?????
തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ബാക്കി; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ വെട്ടി ഇഡി
?️ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്‍റെ പ്രമോട്ടർമാർ 508 കോടി രൂപ നൽകിയതായി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ബാക്കി നിൽക്കേയാണ് ഇഡിയുടെ പൂട്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാദേവ് ആപ്പിന്‍റെ ഉടമകൾക്കെതിരെ ഇഡി അന്വേഷണം നടക്കുകയാണ്. സംസ്ഥാനത്തുനിന്ന് 5.39 കോടി രൂപ കണ്ടെടുത്തതിനു പിന്നാലെ അറസ്റ്റിലായ അസിം ദാസ് എന്നയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇഡിക്ക് വിവരം ലഭിച്ചതത്രേ.
ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ടിന് നിരോധനം; തൃശൂർ പൂരം വെടിക്കെട്ടിനും പിടിവീഴും
?️സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്. വെടിക്കെട്ട് ശബ്ദം പരിസ്ഥിതി മലിനീകരണങ്ങൾക്കും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ല കലക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കളമശേരി ബോംബ് സ്‌ഫോടനം: തിരിച്ചറിയൽ പരേഡിന് കോടതി അനുമതി
?️കളമശേരി ബോംബ് സ്‌ഫോടനക്കേസില്‍ തിരിച്ചറിയല്‍ പരേഡിന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ അനുമതി. പരേഡിന് സജ്ജീകരണം ലഭ്യമാക്കണമെന്ന് കാക്കനാട് ജില്ലാ ജയില്‍ അധികൃതരോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. കേസിലെ ഏക പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ കാക്കനാട് ജില്ലാ ജയിലിലാണ്.
യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു
?️ഹമാസ്- ഇസ്രയേൽ യുദ്ധത്തിൽ പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9,061 ആയി. മരണ സംഖ്യ ഉയരുന്നതിനിടെയും ഇസ്രയേൽ ഗാസയിൽ അതിശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് വ്യോമാക്രമണത്തിൽ 3,760 കുട്ടികൾ ഇതുവരെ കൊല്ലപ്പെട്ടു. സൈന്യം ഗാസ സിറ്റിയെ വളഞ്ഞിരിക്കുകയാണ്. യുദ്ധം തുടരമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന അന്താരാഷ്ട്ര സമ്മർദങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും ഇസ്രയേൽ വ്യക്തമാക്കി. വിജയിക്കും വരെ പോരാട്ടം തുടരുമെന്നും വെടി നിർത്തൽ അവസാനിപ്പിച്ച് പലസ്തീനു മുന്നിൽ കീഴടങ്ങില്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
സുരേഷ് ഗോപിക്കും ബിജെപിക്കുമെതിരേ തൃശൂർ അതിരൂപത
?️ബിജെപിക്കും സുരേഷ്ഗോപിക്കുമെതിരേ തൃശൂർ അതിരൂപത. തെരഞ്ഞെടുപ്പിൽ ജനങ്ങൾ മണിപ്പൂരിനെ മറക്കില്ലെന്നും മണിപ്പൂർ വിഷയത്തിലെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ള ആർക്കും മനസിലാകുമെന്നും അതിരൂപത വിമർശിക്കുന്നു. അതിരൂപതാ മുഖപത്രത്തിലെ ലേഖനത്തിലാണ് വിമർശനം. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങളില്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ് ഗോപിക്ക് പരിഹാസം. മണിപ്പൂരിലും യുപിയിലും നോക്കിയിരിക്കേണ്ട അവിടെ കാര്യങ്ങൾ നോക്കാൻ ആണുങ്ങൾ ഉണ്ടെന്ന സുരേഷ്ഗോപിയുടെ പ്രസ്താവനക്കും മുഖപത്രത്തില്‍ വിമർശനമുണ്ട്. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആണത്തമുണ്ടോയെന്നുമാണ് മറുചോദ്യം.
പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നു ഭൂരിപക്ഷം നേതാക്കളും പിന്മാറി
?️ആര്യാടൻ ഷൗക്കത്തിന്‍റെ നേതൃത്വത്തിൽ നടത്തുന്ന മലപ്പുറത്തെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് കെപിസിസി മുന്നറിയിനെ തുടർന്ന് ഭൂരിഭാഗം നേതാക്കളും പിന്മാറി. പങ്കെടുക്കുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്ന നിർദേശത്തെ തുടർന്നാണ് പിൻവാങ്ങൽ. അതേസമയം, പ്രധാന നേതാക്കൾ വന്നില്ലെങ്കിലും പരിപാടി നടക്കുമെന്ന് ആര്യാടൻ ഫൗണ്ടേഷൻ അറിയിച്ചു. താക്കീത് നൽകിക്കൊണ്ടുള്ള കെപിസിസി നിർദേശം കിട്ടിയിട്ടില്ല. ഐക്യദാർഢ്യം വിഭാഗീയ പ്രവർത്തനം അല്ലെന്നും ആര്യാടൻ ഷൗക്കത്ത് വാർത്താക്കുറിപ്പിൽ പറഞ്ഞു. കെപിസിസി കത്ത് കിട്ടിയാൽ മറുപടി നൽകുമെന്നും ആര്യാടൻ ഫൗണ്ടേഷന്‍റെ പേരിലിറക്കിയ വാർത്താക്കുറിപ്പിൽ ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കിയിരുന്നു.
വൈദ്യുതി നിരക്കിനു പിന്നാലെ വെള്ളക്കരവും കൂട്ടും
?️വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി ജനം. വൈദ്യുതി നിരക്കിനു പിന്നാലെ വെള്ളക്കരവും കൂട്ടാനൊരുങ്ങി ജനങ്ങള്‍ക്ക് ഇരട്ട ഷോക്ക് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. നിലവിലെ നിരക്ക് 5 ശതമാനം കൂട്ടാനാണ് തീരുമാനം. ജല അതോറിറ്റിയുടെ ശുപാര്‍ശ ഫെബ്രുവരിയിൽ സര്‍ക്കാരിന് നൽകും. ഏപ്രിൽ 1 മുതലാണ് നിരക്ക് 5 ശതമാനമായി കൂടുക. ഇത് പ്രാബല്യത്തിലായാല്‍ പ്രതിമാസ ബില്ലില്‍ 60 രൂപ വരെ കൂടും. ഇതിനായുള്ള ആലോചനകൾ നടക്കുന്നതേ ഉള്ളൂ എന്നാണ് ജല വകുപ്പ് മന്ത്രിയുടെ പ്രതികരണം.
റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധി
?️അടുത്ത മാസം മുതൽ റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ. റേഷൻ വ്യാപാരി സംഘടനയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഒരു മാസത്തെ റേഷൻ വിതരണം അവസാനിച്ച് അടുത്ത മാസത്തെ റേഷൻ വിതരണം ആരംഭിക്കും മുൻപ് ഇപോസ് മെഷീനിൽ ക്രമീകരണം വരുത്തേണ്ടതുണ്ട്.
ഇഡിയും, സിബിഐയും, ഇൻകം ടാക്സ് വകുപ്പും ബിജെപിയുടെ പ്രചാരകർ: കോൺഗ്രസ്
?️ഇഡിയും സിബിഐയും ഇൻകം ടാക്സ് വകുപ്പും ബിജെപിയുടെ മുന്നണിപ്പോരാളികളും പ്രചാരകരുമാണെന്ന് കോൺഗ്രസ്. എഐസിസി ആസ്ഥാനത്തു നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയാണ് വിമർശനം ഉന്നയിച്ചത്. അഴിമതിയും കോഴയും ഇല്ലാതാക്കാൻ ശ്രമിക്കേണ്ട ഉദ്യോഗസ്ഥർ അഴിമതിക്കേസിൽ പിടിയിലാകുകയാണെന്നും അദ്ദേഹം പറഞ്ഞു.15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇഡി ഓഫിസർ രാജസ്ഥാനിൽ അറസ്റ്റിലായതിനു പുറകേയാണ് കോൺഗ്രസിന്‍റെ രൂക്ഷ വിമർശനം.
ഡൽഹിയിൽ 2 ദിവസം സ്കൂളുകൾക്ക് അവധി
?️വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് 2 ദിവസത്തേക്ക് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ഇലക്‌ട്രൽബോണ്ട് പദ്ധതിയിൽ വൈകല്യങ്ങളുണ്ടെന്ന് സുപ്രീംകോടതി
?️ഇലക്‌ട്രൽബോണ്ട് പദ്ധതിയിൽ ഗുരുതര വൈകല്യങ്ങളുണ്ടെന്ന് സുപ്രീംകോടതി. ഇത് പരിഹരിച്ച് പുതിയ സംവിധാനം രൂപീകരിച്ചുകൂടെയെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു. പുതിയ സംവിധാനം രൂപീകരിക്കാൻ കോടതി ഇടപെടില്ല. സംഭാവനകൾ സ്വീകരിക്കാൻ കുറ്റമറ്റ സംവിധാനം ഉണ്ടാക്കേണ്ടത് നിയമനിർമാണ സഭകളുടെയും ബന്ധപ്പെട്ടവരുടെയും ഉത്തരവാദിത്വമാണെന്നും കോടതി നിരീക്ഷിച്ചു. ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്‌തുള്ള ഹർജികളിൽ ഭരണഘടനാബെഞ്ച് വാദംകേൾക്കൽ പൂർത്തിയാക്കി. ഹർജികൾ വിധി പറയാൻ മാറ്റി.
തമിഴ്‌നാട്ടിൽ ദുരഭിമാനക്കൊല
?️വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് വിവാഹിതരായ ദമ്പതികള്‍ മൂന്നു ദിവസത്തിനുശേഷം കൊല്ലപ്പെട്ട നിലയില്‍. വ്യാഴാഴ്ച തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. ദുരഭിമാനക്കൊലയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്ന മാരിസെല്‍വം(24),കാര്‍ത്തിക(20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലുള്ള ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഇവര്‍ വിവാഹിതരായത്. കാര്‍ത്തികയുടെ ബന്ധുക്കളാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതിയിൽ ആശ്വാസം
?️അദാനിക്കെതിരെ ലേഖനമെഴുതിയതിന് ഗുജറാത്ത് പൊലീസ് കേസ് എടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇടക്കാലാശ്വാസം നല്‍കി സുപ്രീംകോടതി. ശക്തമായ ഒരു നടപടിയും ഗുജറാത്ത് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് സുപ്രീംകോടതി ഗുജറാത്ത് പൊലീസിനോട് ആവശ്യപ്പെട്ടു. രവി നായര്‍, ആനന്ദ് മാന്‍ഗനാലെ, എന്‍ബിആര്‍ അര്‍ക്കാഡിയോ എന്നിവര്‍ ആഗസ്റ്റ് 31 ന് എഴുതിയ ലേഖനത്തിലാണ് അദാനിക്കെതിരെ ഗുരുതര ആരോപണങ്ങളുള്ളത്. ഓര്‍ഗനൈസ്‌ഡ് ക്രൈം ആൻഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്‌ട് എന്ന ആഗോള ഇന്‍വസ്റ്റിഗേഷന്‍ ജേര്‍ണലിസ്റ്റ് ശൃംഖലയിലെ സ്റ്റാഫുകളാണ് ഇവർ.
മിസോറമിൽ ബിജെപി പതറും
?️തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറമിൽ മണിപ്പുർ കലാപം ബിജെപിയെ അലട്ടുന്നു. കുക്കികളോട് അനുഭാവം പുലർത്തുന്ന കൈസ്ര്‌തവരാണ് മിസോറമിലെ 87 ശതമാനവും. സംഘർഷം നിയന്ത്രിക്കുന്നതിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ പൂർണമായി പരാജയപ്പെട്ടതിൽ ജനങ്ങൾ കടുത്ത അമർഷത്തിലാണ്.
ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു
?️ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. ഫൈസലിന്റെ അയോഗ്യത റദ്ദാക്കി ലോക്‌സഭാ സെക്രട്ടറിയറ്റ് പുതിയ വിജ്ഞാപനം ഇറക്കി. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണിത്.
ഭൂട്ടാൻ രാജാവ് ഇന്ത്യയിലെത്തി
?️എട്ട് ദിവസം നീണ്ടു നിൽക്കുന്ന ഇന്ത്യൻ സന്ദർശനത്തിന് തുടക്കമിട്ട് ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നംഗ്യേൽ വാങ്ചുക്. ഗ്വാഹട്ടിയിലെത്തിയ വാങ്ചുക്കിനെ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമ സ്വീകരിച്ചു. ഗവർണർ ജഗദീഷ് മുഖിയും വിമാനത്താവളത്തിൽ രാജാവിനെ സ്വീകരിക്കാനായി എത്തിയിരുന്നു. ഭൂട്ടാനും ചൈനയുമായുള്ള അതിർത്തിത്തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഭൂട്ടാൻ രാജാവിന്‍റെ ഇന്ത്യാ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.
നിശാപാർട്ടികളിൽ ലഹരിക്കൊപ്പം ‘പാമ്പിൻ വിഷം’
?️നിശാപ്പാർട്ടികൾ ആഘോഷമാക്കാൻ ലഹരിക്കൊപ്പം പാമ്പിൻ വിഷവും ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ബിഗ്ബോസ് ഒടിടി വിജയി എൽവിഷ് യാദവിനെതിരേ കേസെടുത്ത് നോയ്ഡ പൊലീസ്. പാമ്പിൻ വിഷവുമായി നിശാപാർട്ടിയിൽ പങ്കെടുക്കാനെത്തിയ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 9 ജീവനുള്ള പാമ്പുകളെ പിടിച്ചെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി സംഘടിപ്പിക്കുന്ന പാർട്ടികളിൽ എൽവിഷ് യാദവ് പാമ്പിൻ വിഷം നൽകുന്നുവെന്നും വിദേശികൾ അടക്കം പാർട്ടികളിൽ പങ്കെടുക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.
ആൻഡമാൻ ദീപാവലി പാക്കേജുമായി റെയിൽവേ
?️യാത്ര ഇഷ്ടപ്പെടുന്നവർക്ക് ദീപാവലി സമ്മാനമായി ഒരു അടിപൊളി യാത്രാ പാക്കേജ് പ്രഖ്യാപിച്ച് റെയിൽവേ. ചുരുങ്ങിയ ചെലവിൽ 5 രാത്രിയും 6 പകലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ചെലവഴിക്കുന്നതിനുള്ള അവസരമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം( ഐആർസിടിസി) ഒരുക്കുന്നത്. നവംബർ 6 മുതൽ 24 വരെയാണ് പാക്കേജ്. പോർട്ട് ബ്ലെയറിൽ നിന്നുമാണ് യാത്ര ആരംഭിക്കുക. പോർട്ട് ബ്ലെയർ, നീൽ , ഹേവ്ലോക്ക് എന്നീ ഇടങ്ങളിലൂടെയാണ് കടന്നു പോകുക. ഫാമിലി ആൻഡമാൻ ഹോളിഡേസ്- ഗോൾഡ് എന്നാണ് പാക്കേജിന്‍റെ പേര്.
തമിഴ്നാട് മന്ത്രി വേലുവിന്‍റെ വീട്ടിലും ഓഫിസിലും ഐടി പരിശോധന
?️തമിഴ്നാട് പിഡബ്ല്യുഡി മന്ത്രി ഇ.വി. വേലുവിന്‍റെ വസതിയടക്കം 100 ലേറെ കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന. വെള്ളിയാഴ്ച രാവിലെയാണു പരിശോധന തുടങ്ങിയത്. തിരുവണ്ണാമലൈയിലെ കോളെജ്, കരൂർ ജില്ലയിലെ ഗാന്ധിപുരത്തുള്ള ധനകാര്യ സ്ഥാപനം, ഇവിടത്തെ വീട് തുടങ്ങി വേലുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെല്ലാം പരിശോധന തുടരുകയാണ്. കാസ ഗ്രാൻഡെ, അപ്പസാമി റിയൽ എസ്റ്റേറ്റ് എന്നീ റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഫിസുകളിലും ചില പിഡബ്ല്യുഡി കരാറുകാരുടെ ഓഫിസുകളിലും പരിശോധന നടക്കുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ പുരസ്കാരം കേരളത്തിന്
?️ഇത്തവണത്തെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ചു. തുടർച്ചയായ രണ്ടാംവർഷമാണ് കേരളത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്.
ഗാര്‍ഹിക പീഡന നിരോധന നിയമം കര്‍ശനായി നടപ്പാക്കാന്‍ പൊലീസിന് നിർദേശം
?️ഗാര്‍ഹിക പീഡന നിരോധന നിയമവും ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളും യഥാസമയം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുഖേന കര്‍ശനമായി നടപ്പാക്കുന്നതിന് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗാര്‍ഹിക പീഡന നിരോധന നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് പൊലീസ് അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കുക, മെയിന്‍റനന്‍സ് ഓര്‍ഡറുകളും കോടതി ഉത്തരവുകളും കര്‍ശനമായി നടപ്പാക്കുക എന്നീ ശിപാര്‍ശകള്‍ കേരള വനിതാ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി അറിയിച്ചു.
പാക്കിസ്ഥാനിൽ ബോംബ് സ്ഫോടനം
?️പാക്കിസ്ഥാനിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്ക്. വെള്ളിയാഴ്ച ഖൈബർപഖ്തുൻഖ്വ പ്രവശ്യയിലെ ദേരാ ഇസ്മയിൽ ഖാൻ നഗരത്തിലാണ് ആക്രമണം ഉണ്ടായത്. പൊലീസ് പെട്രോളിങ് നടത്തിയിരുന്ന സ്ഥലത്താണ് അക്രമികൾ ബോംബെറിഞ്ഞത്. തെഹ്രികെ താലിബാൻ വെടിനിർത്തൽ അവസാനിപ്പിച്ചതിനു പിന്നാലെ ഖൈബർപഖ്തുൻഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ ഭീകാരാക്രമണം വർധിച്ചിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു സൂചന നൽകി കങ്കണ
?️ഭഗവാൻ കൃഷ്ണന്‍റെ അനുഗ്രഹമുണ്ടെങ്കിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നു നടി കങ്കണ റണാവത്ത്. ഗുജറാത്തിലെ ദ്വാരകാധീശ ക്ഷേത്രത്തിൽ ദർശനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ.
രാഘവ് ഛദ്ദ മാപ്പ് പറയണമെന്ന് സുപ്രീം കോടതി
?️അനിശ്ചിതകാലത്തേക്ക് രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ എഎപി എം പി രാജ്യസഭാ ചെയർപേഴ്സൺ ജഗ്ദീപ് ധൻകറിനോട് നിരുപാധികം മാപ്പ് പറയണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ്മാരായ ജെ.ബി. പർദിയാവാല, മനോജ് മിശ്ര എന്നിവരങ്ങുന്ന ബെഞ്ചിന്‍റേതാണ് നിർദേശം. ദീപാവലി അവധിക്കു ശേഷം വിഷയം വീണ്ടും പരിഗണിക്കും.
ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാകാൻ തയാർ; പ്രിയങ്ക് ഖാർഗെ
?️കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്ന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ. മുഖ്യമന്ത്രിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.സിദ്ധരാമയ്യ സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുമ്പോൾ മുഖ്യമന്ത്രി സ്ഥാനമാറ്റം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പ്രിയങ്ക് ഖാർഗെ പ്രതികരിച്ചത്. എന്നാൽ നേതൃമാറ്റം സംബന്ധിച്ച് കാര്യത്തിൽ സിദ്ധരാമയ്യ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. താനാണ് മുഖ്യമന്ത്രിയെന്നും അഞ്ചുവർഷവും താൻ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. സിദ്ധരാമയ്യ സർക്കാർ രണ്ടരവർഷം പിന്നിടുമ്പോൾ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡ അടുത്തിടെ പറഞ്ഞിരുന്നു.
“കെപിസിസി പ്രസിഡന്‍റ് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം”; സുധാകരനെതിരേ സലാം
?️പലസ്തീൻ റാലിയിലേക്കുള്ള സിപിഎം ക്ഷണവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെതിരേ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നായിരുന്നു സാലാം പറഞ്ഞത്. സിപിഎമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നായിരുന്നു കെ. സുധാകരന്‍റെ പ്രതികരണം. സിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ പിഎംഎ സലാം അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണെന്നും അത് യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും വ്യക്തമാക്കി.
ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒൻപതിടത്ത് യെലോ
?️സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്, കോട്ടയം, കാസർകോട് ഒഴികെയുളള മറ്റ് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. ഇടുക്കിയിൽ അടുത്ത മൂന്നു ദിവസവും ഓറഞ്ച് അലർട്ടാണ്. അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ന
ഇന്ന് ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ടാണ്. നാളെ ഇടുക്കിയിലും എറണാകുളത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടുക്കി വന്യജീവി സങ്കേതത്തിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു; അന്വേഷണം
?️ഇടുക്കി വന്യ ജീവി സങ്കേതത്തിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു. ഇടുക്കി കാൽവരി മൗണ്ടിന് താഴെ ഇരുട്ടുകാനത്താണ് കോഴിക്കോട് സ്വദേശിയെ വനത്തിനുള്ളിൽ അവശനിലയിൽ ആദിവാസികൾ കണ്ടെത്തിയത്. തുടർന്ന് വനപാലകരെത്തി ഇയാളെ രക്ഷിക്കുകയായിരുന്നു. തുടർന്ന് യുവാവിനെ ബോട്ട് മാർഗം അഞ്ചുരുളിയിലെത്തിച്ചു. ഇയാൾ എന്തിനാണ് വനമേഖലയിൽ പ്രവേശിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.
മൂന്നാം ദിനം നില മെച്ചപ്പെടുത്തി കേരളം
?️ദേശീയ ഗെയിംസ് അത്ലറ്റിക്സിന്റെ മൂന്നാം ദിനം നില മെച്ചപ്പെടുത്തി കേരളം. ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ നേട്ടത്തിന്റെ പകിട്ടുമായെത്തിയ ആൻസി സോജൻ ലോംങ് ജംപിൽ പൊന്നണിഞ്ഞു. അത്ലറ്റിക്സിൽ ഒരു സ്വർണമുൾപ്പെടെ അഞ്ച് മെഡലുകളാണ് കഴിഞ്ഞ ദിവസം കേരളത്തിന്റെ നേട്ടം.
നേപ്പാളിന് ചരിത്ര നേട്ടം
?️അടുത്തവർഷം നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി നേപ്പാൾ. ആദ്യമായാണ് നേപ്പാൾ ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടുന്നത്. യോഗ്യത മത്സരത്തിൽ യുഎഇയെ എട്ട് വിക്കറ്റിനാണ് നേപ്പാൾ തോൽപ്പിച്ചത്. 2024 ൽ വെസ്‌റ്റിൻഡീസിലും യുഎസിലുമാണ് ട്വന്റി 20 ലോകകപ്പ് അരങ്ങേറുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സൗദിക്ക് താല്‍പ്പര്യം
?️അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും ലാഭം കൊയ്യുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബഹുകോടി ഡോളര്‍ ഓഹരി വാങ്ങാന്‍ സൗദി താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. മൂവായിരം കോടി ഡോളര്‍ മൂല്യമുള്ള ഒരു ഹോള്‍ഡിംഗ് കമ്പനിയിലേക്ക് ഐപിഎല്ലിനെ മാറ്റുന്നതിനെയും അതില്‍ സൗദി ഗണ്യമായ ഓഹരി എടുക്കുന്നതിനെയും കുറിച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകര്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു.
ഗോൾഡ് റേറ്റ്
പവന് : 45280രൂപ
ഗ്രാമിന് : 5660രൂപ