25.09.2023
സഹകരണ മേഖലയിലെ നിക്ഷേപകർക്ക് ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി
?️സംസ്ഥാനത്തെ സഹകരണ മേഖലയെയും അതിന്റെ സാമ്പത്തിക ഭദ്രതയെയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാങ്കുകളിലെ നിക്ഷേപങ്ങള്‍ എങ്ങനെ കൈക്കലാക്കാന്‍ കഴിയുമെന്നാണ് ചിലര്‍ ആലോചിക്കുന്നത്. സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തിയവര്‍ക്ക് ചില്ലിക്കാശ് പോലും നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട. മേഖലയുടെ സംരക്ഷണം സര്‍ക്കാര്‍തന്നെ ഉറപ്പു നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
യവനിക വീണു; കെ.ജി. ജോർജ് അന്തരിച്ചു
?️പ്രശസ്ത സംവിധായകന്‍ കെ.ജി. ജോർജ് അന്തരിച്ചു. 78 വയസായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. മലയാള സിനിമയിൽ നവതരംഗത്തിനു വഴി തുറന്ന സംവിധായകനായിരുന്നു. 19 ചിത്രങ്ങൾ സംവിധാനം ചെയ്തു. ആദാമിന്‍റെ വാരിയെല്ല്, യവനിക, ഇരകൾ, പഞ്ചവടിപ്പാലം തുടങ്ങിയവയാണ് പ്രശസ്ത ചിത്രങ്ങൾ. സ്വപ്‌നാടനം എന്ന ചിത്രത്തിലൂടെയാണ് സനിമയിലേക്കുള്ള വരവ്. 1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാന ചിത്രം. യവനിക, സ്വപ്‌നാടനം, ആദാമിന്‍റെ വാരിയെല്ല്, ഇരകൾ തുടങ്ങിയ ചിത്രങ്ങൾക്ക് കേരള സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ ലഭിച്ചു. 2016-ൽ ചലചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി ഡാനിയൽ പുരസ്കാരത്തിനും അർഹനായി. ഗായിക സൽമയാണ് ഭാര്യ.
ബ്രിജ്ഭൂഷൺ ഗുസ്തി താരങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്ന് കുറ്റപത്രം
?️ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ലൈംഗികാരോപണക്കേസിൽ ഡൽഹി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബ്രിജ്ഭൂഷൺ കിട്ടുന്ന എല്ലാ അവസരങ്ങളിലും ഗുസ്തി താരങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രിജ്ഭൂഷണിനെതിരേ മതിയായ തെളിവുകൾ ഉണ്ടെന്നും ശനിയാഴ്ച സമർപ്പിച്ച കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവയാണ് ഡൽഹി പൊലീസിനു വേണ്ടി ഹാജരായത്. ഗുസ്തി താരങ്ങളെ മാനഭംഗം ചെയ്യാനായിരുന്നു ബ്രിജ്ഭൂഷൺ ശ്രമിച്ചിരുന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്‍റെ ‘ആരോഗ്യ മന്ഥന്‍ 2023’ പുരസ്‌കാരം കേരളത്തിന്
?️രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ‘ആരോഗ്യ മന്ഥന്‍ 2023’ പുരസ്‌കാരം കേരളത്തിന്.
സംസ്ഥാനത്തിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. എബിപിഎംജെഎവൈ പദ്ധതി മുഖാന്തിരം രാജ്യത്ത് ‘ഏറ്റവും കൂടുതല്‍ ചികിത്സ നല്‍കിയ സംസ്ഥാനം’, പദ്ധതി ഗുണഭോക്താക്കളായുള്ള കാഴ്ച പരിമിതര്‍ക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങള്‍ക്ക് ‘മികവുറ്റ പ്രവര്‍ത്തനങ്ങള്‍’ എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍.
മുല്ലപ്പെരിയാർ ഡാമിന് തകർച്ചാ സാധ്യതയെന്ന് യുഎസ് പത്രം
?️ഇന്ത്യയിലും ചൈനയിലുമായി ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ നിർമിച്ച 28,000ലേറെ അണക്കെട്ടുകൾ കാലാവധി പിന്നിട്ട് അപകടാവസ്ഥയിലെന്നു യുഎസ് പത്രം ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിൽ മുന്നറിയിപ്പ്. കേരളത്തിലെ മുല്ലപ്പെരിയാർ ഡാമാണ് തകർച്ചാ സാധ്യതയിൽ ഏറ്റവും മുന്നിലെന്നും ലേഖനം പറയുന്നു. ലിബിയയിലെ വാഡി ഡെർനയിൽ രണ്ടു ഡാമുകൾ തകർന്ന് 11,300 പേർ മരണമടഞ്ഞ പശ്ചാത്തലത്തിലാണു കാലാവധി കഴിഞ്ഞ ഡാമുകൾ ഉയർത്തുന്ന ഭീഷണി വിശദീകരിച്ചു ലേഖനം. നദീസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ റിവേഴ്സ് എന്ന സംഘടനയുടെ ഡയറക്റ്റർമാരായ ജോഷ് ക്ലെം, ഇസബെല്ല വിങ്ക്ലർ എന്നിവർ ചേർന്നാണ് ലേഖനം എഴുതിയിട്ടുള്ളത്.
ആളുമാറി അനുശോചനം രേഖപ്പെടുത്തി കെപിസിസി പ്രസിഡന്‍റ്
?️സംവിധായകൻ കെ.ജി. ജോർജിന്‍റെ വിയോഗത്തിൽ ആളുമാറി അനുശോചനം രേഖപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കെ. ജി ജോർജിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോടാണ് സുധാകരൻ ആളുമാറി അനുശോചനം രേഖപ്പെടുത്തിയത്. അദ്ദേഹത്തെ കുറിച്ച് ഓർക്കാൻ ഒരുപാടുണ്ട്. നല്ലൊരു പൊതുപ്രവർത്തകനായിരുന്നു, രാഷ്ട്രീയ നേതാവായിരുന്നു. കഴിവും പ്രാപ്തിയുമുള്ള ഒരാളാണ്. ഞങ്ങൾക്കാർക്കും അദ്ദേഹത്തെക്കുറിച്ചൊരു മോശം അഭിപ്രായമില്ല. ഞങ്ങൾക്ക് അദ്ദേഹത്തോട് സഹതാപമുണ്ട്. അദ്ദേഹത്തിന്‍റെ മരണത്തിൽ ദുഃഖവുമുണ്ട് എന്നാണ് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്.
കൃഷിയെ സ്നേഹിക്കുന്നവരെ*
ഹരിത സ്വപ്നങ്ങളുടെ സർഗ്ഗ ഭൂമിയായ തൃശ്ശൂർ പട്ടിക്കാട് രായിരത്ത് ഗാർഡൻസിലേക്ക് കടന്നുവരൂ. കേരള സർക്കാരിന്റെ മികച്ച കമേഴ്‌സ്യൽ നഴ്സറിക്കുള്ള സംസ്ഥാന അവാർഡ് ജേതാക്കളിൽ നിന്നും നിങ്ങൾ അന്വേഷിച്ച് ലഭിക്കാതെ പോയ നിരവധി വിദേശ പഴവർഗങ്ങൾ, കാൻസർ, പ്രമേഹം, ശ്വാസ തടസ്സം, മൂത്രക്കല്ല്, പൈൽസ്, സോറിയാസിസ്, വെള്ളപോക്ക് തുടങ്ങിയ നിരവധി രോഗങ്ങൾക്കുള്ള ഒറ്റമൂലി ഔഷധ സസ്യങ്ങൾ, ചുവന്ന കറ്റാർവാഴ, വിവിധതരം തോട്ടവിളകൾ, ജ്യോതിഷ വൃക്ഷങ്ങൾ, മിയാവാക്കി മരങ്ങൾ, അലങ്കാര ചെടികൾ, 10 വർഷം കൊണ്ട് മികച്ച ലാഭം നേടിത്തരുന്ന മലവേപ്പ് തൈകൾ എന്നിവ കണ്ട് മനസ്സിലാക്കി മിതമായ നിരക്കിൽ സ്വന്തമാക്കൂ.
Ph. 0487 2282136, 9995509324
rayirathgardens1954@gmail.com
www.rayirathgardens.com
കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തു
?️കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഓണ്‍ലൈന്‍ വഴിയായിരുന്നു ഉദ്ഘാടനം. കേരളത്തിലേത് അടക്കം 9 വന്ദേഭാരത് എക്സ്പ്രസുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തത്. കേന്ദ്ര റെയില്‍വെമന്ത്രി അശ്വിനി വൈഷ്ണവ് സംബന്ധിച്ചു.
ലോണ്‍ ആപ്പ് തട്ടിപ്പിൽ പരാതി പ്രളയം
?️ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം പൊലീസിന്‍റെ സഹായം തേടിയെത്തിയത് 1427 പരാതിക്കാര്‍. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്‍റെ നമ്പര്‍) എന്ന നമ്പറിലാണ് ഇത്രയും പരാതികളെത്തിയത്.
മധ്യപ്രദേശിൽ ബിജെപി മുന്‍ വർക്കിങ് പ്രസിഡന്‍റ് ഉൾപ്പടെയുള്ള നേതാക്കൾ കോൺഗ്രസിൽ ചേർന്നു
?️ഈ വർഷം അവസാനത്തോടെ മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി മുന്‍ വർക്കിങ് പ്രസിഡന്‍റ് ഉൾപ്പടെയുള്ള നേതാക്കൾ കോൺഗ്രസിൽ ചേർന്നു. 2020 ൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കാലുമാറി ബിജെപിയിൽ ചേർന്ന ബോധ് സിംഗ് ഭഗത് ഉൾപെടെയുള്ളവരാണ് കൂട്ടത്തോടെ കോൺഗ്രസിലേക്ക് തിരികെ എത്തുന്നത്.
ഖാലിസ്ഥാന്‍ നേതാക്കൾ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നൽകിയെന്ന് എന്‍ഐഎ
?️കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ നേതാക്കളും ഗുണ്ടാസംഘങ്ങളും ആഡംബരനൗക, സിനിമ, കനേഡിയന്‍ പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളില്‍ നിക്ഷേപം നടത്തിയതായി എന്‍ഐഎയുടെ അന്വേഷണ റിപ്പോർട്ട്. കള്ളക്കടത്ത്, കൊള്ള, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവ വഴി ഇന്ത്യയില്‍ സമ്പാദിക്കുന്ന പണം, ഇന്ത്യയിലും കാനഡയിലും അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു. തായ് ലന്‍ഡിലെ ബാറുകളിലും ക്ലബ്ബുകളിലും ഖാലിസ്ഥാന്‍ പണം നിക്ഷേപിച്ചിട്ടുണ്ട്.
താൻ മരിച്ചിട്ടില്ലെന്ന് പി സി ജോർജ്
?️കെ ജി ജോർജിന് പകരം പി സി ജോർജിന്റെ “വിയോഗത്തിൽ’ ദുഃഖം രേഖപ്പെടുത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ, താൻ മരിച്ചിട്ടില്ല, ജീവിച്ചിരിപ്പുണ്ട് എന്നറിയിച്ച് പി സി ജോർജ്. സൈബറിടങ്ങളിൽ ചിരിപടർത്തിയ സംഭവമായി മാറി സുധാകരന്റെ അബദ്ധവും ജോർജിന്റെ മറുപടിയും.
മത്സരിക്കാൻ തയാറെന്നു തരൂർ
?️പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെന്നു പറയുമ്പോഴും സംസ്ഥാന രാഷ്‌ട്രീയത്തിൽ കണ്ണ് വച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എംപി. പാർട്ടി പറഞ്ഞാൽ തിരുവനന്തപുരം പാർലമെന്‍റ് സീറ്റിൽ നിന്നും മത്സരിക്കുമെന്ന് തരൂർ പ്രതികരിച്ചെങ്കിലും പിന്നാലെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തോട് അതിന് സമയമുണ്ടെന്നായിരുന്നു തരൂരിന്‍റെ മറുപടി. അപ്പോഴത്തെ സാഹചര്യം നോക്കി തീരുമാനിക്കും.
244 ലഹരി വിൽപ്പനക്കാർ അറസ്റ്റിൽ
?️നിരോധിത ലഹരിമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പൊലിസിന്‍റെ പരിശോധന. ഓപ്പറേഷൻ “ഡി.ഹണ്ട്’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1373 പേരെ പരിശോധനയ്ക്ക് വിധേയമാക്കുകയും 244 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
വൈദ്യുതി ഉൽപാദനം പരമാവധി വർധിപ്പിക്കണം
?️സാമ്പത്തിക ഭദ്രത കൈവരിക്കാൻ ആഭ്യന്തര വൈദ്യുതി ഉൽപാദനം പരമാവധി വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. ഇറക്കുമതി കൽക്കരിയുടെ നിർബന്ധിത ഉപയോഗം, വൈദ്യുതി കമ്പോളവിലയുടെ വർധന എന്നിവ നിയന്ത്രണങ്ങൾക്കപ്പുറമാണ്. അതുകൊണ്ട് ആഭ്യന്തര ഉൽപാദനം എങ്ങനെയും വർധിപ്പിക്കണം.
ഇന്ത്യയെ പിന്തുണച്ച് ഓസ്‌ട്രേലിയ
?️ഐക്യരാഷ്‌ട്ര സംഘടന രക്ഷാ സമിതിയിൽ ഇന്ത്യക്കും ജപ്പാനും സ്ഥിരാംഗത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ സ്ഥിരവും അല്ലാത്തതുമായ പ്രാതിനിധ്യം വേണമെന്ന് ഓസ്‌ട്രേലിയൻ വിദേശമന്ത്രി പെന്നി വോങ് ജനറൽ അസംബ്ലിയുടെ 78-–-ാമത് സെഷനിൽ പറഞ്ഞു. ബുധനാഴ്ച പോർച്ചുഗീസ് പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസയും ഇന്ത്യക്കും ബ്രസീലിനും പരിഷ്കരിച്ച രക്ഷാ സമിതിയിൽ സ്ഥിരാംഗത്വം നൽകുന്നതിനെ പിന്തുണച്ചിരുന്നു.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍വേട്ടയ്ക്കു തുടക്കം
?️വെള്ളിത്തിളക്കത്തോടെ 19-ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍വേട്ടയ്ക്കു തുടക്കം. തുഴച്ചില്‍, ഷൂട്ടിങ് മത്സരവിഭാഗങ്ങളില്‍ നിന്ന് ഇന്ത്യ വെള്ളിയും വെങ്കലവും നേടി. ആദ്യദിനം മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മെഡലുറപ്പിച്ചുകൊണ്ട് ഫൈനലില്‍ പ്രവേശിച്ചു. പുരുഷന്മാരുടെ ടേബിള്‍ ടെന്നീസില്‍ ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. വനിതാ ബോക്‌സിങ്ങില്‍ നികാത് സരിന്‍ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ പുരുഷ വോളിയിലും വനിതാ ഫുട്‌ബോളിലും ഇന്ത്യ പുറത്തായി. പുരുഷ ഫുട്‌ബോളില്‍ ഇന്ത്യ മ്യാന്മറുമായി 1-1 സമനില പാലിച്ച് പ്രീക്വാർട്ടറിലെത്തി.
ആദ്യദിനം പൂർത്തിയാകുമ്പോള്‍ ആതിഥേയരായ ചൈന വമ്പന്‍ കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. 20 സ്വര്‍ണവും ഏഴ് വെള്ളിയും മൂന്നു വെങ്കലവുമടക്കം 30 മെഡലുകളാണ് ചൈന ആദ്യദിനം തൂത്തുവാരിയത്.
ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം, പരമ്പര
?️ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 99 റൺസ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 399 റൺസെടുത്തെങ്കിലും, ഓസ്ട്രേലിയൻ ഇന്നിങ്സ് ആരംഭിച്ച ശേഷമെത്തിയ മഴ കാരണം വിജയലക്ഷ്യം 33 ഓവറിൽ 317 റൺസായി പുനർനിർണയിക്കുകയായിരുന്നു. 28.2 ഓവറിൽ അവർ 217 റൺസിന് ഓൾഔട്ടായി.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5495 രൂപ
പവന്റെ വില 43960 രൂപ