വാർത്താ പ്രഭാതം

 16.09.2023

കോഴിക്കോട് ഒരാൾക്കു കൂടി നിപ സ്ഥിരീകരിച്ചു; സമ്പർക്കപട്ടികയിൽ 950 പേർ
?️കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന 39 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഓഫീസ്‌ അറിയിച്ചു. ഇതോടെ നിപ ബാധിതരുടെ എണ്ണം അഞ്ചായി. സമ്പർക്ക പട്ടികയിൽ നിലവിൽ 950 പേരാണ് ഉള്ളത്. പട്ടികയിലെ 281 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇതിൽ 213 പേർ ഹൈ റിസ്ക് പട്ടികയിലാണ്.

ആദ്യം മരിച്ചയാൾക്കും നിപയെന്ന് സ്ഥിരീകരണം
?️സംസ്ഥാനത്ത് നിപ ജാഗ്രത തുടരുന്നതിനിടയിൽ ആദ്യം മരിച്ചയാൾക്കും നിപയെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇയാളെ ചികിത്സിച്ച ആശുപത്രിയൽ തൊണ്ടയിലെ സ്രവം ശേഖരിച്ചിരുന്നതായും ഇതു പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റിവാണെന്ന് അറിഞ്ഞതെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇയാളിൽ നിന്നുമാണ് രണ്ടാമത് മരിച്ചയാൾക്ക് സമ്പർക്കമുണ്ടായതെന്നാണ് നിഗമനമെന്നും മന്ത്രി വ്യക്തമാക്കി. 30 ആരോഗ്യ പ്രവർത്തകരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും അവലോകന യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു.

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച കൂടി അവധി
?️കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ‌ഒരാഴ്ച കൂടി അവധി തുടരും. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ജില്ലയിലെ ട്യൂഷൻ സെന്‍ററുകളും കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം.

നിപ: ചികിത്സയിലുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് മന്ത്രി വീണാ ജോർജ്
?️നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്‍റേതടക്കം നിപ പോസിറ്റീവ് ആയവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. കോഴിക്കോട് കലക്ടറേറ്റ് കോൺഗ്രസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നു വരികയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

നിപ: ശബരിമല തീർത്ഥാടകർക്ക് ആവശ്യമെങ്കിൽ മാർഗനിർദേശം നൽകണം: ഹൈക്കോടതി
?️കേരളത്തിൽ നിപ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആവശ്യമെങ്കിൽ ശബരിമല തീർത്ഥാടകർക്ക് മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. കന്നിമാസ പൂജകൾക്കായി നട തുറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർ‌ദേശം. ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി ആരോഗ്യ സെക്രട്ടറിക്ക് നിർദേശം നൽകി. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ തീര്‍ഥാടകരുടെ 34,860 ബുക്കിങ്ങുകളാണ് കന്നിമാസ പൂജകള്‍ക്കായി ഉള്ളത്.

നിപ വൈറസ് വ്യാജ സൃഷ്ടിയെന്ന് ഫെയ്സ് ബുക്ക് പോസ്റ്റ്; യുവാവിനെതിരേ കേസ്
?️നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരേ കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരേയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഐടി ആക്‌ട് പ്രകാരമാണ് കേസ്. നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു ഫെയ്സ് ബുക്ക് പോസ്റ്റ്. സംഭവം വിവാദമായതോടെ അനിൽ പോസ്റ്റ് പിൻ വലിച്ചെങ്കിലും പൊലീസ് കേസെടുക്കുകയായിരുന്നു.

മന്ത്രിസഭാ അഴിച്ചുപണി: ചർച്ച നടന്നിട്ടില്ലെന്ന് ആന്‍റണി രാജു, ഒന്നുമറിയില്ലെന്ന് സ്പീക്കർ
?️മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾ നടന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. മന്ത്രിസ്ഥാനം ഒഴിയുന്നതിൽ തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാൾ നല്ലതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പുനഃസംഘടനയെക്കുറിച്ച് അറിയില്ലെന്നായിരുന്നു സ്പീക്കർ എ.എൻ. ഷംസീറിന്‍റെ പ്രതികരണം. മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും പാർട്ടിയിലിങ്ങനെയൊരു ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുത്
?️സ്വകാര്യത അവകാശമാണെന്നും സർക്കാർ ധനസഹായത്തിന്‍റെ പേരിൽ എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്നും ഹൈക്കോടതി. സർക്കാർ ആനുകൂല്യത്തിനായി അപേക്ഷ നൽകുമ്പോൾ വിവരങ്ങൾ പരസ്യപ്പെടുന്നുവെന്ന പരാതിയിലാണു ഹൈക്കോടതിയുടെ ഇടപെടൽ. മലപ്പുറം സ്വദേശിയായ എച്ച്ഐവി ബാധിതനാണു കോടതിയെ സമീപിച്ചത്. സർക്കാർ സഹായത്തിനായുള്ള നിലവിലെ ഉത്തരവിൽ സ്വകാര്യതയുമായി ബന്ധപ്പെട്ട നിർദേശങ്ങളില്ല. അതിനാൽ പുതിയ മാർഗനിർദേശം സംബന്ധിച്ച് സർക്കാർ നടപടി സ്വീകരിക്കണമെന്നു കോടതി നിർദേശിച്ചു.

നിപ: മാർഗ നിർദേശങ്ങൾ പുറത്തിറക്കി കർണാടക
?️കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി അയൽ സംസ്ഥാനമായ കർണാടക. അതിർത്തി ജില്ലയിൽ നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിർത്തി പങ്കിടുന്ന കുടക്, ദക്ഷിണ, കന്നഡ, ചാമരാജനഗര, മൈസൂർ ജില്ലകളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

രാജീവ് ഗാന്ധി വധം: കുറ്റവാളികളെ ലങ്കയിലേക്ക് തിരിച്ചയക്കാൻ നടപടി
?️രാജീവ് ഗാന്ധി കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ നാലു ശ്രീലങ്കൻ സ്വദേശികളെയും ശ്രീലങ്കയിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്രം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. കേസിൽ ശ്രീഹരൻ എന്ന മുരുകൻ, ഭാര്യ എസ്, നളിനി, ശാന്തൻ, റോബർട്ട്, ജയകുമാർ, പേരറിവാളൻ, രവിചന്ദ്രൻ എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ടവർ. ഇതിൽ പേരറിവാളൻ, എസ്.നളിനി, രവിചന്ദ്രൻ എന്നിവരെ സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു. അവശേഷിക്കുന്ന മറ്റു മൂന്നു പേരും ലങ്കൻ സ്വദേശികളാണ്. തിരുച്ചിറപ്പള്ളിയിലെ വിദേശികളുടെ ജയിലിലാണിപ്പോൾ ഇവർ നാലു പേരും.

ആത്മകഥയുമായി സരിത എസ്. നായർ
?️സോളാർ കേസ് വിവാദങ്ങൾക്കിടെ ആത്മകഥയുമായി കേസിലെ പ്രതി സരിത എസ്. നായർ. ‘പ്രതിനായിക’ എന്ന ആത്മകഥയുടെ കവർ ഫെയ്സ് ബുക്കിലൂടെ സരിത പങ്കുവച്ചു. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്പോൺസ് ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്. സോളാർ വിവാദം വീണ്ടും കേരള രാഷ്ട്രീയത്തിൽ ശക്തമായ ചർച്ചയാവുന്നതിനിടെയാണ് പുസ്തകം പുറത്തുവരുന്നത്.

ചന്ദ്രബോസ് വധക്കേസ്
?️സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാം സ്ഥിരം കുറ്റവാളിയെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഇതു സംബന്ധിച്ച അധിക രേഖകൾ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. നിഷാം മുൻകാല ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നു രേഖകളിൽ വ്യക്തമാക്കുന്നു. സ്‌റ്റാൻഡിങ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് അധിക രേഖകള്‍ കോടതിയില്‍ രേഖ സമർപ്പിച്ചത്.

നൂഹ് കലാപം: കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍?️ഹരിയാനയിലെ നൂഹിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മാമ്മന്‍ ഖാന്‍ അറസ്റ്റില്‍. ചോദ്യം ചെയ്യാൻ വിളിച്ചെങ്കിലും ഹാജരാകാതിരുന്നതോടെയാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മാമ്മൻ ഖാനെ ചോദ്യം ചെയ്യാനായി രണ്ടു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഫിറോസ്പുര്‍ ജിര്‍ക്കയില്‍ നിന്നുള്ള എംഎല്‍എയാണ് മാമ്മന്‍ ഖാന്‍.

ബിഹാറിൽ ബോട്ട് അപകടം
?️ബിഹാറിലെ മുസാഫർപുർ ജില്ലയിൽ ബോട്ട് അപകടം. ബാഗ്‌മതി നദിയിലെ മധുപുർ ഘട്ടിനടുത്ത് ബോട്ട് മുങ്ങിയതിനെത്തുടർന്ന് പതിനാല് കുട്ടികളെ കാണാതായിട്ടുണ്ട്. സ്കൂളിലേക്കു പോകുകയായിരുന്ന 34 കുട്ടികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇരുപതു പേരെ രക്ഷപെടുത്താൻ സാധിച്ചു.

അനന്ത്നാഗ് ഏറ്റുമുട്ടൽ
?️അനന്ത്നാഗിൽ ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കി സൈന്യം. ഭീകരരുടെ താവളം കണ്ടെത്താനായി ഡ്രോണുകൾ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികർ വീരമൃത്യു പ്രാപിച്ചതിനു പിന്നാലെയാണ് സൈന്യം തെരച്ചിൽ ശക്തമാക്കിയിരിക്കുന്നത്. ഭീകരർ ഉണ്ടെന്നു തോന്നുന്ന പ്രദേശങ്ങളിൽ ഷെല്ലുകൾ പ്രയോഗിക്കുന്നുണ്ട്.

അലൻസിയർ നടത്തിയ പ്രസ്താവന തീർത്തും അപലപനീയമെന്ന് വനിതാ കമ്മീഷൻ
?️സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേളയില്‍ അവാർഡു ജേതാവായ നടൻ അലൻസിയർ നടത്തിയ പ്രസ്താവന തീർത്തും അപലപനീയമാണെന്ന് കേരള വനിത കമ്മിഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി. സാംസ്കാരിക കേരളത്തിന് നിരക്കാത്ത വിധത്തിലുള്ള പരാമർശമാണ് അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും സതീദേവി പറഞ്ഞു.

അലൻസിയറിനെതിരേ സജി ചെറിയാൻ
?️സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ, സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ നടൻ അലൻസിയർ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ. അലൻസിയറുടേത് തികച്ചും വില കുറഞ്ഞ വാക്കുകളായിരുന്നെന്നും അദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകടനം സ്ത്രീവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം അഭിപ്രായ പ്രകടനങ്ങളെ സാംസ്കാരിക കേരളം അവജ്ഞയോടെ തള്ളിക്കളയുമെന്നും അദ്ദേഹം പ്രതികരിച്ചു. സ്പെഷ്യൽ അവാർഡിന് അർഹരായവർക്കു കേവലം 25,000 രൂപയും പെൺപ്രതിമയും തന്ന് അപമാനിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യരുതെന്നായിരുന്നു നടൻ അലൻസിയറിന്‍റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങിലാണ് അലൻസിയറുടെ വിവാദ പരാമർശം.

നാശനഷ്ടത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ട് മണിപ്പൂർ പോലീസ്
?️മണിപ്പുരിൽ മേയ് മൂന്നിനു പൊട്ടിപ്പുറപ്പെട്ട ഗോത്ര കലാപത്തിൽ കൊല്ലപ്പെട്ടത് 175 പേർ. 1,118 പേർക്കു പരിക്കേറ്റു. 33 പേരെ കാണാതായി. 96 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ല. 4,786 വീടുകൾ കത്തിച്ചു. മണിപ്പുർ പൊലീസാണ് ഇപ്പോഴും അവസാനിക്കാത്ത കലാപത്തിലുണ്ടായ നാശനഷ്ടത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

വാഗമൺ ചില്ലുപാലത്തിലേക്കുള്ള പ്രവേശന ഫീസ് കുറച്ചു
?️വാ​ഗ​മ​ണ്ണി​ൽ കാ​ൻ​ഡി ലി​വ​ർ മാ​തൃ​ക​യി​ലു​ള്ള ഏ​റ്റ​വും നീ​ളം കൂ​ടി​യ ചി​ല്ലു​പാ​ലത്തിൽ കയറാനുള്ള ഫീസ് കുറച്ചു. 500 രൂപയായിരുന്ന ഫീസ് 250 രൂപയാക്കി പുതുക്കി നിശ്ചയിച്ചതായി ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ചില്ലു പാലം വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്. വാ​ഗ​മ​ണ്ണിലെ ചില്ലുപാലം ഇതിനോടകം തന്നെ വലിയ ആകർഷമായി മാറിക്കഴിഞ്ഞു. ഉദ്ഘാടനവേളയിലും, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെയും നിരവധിപേർ ചില്ലുപാലത്തിന്‍റെ പ്രവേശനഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

11 ജില്ലകളിൽ യെലോ അലർട്ട്, ഉയർന്ന തിരമാലയ്ക്ക് സാധ്യത
?️സംസ്ഥാനത്ത് മഴ ശക്തമായതിനെത്തുടർന്ന് 11 ജില്ലകളിൽ യെലോ അലർട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

22 അ​ത്‌ലറ്റു​ക​ള്‍ കൂ​ടി ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ല്‍
?️ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ന്‍ അ​ത്ല​റ്റു​ക​ളു​ടെ സം​ഘ​ത്തി​ല്‍ 22 പേ​രെ​ക്കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി. മു​മ്പ് ടീ​മി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 25 പേ​രെ മാ​റ്റി പ​ക​രം അ​ത്ല​റ്റ്സി​നെ ടീ​മി​ലെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 655 ആ​യി. ഇ​തു​കൂ​ടാ​തെ മൂ​ന്ന് സ​പ്പോ​ര്‍ട്ടി​ങ് സ്റ്റാ​ഫ്/ കോ​ച്ചു​മാ​രെ​ക്കൂ​ടി സം​ഘ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ല്‍ 921 പേ​രാ​യി. 260 പ​രി​ശീ​ല​ക​ര​ട​ക്ക​മാ​ണി​ത്. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഇ​ന്ത്യ അ​യ​യ്ക്കു​ന്ന ഏ​റ്റ​വും വ​ലി​യ സം​ഘ​മാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്.

ജ​ഡേ​ജ ക​പിൽ ദേവിനൊ​പ്പം
?️ഇ​ന്ത്യ​ക്ക് വേ​ണ്ടി ഏ​ക​ദി​ന​ത്തി​ല്‍ 2000 റ​ണ്‍സും 200 വി​ക്ക​റ്റും നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മാ​യി ജ​ഡേ​ജ മാ​റി. ഇ​തി​ഹാ​സ ക്യാ​പ്റ്റ​ന്‍ ക​പി​ല്‍ ദേ​വാ​ണ് നേ​ട്ടം കൊ​യ്ത ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ന്‍. 182 ഏ​ക​ദി​ന​ങ്ങ​ള്‍ ക​ളി​ച്ച ജ​ഡേ​ജ 123 ഇ​ന്നിം​ഗ്സു​ക​ളി​ല്‍ 2578 റ​ണ്‍സാ​ണ് നേ​ടി​യ​ത്. 43 ത​വ​ണ പു​റ​ത്താ​വാ​തെ നി​ന്നു. 87 റ​ണ്‍സാ​ണ് ഉ​യ​ര്‍ന്ന സ്കോ​ര്‍. 32.23 ശ​രാ​ശ​രി​യി​ലാ​ണ് ജ​ഡേ​ജ​യു​ടെ നേ​ട്ടം. 13 അ​ര്‍ധ സെ​ഞ്ചു​റി​ക​ള്‍ ജ​ഡേ​ജ​യു​ടെ അ​ക്കൗ​ണ്ടി​ലു​ണ്ട്.

പാക്കിസ്ഥാനെയും മഴയെയും തോൽപ്പിച്ച് ശ്രീലങ്ക ഫൈനലിൽ
?️ചരിത് അസലങ്കയുടെ മനക്കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ പാക്കിസ്ഥാൻ ബൗളിങ് നിരയ്ക്കായില്ല. സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ മഴയെപ്പോലും വെല്ലുവിളിച്ച് നേടിയ വിജയവുമായി ശ്രീലങ്ക ഫൈനലിൽ. ഞായറാഴ്ച നടക്കുന്ന കലാശ പോരാട്ടത്തിൽ ഇന്ത്യയാണ് എതിരാളികൾ. നേരത്തെ, മഴ കാരണം 45 ഓവർ മത്സരമാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. ടോസ് നേടിയ പാക് ക്യാപ്റ്റൻ ബാബർ അസം ബാറ്റിങ് തെരഞ്ഞെടുത്തു. ഇമാം ഉൽ ഹക്കിനു പകരം ടീമിലെത്തിയ ഓപ്പണർ അബ്ദുള്ള ഷഫീക്ക് 69 പന്തിൽ 52 റൺസെടുത്തു. വീണ്ടും മഴയെത്തിയതോടെ ലങ്കയുടെ വിജയലക്ഷ്യം 42 ഓവറിൽ 252 റൺസായി പുനർനിർണയിക്കുകയായിരുന്നു.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5470 രൂപ
പവന് 43760 രൂപ