക് ഉത്തരമില്ലാതായി.
“കേന്ദ്രമന്ത്രി കൊടുംവിഷം വമിപ്പിക്കുന്ന വർഗീയവാദി”: മുഖ്യമന്ത്രി
?️കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം നല്ലരീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും കസ്റ്റഡിയിലുള്ള ഡൊമിനിക് മാർട്ടിന്‍ പറഞ്ഞതിനപ്പുറം കൂടുതൽ കാര്യങ്ങളുണ്ടോ എന്നു പൊലീസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ഏജന്‍സികള്‍ അന്വേഷിക്കും. കളമശേരി സ്‌ഫോടനത്തെ തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി കൊടുംവിഷം വമിപ്പിക്കുന്ന വർഗീയവാദിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതവിദ്വേഷം വളർത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റ്: ആറന്മുള സ്വദേശിക്കെതിരേ കേസ്
?️കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ മതവിദ്വേഷം വളർത്തുന്ന തരത്തിൽ പോസ്റ്റിട്ടതിന് പത്തനംതിട്ടയിൽ കേസ്. എറണാകുളത്ത് ജോലി ചെയ്യുന്ന ആറന്മുള സ്വദേശിക്കെതിരേയാണ് കേസ്. എസ്‌ഡിപിഐ ജില്ലാ പ്രസിഡന്‍റിന്‍റെ പരാതിയിലാണ് കേസ്. ഫെയ്സ്ബുക്ക് പോസ്റ്റ് അടക്കം പരാതിക്കാരൻ പൊലീസിന് കൈമാറി.
ഹമാസ് സംഘം തട്ടിക്കൊണ്ടുപോയ ഷാനി ലൂക്ക് മരിച്ചതായി സ്ഥിരീകരണം
?️കഴിഞ്ഞ ഏഴിനു ഹമാസ് തട്ടിക്കൊണ്ടുപോകുകയും ട്രക്കിനു പിന്നിൽ വിവസ്ത്രയാക്കി പ്രദർശിപ്പിക്കുകയും ചെയ്ത ജർമൻ ടാറ്റു കലാകാരിയുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ അറിയിച്ചു. ഇസ്രേലി സേനാംഗമെന്ന വ്യാജേന ഹമാസ് പുറത്തുവിട്ട വിഡിയൊ ദൃശ്യത്തിൽ ഉൾപ്പെട്ട ഷാനി ലൂക്കിന്‍റെ മൃതദേഹമാണു കണ്ടെത്തിയത്.
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം
?️ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീരകരാക്രമണം. ഭീകരരുടെ വെടിയേറ്റ് ഒരു കുടിയേറ്റ തൊഴിലാളി മരിച്ചു. യുപി സ്വദേശി മുകേഷ് ആണ് മരിച്ചത്. പുൽവാമയിലെ തുംചി നൗപോര മേഖലയിലാണ് സംഭവം. സുരക്ഷാ സേന പ്രദേശം വളഞ്ഞ് തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുൽവാമയിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച ഈദ്ഗാഹ് ഏരിയയിൽ പൊലീസ് ഇൻസ്‌പെക്ടർ മസ്റൂർ അഹമ്മദ് വാനിക്ക് ഭീകരരുടെ വെടിയേറ്റിരുന്നു.
ബംഗളൂരുവിൽ വൻ തീപിടിത്തം
?️വീരഭദ്ര നഗറിൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗാരേജിൽ വൻ തീപിടിത്തം. നിർത്തിയിട്ടിരുന്ന പത്തോളം ബസുകൾ കത്തി നശിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേന സ്ഥലത്തെത്തയിട്ടുണ്ട്. തീ പിടിത്തതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ആന്ധ്രാപ്രദേശ് ട്രെയിൻ അപകടം: മരണം 14
?️ആന്ധ്രപ്രദേശിലെ വിജയനഗരത്തിനു സമീപം കണ്ടകപ്പള്ളിയിൽ ട്രെയ്‌നുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 14 ആയി. 50 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ വിശാഖപട്ടണത്തെയും വിജയനഗരത്തിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി റെയ്‌ൽ അധികൃതർ. തിങ്കളാഴ്ച വൈകിട്ട് ഏഴിനായിരുന്നു ഹൗറ- ചെന്നൈ പാതയിൽ അപകടമുണ്ടായത്. റായഗഡ പാസഞ്ചർ ട്രെയ്‌ൻ, വിശാഖപട്ടണം പാലസ പാസഞ്ചർ ട്രെയ്നിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇതേത്തുടർന്നു 3 കോച്ചുകൾ പാളം തെറ്റി. പാളത്തിലെ തകരാർ പരിഹരിച്ച് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: വിധി നവംബർ 4ന്
?️ആലുവയിൽ 5 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി വിധി നവംബർ 4ന്. 15 ദിവസം കൊണ്ട് വിചാരണ അതിവേഗം പൂർത്തിയാക്കി കുറ്റകൃത്യം നടന്ന് 100 ദിനത്തിലാണ് വിധി പ്രഖ്യാപിക്കുന്നത്. എറണാകുളം പോക്സോ കോടതിയാണ് വിധി പറയുക. ബിഹാർ സ്വദേശി അസഫാക് ആലമാണ് കേസിൽ പ്രതി.
കോഴിക്കോട് എടച്ചേരിയിൽ മിന്നലേറ്റ് 7 പേർക്ക് പരിക്ക്
?️ കോഴിക്കോട് എടച്ചേരിയിൽ ഇടിമിന്നലേറ്റ് ഏഴുപേർക്ക് പരിക്ക്. എട്ടാം വാർഡ് എടച്ചേരി നോർത്തിലാണ് സംഭവം. തൊഴിലുറപ്പ് സ്ത്രീകൾക്കാണ് മിന്നലേറ്റത്. ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. ആറു പേരെ നാദാപുരം ആശുപത്രിയിലും ഒരാളെ വടകര ഗവൺമെന്‍റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
മൂന്നാർ കേറ്ററിങ് കോളെജ് ഹോസ്റ്റലും ഭൂമിയും ഒഴിപ്പിക്കുന്നു
?️മൂന്നാർ കേറ്ററിങ് കോളെജ് ഹോസ്റ്റൽ കെട്ടിടവും ഇതിനോടനുബന്ധിച്ചുള്ള 7.07 ഏക്കർ ഭൂമിയും ഒഴിപ്പിക്കുന്നു. കെട്ടിടത്തിൽ നിന്ന് ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇടുക്കി സബ് കലക്‌ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കുന്നത്.
അതേസമയം, കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ അറിഞ്ഞെത്തിയ ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകുമാറിനെ അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല, മുൻവശത്തെ ഗേറ്റ് പൂട്ടി അകത്തേക്ക് പ്രവേശനം ഇല്ല എന്ന് അറിയിക്കുകയായിരുന്നു.
വിനായകനെ തള്ളി കെപിഎംഎസ്
?️കൊച്ചിയിൽ പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ വിനായകനെ തള്ളി കെപിഎംസ്. വിനായകനെ പോലുള്ളവർ സമൂഹത്തിന്‍റെ പൊതു സ്വത്താണെന്നും വിഷയം ജാതി കൊണ്ട് അടയ്‌ക്കേണ്ടതില്ലെന്നും കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ വ്യക്തമാക്കി. ഇത്തരക്കാർ പൊതുവിടങ്ങളിൽ പാലിക്കേണ്ട മര്യാദകളുണ്ട്, അത് പാലിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നടപടിയിൽ അനുകൂലവും പ്രതികൂലവുമായ വാദപ്രതിവാദങ്ങൾ നടക്കവെയാണ് കെപിഎംഎസ് നിലപാട് വ്യക്തമാക്കിയത്.
തെരുവുനായ ആക്രമണം; പത്തനംതിട്ടയിൽ ഡോ.രജത് കുമാറുൾപ്പെടെ മൂന്നു പേർക്ക് പരിക്ക്
?️ പത്തനംതിട്ടയിൽ തെരുവുനായ ആക്രണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. അധ്യാപകനും ടെലിവിഷൻ താരവുമായ ഡോ. രജിത് കുമാർ ഉൾപ്പെടെ മൂന്നുപേർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് മൂന്നിടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. രാവിലെ ഏഴുമണിയോടെ കുമ്പഴയിൽവെച്ച് മലയാലപ്പുഴ സ്വദേശി രാജു എന്നയാൾക്കാണ് നായയുടെ കടിയേറ്റത്. പിന്നീട് കണ്ണങ്കര ഭാഗത്തുവെച്ച് മുരുകൻ എന്ന ഇതരസംസ്ഥാനത്തൊഴിലാളിക്കും കടിയേറ്റു. എട്ടുണിയോടെ സിനിമാ ചിത്രീകരണത്തിനായെത്തിയ ഡേ. രജിത് കുമാറിനും കടിയേൽക്കുകയായിരുന്നു.
കണ്ണൂരിൽ മാവോയിസ്റ്റ് ആക്രമണം
?️കണ്ണൂർ ആറളത്ത് വനംവകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തു. രക്ഷപ്പെടുന്നതിനിടെ വീണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതോടെ പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. ഇരിട്ടി ആറളം മേഖലയിൽ നേരത്തെയും ആക്രമണം ഉണ്ടായിട്ടുണ്ട്. വിവരമറിഞ്ഞ് പൊലീസ് തണ്ടർബോട്ടും സ്ഥലത്തെത്തിയിട്ടുണ്ട്.
‘ഭാരവാഹിത്വം അലങ്കാരമല്ല, പ്രവർത്തകർക്ക് ആശയവും ആവേശവും നൽകേണ്ട പദവിയാണ്’
?️കോൺഗ്രസ് പ്രാദേശിക നേതാക്കളെ കുറ്റപ്പെടുത്തി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ രംഗത്ത്. കേരളത്തിൽ കോൺഗ്രസ് പാർട്ടി പിന്നിൽ നിൽക്കുന്നതിന്‍റെ കാരണം ഇവരാണ്. പ്രാദേശിക നേതാക്കൾക്ക് പ്രതീക്ഷക്കൊത്ത് വളരാനും പ്രവർത്തകരെ സംഘടിപ്പിക്കുവാനും സാധിക്കുന്നില്ല. ഭാരവാഹിത്വം അലങ്കാരമല്ല, പ്രവർത്തകർക്ക് ആശയവും ആവേശവും നൽകേണ്ട പദവിയാണെന്നും സുധാകരൻ പറഞ്ഞു. രണ്ടു മാസം മുമ്പേ തീരേണ്ടതാണ് മണ്ഡല പുനഃസംഘടന. ഇതുവരെ പൂർത്തികരിക്കാനായിട്ടില്ല. ഇങ്ങനെ നീളുന്നതിന്‍റെ ഉത്തരവാദിത്തം കെപിസിസിക്കല്ല. പ്രാദേശിക തലത്തിൽ പോലും നേതാവിനെ കണ്ടെത്താൻ സാധിക്കാത്തവരെക്കുറിച്ച് എന്ത് പറയാനാണ്. ഇക്കാര്യത്തിൽ ഡിസിസി പ്രസിഡന്‍റ് ഉൾപ്പെടെ ജില്ലയിലെ നേതാക്കൾക്കെല്ലാം ഉത്തരവാദിത്തമുണ്ട്.
‘ഇന്ത്യ’ മുന്നണിയുടെ പേരിൽ ഇടപെടാനാകില്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ
?️പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്നു പേരിട്ടതിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. രാജ്യത്തിന്‍റെ പേര് ഉപയോഗിച്ചതിനെതിരേ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണു കമ്മിഷൻ നിലപാട് അറിയിച്ചത്. രാഷ്‌ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാൻ കമ്മിഷന് അധികാരമില്ല. 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം രാഷ്‌ട്രീയ കക്ഷിയുടെ രജിസ്ട്രേഷനിൽ മാത്രമേ ഞങ്ങൾക്ക് അധികാരമുള്ളൂ. സഖ്യങ്ങൾ നിയമപരമായ സ്ഥാപനങ്ങളല്ലെന്നും അവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷനു നിയമപരമായ വ്യവസ്ഥകളില്ലെന്നുമുള്ള കേരള ഹൈക്കോടതി വിധിയും കമ്മിഷന്‍റെ സത്യവാങ്മൂലത്തിൽ പരാമർശിച്ചു.
ഇൻസ്പെക്ടർക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തു
?️ശ്രീനഗറിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന പൊലീസ് ഇൻസ്പെക്‌ടർക്ക് വെടിയേറ്റു. ഇൻസ്പെക്‌ടർ മസ്റൂർ അഹമ്മദ് വാനിക്ക് നേരെയാണ് തീവ്രവാദികൾ വെടിവെച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ ഒന്നലധികം വെടിയേറ്റതായാണ് വിവരം. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ബഘേൽ നാമനിർദേശ പത്രിക സമർപ്പിച്ചു
?️നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായുള്ള നാമനിർദേശ പത്രിക സമർപ്പിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ. ദുർഗ് ജില്ലയിലെ പഠാൻ മണ്ഡലത്തിൽ നിന്നു തന്നെയാണ് ഇത്തവണയും ബഘേൽ മത്സരിക്കുന്നത്.
എനിക്കു ജീവനുള്ള കാലത്തോളം തെലങ്കാന മതേതര സംസ്ഥാനമായി തുടരും: കെസിആർ
?️താൻ ജീവനോടെ ഇരിക്കും വരെ തെലങ്കാന സമാധാന പ്രിയ- മതേതര സംസ്ഥാനമായി തുടരുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് പ്രസിഡന്‍റുമായ കെ. ചന്ദ്രശേഖർ റാവു. ജുക്കാലിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നിച്ച് കാണാനാണ് ബിആർഎസ് ആഗ്രഹിക്കുന്നത്. മറ്റു സംസ്ഥാനങ്ങൾക്ക് സംസ്ഥാനം ഒരു മാതൃകയാണെന്നും കെസിആർ പറഞ്ഞു.
മമത ബാനർജിക്കെതിരേയുള്ള പരാതി തള്ളി കോടതി
?️ദേശീയ ഗാനത്തെ അവഹേളിച്ചുവെന്നാരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ നൽകിയ പരാതി തള്ളി മാസ്ഗാവ് കോടതി. ബിജെപി മുംബൈ യൂണിറ്റിലെ പ്രവർത്തകനായ വിവേകാനന്ദ ഗുപ്തയാണ് മമതയ്ക്കേതിരേ പരാതി നൽകിയത്. 2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മുംബൈ സന്ദർശനത്തിനിടെ ഒരു പരിപാടിയിൽ പങ്കെടുക്കവേ ദേശീയ ഗാനം പാടുന്ന സമയത്ത് മമത ബാനർജി എഴുന്നേറ്റു നിന്നില്ലെന്ന് ആരോപിച്ചാണ് പരാതി നൽകിയിരുന്നത്.
എറണാകുളം – ഷൊർണൂർ റെയിൽ ട്രാക്ക് ഡിപിആർ നവംബറിൽ
?️ഏറെക്കാലമായി കാത്തിരിക്കുന്ന എറണാകുളം – ഷൊർണൂർ റെയിൽ കോറിഡോറിന്‍റെ മൂന്നും നാലും ട്രാക്കുകൾക്കായുള്ള വിശദ പദ്ധതി രേഖ (ഡിപിആർ) നവംബറിൽ അന്തിമ അംഗീകാരത്തിനായി സമർപ്പിക്കും. ഇതിനായുള്ള സർവേകളും അനുബന്ധ ജോലികളും പൂർത്തീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പാതയാണിത്. കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്നെത്തുന്ന ട്രെയിനുകളിൽ ബഹുഭൂരിപക്ഷവും എറണാകുളം – ഷൊർണൂർ പാതയിലൂടെയാണ് കടന്നുപോകുന്നത്. നിലവിലുള്ള ട്രാക്കിലെ വളവുകൾ നിവർത്തണമോ അതോ പുതുതായി നിർമിക്കുന്ന ട്രാക്കുകൾ ഇത്തരത്തിൽ നിർമ്മിച്ചാൽ മതിയോ എന്നുള്ള കാര്യവും റെയിൽവേ ബോർഡ് പരിശോധിക്കും.
നവംബർ മൂന്നുവരെ ശക്തമായ മഴ; 12 ജില്ലകളിൽ യെലോ അലർട്ട്
?️ഒക്ടോബർ 30 മുതൽ നവംബർ 3 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.
സിനിമ – സീരിയൽ താരം രഞ്ജുഷ മേനോൻ മരിച്ച നിലയിൽ
?️സിനിമാ – സീരിയൽ അഭിനേത്രി രഞ്ജുഷ മേനോനെ മരിച്ച നിലയിൽ കണ്ടെത്തി. 34 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് രഞ്ജുഷയെ കണ്ടെത്തിയത്. കൊച്ചി സ്വദേശിയായ രഞ്ജുഷ മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഒഫ് ഗോഡ്, തലപ്പാവ്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച 12, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങി നിരവധി സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.നിലവിൽ സീരിയലിൽ ലൈൻ പ്രൊഡ്യൂസറായി ജോലി ചെയ്യുന്നതിനിടെയാണ് മരണപ്പെട്ടത്. നടിക്ക് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
ആറാട്ടുപുഴ പാലത്തിൽ നിന്നും ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
?️പമ്പാനദിയുടെ കുറുകെയുള്ള ആറാട്ടുപുഴ പാലത്തിൽ നിന്നും നദിയിലേക്ക് ചാടിയ കൂടൽ സ്വദേശി സന്ദീപിന്റെ (25) മൃതദേഹം ഫയർഫോഴ്സ് സ്കൂബാ ടീം കണ്ടെടുത്തു. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി ആറന്മുള സ്റ്റേഷൻ ഇൻസ്‌പെക്ടർ സി കെ മനോജ് അറിയിച്ചു.
അഫ്‌ഗാനിസ്ഥാന് ലോകകപ്പിൽ മൂന്നാം ജയം
?️ലോകകപ്പിൽ മൂന്നാം ജയവും സ്വന്തമാക്കി അഫ്‌ഗാനിസ്ഥാൻ സെമി ഫൈനൽ സാധ്യത നിലനിർത്തി. ഇംഗ്ലണ്ടിനും പാക്കിസ്ഥാനും ശേഷം ശ്രീലങ്കയാണ് അഫ്‌ഗാന്‍റെ മികവിനു മുന്നിൽ അടിയറവ് പറയുന്ന മൂന്നാമത്തെ ടെസ്റ്റ് പ്ലെയിങ് രാജ്യം. മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി തെരഞ്ഞെടുത്തത് ഫീൽഡിങ്. ക്യാപ്റ്റന്‍റെ തീരുമാനം സാധൂകരിച്ച അഫ്ഗാൻ ബൗളർമാർ, മുൻ ലോക ചാംപ്യൻമാരെ 49.3 ഓവറിൽ 241 റൺസിന് എറിഞ്ഞിട്ടു. ആധികാരികമായ മറുപടിയിൽ അഫ്‌ഗാൻ 45.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5720 രൂപ
പവന് 45760 രൂപ