മിന്നൽ പ്രളയത്തിൽ പകച്ച് സിക്കിം
?സിക്കിമിൽ മിന്നൽ പ്രളയത്തിൽ കാണാതായ നൂറിലധികം പേർക്കായി തെരച്ചിൽ ഊർജിതമാക്കി. ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 6 മൃതദേഹങ്ങൾ സൈനികരുടേതാണെന്നാണ് വിവരം. ഒരു സൈനികനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒഡീഷ സ്വദേശി സരോജ് കുമാർ ദാസിനെയാണ് തിരിച്ചറിഞ്ഞത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സിക്കിമിലെ സ്കൂളുകളും കോളേജുകളും ഈ മാസം 15 വരെ അടച്ചിടും. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. ബംഗാളിലും പ്രളയക്കെടുതി തുടരുകയാണ്.
സമാധാന നൊബേൽ ഇറാനിലെ തടവുകാരിക്ക്
?സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ഇറേനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക്. സ്ത്രീകളുടെ അവകാശം, ജനാധിപത്യം എന്നിവയ്ക്കു വേണ്ടിയും വധശിക്ഷയ്ക്കെതിരേയും വർഷങ്ങളായി നടത്തുന്ന പോരാട്ടം കണക്കിലെടുത്താണു പുരസ്കാരം. നൊബേൽ സമ്മാനം തേടിയെത്തുമ്പോഴും ജയിലിലാണ് നർഗീസ്. ഡിസംബർ 10ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങാൻ ഇവരെ സ്വതന്ത്രയാക്കണമെന്ന് നൊബേൽ സമിതി ഇറാനോട് അഭ്യർഥിച്ചു.
മലയാളി മാധ്യമപ്രവർത്തകയുടെ വീട്ടിലും ഡൽഹി പൊലീസിന്‍റെ റെയ്ഡ്
?ന്യൂസ് ക്ലിക്ക് കേസുമായി ബന്ധപ്പെട്ട് കേരളത്തിലും ഡൽഹി പൊലീസിന്‍റെ റെയ്ഡ്. മലയാളി മാധ്യമപ്രവർത്തക അനുഷ പോളിന്‍റെ പത്തനംതിട്ടയിലെ വീട്ടിലാണ് പരിശോധന നടന്നത്. ന്യൂസ് ക്ലിക്ക് മുന്‍ ജീവനക്കാരിയായിരുന്നു പത്തനംതിട്ട കൊടുമൺ സ്വദേശിയായ അനുഷ. പത്തനംതിട്ട എസ്പിയെ അറിയിച്ച ശേഷമാണ് ഡൽഹി പൊലീസ് റെയ്ഡിനായി കേരളത്തിലെത്തിയത്. ഏകദേശം ഒന്നരമണിക്കൂറോളം നീണ്ടുനിന്ന പരശോധനയിൽ അനുഷയുടെ ഒരു മൊബൈൽ ഫോണും ലാപ്ടോപും പൊലീസ് പിടിച്ചെടുത്തു.
വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
?ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാർ മൂലം സംസ്ഥാനത്തിന്‍റെ വൈദ്യുതി ലഭ്യതയിൽ പെട്ടെന്നുണ്ടായിട്ടുള്ള കുറവ് കണക്കിലെടുത്ത് വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി. ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടാകുന്ന പക്ഷം ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം എർപ്പെടുത്തേണ്ടി വന്നേക്കാമെന്നും ഇതിനോട് ഉപഭോക്താക്കളുടെ സഹകരിക്കണമെന്നും ചീഫ് പേഴ്സണൽ ഓഫീസർ അറിയിച്ചു.
റേഷൻ കടകളിൽ പരാതിപ്പെട്ടി വയ്ക്കും
?റേഷൻ കടകളിൽ ഡ്രോപ്പ് ബോക്സ് സ്ഥാപിക്കും. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ആവിഷ്‌കരിക്കുന്ന ‘തെളിമ’ പദ്ധതിയിലൂടെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ കട സംബന്ധമായ അപേക്ഷകള്‍/പരാതികള്‍/ അഭിപ്രായങ്ങള്‍/ നിര്‍ദേശങ്ങള്‍ എന്നിവ ഡ്രോപ്പ് ബോക്‌സില്‍ നിക്ഷേപിക്കാം. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് നിക്ഷേപിക്കാന്‍ കഴിയുക. പദ്ധതിയിലൂടെ റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ പേരിലും ഇനിഷ്യലിലും മേല്‍വിലാസത്തിലും കാര്‍ഡുടമയുമായിട്ടുള്ള ബന്ധത്തിലും അംഗങ്ങളുടെ തൊഴില്‍ എല്‍പിജി വിവരങ്ങളിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കാം.
കരുവന്നൂരിലേത് 500 കോടിയുടെ തട്ടിപ്പല്ല, 103 കോടിയുടെ ബെനാമി ലോൺ ക്രമക്കേട്: പി. ജയരാജൻ
?കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പു നടന്നിട്ടുണ്ടെന്നും അത് കണ്ടെത്തിയത് സംസ്ഥാന സഹകരണ വകുപ്പാണെന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. എന്നാലത് ഇഡി പറയുന്നതുപോലെ 500 കോടിയുടെ തട്ടിപ്പല്ല, മറിച്ച് 103 കോടിയുടെ ബെനാമി ലോൺ നൽകിയ ക്രമക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
നിയമന തട്ടിപ്പ് കേസ്; അഖിൽ സജീവ് പിടിയിൽ
?നിയമനത്തട്ടിപ്പ് കേസിൽ പ്രതി അഖിൽ സജീവ് അറസ്റ്റിൽ. പത്തനംതിട്ട പൊലീസാണ് അഖിലിനെ അറസ്റ്റു ചെയ്തത്. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്‍റെ നേതൃത്വത്തിൽ തോനിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ പത്തനംതിട്ടയിൽ എത്തിക്കും.
കോൺഗ്രസ് നേതാവ് പി.ടി. പോളിനെ മരിച്ച നിലയിൽ കണ്ടെത്തി
?അങ്കമാലി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും, കോൺഗ്രസ് നേതാവുമായിരുന്ന പി.ടി. പോളിനെ മരിച്ച നിലയിൽ കണ്ടെത്തി. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്‍റും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മെംബറുമാണ്. അങ്കമാലി മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്, അങ്കമാലി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്‍റായിരുന്നു. ആലുവ മഹാനവമി ഹോട്ടലിലാണ് മൃതദേഹം കണ്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
മിഠായികളിലും സിപ് അപ്പുകളിലും കൃത്രിമ നിറം; 81 കടകൾ അടപ്പിച്ചു
?സ്‌കൂൾ പരിസരത്ത് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി.സ്‌കൂൾ പരിസരങ്ങളിൽ മിഠായികളിലും സിപ് അപുകളിലും കൃത്രിമ നിറം ചേർത്തു വിൽക്കുന്നവരെ പിടികൂടുന്നതിന്‍റെ ഭാഗമായാണു നടപടി. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ എൻഫോഴ്സ്മെന്‍റ് ഡ്രൈവിൽ സ്‌കൂൾ പരിസരങ്ങളിലുള്ള 2792 സ്ഥാപനങ്ങളിൽ പരിശോധന പൂർത്തിയാക്കി. 81 കടകൾക്കെതിരേ അടച്ചുപൂട്ടൽ നടപടികൾ സ്വീകരിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 138 കടകൾക്ക് നോട്ടിസ് നൽകി.
ഇന്ത്യയുടെ ഭീഷണി ഏറ്റു; 41 നയതന്ത്ര പ്രതിനിധികളെയും പിൻവലിച്ച് കാനഡ
?ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്ത്യശാസനം നൽകിയതിനു പിന്നാലെ നയതന്ത്ര പ്രതിനിധികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റി കാനഡ. ഒക്‌ടോബർ പത്തിനകം 41 നയതന്ത്ര പ്രതിനിധികളെ പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് നയതന്ത്ര ഉദ്യോഗസ്ഥരെ സിംഗപ്പുർ, മലേഷ്യ എന്നിവിടങ്ങളിലേക്കാണു മാറ്റുന്നത്. സമയപരിധിക്ക് ശേഷം കനേഡിയന്‍ ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര പരിരക്ഷ ഉണ്ടാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതായും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടു ചെയ്തിരുന്നു. കാനഡയ്ക്ക് ഇന്ത്യയിൽ 62 നയതന്ത്ര പ്രതിനിധികളാണ് ഉള്ളത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിന്‍റെ കാര്യത്തിലും പദവിയുടെ കാര്യത്തിലും ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യത വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ്
?ഇന്ത്യൻ ഇന്‍റർനെറ്റിലെ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം – ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ (CSAM) – അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകി സോഷ്യൽ മീഡിയ ഇടനിലക്കാരായ എക്സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവക്ക് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം നോട്ടീസ് നൽകി .കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന തരത്തിലുള്ള ഉള്ളടക്കം ഈ പ്ലാറ്റ്‌ഫോമുകളിലുണ്ടെങ്കിൽ അവ സ്‌ഥിരമായി നീക്കം ചെയ്യണമെന്നും അവയിലേക്കുള്ള പ്രവേശനം അടിയന്തിരമായി പ്രവർത്തനരഹിതമാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഷെൽ പൊട്ടിത്തെറിച്ച് 7 വയസുകാരൻ മരിച്ചു
?ടീസ്ത നദിയിലെ പ്രളയത്തിൽ ഒഴുകിയെത്തിയ മോർട്ടാർ ഷെൽ പൊട്ടിത്തെറിച്ച് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ ഒരു ആൺകുട്ടി മരിച്ചു. ഒരു ആൺകുട്ടിയും സ്ത്രീയും ഉൾപ്പെടെ 5 പേർക്കു പരിക്കേറ്റു. സൈന്യത്തിന്‍റെ ഷെല്ലാണിതെന്നു കരുതുന്നു. ടീസ്റ്റ തടത്തിൽ നിന്ന് സ്‌ഫോടക വസ്തുക്കളൊ വെടിക്കോപ്പുകളൊ എടുക്കരുതെന്ന് സിക്കിം സർക്കാർ ജനങ്ങൾക്കു മുന്നറിയിപ്പു നൽകി മണിക്കൂറുകൾക്കകമാണ് ഈ സംഭവം നടക്കുന്നത്. ക്രാന്തി ബ്ലോക്കിലെ ചമ്പദംഗയിൽ നബിയുൽ ഇസ്‌ലാം എന്ന കുട്ടിയാണു മരിച്ചതെന്നു പൊലീസ് അറിയിച്ചു.
എഫ്ഐആർ റദ്ദാക്കണം: ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ന്യൂസ് ക്ലിക്ക്
?ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അതേസമയം, കേസുമായി ബന്ധപ്പെട്ട് വീണ്ടും ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ പേര്‍ക്ക് ഡൽഹി പൊലീസ് നോട്ടീസ് നല്‍കി. ഇന്ത്യ വിരുദ്ധ നീക്കത്തിന് 115 കോടി രൂപയുടെ ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന ഇഡിയുടെ ആക്ഷേപം അതേപടി പകര്‍ത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയുടെയും, എച്ച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയുടെയും ആവശ്യം.
കാനഡയിൽ 8 സിഖ് യുവാക്കൾ അറസ്റ്റിൽ
?കാനഡയിലെ ഒന്‍ററിയോ പ്രവിശ്യയിലുള്ള ബ്രാംപ്ടണിൽ എട്ടു സിഖ് യുവാക്കളെ തോക്ക് ആയുധങ്ങൾ കൈവശം വച്ചതിനു പൊലീസ് അറസ്റ്റ് ചെയ്തു. 19നും 26നും മധ്യേ പ്രായമുള്ളവരാണു പിടിയിലായത്. ബ്രാംപ്ടണിലെ ബ്രിസ്ഡേൽ ഡ്രൈവിനു സമീപം ഡോണൾഡ് സ്റ്റിവർട്ട് റോഡിൽ കഴിഞ്ഞ രണ്ടിനു രാത്രി വെടിവയ്പ്പുണ്ടായെന്നും ഇതേത്തുടർന്നാണ് അറസ്റ്റെന്നും പൊലീസ്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്ര യുദ്ധം രൂക്ഷമായിരിക്കെയാണ് ബ്രാംപ്ടണിൽ സിഖ് യുവാക്കൾക്കെതിരേ നടപടി. സിഖ് ഭീകര സംഘടനകൾക്ക് കനേഡിയൻ സർക്കാർ പിന്തുണ നൽകുന്നതിനെതിരേ ഇന്ത്യ കടുത്ത ഭാഷയിൽ രംഗത്തെത്തിയിരുന്നു.
ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം
?കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിലെ പട്ടികവിഭാഗക്കാരിയായ ജീവനക്കാരിയെ സുരക്ഷാ ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പട്ടികജാതി –-പട്ടിക ഗോത്രവർഗ കമീഷൻ സ്വമേധയാ കേസെടുത്തു. പത്ര വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കോഴിക്കോട് സിറ്റി പൊലീസ് മേധാവിക്ക് കമീഷൻ ചെയർമാൻ ബി എസ് മാവോജി നിർദേശം നൽകി.
നാദാപുരത്ത് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം
?നാദാപുരം നരിക്കാട്ടേരി ശ്രീ സുദര്‍ശന മൂര്‍ത്തി ക്ഷേത്രത്തില്‍ മോഷണം. അര ലക്ഷം രൂപയോളം നഷ്ടപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു. ക്ഷേത്രത്തിന്റ ശ്രീ കോവിലിനു പുറത്തുള്ള രണ്ട് ഭണ്ഡാരങ്ങള്‍ കുത്തി തുറന്നാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിലെ മറ്റു രണ്ടു ഭണ്ഡാരങ്ങളില്‍ മോഷണ ശ്രമവുമുണ്ടായി. നാലമ്പലത്തിന്റ ഓടുകള്‍ നീക്കിയാണ് മോഷ്ടാവ് ക്ഷേത്രത്തിനകത്ത് കടന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.
കേരള ടൂറിസത്തിന് പാറ്റ പുരസ്കാരം
?നൂതന പ്രചാരണ പരിപാടികളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസിഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്‍റെ (പാറ്റ) ഗോൾഡ് പുരസ്ക്കാരം കേരള ടൂറിസത്തിന് ലഭിച്ചു. ഡൽഹിയിൽ പാറ്റ ട്രാവൽ മാർട്ടിൽ നടന്ന ചടങ്ങിൽ പാറ്റ ചെയർമാൻ പീറ്റർ സെമോൺ, കേരള ടൂറിസം അഡീഷനൽ ഡയറക്ടർ എസ്. പ്രേംകൃഷ്ണനു പുരസ്കാരം സമ്മാനിച്ചു. മാർക്കറ്റിങ് പ്രചാരണം വിഭാഗത്തിലാണു പുരസ്കാരം.
മോദിക്കും ഇന്ത്യക്കും പുടിന്‍റെ പ്രശംസ
?ദേശീയ താത്പര്യങ്ങൾക്ക് അനുസൃതമായി സ്വയം നയിക്കപ്പെടുന്നതാണ് ഇന്ത്യയുടെ ഭരണനേതൃത്വമെന്നു റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ ഇന്ത്യ അനുദിനം കരുത്താർജിക്കുകയാണെന്നു പറഞ്ഞ പുടിൻ, ഇന്ത്യയെ അതിശക്തമായ രാഷ്‌ട്രമെന്നും വിശേഷിപ്പിച്ചു. പാശ്ചാത്യ വരേണ്യ വർഗത്തെ അന്ധമായി പിന്തുടരാത്ത എല്ലാവരെയും ശത്രുപക്ഷത്തു നിർത്താനാണ് പടിഞ്ഞാറൻ രാജ്യങ്ങളുടെ ശ്രമം. ഒരു പരിധിവരെ അവരത് ഇന്ത്യയോടും പരീക്ഷിച്ചു. ഇപ്പോൾ ഇന്ത്യയെ പ്രലോഭിപ്പിക്കാനാണു ശ്രമിക്കുന്നത്. എന്നാൽ, ഇന്ത്യൻ നേതൃത്വം സ്വയം നയിക്കപ്പെടുന്നതാണ്.
അധ്യാപകനെ വെടിവച്ച് വിദ്യാർഥികൾ
?ഉത്തർപ്രദേശിൽ കോച്ചിംഗ് സെൻ്ററിലെ അധ്യാപകനെ വെടിവച്ച് 2 വിദ്യാർഥികൾ. സുമിത് സിംഗ് എന്ന അധ്യാപകൻ്റെ കാലിലാണ് ഇവർ വെടിവച്ചത്. 39 തവണ കൂടി വെടിവയ്ക്കുമെന്ന് ഭീഷണിയുമായി വീഡിയോ പുറത്തുവിട്ടു. യുപിയിലെ മാലുപൂരിലാണ് സംഭവം. കോച്ചിംഗ് സെൻ്ററിൽ വെടിയുതിർത്ത ഇവർ പിന്നീട് വിഡിയോ ചിത്രീകരിക്കുകയായിരുന്നു. തങ്ങൾ ഗ്യാങ്സ്റ്റർമാരാണെന്നു പറയുന്നത് വീഡിയോയിൽ കാണാം.
എഐ ക്യാമറക്ക് ശേഷം അപകടം കുറഞ്ഞെന്ന വാദം തള്ളി സതീശൻ
?സംസ്ഥാനച്ച് എഐ ക്യാമറകൾ സ്ഥാപിച്ച ശേഷം അപകടങ്ങൾ കുറഞ്ഞെന്ന സർക്കാരിന്‍റെ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിലും ജനങ്ങൾക്കിടയിലും കള്ളം ആവർത്തിച്ചത് കൂടാതെ ഹൈക്കോടതിയെയും സർക്കാർ തെറ്റുദ്ധരിപ്പിച്ചതായും സതീശൻ പറഞ്ഞു.
കള്ളക്കണക്ക് നല്‍കി ഹൈക്കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഗതാഗതമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അദ്ദേഹം അര്‍ഹനല്ലെന്നും ഗതാഗതമന്ത്രി രാജിവച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൈലന്‍റ് വാലിയിൽ 3 അപൂർവയിനം തുമ്പികളെ കണ്ടെത്തി
?സൈലന്‍റ് വാലി ദേശീയോദ്യാനത്തിൽ 3 അപൂർവയിനം തുമ്പികളുടെ സാന്നിധ്യം. ദേശീയോദ്യാനത്തിന്‍റെ ബഫർ-പെരുവാലന്‍ കടുവ, വയനാടന്‍ മുളവാലന്‍, വടക്കന്‍ മുളവാലന്‍ എന്നീ മൂന്ന് ഇനം തുമ്പികളെയാണ് പുതിയതായി കണ്ടെത്തിയത്. കേരളത്തില്‍ വളരെ അപൂർവമായി കണ്ടുവരുന്ന വലിയ കടുവാത്തുമ്പിയാണ് പെരുവാലന്‍ കടുവ. പശ്ചിമ ഘട്ടത്തിലെ സ്ഥാനീയ തുമ്പികളാണ് വയനാടന്‍ മുളവാലനും, വടക്കന്‍ മുളവാലനും.കോർ മേഖലകൾ കേന്ദ്രീകരിച്ചു നടന്ന സർവെയിലാണു പുതിയ തുമ്പികളെ കണ്ടെത്തിയത്. ഇതോടെ സൈലന്‍റ് വാലിയിലെ ആകെ തുമ്പി ഇനങ്ങളുടെ എണ്ണം 103 ആയി.
വന്ദേ ഭാരത് നിർത്താൻ ചങ്ങല വലിക്കണമെന്നില്ല, പുകവലിച്ചാലും മതി!
?കേരളത്തിലെ പുതിയ വന്ദേ ഭാരത് ട്രെയ്ൻ സർവീസ് ഒരാഴ്ചയ്ക്കിടെ രണ്ടു വട്ടം ഇടയ്ക്കു വച്ച് നിന്നുപോയിരുന്നു. എന്താണ് കാരണം? സാങ്കേതിക തകരാറൊന്നുമില്ല, യാത്രക്കാർ ടോയ്‌ലറ്റിൽ കയറി പുകവലിച്ചതാണ് കാരണം. മറ്റു ട്രെയിനുകളിൽ ചങ്ങല വലിച്ച് വണ്ടി നിർത്തുന്നതുപോലെ വന്ദേ ഭാരതിൽ പുകവലിച്ച് ട്രെയിൻ നിർത്താമെന്നു കരുതരുത്. ട്രെയിനിൽ പുക വലിക്കുന്നതിന് വൻതുകയാണ് പിഴയായി ഈടാക്കുന്നത്. കേരളത്തിൽ ഇത്തരത്തിൽ ട്രെയിൻ നിർത്തിയ രണ്ടു സംഭവങ്ങളിലും യാത്രക്കാരിൽ നിന്നു പിഴ ഈടാക്കിയിരുന്നു. ട്രെയിനിൽ തീപിടിത്തത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നതിനാണ് സ്മോക്ക് ഡിറ്റക്റ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്.
താഴത്തങ്ങാടി വള്ളംകളി: ശനിയാഴ്ച കോട്ടയം ടൗണിൽ ഗതാഗത നിയന്ത്രണം
?ഇന്ന് നടക്കുന്ന താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ഭാഗമായി ഉച്ചയ്ക്ക് 1 മുതല്‍ കോട്ടയം ടൗണിൽ ഗതാഗത നിയന്ത്രണം. കോട്ടയം ടൗണിൽ നിന്നും കുമരകം ഭാഗത്തേക്കുള്ള വലിയ വാഹനങ്ങള്‍ ബേക്കര്‍ ജങ്ഷനില്‍ എത്തി ചാലുകുന്ന്, അറത്തൂട്ടി, കുരിശുപള്ളി ജങ്ഷന്‍, തിരുവാതുക്കല്‍, ഇല്ലിക്കല്‍ വഴി പോകേണ്ടതാണ്.
”ഐക്യമില്ലെങ്കിലും ഉണ്ടെന്ന് ബോധിപ്പിക്കണം”; സതീശനും സുധാകരനുമെതിരേ തുറന്നടിച്ച് എ.കെ. ആന്‍റണി
?കെപിസിസി നേതൃയോഗത്തിൽ കെ. സുധാകരനും വി.ഡി. സതീശനുമെതിരേ തുറന്നടിച്ച് എ.കെ. ആന്‍റണി. പാര്‍ട്ടി പുനഃസംഘടന തന്നിഷ്ടക്കാരെ നിയമിക്കാനുള്ള അവസരമായി കാണേണ്ടെന്ന് കെ.സി. വേണുഗോപാലും മുന്നറിയിപ്പ് നല്‍കി. ”പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റുമാണ് പാര്‍ട്ടിയില്‍ ഐക്യം കാണിക്കേണ്ടത്, പുതുപ്പള്ളിയില്‍ കണ്ട പരസ്യമായ അനൈക്യത്തെ ചൂണ്ടിയായിരുന്നു എ.കെ. ആന്‍റണിയുടെ പ്രതികരണം. പാര്‍ട്ടിയുടെ നേതൃത്വം എന്നാല്‍ സുധാകരനും സതീശനുമാണ്. ഇരുവരുമാണ് ഐക്യം കൊണ്ടുവരേണ്ടത്. അതില്ലെങ്കിലും അണികളെ ബോധ്യപ്പെടുത്താനെങ്കിലും കഴിയണം”-അദ്ദേഹം പറഞ്ഞു.
‘രാവണൻ’ പോസ്റ്ററിനെതിരേ പ്രിയങ്ക
?കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നവയുഗ രാവണനാക്കി എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റിട്ട ബിജെപിക്കെതിരേ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെയും ടാഗ് ചെയ്തുകൊണ്ട് എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടാൽ “ശുഭയാത്ര’ യിലേക്ക് വാട്‌സ്‌അപ്പ് ചെയ്യാം
?ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്റെ “ശുഭയാത്ര” വാട്‌സാപ്പ് നമ്പറിലേയ്ക്ക് ഫോട്ടോയും വീഡിയോയും സഹിതം മെസ്സേജ് അയക്കാം.’ഇത്തിരി നേരം ഒത്തിരികാര്യ’ത്തിലൂടെ കേരള പൊലീസ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിലപ്പെട്ട ഒരു സന്ദേശം അപകടങ്ങൾ ഒഴിവാക്കിയേക്കാം. അതിലൂടെ നിരവധി ജീവനുകൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ് എന്നാണ് പൊലീസ് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.
ഡ്രൈവിങ് സംസ്‌കാരം മാറണമെന്ന് ഹൈക്കോടതി
?റോഡപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവിങ് സംസ്‌കാരം മാറേണ്ടതുണ്ടെന്ന് ഹൈക്കോടതി. കേരളത്തിനു പുറത്ത് ഗതാഗത നിയമങ്ങൾ പാലിക്കുന്ന മലയാളികൾ ഇവിടെ അത് അവഗണിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. റോഡുകളിലെ സീബ്രാലൈൻ സംവിധാനം ഫലപ്രദമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിച്ചാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. സംസ്ഥാനത്തെ പ്രധാന റോഡുകളിൽ എത്ര സീബ്രാലൈനുകളുണ്ടെന്ന് വിശദമാക്കാൻ പൊലീസിനോട് നിർദേശിച്ചു. സാധ്യമായ സ്ഥലങ്ങളിൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും ഗതാഗത നിയമ ബോധവൽക്കരണം നടത്തുന്നുണ്ടെന്നും ഓൺലൈനായി ഹാജരായ ട്രാഫിക് ഐജി സ്‌പർജൻകുമാർ വിശദീകരിച്ചു.
സംസ്ഥാനത്ത് അഞ്ച് ദിവസം മഴ; യെലോ അലർട്ട്
?കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ പ്രവചിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇതേ തുടർന്ന് ഞായറാഴ്ച വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. വെള്ളിയാഴ്ച് രാത്രി 11.30 വരെ കേരളതീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തുലാവർഷം വരുന്നു, പകൽച്ചൂട് കൂടും
?കാലവർഷം ഔദ്യോഗികമായി അവസാനിച്ചതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുലാവർഷത്തിന്‍റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയിട്ടില്ലെങ്കിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടി ചെറിയ രീതിയിൽ മഴ തുടരും. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ സൂചനയായി ശനിയാഴ്ച മുതൽ മലയോര മേഖലയിൽ പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ പതിയെ ഇടി മിന്നലോടു കൂടിയ മഴ ആരംഭിക്കും.
ഏഷ്യൻ ഗെയിംസ്: ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിൽ
?ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ സെമിയില്‍ ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. നിശ്ചിത 20 ഓവറിൽ ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കണ്ടു. തിലക് വര്‍മയ്ക്ക് അർദ്ധ സെഞ്ചുറി(55) ലഭിച്ചു.
ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണത്തിളക്കം
?ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണത്തിളക്കം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സ്വർണ നേട്ടം. ഇതോടെ പാരിസ് ഓളിംപിക്സിനുള്ള യോഗ്യതയും ഇന്ത്യന്‍ ഹോക്കി ടീം സ്വന്തമാക്കി. ചൈനയിൽ ഇന്ത്യ 100 മെഡലുകൾ കടക്കുമെന്നും ഉറപ്പായിട്ടുണ്ട്. അമ്പെയ്ത്തിൽ 3, കബഡിയിൽ 2, ബാഡ്മിന്‍ൺ 1, ക്രിക്കറ്റ് 1 മെഡലുകൾ വീതവും ഇന്ത്യയ്ക്ക് ഉറപ്പാണ്. ഇതിനു മുൻപു ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ നേട്ടം എഴുപതായിരുന്നു. ആകെ മെഡലുകളിൽ മാത്രമല്ല, 22 മെഡലുകളുമായി സ്വർണ നേട്ടത്തിലും ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് ഹൗങ്ചൗവിൽ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5250 രൂപ
പവന് 42000