പ്രതിപക്ഷ പാർട്ടി നേതാവിനെ ഉള്‍പ്പെടുത്തി ഇസ്രയേലിൽ അടിയന്തര സര്‍ക്കാര്‍; യുദ്ധം കടുക്കുമെന്ന് ആശങ്ക
?️ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ യുദ്ധകാല അടിയന്തര സര്‍ക്കാര്‍ രൂപവത്കരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രതിപക്ഷ പാർട്ടിയായ ബ്ലൂ ആന്‍ഡ് വൈറ്റ് നേതാവ് ബെന്നി ഗാന്റ്‌സിനെയും ഉള്‍പ്പെടുത്തിയാണ് നെതന്യാഹുവിന്റെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം. അതിനിടെ, കരയുദ്ധത്തിലേക്ക് ഇസ്രയേൽ നീങ്ങുന്നെന്ന സൂചന നൽകി ഗാസ മുനമ്പിലും അതിർത്തി മേഖലകളിലും സൈനികനീക്കം ശക്തമായതായും റിപ്പോർട്ടുണ്ട്.
ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യന്‍ പൗരന്മാർക്കായി 24 മണിക്കൂർ ഹെൽപ്പ്‌ലൈന്‍
?️ഇസ്രയേൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ കൺട്രോൾ റൂം തുറന്നു. ടെൽ അവീവിലും രമല്ലയിലും എമർജൻസി ഹെൽപ്പ്‌ലൈനുകളും സ്ഥാപിച്ചു. ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യക്കാർക്ക് 24 മണിക്കൂറും ഇവിടങ്ങളിൽ നിന്നും സേവനം ലഭിക്കും. 20,000 ത്തിലേറെ ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളത്. ഇവരിൽ ആർക്കും ഹമാസ് ആക്രമണം നേരിടേണ്ടി വന്നതായി അറിവില്ലെന്നു മുംബൈയിലെ ഇസ്രയേൽ കോൺസുൽ ജനറൽ കോബ്ബി ശോഷനി പറഞ്ഞു. 14 വരെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ നിർത്തിവച്ചിരിക്കുകയാണ്. ഇതു പുനരാരംഭിക്കുന്നതു സംബന്ധിച്ച് ചർച്ചകൾ തുടരുന്നു.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഓസ്ട്രേലിയന്‍ മന്ത്രിതല സംഘം
?️ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററി ഉപമുഖ്യമന്ത്രി നിക്കോൾ മാനിസൺന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറില്‍ കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസം, തൊഴില്‍ശക്തി പരിശീലനം, വ്യാപാരം, ആരോഗ്യം, സാമ്പത്തിക വികസനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണ സാധ്യത ചര്‍ച്ച ചെയ്തു.
ന്യൂസ് ക്ലിക്കിന്‍റെ ഓഫീസിലും എഡിറ്ററുടെ വസതിയിലും സിബിഐ റെയ്ഡ്
?️ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണം നേരിടുന്ന ന്യൂസ് ക്ലിക് സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുരകായസ്തയുടെ വീട്ടിൽ സിബിഐ റെയ്ഡ്. ന്യൂസ് ക്ലിക്കിന്‍റെ ഓഫീസിലും സിബിഐ പരിശോധന നടത്തി. വിദേശ ഫണ്ട് നിയന്ത്ര നിയമം പ്രകാരം ന്യൂസ് ക്ലിക്കിനെതിരേ സിബിഐ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഡൽഹി പൊലീസ് യുഎപിഎ ചുമത്തി പ്രബീറിനെയും ന്യൂസ് ക്ലിക്കിന്‍റെ എച്ച് ആർ മേധാവി അമിത് ചക്രബർത്തിയെയും അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച ഇരുവരെയും കോടതി 10 ദിവത്തേക്ക് റിമാൻഡിൽ വിട്ടു. ഡൽഹി പൊലീസിനു പുറകേ ഇഡിയും ഇൻകം ടാക്സ് വകുപ്പും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. അതിനു പുറകേയാണ് സിബിഐ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇന്ത്യാ വിരുദ്ധ പ്രചരണത്തിനായി ചൈനീസ് മാധ്യമശൃംഖലയുമായി അടുത്ത ബന്ധമുള്ളു യുഎസിലെ ശത കോടീശ്വരനിൻ നിന്നും ന്യൂസ് ക്ലിക് പണം കൈപ്പറ്റിയെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഭീഷണി ഉയർത്തി ഖാലിസ്ഥാൻ ഭീകര സംഘടന
?️ഹമാസ് മാതൃകയിൽ ഇന്ത്യയിൽ അക്രമം നടത്തുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകര സംഘടന. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവൻ ഗുർപത്വന്ത് സിങ് പന്നൂൻ ആണ് ഭീഷണി മുഴക്കിയത്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഹമാസ് മാതൃകയിലുള്ള ആക്രമണം നടത്തുമെന്നാണ് ഭീഷണി. മാത്രമല്ല പ്രധാനമന്ത്രിയെ പാഠം പഠിപ്പിക്കുമെന്നും നിജ്ജാറിന്റെ വധത്തിന് പകരം വീട്ടുമെന്നും ഗുർപത്വന്ത് സിങ് വീഡിയോ സന്ദേശത്തിൽ പറയുന്നു.
കരുവന്നൂർ പദയാത്ര; 500 പേർക്കെതിരെ കേസ്
?️കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് നടത്തിയ പദയാത്രയ്ക്കെതിരെ പൊലീസ് നടപടി. സുരേഷ് ഗോപിയും മറ്റ് ബിജെപി നേതാക്കളും ഉൾപ്പെടെ 500 പേർക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. പദയാത്ര നടത്തി ഗതാഗത തടസം സൃഷ്ടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
ആറു സംസ്ഥാനങ്ങളിലെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്
?️6 സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പരിശോധന നടന്നത്. ഡൽഹിയിൽ ഷഹീൻബാഗ് ഉൾപ്പെടെ മൂന്നിടങ്ങളിലാണ് റെയ്ഡ്. തമിഴ്നാട്ടിൽ പത്തിടങ്ങളിലാണ് പരിശോധന നടന്നത്. മധുരയിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിലും പരിശോധന നടത്തി. ഡൽഹിയിൽ നിരവധി പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈയിൽ വക്രോളി മേഖലയിലാണ് പരിശോധന. 2006 ലെ ട്രെയിൻ സ്ഫോടന കേസിൽ പ്രതിചേർക്കപ്പെട്ട് പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ട വഹിദ് ഷെയ്ക്കിന്‍റെ വീട്ടിൽ പുലർച്ചെ 5 മണിയോടെയാണ് എൻഐഎ സംഘം പരിശോധനയ്ക്കെത്തിയത്.
പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ എന്‍ഐഎ അന്വേഷണം റദ്ദാക്കണം; പ്രതികൾ ഹൈക്കോടതിയിൽ
?️പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതികൾ ഹൈക്കോടതിയിൽ. കേസ് കൈമാറിയ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് പ്രതികളുടെ വാദം. കരമ അഷ്റഫ് മൗലവി അടക്കമുള്ള കേസിലെ 10 പ്രതികളാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഹർജി കോടതി ഇന്ന് പരിഗണിക്കും. എന്‍ഐഎയുടെ നടപടികൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളൊന്നും കേസിൽ ഇല്ലെന്നും പ്രതികൾ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ഒഡീശ ട്രെയിൻ ദുരന്തം: 28 അജ്ഞാത മൃതദേഹങ്ങൾ സംസ്കരിച്ചു
?️ഒഡീശ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ട അവകാശികളില്ലാത്ത 28 പേരുടെ മൃതദേഹങ്ങൾ ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ സംസ്കരിച്ചു. ബന്ധുക്കളോ സുഹൃത്തുക്കളോ അവകാശമുന്നയിക്കാത്ത 28 പേരുടെ മൃതദേഹങ്ങളാണ് ബുധനാഴ്ച സംസ്കരിച്ചത്. കഴിഞ്ഞ നാലു മാസമായി മൃതദേഹങ്ങൾ ഭുവനേശ്വർ എയിംസിലെ കണ്ടെയ്നറുകളിൽ ശീതീകരിച്ചു സൂക്ഷിച്ചിരിക്കുകയായിരുന്നു. ഭാരത്പുർ ശ്മശാനത്തിൽ ദഹിപ്പിച്ച മൃതദേഹങ്ങളുടെ അസ്ഥികൾ ശേഖരിച്ച് ജലാശയങ്ങളിൽ ഒഴുക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും മനുഷ്യാവകാശ കമ്മിഷന്‍റെയും നിർദേശങ്ങൾ അനുസരിച്ചാണ് മൃതദേഹങ്ങൾ സംസ്കരിച്ചതെന്ന് ബിഎംസി അധികൃതർ വ്യക്തമാക്കി. അന്വേഷണത്തിന്‍റെ ഭാഗമായി മരണപ്പെട്ടവരുടെ ഡിഎൻഎ സൂക്ഷിച്ചിട്ടുണ്ട്.
പത്താൻകോട്ട് ആക്രമണത്തിന്‍റെ മുഖ്യ ആസൂത്രകൻ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു
?️പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളിൽ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ പള്ളിയിൽ വച്ച് അജ്ഞാതരുടെ വെടിയേറ്റാണ് മരണം. 2016 ജനുവരി രണ്ടിന് ആരംഭിച്ച പത്താംകോട്ട് ആക്രമണത്തിന്‍റെ പ്രധാന സൂത്രധാരനാണ് 41 കാരനായ ഷാഹിദ് ലത്തീഫ്. നിരോധിത സംഘടനയായ ജയ്ഷെ മുഹമ്മദ് നേതാവ് കൂടിയാണ് ഇയാൾ. സിയാൽ കോട്ടിൽ നിന്ന് ആക്രമണം ഏകോപിപ്പിച്ചതും ആക്രമണം നടപ്പാക്കാൻ നാല് ജയ്ഷെ ഭീകരരെ പത്താം കോട്ടിലേക്ക് അയച്ചതും ഇയാൾ ആയിരുന്നു.
വ്യാജ സന്ദേശത്തിലൂടെ മുൻ കേന്ദ്രമന്ത്രിയുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടി
?️വ്യാജ ഫോൺ സന്ദേശത്തിലൂടെ മുൻകേന്ദ്ര മന്ത്രി ദയാനിധിമാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തു. ഞായറാഴ്ചയാണ് സംഭവം നടന്നത്. ബാങ്കിൽനിന്നെന്നെ വ്യാജേന ഫോൺ വിളിക്കുകയും പണമിടപാട് സംബന്ധിച്ച വിവരം തിരക്കുകയും ചെയ്തു. ഇതിനു പിന്നാലെ 99,999 രൂപ ഓൺലൈൻ വഴി പിൻവലിച്ചെന്ന് സന്ദേശം ലഭിച്ചു. തുടർന്ന് അദ്ദേഹം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശമദ്യ വിൽപ്പന നിർത്തി വയ്ക്കാൻ ഉത്തരവ്
?️സംസ്ഥാനത്ത് വിദേശ നിർമ്മിത മദ്യ വിൽപ്പന നിർത്തി വയ്ക്കാൻ നിർദേശം. ഈ മാസം 2 ന് വിദേശ മദ്യത്തിന്‍റെ വില 9 ശതമാനം വർധിപ്പിച്ചിരുന്നു. പുതിയ വില രേഖപ്പെടുത്തിയ ലേബൽ ഒട്ടിക്കുന്നതുവരെ നിലവിലുള്ള വിദേശ നിർമ്മിത വിദേശ മദ്യത്തിന്‍റെ സ്റ്റോക്ക് വിൽക്കേണ്ടെന്നാണ് ബെവ്കോ ജനറൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
വെളിപ്പെടുത്തലുമായി ബാസിത്
?️ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ ഓഫീസിനെതിരായ നിയമനത്തട്ടിപ്പു പരാതിയിൽ മന്ത്രിയുടെ പിഎ അഖിൽ മാത്യുവിന്‍റെ പേര് എഴുതിച്ചേർത്തത് താനാണെന്ന് സമ്മതിച്ച് കെ.പി. ബാസിത്. ആരോപണം ഉന്നയിച്ച ഹരിദാസനിൽ നിന്നും പണം തട്ടിയെടുക്കയാണ് ലക്ഷ്യമെന്നും ബാസിത് മൊഴി നൽകി. ബാസിത്തിനെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. ആരോഗ്യ മന്ത്രിക്കു നൽകിയ പരാതി തയാറാക്കിയത് തട്ടിപ്പു സംഘമാണെന്ന് ഹരിദാസൻ മൊഴി നൽകിയിരുന്നു.
ക്യാനഡയിലുള്ള ഖാലിസ്ഥാൻ ഭീകരന്‍റെ പഞ്ചാബിലെ സ്വത്ത് കണ്ടുകെട്ടി എൻഐഎ
?️ഖാലിസ്ഥാൻ ഭീകരന്‍റെ സ്വത്ത് കണ്ടുകെട്ടി എൻഐഎ. ഇന്ത്യ നിരോധിച്ച ഇന്‍റർനാഷനൽ സിഖ് യൂത്ത് ഫെഡറേഷൻ തലവൻ ലക്‌ബീർ സിങ് എന്ന ‘ലൻഡ’യുടെ പഞ്ചാബിലെ കൃഷി ഭൂമിയാണ് കണ്ടു കെട്ടിയത്. ഖലിസ്ഥാൻ കൊടുംഭീകരനായിരുന്ന ഭിന്ദ്രൻവാലയുടെ അനന്തരവനാണ് ലക്‌ബീർ. കേന്ദ്ര സർക്കാർ തലയ്ക്ക് 10 ലക്ഷം വിലയിട്ടിരിക്കുന്ന ലക്‌ബീർ സിങ് നിലവിൽ ക്യാനഡയിലെ ആൽബർട്ടയിലാണ് ഉള്ളത്. പഞ്ചാബിലെ മോഗയിലുള്ള ലക്‌ബീറിന്‍റെ വസതിയിൽ എൻഐഎയുടെയും പഞ്ചാബ് പൊലീസിന്‍റേയും സംയുക്ത പരിശോധനകൾക്കുശേഷമായിരുന്നു നടപടി.
പ്രധാനമന്ത്രിക്കെതിരേ വിമർശനവുമായി ഡിവൈഎഫ്ഐ
?️ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം. ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന്‍റെ ചരിത്രം നോക്കാതെ ഏകപക്ഷീയമായി ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് കുറ്റപ്പെടുത്തി. പ്രശ്ന പരിഹാരത്തിന് യുഎൻ നിർദ്ദേശിച്ചിട്ടുള്ള ദ്വിരാഷ്ട്ര വാദം എന്ന ആശയം നടപ്പാക്കാനാണ് ഇന്ത്യ ആവശ്യപെടേണ്ടതെന്നും ഡിവൈഎഫ്ഐ നേതൃത്വം ചൂണ്ടിക്കാട്ടി.
സഹകരണ രജിസ്ട്രാറും റബ്കോ എംഡിയും ഇഡിക്കു മുന്നിൽ
?️കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ റബ്കോ എംഡി ഹരിദാസന്‍ നമ്പ്യാരും സഹകരണ വകുപ്പിലെ രജിസ്ട്രാറും ഇഡിയുടെ ചോദ്യം ചെയ്യലിനായി ഹാജരായി. കരുവന്നൂര്‍ ബാങ്ക് റബ്‌കോയില്‍ വലിയ തുക നിക്ഷേപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാനായാണ് ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിച്ചത്. എന്നാൽ ബാങ്ക് പ്രതിസന്ധിയിലായിരുന്നപ്പോള്‍ നിക്ഷേപിച്ച പണം തിരിച്ചെടുക്കാനായി ശ്രമിച്ചങ്കിലും ഇതിന് ഫലം കണ്ടില്ല. തൃശൂരില്‍ റബ്‌കോയുടെ വിപണനം ഏറ്റെടുത്ത് നടത്തിയിരുന്നത് കരുവന്നൂര്‍ ബാങ്കായിരുന്നു.
കേരള ഹൈക്കോടതിയിലേക്ക് 5 പുതിയ ജഡ്ജിമാരെ നിയമിക്കാൻ ശുപാർശ
?️കേരള ഹൈക്കോടതിയിലേക്ക് അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീംകോടതി കോളീജിയം ശുപാർശ ചെയ്തു. കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് ഉൾപ്പെടെ 5 പേരെ നിയമിക്കാനാണ് ശുപാർശ. എം.ബി സ്നേഹലതയ്ക്ക് പുറമെ ജോണ്‍സണ്‍ ജോണ്‍ (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് – കല്‍പ്പറ്റ), ജി. ഗിരീഷ് (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് – തൃശൂർ), സി. പ്രതീപ്കുമാര്‍ (അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് – എറണാകുളം), പി. കൃഷ്ണകുമാര്‍ (രജിസ്ട്രാര്‍ ജനറല്‍ – ഹൈക്കോടതി) എന്നിവരെയും ഹൈക്കോടതി ജഡ്ജിമാരാക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു.
റഗുലേറ്ററി കമ്മീഷന് സർക്കാരിന്‍റെ കത്ത്
?️റദ്ദാക്കിയ 465 മെഗാവാട്ടിന്‍റെ ദീർഘകാല വൈദ്യുതി കരാർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റഗുലേറ്ററി കമ്മീഷന് സർക്കാരിന്‍റെ കത്ത്. വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് പ്രകാരമാണ് നടപടി. കരാറിൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന കമ്മീഷന്‍റെ കണ്ടെത്തലിൽ സർക്കാർ ഇടപെടില്ല. പൊതുജന താത്പര്യം മുൻനിർത്തിയാണ് പുനഃസ്ഥാപിക്കാനുള്ള നിർദേശമെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗം യുഡിഎഫ് കാലത്തെ കരാർ പുനഃസ്ഥാപിക്കാൻ തീരുമാനമെടുത്തത്.
മാസപ്പടി വിവാദം
?️മാസപ്പടി വിവാദത്തിൽ പരാതിയുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് പരാതിക്കാരന്‍റെ കുടുംബം. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാൻ ആഗ്രഹിക്കുന്നതായി കുടുംബം ഹൈക്കോടതിയെ അറിയിച്ചു. പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബു അടുത്തിടെ അസുഖം ബാധിച്ച് മരിച്ചിരുന്നു. തുടർന്നാണ് ഹർജി വീണ്ടും പരിഗണിക്കവെ കുടുംബം തീരുമാനം കോടതിയെ അറിയിച്ചത്.
കാർഷിക സർവകലാശാലയിൽ തൊഴിലാളികളെ വെട്ടിക്കുറയ്‌ക്കുമെന്ന് വിസി
?️കാർഷിക സർവകലാശാലയിൽ തൊഴിലാളികളെ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് വൈസ് ചാൻസ്‌ലർ ബി. അശോക്. ഈ സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ നൂറുപേരെ കുറയ്ക്കാനാണ് ലക്ഷ്‍യമിടുന്നതെന്നും ബി. അശോക് പറഞ്ഞു. ജീവനക്കാര്‍ക്കായുള്ള ഇ ഓഫീസ് രണ്ടാം ഘട്ട പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിസി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സർവകലാശാലയെ കരകയറ്റാനുള്ള മാർഗങ്ങളിലൊന്നാണ് ജീവനക്കാരെ പിരിച്ചു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര ഉണ്ണിയപ്പത്തിന്‍റെ വിലവർധനയിൽ പുതിയ പ്രതിഷേധം
?️കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ പ്രസാദമായ ഉണ്ണിയപ്പത്തിന് ദേവസ്വം ബോർഡ് അന്യായമായി വില വർധിപ്പിച്ചെന്നാണ് വിശ്വസിന്ദു പരിഷത്ത് പോലുള്ള സംഘടനകൾ ആരോപിക്കുന്നത്. ക്ഷേത്രത്തിൽ പ്രസാദമായി നൽകേണ്ട ഉണ്ണിയപ്പം ദേവസ്വംബോർഡിന്‍റെ ഒരു വരുമാനം മാർഗ്ഗം മാത്രമാക്കി മാറ്റി ഹൈന്ദവ സമൂഹത്തെ കൊള്ളയടിക്കുവാനുള്ള നീക്കാണിതെന്നും അവർക്കു പരാതിയുണ്ട്. ഇതിന്‍റെ പേരിൽ സമര പരമ്പരകൾക്കു തന്നെ തയാറെടുക്കുകയാണത്രെ ഹിന്ദുത്വ സംഘടന.
”ശിവൻകുട്ടി രാജി വച്ച് അന്വേഷണത്തെ നേരിടണം”; വി.ഡി. സതീശൻ
?️വി. ശിവൻകുട്ടി കില ചെയർമാനായിരുന്നപ്പോഴും നിലവിൽ തൊഴിൽ വകുപ്പ് മന്ത്രി ആയിരിക്കുമ്പോഴും നടത്തിയ മുഴുവൻ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കിലയിൽ പിൻവാതിൽ നിയമനം നേടിയ മുഴുവൻ ജീവനക്കാരെയും അടിയന്തരമായി പിരിച്ചു വിടാൻ സർക്കാർ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. വളഞ്ഞ വഴിയിലൂടെ ഇഷ്ടക്കാർക്ക് സർക്കാർ ജോലി നൽകുന്നതുവഴി മന്ത്രി ശിവൻകുട്ടി സത്യപ്രത്ജ്ഞ ലംഘനമാണ് നടത്തിയതെന്നും സത്യ പ്രതിജ്ഞ ലംഘനം നടത്തിയ ഒരാൾക്ക് ഒരു നിമിഷം പോലും മന്ത്രിയായരിക്കാനുള്ള അവകാശമില്ലെന്നും സതീശൻ വ്യക്തമാക്കി.
മുരിങ്ങൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് കത്തി നശിച്ചു
?️മുരിങ്ങൂരിൽ ദേശീയ പാതാ സർവീസ് റോഡിൽ അപകടത്തിൽ പെട്ട കാർ ഡിവൈഡറിൽ ഇടിച്ച് കത്തി നശിച്ചു. യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. മുരിങ്ങൂർ സിഗ്നലിനു സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരം പൂവാർ സ്വദേശി ഇടക്കൽ കോളനിയിൽ മാത്യുദാസിന്‍റെ മകൻ ഷാജികുമാറിന്‍റെ കാറാണ് കത്തി നശിച്ചത്. ഇയാൾ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ പ്രേഷിതനാണെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച പുലർച്ചയേയായിരുന്നു സംഭവം. സർവീസ് റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ലോറിയിലും ഇടിച്ചതിനു ശേഷം ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതോടെയാണ് കാറിന് തീ പിടിച്ചത്.
കണ്ണൂർ ഉളിക്കലിൽ കാട്ടാന ഇറങ്ങി
?️കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാന ഇറങ്ങി. ടൗണിലെ സിനിമാ തിയറ്റേറിനു സമീപമാണ് ആദ്യം ആനയെ കണ്ടത്. ആനയെ കണ്ട് ഭയന്നോടിയ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വനം വകുപ്പിന്‍റേയും പൊലീസിന്‍റേയും നേതൃത്വത്തിൽ ആനയെ തുരത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
കരണ്‍ ഥാപ്പറിനും രവീഷ് കുമാറിനും ഇന്ത്യന്‍ മീഡിയ പേഴ്‌സണ്‍ അവാര്‍ഡുകൾ
?️കേരള മീഡിയ അക്കാദമിയുടെ രണ്ടു വര്‍ഷത്തെ ഇന്ത്യന്‍ മീഡിയ പേഴ്‌സണ്‍ അവാര്‍ഡുകൾ പ്രഖ്യാപിച്ചു. 2021-22ലെ അവാര്‍ഡ് ടിവി അവതാരകന്‍ കരണ്‍ ഥാപ്പറിനും 2022-21ലെ അവാര്‍ഡ് എന്‍ഡിടിവി മുന്‍ സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്റർ രവീഷ് കുമാറിനുമാണ്. 2022-23ലെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ദ ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍. രാജഗോപാലിനാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയ അവാർഡുകൾ നവംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.
രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മിഷൻ
?️രാജസ്ഥാൻ നിയമസഭാ തിയതി മാറ്റി തെരഞ്ഞെടുപ്പു കമ്മിഷൻ. നവംബർ 23ന് നടക്കേണ്ട തെരഞ്ഞെടുപ്പ് നവംബർ 25ലേക്കാണ് മാറ്റിയത്. രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും ആവശ്യം പരിഗണിച്ചാണ് തീയതി മാറ്റിയത്. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വിവാഹിതയുടെ ഗർഭഛിദ്രം; കേന്ദ്ര സർക്കാർ ഹർജിയിൽ ഭിന്നവിധിയുമായി സുപ്രീം കോടതി
?️ വിവാഹിതയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടുള്ള വിധിക്കെതിരേ കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയുടെ ഭിന്നവിധി. ജസ്റ്റിസ്മാരായ ഹിമ കോഹ്ലി, ബി.വി. നാഗരത്ന എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. രണ്ട് മക്കളുള്ള സ്ത്രീയുടെ 26 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കുന്നതിന് ഒക്റ്റോബർ 9ന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. യുവതി വിഷാദരോഗിയാണെന്നും മൂന്നാമതൊരു കുഞ്ഞിനെ കൂടി വളർത്താൻ മാനസികവും സാമ്പത്തികവും വൈകാരികവുമായ കഴിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗർഭഛിദ്രത്തിന് അനുമതി തേടിയിരുന്നത്. ഇതിനെതിരേയാണ് കേന്ദ്രം ഹർജി സമർപ്പിച്ചത്. ഗർഭഛിദ്രം അനുവദിക്കുന്നതിനോട് തനിക്ക് താത്പര്യമില്ലെന്നാണ് ജസ്റ്റിസ് കോഹ്ലി പറഞ്ഞത്. എന്നാൽ സുപ്രീം കോടതിയുടെ ഉത്തരവ് ശരിയാണെന്ന പക്ഷമാണ് ജസ്റ്റിസ് നാഗരത്നത്തിന്‍റേത്.
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
?️കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുണ്ട്.
അഫ്ഗാനെ വീഴ്ത്തി ഇന്ത്യക്ക് രണ്ടാം ജയം |
?️ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റുമായി നിറഞ്ഞാടിയ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ലോകകപ്പിലെ രണ്ടാം ജയം ആഘോഷിച്ചു. ആദ്യം ബാറ്റ്ചെയ്ത അഫ്ഗാനിസ്ഥാൻ മുന്നോട്ടുവച്ച 273 റൺസ് ലക്ഷ്യം ഇന്ത്യ 90 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. നായകൻ രോഹിത് ശർമയുടെ 131(84) സെഞ്ചുറിയാണ് ഇന്ത്യൻ വിജയം വേഗത്തിലാക്കിയത്. 63 പന്തിൽ 100 തികച്ച രോഹിതിന്റെ ബാറ്റിൽ നിന്നും 16 ബൗണ്ടറികളും 5 സിക്സറുകളും പിറന്നു. സെഞ്ചുറി നേടിയ രോഹിത് ശർമയാണ് മത്സരത്തിലെ താരം.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5400 രൂപ
പവന് 43200രൂപ