വാർത്താ കേരളം
ഇഡിക്ക് പ്രതികാര മനോഭാവം പാടില്ല: സുപ്രീം കോടതി
?️എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സത്യസന്ധമായും നീതിയുക്തമായും പ്രവർത്തിക്കണമെന്നും, പ്രതികാര മനോഭാവം പാടില്ലെന്നും സുപ്രീംകോടതി. എം3എം എന്ന റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്‍റെ ഡയറക്റ്റർമാരെ അറസ്റ്റ് ചെയ്ത വിഷയത്തിലാണ് പരാമർശം. പങ്കജ്ബൻസാൽ, ബസന്ത് ബൻസാൽ എന്നിവരെ ജൂൺ 14ന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യാൻ
വിളിച്ചുവരുത്തിയ ശേഷം മറ്റൊരു കേസിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരേ ബൻസാൽ സഹോദരൻമാർ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതെത്തുടർന്ന് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണയും ജസ്റ്റിസ് സഞ്ജയ് കുമാറും ഉൾപ്പെട്ട ബെഞ്ചിന്‍റെ സുപ്രധാന പരാമർശം.
കാനഡയോട് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇന്ത്യ
?️ഈ മാസം 10ന് മുൻപ് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ, കാനഡയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തെച്ചൊല്ലിയുള്ള നയതന്ത്ര യുദ്ധത്തിന്‍റെ തുടർച്ചയായാണു നടപടി. 62 നയതന്ത്ര ഉദ്യോഗസ്ഥരാണു കാനഡയുടേതായി ഇന്ത്യയിലുള്ളത്. ഇത് 21ലേക്കു ചുരുക്കണമെന്നാണ് ആവശ്യം. എന്നാൽ, ഇന്ത്യയുടെയോ കാനഡയുടെയോ വിദേശകാര്യ മന്ത്രാലയങ്ങൾ റിപ്പോർട്ടിനോടു പ്രതികരിച്ചിട്ടില്ല.
നിയമന കോഴക്കേസിൽ ആദ്യ അറസ്റ്റ്
?️ആയുഷ് മിഷന് കീഴിൽ നിയമിക്കാമെന്നു ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിയുടെ സ്റ്റാഫിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തട്ടിപ്പിലെ മുഖ്യപ്രതി അഖിൽ സജീവിനൊപ്പം ചേർന്ന് ആയുഷ് മിഷന്‍റെ വ്യാജ ഇമെയിലുണ്ടാക്കിയ കോഴിക്കോട് കൊയിലാണ്ടി എകരൂൽ സ്വദേശി എം.കെ, റെയീസിനെയാണ് കന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിൽ ആദ്യമായാണ് ഒരാൾ അറസ്റ്റിലാകുന്നത്. തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരൻ അഖിൽ സജീവിനെയും കോഴിക്കോട് സ്വദേശി ലെനിൻ രാജിനെയും കഴിഞ്ഞ ദിവസം പ്രതി ചേർത്തിരുന്നു.
തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി
?️കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ക കോട്ടയം, ആലപ്പുഴ ജില്ലയ ക്യാമ്പുകൾ പ്ര..
ഔറംഗാബാദിലെ ഗാട്ടി ആശുപത്രിയിൽ 24 മണിക്കൂറിനിടെ 10 രോഗികൾ മരിച്ചു
?️മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും കൂട്ടമരണം. ഔറംഗാബാദിലെ ഗാട്ടി ആശുപത്രിയിലാണ് 24 മണിക്കൂറിനിടെ 2 നവജാത ശിശുക്കളടക്കം 10 രോഗികൾ മരിച്ചത്. മഹാരാഷ്ട്രയില്‍ 2 മാസത്തിനിടെ മൂന്നാമത്തെ കൂട്ടമരണമാണിത്. ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നുകള്‍ ഇല്ലാത്തതാണ് മരണ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ജീവൻരക്ഷാ മരുന്നുകൾക്ക് ലഭ്യതക്കുറവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഐജി ലക്ഷ്മണിനു 10,000 രൂപ പിഴയിട്ടു
?️മുഖ്യമന്ത്രിയുടെ ഓഫിസിനെതിരേ ഗുരുതര ആരോപണങ്ങളുയർത്തി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച ഐജി ലക്ഷ്മണിനു 10,000 രൂപ പിഴയിട്ടു. കോടതിയിൽ ഹർജി സമർപ്പിച്ച ശേഷം തന്‍റെ അനുവാദമില്ലാതെ അഭിഭാഷകനാണു വിവാദ പരാമർശങ്ങൾ കൂട്ടിച്ചേർത്തതെന്നു ലക്ഷ്മൺ അപേക്ഷ നൽകിയിരുന്നു. ഇതിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അഭിഭാഷകനെ പഴിചാരി ഹര്‍ജിക്കാരന് രക്ഷപ്പെടാനാവില്ലെന്ന് കോടതി നിലപാടെടുത്തു. ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിനു തുല്യമാണെന്നും കോടതി പറഞ്ഞു.
ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്ന വസതിയില്‍ ഡൽഹി പൊലീസ് റെയ്ഡ്
?️ഡൽഹിയിൽ വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയില്‍ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സർക്കാർ വസതിയിലും റെയ്ഡ്. ഡൽഹി പൊലീസാണ് റെയ്ഡ് നടത്തിയത്. കാനിംഗ് റോഡിലെ വസതിയിലാണ് പരിശോധന നടന്നത്. യെച്ചൂരി ഇവിടെയല്ല താമസിക്കുന്നത്. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് പരിശോധന. അതേ സമയം, ന്യൂസ് ക്ലിക്കിന് പണം നൽകിയ അമേരിക്കൻ വ്യവസായിയുമായി കാരാട്ട് ആശയ വിനിമയം നടത്തിയിരുന്നുവെന്ന് വ്യക്തമാക്കിയ ഇഡി കാരാട്ടിന്‍റെ ഇ മെയ്‌ലും പരിശോധിച്ചതായി വ്യക്തമാക്കി.
”അനിൽകുമാറിന്‍റെ തട്ടം പരാമർശം, പ്രസംഗത്തിൽ വന്ന പിശക്”; ഇ.പി. ജയരാജൻ
?️തട്ടം വിവാദ പരാമർശം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാറിന്‍റെ പിശകെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. അദ്ദേഹം തന്നെ ആ തെറ്റ് തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ആർഎസ്എസ് നയിക്കുന്ന ബിജെപി സർക്കാരിൽ നിന്നും മതന്യൂനപക്ഷങ്ങൾക്കു നേരെ കടുത്ത ആക്രമണമാണുണ്ടാവുന്നത്. ലക്ഷ്യദ്വീപിൽ ആഹാരത്തെ നിയന്ത്രിക്കുന്നത് ബിജെപി സർക്കാരാണ്. ലക്ഷദ്വീപില്‍ മാംസാഹാരത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തി. ഇത്തരം കാര്യങ്ങളെയെല്ലാം ശക്തമായി എതിര്‍ത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുൻ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു
?️കരുവന്നൂർ തട്ടിപ്പിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരേ ഇഡി ചോദ്യം ചെയ്തു. റിട്ട. എസ്പി ആന്‍റണി, ഇരിങ്ങാലക്കുട മുൻ ഡിവൈഎസ്പി ഫെയ്മസ് വർഗീസ് എന്നിവരാണ് ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. മുൻ എസ്പി ആന്‍റണിക്ക് സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആന്‍റണിയെ വിളിപ്പിച്ചത്. കഴിഞ്ഞ മാസം 29 ന് ഇരുവരെയും വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. പുതിയ വിവരങ്ങളിലെ വ്യക്തതയ്ക്കായാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.
”തട്ടം പരാമർശം”; അനിൽകുമാറിനെ തള്ളി സിപിഎം
?️തട്ടം പരാമർശത്തിൽ കെ. അനിൽകുമാറിനെ തള്ളി സിപിഎം. അനിൽ കുമാറിന്‍റെ നിലപാട് വ്യക്തിപരമാണെന്നും അത് പാർട്ടിയുടെ പൊതുവായ അഭിപ്രായമായി കാണേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വസ്ത്ര സ്വാതന്ത്ര്യം ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യവും ജനാധിപത്യ അവകാശവുമാണെന്നും അതിൽ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഐഎസ് ഭീകരർ കേരളത്തിൽ ബേസ് ക്യാംപുണ്ടാക്കാന്‍ ശ്രമിച്ചു: എന്‍ഐഎ
?️ഡല്‍ഹിയിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ ഷാനവാസ് തെക്കേ ഇന്ത്യയിൽ ബേസ് ക്യാംപുകളുണ്ടാക്കാൻ ശ്രമിച്ചെന്നു സ്പെഷ്യൽ സെൽ. പിടിയിലായ ഷാനവാസും റിസ്‌വാനും കേരളത്തിലെത്തിയിരുന്നു. പൂന വഴി ഗോവയിലും അതിനുശേഷം ഉഡുപ്പി വഴി കേരളത്തിലെത്തി കാസർകോട്, കണ്ണൂർ വനമേഖലയിലൂടെയും യാത്ര നടത്തി. പശ്ചിമഘട്ട മേഖലകളിൽ ഒളിത്താവളമുണ്ടാക്കാനായിരുന്നു നീക്കം. ഗോവ, കർണാടക, കേരളം, ആന്ധ്ര എന്നിവിടങ്ങളിലെ വനമേഖലകളിൽ ഒളിത്താവളമുണ്ടാക്കാനാണു ശ്രമം നടത്തിയതെന്നു സ്പെഷ്യൽ സെൽ വിശദീകരിക്കുന്നു. ഷാനവാസടക്കം പിടിയിലായ മൂന്നുപേരുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്.
ഓൺലൈൻ വായ്പാ കുരുക്ക്; 70 വ്യാജ ലോണ്‍ ആപ്പുകള്‍ പ്ലേ സ്റ്റോറിൽ നിന്നു നീക്കി
?️സംസ്ഥാനത്ത് വർധിച്ചുവരുന്ന ഓൺലൈൻ വായ്പ കുരുക്കുകളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി കേരള പൊലീസ്. പ്ലേ സ്റ്റോറിൽ നിന്നും 70 ഓളം വ്യാജ ലോൺ ആപ്പുകൾ നീക്കം ചെയ്തതായി പൊലീസ് വ്യക്തമാക്കി. സൈബര്‍ ഓപ്പറേഷന്‍ സംഘമാണ് വ്യാജ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. കേരള പൊലീസിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം ജില്ലയിൽ പിഎസ്‌സി പരീക്ഷകൾ മാറ്റി
?️കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി. അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർ തസ്തികയിലേയ്ക്കുള്ള കായികക്ഷമതാ പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. അതേസമയം, മറ്റ് ജില്ലകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
മഹാരാഷ്ട്ര ആശുപത്രിയിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു
?️മഹാരാഷ്ട്രയിലെ ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ ചൊവ്വാഴ്ച പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം 7 രോഗികൾ കൂടി മരിച്ചതായി വിവരം. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. ഇന്നലെ മരിച്ചവരിൽ 16 നവജാത ശിശുക്കളും ഉൾപ്പടും. മരുന്ന് ക്ഷാമം മൂലമാണ് മരണമുണ്ടായതെന്ന് ആശുപത്രി അധികൃതർ നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇത് നിഷേധിക്കുകയായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചു.
സൂപ്പർ മാർക്കറ്റിലെ റഫ്രിജറേറ്റർ തുറക്കാൻ ശ്രമിച്ച നാലുവയസുകാരിക്ക് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം
?️ശീതളപാനീയം എടുക്കാനായി സൂപ്പർ മാർക്കറ്റിലെ റഫ്രിജറേറ്റർ തുറക്കാൻ ശ്രമിച്ച നാലുവയസുകാരിക്ക് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. നിസാമാബാദിലെ നന്ദിപേട്ടിൽ തിങ്കളാഴ്ച്ചയാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം സൂപ്പർമാർക്കറ്റിലെത്തിയ ജി. റിഷിത റഫ്രിജറേറ്ററിന്‍റെ വാതിലിൽ പിടിക്കവെ വൈദ്യുതാഘാതമേറ്റ് താഴേയ്ക്ക് വീഴുകയായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു
?️മെഡിക്കൽ കോളെജ് ആശുപത്രിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നൂറുൽ ഹുസൈൻ (19) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. മുമ്പ് തീ പിടുത്തം ഉണ്ടായ അതേ കെട്ടിടത്തിൽ തന്നെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ കെട്ടിടത്തിൽ തീ പിടുത്തം ഉണ്ടായത്. 3-ാം വാർഡിന് പിന്നിലായി സർജിക്കൽ ബ്ളോക്കിനായി നിർമിക്കുന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ ചേർന്ന് നൂറുൽ ഹുസൈനെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും അൽപസമയത്തിന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഡൽഹിയിൽ ശക്തമായ ഭൂചലനം
?️ഡൽഹിയിൽ ശക്തമായ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നേപ്പാളിലെ ഭത്തേകോലയിലാണ് ഭൂചലത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. നേപ്പാളിനു പുറമേ ഇന്ത്യ, ചൈന എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. ഉച്ചയ്ക്ക് ശേഷം 2.25 നാണ് 40 സെക്കന്‍റ് നീണ്ടു നിന്ന ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. വീടുകളിൽ നിന്നും ഓഫിസുകളിൽ നിന്നും ആളുകൾ പരിഭ്രാന്തരായി പുറത്തേക്കോടി. ഡൽഹിയുടെ പല ഭാഗങ്ങളിലും പ്രകമ്പനമുണ്ടായി.
ചന്ദ്രബാബു നായിഡുവിനു ജാമ്യമില്ല
?️371 കോടി രൂപയുടെ അഴിമതിക്കേസിൽ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡുവിനു ജാമ്യമില്ല. അതേസമയം, സുപ്രീം കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ഒമ്പതിലേക്ക് മാറ്റി. ജസ്റ്റിസ് അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഈ മാസം ഒമ്പതിന് മുമ്പ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച എല്ലാ രേഖകളും ഹാജരാക്കാൻ ആന്ധ്രപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോത്തഗിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
?️സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ജാർഖണ്ഡിനും അതിനോട് ചേർന്ന വടക്കൻ ഛത്തിസ്ഗഡിനും മുകളിൽ ന്യൂനമർദവും മധ്യ മഹാരാഷ്ട്രയ്ക്ക് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം മഴയും ഇടിമിന്നലും തുടരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ഉത്തരകാശിയേയും ദക്ഷിണ കാശിയേയും ബന്ധിപ്പിച്ച് ഗോവ ടൂറിസം
?️ഗോവയെ സ്പിരിച്വല്‍ ടൂറിസം കേന്ദ്രമാക്കുന്നതിന് വിപുലമായ പദ്ധതികളുമായി ഗോവ ടൂറിസം വകുപ്പ്. ഉത്തരകാശിയേയും ദക്ഷിണ കാശിയേയും ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമായി ഗോവയെ മാറ്റുകയാണ് ലക്ഷ്യം. ഉത്തരാഖണ്ഡ്, ഡെറാഡൂണ്‍, നാഗ്പൂര്‍, ഗുവാഹട്ടി എന്നിവിടങ്ങളിലേക്ക് മോപ വിമാനത്താവളത്തില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഈ രണ്ട് പ്രധാന ആത്മീയ കേന്ദ്രങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കുകയും ഗോവയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്യുമെന്ന് ഗോവ ടൂറിസം മന്ത്രി രോഹന്‍ എ ഖവുന്തെ പറഞ്ഞു.
വ്യവസായ മാധ്യമ അവാർഡ് എം.ബി. സന്തോഷിന്
?️വ്യവസായ മേഖലയെക്കുറിച്ചുള്ള മികച്ച റിപ്പോർട്ടിംഗിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മാധ്യമ അവാർഡ് (അച്ചടി മാധ്യമം) മെട്രൊവാർത്ത അസോസിയറ്റ് എഡിറ്റർ എം.ബി.സന്തോഷിന്. ‘അതീതം’ പംക്തിയിൽ പ്രസിദ്ധീകരിച്ച ‘ദാക്ഷായണി ബിസ്കറ്റും സംരംഭക വർഷവും’ എന്ന ലേഖനമാണ് 50,000 രൂപയുടെ പുരസ്കാരത്തിനർഹമായത്.
”പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കും, സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം എന്‍റെ നിലപാട്”, അനിൽ കുമാർ
?️തട്ടം പരാമർശം വിവാദമാവുകയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരാമർശത്തെ തള്ളുകയും ചെയ്തതോടെ പ്രതികരണവുമായി കെ. അനിൽ കുമാർ രംഗത്ത്. പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കുമെന്ന് അദ്ദേഹം ഫെയ്സ് ബുക്കിലൂടെ പറഞ്ഞു.
മലയാറ്റൂരിൽ അമ്മാവന്റെ കുത്തേറ്റ് സഹോദരി പുത്രൻ മരിച്ചു
?️വാക്കുതർക്കത്തെത്തുടർന്ന് മലയാറ്റൂരിൽ അമ്മാവൻ്റെ കുത്തേറ്റ് സഹോദരി പുത്രൻ മരിച്ചു. മലയാറ്റൂർ കടപ്പാറ മലേക്കുടി വീട്ടിൽ ടിൻ്റോ (28) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മലയാറ്റൂർ പയ്യപ്പിള്ളി വീട്ടീൽ ടോമി (50) യെ കാലടി പൊലീസ് അറസ്റ്റ് ചെയ്‌തു. ടോമിയുടെ സഹോദരി പുത്രനാണ് മരിച്ച ടിൻ്റോ.വൈകീട്ട് അഞ്ചോടെ മലയാറ്റൂർ – കോടനാട് പാലത്തിലാണ് സംഭവം. ഇവർ തമ്മിൽ കാണുമ്പോഴല്ലാം വഴക്കു കൂടാറുണ്ടായിരുവെന്നും, കുത്തേറ്റ ചൊവ്വ വൈകീട്ടും ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ടോമി ടിൻ്റോവിനെ കത്തിക്ക് കുത്തുകയായിരുന്നുവെന്നും കാലടി പൊലീസ് പറഞ്ഞു.
ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമിയിൽ
?️ഓപ്പണർ യശസ്വി ജയ്‌സ്വാളിന്‍റെ സെഞ്ചുറി ഇന്ത്യയെ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന്‍റെ സെമി ഫൈനലിലെത്തിച്ചു. ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണെടുത്തത്. നേപ്പാൾ ഗംഭീരമായി തിരിച്ചടിച്ചെങ്കിലും പോരാട്ടം 179/9 എന്ന സ്കോർ വരെയേ എത്തിയുള്ളൂ. 23 റൺസിനാണ് ഇന്ത്യൻ വിജയം.
അമ്പെയ്ത്തിൽ സ്വർണവും വെള്ളിയും ഉറപ്പിച്ച് ഇന്ത്യ
?️ഏഷ്യൻ ഗെയിംസ് ആർച്ചറിയിലെ പുരുഷൻമാരുടെ കോംപൗണ്ട് ഇനത്തിൽ ഇന്ത്യ സ്വർണവും വെള്ളിയും ഉറപ്പാക്കി. ഇന്ത്യൻ താരങ്ങളായ ഓജസ് ദിയോതലെയും അഭിഷേക് വർമയുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഏഷ്യൻ ഗെയിംസിന്‍റെ ചരിത്രത്തിൽ ഇതുവരെ ആർച്ചറിയിൽ ഇന്ത്യക്ക് സ്വർണം കിട്ടിയിട്ടില്ല. അതാനു ദാസും ധീരജ് ബൊമ്മദേവരയും റികർവ് ഇനത്തിൽ പരാജയപ്പെട്ടതിന്‍റെ നിരാശ മായ്ക്കുന്നതായി ഓജസിന്‍റെയും അഭിഷേകിന്‍റെയും മുന്നേറ്റം.
ഇന്ത്യക്ക് 15ാം സ്വർണം: ജാവലിൻ ത്രോയിൽ അന്നു റാണി
?️ഏഷ്യൻ ഗെയിംസിന്‍റെ വനിതാ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം അന്നു റാണിക്ക് സ്വർണം. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം പതിനഞ്ചായി. 69.92 മീറ്ററാണ് അന്നു കണ്ടെത്തിയ ദൂരം. വനിതകളുടെ അയ്യായിരം മീറ്ററിൽ പരുൾ ചൗധരിയും ചൊവ്വാഴ്ച സ്വർണം നേടിയിരുന്നു.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5,260 രൂപ
പവന് 42,080 രൂപ