കേരളം 1,000 കോടി രൂപ കൂടി വായ്പയെടുക്കുന്നു
?️1,000 കോടി രൂപ കൂടി വായ്പയെടുക്കാൻ കേരളം കടപ്പത്രം പുറപ്പെടുവിക്കും. ഇതിന്‍റെ ലേലം 26ന് റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനം പതിവിലുമേറെ വായ്പയാണ് സാമ്പത്തിക വർഷത്തെ ആദ്യ 6 മാസത്തേക്ക് എടുത്തത്. നിലവിൽ 7 മാസത്തേക്ക് 4,352 കോടി രൂപയുടെ കടമെടുപ്പ് സാധ്യത മാത്രമാണുള്ളത്. അതിൽ നിന്നാണ് 1,000 കോടി കൂടി എടുക്കുന്നത്.
പകർച്ചവ്യാധി പിടിയിൽ കേരളം; മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് 22 മരണം
?️സംസ്ഥാനത്ത് പകർച്ച വ്യാധികൾ പകർന്നു പിടിക്കുകയാണ്. മൂന്നാഴ്ചക്കിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച 22 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 20 ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേർ പനി ബാധിച്ച് ചികിത്സ തേടി.
പകർച്ചവ്യാധികളും മറ്റും പകരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. കുട്ടികളും പ്രായമായവരും പ്രത്യേക ജാഗ്രത പുലർത്തണമെന്നും പനിയെയും പകർച്ച വ്യാധികളെയും പ്രതിരോധിക്കാൻ വേണ്ട പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പു നൽകുന്നു
നിപ: 24 സാമ്പിളുകൾ കൂടി നെഗറ്റീവ്
?️നിപ പരിശോധനയ്ക്ക് അയച്ച 24 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തുടർച്ചയായ അഞ്ചാം ദിവസവും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും 3 പരിശോധനാ ഫലം കൂടി വരാനുണ്ടെന്നും മന്ത്രി അറിയിച്ചു. ചികിത്സയിലുള്ള 9 വയസുകാരന്‍റെ നില കൂടുതൽ മെച്ചപ്പെട്ടതായും ഓക്സിജന്‍ സപ്പോര്‍ട്ട് മാറ്റിയതായും മന്ത്രി അറിയിച്ചു.
വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും
?️സംസ്ഥാനത്ത് പുതുതായി സര്‍വീസ് ആരംഭിക്കുന്ന രണ്ടാമത് വന്ദേഭാരത് എക്സ്പ്രസ് 24ന് പകല്‍ 12.30ന് കാസര്‍കോഡ്
നിന്നും ഫ്‌ലാഗ്ഓഫ് ചെയ്യും.വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്‌ലാഗ് ഓഫ് ചെയ്യുക.രാജ്യത്തെ വിവിധ റൂട്ടുകളില്‍ അനുവദിച്ച ഒമ്പത് വന്ദേഭാരത് സര്‍വീസുകളു പ്രധാനമന്ത്രി അന്ന് ഫ്‌ളാഗ് ഓഫ്‌ചെയ്യും.
ലോണ്‍ ആപ്പ് തട്ടിപ്പ്: പരാതികൾക്കായി പ്രത്യേക വാട്ട്സാപ്പ് നമ്പറുമായി കേരള പൊലീസ്
?️ലോണ്‍ ആപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കാനായി പ്രത്യേക വാട്ട്സാപ്പ് നമ്പര്‍ സംവിധാനവുമായി കേരള പൊലീസ്. 9497980900 എന്ന നമ്പറിലേക്ക് വിളിച്ച് പരാതികൾ നൽകാമെന്ന് കേരള പൊലീസിന്‍റെ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. അംഗീകൃതം അല്ലാത്ത ലോൺ ആപ്പുകൾക്കെതിരെയുള്ള പൊലീസിന്‍റെ പ്രചാരണപരിപാടികൾക്കും തുടക്കമായി.തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ വാട്ട്സാപ്പ് നമ്പര്‍ ക്രമീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ വീഡിയോ, ഫോട്ടോ, ടെക്സ്റ്റ്, വോയിസ് എന്നിവയായി പരാതി നല്‍കാം.
നെടുമ്പാശേരിയിൽ മദ്യലഹരിയിൽ കടയുടമയ്ക്ക് നേരെ അതിക്രമം; എസ്ഐക്ക് സസ്പെന്‍ഷന്‍
?️നെടുമ്പാശേരി കരിയാട് മദ്യലഹരിയിൽ ബേക്കറിയിൽ കയറി ഉടമയെയും കുടുംബത്തെയും മർദിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെന്‍ഷന്‍. ആലുവ ട്രാഫിക്ക് പൊലീസ് സ്റ്റേഷനിലെ എസ്ഐ സുനിൽ കുമാറിമനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതോടെയായിരുന്നു നടപടി. ഇവർ സഞ്ചരിച്ച വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർക്കും സിപിഒക്കുമെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടെന്നും എന്നാൽ പൊലീസ് വാഹനത്തിൽ മദ്യകുപ്പി കണ്ടെത്തിയിട്ടില്ലെന്നും ആലൂവ റൂറൽ എസ്പി വിവേക് കുമാർ അറിയിച്ചു.
ഒല്ലൂരിൽ ഷോപ്പിങ് മാളിലെ എടിഎമ്മിൽ തീപിടിത്തം
?️ഒല്ലൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎമ്മിൽ തീ പിടിത്തം. ഒല്ലൂർ രാമൂസ് ഷോപ്പിങ് മാളിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎമ്മിലാണ് തീ പിടിത്തമുണ്ടായത്.
രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സർക്കാരിന്‍റെ മണ്ഡല പര്യടനത്തിൽ നിന്നു വിട്ടുനിൽക്കാൻ യുഡിഎഫിൽ ആലോചന
?️കേരളത്തിന്‍റെ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം പരിപാടി, മന്ത്രിമാരുടെ നിയോജക മണ്ഡലം പരിപാടി എന്നിവയിൽ നിന്നു വിട്ടു നിൽക്കാൻ യുഡിഎഫിൽ ആലോചന.ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് പരിപാടിയെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. യുഡിഎഫ് നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാവും അന്തിമ തീരുമാനം.
കേരളത്തിൽ 5 ദിവസം കൂടി മഴ
?️കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് വ്യാഴാഴ്ച 7 ജില്ലകളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചു.2023 സെപ്റ്റംബർ 21 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ,സെപ്റ്റംബർ 22,23 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ജാഗ്രതാ നിർദേശം.
ഉമ്മൻ ചാണ്ടിയുടെ പുസ്തകം ചർച്ചയാകുന്നു
?️പ്രതിപക്ഷനേതാവാകാൻ ഭൂരിപക്ഷം പാർട്ടി എംഎൽഎമാരുടെയും പിന്തുണ രമേശ് ചെന്നിത്തലക്കായിരുന്നുവെന്ന് ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിൽ വെളിപ്പെടുത്തൽ കോൺഗ്രസ് രാഷ്‌ട്രീയത്തിൽ വീണ്ടും ചർച്ചയാവുന്നു. ഭൂരിപക്ഷം മറികടന്ന് ഒരു സൂചനയും നൽകാതെയാണ് ഹൈക്കമാൻഡ് വി.ഡി. സതീശന്‍റെ പേര് പ്രഖ്യാപിച്ചതെന്നും ആത്മകഥയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പതിനാലുകാരിയെ കടന്നുപിടിച്ച പ്രതിക്ക് 5 വർഷം കഠിനതടവ്
?️പതിനാലുകാരിയായ പട്ടികജാതി വിദ്യാർത്ഥിനിയെ കടന്നുപിടിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും 25,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ കോടതി ജഡ്‌ജി ആർ രേഖയാണ് കന്യാകുമാരി പേച്ചിപ്പാറ കടമ്പനമൂട് കായൽ റോഡിൽ സുരേഷ് (48)നെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലു മാസം കൂടി തടവ് അനുഭവിക്കണം.2019 സെപ്തംബർ 26 വൈകുന്നേരം 4.45 നോടെയാണ് ചാരുപാറ തൊട്ടിക്കലിലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ വിദ്യാർത്ഥിയെ അച്ഛനെ കാണാനെത്തിയ പ്രതി കടന്നു പിടിക്കുകയായിരുന്നു. പീഡനശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടി ഓടി അടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു.
ക്യാനഡ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യ
?️ഇന്ത്യ-ക്യാനഡ ബന്ധം കൂടുതല്‍ വഷളാകുന്നു. കാനഡ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ ക്യാനഡയിലെ വീസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.ഇതിന് പിന്നാലെയാണ് കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. ഇന്ത്യന്‍ കാര്യങ്ങളില്‍ കനേഡിയന്‍ നയതന്ത്രജ്ഞര്‍ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്.
കേരളത്തിന്റെ
മാതൃക ഉയർത്തി
തോമസ് ചാഴികാടൻ
?️വനിതാ ശാക്തീകരണത്തിൽ കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ലോക്‌സഭയിൽ വനിതാ സംവരണ ബിൽ ചർച്ചയിൽ തോമസ് ചാഴികാടൻ പറഞ്ഞു. 1994ൽ പഞ്ചായത്തിരാജ് നിയമം കൊണ്ടുവന്നപ്പോൾ വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തി. 2009ൽ അത് 50 ശതമാനമായി കേരളം ഉയർത്തി. ഇന്ന് 58 ശതമാനത്തോളം വനിതകൾ കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിൽ ഇരിക്കുന്നു.വിദ്യാഭ്യാസരംഗത്തും പുരുഷന്മാരോടൊപ്പം കേരള വനിതകൾ തുല്യത നേടി.ആരോഗ്യ സംരക്ഷണത്തിലും ആയുർദൈർഘ്യത്തിലും സാമ്പത്തിക സ്വയംപര്യാപ്തതയുടെ കാര്യത്തിലും കേരള വനിതകൾ രാജ്യത്ത് ഒന്നാമതാണെന്ന് ചാഴികാടൻ പറഞ്ഞു.
തെരഞ്ഞെടുപ്പു കോഴ കേസ്: കെ. സുരേന്ദ്രൻ കോടതിയിൽ ഹാജരായില്ല
?️ മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കോടതിയിൽ ഹാജരായില്ല.
മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
അട്ടപ്പാടി മധു കൊലക്കേസ്: സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ നിമയനം തടയണമെന്ന് കുടുംബം
?️അട്ടപ്പാടി മധു കൊലപാതകക്കേസില്‍ അഡ്വ. കെപി സതീശനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ മധുവിന്‍റെ അമ്മ. കുടുംബമോ, സമരസമിതിയെയോ അറിയാതയാണ് ഈ നിയമനമെന്ന് മല്ലിയമ്മ പറഞ്ഞു. ഇതിനെതിരെ നാളെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി സമർപ്പിക്കും.
”എല്ലാം ക്യാമറയിൽ പകർത്തിയിട്ടുണ്ട്”;അരവിന്ദാക്ഷന്‍റെ ആരോപണം ഇഡി തള്ളി
?️കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാടു കേസിൽ സിപിഎം നേതാവ് പി.ആർ. അരവിന്ദാക്ഷനെ ചോദ്യം ചെയ്യലിനിടെമർദിച്ചുവെന്ന ആരോപണംഎൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അധികൃതർനിഷേധിച്ചു.കൊച്ചി ഇഡി യൂണിറ്റാണ് അരവിന്ദാക്ഷന്‍റെ ആരോപണം തള്ളി രംഗത്തെത്തിയത്. കേസിൽ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്‍റെയും കെ. രാധാകൃഷ്ണന്‍റെയും പേരുകൾ പറയാന്‍ ആവശ്യപ്പെട്ട് ഇഡി ഉപദ്രവിച്ചെന്നാണ് ഇയാൾ ആരോപിച്ചത്.എന്നാൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും സാധാരണ രീതിയിലുള്ള ചോദ്യം ചെയ്യലാണ് നടന്നതെന്നും ഇഡി വ്യക്തമാക്കി.
മുംബൈയിൽ രണ്ടാഴ്ചയ്ക്കിടെ 756 മലേറിയ കേസുകൾ; ജാഗ്രത
?️സെപ്തംബർ 1മുതൽ 18 വരെ മുംബൈയിൽ 756 മലേറിയ കേസുകളും 703 ഡെങ്കിപ്പനി കേസുകളും ഉണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ 8 ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയായതായും കണക്കുകൾ സൂചിപ്പിക്കുന്നു. മലേറിയ എപ്പോഴും കാലാവസ്ഥാ വ്യതിയാനത്തെ സ്വാധീനിക്കുന്ന ഒരു വലിയ രോഗമാണെന്ന് സംസ്ഥാനത്തെ പൊതുജനാരോഗ്യ വകുപ്പിലെ മുതിർന്ന ഡോക്ടർ പറഞ്ഞു. താപനിലയുടെയും മഴയുടെയും ഏറ്റക്കുറച്ചിലുകളുമൊക്കെ രോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിനൊന്നുകാരന് അതിഥി തൊഴിലാളിയുടെ ക്രൂര മര്‍ദനം!
?️മലപ്പുറത്ത് പതിനൊന്നുകാരനുനേരെ അതിഥി തൊഴിലാളിയുടെ ആക്രമണം. കുട്ടി ടയര്‍ ഉരുട്ടിക്കളിക്കുന്നതിനിടെ അതിഥി തൊഴിലാളിയുടെ ദേഹത്ത് തട്ടുകയായിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.വള്ളിക്കല്‍ സ്വദേശി അശ്വിനാണ് ക്രൂര അക്രമണം നേരിട്ടത് . ഗുരുതരാവസ്ഥയിലായ കുട്ടിയെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു.ചുവരില്‍ കഴുത്ത് കുത്തിപ്പിടിച്ച് മര്‍ദിച്ചതായി കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഭീമ കൊറേഗാവ് കേസ്: മഹേഷ് റാവത്തിന് ജാമ്യം, സ്റ്റേ ആവശ്യപ്പെട്ട് എൻഐഎ
?️ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മഹേഷ് റാവത്തിന് അഞ്ചു വർഷത്തെ ജയിൽ വാസത്തിനു ശേഷം ജാമ്യം അനുവദിച്ച് മുംബൈ ഹൈക്കോടതി. ജസ്റ്റിസുമാരായ എ.എസ്. ഗഡ്കരി, ശർമിള ദേശ്മുഖ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ജാമ്യം നൽകിയത്. എന്നാൽ, എൻഐഎയുടെ ആവശ്യപ്രകാരം കോടതി ജാമ്യത്തിന് ഒരാഴ്ച സ്റ്റേ നൽകിയിട്ടുണ്ട്. 2018 ജൂണിലാണ് മഹേഷ് യുഎപിഎ പ്രകാരം അറസ്റ്റിലായത്.
പാനായിക്കുളം കേസ്
?️നിരോധിതസംഘടനയായ സിമിയുടെ യോഗം ചേർന്നതിന്റെ പേരിൽ എടുത്ത കേസിൽ അഞ്ച് പ്രതികളെ വെറുതേവിട്ടത് ശരിവച്ച് സുപ്രീംകോടതി. പാനായിക്കുളം കേസിൽ എൻഐഎ കോടതി ശിക്ഷിച്ച അഞ്ച് പ്രതികളെ കേരളാ ഹൈക്കോടതി വെറുതേവിട്ടിരുന്നു. എൻഐഎ നൽകിയ അപ്പീൽ ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.നിരോധിക്കപ്പെടുംമുമ്പ് സിമിയുടെ പ്രസിദ്ധീകരണങ്ങളോ രേഖകളോ കൈവശം വച്ചതുകൊണ്ട് പ്രതികൾ കുറ്റക്കാരാകുന്നില്ല എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തിവച്ച് ഇന്ത്യ
?️കൂടുതൽ വഷളായി ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം. കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ നൽകില്ല.കഴിഞ്ഞ ദിവസങ്ങളിൽ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെയും പുറത്താക്കിയിരുന്നു. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രശ്നം ഉടലെടുത്തത്. തുടർന്ന് കഴിഞ്ഞ ദിവസം ഇന്ത്യ കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർ രജിസ്റ്റർ ചെയ്യണമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
വിമാന യാത്രക്കാരന്‍ അറസ്റ്റില്‍!
?️മദ്യപിച്ച് എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിമാന യാത്രക്കാരന്‍ അറസ്റ്റിലായി. അനില്‍ കുമാറാ (40)ണ് അറസ്റ്റിലായത്. ബംഗളൂരുവില്‍നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന എയര്‍ ഏഷ്യ വിമാനത്തില്‍ സെപ്തംബര്‍ 13നായിരുന്നു സംഭവം.എയര്‍ഹോസ്റ്റസിന്റെ കൈപിടിച്ച അനില്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന് അവകാശപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വിമാന ജീവനക്കാര്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രതി മദ്യലഹരിയിലായിരുന്നെന്നും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
മെയ്‌ത്തീമേഖലയിൽ
രണ്ടാം ദിവസവും ബന്ദ് പൂർണം
?️മണിപ്പുരിൽ പൊലീസ് അറസ്റ്റ് ചെയ്‌ത അഞ്ച് വില്ലേജ് ഡിഫൻസ് വളന്റിയർമാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മെയ്‌ത്തീ സംഘടനകൾ ആഹ്വാനം ചെയ്‌ത 48 മണിക്കൂർ ബന്ദ് രണ്ടാം ദിവസവും പൂർണം. സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. മെയ്‌ത്തീ വനിതകളുടെ സംഘടനയായ മെയ്‌രാ പെയ്‌ബിയുടെ പ്രവർത്തകർ ഇംഫാൽ താഴ്‌വരയിൽ വ്യാപകമായി റോഡുപരോധിച്ച് പ്രതിഷേധപ്രകടനം നടത്തി.
ഓംകാരേശ്വറിൽ ആദിശങ്കര പ്രതിമ അനാവരണം ചെയ്തു
?️നർമദാ നദീ തീരത്തെ ഓംകാരേശ്വറിൽ ആദി ശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അനാവരണം ചെയ്തു. വ്യാഴാഴ്ച നടന്ന വർണാഭമായ ചടങ്ങിലായിരുന്നു അദ്വൈതവേദാന്തകാരന്‍റെ പ്രതിമ രാഷ്‌ട്രത്തിനു സമർപ്പിച്ചത്. കഴിഞ്ഞ വർഷമാണ് മാന്ധാതാ പർവതത്തിൽ “ഏകാത്മ പ്രതിമ’ എന്ന പേരിൽ ശങ്കരാചാര്യരുടെ ഓർമ നിലനിർത്തുന്ന സ്മാരകം നിർമിക്കാൻ മധ്യപ്രദേശ് മന്ത്രിസഭ തീരുമാനിച്ചത്. ഇതോടൊപ്പം അദ്വൈത വേദാന്ത പഠന കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്.
ഏഷ്യൻ ഗെയിംസ് ഫുട്‌ബോൾ: സുനിൽ ഛേത്രിയുടെ ഗോളിൽ ഇന്ത്യയ്ക്ക് ജയം
?️ഏഷ്യാ ഗെയിംസ് ഫുട്ബോൾ ഗ്രൂപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഇന്ത്യയ്‌ക്ക് വിജയം. 85-ാം മിനിറ്റിൽ ക്യാപ്‌റ്റൻ സുനിൽ ഛേത്രിയുടെ പെനാൽറ്റി ഗോളാണ് ഇന്ത്യയ്‌ക്ക് വിജയവഴി തുറന്നത്. ജയത്തോടെ ആദ്യ മത്സരത്തിൽ ചൈനയോടേറ്റ കനത്ത തോൽവിയിൽ നിന്ന് ഇന്ത്യയ്‌ക്ക് ആശ്വാസമായി. കവിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 5-1നാണ് ഇന്ത്യ ചൈനയോടെ തോറ്റത്. 24ന് മ്യാൻമറിനോടാണ് അടുത്തമത്സരം.
ഐഎസ്എൽ: ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം
?️ഐഎസ്എല്ലിന്‍റെ പത്താം സീസൺ കേരള ബ്ലാസ്റ്റേഴ്സിന്‍റെ വിജയത്തോടെ കത്തിക്കയറി. കരുത്തരായ ബെംഗളൂരു എഫ്സിയെ മഞ്ഞപ്പട മുട്ടുകുത്തിച്ചത് ഒന്നിനെതിരേ രണ്ടു ഗോളിന്. ആദ്യത്തേത് ബെംഗളൂരുവിന്‍റെ സെൽഫ് ഗോളായിരുന്നെങ്കിൽ രണ്ടാം ഗോൾ സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ വക. കർട്ടിസ് മെയിൻ ബെംഗളൂരുവിന്‍റെ ഏക ഗോളിന് ഉടമയായി. കോർണറിൽ നിന്നാണ് പതിനായിരങ്ങളെ ആവേശത്തിലാറാടിച്ച് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോളടിച്ചത്. ലൂണ എടുത്ത കിക്ക് ബോക്സിൽ പറന്നിറങ്ങിയത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ബെംഗളുരു താരം കെസിയ വീൻഡോർഫിന്‍റെ കാലിൽത്തട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു. അറുപത്തി ഒൻപതാം മിനിറ്റിൽ ആവേശം ഇരട്ടിപ്പിച്ച് ബ്ലാസ്റ്റേഴ്സ് ലീഡ് ഉയർത്തി. ഗുർപ്രീത് സിങ്ങിന്‍റെ പിഴവിൽ നിന്ന് അഡ്രിയാൻ ലൂണയാണ് അനായാസം ബെംഗളൂരുവല കുലുക്കിയത്. തൊണ്ണൂറാം മിനിറ്റിൽ കർട്ടിസ് മെയിൻ ബെംഗളൂരുവിനു വേണ്ടി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും പിന്നെയൊരു തിരിച്ചുവരവിന് സമയം ശേഷിച്ചിരുന്നില്ല.
ഏഷ്യൻ ഗെയിംസിനു ശനിയാഴ്ച തുടക്കം
?️ഒളിംപിക്സിൽ പങ്കെടുക്കുന്നതിനെക്കാൾ കൂടുതൽ കായികതാരങ്ങൾ, ചീട്ടുകളിയും കബഡി കളിയും മുതൽ ക്രിക്കറ്റും ഫുട്ബോളും അത്‌ലറ്റിക്സും വരെ നീളുന്ന കായിക ഇനങ്ങൾ. ഹാങ്ചൗ ഉണരുകയാണ്, പങ്കാളിത്തം കൊണ്ട് ലോകത്തെ തന്നെ ഏറ്റവും വലിയ കായികമേളയായ ഏഷ്യൻ ഗെയിംസിന്. 45 രാജ്യങ്ങളിൽനിന്നായി പന്തീരായിരത്തിലധികം കായികതാരങ്ങളാണ് ആതിഥേയ നഗരമായ ഹാങ്ചൗവിലെത്തുന്നത്. അടുത്ത വർഷം പാരിസിൽ നടക്കുന്ന ഒളിംപിക്സിൽ പങ്കെടുക്കാൻ പോകുന്നത് 10,500 പേർ മാത്രം. കായിക ഇനങ്ങൾ കൂടുതലുള്ളതു തന്നെയാണ് ഇതിനൊരു കാരണം.